യഹോവയെ തിരഞ്ഞെടുക്കാൻ നിങ്ങൾ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നുണ്ടോ?
“ബൈബിൾ പഠിക്കുന്നത് യഥാർഥത്തിൽ വിരസവും മടുപ്പിക്കുന്നതുമാണെന്ന് എനിക്കു തോന്നി. പ്രായപൂർത്തിയായശേഷം യഹോവയുടെ സാക്ഷി ആയിരിക്കുകയില്ലെന്നു ഞാൻ എന്റെ ഹൃദയത്തിൽ രഹസ്യമായി തീരുമാനിച്ചു,” എന്ന് ഒരു യുവാവു പ്രസ്താവിച്ചു. ക്രിസ്തീയകുടുംബങ്ങളിലെ ഭൂരിപക്ഷം കുട്ടികളും ഒടുവിൽ യഹോവയുടെ പക്ഷത്തു നിലകൊള്ളാൻ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നെങ്കിലും, അയാളെപ്പോലുള്ള ചെറുപ്പക്കാർ യഹോവയെ തങ്ങളുടെ ദൈവമായി തിരഞ്ഞെടുക്കുന്നതിൽ പ്രയാസം അനുഭവിച്ചേക്കാം.
തങ്ങളുടെ കുട്ടികളെ ഫലകരമായി നയിക്കുന്നതെങ്ങനെ എന്ന സംഗതിയിൽ മാതാപിതാക്കൾക്കു ചിലപ്പോൾ അനിശ്ചിതത്വം തോന്നുന്നു. ഒരിക്കൽ ഇപ്രകാരം പറഞ്ഞ ഉത്ക്കണ്ഠാകുലനായ പിതാവിനെപ്പോലെ അവർ വളരെ ആത്മ-ശോധനക്കു വിധേയരാകുന്നു: “സത്യസന്ധമായി പറഞ്ഞാൽ, കവിൾത്തടത്തിൽ അപ്പോഴും നിരാശയുടെ കണ്ണുനീരോടെ ഉറങ്ങിക്കിടക്കുന്ന എന്റെ കുട്ടികളുടെ മുഖത്തു നോക്കി ഞാൻ കൂടുതൽ മയമുള്ളവനല്ലായിരുന്നെങ്കിൽ എന്നു സംശയിച്ചിട്ടുള്ള സമയങ്ങളുണ്ട്.” അദ്ദേഹത്തിന്റെ രണ്ടു പുത്രൻമാർ പ്രായപൂർത്തിയായി, യഹോവയെ സേവിക്കുന്നതിനെ തിരഞ്ഞെടുത്തു.
എങ്കിലും യഹോവയെ ഉപേക്ഷിക്കുകയും ക്രിസ്തീയ സഭയെ വിട്ടു സാത്താന്റെ ലോകത്തിലേക്കു പോവുകയും ചെയ്ത യുവജനങ്ങൾ ഉണ്ട്. അതുകൊണ്ട് യഹോവയെ തിരഞ്ഞെടുക്കാൻ തങ്ങളുടെ മക്കളെ സഹായിക്കുന്നതിൽ മാതാപിതാക്കൾ വിജയിക്കുന്നതെങ്ങനെ? ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിന്, യുവജനങ്ങൾ യഹോവയോടു പററിനിൽക്കാൻ അവരുടെ മാതാപിതാക്കൾ വളരെയധികം ആഗ്രഹിക്കുമ്പോൾത്തന്നെ ചില യുവജനങ്ങൾ അവനെ ഉപേക്ഷിക്കുന്നതെന്തുകൊണ്ടെന്നു നമുക്ക് ആദ്യം കണ്ടുപിടിക്കാം.
ചില യുവജനങ്ങൾ യഹോവയെ ഉപേക്ഷിക്കുന്നതെന്തുകൊണ്ട്?
കൂടുതൽ സാധാരണമായ ഘടകങ്ങളിൽ ഒന്ന്, ചില യുവജനങ്ങൾ യഹോവയെയോ അവന്റെ വഴികളെയോ ഒരിക്കലും യഥാർഥമായി അറിയാൻ ഇടയാകുന്നില്ലെന്നുള്ളതാണ്. ബാല്യം മുതൽ ക്രിസ്തീയയോഗങ്ങളിൽ ഹാജരാകുന്നുണ്ടെങ്കിലും, അവർ വെറുതെ ഒഴുക്കിനൊപ്പം നീങ്ങുന്നു, യഹോവക്കുവേണ്ടി ഒരു യഥാർഥ അന്വേഷണമില്ല. (യെശയ്യാവു 55:6; പ്രവൃത്തികൾ 17:27) മേൽപ്പറഞ്ഞ ആൺകുട്ടി ക്രിസ്തീയയോഗങ്ങളിൽ വിരസത അനുഭവിച്ചിരുന്നു, കാരണം പ്രസംഗപീഠത്തിൽനിന്നു പ്രസംഗകർ പറഞ്ഞ കാര്യങ്ങൾ അവൻ ഗ്രഹിച്ചില്ല.
സത്യത്തിന്റെ വിത്തുകൾ ചിലരിൽ നടാൻ ഇടയാകുന്നു, എന്നാൽ സാത്താന്റെ ലോകത്തിലെ പ്രത്യക്ഷത്തിൽ അല്ലലില്ലാത്ത ഭൗതികത്വ ജീവിതരീതിയാൽ തങ്ങളുടെ ഹൃദയങ്ങൾ വശീകരിക്കപ്പെടാൻ അവർ അനുവദിക്കുന്നു. തങ്ങളുടെ സമപ്രായക്കാരോടൊത്തായിരിക്കാനും അവരെപ്പോലെ ആയിരിക്കാനുമുള്ള വളരെ ശക്തമായ ആഗ്രഹത്തെ തരണംചെയ്യാൻ ചിലർക്കു കഴിയുന്നില്ല.—1 ദിനവൃത്താന്തം 28:9; ലൂക്കൊസ് 8:12-14; 1 കൊരിന്ത്യർ 15:33.
എന്നിരുന്നാലും, ലോകമെമ്പാടും ക്രിസ്തീയഭവനങ്ങളിലെ അനേകം കുട്ടികൾ യഹോവയുടെ പക്ഷത്തു നിലയുറപ്പിക്കുന്നതിനെ തിരഞ്ഞെടുത്തിട്ടുണ്ട്. അവരുടെ മാതാപിതാക്കൾ സ്വീകരിച്ച ഫലകരമായ പടികളിൽനിന്ന് എന്തെങ്കിലും പഠിക്കാൻ കഴിയുമോ?
നേരത്തേ തുടങ്ങുക
യഹോവയെ തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിൽ അതിപ്രധാനമായ ഒരു താക്കോൽ നേരത്തേ തുടങ്ങുക എന്നതാണ്. ഹൃദയം മൃദുലവും പ്രതികരണശേഷിയുള്ളതും ആയിരിക്കുമ്പോൾ ലഭിക്കുന്ന ധാരണകളും പഠിക്കുന്ന പാഠങ്ങളും മിക്കപ്പോഴും ഒരു ആയുഷ്കാലം മുഴുവനും നീണ്ടുനിൽക്കും. (സദൃശവാക്യങ്ങൾ 22:6) അതുകൊണ്ട്, അവരുടെ ഹൃദയങ്ങളിൽ യഹോവയോടുള്ള സ്നേഹവും യഹോവ അവർക്കുവേണ്ടി ചെയ്തിരിക്കുന്നതിനോടുള്ള വിലമതിപ്പും കെട്ടുപണിചെയ്യാൻ ശ്രമിച്ചുകൊണ്ട് യഹോവയുടെ നൻമ, അവന്റെ സ്നേഹം, അസാധാരണത്വം എന്നിവ സംബന്ധിച്ചു നിങ്ങളുടെ കുട്ടികളോടു നേരത്തേ പറയാൻ തുടങ്ങുക. ഇതിനായി, പല മാതാപിതാക്കളും വാച്ച്ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽ കാണുന്ന യഹോവയുടെ സൃഷ്ടികളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ വിജയകരമായി ഉപയോഗിച്ചിരിക്കുന്നു.
യഹോവയോടും അവന്റെ ആരാധനയോടുമുള്ള ആദരവും അനുസരണവും മററു ഗുണങ്ങളോടൊപ്പം ജീവിതത്തിന്റെ തുടക്കത്തിലേ നട്ടുവളർത്തേണ്ടവയാണ്. സ്കൂൾ പ്രായത്തിനുമുമ്പുള്ള കുട്ടികൾ ലളിതമായ കുറിപ്പുകൾ എടുക്കാനും തങ്ങളുടെ സ്വന്തം ബൈബിളിൽ വാക്യങ്ങൾ എടുത്തുനോക്കാനും കഠിനശ്രമം ചെയ്യുന്നതോ ഉറക്കം വരുമ്പോൾ തങ്ങളുടെ മാതാപിതാക്കളോടുകൂടെ തണുത്ത വെള്ളത്തിൽ മുഖം കഴുകാൻ പോകുന്നതോ കാണുന്നതു ഹൃദ്യമാണ്. ഇവ ലളിതമായ കാര്യങ്ങളാണ്, എന്നാൽ യഹോവയോട് ആദരവും അനുസരണവും പ്രകടമാക്കണമെന്ന് യുവമനസ്സിൽ പതിപ്പിക്കുന്നതിന് അവ എത്ര മർമപ്രധാനമാണ്!
ഗൗരവമായ വ്യക്തിഗത ബൈബിൾ പ്രബോധനവും നേരത്തേ തുടങ്ങണം. തങ്ങളുടെ പുത്രൻമാർക്കു രണ്ടുവയസ്സു പ്രായമുള്ളപ്പോൾ ഒരു ദമ്പതികൾ മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകം അവരോടൊത്തു വായിക്കാൻ തുടങ്ങി. പിന്നീട്, കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവർ നേരത്തേ ഉണരുകയും ഓരോ പ്രഭാതത്തിലും അവരുടെ അമ്മയോടൊത്ത് എന്റെ ബൈബിൾ കഥാപുസ്തകം, നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നീ പുസ്തകങ്ങളിൽനിന്നു പഠിക്കുമായിരുന്നു. അതിനെത്തുടർന്നു പ്രഭാതഭക്ഷണത്തിനുമുമ്പു പിതാവു നിർവഹിക്കുന്ന ഒരു ദിനവാക്യ പരിചിന്തനവും ഉണ്ടായിരുന്നു. അവരുടെ പുത്രൻമാർ 10-ഉം 11-ഉം വയസ്സുള്ളപ്പോൾ ജലസ്നാപനത്തിലൂടെ തങ്ങളുടെ സമർപ്പണം ലക്ഷ്യപ്പെടുത്തിക്കൊണ്ട് യഹോവയെ സേവിക്കാൻ ഈയിടെ തീരുമാനിച്ചപ്പോൾ മാതാപിതാക്കളുടെ ശ്രമങ്ങൾക്കു വർദ്ധിച്ച പ്രതിഫലം ലഭിച്ചു.
ജപ്പാനിലെ വാച്ച്ടവർ സൊസൈററിയുടെ ബ്രാഞ്ചോഫീസിൽ സേവനമനുഷ്ഠിക്കുന്ന ഒരു മിടുക്കൻ യുവാവ്, താൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്റെ അമ്മ രാത്രിയിൽ തന്റെ അടുത്തിരുന്നു പ്രാർഥിക്കാൻ സഹായിച്ചുകൊണ്ട് യഹോവയോട് ഒരു ബന്ധം വളർത്തിയെടുക്കാൻ സഹായിച്ചതായി അനുസ്മരിച്ചു. പഠിപ്പിച്ച പാഠം അവൻ ഒരിക്കലും മറന്നില്ല. അവൻ എവിടെ പോയാലും എന്തു ചെയ്താലും സഹായിക്കാൻ തയ്യാറായി യഹോവ എപ്പോഴും അടുത്തുണ്ടായിരുന്നു.
വിജയപ്രദരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ അവകാശപ്പെടുത്തിയ അപൂർണത നിമിത്തം ഉണ്ടാകുന്ന തെററായ പ്രവണതകൾ തിരിച്ചറിയാൻ പഠിക്കുന്നു. ഇവ തിരുത്താൻ തങ്ങളുടെ കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾ നേരത്തേ തുടങ്ങുന്നു. (സദൃശവാക്യങ്ങൾ 22:15) സ്വാർഥത, മർക്കടമുഷ്ടി, അഹങ്കാരം, മററുള്ളവരെ അമിതമായി വിമർശിക്കൽ എന്നീ ചായ്വുകൾക്കെതിരെ നേരത്തേ നടപടിയെടുക്കണം. അല്ലെങ്കിൽ, അത്തരം വിത്തുകൾ പിൽക്കാലത്തു ദൈവത്തിനും അവന്റെ വഴികൾക്കും എതിരായ മത്സരത്തിലേക്കു വളരും. ഉദാഹരണത്തിന്, സദുദ്ദേശ്യമുള്ളവരെങ്കിലും അമിത ദാക്ഷിണ്യം കാട്ടുന്ന മാതാപിതാക്കൾ മിക്കപ്പോഴും തങ്ങളുടെ മക്കളെ തന്നിഷ്ട മനോഭാവങ്ങൾ വളർത്താൻ അനുവദിക്കുകയാണ്. ഈ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെയോ യഹോവയെയോ ബഹുമാനിക്കുന്നതു പ്രയാസമായി കണ്ടെത്തുന്നു. അവർ ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ‘നന്ദിയില്ലാത്തവരെപ്പോലെ’ ആയിത്തീരുന്നു. (സദൃശവാക്യങ്ങൾ 29:21) നേരെമറിച്ച്, ഗൃഹജോലികൾ നൽകപ്പെടുന്നവരും മററുള്ളവരുടെ ആവശ്യങ്ങൾ സംബന്ധിച്ചു ജാഗരൂകരായിരിക്കാൻ പഠിപ്പിക്കപ്പെടുന്നവരും ആയ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടും യഹോവയോടും കൂടുതൽ നന്ദിയുള്ളവരായിരിക്കാൻ ചായ്വു കാണിക്കുന്നു.
മറെറാരു പ്രധാനവശം ഒരു കുട്ടിക്കു ന്യായമായും എത്തിച്ചേരാവുന്ന ദിവ്യാധിപത്യ ലാക്കുകൾ വെക്കാൻ നേരത്തേ തുടങ്ങുക എന്നതാണ്. ഇതു നേരത്തേതന്നെ, സ്ഥിരതയോടെ നിർവഹിക്കുന്നില്ലെങ്കിൽ മററുള്ളവർ വ്യത്യസ്ത ലാക്കുകൾകൊണ്ട് അവന്റെ മനസ്സും ഹൃദയവും നിറച്ചേക്കാം. ബൈബിൾ ആദിയോടന്തം വായിക്കൽ, വാച്ച്ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിലൊന്നു വ്യക്തിപരമായി പഠിക്കൽ, ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ പേർ ചാർത്തൽ, സുവാർത്തയുടെ ഒരു പ്രഘോഷകൻ ആയിത്തീരൽ, സ്നാപനമേൽക്കൽ എന്നിവ ഈ ലാക്കുകളിൽ ഉൾപ്പെടുത്തണം.
തന്റെ അമ്മ ലളിതമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും സ്കൂളിൽനിന്നു വരുമ്പോൾ മാസികകൾ കാണത്തക്കവണ്ണം അടുക്കളയിലെ മേശയിൽ വെച്ചുകൊണ്ടും വീക്ഷാഗോപുരം, ഉണരുക! മാസികകൾ വായിക്കുന്ന ശീലം തന്നിൽ വളർത്തിയതായി ററാക്കാഫൂമി അനുസ്മരിക്കുന്നു. ക്രിസ്തീയ ശുശ്രൂഷകരുടെ ആവശ്യം കൂടുതലുള്ളടത്തു സേവിക്കുന്ന പയനിയർമാരോടൊപ്പം ഏതാനും ദിവസം താമസിച്ചതും അവരോടൊപ്പം ശുശ്രൂഷക്കു പോയതും അവർ നല്ല ആഹാരങ്ങൾ പാചകപ്പെടുത്തുന്നതു കണ്ടതും അവരുടെ സന്തോഷവും തീക്ഷ്ണതയും നിരീക്ഷിച്ചതും അതേ വിധത്തിൽ യഹോവയെ സേവിക്കുന്നതിനുള്ള തന്റെ ആഗ്രഹത്തെ സ്വാധീനിച്ചതായി യൂറി ഓർക്കുന്നു. യുവാക്കളായ സ്ത്രീപുരുഷൻമാർ സന്തോഷപൂർവം യഹോവയെ സേവിക്കുന്നിടമായ ബെഥേലിലേക്കു തങ്ങളുടെ മാതാപിതാക്കൾ തങ്ങളെ ക്രമമായി കൊണ്ടുപോയിരുന്നത് അനേകം യുവജനങ്ങൾ ഓർമ്മിക്കുന്നു. വാച്ച്ടവർ സൊസൈററിയുടെ മുഖ്യകാര്യാലയവും ബ്രാഞ്ചുകളും ബെഥേൽ എന്നു വിളിക്കപ്പെടുന്നു. കുട്ടികളെന്നനിലയിൽ സന്ദർശിച്ചവരിൽ അനേകർ ഇപ്പോൾ ലോകമെമ്പാടുമുള്ള ബെഥേലുകളിൽ സേവിക്കുന്നു.
കുട്ടികൾക്കു നിങ്ങളുടെ സമയം കൊടുക്കുക
നിങ്ങൾ മക്കളോടൊത്തു ചെലവഴിക്കുന്ന സമയത്തിന്റെ അളവിനും ഗുണത്തിനും അവർ യഹോവയെ സേവിക്കാൻ തിരഞ്ഞെടുക്കുമോ ഇല്ലയോ എന്ന സംഗതിയിൽ നേരിട്ടുള്ള ഒരു സ്വാധീനമുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. നിങ്ങൾ അവരോടൊത്തു നടത്തുന്ന ബൈബിളധ്യയനത്തിന് എത്രമാത്രം സമയമെടുക്കുന്നു, തയ്യാറാകൽ നടത്തുന്നു എന്നുള്ളത് അവർ പെട്ടെന്നു തിരിച്ചറിയുന്നു. കഴിഞ്ഞ അധ്യയനം എവിടെ നിറുത്തിയെന്നു നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ലെങ്കിൽ അഥവാ നിസ്സാര കാരണങ്ങൾക്കു അധ്യയനം ഒഴിവാക്കുന്നെങ്കിൽ, അധ്യയനം വളരെ പ്രധാനമല്ലെന്നുള്ള ആശയം നിങ്ങൾ ധരിപ്പിക്കുകയാണ്. എന്നിരുന്നാലും, മാതാപിതാക്കൾ അധ്യയനത്തിനുവേണ്ടി ത്യാഗം അനുഷ്ഠിക്കുന്നതായും അതിനുവേണ്ടി നന്നായി തയ്യാറാകുന്നതായും എന്തുതന്നെ ഉണ്ടായാലും അധ്യയനം ക്രമമായി നടത്തുന്നതായും അവർ കാണുമ്പോൾ തീർത്തും വിഭിന്നമായ ഒരു സന്ദേശം ധരിപ്പിക്കുന്നു. അത് ഒരു വ്യവസ്ഥയല്ലെങ്കിലും, ചില അമ്മമാർ യോഗങ്ങൾക്കു പോവുകയോ അയൽക്കാരിക്ക് ഒരു ബൈബിളധ്യയനം നടത്തുകയോ ചെയ്യുമ്പോഴെന്നപോലെ തങ്ങളുടെ മക്കളുടെ അധ്യയനത്തിനുവേണ്ടി വസ്ത്രം മാറുന്നു. യഹോവയുടെ ആരാധന പ്രധാനമാണ് എന്നതാണു നൽകപ്പെടുന്ന ധാരണ.
നിങ്ങളുടെ കുട്ടികളുടെ ഹൃദയത്തിൽ എത്തിക്കൊണ്ട് അവരുടെ ബൈബിൾ വിദ്യാഭ്യാസം ആസ്വാദ്യമാക്കുന്നതിന് വളരെ സമയവും ശ്രമവും ആവശ്യമായിരിക്കും. പഠിക്കുന്ന കാര്യങ്ങൾ വിശേഷാൽ കൊച്ചുകുട്ടികളുടെ മുമ്പാകെ അഭിനയിച്ചു കാണിക്കുമ്പോൾ അവർക്കു മതിപ്പു തോന്നുന്നു. ഉദാഹരണത്തിന്, ലാസറിന്റെ പുനരുത്ഥാനം സംബന്ധിച്ച ബൈബിൾ വിവരണം അഭിനയിച്ചുകാണിച്ചുകൊണ്ട്, ഒരു പിതാവു പുനരുത്ഥാനം വിഭാവന ചെയ്യാൻ തന്റെ കുട്ടികളെ സഹായിച്ചു. അദ്ദേഹം ഉള്ളറയിലേക്കു പോവുകയും അതിനുശേഷം ലാസർ ഉയിർത്തുവരുന്നതുപോലെ പുറത്തുവരുകയും ചെയ്തു.—യോഹന്നാൻ 11:17-44.
കുട്ടികൾ പ്രായപൂർത്തിയോടടുക്കുമ്പോൾ, അവർ അഭിമുഖീകരിക്കുന്ന വികാരങ്ങളുടെയും സംശയങ്ങളുടെയും ഉത്ക്കണ്ഠകളുടെയും പ്രളയത്തെ കൈകാര്യം ചെയ്യുന്നതിന് അതിനെക്കാൾ കൂടുതൽ സമയവും വൈദഗ്ദ്ധ്യവും ആവശ്യമായി വരുന്നു. കുട്ടികൾ യഹോവയിലുള്ള ആശ്രയം വളർത്തിയെടുക്കണമെങ്കിൽ സ്നേഹവും വിവേചനയുമുള്ള മാതാപിതാക്കൾ ഈ ഘട്ടത്തിൽ നീക്കിവെക്കുന്ന സമയം വളരെ പ്രധാനമാണ്. തന്റെ മക്കൾ വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിച്ചപ്പോൾ ബന്ധപ്പെട്ട വിവരങ്ങൾ വീക്ഷാഗോപുര പ്രസിദ്ധീകരണങ്ങളിൽനിന്നു നോക്കിയെടുത്ത്, പ്രതിസന്ധി പൂർണമായി തരണം ചെയ്യുന്നതുവരെ ഓരോ ദിവസവും അവരോടൊത്തു ചർച്ച ചെയ്തിരുന്നതായി നാലു മക്കളുള്ള വിജയപ്രദനായ ഒരു പിതാവ് എടുത്തുപറഞ്ഞു.
രണ്ടു മക്കളുള്ള തിരക്കേറിയ ഒരു പയനിയർ മാതാവ്, മകൾ പിൻവാങ്ങി പോകുന്നതായും അവൾക്കു ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ സന്തോഷം ഇല്ലാത്തതായും നിരീക്ഷിച്ചു. അതുകൊണ്ട്, കുട്ടി സ്കൂളിൽനിന്നു തിരിച്ചുവരുമ്പോൾ ഓരോ ഉച്ചകഴിഞ്ഞും വീട്ടിൽ ഉണ്ടായിരിക്കാൻ അവൾ തീരുമാനമെടുത്തു, ഒരുമിച്ചു ചായ കുടിക്കുമ്പോൾ മകളോടൊത്തു സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. അമ്മയും മകളും തമ്മിലുള്ള ഉററ ആശയവിനിമയങ്ങളിലൂടെ ആവശ്യമായിരുന്ന സഹായം പെൺകുട്ടിക്കു ലഭിച്ചു. ഇപ്പോൾ, ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അവൾ അമ്മയോടൊപ്പം പയനിയർ സേവനത്തിൽ പ്രവേശിച്ചിരിക്കുന്നു.—സദൃശവാക്യങ്ങൾ 20:5.
നല്ല സഹവാസവും ദൃഷ്ടാന്തവും
തങ്ങളുടെ സമയം കൊടുക്കുന്നതിനു പുറമേ, മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ആരോഗ്യകരമായ സഹവാസവും പ്രദാനം ചെയ്യണം. സദൃശവാക്യങ്ങൾ 13:20 ഇപ്രകാരം പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷൻമാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”
വിജയപ്രദരായ അനേകം മാതാപിതാക്കൾ ആ സദൃശവാക്യത്തിന്റെ സത്യത തിരിച്ചറിയുന്നു. നാലു മക്കളുള്ള ഒരു പിതാവു പറയുന്നു: “പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങളുടെ മക്കളുടെ സത്യത്തിലുള്ള വലിയ സുഹൃദ്വലയമായിരുന്നു യഹോവയെ സേവിക്കാൻ അവരെ പ്രചോദിപ്പിക്കുന്നതിനു സഹായിച്ചതെന്നു ഞാൻ കരുതുന്നു. ഞങ്ങളുടേതിനുപുറമേ മററു സഭകളിൽനിന്നും സുഹൃത്തുക്കളെ സമ്പാദിക്കാനും ആ സൗഹൃദങ്ങൾ പരിപോഷിപ്പിക്കാനും ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. പല വർഷങ്ങളോളം ബെഥേലിൽ സേവനമനുഷ്ഠിച്ച ഒരു ക്രിസ്തീയ മൂപ്പൻ അനുസ്മരിച്ചു: “ഞാൻ കുട്ടിയായിരിക്കുമ്പോൾ ഞങ്ങൾ ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്, എങ്കിലും അവിടെ എല്ലായ്പ്പോഴും സർക്കിട്ട് മേൽവിചാരകനു താമസസൗകര്യം നൽകിയിരുന്നു. അതിനുപുറമേ ഞങ്ങളുടെ സഭയിലെ പ്രത്യേക പയനിയർമാർ ക്രമമായി ഞങ്ങളോടൊത്തു ഭക്ഷണം കഴിച്ചിരുന്നു. അവർ ഞങ്ങളുടെ വീട്ടിൽവന്നു കുളിക്കുകയും ഞങ്ങളോടു സഹവസിക്കുകയും ചെയ്തു. അവരുടെ അനുഭവങ്ങൾ കേട്ടതും അവരുടെ സന്തോഷം കണ്ടതും മുഴുസമയസേവനത്തോടുള്ള വിലമതിപ്പു നട്ടുവളർത്താൻ എന്നെ സഹായിച്ചു.”
വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്നവരെ നല്ല സഹവാസം സഹായിക്കുന്നു. ഒരു അസ്വസ്ഥഘട്ടം അനുഭവിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അമ്മ യഹോവയുടെ സാക്ഷികളിലെ ഒരു സഞ്ചാരമേൽവിചാരകനുമായി പ്രശ്നം ചർച്ച ചെയ്തു. കുട്ടിയെ അവളോടൊപ്പം വയൽശുശ്രൂഷയിൽ കൊണ്ടുപോകാൻ അദ്ദേഹം ശുപാർശചെയ്തു. “നിങ്ങൾ അങ്ങനെ ചെയ്താൽ അവന്റെ ആത്മീയതയും മററു സകലകാര്യങ്ങളും അഭിവൃദ്ധിപ്പെടും,” എന്ന് അദ്ദേഹം പറഞ്ഞു. അവൾ റിപ്പോർട്ടു ചെയ്യുന്നു: “ഞങ്ങളുടെ സഭയിൽ സായാഹ്ന സാക്ഷീകരണത്തിനുള്ള ഒരു ക്രമീകരണമുണ്ടായിരുന്നു, സ്കൂൾ പ്രായത്തിലുള്ള പല കുട്ടികളും പ്രായമുള്ള പല നിരന്തരപയനിയർമാരും ചുരുങ്ങിയത് ഒരു മൂപ്പനും അതിൽ പങ്കെടുത്തിരുന്നു. എന്റെ മകനെ ക്രമമായി കൊണ്ടുപോകുന്നത് ആദ്യമൊക്കെ ഒരു കഠിനയത്നമായിരുന്നു. ആരോഗ്യാവഹമായ സഹവാസത്തിന്റെ ഫലമായി കൂടുതൽ സന്തോഷവാനായും പ്രോത്സാഹിതനായും അവൻ എപ്പോഴും വീട്ടിൽ തിരിച്ചെത്തിയതിനാൽ കഠിനയത്നം നീണ്ടുനിന്നില്ല. അവൻ ഒരു ഹൈസ്കൂൾ വിദ്യാർഥി ആയിരുന്നപ്പോൾ സ്നാപനം സ്വീകരിച്ചു, ഓരോ മാസവും ഒരു സഹായപയനിയറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അവൻ ബിരുദമെടുത്തശേഷം ഒരു നിരന്തര പയനിയറുമായിത്തീർന്നു.” യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനോടൊപ്പം ആരോഗ്യാവഹമായ സഹവാസംകൂടെ ആയപ്പോൾ നല്ല ഫലങ്ങൾ കൈവരുത്തി.
നിങ്ങളുടെ കുട്ടിയുടെമേൽ ആരോഗ്യാവഹമായ ഒരു സ്വാധീനമായിരിക്കാവുന്ന ചെറുപ്പക്കാർ സ്ഥലത്ത് ഇല്ലാതിരുന്നേക്കാം. എന്നാൽ യഹോവയെ സേവിക്കാൻ തിരഞ്ഞെടുത്തിട്ടുള്ള പല യുവാക്കളും ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു സംഗതി അവരുടെ മാതാപിതാക്കളുടെ മാതൃകകളെ സംബന്ധിച്ചാണ്. പല യുവാക്കളും അവരുടെ മാതാപിതാക്കളെ പ്രശംസിക്കുകയും അവരെ അനുകരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. യൂറി അവളുടെ അമ്മയുടെ ആതിഥ്യവും ടെലഫോണിൽ വിളിച്ചുകൊണ്ടും രോഗികൾക്കുവേണ്ടി ആഹാരമുണ്ടാക്കിക്കൊണ്ടും മററുള്ളവർക്കുവേണ്ടി കരുതിയ വിധവും ഓർക്കുന്നു. നാലു പുത്രൻമാരുള്ള, അവർ എല്ലാവരും ഇപ്പോൾ മുതിർന്നവരും യഹോവയെ സേവിക്കുന്നവരുമാണ്, ഒരു കുടുംബത്തിൽനിന്നു വന്ന ററാററ്സുവോ ഇപ്രകാരം പറഞ്ഞു: “ഡാഡി ഒരു അവിശ്വാസി ആയിരുന്നതുകൊണ്ടു മമ്മിക്കു ക്രമമായി ഞങ്ങളോടൊത്തു പഠിക്കാൻ കഴിഞ്ഞില്ല. മമ്മിക്കു ബന്ധുക്കളിൽനിന്നു വളരെ എതിർപ്പും ഉണ്ടായി. എന്നാൽ സത്യത്തിനുവേണ്ടിയുള്ള മമ്മിയുടെ നിലപാടും യഹോവയെ സേവിക്കുന്നതിലുള്ള സന്തോഷവും നിരീക്ഷിച്ചത് എന്നെ വളരെയധികം സ്വാധീനിച്ചു. ഞങ്ങളുടെ പ്രശ്നങ്ങളിൽ ഞങ്ങളെ സഹായിക്കുന്നതിനു നേരം വെളുക്കുന്നതുവരെ ഉണർന്നിരിക്കാനും മമ്മി സന്നദ്ധയായിരുന്നു.” വിശ്വസ്ത പ്രവൃത്തികളാൽ പിന്താങ്ങപ്പെടുമ്പോൾ മാതാപിതാക്കളുടെ ജ്ഞാനമൊഴികൾക്കു ശക്തിയുണ്ട്. യോയീചിറൊ തന്റെ മാതാപിതാക്കളെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: “അവർ എന്നെങ്കിലും സഭയിലെ മററുള്ളവരെ സംബന്ധിച്ചു നിഷേധാത്മക ചിന്തകൾ പ്രകടിപ്പിക്കുന്നത് എനിക്ക് ഓർക്കാൻ കഴിയുന്നില്ല; മററുള്ളവരുടെ തെററുകളെക്കുറിച്ചു കുശുകുശുക്കാൻ അവർ കുട്ടികളായ ഞങ്ങളെയും അനുവദിച്ചില്ല.”—ലൂക്കൊസ് 6:40-42.
കുട്ടികൾ യഹോവയെ തിരഞ്ഞെടുക്കുന്നതു കാണുന്നതിലെ സന്തോഷം
യഹോവയെ തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിനു കുറുക്കുവഴിയൊന്നും ഇല്ല. പല അസ്വസ്ഥ നിമിഷങ്ങൾ ഉണ്ടാകും. എന്നാൽ നേരത്തെ പരാമർശിച്ച അസ്വസ്ഥനായ പിതാവ് ഇപ്രകാരം പറഞ്ഞു: “മാതാപിതാക്കൾ എന്ന നിലയിൽ യഹോവയുടെ ദൃശ്യസ്ഥാപനത്തിന്റെ നിർദേശങ്ങൾ പിൻപററാൻ ഞങ്ങൾ എല്ലായ്പ്പോഴും വിശ്വസ്തമായി ശ്രമിച്ചു. പ്രശ്നങ്ങൾ തരണംചെയ്യുന്നതിൽ ഇതു വലിയൊരു സഹായമായിരുന്നു.” അവരുടെ ശ്രമങ്ങൾ വിജയം കണ്ടു.
അതെ, യഹോവയെ സ്നേഹിക്കുന്നതിനു മതിയായ ന്യായങ്ങൾ നിങ്ങളുടെ കുട്ടികൾക്കു നൽകിക്കൊണ്ടും വിശ്വസ്തമായ മാതൃകയാലും സഹായിക്കാനുള്ള ആത്മാർഥമായ ശ്രമങ്ങളാലും അതിനെ പിന്താങ്ങിക്കൊണ്ടും ബൈബിളിലെ മാർഗരേഖകൾ പിൻപററാൻ പരമാവധി ശ്രമിക്കുന്നതിനാൽ നിങ്ങളും ഒടുവിൽ നിങ്ങളുടെ ശ്രമങ്ങൾ വിജയകിരീടം അണിയുന്നതു കാണാൻ ഇടയായേക്കാം. യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീരുന്നില്ലെന്ന് ഒരിക്കൽ തീരുമാനമെടുത്ത, നേരത്തെ പറഞ്ഞ ആൺകുട്ടിയെ ഓർക്കുന്നുണ്ടോ? അവന്റെ അമ്മ ക്ലേശകരമായ വർഷങ്ങളിലൂടെ അവനെ വിജയകരമായി സഹായിച്ചശേഷം അവൻ പറഞ്ഞു: “അവർ ഒരിക്കലും ശ്രമം ഉപേക്ഷിച്ചുകളയാഞ്ഞതിൽ ഞാൻ സന്തോഷവാനാണ്!” നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ സമാനമായ ഒരു ഫലം നിങ്ങൾക്കു ലഭിച്ചേക്കാം.—ഗലാത്യർ 6:9.
[അടിക്കുറിപ്പ്]
വാച്ച്ടവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
യഹോവയുടെ സാക്ഷികളിലെ മുഴുസമയ ശുശ്രൂഷകർ പയനിയർമാർ എന്നു വിളിക്കപ്പെടുന്നു. ഒരു സഹായ പയനിയർ ശുശ്രൂഷയിൽ ഓരോ മാസവും ചുരുങ്ങിയത് 60 മണിക്കൂറും ഒരു നിരന്തര പയനിയർ 90 മണിക്കൂറും ഒരു പ്രത്യേക പയനിയർ 140 മണിക്കൂറും ചെലവഴിക്കുന്നു.
[30-ാം പേജിലെ ചിത്രം]
കുട്ടിയെ വളർത്തിയതിലേക്കു സന്തുഷ്ടമായ സ്മരണകളോടെ പിന്തിരിഞ്ഞുനോക്കാൻ നിങ്ങൾക്കു കഴിയുമോ?