പത്രോസിന്റെ കുഴിമാടം—വത്തിക്കാനിലോ?
“അപ്പോസ്തലൻമാരുടെ തലവന്റെ കുഴിമാടം കണ്ടെത്തിയിരിക്കുന്നു.” പീയൂസ് XII-ാമൻ പാപ്പായുടെ വിജയഭേരിയോടെയുള്ള ഈ പ്രഖ്യാപനം വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ചെയ്തു. 1950-ന്റെ അവസാനത്തിലായിരുന്നു സംഭവം. സെൻറ് പീറേറഴ്സ് ബസ്ലിക്കയുടെ അടിഭാഗത്തു നടത്തിയ സങ്കീർണമായ അനേകം ഗവേഷണകുഴിക്കലുകൾ പൂർത്തിയാക്കിയശേഷമായിരുന്നു ആ പ്രഖ്യാപനം. പത്രോസിനെ അടക്കിയതു വാസ്തവത്തിൽ റോമിലായിരുന്നുവെന്നു തെളിയിക്കുന്നതാണ് ഈ പുരാവസ്തുഗവേഷണ ഫലങ്ങളെന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാൽ എല്ലാവരും ഇതിനോടു യോജിച്ചില്ല.
കത്തോലിക്കരെ സംബന്ധിച്ചിടത്തോളം, വത്തിക്കാനിലെ സെൻറ് പീറേറഴ്സ് പള്ളിക്കു പ്രത്യേക സവിശേഷതയുണ്ട്. ഒരു ഗൈഡ് പുസ്തകം പറയുന്നു: “റോമിലേക്കുള്ള തീർഥയാത്രയുടെ മുഖ്യ ഉദ്ദേശ്യം പത്രോസിന്റെ പിൻഗാമിയെ കാണുകയും അദ്ദേഹത്തിന്റെ അനുഗ്രഹം സ്വീകരിക്കുകയുമാണ്. കാരണം റോമിലേക്കു വന്ന പത്രോസ് അവിടെത്തന്നെയാണ് മരിച്ച് അടക്കപ്പെട്ടത്.” എന്നാൽ വാസ്തവത്തിൽ റോമിലാണോ പത്രോസിനെ അടക്കിയത്? അദ്ദേഹത്തിന്റെ കുഴിമാടം വത്തിക്കാനിലാണോ? അദ്ദേഹത്തിന്റെ അസ്ഥികൾ കണ്ടെത്തിയിട്ടുണ്ടോ?
ഒരു പുരാവസ്തു നിഗൂഢത
1940-തോടെ ആരംഭിച്ച് പത്തുവർഷത്തോളം നീണ്ടുനിന്ന ഗവേഷണകുഴിക്കലുകൾ പലവിധ വിവാദങ്ങൾക്കു വഴിവെച്ചിരിക്കുകയാണ്. പാപ്പ നിയമിച്ച പുരാവസ്തുഗവേഷകർ എന്താണു കണ്ടെത്തിയത്? അനേകം കുഴിമാടങ്ങളുള്ള ഒരു പുറജാതി സെമിത്തേരിയാണ് ഒന്ന്. അവയുടെ നടുവിൽ, പാപ്പായുടെ ഇപ്പോഴത്തെ അൾത്താരയുടെ കീഴ്ഭാഗത്ത്, അവർ ഒരു ഈഡിക്യൂല അഥവാ ഒരു പ്രതിമയെയോ രൂപത്തെയോ വെക്കാനുള്ള ചുവർപൊത്ത്, ചെഞ്ചായം പൂശിയ ചുവരിൽ കണ്ടെത്തി. അതിന്റെ ഇരുവശങ്ങളിലും പാർശ്വമതിലുകളുണ്ടായിരുന്നു. അവസാനം, തീർത്തും നിഗൂഢമായി കുറച്ചു മനുഷ്യാവശിഷ്ടങ്ങളും പുറത്തെടുത്തു. ഒരു പാർശ്വമതിലിൽനിന്നാണ് അതു ലഭിച്ചതെന്നു പറയുന്നു.
ഇവിടെയാണു വ്യാഖ്യാനങ്ങളുടെ തുടക്കം. നീറോയുടെ കാലത്ത്, ചിലപ്പോൾ പൊ.യു. [പൊതുയുഗം] 64-ലെ പീഡനകാലത്ത്, പത്രോസ് വസിച്ചതും രക്തസാക്ഷിത്വം വഹിച്ചതും റോമിലായിരുന്നു എന്നതാണ് ഒരു പാരമ്പര്യം. ഇതു ശരിവെക്കുന്നതാണ് ഈ അവശിഷ്ടങ്ങളെന്നാണു കുറെ കത്തോലിക്കാ പണ്ഡിതൻമാരുടെ അഭിപ്രായം. കണ്ടെടുത്ത വസ്തുക്കൾ അപ്പോസ്തലന്റെ സ്മാരകാവശിഷ്ടങ്ങളാണെന്നും അതിൻമേൽ കണ്ട ആലേഖനത്താൽ അതു തിരിച്ചറിയാമെന്നുകൂടി പറയുകയുണ്ടായി. ഒരു വ്യാഖ്യാനം പറയുന്നതനുസരിച്ച്, “പത്രോസ് ഇവിടെയാണ്” എന്നായിരുന്നു ആ ആലേഖനം. “വിശുദ്ധ പത്രോസിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നു, നമ്മുടെ ഭക്തി അർഹിക്കുന്നതും പൂജിക്കേണ്ടതുമാണ് അവ” എന്ന് 1968-ൽ പോൾ VI-ാമൻ പാപ്പ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ഈ സങ്കൽപ്പത്തെ പുകഴ്ത്തുകയായിരുന്നിരിക്കാം.
എന്നിരുന്നാലും, വ്യാഖ്യാനങ്ങളോടൊപ്പംതന്നെ എതിർവാദങ്ങളുമുണ്ടായിരുന്നു. ഈ വിഷയത്തെക്കുറിച്ച് അറിയാവുന്ന സകലതും ‘പ്രസിദ്ധീകരിക്കാൻ’ തന്നെ ‘അനുവദിച്ചില്ല’ എന്നു വത്തിക്കാൻ നടത്തിയ ഗവേഷണകുഴിക്കലുകളിൽ പങ്കെടുത്ത കത്തോലിക്കാ പുരാവസ്തുശാസ്ത്രജ്ഞനും ഒരു ജെസ്യൂട്ടുമായ അന്റോണിയോ ഫെറുവാ ഒന്നിലധികം പ്രാവശ്യം തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. വ്യക്തമായും, ആ വിവരങ്ങൾ പത്രോസിന്റെ സ്മാരകാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന അവകാശവാദത്തെ പൊളിക്കുമായിരുന്നു. അതിലുപരി, “ചുവപ്പുമതിലിനടിയിൽനിന്നു കണ്ടെടുത്ത മനുഷ്യാസ്ഥികൾ ശാസ്ത്രീയമായി പരിശോധിച്ചപ്പോൾ അതിന് അപ്പോസ്തലനായ പത്രോസുമായി എന്തെങ്കിലും ബന്ധമുള്ളതായി കണ്ടില്ല” എന്നു കത്തോലിക്കാ കർദിനാളായ പൂപാർ എഡിററു ചെയ്ത് 1991-ൽ പ്രസിദ്ധീകരിച്ച റോമിനെക്കുറിച്ചു വിശദീകരിക്കുന്ന ഒരു പുസ്തകം പറയുന്നു. വിചിത്രമെന്നുപറയട്ടെ, അടുത്ത പതിപ്പിൽനിന്ന് (1991 അവസാനത്തെ) ആ വാചകം അപ്രത്യക്ഷമായി, എന്നിട്ട് ഒരു പുതിയ അധ്യായം വന്നു. “കണിശം: പത്രോസ് സെൻറ് പീറേറഴ്സിൽ” എന്നായിരുന്നു അതിന്റെ തലക്കെട്ട്.
അവശിഷ്ടങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനം
അവശിഷ്ടങ്ങൾക്കു പല വ്യാഖ്യാനങ്ങളുണ്ടാകാമെന്നത് വ്യക്തമാണ്. അതു പലയാളുകൾക്കു പലതരത്തിൽ വ്യാഖ്യാനിക്കാം. “പത്രോസ് വാസ്തവത്തിൽ റോമിൽ രക്തസാക്ഷിത്വം വഹിച്ചുവോ, അദ്ദേഹത്തെ അവിടെ അടക്കിയോ എന്നിവയെക്കുറിച്ചെല്ലാമുള്ള ചരിത്രപരമായ പ്രശ്നങ്ങൾ തർക്കാതീതമല്ല” എന്ന് ഏററവും ആധികാരികതയുള്ള കത്തോലിക്കാ ചരിത്രകാരൻമാർ തീർച്ചയായും സമ്മതിക്കുന്നുണ്ട്. അവശിഷ്ടങ്ങൾ എന്താണു വെളിപ്പെടുത്തുന്നത്?
മൂന്നാം നൂററാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ഒരു പുരോഹിതനായ ഗായിയൂസ് പരാമർശിച്ച “സ്മാരകം” (“trophy”) ആണ് ഈഡിക്യൂല സ്മാരകമെന്ന് കത്തോലിക്കാ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവർ പറയുന്നു. തനിക്കു ‘വത്തിക്കാൻകുന്നിൽ പത്രോസിന്റെ സ്മാരകം ചൂണ്ടിക്കാട്ടാൻ’ കഴിയുമായിരുന്നുവെന്നു ഗായിയൂസ് പറഞ്ഞിരുന്നതായി നാലാം നൂററാണ്ടിലെ സഭാചരിത്രകാരനായ, കൈസര്യയിലെ യൂസേബിയസ് പറയുന്നു. “ഗായിയൂസിന്റെ സ്മാരകം” എന്ന് അറിയപ്പെടാനിടയായ ആ സ്മാരകത്തിനടിയിലാണ് അപ്പോസ്തലനെ അടക്കിയിരിക്കുന്നതെന്നു പാരമ്പര്യവാദികൾ അവകാശപ്പെടുന്നു. എന്നാൽ ഗവേഷണകുഴിക്കലുകളുടെ ഫലങ്ങളെ തികച്ചും വ്യത്യസ്തമായ വിധത്തിലാണു മററു ചിലർ വ്യാഖ്യാനിക്കുന്നത്. മരിച്ചവരെ സംസ്കരിക്കുന്ന കാര്യത്തിൽ ആദ്യക്രിസ്ത്യാനികൾ വളരെയൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും പത്രോസ് അവിടെയാണു കൊല്ലപ്പെട്ടതെങ്കിൽപ്പോലും അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുക്കുക തീർത്തും അസാധ്യമാകുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. (29-ാം പേജിലെ ചതുരം കാണുക.)
“ഗായിയൂസിന്റെ സ്മാരകം” (കണ്ടെടുത്തിരിക്കുന്നത് അതുതന്നെയാണെങ്കിൽ) ഒരു കുഴിമാടമാണെന്നു സമ്മതിക്കാത്തവരുണ്ട്. രണ്ടാം നൂററാണ്ട് അവസാനിക്കാറായപ്പോൾ പത്രോസിന്റെ ബഹുമാനാർഥം പണിത ഒരു സ്മാരകമാണിതെന്നും പിന്നീട് അത് “ഒരു ശവക്കല്ലറസ്മാരകമായി കരുതപ്പെടാനിടയായെ”ന്നും അവർ പറയുന്നു. എന്നിരുന്നാലും, ദൈവശാസ്ത്രജ്ഞനായ ഓസ്കാർ കുൾമാൻ പറയുന്നതനുസരിച്ച്, “വത്തിക്കാൻ നടത്തിയ ഗവേഷണകുഴിക്കലുകളിൽ പത്രോസിന്റെ കുഴിമാടം കണ്ടതേയില്ല.”
അസ്ഥികളുടെ കാര്യമോ? അസ്ഥികൾ വാസ്തവത്തിൽ എവിടെനിന്നു വന്നുവെന്നത് ഇപ്പോഴും ഒരു പിടികിട്ടാപ്രശ്നമാണ് എന്നു പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ വത്തിക്കാൻകുന്നു സ്ഥിതിചെയ്യുന്നിടത്ത് ഒന്നാം നൂററാണ്ടുമുതൽ ഒരു പുറജാതി സെമിത്തേരിയുണ്ടായിരുന്നു. ആ സ്ഥലത്ത് അനേകം മനുഷ്യാവശിഷ്ടങ്ങൾ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ പലതും പുറത്തെടുത്തു കഴിഞ്ഞു. അപ്പോസ്തലന്റെ കുഴിമാടത്തിന്റെ അവശിഷ്ടം കണ്ടെടുക്കപ്പെട്ട സ്ഥലമെന്നു തിരിച്ചറിയിക്കുന്നതായി ചിലർ പറയുന്ന (സാധ്യതയനുസരിച്ച് നാലാം നൂററാണ്ടോളം പഴക്കമുള്ള) അപൂർണമായ ആലേഖനം ഏറിവന്നാൽ പരാമർശിക്കുന്നത് “പത്രോസിന്റെ അസ്ഥികളുടെ സാന്നിധ്യം ഉണ്ടായിരിക്കാം” എന്നാണ്. അതിലുപരി, “പത്രോസ് ഇവിടെയില്ല” എന്നുപോലും ആ ആലേഖനത്തിന് അർഥമുണ്ടായിരിക്കാനാവുമെന്ന് അഭിപ്രായമുള്ള അനേകം ശിലാലേഖവിദ്വാൻമാരുണ്ട്.
‘അവിശ്വസനീയമായ പാരമ്പര്യം’
“ആദ്യകാലത്തുള്ളതും കൂടുതൽ വിശ്വസനീയവുമായ ഉറവിടങ്ങൾ [പത്രോസിന്റെ] രക്തസാക്ഷിത്വത്തിന്റെ സ്ഥലം സൂചിപ്പിക്കുന്നില്ല. എന്നാൽ പിൽക്കാലത്തെയും വിശ്വസനീയത കുറവുള്ളവയുമായ ഉറവിടങ്ങളിൽ ഏതാണ്ടൊരു യോജിപ്പുണ്ട്, അതു വത്തിക്കാൻ മേഖലയിലായിരുന്നു”വെന്ന് ചരിത്രകാരനായ ഡി. ഡബ്ലിയു. ഒ’കോനർ പറയുന്നു. അതുകൊണ്ട്, അവിശ്വസനീയമായ പാരമ്പര്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരുന്നു വത്തിക്കാനിൽ പത്രോസിന്റെ കുഴിമാടത്തിനുവേണ്ടി തിരച്ചിൽ നടത്തിയത്. “സ്മാരകാവശിഷ്ടം വലിയ പ്രാധാന്യമുള്ളതായിത്തീർന്നപ്പോൾ പത്രോസിന്റെ [സ്മാരകം] അദ്ദേഹത്തിന്റെ കുഴിമാടത്തിന്റെ കൃത്യമായ സ്ഥലമാണെന്നു വാസ്തവത്തിൽ സൂചിപ്പിക്കുന്നുവെന്നു ക്രിസ്ത്യാനികൾ ആത്മാർഥമായി വിശ്വസിക്കാനിടയായി” എന്നു ഒ’കോനർ തറപ്പിച്ചു പറയുന്നു.
ഈ പാരമ്പര്യങ്ങളും സ്മാരകാവശിഷ്ടങ്ങൾ പൂജിക്കുന്ന തിരുവെഴുത്തുപരമല്ലാത്ത ആചാരങ്ങളും സമാന്തരമായി വളർന്നുവന്നു. മൂന്നും നാലും നൂററാണ്ടുകൾ മുതൽ അനേകം സഭാകേന്ദ്രങ്ങളിൽ സത്യവും വ്യാജവുമായ സ്മാരകാവശിഷ്ടങ്ങൾ സ്ഥാപിതമായി. അതെല്ലാം സാമ്പത്തിക നേട്ടങ്ങളില്ലാതെയായിരുന്നില്ല. എന്നാൽ അതിന്റെ ലക്ഷ്യം “ആത്മീയ” മേധാവിത്വം ഉറപ്പിക്കുക, സ്വന്തം അധികാരം ഉന്നമിപ്പിക്കുക എന്നിവയായിരുന്നു. അങ്ങനെ, അത്ഭുതശക്തിയുള്ളതാണു പത്രോസിന്റെ അവശിഷ്ടങ്ങളെന്ന ബോധ്യത്തോടെ ആളുകൾ അദ്ദേഹത്തിന്റേതെന്നു കരുതുന്ന കുഴിമാടത്തിലേക്കു തീർഥയാത്ര നടത്തി. ആറാം നൂററാണ്ടിന്റെ അവസാനം വിശ്വാസികൾ കൃത്യമായി തൂക്കിയ വസ്തുക്കൾ “കുഴിമാട”ത്തിലേക്ക് എറിയുക പതിവാക്കി. അക്കാലഘട്ടത്തിലെ ഒരു വിവരണം പറയുന്നു: “അത്ഭുതകരമെന്നുപറയട്ടെ, അപേക്ഷകന്റെ വിശ്വാസം ഉറച്ചതാണെങ്കിൽ, കുഴിമാടത്തിൽനിന്നു തുണി തിരിച്ചെടുക്കുമ്പോൾ അതിൽ ദിവ്യഗുണങ്ങൾ നിറഞ്ഞ് അതിനു മുമ്പത്തെക്കാൾ കൂടുതൽ ആ കാലഘട്ടത്തിലെ ക്ഷണവിശ്വാസശീലം എത്രത്തോളമായിരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു.
നൂററാണ്ടുകളായി, ഇതുപോലുള്ള ഐതിഹ്യങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്ത പാരമ്പര്യങ്ങളും വത്തിക്കാൻ ബസ്ലിക്കയുടെ അന്തസ്സിനെ വർധിപ്പിക്കാൻ കാര്യമായി സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിയോജിപ്പിൻ പ്രസ്താവനകളുമുണ്ടായിരുന്നു. 12, 13 നൂററാണ്ടുകളിൽ വാൽഡെൻസസ് അതിർവിട്ട ഈ പ്രവർത്തനങ്ങളെ കുററംവിധിച്ചു. പത്രോസ് ഒരിക്കലും റോമിൽ പോയിട്ടില്ലെന്ന് അദ്ദേഹം ബൈബിൾ ഉപയോഗിച്ചു വിശദീകരിച്ചു. നൂററാണ്ടുകൾ കഴിഞ്ഞ്, പ്രൊട്ടസ്ററൻറ് നാനത്തിന്റെ സമാരംഭകരും അതേ രീതിയിൽ വാദിച്ചു. 18-ാം നൂററാണ്ടിൽ പ്രശസ്തരായ തത്ത്വചിന്തകർ ചരിത്രപരമായും തിരുവെഴുത്തുപരമായും പ്രസ്തുത പാരമ്പര്യത്തെ അടിസ്ഥാനരഹിതമായി കരുതി. അതേ കാഴ്ചപ്പാടുതന്നെയാണു കത്തോലിക്കരും കത്തോലിക്കേതരരുമായ പ്രഗത്ഭ പണ്ഡിതൻമാർ ഇന്നുവരെയും പുലർത്തിപ്പോരുന്നത്.
പത്രോസ് മരിച്ചതു റോമിലോ?
ഗലീലക്കാരനായ താഴ്മയുള്ള പത്രോസ് ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭയിലെ മൂപ്പൻമാരുടെമേൽ തനിക്ക് ഒന്നാം സ്ഥാനമുണ്ടെന്നുള്ള എന്തെങ്കിലുമൊരു ആശയം തീർച്ചയായും വെച്ചുപുലർത്തിയിരുന്നില്ല. അതിനുപകരം, അവൻ സ്വയം നിർവചിച്ചത് “ഒരു സഹമൂപ്പ”നായിട്ടാണ്. (1 പത്രോസ് 5:1-6, റിവൈസ്ഡ് സ്ററാൻഡേർഡ് വേർഷൻ) വത്തിക്കാൻ ബസ്ലിക്കയിൽ ചെല്ലുന്ന ഏതൊരു സന്ദർശകനും കാണാവുന്നതുപോലെ, പത്രോസിന്റെ താഴ്മയുള്ള പ്രതിച്ഛായയ്ക്കു നേർവിപരീതമാണ് അദ്ദേഹത്തിന്റേതെന്നു പറയപ്പെടുന്ന കുഴിമാടത്തിനു ചുററും കാണുന്ന ആഡംബരം.
പത്രോസ് കുറച്ചു കാലത്തേക്കു റോമിൽ പാർത്തിരുന്നുവെന്ന ‘പിൽക്കാലത്തെയും വിശ്വസനീയത കുറവുള്ളവയുമായ’ പാരമ്പര്യത്തെ വിലയുള്ളതാക്കാൻ ശ്രമിച്ച കത്തോലിക്കാ സഭയുടെ ലക്ഷ്യം മററു ക്രിസ്തീയ വിഭാഗങ്ങളുടെമേൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു. എന്നാൽ അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം വത്തിക്കാനല്ല, റോമിൽ മറെറവിടെയോ ആണെന്നു മററു പുരാതന പാരമ്പര്യങ്ങൾ പറയുന്നുവെന്നത് വിചിത്രമാണ്. എങ്കിലും, പത്രോസിനെ സംബന്ധിച്ച നേരിട്ടുള്ള വിവരണം അടങ്ങുന്ന ഒരേ ഒരു ഉറവിടമായ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകളോട് എന്തുകൊണ്ടു പററിനിന്നുകൂടാ? ദൈവത്തിന്റെ വചനത്തിൽനിന്നു കാര്യം വ്യക്തമാണ്, യെരുശലേമിലുള്ള ക്രിസ്തീയ സഭയുടെ ഭരണസംഘത്തിൽനിന്നു ലഭിച്ച നിർദേശങ്ങൾ അനുസരിച്ച്, പത്രോസ് ബാബിലോൻ ഉൾപ്പെടെയുള്ള പൂർവപ്രദേശത്തു തന്റെ വേല നിർവഹിക്കുകയായിരുന്നു.—ഗലാത്യർ 2:1-9; 1 പത്രൊസ് 5:13; താരതമ്യം ചെയ്യുക: പ്രവൃത്തികൾ 8:14.
പൊ.യു. ഏതാണ്ട് 56-ൽ റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ, അപ്പോസ്തലനായ പൗലോസ് ആ സഭയിലെ 30 അംഗങ്ങളെ അഭിവാദ്യം ചെയ്യുകയുണ്ടായി, എന്നാൽ പത്രോസിനെ ഒന്നു പരാമർശിക്കുകപോലും ചെയ്തില്ല. (റോമർ 1:1, 7; 16:3-23) പിന്നീട്, പൊ.യു. 60-നും 65-നുമിടയിൽ പൗലോസ് റോമിൽനിന്ന് ആറു ലേഖനങ്ങൾ എഴുതുകയുണ്ടായി, എന്നാൽ അതിലൊന്നും പത്രോസിനെ പരാമർശിച്ചില്ല. പത്രോസ് അവിടെയുണ്ടായിരുന്നില്ല എന്നതിനുള്ള ശക്തമായ സാഹചര്യതെളിവാണിവയെല്ലാം.a (താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 1:15-17; 4:11.) അപ്പോസ്തലപ്രവൃത്തികൾ പുസ്തകത്തിന്റെ അവസാനഭാഗത്തു റോമിൽവെച്ചുള്ള പൗലോസിന്റെ പ്രവർത്തനങ്ങൾ വിവരിക്കുന്നുണ്ട്. എന്നാൽ അവിടെയും പത്രോസിനെക്കുറിച്ചു യാതൊരു സൂചനയുമില്ല. (പ്രവൃത്തികൾ 28:16, 30, 31) അങ്ങനെ, മുൻവിധികളൊന്നും കൂടാതെ ബൈബിൾ തെളിവുകൾ വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോൾ, അത് ഈ നിഗമനത്തിലേ എത്തുകയുള്ളൂ, പത്രോസ് റോമിൽ പ്രസംഗിച്ചിട്ടില്ല.b
പാപ്പായുടെ “ഒന്നാം സ്ഥാനം” അവിശ്വസനീയമായ പാരമ്പര്യങ്ങളിലും തിരുവെഴുത്തിന്റെ വളച്ചൊടിച്ചുള്ള ബാധകമാക്കലിലും അടിസ്ഥാനമാക്കിയുള്ളതാണ്. പത്രോസല്ല, യേശുവാണു ക്രിസ്ത്യാനിത്വത്തിന്റെ അടിത്തറ. ‘ക്രിസ്തുവാണ് സഭയുടെ ശിരസ്സ്’ (എഫേസോസ് 2:20-22; 5:23, പി.ഒ.സി. ബൈ.) വിശ്വാസമുള്ള സകലരെയും അനുഗ്രഹിക്കാനും രക്ഷിക്കാനും യഹോവ അയച്ചതു യേശുക്രിസ്തുവിനെയായിരുന്നു.—യോഹന്നാൻ 3:16; പ്രവൃത്തികൾ 4:12; റോമർ 15:29; ഇതുകൂടെ കാണുക: 1 പത്രൊസ് 2:4-8.
അപ്പോൾ, പത്രോസിന്റെ കുഴിമാടമെന്ന് ആത്മാർഥമായി വിശ്വസിച്ച് ‘അദ്ദേഹത്തിന്റെ പിൻഗാമിയെ കാണാൻ’ അവിടേക്കു യാത്ര ചെയ്യുന്ന സകലരും ‘അവിശ്വസനീയമായ പാരമ്പര്യങ്ങൾ’ സ്വീകരിക്കണമോ വിശ്വാസയോഗ്യമായ ദൈവവചനം വിശ്വസിക്കണമോ എന്ന ഈ പ്രശ്നം അഭിമുഖീകരിക്കുന്നു. തങ്ങളുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നതുകൊണ്ട്, ‘അവരുടെ വിശ്വാസത്തെ പൂർത്തിയാക്കുന്നവനായ യേശുക്രിസ്തുവി’ലും അവൻ നമുക്കുവേണ്ടി വെച്ച മാതൃകയിലും അവർ ‘ഉററുനോക്കുന്നു.’—എബ്രായർ 12:2, NW; 1 പത്രൊസ് 2:21.
[അടിക്കുറിപ്പ്]
a ഏതാണ്ട്, പൊ.യു. 60-61-ൽ എഫേസ്യർ, ഫിലിപ്യർ, കൊലോസ്യർ, ഫിലേമോൻ, എബ്രായർ എന്നിവർക്കു പൗലോസ് തന്റെ ലേഖനങ്ങൾ എഴുതി. ഏതാണ്ട് പൊ.യു. 65-ൽ അവൻ തിമോത്തിക്കുള്ള തന്റെ രണ്ടാമത്തെ ലേഖനവും എഴുതി.
b “പത്രോസ് എപ്പോഴെങ്കിലും റോമിലുണ്ടായിരുന്നോ?” എന്ന ചോദ്യം 1972 നവംബർ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 669-71 പേജുകളിൽ ചർച്ച ചെയ്തിട്ടുണ്ട്.
[29-ാം പേജിലെ ചതുരം]
“ഈഡിക്യൂലക്കു കീഴെ ഒരു കുഴിമാടമുള്ളതിന്റെ യാതൊരു ലക്ഷണവും ഗവേഷണകുഴിക്കലുകൾ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, വിശുദ്ധ പത്രോസിന്റെ ശവം ക്രിസ്തീയ സമുദായത്തിൽ അടക്കം ചെയ്യുന്നതിനുവേണ്ടി വധാധികൃതരിൽനിന്നു വീണ്ടെടുത്തുവെന്നതിന് വാസ്തവത്തിൽ യാതൊരു ഉറപ്പുമില്ല. സാധാരണഗതിയിൽ ഒരു പരദേശിയും (പെരെഗ്രീനസ്) നിയമത്തിന്റെ ദൃഷ്ടിയിൽ ഒരു സാധാരണ കുററവാളിയുമായിരുന്ന ഒരുവന്റെ ശവം റൈബർ നദിയിൽ എറിഞ്ഞു കളഞ്ഞിരിക്കാനാണു സാധ്യത. . . . കൂടാതെ, അന്നത്തെക്കാലത്ത് ശരീര അവശിഷ്ടങ്ങൾ സംരക്ഷിച്ചുവെക്കുന്നതിൽ അത്ര താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. പിൽക്കാലങ്ങളിൽ, ലോകത്തിന്റെ ആസന്നമായ നാശത്തിലുള്ള വിശ്വാസത്തിനു മങ്ങലേൽക്കുകയും രക്തസാക്ഷികളുടെ വ്യക്തിപൂജാ പ്രസ്ഥാനം രംഗത്തു വരുകയും ചെയ്തപ്പോഴാണ് അതിൽ താത്പര്യം വർധിച്ചത്. അതുകൊണ്ട്, വിശുദ്ധ പത്രോസിന്റെ ശവം അടക്കം ചെയ്യുന്നതിനുവേണ്ടി വാസ്തവത്തിൽ കണ്ടെത്തിയിരിക്കാൻ സാധ്യതയില്ലെന്നത് സത്യമാണ്.”—വിശുദ്ധ പത്രോസിന്റെ പുണ്യസ്ഥലവും വത്തിക്കാൻ ഗവേഷണകുഴിക്കലും (ഇംഗ്ലീഷ്), ജോയ്സി റേറായ്ൻബീ, ജോൺ വാർഡ് പെർക്കിൻസ് എന്നിവരാലുള്ളത്.