മാനുഷദുരിതം—ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്?
മനുഷ്യ ചരിത്രത്തിന്റെ ആരംഭത്തിൽ ദുഃഖത്തിന്റെയോ വേദനയുടെയോ കണ്ണുനീർ ഉണ്ടായിരുന്നില്ല. മനുഷ്യനു ദുരിതങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൂർണതയുള്ള തുടക്കമാണു മനുഷ്യവർഗത്തിനു ലഭിച്ചത്. “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”—ഉല്പത്തി 1:31.
എന്നാൽ ‘ഏദെൻ തോട്ടത്തിലെ ആദാമിന്റെയും ഹവ്വായുടെയും കഥ കേവലം ദൃഷ്ടാന്തകഥയാണ്’ എന്നു പറഞ്ഞുകൊണ്ട് ചിലർ എതിർക്കുന്നു. സങ്കടകരമെന്നു പറയട്ടെ, ക്രൈസ്തവലോകത്തിലെ അനേകം പുരോഹിതൻമാരും ഇതു പറയുന്നു. എന്നാൽ അങ്ങേയററം പ്രാമാണികതയുള്ള യേശുക്രിസ്തുതന്നെ ഏദനിലെ സംഭവങ്ങൾ ചരിത്രപരമാണെന്നു തറപ്പിച്ചു പറയുകയുണ്ടായി. (മത്തായി 19:4-6) അതിലുപരി, മനുഷ്യരുടെ ദുരിതം ദൈവം അനുവദിച്ചതിന്റെ കാരണം മനസ്സിലാക്കാനുള്ള ഒരേ ഒരു മാർഗം മമനുഷ്യന്റെ ആ ആദ്യകാല ചരിത്രം പരിശോധിക്കുകയാണ്.
ഏദെൻ തോട്ടം പരിപാലിക്കുകയെന്ന സംതൃപ്തിദായകമായ വേല ആദ്യ മനുഷ്യനായ ആദാമിനു കൊടുത്തിരുന്നു. കൂടാതെ, ഏദെനിലെ വാസസ്ഥലത്തെ ഒരു ആഗോള ഉല്ലാസോദ്യാനമായി വികസിപ്പിക്കാനുള്ള ലക്ഷ്യം ദൈവം അവർക്കു മുമ്പിൽ വെച്ചിരുന്നു. (ഉല്പത്തി 1:28; 2:15) ഈ മഹത്തായ കൃത്യം നിർവഹിക്കാൻ ആദാമിനെ സഹായിക്കാൻ ദൈവം ഒരു വിവാഹിത ഇണയെ, ഹവ്വായെ, അവനു കൊടുത്തിട്ട് അവരോടു സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ കീഴടക്കുവാൻ പറഞ്ഞു. എങ്കിലും, ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെ വിജയം ഉറപ്പാക്കാൻ മറെറാന്നുകൂടി ആവശ്യമായിരുന്നു. ദൈവത്തിന്റെ പ്രതിച്ഛായയിൽ നിർമിതമായിരിക്കുന്നതുകൊണ്ട്, മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുകൊണ്ട്, മമനുഷ്യന്റെ ഇഷ്ടം ദൈവത്തിന്റേതിന് ഒരിക്കലും എതിരായി വരാതിരിക്കേണ്ടത് ആവശ്യമായിരുന്നു. അല്ലാത്തപക്ഷം, അഖിലാണ്ഡത്തിൽ ക്രമരാഹിത്യമുണ്ടാകുമായിരുന്നു, ശാന്തരായ ഒരു മാനവകുടുംബത്തെക്കൊണ്ടു ഭൂമിയെ നിറയ്ക്കണമെന്ന ദൈവോദ്ദേശ്യം നടക്കാതെ പോകുകയും ചെയ്യുമായിരുന്നു.
ദൈവഭരണത്തോടുള്ള കീഴ്പെടൽ സ്വതേ നടക്കേണ്ടതായിരുന്നില്ല. അതു മമനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തിന്റെ സ്നേഹനിർഭരമായ ഒരു പ്രകടനമാകണമായിരുന്നു. ഉദാഹരണത്തിന്, യേശുക്രിസ്തു ഒരു കഠിന പരീക്ഷയെ അഭിമുഖീകരിച്ചപ്പോൾ അവൻ ഇങ്ങനെ പ്രാർഥിച്ചതായി നാം വായിക്കുന്നു: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കിൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെ ആകട്ടെ.”—ലൂക്കൊസ് 22:42.
അതുപോലെ, ദൈവഭരണത്തിനു കീഴ്പെടാൻ തങ്ങൾ ആഗ്രഹിക്കുന്നുവോ എന്ന് ആദാമും ഹവ്വായും തെളിയിക്കേണ്ടിയിരുന്നു. ഈ ലക്ഷ്യത്തിൽ യഹോവയാം ദൈവം ഒരു ലളിതമായ പരീക്ഷ വെച്ചു. തോട്ടത്തിലെ വൃക്ഷങ്ങളിലൊന്ന് “നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം” എന്നറിയപ്പെട്ടിരുന്നു. അതു ശരിയായ നടത്ത സംബന്ധിച്ച നിലവാരങ്ങൾ നിർണയിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. ഈ പ്രത്യേക വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നതു ദൈവം വ്യക്തമായ ഭാഷയിൽ വിലക്കി. ആദാമും ഹവ്വായും അതു ധിക്കരിച്ചാൽ അത് അവരുടെ മരണത്തിൽ കലാശിക്കുമായിരുന്നു.—ഉല്പത്തി 2:9, 16, 17.
മാനുഷദുരിതത്തിന്റെ തുടക്കം
ഒരു ദിവസം ദൈവത്തിന്റെ ഒരു ആത്മപുത്രൻ ദൈവത്തിന്റെ ഭരണവിധം ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടു. ഒരു സർപ്പത്തെ വക്താവായി ഉപയോഗിച്ചുകൊണ്ട്, അവൻ ഹവ്വായോടു ചോദിച്ചു: ‘തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?’ (ഉല്പത്തി 3:1) അങ്ങനെ ദൈവത്തിന്റെ ഭരണവിധം ശരിയാണോ എന്നതുസംബന്ധിച്ചു ഹവ്വായുടെ മനസ്സിൽ സംശയത്തിന്റെ വിത്തു വിതച്ചു.a തന്റെ ഭർത്താവിൽനിന്നു മനസ്സിലാക്കിയ ശരിയായ ഉത്തരം ഹവ്വാ മറുപടിയായി കൊടുത്തു. എന്നിരുന്നാലും, ആ ആത്മസൃഷ്ടി ദൈവം പറഞ്ഞതിനു നേർവിപരീതം പറയുകയും അനുസരണക്കേടിന്റെ പരിണതഫലങ്ങളെക്കുറിച്ചു നുണ പറയുകയും ചെയ്തു. അവൻ പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നൻമതിൻമകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.”—ഉല്പത്തി 3:4, 5.
സങ്കടകരമെന്നു പറയട്ടെ, അനുസരണക്കേടിന്റെ പരിണതഫലം മാനുഷദുരിതമായിരിക്കില്ല, മെച്ചപ്പെട്ട ഒരു ജീവിതമായിരിക്കുമെന്നു ചിന്തിക്കാൻ ഹവ്വാ വഞ്ചിക്കപ്പെടുകയായിരുന്നു. ആ ഫലത്തെ നോക്കുന്തോറും അതു കൂടുതൽക്കൂടുതൽ അഭികാമ്യമായി തോന്നിയ അവൾ അതു തിന്നുവാനും തുടങ്ങി. പിന്നീട്, അവൾ ആദാമിനെക്കൊണ്ടും അതു തീററിച്ചു. ദുരന്തപൂർണമായി, ആദാം ദൈവത്തിന്റെ പ്രീതിയെക്കാളുപരി ഭാര്യയുടെ പ്രീതി നിലനിർത്താൻ തീരുമാനിച്ചു.—ഉല്പത്തി 3:6; 1 തിമൊഥെയൊസ് 2:13, 14.
ഈ മത്സരം ഇളക്കിവിട്ടുകൊണ്ട്, ആ ആത്മസൃഷ്ടി സ്വയം ദൈവത്തിന്റെ എതിരാളിയായിത്തീർന്നു. അങ്ങനെ അവൻ സാത്താൻ എന്ന് വിളിക്കപ്പെടാനിടയായി. എബ്രായയിൽ ആ പദത്തിനർഥം “എതിരാളി” എന്നാണ്. അവൻ ദൈവത്തെക്കുറിച്ചു നുണ പറഞ്ഞുകൊണ്ട് സ്വയം ഒരു ദൂഷകനുമായിത്തീർന്നു. അതിനാൽ അവനെ പിശാച് എന്നും വിളിക്കുന്നു. ഗ്രീക്കിൽ ആ പദത്തിനർഥം “ദൂഷകൻ” എന്നാണ്.—വെളിപ്പാടു 12:9.
അങ്ങനെ മാനുഷദുരിതം ആരംഭിച്ചു. ദൈവത്തിന്റെ സൃഷ്ടികളിൽ മൂന്നു പേർ തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി. തങ്ങളുടെ സ്രഷ്ടാവിനെതിരായ ഒരു സ്വാർഥ ജീവിതരീതി തിരഞ്ഞെടുത്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. അപ്പോൾ ഉയർന്നുവന്ന ചോദ്യം ഇതായിരുന്നു: സ്വർഗത്തിലുള്ള വിശ്വസ്തരായ ദൂതൻമാരും ആദാമിന്റെയും ഹവ്വായുടെയും ഭാവി പിൻഗാമികളും ഉൾപ്പെടെ ബുദ്ധിശക്തിയുള്ള തന്റെ ശേഷിക്കുന്ന സൃഷ്ടികളുടെ വിശ്വാസമാർജിച്ചെടുക്കാൻ പാകത്തിൽ നീതിനിഷ്ഠമായ വിധത്തിൽ ദൈവം ഈ മത്സരത്തെ എങ്ങനെ കൈകാര്യം ചെയ്യും?
ദൈവത്തിന്റെ ബുദ്ധിപൂർവകമായ പ്രതികരണം
സാത്താൻ, ആദാം, ഹവ്വാ എന്നിവരെ ഉടനടി നശിപ്പിക്കുകയായിരുന്നു ഏററവും നല്ലതെന്നു വാദിക്കുന്ന ചിലരുണ്ട്. എന്നാൽ മത്സരം ഉയർത്തിയ പ്രശ്നങ്ങൾക്ക് അതു പരിഹാരമാകുമായിരുന്നില്ല. ദൈവഭരണത്തിൽനിന്നു സ്വതന്ത്രമായാൽ മനുഷ്യർക്കു മെച്ചമുണ്ടാകുമെന്നു ധ്വനിപ്പിച്ചുകൊണ്ട് ദൈവത്തിന്റെ ഭരണവിധത്തെ സാത്താൻ ചോദ്യം ചെയ്തിരുന്നു. കൂടാതെ, ആദ്യത്തെ രണ്ടു മനുഷ്യരെ ദൈവത്തിനെതിരെ തിരിക്കുന്നതിൽ അവനുണ്ടായ വിജയം മററു ചോദ്യങ്ങളുമുയർത്തി. ആദാമും ഹവ്വായും പാപം ചെയ്തതുകൊണ്ട്, ദൈവം മനുഷ്യനെ സൃഷ്ടിച്ച വിധത്തിൽ എന്തെങ്കിലും പാകപ്പിഴ ഉണ്ടായിരുന്നുവെന്ന് ഇത് അർഥമാക്കിയോ? തന്നോടു വിശ്വസ്തരായി നിലകൊള്ളുന്ന ആരെങ്കിലും ഭൂമിയിൽ ദൈവത്തിന് ഉണ്ടായിരിക്കുമോ? സാത്താന്റെ മത്സരത്തിനു ദൃക്സാക്ഷികളായിത്തീർന്ന യഹോവയുടെ ദൂതപുത്രൻമാരുടെ കാര്യമോ? തന്റെ പരമാധികാരത്തിന്റെ നീതിയെ അവർ ഉയർത്തിപ്പിടിക്കുമോ? വ്യക്തമായും, ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ വേണ്ടുവോളം സമയം ആവശ്യമായിരുന്നു. അതുകൊണ്ടാണ്, ദൈവം സാത്താനെ നമ്മുടെ നാളുകൾവരെ നിലനിൽക്കാൻ അനുവദിച്ചത്.
ആദാമിനെയും ഹവ്വായെയും സംബന്ധിച്ചാണെങ്കിൽ, അവർ അനുസരണക്കേടു കാണിച്ച ദിവസംതന്നെ ദൈവം അവരെ മരണത്തിനു വിധിച്ചു. അങ്ങനെ മരണമെന്ന പ്രക്രിയ ആരംഭിച്ചു. ആദാമും ഹവ്വായും തെററു ചെയ്തതിനുശേഷം ജനിച്ച അവരുടെ പിൻഗാമികൾ അവരുടെ അപൂർണരായ മാതാപിതാക്കളിൽനിന്നു പാപവും മരണവും അവകാശപ്പെടുത്തി.—റോമർ 5:14.
വിവാദവിഷയത്തിൽ ആദ്യത്തെ രണ്ടു മനുഷ്യരെ തന്റെ വശത്താക്കിക്കൊണ്ടായിരുന്നു സാത്താന്റെ തുടക്കം. തനിക്ക് അനുവദിച്ചുകിട്ടിയ സമയം അവൻ ആദാമിന്റെ സകല പിൻഗാമികളെയും തന്റെ നിയന്ത്രണത്തിൽ കീഴിൽ നിർത്തുന്നതിനു ശ്രമിക്കാൻ ഉപയോഗിച്ചിരിക്കുന്നു. തന്നോടൊപ്പം മത്സരത്തിൽ ചേരാൻ ഒരു കൂട്ടം ദൂതൻമാരെ വശീകരിക്കുന്നതിലും അവൻ വിജയിച്ചു. എന്നിരുന്നാലും, ദൈവത്തിന്റെ ദൂതപുത്രൻമാരിൽ ഭൂരിഭാഗവും യഹോവയുടെ ഭരണാധിപത്യത്തിന്റെ നീതിയെ വിശ്വസ്തതയോടെ ഉയർത്തിപ്പിടിച്ചു.—ഉല്പത്തി 6:1, 2; യൂദാ 6; വെളിപ്പാടു 12:3, 9.
ദൈവഭരണമോ സാത്താന്യഭരണമോ എന്നതായിരുന്നു പ്രശ്നം. ഇയ്യോബിന്റെ നാളുകളിൽ ഈ വിവാദം തീർച്ചയായും നിലവിലുണ്ടായിരുന്നു. സാത്താന്യ സ്വാതന്ത്ര്യത്തെക്കാൾ തനിക്ക് ഇഷ്ടം ദൈവത്തിന്റെ നീതിനിഷ്ഠമായ ഭരണമാണെന്ന് ഈ വിശ്വസ്തനായ മനുഷ്യൻ തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു. അദ്ദേഹത്തിനുമുമ്പുതന്നെ അതുപോലെ പ്രവർത്തിച്ചവരായിരുന്നു ദൈവഭക്തരായ ഹാബേൽ, ഹാനോക്ക്, നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്, യോസേഫ് എന്നിവരെല്ലാം. സ്വർഗത്തിൽ ദൈവത്തിന്റെ വിശ്വസ്ത ദൂതൻമാരുടെ മുമ്പാകെ നടന്ന ഒരു സംഭാഷണത്തിൽ ഇയ്യോബ് ഒരു സംസാരവിഷയമായി. തന്റെ നീതിനിഷ്ഠമായ ഭരണത്തെ പിന്താങ്ങിക്കൊണ്ട് ദൈവം സാത്താനോടു പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിൻമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.”—ഇയ്യോബ് 1:6-8.
ദൈവം ഇയ്യോബിനെ ഭൗതിക സമ്പൽസമൃദ്ധിയാൽ ധാരാളമായി അനുഗ്രഹിച്ചിരുന്നതുകൊണ്ട് സ്വാർഥപരമായ കാരണങ്ങളാലാണ് ഇയ്യോബ് ദൈവത്തെ സേവിച്ചത് എന്നായിരുന്നു പരാജയം സമ്മതിക്കാൻ കൂട്ടാക്കാഞ്ഞ സാത്താന്റെ വാദം. അതുകൊണ്ട് സാത്താൻ ഇങ്ങനെയൊരു ആരോപണം നടത്തി: “തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോബ് 1:11) മാത്രമല്ല, സാത്താൻ ഒരു പടികൂടി മുന്നോട്ടു പോയി. അവൻ ദൈവത്തിന്റെ സകല സൃഷ്ടികളുടെയും വിശ്വസ്തത ചോദ്യം ചെയ്തു. “മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്ന് അവൻ ആരോപിച്ചു. (ഇയ്യോബ് 2:4) ഈ ദൂഷണപരമായ ആരോപണത്തിൽ ഇയ്യോബിനെ മാത്രമല്ല, ദൈവത്തിന്റെ ആരാധകരായി സ്വർഗത്തിലും ഭൂമിയിലുമുള്ള സകല വിശ്വസ്തരെയും ഉൾപ്പെടുത്തി. ജീവൻ അപകടത്തിലാണെന്നു കണ്ടാൽ അവരെല്ലാം യഹോവയുമായുള്ള തങ്ങളുടെ ബന്ധം ഉപേക്ഷിക്കുമെന്ന് അവൻ അർഥമാക്കി.
ഇയ്യോബിന്റെ നിർമലതയുടെ കാര്യത്തിൽ ദൈവത്തിനു പൂർണ ഉറപ്പുണ്ടായിരുന്നു. അതിന്റെ തെളിവെന്നോണം ഇയ്യോബിനു മാനുഷദുരിതങ്ങൾ വരുത്തുവാൻ അവൻ സാത്താനെ അനുവദിച്ചു. വിശ്വസ്തത പാലിച്ചുകൊണ്ട്, ഇയ്യോബ് സ്വന്തം നാമത്തിൻമേലുള്ള നിന്ദ നീക്കുകയും അതിലും പ്രധാനമായി യഹോവയുടെ പരമാധികാരത്തിന്റെ നീതിയെ ഉയർത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ, പിശാച് നുണയനാണെന്നു തെളിയുകയും ചെയ്തു.—ഇയ്യോബ് 2:10; 42:7.
എന്നിരുന്നാലും, പരിശോധിക്കപ്പെട്ടപ്പോൾ വിശ്വസ്തത പാലിച്ചതിന്റെ ഏററവും മികച്ച ദൃഷ്ടാന്തം യേശുക്രിസ്തുവിന്റേതാണ്. ദൈവം ഈ ദൂതപുത്രന്റെ ജീവനെ സ്വർഗത്തിൽനിന്ന് ഒരു കന്യകയുടെ ഗർഭപാത്രത്തിലേക്കു മാററി. അതുകൊണ്ട്, യേശു പാപവും അപൂർണതയും അവകാശമാക്കിയില്ല. അതിനുപകരം, അവൻ പൂർണമനുഷ്യനായി വളർന്നു. തന്റെ പൂർണത നഷ്ടമാക്കുന്നതിനുമുമ്പ് ആദ്യമനുഷ്യനുണ്ടായിരുന്ന അതേ പൂർണതതന്നെ അവനുമുണ്ടായിരുന്നു. അവന്റെമേൽ അനേകം പ്രലോഭനങ്ങളും പരിശോധനകളും അവസാനം ലജ്ജിപ്പിക്കുന്ന മരണവും വരുത്തിക്കൊണ്ട് സാത്താൻ യേശുവിൽ പ്രത്യേക ലക്ഷ്യമിട്ടു. എന്നാൽ യേശുവിന്റെ നിർമലത തകർക്കുന്ന കാര്യത്തിൽ സാത്താൻ പരാജയപ്പെട്ടു. പൂർണമായ വിധത്തിൽ യേശു തന്റെ പിതാവിന്റെ ഭരണത്തിന്റെ നീതിയെ ഉയർത്തിപ്പിടിച്ചു. സാത്താന്റെ മത്സരത്തിൽ ചേരുന്നതിനു പൂർണമനുഷ്യനായിരുന്ന ആദാമിനു യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്നും അവൻ തെളിയിച്ചു. താരതമ്യേന വളരെ നിസ്സാര പരീക്ഷണത്തിൽ ആദാമിനു വിശ്വസ്തതയോടെ നിലകൊള്ളാമായിരുന്നു.
വേറെ എന്തുകൂടി തെളിയിക്കപ്പെട്ടു?
ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനുശേഷം മാനുഷദുരിതത്തിന്റെ ഏതാണ്ട് 6,000 വർഷം കഴിഞ്ഞിരിക്കുന്നു. അനേകം വ്യത്യസ്ത ഗവൺമെൻറുകൾ പരീക്ഷിച്ചുനോക്കാൻ ദൈവം ഈ കാലയളവിൽ മനുഷ്യവർഗത്തെ അനുവദിച്ചു. സ്വയം ഭരിക്കാനുള്ള കഴിവില്ലെന്നുള്ളതിന്റെ തെളിവാണു മാനുഷദുരിതത്തിന്റെ ഭയാനക ചരിത്രം. വാസ്തവത്തിൽ ഭൂമിയിൽ മിക്കയിടങ്ങളിലും നിലനിൽക്കുന്നത് അരാജകത്വമാണ്. സാത്താൻ ആഹ്വാനം ചെയ്ത, ദൈവത്തിൽനിന്നുള്ള സ്വാതന്ത്ര്യം വിപൽക്കരമാണ്.
യഹോവ തനിക്കുവേണ്ടിത്തന്നെ യാതൊന്നും തെളിയിക്കേണ്ടിയിരുന്നില്ല. തന്റെ ഭരണം നീതിനിഷ്ഠമാണെന്നും അതു തന്റെ സൃഷ്ടികളുടെ ഏററവും മികച്ച പ്രയോജനത്തിനുവേണ്ടിയാണെന്നും അവന് അറിയാം. എന്നിരുന്നാലും, സാത്താന്റെ മത്സരം ഉയർത്തിയ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായി ഉത്തരം കൊടുക്കുന്നതിന്, അവൻ തന്റെ ബുദ്ധിയുള്ള സൃഷ്ടികൾക്ക് തന്റെ നീതിനിഷ്ഠമായ ഭരണത്തോട് ആഭിമുഖ്യം കാട്ടാൻ അവസരം അനുവദിച്ചു.
പിശാചിന്റെ നിയന്ത്രണത്തിലുള്ള ദുരിതങ്ങളുടെ താത്കാലിക കാലഘട്ടത്തെ തികച്ചും നിസ്സാരമാക്കുന്നതാണു ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടും അവനോടു വിശ്വസ്തതയോടെ നിലകൊള്ളുന്നതുകൊണ്ടുമുള്ള പ്രതിഫലങ്ങൾ. ഇതിന്റെ ദൃഷ്ടാന്തമാണ് ഇയ്യോബിന്റെ കാര്യത്തിൽ സംഭവിച്ചത്. പിശാച് ഇയ്യോബിനു വരുത്തിയ രോഗങ്ങളെല്ലാം യഹോവയാം ദൈവം സുഖപ്പെടുത്തി. അതിലുപരി, ദൈവം “ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.” അവസാനം, നീട്ടിക്കിട്ടിയ 140 വർഷത്തെ ജീവിതത്തിനുശേഷം “ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.”—ഇയ്യോബ് 42:10-17.
ക്രിസ്തീയ ബൈബിളെഴുത്തുകാരനായ യാക്കോബ് ഈ വസ്തുതയിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറയുന്നു: “യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.”—യാക്കോബ് 5:11; NW അടിക്കുറിപ്പ്.
സാത്താനും അവന്റെ ലോകത്തിനും സമയം തീർന്നിരിക്കുന്നു. മനുഷ്യവർഗത്തിനു സാത്താന്റെ മത്സരം മുഖാന്തരം വന്നുഭവിച്ച സകല ദുരിതങ്ങളും ദൈവം നീക്കം ചെയ്യും. മരിച്ചവർപോലും ഉയിർപ്പിക്കപ്പെടും. (യോഹന്നാൻ 11:25) അപ്പോൾ, ഇയ്യോബിനെപ്പോലെയുള്ള വിശ്വസ്തരായ മനുഷ്യർക്കു പറുദീസാ ഭൂമിയിൽ നിത്യജീവൻ നേടുന്നതിനുള്ള അവസരം ലഭിക്കുന്നതായിരിക്കും. തന്റെ ദാസൻമാരുടെമേൽ ദൈവം ചൊരിയാൻ പോകുന്ന ഈ ഭാവി അനുഗ്രഹങ്ങൾ അവനെ നീതിമാനായ പരമാധികാരിയെന്ന നിലയിൽ മുമ്പെന്നത്തെക്കാളുപരിയായി സംസ്ഥാപിക്കും. തീർച്ചയായും, അവൻ “മഹാ കരുണയും മനസ്സലിവുമുള്ളവ”നാണ്.
[അടിക്കുറിപ്പ്]
a ഇതായിരുന്നു “മനുഷ്യവർഗത്തിന്റെ സകല കുഴപ്പങ്ങൾക്കും കാരണമായത്” എന്നായിരുന്നു “ദുഷ്ടതയുടെ ആരംഭം” (ഇംഗ്ലീഷ്) എന്ന വിഷയം ചർച്ച ചെയ്ത, 20-ാം നൂററാണ്ടിന്റെ ആദ്യകാലത്തെ ഒരു അഭിഭാഷകനും ഗ്രന്ഥകർത്താവുമായ ഫിലിപ്പ് മോറൂ നിഗമനം ചെയ്തത്.
[8-ാം പേജിലെ ചതുരം]
മനുഷ്യരുടെ ക്രൂര ദൈവങ്ങൾ
രക്തദാഹികളും കാമാർത്തരുമായാണ് പുരാതന ദൈവങ്ങളെ മിക്കപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. അവരെ പ്രീണിപ്പിക്കുന്നതിന് മാതാപിതാക്കൾ കുട്ടികളെ ജീവനോടെ തീയിൽ ദഹിപ്പിക്കുകപോലും ചെയ്തിട്ടുണ്ട്. (ആവർത്തനപുസ്തകം 12:31) മറുവശത്ത്, കോപം, സഹതാപം ഈ വക വികാരങ്ങളൊന്നുമില്ലാത്തതാണു ദൈവം എന്നു പുറജാതി തത്ത്വചിന്തകൻമാർ പഠിപ്പിച്ചു.
ഈ തത്ത്വചിന്തകൻമാരുടെ ഭൂത-നിശ്വസ്ത വീക്ഷണങ്ങൾ ദൈവത്തിന്റെ ജനമെന്ന് അവകാശപ്പെട്ടിരുന്ന യഹൂദൻമാരെ സ്വാധീനിച്ചു. “ദൈവം ഏതെങ്കിലുംവിധത്തിലുള്ള വികാരാവേശത്തിന് അധീനനല്ല” എന്ന് യേശുവിന്റെ സമകാലീനനായിരുന്ന യഹൂദ തത്ത്വചിന്തകൻ ഫിലോ ഉറപ്പിച്ചുപറഞ്ഞു.
യഹൂദ മതത്തിലെ കർശനക്കാരായിരുന്ന പരീശൻമാരുടെ വിഭാഗംപോലും ഗ്രീക്കു തത്ത്വചിന്തയുടെ സ്വാധീനത്തിൽനിന്ന് ഒഴിവുള്ളവരായിരുന്നില്ല. ഒരു മനുഷ്യ ശരീരത്തിൽ കുടുങ്ങിക്കിടക്കുന്ന അമർത്ത്യ ദേഹിയാൽ മനുഷ്യൻ നിർമിക്കപ്പെട്ടിരിക്കുന്നു എന്ന പ്ലേറേറായുടെ പഠിപ്പിക്കലുകളെ അവർ ഏററുവാങ്ങി. കൂടാതെ, ദുഷ്ട ജനങ്ങളുടെ ദേഹികൾ “നിത്യദണ്ഡനം അനുഭവിക്കുന്നു” എന്ന് പരീശൻമാർ വിശ്വസിച്ചിരുന്നതായി ഒന്നാം നൂററാണ്ടിലെ ചരിത്രകാരനായ ജോസീഫസ് പറയുന്നു. അത്തരം ഒരു വീക്ഷണഗതിക്ക് ബൈബിൾ യാതൊരു അടിസ്ഥാനവും നൽകുന്നില്ല.—ഉല്പത്തി 2:7; 3:19; സഭാപ്രസംഗി 9:5; യെഹെസ്കേൽ 18:4.
യേശുവിന്റെ അനുഗാമികളെ സംബന്ധിച്ചെന്ത്? പുറജാതീയ തത്ത്വചിന്തകളാൽ സ്വാധീനിക്കപ്പെടുന്നതിന് അവർ സ്വയം അനുവദിച്ചോ? അപകടം തിരിച്ചറിഞ്ഞ് അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികൾക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകി: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.”—കൊലൊസ്സ്യർ 2:8; ഇതുകൂടെ കാണുക: 1 തിമൊഥെയൊസ് 6:20.
ദുഃഖകരമെന്നു പറയട്ടെ, രണ്ടും മൂന്നും നൂററാണ്ടുകളിൽ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന മേൽവിചാരകൻമാർ ആ മുന്നറിയിപ്പ് അവഗണിക്കുകയും ദൈവത്തിന് വികാരവിചാരങ്ങളില്ല എന്ന് പഠിപ്പിക്കുകയും ചെയ്തു. മതവിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “മൊത്തത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് അക്കാലത്തെ യഹൂദ്യരുടെ ചിന്തയും തത്ത്വചിന്തയും ഉറപ്പിച്ചു പറഞ്ഞപ്രകാരം മനസ്സിലാക്കിയിട്ടുള്ളതേ ഉള്ളൂ . . . പിതാവായ ദൈവത്തിന് ദയ . . . പോലുള്ള വികാരങ്ങൾ ഉണ്ടായിരിക്കാൻ കഴിയുമെന്നത് പൊതുവേ അസ്വീകാര്യമായി ഇരുപതാം നൂററാണ്ടിന്റെ അവസാനഘട്ടംവരെയെങ്കിലും കരുതിപ്പോന്നു.”
അങ്ങനെ, ബോധപൂർവം എന്നേക്കും ദണ്ഡനം സഹിക്കാൻ പാപികളെ ശിക്ഷിക്കുന്ന ക്രൂര ദൈവത്തെക്കുറിച്ചുള്ള വ്യാജ പഠിപ്പിക്കലുകൾ ക്രൈസ്തവലോകം ഏററുവാങ്ങി. നേരേമറിച്ച്, ‘പാപത്തിന്റെ ശമ്പളം മരണമാണ്,’ ബോധപൂർവമുള്ള നിത്യദണ്ഡനമല്ല എന്ന് യഹോവയാം ദൈവം തന്റെ വചനമായ ബൈബിളിൽ വ്യക്തമായി പ്രസ്താവിക്കുന്നു.—റോമർ 6:23.
[ചിത്രത്തിനു കടപ്പാട്]
Above: Acropolis Museum, Greece
Courtesy of The British Museum
[7-ാം പേജിലെ ചിത്രം]
ഭൂമിയെ ഏദെൻ പറുദീസയാക്കി രൂപാന്തരപ്പെടുത്താനുള്ള ദൈവോദ്ദേശ്യം നിറവേറണം!