അവൾ യഹോവയാൽ അത്യന്തം കൃപലഭിച്ചവളായിരുന്നു
“കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു [“യഹോവ,” NW] നിന്നോടുകൂടെ ഉണ്ടു.” എന്തോരു അഭിവാദനം! സംസാരിക്കുന്നയാൾ മററാരുമല്ല, ഗബ്രീയേൽ ദൂതനാണ്. അവൻ അഭിസംബോധന ചെയ്യുന്നത് എളിയ ഹൃദയനിലയുള്ള ഒരു യുവസ്ത്രീയെയാണ്. അത് ഹേലിയെന്നു പേരുള്ള ഒരുവന്റെ മകളായ മറിയയാണ്. പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 3-ാം വർഷം. സ്ഥലം നസറെത്ത് പട്ടണവും.—ലൂക്കൊസ് 1:26-28.
മറിയ തച്ചനായ യോസേഫിന് വിവാഹനിശ്ചയം ചെയ്യപ്പെട്ടവളാണ്. യഹൂദ ആചാര-നിയമപ്രകാരം അവൾ അവന്റെ വിവാഹനിശ്ചയം കഴിഞ്ഞ ഭാര്യയായിട്ടാണു കണക്കാക്കപ്പെടുന്നത്. (മത്തായി 1:18) അവളെപ്പോലെ അവനും താണ ചുററുപാടുകളിൽ നിന്നുള്ളവനാണ്. എങ്കിൽപ്പിന്നെ, അത്യന്തം കൃപലഭിച്ചവളെന്ന് ദൂതൻ അവളെ അഭിവാദനം ചെയ്യുന്നത് എന്തുകൊണ്ടാണ്?
അവളുടെ അത്ഭുതകരമായ പദവി
ഗബ്രീയേൽ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മറിയയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ [“യഹോവയായ,” NW] ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.”—ലൂക്കൊസ് 1:29-33.
അത്ഭുതപരവശയായി മറിയ ചോദിക്കുന്നു: ‘ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും?’ “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ഗബ്രീയേൽ ഉത്തരം നൽകുന്നു. ഏതെങ്കിലും വിധത്തിലുള്ള സംശയം തുടച്ചുനീക്കുന്നതിന് ഗബ്രീയേൽ കൂട്ടിച്ചേർക്കുന്നു: “നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ.”—ലൂക്കൊസ് 1:34-37.
തത്ക്ഷണം മറിയ മഹത്തായ ഈ സേവന പദവി സ്വീകരിക്കുന്നു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ” എന്ന് മനസ്സൊരുക്കത്തോടെ എന്നാൽ താഴ്മയോടെ അവൾ പ്രത്യുത്തരം നൽകുന്നു. അനന്തരം ഗബ്രീയേൽ അവളെ വിട്ടുപോകുന്നു. മറിയ തിടുക്കത്തിൽ യഹൂദയിലെ പർവതപ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു പോകുന്നു. പുരോഹിതനായ സെഖര്യാവിന്റെയും ഭാര്യ എലീശബെത്തിന്റെയും ഭവനത്തിൽ എത്തുമ്പോൾ അവൾ കാണുന്നത് ദൂതൻ വിവരിച്ച അതേ സ്ഥിതിയാണ്. മറിയയുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞുതുളുമ്പി! അവളുടെ അധരങ്ങളിൽനിന്ന് യഹോവക്കുള്ള സ്തുതിവചനങ്ങൾ അടർന്നുവീണു.—ലൂക്കൊസ് 1:38-55.
അവൾ യോസേഫിന്റെ ഭാര്യയാകുന്നു
ഒരു കന്യകവേണം യേശുവിന്റെ മനുഷ്യ ശരീരം പ്രദാനം ചെയ്യാൻ. കാരണം അത്തരമൊരു ജനനം മൂൻകൂട്ടി പറഞ്ഞിട്ടുള്ളതായിരുന്നു. (യെശയ്യാവു 7:14; മത്തായി 1:22, 23) എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യക ആവശ്യമായിരുന്നത് എന്തുകൊണ്ട്? ശിശുവിന് ദാവീദ് രാജാവിന്റെ സിംഹാസനത്തിന് നിയമപരമായ അവകാശം നൽകാൻ കഴിവുള്ള ഒരു ദത്തുപിതാവിനെ നൽകാൻ തന്നെ. യോസേഫും മറിയയും യഹൂദാ ഗോത്രത്തിൽ പിറന്നവരും ദാവീദ് രാജാവിന്റെ പിൻഗാമികളുമാണ്. അതുകൊണ്ട് യേശുവിന്റെ അനന്തരാവകാശപദവി ഇരുവിധത്തിൽ സംസ്ഥാപിക്കപ്പെടും. (മത്തായി 1:2-16; ലൂക്കൊസ് 3:23-33) മറിയ ഗർഭിണിയാണെന്നുവരികിലും അവളെ തന്റെ നിയമപ്രകാരമുള്ള ഭാര്യയായി സ്വീകരിക്കുന്നതിനു മടിക്കേണ്ടന്ന് യോസേഫിനോടു ദൂതൻ പിന്നീട് ഉറപ്പോടെ പറഞ്ഞത് അക്കാരണത്താലാണ്.—മത്തായി 1:19-25.a
ഔഗുസ്തൊസ് കൈസർ പുറപ്പെടുവിച്ച നികുതിനിർണയ നിയമംമൂലം ബേത്ലഹേമിൽപോയി പേർചാർത്താൻ യോസേഫും മറിയയും നിർബന്ധിതരാകുന്നു. അവിടെവെച്ച് അവൾ തന്റെ ആദ്യജാതനു ജൻമം നൽകുന്നു. ആട്ടിടയൻമാർ കുഞ്ഞിനെ കാണാൻ വരുകയും അവന്റെ പിതാവായ യഹോവയെ സ്തുതിക്കുകയും ചെയ്യുന്നു. മോശൈക ന്യായപ്രമാണം അനുശാസിക്കുന്നപ്രകാരം 40 ദിവസത്തെ ശുദ്ധീകരണകാലം കഴിഞ്ഞ് മറിയ തന്റെ പാപങ്ങൾക്ക് പാപപരിഹാരബലി അർപ്പിക്കുന്നതിന് യെരുശലേമിലെ ദേവാലയത്തിലേക്കു പോകുന്നു. (ലേവ്യപുസ്തകം 12:1-8; ലൂക്കൊസ് 2:22-24) അവൾ അമലോത്ഭവയല്ലാഞ്ഞതിനാലും തൻമൂലം പാപക്കറയിൽനിന്ന് ഒഴിവുള്ളവളല്ലാഞ്ഞതിനാലും അവകാശപ്പെടുത്തിയ അപൂർണത ബലികളിലൂടെ പരിഹരിക്കേണ്ടിയിരുന്നു.—സങ്കീർത്തനം 51:5.
മറിയയും യോസേഫും ദേവാലയത്തിലായിരിക്കുമ്പോൾ പ്രായംചെന്ന ശിമയോനും വയോവൃദ്ധയായ ഹന്നാ പ്രവാചകിക്കും ദൈവപുത്രനെ കാണുന്നതിനു പദവി ലഭിക്കുന്നു. മറിയയല്ല ശ്രദ്ധാകേന്ദ്രം. (ലൂക്കൊസ് 2:25-38) പിന്നീട് വിദ്വാൻമാർ വണങ്ങുന്നത് അവളെയല്ല പ്രത്യുത, യേശുവിനെയാണ്.—മത്തായി 2:1-12.
ഈജിപ്തിലേക്കു പലായനം ചെയ്ത് ദുഷ്ടനായ ഹെരോദാവ് മരിക്കുന്നതുവരെ അവിടെ തങ്ങിയശേഷം യേശുവിന്റെ മാതാപിതാക്കൾ അവിടെനിന്നു മടങ്ങി നസറെത്ത് എന്ന ചെറിയ ഗ്രാമത്തിൽ താമസമുറപ്പിക്കുന്നു. (മത്തായി 2:13-23; ലൂക്കൊസ് 2:39) അവിടെയാണു ദൈവിക കുടുംബ ചുററുപാടുകളിൽ യോസേഫും മറിയയും യേശുവിനെ വളർത്തുന്നത്.
മറിയക്ക് വേറെ മക്കൾ ഉണ്ടായിരുന്നു
ക്രമേണ, മറിയയും യോസേഫും യേശുവിന് ജഡിക സഹോദരങ്ങളെ നൽകുന്നു. തന്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ സ്വന്ത നാടായ നസറെത്തിൽ യേശു എത്തിച്ചേരുമ്പോൾ ബാല്യകാല പരിചയക്കാർ അവനെ തിരിച്ചറിയുന്നു. “ഇവൻ തച്ചന്റെ മകനല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരൻമാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ?” എന്ന് അവർ ചോദിക്കുന്നു. (മത്തായി 13:55, 56) നസറെത്തുകാർ ഇവിടെ പരാമർശിക്കുന്നത് യോസേഫിന്റെയും മറിയയുടെയും ജഡിക കുടുംബത്തെയാണ്. അതിൽ മറിയയുടെ പുത്രൻമാരും പുത്രിമാരും ഉൾപ്പെടുന്നു. അവരെ യേശുവിന്റെ ജഡിക സഹോദരീസഹോദരൻമാരായിട്ടാണ് അവർ മനസ്സിലാക്കുന്നത്.
ഈ സഹോദരീസഹോദരൻമാർ യേശുവിന്റെ മച്ചുനരല്ല. അവർ അവന്റെ ശിഷ്യരോ ആത്മീയ സഹോദരങ്ങളോ അല്ല. കാരണം യോഹന്നാൻ 2:12 ഈ രണ്ടു കൂട്ടർക്കും ഇടയിലുള്ള വ്യത്യാസം ഇങ്ങനെ പറഞ്ഞുകൊണ്ട് വളരെ സ്പഷ്ടമാക്കുന്നു: “അവനും [യേശുവും] അവന്റെ അമ്മയും സഹോദരൻമാരും ശിഷ്യൻമാരും കഫർന്നഹൂമിലേക്കു പോയി.” വർഷങ്ങൾക്കുശേഷം യെരുശലേമിൽ അപ്പോസ്തലനായ പൗലോസ് കേഫാവിനെ അഥവാ പത്രോസിനെ കണ്ടുമുട്ടിയശേഷം ഇങ്ങനെ കൂട്ടിച്ചേർത്തു: “അപ്പോസ്തലൻമാരിൽ വേറൊരുവനെയും ഞാൻ കണ്ടില്ല; കർത്താവിന്റെ സഹോദരനായ യാക്കോബിനെ മാത്രമേ ഞാൻ കണ്ടുള്ളൂ.” (ഗലാത്യർ 1:19, ദ ജറുസലേം ബൈബിൾ) കൂടാതെ “മകനെ പ്രസവിക്കും വരെ അവൻ [മറിയയെ] പരിഗ്രഹിച്ചില്ല” എന്ന പ്രസ്താവന, യേശുവിന്റെ വളർത്തുപിതാവ് പിന്നീട് അവളുമായി ബന്ധം പുലർത്തിയെന്നും അവളുടെ മററു മക്കളുടെ പിതാവായിത്തീർന്നുവെന്നും സൂചിപ്പിക്കുന്നു. (മത്തായി 1:25) തദനുസൃതം, ലൂക്കൊസ് 2:7 യേശുവിനെ അവളുടെ “ആദ്യജാതൻ” എന്നു വിളിക്കുന്നു.
ദൈവഭയമുള്ള ഒരു മാതാവ്
ദൈവഭയമുള്ള മാതാവ് എന്നനിലയിൽ തന്റെ മക്കളെ നീതിയിൽ അഭ്യസിപ്പിക്കുന്നതിന് മറിയ യോസേഫുമായി സഹകരിക്കുന്നു. (സദൃശവാക്യങ്ങൾ 22:6) എലീശബെത്തിന്റെ അഭിവാദനത്തിനു മറുപടിയായി അവൾ നൽകിയ പദപ്രയോഗങ്ങളിൽനിന്നും തിരുവെഴുത്തുകളുടെ പഠനത്തിൽ ശുഷ്കാന്തിയുള്ള ഒരു വിദ്യാർഥിനിയായിരുന്നു അവളെന്നു കാണാവുന്നതാണ്. ആ സമയത്ത് യേശുവിന്റെ അമ്മ ഹന്നായുടെ പാട്ടിന്റെ വരികൾ ആവർത്തിക്കുകയും സങ്കീർത്തനങ്ങളെക്കുറിച്ചും ചരിത്ര-പ്രവാചക ലിഖിതങ്ങളെക്കുറിച്ചും മോശയുടെ പുസ്തകങ്ങളെക്കുറിച്ചും അറിവു പ്രകടിപ്പിക്കുകയും ചെയ്യുന്നു. (ഉല്പത്തി 30:13; 1 ശമൂവേൽ 2:1-10; സദൃശവാക്യങ്ങൾ 31:28; മലാഖി 3:12; ലൂക്കൊസ് 1:46-55) മറിയ പ്രാവചനിക സംഭവങ്ങളും വചനങ്ങളും മനപ്പാഠമാക്കി അവ ഹൃദയത്തിൽ സംഗ്രഹിക്കുകയും അവയെക്കുറിച്ചു മനസ്സിൽ ധ്യാനിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, ബാലനായ യേശുവിന് മാതൃ നിർദേശങ്ങൾ നൽകാൻ തക്കവണ്ണം അവൾ സുസ്സജ്ജയാണ്.—ലൂക്കൊസ് 2:19, 33.
നന്നായി അഭ്യസിപ്പിക്കപ്പെട്ട 12 വയസ്സുള്ള യേശുവിന്റെ തിരുവെഴുത്തുപരമായ അറിവ് ദേവാലയത്തിലെ ജ്ഞാനികളായ പുരുഷൻമാരെ അമ്പരപ്പിക്കുന്നു. ആ പെസഹാ ഘട്ടത്തിൽ അവൻ മാതാപിതാക്കളിൽനിന്നു വേർപെട്ടുപോയതിനാൽ അവന്റെ അമ്മ ഇങ്ങനെ പറയുന്നു: “മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു.” യേശു ഇങ്ങനെ പ്രത്യുത്തരം നൽകുന്നു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിനുള്ളതിൽ [“പിതാവിന്റെ ഭവനത്തിൽ,” NW] ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” ഈ മറുപടിയുടെ പ്രാധാന്യം തിരിച്ചറിയാനാവാതെ മറിയ അതു തന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. നസറെത്തിൽ മടങ്ങിയെത്തിയ യേശു “ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.”—ലൂക്കൊസ് 2:42-52.
മറിയ യേശുവിന്റെ ശിഷ്യയെന്ന നിലയിൽ
കാലക്രമേണ മറിയ യേശുവിന്റെ അർപ്പിത ശിഷ്യയായിത്തീരണമായിരുന്നു എന്നത് എത്ര ഉചിതമാണ്! അവൾ താഴ്മയുള്ളവളാണ്. മഹത്തായ ദൈവദത്ത നിയമനം ലഭിച്ചിട്ടും അവൾ ഉന്നതസ്ഥാനം അഭിലഷിച്ചില്ല. മറിയക്ക് തിരുവെഴുത്തുകൾ അറിയാം. ദിവ്യപരിവേഷമണിഞ്ഞ്, “അമ്മരാജ്ഞി”യായി സിംഹാസനത്തിൽ ഇരിക്കുകയും ക്രിസ്തുവിന്റെ മഹിമയിൽ കുളിച്ചിരിക്കുകയും ചെയ്യുന്നതായി അവളെ വർണിക്കുന്നത് നിങ്ങൾ ബൈബിളിൽ തിരഞ്ഞാൽ കണ്ടെത്തുകയില്ല. പ്രത്യുത, ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ, പിന്നണിയിൽ നിൽക്കുന്നതായി അവളെ നിങ്ങൾ കണ്ടെത്തും.—മത്തായി 13:53-56; യോഹന്നാൻ 2:12.
തന്റെ അനുഗാമികളുടെ ഇടയിൽനിന്ന് മറിയാരാധനപോലുള്ള എന്തും യേശു മുളയിലേ നുള്ളിക്കളഞ്ഞു. ഒരു സന്ദർഭത്തിൽ അവൻ സംസാരിച്ചുകൊണ്ടിരിക്കവേ “പുരുഷാരത്തിൽനിന്ന് ഒരു സ്ത്രീ വിളിച്ചുപറഞ്ഞു, ‘നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും അനുഗ്രഹമുള്ളവ!’ അതിന് അവൻ ഇങ്ങനെ മറുപടി നൽകി, ‘പ്രത്യുത, ദൈവത്തിന്റെ വചനം കേട്ട് അതു പ്രമാണിക്കുന്നവർ അത്രേ അനുഗൃഹീതർ.’” (ലൂക്കൊസ് 11:27, 28, ദ ന്യൂ അമേരിക്കൻ ബൈബിൾ, കാത്തലിക് ബിബ്ലിക്കൽ അസോസിയേഷൻ ഓഫ് അമേരിക്കയുടെ അംഗങ്ങൾ പരിഭാഷപ്പെടുത്തിയത്) ഒരു വിവാഹ സദ്യയിൽ യേശു മറിയയോടു പറഞ്ഞു: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല.” (യോഹന്നാൻ 2:4) വേറെ ചില പരിഭാഷകളിൽ ഇങ്ങനെ വായിക്കുന്നു: “അക്കാര്യം എനിക്കു വിട്ടേക്കൂ.” (വേമൗത്ത്) “എന്നെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ട.” (ആൻ അമേരിക്കൻ ട്രാൻസ്ലേഷൻ) അതേ, യേശു തന്റെ അമ്മയെ ആദരിച്ചു എന്നാൽ അവൻ അവളെ പൂജിച്ചില്ല.
ശാശ്വത പദവികൾ
എന്തെല്ലാം പദവികളാണു മറിയ ആസ്വദിച്ചത്! അവൾ യേശുവിനു ജൻമം നൽകി. അവൾ ആ കുഞ്ഞിനെ പരിപാലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഒടുവിൽ, അവൾ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ ശിഷ്യയും ആത്മീയ സഹോദരിയുമായിത്തീർന്നു. തിരുവെഴുത്തു നമുക്ക് മറിയയെക്കുറിച്ച് യെരുശലേമിലെ ഒരു മാളികമുകളിൽ ഇരിക്കുന്നതായി അന്തിമ സൂചന നൽകുന്നതു നാം കാണുന്നു. അവിടെ അവൾ യേശുവിന്റെ അപ്പോസ്തലൻമാരോടും തന്റെ മററു പുത്രൻമാരോടും മററു ചില വിശ്വസ്ത സ്ത്രീകളോടുമൊപ്പമാണ്. അവരെല്ലാം യഹോവയുടെ ആരാധകരാണ്.—പ്രവൃത്തികൾ 1:13, 14.
കാലം കടന്നുപോയതോടെ മറിയ മരിക്കുകയും അവളുടെ ശരീരം പൊടിയിലേക്കു തിരികെ ചേരുകയും ചെയ്തു. സ്വർഗത്തിലെ അമർത്ത്യ ജീവനിലേക്ക് ആത്മജീവിയെന്ന നിലയിൽ ഉയിർപ്പിക്കപ്പെടുന്നതിനുള്ള ദൈവത്തിന്റെ തക്ക സമയം വരുന്നതുവരെ അവൾ തന്റെ പ്രിയ പുത്രനായ യേശുവിന്റെ ആദിമ അഭിഷിക്ത അനുഗാമികളെപ്പോലെ മരണത്തിൽ നിദ്രപ്രാപിച്ചു. (1 കൊരിന്ത്യർ 15:44, 50; 2 തിമൊഥെയൊസ് 4:8) ‘അത്യന്തം കൃപലഭിച്ച’ ഇവൾ ഇപ്പോൾ യഹോവയുടെയും യേശുക്രിസ്തുവിന്റെയും സമ്മുഖത്ത് എത്രമാത്രം ആനന്ദപുളകിതയായിരിക്കണം!
[അടിക്കുറിപ്പ്]
a മറിയ കന്യകയല്ലായിരുന്നെങ്കിൽ അവളെ വിവാഹം ചെയ്യാൻ ആരാണ് ആഗ്രഹിക്കുക? പെൺകുട്ടി കന്യകയായിരിക്കണമെന്നു യഹൂദർക്കു നിർബന്ധമായിരുന്നു.—ആവർത്തനപുസ്തകം 22:13-19; താരതമ്യം ചെയ്യുക: ഉല്പത്തി 38:24-26.
[31-ാം പേജിലെ ചിത്രം]
യേശുവിന്റെ അമ്മയെന്ന നിലയിൽ മറിയ അത്യന്തം കൃപലഭിച്ചവൾ ആയിരുന്നു