രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
യഹോവ തന്റെ ശത്രുക്കളെക്കാൾ ബലവാനാണ്
വ്യാജമതത്തെയും ആത്മവിദ്യയെയും ഉപയോഗിച്ചുകൊണ്ട് പിശാചും അവന്റെ ഭൂതങ്ങളും സുവാർത്താ ഘോഷണത്തെ തടസ്സപ്പെടുത്താൻ ദീർഘനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബൈബിൾ 2 കൊരിന്ത്യർ 4:4-ൽ സാത്താന്റെ ദുഷ്ട ഉദ്ദേശ്യത്തെക്കുറിച്ചു പറയുന്നുണ്ട്. അവിടെ അത് “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി” എന്നു പ്രസ്താവിക്കുന്നു.
എന്നാൽ യഹോവയാം ദൈവം സാത്താനെക്കാൾ ബലവാനാണ്. ദിവ്യേഷ്ടം നിറവേറുന്നതിനെ തടയാൻ യഹോവയുടെ ശത്രുക്കൾക്കു യാതൊന്നും ചെയ്യാനാവില്ല. “സകലമനുഷ്യരും രക്ഷപ്രാപി”ക്കണമെന്നും “സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്ത”ണമെന്നുമാണ് അവന്റെ ഇഷ്ടം. (1 തിമൊഥെയൊസ് 2:4) ഇക്കാര്യം എടുത്തുകാണിക്കുന്നതാണ് ഓസ്ട്രേലിയയിലെ രാജ്യപ്രഘോഷകരിൽനിന്നുള്ള പിൻവരുന്ന റിപ്പോർട്ട്.
◻ 20 വർഷം മതങ്ങളുമായി ബന്ധപ്പെടാതെ കഴിഞ്ഞുപോരികയായിരുന്ന ഒരു സ്ത്രീ വീണ്ടും ബൈബിൾ വായിക്കാൻ തുടങ്ങി. ബൈബിളിനോടുള്ള താത്പര്യത്തിനു പുതുജീവൻ ലഭിച്ചതോടെ അവളുടെ മനസ്സിൽ എണ്ണമററ ചോദ്യങ്ങൾ പൊന്തിവരാൻ തുടങ്ങി. അതുകൊണ്ട്, ഉത്തരം കണ്ടെത്താൻ സഹായമേകണേ എന്ന് അവൾ ദൈവത്തോടു പ്രാർഥിച്ചു. സത്യം കണ്ടെത്തണം എന്ന് അവൾ ആഗ്രഹിച്ചു. എന്നാൽ തന്റെ പഴയ മതത്തിലേക്കുതന്നെ തിരിച്ചുപോകുന്നതു പ്രശ്നപരിഹാരമാവില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. അതിനുപകരം, അവൾ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു കടയിൽ ചെന്ന്, മതത്തെ സംബന്ധിച്ച ഏതെങ്കിലും പുസ്തകമുണ്ടോ എന്ന് അന്വേഷിച്ചു.
കടയുടെ ഉടമസ്ഥയ്ക്ക് ഉടനെ ഓർമവന്നു, തന്റെ കൈവശം മതപരമായ ഒരു പുസ്തകമുണ്ടല്ലോ എന്ന്, കടയിലല്ല, വീട്ടിൽ. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പേർ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നായിരുന്നു. ആകാംക്ഷയോടെ ആ പുസ്തകം വായിച്ച ആ സ്ത്രീക്ക് ബൈബിളിനെ സംബന്ധിച്ചുണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചു. അവസാനം ടെലഫോൺ ഡയറക്ടറിയുടെ സഹായത്തോടെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ട അവർ ക്രമമായൊരു ബൈബിളധ്യയനം ആരംഭിച്ചു.
◻ ഒരു യുവതി ഒരു ഏലസ്സ് വിൽക്കാനുണ്ടെന്നും പറഞ്ഞ് പ്രാദേശിക പത്രത്തിൽ പരസ്യം കൊടുത്തു. ‘വളരെ ശക്തിയുള്ള മധ്യകാലഘട്ട ഏലസ്സ്’ എന്നൊരു പരാമർശം പരസ്യത്തിലുണ്ടായിരുന്നു. പ്രസ്തുത പരസ്യം ശ്രദ്ധയിൽപ്പെട്ട ഒരു യഹോവയുടെ സാക്ഷി പരസ്യത്തോടൊപ്പമുണ്ടായിരുന്ന ഫോൺ നമ്പർ ഉപയോഗിച്ച് ആ യുവതിയുമായി ബന്ധപ്പെട്ട്, ഏലസ്സിന് ഉണ്ടെന്നു പറയുന്ന ശക്തിയുടെ ഉറവിനെക്കുറിച്ചു സംസാരിക്കാൻ പരിപാടിയിട്ടു. ഭൂതങ്ങളുടെ പ്രവർത്തനം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണത്തെക്കുറിച്ചുള്ള ഒരു ചർച്ചയും നടന്നു. ഭൂതങ്ങളെക്കൊണ്ടു തനിക്കുള്ള പ്രശ്നങ്ങളിൽനിന്നു സഹായിക്കണേ എന്നു തൊട്ടു തലേദിവസമായിരുന്നു താൻ ദൈവത്തോടു പ്രാർഥിച്ചത് എന്ന് ഏലസ്സുകാരി യുവതി പറഞ്ഞു. ഫോണിലൂടെ മറെറാരു ചർച്ച കൂടി നടത്താൻ സാക്ഷി ഏർപ്പാടാക്കി.
അവൾ ഫോൺചെയ്ത നേരം ആ യുവതി വീട്ടിലില്ലായിരുന്നു. അമ്മയായിരുന്നു ഫോൺ എടുത്തത്, അവർ പറഞ്ഞു: “എന്റെ മകളോടു നിങ്ങൾ എന്താണു പറഞ്ഞതെന്നൊന്നും എനിക്ക് അറിയില്ല, എന്നാൽ സംഭവിച്ചത് ഒരു അത്ഭുതംതന്നെ!” ഫോണിലൂടെയുള്ള ആദ്യസംസാരം കഴിഞ്ഞപ്പോൾത്തന്നെ, സാത്താന്യ ചിത്രങ്ങളും പുസ്തകങ്ങളും വലിച്ചെറിഞ്ഞുകളഞ്ഞ മകൾ ഇപ്പോൾ ബൈബിൾ വായന തുടങ്ങിയിരിക്കുന്നുവെന്ന് അവർ അറിയിച്ചു.
താമസിയാതെ, ആ യുവതിയെ ചെന്നുകാണാനുള്ള ക്രമീകരണങ്ങൾ ചെയ്തു. യഹോവയുടെ സാക്ഷികളുമൊത്തു ക്രമമായൊരു ബൈബിളധ്യയനത്തിന് അവൾ ഉടൻ സമ്മതിച്ചു. ക്രിസ്തീയ യോഗങ്ങളിൽ പങ്കുപററിക്കൊണ്ട് അവൾ യഹോവയുടെ സാക്ഷികളോടൊപ്പം സഹവസിക്കാനും തുടങ്ങി. അങ്ങനെ ബൈബിളിനെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം പ്രകാശിപ്പിച്ചുകൊണ്ട്, വീണ്ടും യഹോവ ഭൂതങ്ങളെ തോൽപ്പിച്ചിരിക്കുന്നു.