യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുററും—പോർട്ടറിക്കോ
കരീബിയൻ കടലിനും അററ്ലാൻറിക് സമുദ്രത്തിനും മധ്യത്തിലായി അതിസമൃദ്ധമായ ഉഷ്ണമേഖലാ ദ്വീപായ പോർട്ടറിക്കോ സ്ഥിതിചെയ്യുന്നു. അത് സ്പെയിനിന്റെ ഭാഗമാണെന്നു ക്രിസ്ററഫർ കൊളംബസ് 1493-ൽ അവകാശവാദം ചെയ്യുകയും അതിന് യോഹന്നാൻ സ്നാപകന്റെ പേരിൽ സാൻ ജുവാൻ ബൗററിസ്ററ എന്നു പേരിടുകയും ചെയ്തു. അതിന്റെ ഏററവും വലിയ പട്ടണത്തെ ദീർഘകാലത്തോളം പോർട്ടറിക്കോ അഥവാ “സമ്പന്ന തുറമുഖം” എന്നു പേർ വിളിച്ചു. കാലക്രമേണ ഇത് മുഴു ദ്വീപിന്റെയും പേരായിത്തീർന്നു. എന്നാൽ ആ പട്ടണത്തിന് സാൻ ജുവാൻ എന്നും പേരായി.
അനേക വിധങ്ങളിൽ പോർട്ടറിക്കോ ഒരു സമ്പന്ന തുറമുഖമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളിൽ സ്പെയിനിന്റെ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ അവിടെനിന്നും ധാരാളം സ്വർണം കൊണ്ടുപോയിട്ടുണ്ട്. വ്യവസായവും തൊഴിലുമാണ് സമ്പദ്വ്യവസ്ഥയുടെ പ്രധാനകാരണമെന്നുവരികിലും കരിമ്പ്, കാപ്പി, വാഴപ്പഴങ്ങൾ, വിവിധയിനം നാരങ്ങകൾ എന്നിവ ഇപ്പോൾ ഈ ദ്വീപിൽനിന്നു കയററുമതി ചെയ്തുവരുന്നു. എന്നുവരികിലും, ഏറെ സുപ്രധാനമായ ഒരു വിധത്തിൽ സമ്പന്നമായ ഒരു തുറമുഖമാണു പോർട്ടറിക്കോ എന്നു തെളിഞ്ഞിരിക്കുന്നു.
ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത 1930-കളിൽ ഇവിടെ പ്രസംഗിക്കാൻ തുടങ്ങി. ഇന്ന് പോർട്ടറിക്കോയിൽ സുവാർത്ത പ്രസംഗിക്കുന്ന 25,000 പ്രസാധകരുണ്ട്. 1993-ൽ വാച്ച് ടവർ സൊസൈററിയുടെ ഈ ബ്രാഞ്ചിലെ അംഗങ്ങളുടെ എണ്ണം 23-ൽനിന്ന് 100 ആയി വർധിച്ചു. ലോകവ്യാപകമായി സ്പാനിഷ് ഭാഷ സംസാരിക്കുന്ന 35,00,00,000 ആളുകൾക്ക് സ്പാനിഷ് ഭാഷയിൽ സാഹിത്യം ലഭ്യമാക്കിത്തീർക്കാൻ ആ ഭാഷയിലേക്കു ബൈബിൾ പ്രസിദ്ധീകരണങ്ങൾ തർജമ ചെയ്യുന്നതിൽ ബ്രാഞ്ചിനു മേൽനോട്ടം വഹിക്കാൻ ഈ വർധന ആവശ്യമായിരുന്നു.
ഒരു പുതിയ വയൽ
ബ്രാഞ്ച് ഓഫീസ് ഇങ്ങനെയും റിപ്പോർട്ടു ചെയ്യുന്നു: “ബധിരരുടെ പക്കൽ രാജ്യസന്ദേശവുമായി എത്തിച്ചേരുന്നതിനുള്ള ഞങ്ങളുടെ ശ്രമഫലമായി പോർട്ടറിക്കോയിൽ ഒരു പുതിയ വയൽ തുറന്നിരിക്കുന്നു. ഒരു സഹോദരി പിൻവരുന്ന അനുഭവം വിവരിക്കുന്നു: ‘ബധിരരുടെ ഇടയിൽ വേല ചെയ്തുകൊണ്ടിരുന്നപ്പോൾ രണ്ടു കൊച്ചു കുട്ടികളുള്ള ഒരു സ്ത്രീയെ ഞാൻ സന്ദർശിച്ചു. ഞാൻ ഒരു സാക്ഷിയാണെന്നു തിരിച്ചറിഞ്ഞ ഉടനെ അവർ എന്നെ പുറന്തള്ളി. കാരണം അവരുടെ ബധിരനായിരുന്ന ഭർത്താവിന് യഹോവയുടെ സാക്ഷികളെ ഇഷ്ടമായിരുന്നില്ല.
“‘ഏതാനും മാസം കഴിഞ്ഞ് ഇതേ സ്ത്രീ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന തന്റെ സുഹൃത്തിനെ സന്ദർശിക്കുകയുണ്ടായി. അവർ ബൈബിളധ്യയനത്തിൽ പങ്കുചേരുകയും വളരെയധികം ആസ്വദിക്കുകയും ചെയ്തു. ഞാൻ ആ സ്ത്രീയെ വീണ്ടും സന്ദർശിച്ചു. എന്നാൽ ഭർത്താവിന് സാക്ഷികളെ ഇഷ്ടമല്ല എന്ന് അവർ ആവർത്തിച്ചു. എന്നിരുന്നാലും ബൈബിൾ പഠിക്കുന്നതിന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. തന്നെയുമല്ല, ബൈബിളിനെക്കുറിച്ചു യാതൊന്നും പഠിപ്പിക്കുന്നില്ല എന്ന കാരണത്താൽ അവർ പള്ളിയെക്കൊണ്ടു മടുത്തിരിക്കയുമായിരുന്നു. ഒരു ലഘുലേഖ ഉപയോഗിച്ചുകൊണ്ടു ഞങ്ങൾ അധ്യയനം ആരംഭിച്ചു. ഒരിക്കൽ അവർ എന്നോട്, ശനിയാഴ്ച ഭർത്താവു വീട്ടിലുണ്ടായിരിക്കും അതുകൊണ്ട് ആ ദിവസം മടങ്ങിവരാൻ ആവശ്യപ്പെട്ടു. “പക്ഷേ അദ്ദേഹത്തിനു ഞങ്ങളെ ഇഷ്ടമല്ലല്ലോ, അല്ലേ?” ഞാൻ ചോദിച്ചു. “ഇതെന്താണു സംഗതി എന്നറിയാൻ അദ്ദേഹം ആഗ്രഹിക്കുന്നു” എന്ന് അവർ മറുപടി പറഞ്ഞു.
“‘അടുത്ത ദിവസം അവർ രണ്ടുപേരും എന്റെ വാതിൽക്കൽവന്നു മുട്ടി! അവരുടെ ഭർത്താവിനു ധാരാളം ചോദ്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ബധിരർക്കുവേണ്ടിയുള്ള നമ്മുടെ യോഗങ്ങൾക്കു ഹാജരാകാൻ ഞാൻ അവരെ ക്ഷണിച്ചു. ഞാൻ എത്തുന്നതിനുമുമ്പേ അദ്ദേഹം അവിടെ എത്തിച്ചേർന്നു. അതിനുശേഷം ഇന്നുവരെ ഒററ യോഗംപോലും മുടക്കിയിട്ടില്ല. അദ്ദേഹം മററു ബധിരരോടു പ്രസംഗിക്കുന്നു. അദ്ദേഹം ഒരു സമ്മേളനത്തിനു ഹാജരായി, സ്നാപനത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയുമാണ്.’”
ബ്രാഞ്ചിന്റെ റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “ഈ വർഷം ഞങ്ങളുടെ ഡിസ്ട്രിക്ററ് കൺവെൻഷനിൽ മുഴു പരിപാടിയും ആംഗ്യഭാഷയിൽ അവതരിപ്പിച്ചിരുന്നു. അനേകം ബധിരർ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഹാജരായി. അവസാനത്തെ പ്രസംഗത്തിൽ, ബധിരരുടെ ഇടയിൽ നടത്തുന്ന വേലയെക്കുറിച്ചു പ്രസംഗകൻ സൂചിപ്പിക്കുകയും 70 ബധിരർ ഹാജരായിരിക്കുന്നുവെന്നു പറയുകയും ചെയ്തപ്പോൾ വികാരഭരിതമായ ഒരു നിമിഷമുണ്ടായി. വലിയ കരഘോഷം മുഴങ്ങി, എന്നാൽ ബധിരർക്കു കേൾക്കാൻ കഴിഞ്ഞില്ലെന്നു പ്രസംഗകൻ ശ്രദ്ധിച്ചു. അതുകൊണ്ട് സദസ്യരെ നോക്കാനായി ബധിരരോട് ആഹ്വാനം ചെയ്തശേഷം പ്രസംഗകൻ ചോദ്യം ആവർത്തിച്ചു, ‘നിങ്ങളുടെ ബധിര സഹോദരങ്ങൾ നിങ്ങളോടൊപ്പമുള്ളതിൽ നിങ്ങൾ സന്തുഷ്ടരല്ലേ?’ എന്നിട്ട് രണ്ടു കയ്യും വീശി കരഘോഷം മുഴക്കാൻ സദസ്യരോട് ആവശ്യപ്പെട്ടു. 11,000 സഹോദരീസഹോദരൻമാരുടെ കൈകൾ വീശിയുള്ള കരഘോഷം മുഴക്കൽ കാണുന്നത് ഒരു അത്ഭുതകരമായ ദൃശ്യമായിരുന്നു. നമ്മുടെ ബധിര സഹോദരീസഹോദരൻമാർ മതിമറന്ന് ആനന്ദിക്കുകയും തങ്ങൾ ഒരു വലിയ സഹോദരവർഗത്തിന്റെ ഭാഗമാണെന്ന് അവർക്ക് അനുഭവപ്പെടുകയും ചെയ്തു. അനേകരും സന്തോഷാശ്രുക്കൾ പൊഴിച്ചു.”
യഹോവയുടെ സാക്ഷികൾ പോർട്ടറിക്കോയിൽ കൊയ്ത്തുവേലയിൽ പങ്കെടുക്കവേ അത് സമ്പന്ന തുറമുഖമായി തുടരുമെന്നതിൽ സംശയമില്ല. “സകല ജാതികളുടെയും മനോഹരവസ്തു” എന്നു ദൈവം വിളിക്കുന്ന “ആടുകൾ” ഉള്ളിൽ വന്നുചേർന്നുകൊണ്ടേയിരിക്കും, തൻമൂലം യഹോവയുടെ ആലയം മഹത്ത്വംകൊണ്ടു നിറയുകയും ചെയ്യും.—യോഹന്നാൻ 10:16; ഹഗ്ഗായി 2:7.
[9-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1994 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 25,428
അനുപാതം: 139 പേർക്ക് 1 സാക്ഷി
സ്മാരക ഹാജർ: 60,252
ശരാശരി പയനിയർ പ്രസാധകർ: 2,329
ശരാശരി ബൈബിളധ്യയനങ്ങൾ: 19,012
സ്നാപനമേററവരുടെ എണ്ണം: 919
സഭകളുടെ എണ്ണം: 312
ബ്രാഞ്ച് ഓഫീസ്: ഗ്വയ്നബോ