രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
രാജ്യസുവാർത്ത പ്രസംഗിക്കപ്പെടും
സത്യക്രിസ്ത്യാനിത്വത്തിന്റെ വ്യാപനം തടയാനുള്ള ശ്രമത്തിൽ ദൈവത്തിന്റെ മുഖ്യ എതിരാളിയായ പിശാചായ സാത്താൻ രാഷ്ട്രീയ ഗവൺമെൻറുകളെയും വ്യാജമതത്തെയും തന്ത്രപൂർവം ഉപയോഗിച്ചിരിക്കുന്നു. എന്നാൽ ഈ മാർഗങ്ങളെല്ലാം പരാജയമടയും. “രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ട്രങ്ങൾക്കും ഒരു സാക്ഷ്യമായി നിവസിതഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും” [“പ്രസംഗിക്കപ്പെട്ടേക്കാം” എന്നോ “പ്രസംഗിച്ചെന്നുവരാം” എന്നോ അല്ല] എന്ന് യേശു മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.—മത്തായി 24:14, NW.
ഗ്രീസിൽ സാത്താന്റെ പരാജയം വ്യക്തമായിരിക്കുന്നു. ആ രാജ്യത്ത് ഗ്രീക്ക് ഓർത്തോഡോക്സ് സഭ, രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽനിന്നു യഹോവയുടെ സാക്ഷികളെ നിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, പിൻവരുന്ന അനുഭവം പ്രദീപ്തമാക്കുന്നപ്രകാരം എതിർപ്പിൻ മധ്യേയും ബൈബിൾ സത്യങ്ങൾ പരമാർഥഹൃദയരായ ആളുകളുടെ പക്കൽ തക്കസമയത്ത് എത്തിച്ചേരുന്നു.
ഏതാണ്ടു 30 വർഷം മുമ്പ് ഒരു ഗ്രീക്ക് ഓർത്തോഡോക്സ് പുരോഹിതൻ സുവാർത്ത സ്വീകരിക്കുകയും യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീരാനുള്ള ആഗ്രഹം പ്രകടമാക്കുകയുംപോലും ചെയ്യുകയുണ്ടായി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ബന്ധുക്കൾ ഈ നടപടിയെ ശക്തമായി എതിർക്കുകയും സാക്ഷികളുമായുള്ള സഹവാസം വെടിയാൻ പോന്നവിധം അദ്ദേഹത്തിന്റെമേൽ സമ്മർദം ചെലുത്തുകയും ചെയ്തു. തന്റെ കുടുംബത്തെ സന്തോഷിപ്പിക്കാൻവേണ്ടി പുരോഹിതൻ എന്നനിലയിൽ അദ്ദേഹം തുടർന്നു; എങ്കിലും, സത്യം പഠിക്കുന്നതിനു യഹോവയുടെ സാക്ഷികൾ തന്നെ സഹായിച്ചുവെന്നും ഒരു വ്യാജമതത്തിൽ സ്ഥാനമാനങ്ങൾക്കുവേണ്ടി താൻ അതു സ്വയം ത്യജിച്ചതാണെന്നും അദ്ദേഹം എല്ലായ്പോഴും തിരിച്ചറിഞ്ഞിരുന്നു.
എന്തുതന്നെയാണേലും, അദ്ദേഹം ചിലപ്പോഴൊക്കെ സാക്ഷികളെക്കുറിച്ച് അനുകൂലമായി സംസാരിക്കുമായിരുന്നു. ബൈബിൾ സത്യങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ സാക്ഷികളോടൊപ്പം പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പലവട്ടം ആളുകളെ ഉപദേശിക്കുകപോലും ചെയ്തിട്ടുണ്ട്. വർഷങ്ങൾകൊണ്ട് ചിലർ വാസ്തവമായും അദ്ദേഹത്തിന്റെ ശുപാർശ പിന്തുടരുകയുണ്ടായി.
സമീപകാലത്ത് ഈ പുരോഹിതൻ വളരെ രോഗബാധിതനായി, ഉടൻതന്നെ മരിക്കുമെന്ന സ്ഥിതിയിലായി. ആശുപത്രിയിലായിരുന്നപ്പോൾ അദ്ദേഹം തന്റെ മക്കളെ വിളിപ്പിച്ചു.a അവരെല്ലാം അദ്ദേഹത്തിന്റെ കിടക്കയ്ക്കു സമീപം കൂടിവന്നു. താൻ മരിച്ചെന്നുവരികിലും അവർ ഒരുപക്ഷേ തന്നെ കാണുമെന്ന് അദ്ദേഹം വിശദീകരിച്ചു. മനുഷ്യർ ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ യഹോവയാൽ ഉയിർപ്പിക്കപ്പെടുമെന്ന ബൈബിളിന്റെ പഠിപ്പിക്കലിനെപ്പററി അദ്ദേഹം അവരോടു സംസാരിച്ചു. എന്നാൽ അതു സംഭവിക്കുന്നതു കാണാൻ അവർ യഥാർഥത്തിൽ ആഗ്രഹിക്കുന്നെങ്കിൽ ബൈബിളിൽ നിന്നുള്ള സത്യം പഠിക്കുകയും വ്യാജമതവുമായുള്ള സഹവാസം അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അവരോടു പറഞ്ഞു. യഹോവയുടെ സാക്ഷികളുമായി സഹവസിക്കാനും യഥാർഥ ക്രിസ്ത്യാനികൾ ആയിത്തീരുന്നതെങ്ങനെയെന്ന് അവരിൽനിന്നു പഠിക്കാനും അദ്ദേഹം അവരോട് അഭ്യർഥിച്ചു.
അതിനുശേഷം പെട്ടെന്നുതന്നെ പുരോഹിതൻ മരിച്ചു. എന്നിരുന്നാലും, വിടപറയുംനേരം അദ്ദേഹം മക്കൾക്കു നൽകിയ ബുദ്ധ്യുപദേശം നല്ല ഫലങ്ങൾ കൊയ്തു. അദ്ദേഹത്തിന്റെ മകൾക്ക്, ബന്ധുക്കളിൽ മിക്കവരുടെയും കാര്യത്തിലെന്നപോലെതന്നെ, യഹോവയുടെ സാക്ഷികളോടും അവരുടെ വേലയോടും വളരെയധികം എതിർപ്പായിരുന്നു. എന്നുവരികിലും മരണശയ്യയിൽവച്ചുള്ള പിതാവിന്റെ ആത്മാർഥമായ അഭ്യർഥന അവഗണിക്കാൻ അവൾക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൾ പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു ബൈബിൾ പഠിക്കാൻ തുടങ്ങി. സമീപകാലത്ത് അവൾ തന്റെ ജീവിതം യഹോവക്കു സമർപ്പിക്കുകയും സമർപ്പണം ജലസ്നാപനത്തിലൂടെ പ്രതീകപ്പെടുത്തിക്കൊണ്ട് ഒരു സാക്ഷിയായിത്തീരുകയും ചെയ്തു.
ഗ്രീസിലും അതുപോലെതന്നെ വേറെ 230 രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ആശ്രയിക്കുന്നു. പരിശുദ്ധാത്മാവിന്റെ മുഴു പിന്തുണയും കൊണ്ടാണ് അവർ യേശുവിന്റെ പിൻവരുന്ന പ്രവചനത്തിന്റെ നിവൃത്തിയിൽ പങ്കുകൊള്ളുന്നത്: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.”—പ്രവൃത്തികൾ 1:8.
[അടിക്കുറിപ്പുകൾ]
a ഗ്രീക്ക് ഓർത്തോഡോക്സ് സഭ അതിന്റെ പുരോഹിതൻമാർക്ക് വിവാഹം ചെയ്യാൻ അനുമതി നൽകുന്നുണ്ട്.