സമർപ്പിതർ—ആർക്ക്?
“യഹോവ അരുളിച്ചെയ്തതെല്ലാം ചെയ്യാനും അനുസരണമുള്ളവരായിരിക്കാനും ഞങ്ങൾ തയ്യാറാണ്.”—പുറപ്പാട് 24:7, NW.
1, 2. (എ) ചിലയാളുകൾ സമർപ്പണം നടത്തിയിരിക്കുന്നത് എന്തിനോടാണ്? (ബി) മതപരമായ ബന്ധങ്ങൾ ഉള്ളവർക്കുമാത്രമാണോ സമർപ്പണമുള്ളത്?
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തഞ്ച് ഫെബ്രുവരി. ജപ്പാന്റെ യാററാബ് ഫയ്ളിങ് കോർപ്സിന്റെ സീറോ-ഫൈററർ പൈലററുമാർ ഒരു ഓഡിറേറാറിയത്തിൽ ഒരുമിച്ചു കൂടിയിരിക്കുന്ന സമയം. കമികാസെ ആക്രമണ സേനയിൽ ഒരംഗമാകാൻ ആഗ്രഹിക്കുന്നുവോ എന്നെഴുതികൊടുക്കാൻ ഓരോരുത്തർക്കും ഒരു കഷണം പേപ്പർ ലഭിച്ചു. അന്നേരം അവിടെ സന്നിഹിതനായിരുന്ന ഒരു ഓഫീസർ പറയുന്നു: “ഒരു ദേശീയ പ്രതിസന്ധിഘട്ടത്തിൽ സ്വയം അർപ്പിക്കുക എന്നത് എന്റെ നിയോഗമായി ഞാൻ കരുതി. എനിക്കും അതിൽ ചേരണമെന്ന അതിയായ ആഗ്രഹം. അങ്ങനെ ആ നിയോഗത്തിനു ഞാൻ സമ്മതിച്ചു.” ഒരു ഓക്കാ (ഒരു ആത്മഹത്യാ റോക്കററ് വിമാനം) പറപ്പിക്കാനും പ്രവർത്തിപ്പിക്കാനും ശത്രു യുദ്ധകപ്പലിലേക്ക് ഇടിച്ചിറക്കാനുമുള്ള പരിശീലനം അദ്ദേഹത്തിനു ലഭിച്ചു. പക്ഷേ, അതിനൊരു അവസരം കിട്ടുന്നതിനുമുമ്പുതന്നെ യുദ്ധം തീർന്നു. അങ്ങനെ രാജ്യത്തിനും ചക്രവർത്തിക്കുംവേണ്ടി മരിക്കാനൊത്തില്ല. ജപ്പാൻ യുദ്ധത്തിൽ തോററതോടെ അദ്ദേഹത്തിനു ചക്രവർത്തിയിലുണ്ടായിരുന്ന വിശ്വാസമെല്ലാം തകർന്നുതരിപ്പണമായി.
2 ഒരുകാലത്ത് ജപ്പാനിൽ അനേകരും ചക്രവർത്തിക്കു സമർപ്പിതരായിരുന്നു. കാരണം അവർ ചക്രവർത്തിയെ ജീവിക്കുന്ന ഒരു ദൈവമായി കരുതിപ്പോന്നു. മററു രാജ്യങ്ങളിലും പലതരം ആരാധനാവസ്തുക്കൾ ഉണ്ടായിരുന്നിട്ടുണ്ട്, അല്ലെങ്കിൽ ഇപ്പോഴുമുണ്ട്. പലപ്പോഴും വിഗ്രഹങ്ങളിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്ന മറിയ, ബുദ്ധൻ, അല്ലെങ്കിൽ മററു ദിവ്യവ്യക്തികൾ എന്നിങ്ങനെയുള്ളവരുടെ സമർപ്പിതരായി ലക്ഷക്കണക്കിനാളുകളുണ്ട്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന ചിലരുടെ പണം ടിവി സുവിശേഷകരുടെ കീശയിലേക്ക് ഒഴുകുന്നു. നെടുങ്കൻ പ്രസംഗങ്ങളിൽ വീണുപോകുന്ന അവർ അവരെ മുഴുഹൃദയത്തോടെയും പിന്തുണച്ച് ഭക്തിപ്രകടിപ്പിക്കുന്നു. യുദ്ധം കഴിഞ്ഞ് നിരാശരായ ജപ്പാൻകാർ തങ്ങളുടെ ജീവിതമർപ്പിക്കാൻ ഓരോരോ പുതിയ സംഗതികൾ തേടി. ചിലരെ സംബന്ധിച്ച് ജോലി അത്തരമൊരു സംഗതിയായി. പൂർവദേശമായാലും പാശ്ചാത്യദേശമായാലും അനേകരും സമ്പത്തുണ്ടാക്കിക്കൂട്ടുന്നതിൽ സമർപ്പിതരാണ്. യുവാക്കളുടെ കാര്യമാണെങ്കിലോ, ഗായകരുടെ ജീവിതശൈലി അനുകരിച്ചുള്ളൊരു ജീവിതശൈലി. ഇനിയുമുണ്ട് മറെറാരു കൂട്ടർ, അഹം ദൈവമായിരിക്കുന്നവർ. സ്വന്തം ആഗ്രഹങ്ങളാണ് അവരുടെ പൂജ്യവസ്തു. (ഫിലിപ്പിയർ 3:19; 2 തിമൊഥെയൊസ് 3:2) എന്നാൽ അത്തരം സംഗതികളോ ആളുകളോ ഒരു വ്യക്തിയുടെ മുഴുദേഹിയോടുകൂടിയ ഭക്തി വാസ്തവത്തിൽ അർഹിക്കുന്നുണ്ടോ?
3. ചില ആരാധനാവസ്തുക്കൾ പ്രയോജനരഹിതമെന്നു തെളിഞ്ഞിരിക്കുന്നതെങ്ങനെ?
3 യാഥാർഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ, പലപ്പോഴും വിഗ്രഹാരാധകരുടെ മിഥ്യാബോധം വിട്ടുമാറുന്നു. അവരുടെ വിഗ്രഹങ്ങൾ “മനുഷ്യരുടെ കൈവേല”യിൽ കവിഞ്ഞ ഒന്നല്ലെന്ന് ആരാധകർ തിരിച്ചറിയുന്നു. അതോടെ വിഗ്രഹങ്ങളോടുള്ള ഭക്തി നിരാശയിൽ നിപതിക്കുകയായി. (സങ്കീർത്തനം 115:4) പ്രമുഖ സുവിശേഷകരുൾപ്പെടുന്ന അപവാദങ്ങൾ വെളിച്ചത്താവുമ്പോൾ പ്രതീക്ഷകൾ അസ്ഥാനത്തായ ചിന്തയാണ് ആത്മാർഥരായ ആളുകൾക്ക്. “പൊള്ളയായ” സമ്പദ്വ്യവസ്ഥ തകരുമ്പോൾ ജോലിയിൽനിന്നു പറഞ്ഞുവിടപ്പെടുന്ന ജോലിക്കാർ ചെന്നുപെടുന്നതോ മാനസിക പ്രശ്നങ്ങളിലും. ഈ അടുത്ത കാലത്തെ സാമ്പത്തികമാന്ദ്യം മാമോന്റെ ആരാധകർക്ക് ഒരു കനത്ത പ്രഹരമായിരുന്നു. വൻലാഭം കണ്ട് കടംവാങ്ങിക്കൂട്ടിയ പലർക്കും തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതായി. (മത്തായി 6:24, NW അടിക്കുറിപ്പ്) പൂജിക്കപ്പെടുന്ന റോക്ക് താരങ്ങളും മററു വിനോദകരും മരിക്കുമ്പോൾ, അല്ലെങ്കിൽ അവരുടെ പ്രശസ്തിക്കു മങ്ങലേൽക്കുമ്പോൾ അവരുടെ ആരാധകർ നിരാലംബരായിത്തീരുന്നു. ഭോഗാസക്ത പാതയിൽ ചരിക്കുന്നവർ പലപ്പോഴും തിക്തഫലങ്ങൾ കൊയ്യുന്നു.—ഗലാത്യർ 6:7.
4. പ്രയോജനരഹിതമായ വസ്തുക്കൾക്കു ജീവിതം സമർപ്പിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്?
4 അത്തരം പാഴ്വേലകൾക്കായി സ്വയം അർപ്പിതരാകാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്? ഒരു വലിയ അളവുവരെ പിശാചായ സാത്താന്റെ കീഴിലുള്ള ഈ ലോകത്തിന്റെ ആത്മാവാണ്. (എഫെസ്യർ 2:2, 3) ഈ ആത്മാവിന്റെ സ്വാധീനം പല വിധങ്ങളിൽ കാണപ്പെടുന്നുണ്ട്. പൂർവികരിലൂടെ കൈമാറിവന്ന ഒരു കുടുംബ പാരമ്പര്യത്തിന്റെ നിയന്ത്രണത്തിലായിരിക്കാം ഒരു വ്യക്തി. വിദ്യാഭ്യാസവും വളർത്തപ്പെട്ട വിധവും ചിന്തയെ ശക്തമായി സ്വാധീനിച്ചേക്കാം. ജോലിസ്ഥലത്തെ സാഹചര്യം “തൊഴിൽസേന”യെ ചിലപ്പോൾ തൊഴിലാസക്തരാക്കിയേക്കാം. ജീവനുതന്നെ ഭീഷണിയായിരുന്നേക്കാം ഈ തൊഴിലാസക്തി. ലോകത്തിന്റെ ഭൗതികത്വ ചിന്താഗതി അടങ്ങാത്ത ആഗ്രഹം വളർത്തുന്നു. സ്വന്തം സ്വാർഥാഭിലാഷങ്ങൾക്കുവേണ്ടി അർപ്പിതജീവിതം നയിക്കാൻ പ്രേരിതരായി അനേകരുടെയും ഹൃദയം ദുഷിക്കുന്നു. തങ്ങളുടെ ഭക്തി അർഹിക്കുന്നതാണോ ഈ ജീവിതഗതികൾ എന്നു പരിശോധിക്കാൻ അവർ പരാജയപ്പെടുന്നു.
ഒരു സമർപ്പിത ജനത
5. 3,500 വർഷങ്ങൾക്കുമുമ്പു യഹോവക്കു നടത്തിയ സമർപ്പണമെന്തായിരുന്നു?
5 ഇവയെക്കാളുമൊക്കെ വളരെയധികം യോഗ്യമായ ഒരു പൂജ്യസംഗതി 3,500-ലധികം വർഷങ്ങൾക്കുമുമ്പ് ഒരു ജനത കണ്ടെത്തുകയുണ്ടായി. അവർ പരമാധികാരിയാം ദൈവമായ യഹോവക്കു സ്വയം സമർപ്പിച്ചു. ഒരു സമൂഹം എന്നനിലയിൽ ഇസ്രായേൽ ജനത സീനായ് മരുഭൂമിയിൽവെച്ച് ദൈവത്തോടുള്ള തങ്ങളുടെ സമർപ്പണം പ്രഖ്യാപിച്ചു.
6. ഇസ്രായേല്യർക്കു ദൈവനാമത്തിന്റെ പൊരുൾ എന്തായിരിക്കണമായിരുന്നു?
6 ഈവിധം പ്രവർത്തിക്കാൻ ഇസ്രായേല്യരെ പ്രേരിപ്പിച്ചതെന്തായിരുന്നു? അവർ ഈജിപ്തിൽ അടിമത്തത്തിലായിരുന്നപ്പോൾ, അവരെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാൻ യഹോവ മോശയെ നിയോഗിച്ചു. തന്നെ അയച്ചിരിക്കുന്ന ദൈവത്തെ താൻ എങ്ങനെ തിരിച്ചറിയിക്കണമെന്നു മോശ ചോദിച്ചപ്പോൾ “ഞാൻ എന്താണെന്നു തെളിയുന്നുവോ അതാണെന്നു തെളിയിക്കുന്നവൻ” എന്നു ദൈവം സ്വയം വെളിപ്പെടുത്തി. ഇസ്രായേൽ മക്കളോട് ഇങ്ങനെ പറയാൻ അവൻ മോശയോട് ആവശ്യപ്പെട്ടു: “ഞാൻ എന്താണെന്നു തെളിയിക്കുന്നവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.” (പുറപ്പാട് 3:13, 14, NW) തന്റെ ഉദ്ദേശ്യങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായിവരുന്ന എന്തും ആയിത്തീരുന്നവനാണു യഹോവ എന്നു സൂചിപ്പിക്കുന്നതായിരുന്നു ആ പ്രയോഗം. ഇസ്രായേല്യരുടെ പൂർവികർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവിധം വാഗ്ദാനങ്ങൾ നിവർത്തിക്കുന്നവനായി അവൻ സ്വയം വെളിപ്പെടുത്തുമായിരുന്നു.—പുറപ്പാടു 6:2, 3.
7, 8. തങ്ങളുടെ ഭക്തിയർഹിക്കുന്ന ദൈവമായിരുന്നു യഹോവ എന്നതിന് ഇസ്രായേല്യർക്ക് എന്തു തെളിവുകളുണ്ടായിരുന്നു?
7 ഈജിപ്തു ദേശത്തെ കഷ്ടതയും അവിടത്തെ ജനങ്ങൾക്കുണ്ടായ പത്തു ബാധകളും ഇസ്രായേല്യർ നേരിൽ കണ്ടു. (സങ്കീർത്തനം 78:44-51) പിന്നീട്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏതാണ്ട് മുപ്പതു ലക്ഷത്തിലധികമാളുകൾ ഒരുമിച്ച് ഒററ രാത്രികൊണ്ട് ഗോശൻ ദേശം വിട്ടു. ഒരുഗ്രൻ അത്ഭുതപ്രകടനംതന്നെ. (പുറപ്പാടു 12:37, 38) അടുത്തതായി, ചെങ്കടൽ വിഭജിച്ചുകൊണ്ട് ഇസ്രായേല്യരെ അതിലൂടെ കടത്തിക്കൊണ്ട് തന്റെ ജനത്തെ ഫറവോന്റെ സൈന്യത്തിൽനിന്നു രക്ഷപെടുത്തി. അതിനുശേഷം അവരെ പിന്തുടർന്നെത്തിയ ഈജിപ്തുകാരെ കടലിൽ മുക്കിക്കൊന്നുകൊണ്ട് താൻ “യുദ്ധവീര”നാണെന്നു യഹോവ പ്രകടമാക്കി. തദ്ഫലമായി, ‘യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെടുകയും അവനിൽ വിശ്വസിക്കുകയും ചെയ്തു.’—പുറപ്പാടു 14:31; 15:3; സങ്കീർത്തനം 136:10-15.
8 ദൈവനാമത്തിന്റെ അർഥത്തിന്റെ തെളിവു പോരാഞ്ഞിട്ടെന്നപോലെ, ഭക്ഷണവും വെള്ളവും ആവശ്യത്തിനില്ലെന്നും പറഞ്ഞ് ഇസ്രായേല്യർ യഹോവക്കും അവന്റെ പ്രതിനിധിയായ മോശയ്ക്കും എതിരെ പിറുപിറുത്തു. യഹോവ കാടപ്പക്ഷിയെ അയച്ചു, മന്ന പൊഴിച്ചു, മെരീബായിൽവെച്ച് പാറയിൽനിന്നു വെള്ളച്ചാട്ടമുണ്ടാക്കി. (പുറപ്പാടു 16:2-5, 12-15, 31; 17:2-7) യഹോവ ഇസ്രായേല്യരെ അമാലേക്ക്യരുടെ ആക്രമണത്തിൽനിന്നു രക്ഷിക്കുകയും ചെയ്തു. (പുറപ്പാടു 17:8-13) പിന്നീടു യഹോവ മോശയോടു നടത്തിയ ഈ പ്രഖ്യാപനത്തെ യാതൊരുതരത്തിലും ഇസ്രായേല്യർക്കു നിഷേധിക്കുവാൻ സാധിക്കുമായിരുന്നില്ല: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ.” (പുറപ്പാടു 34:6, 7) തീർച്ചയായും, അവരുടെ ആരാധന അർഹിക്കുന്ന ഒരുവനായി യഹോവ സ്വയം തെളിയിച്ചു.
9. തന്നെ സേവിക്കാനുള്ള ഇസ്രായേലിന്റെ സമർപ്പണം പ്രകടിപ്പിക്കാൻ യഹോവ അവർക്ക് അവസരം കൊടുത്തത് എന്തുകൊണ്ട്, അവർ പ്രതികരിച്ചതെങ്ങനെ?
9 ഈജിപ്തിൽനിന്നു വീണ്ടെടുത്തതിനാൽ യഹോവക്ക് ഇസ്രായേല്യരുടെമേൽ ഉടമസ്ഥതാവകാശം ഉണ്ടായിരുന്നു. എങ്കിലും, കരുണാസമ്പന്നനും ദയാലുവുമായ ദൈവം എന്നനിലയിൽ തന്നെ സേവിക്കാനുള്ള ആഗ്രഹം സ്വമേധയാ പ്രകടിപ്പിക്കാനുള്ള അവസരം അവൻ അവർക്കു കൊടുത്തു. (ആവർത്തനപുസ്തകം 7:7, 8; 30:15-20) അവൻ താനും ഇസ്രായേല്യരുമായുള്ള ഉടമ്പടിയുടെ വ്യവസ്ഥകൾ വെക്കുകയും ചെയ്തു. (പുറപ്പാടു 19:3-8; 20:1–23:33) മോശ വ്യവസ്ഥകൾ വിശദീകരിച്ചപ്പോൾ “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കു”മെന്ന് ഇസ്രായേല്യർ പ്രഖ്യാപിച്ചു. (പുറപ്പാടു 24:3-7) സ്വന്ത ഇഷ്ടപ്രകാരം അവർ പരമാധികാരിയാം കർത്താവായ യഹോവക്കു സമർപ്പിച്ച ഒരു ജനതയായിത്തീർന്നു.
വിലമതിപ്പു സമർപ്പണത്തിലേക്കു നയിക്കുന്നു
10. യഹോവക്കുള്ള നമ്മുടെ സമർപ്പണത്തിന്റെ അടിത്തറ എന്തായിരിക്കണം?
10 മുഴുദേഹിയോടുകൂടിയുള്ള നമ്മുടെ ഭക്തി അനുസ്യൂതം ലഭിക്കാൻ സ്രഷ്ടാവായ യഹോവ യോഗ്യനാണ്. (മലാഖി 3:6; മത്തായി 22:37; വെളിപ്പാടു 4:11) എന്നാൽ, കേവലം അല്പവിശ്വാസമോ നൈമിഷിക വികാരങ്ങളോ മററുള്ളവരുടെ അല്ലെങ്കിൽ മാതാപിതാക്കളുടെപോലും സമ്മർദമോ ആയിരിക്കരുതു നമ്മുടെ സമർപ്പണത്തിന്റെ ആധാരം. യഹോവയെക്കുറിച്ചുള്ള സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനവും യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതിനോടുള്ള വിലമതിപ്പുമായിരിക്കണം അതിന്റെ അടിത്തറ. (റോമർ 10:2; കൊലൊസ്സ്യർ 1:9, 10; 1 തിമൊഥെയൊസ് 2:4) യഹോവ ഇസ്രായേല്യർക്കു തങ്ങളുടെ സമർപ്പണം സ്വമേധയാ പ്രകടിപ്പിക്കാൻ അവസരം നൽകിയതുപോലെ, നമ്മെത്തന്നെ സ്വമേധയാ സമർപ്പിക്കാനും ആ സമർപ്പണം പരസ്യപ്പെടുത്താനുമുള്ള ഒരവസരം അവൻ നമുക്കു തരുന്നുണ്ട്.—1 പത്രൊസ് 3:21.
11. ബൈബിളിന്റെ പഠനം യഹോവയെക്കുറിച്ചു നമ്മോട് എന്തു വെളിപ്പെടുത്തിയിരിക്കുന്നു?
11 ബൈബിളിന്റെ പഠനത്തിലൂടെ നാം ദൈവത്തെ ഒരു വ്യക്തി എന്നനിലയിൽ അറിയാൻ ഇടവരുന്നു. സൃഷ്ടിയിൽ പ്രതിഫലിച്ചിരിക്കുന്ന പ്രകാരമുള്ള അവന്റെ ഗുണങ്ങളെ വിവേചിക്കാൻ അവന്റെ വചനം നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 19:1-4) മനസ്സിലാക്കാനാവാത്ത ഒരു ദുർജ്ഞേയ ത്രിത്വമല്ല അവൻ എന്നു നമുക്ക് അവന്റെ വചനത്തിൽനിന്നു കാണാനാവും. അവനു യുദ്ധങ്ങളിൽ പരാജയം സംഭവിക്കുന്നില്ല. അതിനാൽ തന്റെ ദൈവത്വം വലിച്ചെറിയേണ്ടിവരുന്നില്ല. (പുറപ്പാടു 15:11; 1 കൊരിന്ത്യർ 8:5, 6; വെളിപ്പാടു 11:17, 18) യഹോവ തന്റെ പ്രവചനങ്ങൾ നിവർത്തിച്ചിരിക്കുന്നതുകൊണ്ട്, അവന്റെ മനോഹര നാമത്തിന്റെ അർഥമെന്തെന്നു നാം അനുസ്മരിപ്പിക്കപ്പെടുന്നു. അവൻ മഹദ് സംവിധായകനാണ്. (ഉൽപ്പത്തി 2:4, NW അടിക്കുറിപ്പ്; സങ്കീർത്തനം 83:18; യെശയ്യാവു 46:9-11) ബൈബിൾ പഠിക്കുമ്പോൾ, അവൻ എത്ര വിശ്വസ്തനും ആശ്രയയോഗ്യനുമാണെന്നു നാം വ്യക്തമായി മനസ്സിലാക്കാൻ ഇടവരുന്നു.—ആവർത്തനപുസ്തകം 7:9; സങ്കീർത്തനം 19:7, 9; 111:7.
12. (എ) നമ്മെ യഹോവയിലേക്ക് ആകർഷിക്കുന്നത് എന്ത്? (ബി) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യഥാർഥ ജീവിതാനുഭവങ്ങൾ യഹോവയുടെ സേവനം ആഗ്രഹിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നതെങ്ങനെ? (സി) യഹോവയെ സേവിക്കുന്നതു സംബന്ധിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?
12 യഹോവയിലേക്കു നമ്മെ വിശേഷാൽ ആകർഷിക്കുന്നതു സ്നേഹം തുളുമ്പുന്ന അവന്റെ വ്യക്തിത്വമാണ്. മനുഷ്യരോടുള്ള ഇടപെടലിൽ അവൻ എത്ര സ്നേഹവാനും ക്ഷമിക്കുന്നവനും കരുണാസമ്പന്നനും ആണെന്നു ബൈബിൾ പ്രകടമാക്കുന്നു. ഇയ്യോബ് വിശ്വസ്തതയോടെ നിർമലത പാലിച്ചതിനുശേഷം യഹോവ അവന് എത്ര അഭിവൃദ്ധി വരുത്തിയെന്നു ചിന്തിക്കുക. “യഹോവ പ്രീതിയിൽ വളരെ ആർദ്രതയുള്ളവനും അനുകമ്പയുള്ളവനുമാണ്” എന്ന് ഇയ്യോബിന്റെ അനുഭവം എടുത്തുകാട്ടുന്നു. (യാക്കോബ് 5:11, NW; ഇയ്യോബ് 42:12-17) ദാവീദ് വ്യഭിചാരവും കൊലപാതകവും നടത്തിയപ്പോൾ യഹോവ അവനോട് ഇടപെട്ടവിധത്തെപ്പററി ചിന്തിക്കുക. അതേ, “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയ”ത്തോടെ പാപി യഹോവയെ സമീപിക്കുമ്പോൾ അവൻ ഗുരുതരമായ പാപങ്ങൾപോലും ക്ഷമിക്കാൻ മനസ്സൊരുക്കമുള്ളവനാണ്. (സങ്കീർത്തനം 51:3-11, 17) ആദ്യം ദൈവജനതയെ പീഡിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്ന തർസ്സൂസിലെ ശൗലിനോടു യഹോവ ഇടപെട്ടവിധത്തെപ്പററിയും ചിന്തിക്കുക. അനുതാപമുള്ളവരെ ഉപയോഗിക്കാനുള്ള യഹോവയുടെ കരുണയെയും ഉദാരമനസ്സൊരുക്കത്തെയും എടുത്തുകാട്ടുന്നതാണീ ദൃഷ്ടാന്തങ്ങൾ. (1 കൊരിന്ത്യർ 15:9; 1 തിമൊഥെയൊസ് 1:15, 16) ഈ സ്നേഹവാനായ ദൈവത്തെ സേവിക്കുന്നതിനായി തന്റെ ജീവിതംതന്നെ ഉഴിഞ്ഞുവെച്ചേക്കാമെന്ന് പൗലോസ് വിചാരിച്ചു. (റോമർ 14:8) നിങ്ങളും അങ്ങനെതന്നെ വിചാരിക്കുന്നുണ്ടോ?
13. യഹോവയുടെ ഭാഗത്തുനിന്നുള്ള ഏററവും വലിയ ഏതു സ്നേഹപ്രകടനമാണ് ശുദ്ധഹൃദയരെ യഹോവക്കു സമർപ്പിക്കാൻ നിർബന്ധിക്കുന്നത്?
13 ഇസ്രായേല്യർക്കു യഹോവ ഈജിപ്തിലെ അടിമത്തത്തിൽനിന്നുള്ള രക്ഷ സാധ്യമാക്കി, എന്നാൽ മരണത്തിൽനിന്നും പാപത്തിൽനിന്നുമുള്ള അടിമത്തത്തിൽനിന്നു നമ്മെ രക്ഷിക്കാൻ നമുക്ക് അവൻ ഒരു ഉപാധി ഒരുക്കിയിരിക്കുന്നു—യേശുക്രിസ്തുവിന്റെ മറുവില യാഗം. (യോഹന്നാൻ 3:16) “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്നു,” പൗലോസ് പറയുന്നു. (റോമർ 5:8) യേശുക്രിസ്തുവിലൂടെ യഹോവക്കു തങ്ങളെത്തന്നെ സമർപ്പിക്കാൻ ശുദ്ധഹൃദയരെ നിർബന്ധിക്കുന്നതാണീ സ്നേഹപുരസ്സരമായ ക്രമീകരണം. “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിച്ചിരിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.”—2 കൊരിന്ത്യർ 5:14, 15; റോമർ 8:35-39.
14. നമ്മുടെ ജീവിതം അവനു സമർപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതിനു യഹോവയുടെ ഇടപെടലുകളെക്കുറിച്ചുള്ള ഒരു കേവലജ്ഞാനം മതിയോ? വിശദീകരിക്കുക.
14 എന്നാൽ, യഹോവയുടെ വ്യക്തിത്വത്തെയും മനുഷ്യവർഗവുമായുള്ള അവന്റെ ഇടപെടലുകളെയും കുറിച്ചുള്ള പരിജ്ഞാനം മാത്രം പോരാ. യഹോവയോടു വ്യക്തിപരമായ വിലമതിപ്പു നട്ടുവളർത്തണം. അതെങ്ങനെ ചെയ്യാം? ദൈവവചനം നമ്മുടെ ജീവിതത്തിൽ ബാധകമാക്കിക്കൊണ്ടും അതിൽ കാണുന്ന തത്ത്വങ്ങൾ വാസ്തവത്തിൽ ഫലവത്താണെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞുകൊണ്ടും അതു ചെയ്യാം. (യെശയ്യാവു 48:17) സാത്താന്റെ ഭരണത്തിൻ കീഴിലുള്ള ഈ ദുഷ്ടലോകത്തിന്റെ ചെളിക്കുണ്ടിൽനിന്നു യഹോവ നമ്മെ രക്ഷിച്ചിരിക്കുന്നുവെന്നു നമുക്കു തോന്നണം. (താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 6:11.) ശരി ചെയ്യാനുള്ള നമ്മുടെ പോരാട്ടത്തിൽ, നാം യഹോവയിൽ ആശ്രയിക്കാൻ പഠിക്കുന്നു, “പ്രാർത്ഥന കേൾക്കുന്നവനായ,” ജീവനുള്ള ദൈവമാണ് യഹോവ എന്നു നാം സ്വയം അനുഭവിച്ചറിയുന്നു. (സങ്കീർത്തനം 62:8; 65:2) ഉടൻതന്നെ നമുക്ക് അവനോടു വളരെ അടുപ്പം തോന്നുകയും നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ അവനോടു തുറന്നുപറയാൻ സാധിക്കുകയും ചെയ്യും. യഹോവയോടുള്ള സ്നേഹത്തിന്റെ ഊഷ്മള വികാരം നമ്മിൽ വളരും. ഇതു നമ്മുടെ ജീവിതം അവനു സമർപ്പിക്കുന്നതിലേക്കു നയിക്കും, സംശയമില്ല.
15. മുൻ ജോലിയെ സർവവുമായി കരുതിയിരുന്ന ഒരു മനുഷ്യനെ യഹോവയെ സേവിക്കാൻ പ്രേരിപ്പിച്ചത് എന്തായിരുന്നു?
15 അനേകരും ഈ സ്നേഹവാനായ യഹോവയാം ദൈവത്തെ അറിയാനിടവന്നിരിക്കുന്നു. മാത്രമല്ല, അവനെ സേവിക്കാൻ തങ്ങളുടെ ജീവിതം സമർപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒരു ഉഗ്രൻ ബിസിനസ്സുണ്ടായിരുന്ന ഒരു ഇലക്ട്രീഷ്യന്റെ ദൃഷ്ടാന്തമെടുക്കുക. രാവിലെമുതൽ രാത്രിവരെ ജോലിചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ, പിറേറന്നു വെളുപ്പിന് അഞ്ചു മണിയാകും വീട്ടിലെത്തുമ്പോൾ. ഒരു മണിക്കൂറോളം ഉറക്കം. പിന്നെയും പുറപ്പെടുകയായ് അടുത്ത വേലയ്ക്ക്. “ജോലിയായിരുന്നു എനിക്കു സർവവും,” അദ്ദേഹം അനുസ്മരിക്കുന്നു. അങ്ങനെയിരിക്കെ ഭാര്യ ബൈബിൾ പഠിക്കാൻ തുടങ്ങി. പിന്നെ ഭാര്യയോടൊപ്പം അദ്ദേഹവും. “അതുവരെ എനിക്കറിയാമായിരുന്ന സകല ദൈവങ്ങൾക്കും വേണ്ടതു സേവനം മാത്രം. ഒരുപകാരവും ചെയ്യാത്തവർ. എന്നാൽ യഹോവയാകട്ടെ, മുൻകൈ എടുത്ത് തന്റെ ഏകജാതനായ പുത്രനെ ഭൂമിയിലേക്ക് അയച്ചു. വ്യക്തിപരമായി അതൊരു വൻത്യാഗമായിരുന്നു,” അദ്ദേഹം പറയുന്നു. (1 യോഹന്നാൻ 4:10, 19) പത്തു മാസത്തിനുള്ളിൽ ഈ മനുഷ്യൻ യഹോവക്കു സമർപ്പിച്ചു. അതിനുശേഷം, ജീവനുള്ള ദൈവത്തെ സേവിക്കുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. മുഴുസമയ ശുശ്രൂഷ ഏറെറടുത്ത അദ്ദേഹം ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാനായി ഇറങ്ങിത്തിരിച്ചു. അപ്പോസ്തലൻമാരെപ്പോലെ, അദ്ദേഹം ‘സകലവും വിട്ട് യേശുവിനെ അനുഗമിച്ചു.’ (മത്തായി 19:27) രണ്ടു മാസത്തിനുശേഷം, അദ്ദേഹത്തെയും ഭാര്യയെയും അവർ താമസിക്കുന്ന രാജ്യത്തെ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ബ്രാഞ്ചിൽ സേവിക്കാൻ ക്ഷണിച്ചു. അങ്ങനെ അയാൾ അവിടെ ഇലക്ട്രിക്കൽ ജോലിയിലായി. തനിക്കുവേണ്ടിയല്ല, യഹോവക്കുവേണ്ടി, താനിഷ്ടപ്പെടുന്ന വേല ചെയ്തുകൊണ്ട്, 20-ലധികം വർഷമായി അദ്ദേഹം ആ ബ്രാഞ്ചിൽ ജോലി ചെയ്യുന്നു.
നിങ്ങളുടെ സമർപ്പണം പരസ്യപ്പെടുത്തുക
16. യഹോവക്കു സമർപ്പണം നടത്തുന്നതിൽ ഒരുവൻ എടുക്കേണ്ട ചില പടികൾ എന്തെല്ലാം?
16 കുറച്ചുനാൾ ബൈബിൾ പഠിച്ചുകഴിയുമ്പോൾ ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ യഹോവയെയും അവൻ അവർക്കുവേണ്ടി ചെയ്തിരിക്കുന്ന സംഗതികളെയും കുറിച്ചു വിലമതിപ്പു തോന്നാനിടവരും. ഇത് അവരെ തങ്ങളെത്തന്നെ ദൈവത്തിനു വിട്ടുകൊടുക്കാൻ പ്രചോദിപ്പിക്കണം. ചിലപ്പോൾ ഇവരിൽപ്പെട്ട ഒരു വ്യക്തിയായിരിക്കാം നിങ്ങൾ. നിങ്ങളെത്തന്നെ നിങ്ങൾക്ക് എങ്ങനെ യഹോവക്കു സമർപ്പിക്കാനാവും? ബൈബിളിൽനിന്നു സൂക്ഷ്മപരിജ്ഞാനം നേടിയശേഷം, നിങ്ങൾ ആ പരിജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും യഹോവയിലും യേശുക്രിസ്തുവിലും വിശ്വസിക്കുകയും വേണം. (യോഹന്നാൻ 17:3) നിങ്ങളുടെ കഴിഞ്ഞകാല പാപഗതിയിൽനിന്ന് അനുതപിച്ചു തിരിഞ്ഞുവരുവിൻ. (പ്രവൃത്തികൾ 3:19) അങ്ങനെ നിങ്ങൾ സമർപ്പണത്തിന്റെ പടിയിലെത്തും. അതു നിങ്ങൾ യഹോവയോടുള്ള പ്രാർഥനയിൽ ഭക്തിനിർഭരമായ വാക്കുകളിൽ പ്രകടിപ്പിക്കുന്നു. ഈ പ്രാർഥന നിങ്ങളുടെ മനസ്സിൽ ഒരു മായാത്ത മുദ്ര പതിപ്പിക്കും, സംശയമില്ല. കാരണം അതു യഹോവയുമായുള്ള ഒരു പുതിയ ബന്ധത്തിന്റെ തുടക്കമായിരിക്കും.
17. (എ) പുതുതായി സമർപ്പിച്ചവരുമായി മുൻകൂട്ടിതയ്യാർ ചെയ്ത ചോദ്യങ്ങൾ മൂപ്പൻമാർ അവലോകനം ചെയ്യുന്നതെന്തുകൊണ്ട്? (ബി) ഒരുവന്റെ സമർപ്പണം കഴിഞ്ഞയുടൻ ഏതു പ്രധാന നടപടിയെടുക്കണം, എന്ത് ഉദ്ദേശ്യത്തിൽ?
17 യഹോവയുമായി ഒരു ഉടമ്പടി ബന്ധത്തിലേക്കു പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ മോശ ഇസ്രായേല്യരോടു വിശദീകരിച്ചതുപോലെ, യഹോവയുടെ സാക്ഷികളുടെ സഭയിലെ മൂപ്പൻമാർ ഈയിടെ സമർപ്പണം നടത്തിയിരിക്കുന്നവരെ അതിന്റെ കൃത്യമായ അർഥമെന്തെന്നു പരിശോധിക്കാൻ സഹായിക്കുന്നു. ഓരോരുത്തരും ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ മുഴുവനായി മനസ്സിലാക്കിയിരിക്കുന്നുവെന്നും യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിന്റെ അർഥമെന്ത് എന്നതിനെക്കുറിച്ചു ബോധമുള്ളവരാണെന്നും മുൻകൂട്ടി തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് അവർ ഉറപ്പുവരുത്തുന്നു. പിന്നീട്, ആ സമർപ്പണം പരസ്യപ്പെടുത്തണം. അതിന് ഉചിതമായ ഒരു ചടങ്ങും വേണം. സ്വാഭാവികമായും, പുതുതായി സമർപ്പിച്ച ഒരാൾക്കു യഹോവയുമായുള്ള ഈ അനുഗൃഹീത ബന്ധത്തിലേക്കു താനും വന്നിരിക്കുന്നുവെന്നു മററുള്ളവരെ അറിയിക്കാൻ ആകാംക്ഷ കാണും. (താരതമ്യം ചെയ്യുക: യിരെമ്യാവു 9:24.) സമർപ്പണത്തിന്റെ പ്രതീകം എന്നനിലയിൽ ജലസ്നാപനം നടത്തി ഇത് ഉചിതമായി നിർവഹിക്കപ്പെടുന്നു. വെള്ളത്തിൽ മുങ്ങി പിന്നെ പൊന്തിവരുന്നത് തന്നിഷ്ടപ്രകാരം നടന്നിരുന്ന മുമ്പത്തെ സ്വാർഥജീവിതഗതിയെ സംബന്ധിച്ചു മരിക്കുന്നുവെന്നും ദൈവേഷ്ടം ചെയ്യുന്ന ഒരു പുതിയ ജീവിതത്തിലേക്ക് ഉയർത്തപ്പെടുന്നുവെന്നും പ്രതീകപ്പെടുത്തുന്നു. അതൊരു കൂദാശയല്ല, ഒരു വ്യക്തി വെള്ളത്താൽ ശുദ്ധീകരിക്കപ്പെടുമെന്നു കരുതപ്പെടുന്ന ഷിന്റോ മതക്കാരുടെ മീസോഗി ആചാരക്രമം പോലെയുള്ള ഒരു ചടങ്ങുമല്ല.a പ്രത്യുത, നേരത്തെതന്നെ പ്രാർഥനയിൽ നടത്തിയിരിക്കുന്ന സമർപ്പണത്തിന്റെ പരസ്യപ്രഖ്യാപനമാണു സ്നാപനം.
18. നമുക്കു നമ്മുടെ സമർപ്പണം പാഴായിപ്പോവില്ലെന്ന് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
18 മറക്കാനാവാത്ത ഒരനുഭവമാണു ഭക്തിനിർഭരമായ ഈ സന്ദർഭം. യഹോവയുമായി തനിക്കിപ്പോഴുള്ള നിലനിൽക്കുന്ന ബന്ധത്തെക്കുറിച്ച് അതു ദൈവത്തിന്റെ പുതുദാസനെ ഓർപ്പിക്കുന്നു. കമികാസെ തന്റെ രാജ്യത്തിനും ചക്രവർത്തിക്കുംവേണ്ടി നടത്തിയ സമർപ്പണംപോലെയല്ല ഇത്, യഹോവക്കുള്ള ഈ സമർപ്പണം പാഴാകില്ല. കാരണം ചെയ്യാൻ തുനിയുന്ന എന്തും പൂർത്തിയാക്കുന്ന ശാശ്വതനും സർവശക്തനുമായ ദൈവമാണ് അവൻ. മുഴുദേഹിയോടുകൂടിയുള്ള നമ്മുടെ ഭക്തി അർഹിക്കുന്നത് അവനാണ്, അവൻ മാത്രം.—യെശയ്യാവു 55:9-11.
19. അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കുന്നതായിരിക്കും?
19 എന്നിരുന്നാലും, സമർപ്പണത്തിൽ ഇതിൽക്കൂടുതൽ സംഗതികൾ ഉൾപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, സമർപ്പണം നമ്മുടെ അനുദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? അടുത്ത ലേഖനത്തിൽ അതായിരിക്കും പരിചിന്തിക്കുക.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം, പേജുകൾ 194-5 കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ ലോകത്തിൽ കാണുന്നതുപോലുള്ള സമർപ്പണം നിരാശയിൽ കലാശിച്ചിരിക്കുന്നതെന്തുകൊണ്ട്?
◻ യഹോവക്കു തങ്ങളെത്തന്നെ സമർപ്പിക്കാൻ ഇസ്രായേല്യരെ പ്രേരിപ്പിച്ചത് എന്തായിരുന്നു?
◻ യഹോവക്കു നമ്മെത്തന്നെ സമർപ്പിക്കാൻ ഇന്നു നമ്മെ പ്രേരിപ്പിക്കുന്നത് എന്ത്?
◻ നാം നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുന്നതെങ്ങനെ?
◻ ജലസ്നാപനത്തിന്റെ പൊരുൾ എന്ത്?
[10-ാം പേജിലെ ചിത്രം]
സീനായിൽവെച്ച് ഇസ്രായേൽ ജനത തങ്ങളെത്തന്നെ യഹോവക്കു സമർപ്പിക്കുന്നു