ബൈബിളിലെ പ്രാർഥനകൾ അടുത്ത പരിശോധന അർഹിക്കുന്നു
ഉത്കണ്ഠാകുലയായ ഒരു സ്ത്രീ, ഒരു രാജാവ്, പിന്നെ ദൈവത്തിന്റെ സ്വന്തം പുത്രൻ. ഇവർ നടത്തിയ പ്രാർഥനകളെ നാമിപ്പോൾ ഒന്നടുത്തു വീക്ഷിക്കാൻ പോകുകയാണ്. ഓരോ പ്രാർഥനയ്ക്കും പ്രേരകഘടകമായിത്തീർന്നതു വ്യത്യസ്ത സാഹചര്യങ്ങളായിരുന്നു. എങ്കിലും, അത്തരം സ്ഥിതിവിശേഷങ്ങൾ ഇന്നു നമ്മെയും ബാധിക്കാവുന്നവതന്നെ. ഈ ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാനാവും?
‘അടിയന്റെ സങ്കടം നോക്കേണമേ’
വിട്ടുമാറാത്ത ഒരു പ്രശ്നവുമായി നിങ്ങൾ പോരാടുകയാണോ? അല്ലെങ്കിൽ ഉത്കണ്ഠയാൽ ഭാരപ്പെട്ടിരിക്കുകയാണോ? അങ്ങനെയെങ്കിൽ, തന്റെ ആദ്യ കുട്ടിയായ ശമുവേലിനെ പ്രസവിക്കുന്നതിനുമുമ്പത്തെ ഹന്നായുടെ സാഹചര്യവുമായി സാമ്യമുണ്ട് നിങ്ങളുടേതിന്. കുട്ടികളില്ലായിരുന്ന അവളെ മറെറാരു സ്ത്രീ നിന്ദിച്ചു. വാസ്തവത്തിൽ, ആശയററു വലഞ്ഞ ഹന്നായ്ക്കു ഭക്ഷണം കഴിക്കാൻപോലും തോന്നിയിരുന്നില്ല. (1 ശമൂവേൽ 1:2-8, 15, 16) അവൾ യഹോവയോട് അഭ്യർഥിച്ച് ഇങ്ങനെ യാചന കഴിച്ചു:
“സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നൽകുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല.”—1 ശമൂവേൽ 1:11.
പൊതുവായി എന്തോ സംസാരിക്കുകയല്ല ഹന്നാ ചെയ്തതെന്ന കാര്യം ശ്രദ്ധിക്കുക. ഒരു പ്രത്യേക ആവശ്യം (ഒരു ആൺകുട്ടിയുടെ കാര്യം) പറഞ്ഞുകൊണ്ട് അവൾ യഹോവയെ അഭിസംബോധന ചെയ്തു. (അവനെ ദൈവത്തിനു വിട്ടുകൊടുക്കുമെന്ന) ഉറച്ച ദൃഢനിശ്ചയവും അതോടൊപ്പമുണ്ടായിരുന്നു. ഇതു നമ്മോട് എന്താണു പറയുന്നത്?
പ്രതികൂല സാഹചര്യങ്ങളിലായിരിക്കുമ്പോൾ, ആവശ്യങ്ങൾ കൃത്യമായി പറഞ്ഞു പ്രാർഥിക്കുക. നിങ്ങളുടെ പ്രശ്നം—നിങ്ങളുടെ വീട്ടിലെ സ്ഥിതിഗതികളോ, ഏകാന്തതയോ, മോശമായ ആരോഗ്യസ്ഥിതിയോ—എന്തുമായിക്കൊള്ളട്ടെ, അതു സംബന്ധിച്ചു യഹോവയോടു പ്രാർഥിക്കുക. നിങ്ങളുടെ പ്രയാസത്തിന്റെ നിജസ്ഥിതിയെന്തെന്നും നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നെന്നും അവനോടു വിവരിച്ചുപറയുക. “എല്ലാ ദിവസവും വൈകുന്നേരം ഞാൻ എന്റെ വിഷമതകൾ യഹോവയെ ഏൽപ്പിക്കുന്നു. ചിലപ്പോൾ വളരെയധികമുണ്ടായെന്നും വരാം, പക്ഷേ, അവ ഓരോന്നും ഞാൻ വ്യക്തമായി സൂചിപ്പിക്കാറുണ്ട്,” ലൂയിസ എന്നു പേരുള്ള ഒരു വിധവ പറയുന്നു.
വ്യക്തമായ വാക്കുകളിൽ യഹോവയോടു സംസാരിക്കുന്നതുകൊണ്ടു പ്രയോജനമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ പ്രശ്നം സംബന്ധിച്ച് നമുക്കു വ്യക്തമായ ഒരു ഗ്രാഹ്യം ലഭിക്കും. അതുകൊണ്ടുതന്നെ അത് അത്ര ഭയാനകമായി തോന്നുകയുമില്ല. ആവശ്യങ്ങൾ കൃത്യമായി പറഞ്ഞുള്ള പ്രാർഥനകൾ നമ്മുടെ ഉത്കണ്ഠകളെ അകററിക്കളയുന്നു. ഹന്നായുടെ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്നതിനു മുമ്പുതന്നെ അവൾക്ക് ആശ്വാസം ലഭിച്ചു, “അവളുടെ മുഖം പിന്നെ വാടിയതുമില്ല.” (1 ശമൂവേൽ 1:18) മാത്രമല്ല, കൃത്യതയുണ്ടായിരിക്കുന്നതു നമ്മുടെ പ്രാർഥനയ്ക്കുള്ള ഉത്തരം തിരിച്ചറിയാൻ നമ്മെ ജാഗരൂകരാക്കി നിർത്തും. “ഞാൻ എന്റെ പ്രാർഥനകളെ എത്ര കൃത്യതയോടെ രൂപപ്പെടുത്തുന്നുവോ അത്ര വ്യക്തമായിത്തീരുകയാണ് അവയ്ക്കുള്ള ഉത്തരങ്ങളും,” ജർമനിയിലെ ഒരു ക്രിസ്ത്യാനിയായ ബർനാർഡിന്റേതാണ് ആ വാക്കുകൾ.
“ഞാനോ ഒരു ബാലനത്രേ”
എന്നിരുന്നാലും, തന്നേക്കൊണ്ടാവില്ലെന്നു തോന്നുന്ന ഒരു നിയമനം ലഭിക്കുമ്പോൾ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നത് വേറൊരുതരം ഉത്കണ്ഠയാകാം. യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ചു ചിലപ്പോഴൊക്കെ നിങ്ങൾ ആകുലപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ, നിങ്ങളുടെ നിയമനത്തിനു യോജിച്ചയാളല്ല നിങ്ങളെന്നു ചിലയാളുകൾ വിചാരിക്കുന്നുണ്ടോ? ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടപ്പോൾ ബാലനായ ശലോമോൻ അതുപോലൊരു അവസ്ഥയിലായി. അവന്റെ സിംഹാസനത്തിൽ മററാരെങ്കിലുമായിരിക്കും നല്ലത് എന്നു ചില പ്രമുഖർ ചിന്തിക്കുകയുണ്ടായി. (1 രാജാക്കൻമാർ 1:5-7, 41-46; 2:13-22) അവന്റെ ഭരണത്തിന്റെ ആരംഭത്തിൽ ശലോമോൻ പ്രാർഥനയിൽ ഈ അപേക്ഷ നടത്തി:
“എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ . . . രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല. . . . ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ വിവേകമുള്ളൊരു ഹൃദയം എനിക്കു തരേണമേ.”—1 രാജാക്കൻമാർ 3:7-9.
യഹോവയുമായുള്ള തന്റെ ബന്ധത്തെയും തനിക്കു ലഭിച്ചിരിക്കുന്ന പദവിയെയും നിയമനം നിർവഹിക്കാനുള്ള തന്റെ പ്രാപ്തിയെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു ശലോമോന്റെ പ്രാർഥന. അതുപോലെ, നമ്മുടെ പ്രാപ്തിക്കപ്പുറമെന്നു തോന്നുന്ന ഉത്തരവാദിത്വങ്ങൾ നമുക്കു ലഭിക്കുമ്പോഴെല്ലാം പ്രസ്തുത വേല നിർവഹിക്കാൻ നമ്മെ സജ്ജമാക്കണമെന്നു നാം ദൈവത്തോടു യാചിക്കേണ്ടതാണ്. പിൻവരുന്ന അനുഭവങ്ങൾ പരിചിന്തിക്കുക:
“വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസിൽ കൂടുതലായ ഉത്തരവാദിത്വം ഏറെറടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, എനിക്കു തോന്നി, അതിനുള്ള പ്രാപ്തിയൊന്നും എനിക്കില്ലെന്ന്. കൂടുതൽ യോഗ്യതയും വേണ്ടത്ര അനുഭവജ്ഞാനവുമുള്ള വേറെയാളുകളുണ്ടായിരുന്നു. പിന്നെ രണ്ടു ദിവസത്തേക്ക് ഉറങ്ങാനൊത്തില്ല, രാത്രി മുഴുവൻ പ്രാർഥനയിൽ ചെലവിട്ടു. അത് എനിക്കു കരുത്തും വേണ്ടത്ര ഉറപ്പും പ്രദാനം ചെയ്തു,” യൂജിൻ വിശദീകരിക്കുന്നു.
വളരെ പ്രശസ്തനായിരുന്ന ഒരു സുഹൃത്ത് പെട്ടെന്നുള്ള ദുരന്തത്തിൽ മരിച്ചപ്പോൾ ശവസംസ്കാരപ്രസംഗം നടത്താൻ റോയിയോട് ആവശ്യപ്പെട്ടു. നൂറുകണക്കിന് ആളുകൾ വരുമെന്ന് ഉറപ്പായിരുന്നു. റോയി എന്തു ചെയ്തു? “പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകൾ പ്രകടിപ്പിക്കാനും ആശ്വാസം പകരാനുംവേണ്ടി ഉചിതമായ വാക്കുകൾ കണ്ടെത്താനുള്ള കരുത്തിനും കഴിവിനുംവേണ്ടി ഞാൻ അത്രമാത്രം ഒരുനാളും പ്രാർഥിച്ചിട്ടില്ല.”
സ്രഷ്ടാവ് ‘കാര്യാദികളെ ശീഘ്രമായി നിവർത്തിക്കു’ന്നതിനാലും അവന്റെ സ്ഥാപനം വികസിച്ചുകൊണ്ടിരിക്കുന്നതിനാലും അവന്റെ ദാസൻമാരിൽ കൂടുതൽക്കൂടുതൽ പേർക്ക് ഉത്തരവാദിത്വങ്ങൾ ലഭിക്കുകയെന്നതു തികച്ചും സ്വാഭാവികമാണ്. (യെശയ്യാവു 60:22) നിങ്ങളുടെ വേലയിൽ കൂടുതൽ നിവർത്തിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നെങ്കിൽ, നിങ്ങളുടെ ഭാഗത്ത് അനുഭവക്കുറവോ, പരിശീലനക്കുറവോ പ്രാപ്തിക്കുറവോ ഉണ്ടെങ്കിൽത്തന്നെ അക്കാര്യം യഹോവ നോക്കിക്കൊള്ളും. ശലോമോൻ സമീപിച്ചതുപോലെ ദൈവത്തെ സമീപിക്കുക. നിയമനം കൈകാര്യം ചെയ്യാൻ അവൻ നിങ്ങളെ സജ്ജനാക്കും.
“അവർ എല്ലാവരും ഒന്നാകേണ്ടതിന്നു”
മൂന്നാമത്തേതായി ഇന്നുള്ള മറെറാരു സ്ഥിതിവിശേഷമാണ് ഒരു കൂട്ടത്തെ പ്രാർഥനയിൽ പ്രതിനിധാനം ചെയ്യേണ്ടിവരികയെന്നത്. മററുള്ളവർക്കുവേണ്ടി പ്രാർഥന നിർവഹിക്കാൻ നമ്മോട് ആവശ്യപ്പെടുമ്പോൾ നാം എന്തിനായി പ്രാർഥിക്കണം? യോഹന്നാൻ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർഥന പരിചിന്തിക്കുക. മനുഷ്യനെന്ന നിലയിൽ അവൻ ചെലവിട്ട അവസാന സന്ധ്യാസമയമായിരുന്നു അത്. തന്റെ ശിഷ്യൻമാരുടെ സാന്നിധ്യത്തിൽ അവൻ ഈ പ്രാർഥന നടത്തി. ഏതുതരത്തിലുള്ള യാചനയായിരുന്നു അവൻ തന്റെ സ്വർഗീയ പിതാവിനോടു നടത്തിയത്?
സന്നിഹിതരായിരുന്നവരുടെ പൊതു ലക്ഷ്യങ്ങൾക്കും പ്രത്യാശക്കുമാണു യേശു ഊന്നൽ നൽകിയത്. യഹോവയാം ദൈവത്തിന്റെ നാമത്തിന്റെ മഹത്ത്വീകരണത്തെയും രാജ്യത്തെ പരസ്യപ്പെടുത്തുന്നതിനെയും കുറിച്ച് അവൻ സൂചിപ്പിച്ചു. പിതാവിനോടും പുത്രനോടും തിരുവെഴുത്തു പരിജ്ഞാനത്തിലധിഷ്ഠിതമായ ഒരു വ്യക്തിപരമായ ബന്ധമുണ്ടായിരിക്കേണ്ടതിന്റെ മൂല്യത്തിനു യേശു ഊന്നൽകൊടുത്തു. ലോകത്തിൽനിന്നു വേർപെട്ടിരിക്കേണ്ടതിനെക്കുറിച്ച് അവൻ സംസാരിച്ചു. അതാകട്ടെ, എതിർപ്പിനെതിരെ തന്റെ അനുഗാമികളെ ഒരുക്കിനിർത്തുകയും ചെയ്യുമായിരുന്നു. തന്റെ ശിഷ്യൻമാരെ സംരക്ഷിക്കാനും അവരെ സത്യാരാധനയിൽ ഏകീകരിക്കാനുംകൂടി ക്രിസ്തു പിതാവിനോടു പ്രാർഥിച്ചു.
അതേ, യേശു ഐക്യത്തിന് ഊന്നൽകൊടുത്തു. (യോഹന്നാൻ 17:20, 21) ആ സായാഹ്നത്തിൽ കുറച്ചു നേരംമുമ്പ്, ശിഷ്യൻമാർ കുട്ടിത്തം വിട്ടുമാറാത്തവരെപ്പോലെ പെരുമാറിയിരുന്നു. ചെറുതായൊരു ശണ്ഠ. (ലൂക്കൊസ് 22:24-27) പക്ഷേ, അവരെ ശാസിക്കാനല്ല, പ്രാർഥനയിലൂടെ അവരെ ഐക്യപ്പെടുത്താനായിരുന്നു യേശു ശ്രമിച്ചത്. അതുപോലെ, കുടുംബത്തിലെയും സഭയിലെയും പ്രാർഥനകൾ സ്നേഹത്തെ ഊട്ടിവളർത്തുന്നതും വ്യക്തികൾ തമ്മിലുള്ള ഉരസലിനെ മറികടക്കാൻ ഉദ്ദേശിച്ചുള്ളതും ആയിരിക്കണം. പ്രതിനിധാനം ചെയ്യപ്പെടുന്നവരെല്ലാം ഒത്തൊരുമിച്ചുള്ള ഐക്യത്തിലേക്കു വരുത്തപ്പെടണം.—സങ്കീർത്തനം 133:1-3.
ശ്രദ്ധിച്ചുകൊണ്ടു നിൽക്കുന്നവർ സമാപനത്തിങ്കൽ “ആമേൻ” അഥവാ “അങ്ങനെതന്നെയാകട്ടെ” എന്നു പറയുമ്പോൾ ഈ ഐക്യം പ്രകടമാക്കപ്പെടുന്നു. ഇതു സാധിക്കണമെങ്കിൽ, പ്രാർഥനയിൽ പറയുന്നതെല്ലാം അവർ ഗ്രഹിക്കുകയും അതിനോടു യോജിക്കുകയും വേണം. അതുകൊണ്ട്, സന്നിഹിതരായിരിക്കുന്നവർക്ക് അറിയാൻപാടില്ലാത്ത ഒരു കാര്യം പ്രാർഥനയിൽ സൂചിപ്പിക്കുന്നത് ഉചിതമായിരിക്കില്ല. ഉദാഹരണത്തിന്, സഭയെ പ്രതിനിധാനം ചെയ്തു പ്രാർഥിക്കുന്ന ഒരു മൂപ്പൻ ഗുരുതരമായി രോഗാവസ്ഥയിലായ ഒരു ആത്മീയ സഹോദരനോ സഹോദരിക്കോവേണ്ടി യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിച്ചേക്കാം. എന്നാൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ബഹുഭൂരിപക്ഷവും ആ വ്യക്തിയെ അറിയുകയും അവർ അസുഖത്തെപ്പററി കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലേ അങ്ങനെ ചെയ്യുന്നത് ഉചിതമാവൂ.
കൂട്ടത്തിൽപ്പെട്ട ഓരോരുത്തരുടെയും ആവശ്യങ്ങൾ യേശു തരംതിരിച്ചു പറഞ്ഞില്ലെന്ന കാര്യം ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ ഏതാനും ചില വ്യക്തികൾക്കുമാത്രം അറിയാവുന്ന വ്യക്തിപരമായ സംഗതികൾ അതിൽ ഉൾപ്പെട്ടുപോകും. വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യ പ്രാർഥനയിൽ വിഷയമാക്കുന്നതാണു നല്ലത്. അതാവുമ്പോൾ, ഇച്ഛാനുസരണം നീട്ടിയോ വ്യക്തിഗതമാക്കിയോ പറയുകയും ചെയ്യാം.
ആരാധകരുടെ ഒരു വലിയ കൂട്ടത്തെ പ്രതിനിധാനം ചെയ്തു പ്രാർഥിക്കാൻ ഒരു വ്യക്തി എങ്ങനെ ഒരുങ്ങണം? അനുഭവസമ്പന്നനായ ഒരു ക്രിസ്ത്യാനി ഇങ്ങനെ വിശദീകരിക്കുന്നു: “എന്തിനെല്ലാം നന്ദിപറയണമെന്നും സഹോദരങ്ങൾക്ക് എന്തെല്ലാം അപേക്ഷകൾ ഉണ്ടായിരിക്കാമെന്നും അവർക്കായി ഏതെല്ലാം യാചനകൾ എനിക്കു സൂചിപ്പിക്കാനാവുമെന്നും ഞാൻ കാലേക്കൂട്ടി ചിന്തിക്കുന്നു. സ്തുതിപ്രകടനങ്ങളുൾപ്പെടെ, എന്റെ ആശയങ്ങൾ ശരിയായ ക്രമത്തിൽ ഞാൻ മനസ്സിൽ പിടിക്കുന്നു. പരസ്യമായി പ്രാർഥിക്കുന്നതിനുമുമ്പ്, ശ്രേഷ്ഠമായ വിധത്തിൽ സഹോദരങ്ങളെ പ്രതിനിധാനം ചെയ്യാൻ കഴിയേണ്ടതിനു ഞാൻ നിശബ്ദമായി പ്രാർഥിക്കുന്നു.”
നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും, അതിനു സമാനമായ സാഹചര്യത്തിൽ ആരെങ്കിലും നടത്തിയ ഒരു പ്രാർഥന നിങ്ങൾക്കു ബൈബിളിൽ കണ്ടെത്താനാവും. വ്യത്യസ്തതയുള്ള പ്രാർഥനയുടെ വൻശേഖരം തിരുവെഴുത്തുകളിലുള്ളതു ദൈവത്തിന്റെ സ്നേഹദയയുടെ തെളിവാണ്. ഈ പ്രാർഥനകൾ വായിക്കുന്നതും അവയെക്കുറിച്ചു ധ്യാനിക്കുന്നതും നിങ്ങളുടെ പ്രാർഥനകൾ ധന്യമാക്കാൻ ഉപകരിക്കും.
[5-ാം പേജിലെ ചതുരം]
ബൈബിളിലെ ശ്രദ്ധേയമായ പ്രാർഥനകൾ
അനേകം വ്യത്യസ്ത സാഹചര്യങ്ങളിൽ യഹോവയുടെ ദാസൻമാർ പ്രാർഥനകൾ അർപ്പിച്ചു. പിൻവരുന്ന സ്ഥിതിവിശേഷങ്ങളിൽ ഒന്നിനോടോ ഒന്നിൽക്കൂടുതലോടോ അനുകൂലമായി പ്രതികരിക്കാനാവുമോ നിങ്ങൾക്ക്?
എലയാസറിന് ആവശ്യമായിരുന്നതുപോലെ, നിങ്ങൾക്കു ദൈവത്തിൽനിന്നുള്ള മാർഗനിർദേശം ആവശ്യമാണോ?—ഉല്പത്തി 24:12-14.
യാക്കോബിനെപ്പോലെ, നിങ്ങൾക്ക് അപകടം ആസന്നമാണോ?—ഉല്പത്തി 32:9-12.
മോശയെപ്പോലെ, ദൈവത്തെ കൂടുതൽ മെച്ചമായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?—പുറപ്പാടു 33:12-17.
ഏലിയാവിനെപ്പോലെ, നിങ്ങൾ “എതിരാളികളെ നേരിടുക”യാണോ?—1 രാജാക്കൻമാർ 18:36, 37.
യിരെമ്യാവിന് ആയിരുന്നതുപോലെ, നിങ്ങൾക്കു പ്രസംഗവേല ദുഷ്കരമാണോ?—യിരെമ്യാവു 20:7-12.
ദാനിയേൽ ചെയ്തതുപോലെ, നിങ്ങൾക്കു പാപങ്ങൾ ഏററുപറഞ്ഞ് ക്ഷമ തേടേണ്ടയാവശ്യമുണ്ടോ?—ദാനീയേൽ 9:3-19.
യേശുവിന്റെ അപ്പോസ്തലൻമാരെപ്പോലെ, നിങ്ങൾ പീഡനങ്ങളെ അഭിമുഖീകരിക്കുന്നുവോ?—പ്രവൃത്തികൾ 4:24-31.
ഇവകൂടെ കാണുക: മത്തായി 6:9-13; യോഹന്നാൻ 17:1-26; ഫിലിപ്പിയർ 4:6, 7; യാക്കോബ് 5:16.
[6-ാം പേജിലെ ചതുരം]
രൂഢമൂലമായ ഒരു ശീലത്തോടു പോരാടവേ എന്തിനായി പ്രാർഥിക്കണം
കെട്ടടങ്ങാത്ത ഒരു ബലഹീനതയ്ക്കെതിരെ പോരാടുകയാണോ നിങ്ങൾ? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനകൾ നമുക്കു പ്രയോജനമുള്ളതായിരിക്കാൻ കഴിയുന്നതെങ്ങനെ? സ്വന്തം ബലഹീനതകളെക്കുറിച്ചു പല വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രാർഥിച്ച ദാവീദിൽനിന്നു പഠിക്കുക.
ദാവീദ് ഇങ്ങനെ പാടി: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ [“അലോസരപ്പെടുത്തുന്ന ചിന്തകളെ,” NW] അറിയേണമേ.” (സങ്കീർത്തനം 139:23) അനുചിതമായ ആഗ്രഹങ്ങളെ, വികാരങ്ങളെ, അഥവാ ആന്തരങ്ങളെ, യഹോവയാം ദൈവം ശോധന ചെയ്യണമെന്നതു ദാവീദിന്റെ ആഗ്രഹമായിരുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ, പാപം ഒഴിവാക്കുന്നതിൽ ദാവീദ് യഹോവയുടെ സഹായം നേടിയെടുത്തു.
എന്നാൽ ദാവീദിന്റെ ബലഹീനത അവനെ കീഴടക്കി, അവൻ മഹാപാപം ചെയ്തു. ഇവിടെയും പ്രാർഥന അവന്റെ സഹായത്തിനെത്തി—ഇപ്രാവശ്യം ദൈവവുമായുള്ള തന്റെ ബന്ധം വീണ്ടെടുക്കാനായിരുന്നു. സങ്കീർത്തനം 51:2 പറയുന്ന പ്രകാരം ദാവീദ് ഇങ്ങനെ യാചിച്ചു: “എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.”
തെററായ ചായ്വുകളെ നിയന്ത്രിക്കാൻ യഹോവയുടെ സഹായത്തിനുവേണ്ടി നമുക്കും താഴ്മയോടെ പ്രാർഥിക്കാനാവും. അതു രൂഢമൂലമായിരിക്കുന്ന ബലഹീനതയെ നേരിടാൻ നമ്മെ ശക്തിപ്പെടുത്തുകയും പാപം ചെയ്യുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും. ഇടയ്ക്കൊന്നു വീണുപോയാൽ, പോരാട്ടം തുടരാൻ സഹായിക്കണമെന്നു യാചിച്ചുകൊണ്ട് നാം യഹോവയെ വീണ്ടും സമീപിക്കണം.
[7-ാം പേജിലെ ചിത്രം]
തിരുവെഴുത്തുപരമായ പ്രത്യാശകൾക്കും പൊതുവായ ആത്മീയ ലക്ഷ്യങ്ങൾക്കും ഊന്നൽ കൊടുക്കുന്നതായിരിക്കണം കൂട്ടത്തിനുവേണ്ടി നടത്തപ്പെടുന്ന പ്രാർഥനകൾ