യഹോവയുടെ സാക്ഷികൾ ലോകത്തിനുചുററും—സാംബിയ
ആയിരത്തിരുന്നൂറു മീററർ ഉയരമുള്ള പീഠഭൂമി. തരംഗിതമായ പ്രതലം. വിസ്തൃതം, വിശാലം—ഇതാണു സാംബിയ, തെക്കേ ആഫ്രിക്കയുടെ കേന്ദ്രഭാഗത്തുള്ള ഒരു രാജ്യം. വടക്കുകിഴക്കായി 2,100 മീററർ ഉയരത്തിലുള്ള മഞ്ചിങ്ക പർവതങ്ങൾ. ലോകപ്രശസ്തമായ വിക്ടോറിയ വെള്ളച്ചാട്ടത്തിലൂടെ അമ്പരപ്പിക്കുംവിധം ആർത്തലച്ചൊഴുകുന്ന മഹാനദി, സാംബസി. മററു ഭാഗങ്ങളിൽ കര അതിർത്തിയായുള്ള ഈ രാജ്യത്തിന്റെ തെക്കേ അതിർത്തി മിക്കവാറും ഈ നദിയാണ്. ആളുകളാണെങ്കിലോ പലതരക്കാർ. 70-ലധികം വ്യത്യസ്ത വംശജരുണ്ട്. ഭാഷകളും അനേകം, അതിൽ എട്ടെണ്ണമാണു പ്രമുഖമായിട്ടുള്ളത്.
1911-ൽ ഒരു വ്യത്യസ്ത ഭാഷ സാംബിയയിൽ വേരുപിടിക്കാനും പ്രചരിക്കാനും തുടങ്ങി. സന്ദർശകർ തിരുവെഴുത്തുകൾ സംബന്ധിച്ച പഠനങ്ങളുടെ പ്രതികൾ കൊണ്ടുവന്നു. സാംബിയയിൽ ബൈബിൾസത്യത്തിന്റെ “നിർമല ഭാഷ” പ്രചരിപ്പിക്കാനുള്ള യഹോവയുടെ സാക്ഷികളുടെ ശ്രമത്തിന് അതോടെ തുടക്കം കുറിച്ചു. (സെഫന്യാവ് 3:9, NW) മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള തിരുവെഴുത്തുപരമല്ലാത്ത വിശ്വാസങ്ങൾ അവർക്കു വിശേഷിച്ചും ഒരു വെല്ലുവിളിയാണ്. ആളുകൾ സത്യം പഠിച്ച് തങ്ങൾ എപ്രകാരം അന്ധവിശ്വാസങ്ങൾക്ക് അടിമകളായിരിക്കുന്നുവെന്നു മനസ്സിലാക്കുകയാണ്. ഫലമാകട്ടെ, സ്വാതന്ത്ര്യവും!—യോഹന്നാൻ 8:32.
ഉദാഹരണത്തിന്, ഒരു വിശ്വസ്ത സഹോദരി ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “പെട്ടെന്നായിരുന്നു എന്റെ അമ്മാവന്റെ മരണം. ആകെ ഒരു അന്ധാളിപ്പ്. അതായിരുന്നു അമ്മയുടെ അവസ്ഥ. യുണൈററഡ് ചർച്ച് ഓഫ് സാംബിയ എന്ന വിഭാഗത്തിലെ ഒരു ഉറച്ച അംഗമായിരുന്നു അമ്മ. ഒരാഴ്ചയോളം നീണ്ടു ശവസംസ്കാര ചടങ്ങ്. അതൊക്കെക്കഴിഞ്ഞ് അമ്മയുടെ വിശേഷമറിയാൻ ഗ്രാമത്തിലെത്തിയതായിരുന്നു ഞാൻ. വീട്ടിലപ്പോൾ പ്രായംചെന്ന ഒരു മനുഷ്യൻ വന്നിട്ടുണ്ടായിരുന്നു. അദ്ദേഹം പോയപ്പോൾ അയാൾ ആരായിരുന്നുവെന്ന് ഞാൻ വല്യമ്മയോടു തിരക്കി. ഒരു മന്ത്രവാദ വൈദ്യൻ. അമ്മ പറഞ്ഞു. സഹോദരന്റെ മരണത്തിനു പ്രതികാരം ചെയ്യാൻ അമ്മ അദ്ദേഹത്തെ പണംനൽകി ഏർപ്പാടാക്കിയതായിരുന്നു. സഹോദരന്റെ ആത്മാവിനു ശാന്തി കിട്ടുക എന്നതായിരുന്നു അമ്മയുടെ ലക്ഷ്യം. അമ്മയുടെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ അതിപ്പോൾ ‘അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.’ അങ്ങനെയായിരുന്നു അമ്മയുടെ വിശ്വാസം.
“മന്ത്രവാദ വൈദ്യനു ഫീസ് കൊടുക്കാനുള്ള തുകയ്ക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു എന്റെ സന്ദർശനം. അതുകൊണ്ടുതന്നെ എന്റെ സന്ദർശനം ഒരനുഗ്രഹമായി വല്യമ്മയ്ക്കു തോന്നി. വല്യമ്മ എന്നോടു പണം ചോദിച്ചു. ഒരു ക്രിസ്ത്യാനിയായതുകൊണ്ട്, അതിൽ പങ്കെടുക്കാൻ തനിക്കാവില്ലെന്നു ഞാൻ നയപൂർവം വിശദമാക്കി. സങ്കീർത്തനം 146:4 എടുത്തു ഞാൻ വല്യമ്മയുമായി ന്യായവാദം നടത്തി. മരിച്ചവർക്കു ചിന്തിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ ‘അലഞ്ഞുതിരിയുന്ന’ ആത്മാവില്ലെന്നും പ്രകടമാക്കുന്നതാണ് ആ സങ്കീർത്തനം. പ്രതികാരം യഹോവക്കുള്ളതാണ്, നമുക്കുള്ളതല്ല എന്നു സൂചിപ്പിക്കുന്ന റോമർ 12:19-ഉം ഞങ്ങൾ പരിചിന്തിക്കുകയുണ്ടായി. അതിനുശേഷം യോഹന്നാൻ 5:28, 29-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശു സംസാരിച്ച പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു ഞാൻ അമ്മയോടു പറഞ്ഞു. ദൈവത്തിന്റെ വാഗ്ദത്തങ്ങളിലുള്ള എന്റെ ശക്തമായ വിശ്വാസത്തിൽ നല്ല മതിപ്പുതോന്നിയ അമ്മ ഉടനെതന്നെ ഒരു സാക്ഷിയുമൊത്തു പഠനമാരംഭിച്ചു. പെട്ടെന്നു പുരോഗതിയും നേടി. മുൻമതവുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ച് സ്നാപനത്താൽ അമ്മ ദൈവത്തോടുള്ള തന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്തി. അമ്മയിപ്പോൾ ഒരു യഹോവയുടെ സാക്ഷിയാണ്.”
മറെറാരു സഹോദരി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “എന്റെ അമ്മായിയുടെ ശവസംസ്കാരത്തിനു പോയതായിരുന്നു ഞാൻ. അമ്മാവനും കസിനും പട്ടിണികിടക്കുന്ന കാഴ്ചയാണവിടെ കണ്ടത്. അമ്മായി മരിച്ച അന്നുമുതൽ അവർ യാതൊന്നും ഭക്ഷിച്ചിട്ടില്ല. പാചകം ചെയ്യുന്നതിനു തീ പിടിപ്പിക്കാൻ പാരമ്പര്യം അവരെ അനുവദിക്കുന്നില്ലെന്നായിരുന്നു കാരണമാരാഞ്ഞപ്പോൾ ലഭിച്ച മറുപടി. ഭക്ഷണം പാചകംചെയ്യാൻ ഞാൻ തയ്യാറായി. എന്നാൽ ആ ആചാരം ലംഘിച്ചാൽ സകലർക്കും ഭ്രാന്തുപിടിക്കുമെന്നായിരുന്നു ചില കുടുംബാംഗങ്ങളുടെ പേടി!
“ഒരു യഹോവയുടെ സാക്ഷി എന്നനിലയിൽ ഞാൻ ലേവ്യപുസ്തകം 18:30-ൽ ബൈബിൾ പറയുന്നതു കാര്യമായെടുക്കുന്നു, തിരുവെഴുത്തുപരമല്ലാത്ത പാരമ്പര്യങ്ങൾ ഞാനൊട്ടു പിൻപററുന്നുമില്ല എന്നു ഞാൻ വിശദീകരിച്ചു. എന്നിട്ട്, ഞാൻ അവർക്കു മരിച്ചവരുടെ ആത്മാക്കൾ എന്ന ലഘുപത്രിക കാണിച്ചുകൊടുത്തു. അതോടെ പിരിമുറുക്കം ഒന്നയഞ്ഞു. പിന്നെ, ഞാൻതന്നെ മുൻകൈയെടുത്ത് അമ്മാവനും ശേഷിക്കുന്ന മററുള്ളവർക്കുമുള്ള ഭക്ഷണമുണ്ടാക്കി. മരിച്ചയാളുടെ ബന്ധുക്കൾക്ക് എന്റെ ധൈര്യം കണ്ട് വളരെ മതിപ്പുതോന്നി. അവർ കൂടുതലായി ബൈബിൾ പഠിക്കാമെന്നു സമ്മതിക്കുകയും ചെയ്തു. ഇപ്പോൾ അവരെല്ലാം സ്നാപനമേൽക്കാത്ത പ്രസാധകരാണ്. ഉടനെ സ്നാപനമേൽക്കാമെന്ന പ്രത്യാശയിലാണു മുഴുകുടുംബവും.”
മതപരമായ വ്യാജങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളെ, വിശേഷിച്ചു നിഷ്കളങ്കരായ ആളുകളെ കുടുക്കിലാക്കുന്ന ശക്തമായി കെട്ടിപ്പടുത്ത വാദങ്ങളെ, സത്യത്തിന്റെ നിർമല ഭാഷ തകിടംമറിക്കുന്നതു കാണുമ്പോൾ നമുക്ക് എന്തൊരാഹ്ലാദം! യഹോവയുടെ അനുഗ്രഹത്തോടെ സാംബിയയിൽ നിർമല ഭാഷ പ്രചരിക്കുകയാണ്, ഭൂമിയിലുടനീളവും അതു പ്രചരിക്കുകയാണ്.—2 കൊരിന്ത്യർ 10:4.
[9-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1994 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 82,926
അനുപാതം: 1 സാക്ഷിക്ക് 107 പേർ
സ്മാരക ഹാജർ: 3,63,372
ശരാശരി പയനിയർ പ്രസാധകർ: 10,713
ശരാശരി ബൈബിളധ്യയനങ്ങൾ: 1,08,948
സ്നാപനമേററവരുടെ എണ്ണം: 3,552
സഭകളുടെ എണ്ണം: 2,027
ബ്രാഞ്ച് ഓഫീസ്: ലുസാക്ക
[9-ാം പേജിലെ ചിത്രം]
ലുസാക്കയുടെ പ്രാന്തപ്രദേശത്തുള്ള വാച്ച് ടവർ ബ്രാഞ്ച് സൗകര്യങ്ങൾ
[9-ാം പേജിലെ ചിത്രം]
ലുസാക്കയുടെ തെക്കുള്ള ഷിമബലയിലെ പ്രസംഗവേല