സത്യദൈവത്തെ ഭയപ്പെടുന്നതിന്റെ പ്രയോജനങ്ങൾ
“ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കുകയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”—യെശയ്യാവു 48:17.
1. ദൈവഭയംമൂലം ഏതെല്ലാം അത്യാഹിതങ്ങൾ ഒഴിവാക്കാമായിരുന്നു?
ആദാം ദൈവഭയം നട്ടുവളർത്തിയിരുന്നെങ്കിൽ അത് തന്റെതന്നെ നാശത്തിലേക്കു നയിക്കുകയും ആയിരക്കണക്കിനു വർഷം തന്റെ സന്തതികൾ ദുഃഖമനുഭവിക്കാൻ ഇടയാക്കുകയും ചെയ്ത പാപത്തിൽനിന്ന് അവനെ വിലക്കുമായിരുന്നു. തന്നെ ഭയപ്പെടുന്നതിനും സ്നേഹിക്കുന്നതിനുമുള്ള യഹോവയുടെ ബുദ്ധ്യുപദേശം അനുസരിച്ചിരുന്നെങ്കിൽ പുരാതന ഇസ്രായേൽ ജനത ബാബിലോനിലെ അടിമത്തത്തിലേക്ക് എടുക്കപ്പെടുകയോ ദൈവപുത്രനെ തിരസ്കരിച്ച് അവന്റെ രക്തപാതകത്തിനു കുററക്കാരാകുകയോ ഇല്ലായിരുന്നു. ഇന്നു ലോകം ദൈവത്തെ ഭയപ്പെട്ടിരുന്നെങ്കിൽ സർക്കാർ അഴിമതിയോ വ്യാപാര അഴിമതിയോ കുററകൃത്യമോ യുദ്ധമോ ഉണ്ടായിരിക്കുമായിരുന്നില്ല.—സദൃശവാക്യങ്ങൾ 3:7.
2. നമുക്കു ചുററുമുള്ള ലോകം എന്തുതന്നെ ചെയ്താലും നാം യഹോവാഭയം നട്ടുവളർത്തേണ്ടത് എന്തുകൊണ്ട്?
2 നമുക്കു ചുററുമുള്ള ലോകം എന്തുതന്നെ ചെയ്താലും, വ്യക്തികളും കുടുംബങ്ങളും യഹോവയുടെ ദാസൻമാരുടെ സഭകളും എന്നനിലയിൽ നമുക്കു ദൈവഭയം നട്ടുവളർത്തുന്നതിൽനിന്നു പ്രയോജനമനുഭവിക്കാം. ഇത് മോശ ഇസ്രായേൽ ജനതയ്ക്കു നൽകിയ ഓർമിപ്പിക്കലിനു ചേർച്ചയിലാണ്: “ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കുകയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നൻമെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?” (ആവർത്തനപുസ്തകം 10:12, 13) സത്യദൈവമായ യഹോവയെ ഭയപ്പെടുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങൾ ഏവ?
ജ്ഞാനം—സ്വർണത്തെക്കാൾ വിലയേറിയത്
3. (എ) നമുക്കു കൈപ്പററാവുന്ന ഏററവും മുഖ്യപ്രയോജനം എന്ത്? (ബി) സങ്കീർത്തനം 111:1011-ന്റെ അർഥമെന്ത്?
3 ഏററവും മുഖ്യപ്രയോജനം ജ്ഞാനമാണ്. “യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്നു സങ്കീർത്തനം 111:1011 പ്രഖ്യാപിക്കുന്നു. അത് എന്താണ് അർഥമാക്കുന്നത്? പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും ചില ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും വിജയപ്രദമായ രീതിയിൽ അറിവ് ഉപയോഗിക്കുന്നതിനുള്ള പ്രാപ്തിയെയാണു ജ്ഞാനമെന്നു പറയുന്നത്. അതിൽ പക്വമായ ന്യായബോധവും ഉൾപ്പെട്ടിരിക്കുന്നു. അത്തരം ജ്ഞാനത്തിന്റെ ആരംഭം, ആദ്യ ഘടകം, അടിസ്ഥാനംതന്നെ യഹോവാഭയമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സകല സൃഷ്ടിയും അവന്റെ കൈവേലയാണ്. അത് അവനിൽ ആശ്രിതമാണ്. അവൻ മനുഷ്യവർഗത്തിന് ഇച്ഛാസ്വാതന്ത്ര്യം നൽകിയെങ്കിലും അവരുടെ സ്വന്തം കാലടികളെ അവന്റെ മാർഗനിർദേശം കൂടാതെ വിജയപ്രദമായി നയിക്കാനുള്ള പ്രാപ്തി നൽകിയിരുന്നില്ല. (യോശുവ 24:15; യിരെമ്യാവു 10:23) ജീവൻ സംബന്ധിച്ച അടിസ്ഥാനപരമായ ആ വസ്തുതകൾ നാം വിലമതിക്കുകയും അവയ്ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രമേ നമുക്കു നിലനിൽക്കുന്ന വിജയം വരിക്കാനാവുകയുള്ളൂ. ദൈവഹിതം തീർച്ചയായും വിജയം വരിക്കുമെന്നും വിശ്വസ്തതക്കു പ്രതിഫലം നൽകുമെന്ന അവന്റെ വാഗ്ദത്തവും അതിനുള്ള പ്രാപ്തിയും ഉറപ്പുള്ളതാണെന്നുമുള്ള ഇളകാത്ത ബോധ്യം, യഹോവയെപ്പററിയുള്ള നമ്മുടെ അറിവ് നമുക്കു നൽകുന്നുവെങ്കിൽ ജ്ഞാനപൂർവം പ്രവർത്തിക്കാൻ ദൈവഭയം നമ്മെ പ്രേരിപ്പിക്കും.—സദൃശവാക്യങ്ങൾ 3:21-26; എബ്രായർ 11:6.
4, 5. (എ) ഒരു യുവാവിന്റെ സർവകലാശാല വിദ്യാഭ്യാസം അയാൾക്കു യഥാർഥ ജ്ഞാനം കൈവരുത്താഞ്ഞത് എന്തുകൊണ്ട്? (ബി) അയാളും ഭാര്യയും പിന്നീട് യഥാർഥ ജ്ഞാനം നേടിയതെങ്ങനെ, ഇത് അവരുടെ ജീവിതത്തിൽ ഏതു വിധത്തിൽ മാററം വരുത്തി?
4 ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഏതാനും ദശകങ്ങൾക്കുമുമ്പ് ഒരു യുവാവ് കാനഡയിലെ സസ്കച്ചെവൻ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കയായിരുന്നു. ജീവശാസ്ത്രം പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു, പരിണാമത്തെപ്പററിയും അദ്ദേഹത്തെ പഠിപ്പിച്ചു. ബിരുദാനന്തരം അദ്ദേഹം അണുവോർജതന്ത്രത്തിൽ (atomic physics) വിശേഷജ്ഞാനം നേടിയതുമൂലം ടൊറൊന്റോ സർവകലാശാലയിൽ പഠനം തുടരാനുള്ള സ്കോളർഷിപ്പ് നേടി. പഠനം തുടരവേ ആററത്തിന്റെ ഘടനയിൽ വിസ്മയാവഹമായ ക്രമവും രൂപകൽപ്പനയും ഉള്ളതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ഇവയെല്ലാം ആർ രൂപകൽപ്പനചെയ്തു, എപ്പോൾ, എന്തിന്, എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുകയുണ്ടായില്ല. ആ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ, അന്നു യുദ്ധത്തിലായിരുന്ന ലോകത്തിൽ, തന്റെ അറിവ് ജ്ഞാനപൂർവം ഉപയോഗിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നോ? അദ്ദേഹത്തെ എന്തു വഴികാട്ടുമായിരുന്നു? ദേശീയവാദമോ? അതോ ഭൗതികത്വപരമായ പ്രതിഫലങ്ങൾക്കുള്ള ആഗ്രഹമോ? അദ്ദേഹം വാസ്തവത്തിൽ യഥാർഥ ജ്ഞാനം നേടിയോ?
5 ബിരുദംനേടി അധികം താമസിയാതെ ആ യുവാവും ഭാര്യയും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. തങ്ങൾക്കു ലഭിക്കാതെപോയ ഉത്തരങ്ങൾ ദൈവത്തിന്റെ സ്വന്തം വചനത്തിൽനിന്ന് അവർക്കു ലഭിക്കാൻ തുടങ്ങി. അവർ സ്രഷ്ടാവായ യഹോവയാം ദൈവത്തെ അറിയാനിടയായി. ചെങ്കടലിലായിരുന്ന മോശയെയും ബാബിലോനിലായിരുന്ന ദാനിയേലിനെയും അവന്റെ സുഹൃത്തുക്കളെയുംപററി പഠിച്ചപ്പോൾ മനുഷ്യരെയല്ല ദൈവത്തെ ഭയപ്പെടുന്നതിന്റെ പ്രാധാന്യത്തെപ്പററി അവർ മനസ്സിലാക്കി. (പുറപ്പാടു 14:10-31; ദാനീയേൽ 3:8-30) അത്തരം ദൈവഭയത്തോടൊപ്പം യഹോവയോടുള്ള സ്നേഹം അവർക്കു പ്രേരണയേകാൻ തുടങ്ങി. പെട്ടെന്നുതന്നെ അവരുടെ മുഴു ജീവിതരീതിക്കും മാററംവന്നു. ആരുടെ കരവേലയെപ്പററിയാണു താൻ ജീവശാസ്ത്രത്തിൽ പഠിച്ചതെന്ന് ആ യുവാവിന് ഒടുവിൽ മനസ്സിലായി. താൻ പഠിച്ച ഊർജതന്ത്രത്തിൽ പ്രതിഫലിച്ചിരിക്കുന്നതായി കണ്ട ജ്ഞാനത്തിന്റെ ഉടമയുടെ ഉദ്ദേശ്യത്തെപ്പററി അദ്ദേഹം മനസ്സിലാക്കാൻ തുടങ്ങി. തന്റെ സഹവിശ്വാസിയെ നശിപ്പിക്കാൻ ഉതകുന്ന ഉപകരണങ്ങൾ നിർമിക്കുന്നതിനുവേണ്ടി തന്റെ അറിവ് ഉപയോഗിക്കുന്നതിനു പകരം ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കാൻ മററുള്ളവരെ സഹായിക്കാൻ അദ്ദേഹവും ഭാര്യയും ആഗ്രഹിച്ചു. അവർ ദൈവരാജ്യത്തിന്റെ പ്രഘോഷകരായി മുഴുസമയ സേവനത്തിൽ പേർചാർത്തി. പിന്നീട്, അവർ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കെടുക്കുകയും മിഷനറിമാരായി അയയ്ക്കപ്പെടുകയും ചെയ്തു.
6. യഹോവാഭയത്തിൽ വേരൂന്നിയ ജ്ഞാനം നമുക്കുണ്ടെങ്കിൽ ഏതു ഹ്രസ്വദൃഷ്ടിയുള്ള നേട്ടങ്ങൾ നാം ഉപേക്ഷിക്കും, അതിനു പകരം നാം എന്തുചെയ്യും?
6 എല്ലാവർക്കും മിഷനറിമാരാകാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ദൈവഭയത്തിൽ വേരൂന്നിയിരിക്കുന്ന ജ്ഞാനം നമുക്കെല്ലാം ആസ്വദിക്കാനാവും. നാം ആ ജ്ഞാനം നട്ടുവളർത്തുന്നപക്ഷം, ജീവൻ എന്താണെന്നതിനെപ്പററി ഊഹിക്കുകമാത്രം ചെയ്യുന്ന മനുഷ്യരുടെ തത്ത്വചിന്തകളിൽ നാം ആമഗ്നരാവുകയില്ല. നാം ജീവന്റെ സ്രോതസ്സായ, നമുക്കു നിത്യജീവൻ നൽകാൻ കഴിവുള്ള, യഹോവയാം ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ട ബൈബിൾ പഠനത്തിൽ സ്വയം ആമഗ്നരാവുകയാവും ചെയ്യുന്നത്. (സങ്കീർത്തനം 36:9; കൊലൊസ്സ്യർ 2:8) സ്വയം ഛിന്നഭിന്നമായി നാശത്തിന്റെ വക്കിൽ സ്ഥിതിചെയ്യുന്ന വ്യാപാര സമ്പ്രദായത്തിന്റെ അടിമകളായിത്തീരുന്നതിനു പകരം, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനു ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകിക്കൊണ്ട് ഭക്ഷണം, വസ്ത്രം എന്നിവകൊണ്ടു തൃപ്തിയടയുന്നതിനുള്ള യഹോവയുടെ ബുദ്ധ്യുപദേശത്തിനു നാം ചെവിചായ്ക്കും. (1 തിമൊഥെയൊസ് 6:8-12) നമ്മുടെ ഭാവി, ഈ ലോകത്തിൽ സമ്പന്നനായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നവണ്ണം പെരുമാറുന്നതിനുപകരം ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു, ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കുന്നു എന്ന യഹോവയുടെ വചനത്തിൽ നാം വിശ്വസിക്കും.—1 യോഹന്നാൻ 2:17.
7. (എ) മൂല്യങ്ങൾ സംബന്ധിച്ച് ഒരു സന്തുലിത ബോധമുണ്ടായിക്കാൻ സദൃശവാക്യങ്ങൾ 16:16 നമ്മെ സഹായിക്കുന്നതെങ്ങനെ? (ബി) ദൈവഹിതത്തെ നമ്മുടെ ജീവിതത്തിന്റെ പ്രഥമസ്ഥാനത്തു നിർത്തുന്നതിൽനിന്ന് എന്തു പ്രതിഫലങ്ങൾ ലഭിക്കും?
7 സദൃശവാക്യങ്ങൾ 16:16 സത്യമായി ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടു നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു [യഹോവാഭയത്തിൽനിന്ന് ഉരുത്തിരിയുന്ന ജ്ഞാനം] എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!” അത്തരം ജ്ഞാനവും വിവേകവും ദൈവഹിതം ചെയ്യുക എന്നതു നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനത്തു നിർത്താൻ നമ്മെ പ്രേരിപ്പിക്കും. മാനവചരിത്രത്തിലെ ഈ കാലഘട്ടത്തിൽ ദൈവം തന്റെ സാക്ഷികളെ ഭരമേൽപ്പിച്ചിരിക്കുന്ന വേല എന്താണ്? അവന്റെ രാജ്യത്തെപ്പററി പ്രസംഗിക്കുന്നതും യേശുക്രിസ്തുവിന്റെ യഥാർഥ അനുയായികളായിത്തീരാൻ പരമാർഥഹൃദയരെ സഹായിക്കുന്നതും. (മത്തായി 24:14; 28:19, 20) യഥാർഥ സംതൃപ്തിയും അത്യന്തം സന്തുഷ്ടിയും പ്രദാനംചെയ്യുന്ന വേല ഇതുതന്നെ. ‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’ എന്നു ബൈബിൾ പറയുന്നതു നല്ല കാരണത്തോടെയാണ്.—സദൃശവാക്യങ്ങൾ 3:13.
ദുഷ്പ്രവൃത്തിക്കെതിരെ സംരക്ഷണം
8. (എ) ദൈവത്തെ ഭയപ്പെടുന്നതുകൊണ്ടുണ്ടാകുന്ന രണ്ടാമത്തെ പ്രയോജനം എന്തെന്നു പറയുക. (ബി) നാം ഏതു തിൻമയിൽനിന്നാണു സംരക്ഷിക്കപ്പെടുന്നത്? (സി) ദൈവഭയം ശക്തമായ ഒരു പ്രേരണാശക്തിയായിത്തീരുന്നത് എങ്ങനെ?
8 ദൈവത്തെ ഭയപ്പെടുന്നതുകൊണ്ടുള്ള രണ്ടാമത്തെ പ്രയോജനം നാം തെററു ചെയ്യുന്നതിൽനിന്നു സംരക്ഷിക്കപ്പെടുന്നുവെന്നതാണ്. ദൈവത്തെ ആഴമായി ആദരിക്കുന്നവർ നൻമയും തിൻമയും എന്താണെന്നു സ്വയം തീരുമാനിക്കുന്നില്ല. ദൈവം നല്ലത് എന്നു പറയുന്നതു ചീത്തയായി അവർ വീക്ഷിക്കുന്നില്ല, ചീത്ത എന്നു ദൈവം പറയുന്ന കാര്യങ്ങൾ നല്ലതായും അവർ പരിഗണിക്കുന്നില്ല. (സങ്കീർത്തനം 37:1, 27; യെശയ്യാവു 5:20, 21) കൂടാതെ, ദൈവഭയത്താൽ പ്രേരിപ്പിക്കപ്പെടുന്ന ഒരു വ്യക്തി നല്ലതെന്നും ചീത്തയെന്നും യഹോവ പറയുന്ന കാര്യങ്ങൾ വെറുതെ അറിയുക മാത്രമല്ല ചെയ്യുന്നത്. അത്തരമൊരു വ്യക്തി യഹോവ സ്നേഹിക്കുന്നതിനെ സ്നേഹിക്കുകയും യഹോവ വെറുക്കുന്നതിനെ വെറുക്കുകയും ചെയ്യും. തത്ഫലമായി അയാൾ ദൈവത്തിന്റെ പ്രമാണങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കും. അങ്ങനെ, സദൃശവാക്യങ്ങൾ 16:6-ൽ പ്രസ്താവിച്ചിരിക്കുന്നപ്രകാരം “യഹോവാഭക്തികൊണ്ടു [“യഹോവഭയംകൊണ്ടു,” NW] മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.” അത്തരം ദൈവഭയം, ഒരു വ്യക്തിക്കു തന്റെ സ്വന്ത ബലത്താൽ നേടിയെടുക്കാൻ സാധിക്കാത്തവ നേടിയെടുക്കുന്നതിനുള്ള ഒരു ശക്തമായ പ്രേരക ഘടകമായിത്തീരുന്നു.
9. ദൈവത്തെ അപ്രീതിപ്പെടുത്താതിരിക്കുന്നതിനുള്ള ഒരു ശക്തമായ ആഗ്രഹം മെക്സിക്കോയിലെ ഒരു സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിച്ചതെങ്ങനെ, എന്തു ഫലത്തോടെ?
9 ദൈവഭയം ഒരു വ്യക്തിയിൽ വികസിക്കാൻ തുടങ്ങുന്നതേയുള്ളൂ എന്നുവരികിലും തന്റെ ശേഷിച്ച ജീവിത കാലം മുഴുവൻ ഖേദിക്കാൻ ഇടയാക്കുന്ന എന്തെങ്കിലും ഒഴിവാക്കുന്നതിന് അത് ആ വ്യക്തിയെ ശക്തനാക്കും. ദൃഷ്ടാന്തത്തിന്, മെക്സിക്കോയിലുള്ള ഗർഭിണിയായ ഒരു സ്ത്രീ ഗർഭച്ഛിദ്രത്തെപ്പററി യഹോവയുടെ സാക്ഷികളിലൊരാളോടു ചോദിച്ചു. സാക്ഷി ആ സ്ത്രീയെ പല തിരുവെഴുത്തുകളും വായിച്ചു കേൾപ്പിച്ചശേഷം ഇങ്ങനെ ന്യായവാദം ചെയ്തു: “സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ജീവൻ, ഇതുവരെ പിറന്നുവീണിട്ടില്ലാത്ത ജീവൻപോലും, വളരെ പ്രധാനപ്പെട്ട ഒന്നാണ്.” (പുറപ്പാടു 21:22, 23; സങ്കീർത്തനം 139:13-16) അവളുടെ കുട്ടിക്ക് അപാകതയുണ്ടായിരുന്നേക്കാമെന്ന് ആശുപത്രി പരിശോധന സൂചിപ്പിച്ചു. എന്നാൽ ഇപ്പോൾ, ദൈവവചനത്തിൽ താൻ കണ്ട കാര്യങ്ങളുടെ പ്രേരണയാൽ കുട്ടിയുണ്ടാകട്ടെ എന്നുതന്നെ ആ സ്ത്രീ തീരുമാനിച്ചു. അവളെ വീണ്ടും കാണുന്നതിന് അവളുടെ ഡോക്ടർ വിസമ്മതിച്ചു, ഭർത്താവാണെങ്കിൽ ഉപേക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും അവൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒടുവിൽ അവൾ ഒരു സാധാരണ, ആരോഗ്യവതിയായ, സുന്ദരിയായ ഒരു പെൺകുട്ടിക്കു ജൻമമേകി. കൃതജ്ഞതാഭരിതയായി അവൾ ആ സാക്ഷികളെ തിരഞ്ഞുപിടിച്ചു, അവർ അവളോടൊപ്പം ബൈബിളധ്യയനവും തുടങ്ങി. ഒരു വർഷത്തിനുള്ളിൽ അവളും ഭർത്താവും സ്നാപനമേററു. ഏതാനും വർഷത്തിനുശേഷം ആദ്യം കണ്ടുമുട്ടിയ ആ സാക്ഷിയെ ഒരു ഡിസ്ട്രിക്ററ് കൺവെൻഷനിൽവച്ചു വീണ്ടും കാണാൻ കഴിഞ്ഞതിൽ അവർ അത്യന്തം ആനന്ദിക്കുകയും തങ്ങളുടെ നാലുവയസ്സുള്ള പ്രിയ മകളെ സാക്ഷിക്കു പരിചയപ്പെടുത്തുകയും ചെയ്തു. ദൈവത്തോടുള്ള ഉചിതമായ ആദരവും അവനെ അപ്രീതിപ്പെടുത്താതിരിക്കാനുള്ള ശക്തമായ ആഗ്രഹവും ഒരുവന്റെ ജീവിതത്തിൽ ശക്തമായ സ്വാധീനങ്ങളായി പ്രവർത്തിക്കുന്നു.
10. ഏതുതരം ദുഷ്പ്രവൃത്തിയിൽനിന്നു സ്വതന്ത്രമാകാൻ ദൈവഭയത്തിന് ആളുകളെ ശക്തരാക്കാൻ കഴിയും?
10 പലവിധ ദുഷ്പ്രവൃത്തികൾക്കും എതിരെ ദൈവഭയം നമ്മെ ശക്തരാക്കുന്നു. (2 കൊരിന്ത്യർ 7:1) ഉചിതമായി നട്ടുവളർത്തുന്നപക്ഷം തനിക്കും യഹോവക്കും മാത്രം അറിയാവുന്ന രഹസ്യമായ തെററുകൾ ചെയ്യുന്നതു നിർത്താൻ ഒരു വ്യക്തിയെ സഹായിക്കാൻ അതിനു കഴിയും. മദ്യദുരുപയോഗത്തിനോ മയക്കുമരുന്നു ദുരുപയോഗത്തിനോ അടിമപ്പെടുന്നതിൽനിന്നു സ്വതന്ത്രമാകാൻ അതിന് ഒരുവനെ സഹായിക്കാനാവും. ദക്ഷിണാഫ്രിക്കയിലെ ഒരു മുൻ മയക്കുമരുന്ന് ആസക്തൻ വിശദീകരിക്കുന്നു: “ദൈവത്തെപ്പററിയുള്ള അറിവു നേടിയെടുത്തതോടൊപ്പം അവനെ വേദനിപ്പിക്കുന്നതിൽ അഥവാ അപ്രീതിപ്പെടുത്തുന്നതിൽ ഉള്ള ഒരു ഭയവും ഞാൻ വികസിപ്പിച്ചെടുത്തു. അവൻ വീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവന്റെ ദൃഷ്ടിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള ഒരു വാഞ്ഛയും എനിക്കുണ്ടായിരുന്നു. എന്റെ കൈവശമിരുന്ന മയക്കുമരുന്നുകൾ കക്കൂസിലിട്ടു നശിപ്പിക്കാൻ അതെന്നെ പ്രേരിപ്പിച്ചു”. ദൈവഭയം ആയിരക്കണക്കിനാളുകളെ സമാനമായ വിധത്തിൽ സഹായിച്ചിരിക്കുന്നു.—സദൃശവാക്യങ്ങൾ 5:21; 15:3.
മാനുഷഭയത്തിനെതിരെ സംരക്ഷണം
11. ആരോഗ്യാവഹമായ യഹോവാഭയം ഏതു സാധാരണ കെണിയിൽനിന്നു നമ്മെ സംരക്ഷിക്കും?
11 ആരോഗ്യാവഹമായ ദൈവഭയം മാനുഷഭയത്തിൽനിന്നു നമ്മെ സംരക്ഷിക്കുന്നു. മിക്കയാളുകളും മാനുഷഭയത്താൽ ബാധിക്കപ്പെടുന്നു, ചിലർ കൂടിയ അളവിൽ, ചിലർ കുറഞ്ഞ അളവിൽ. ഗെത്ശെമന തോട്ടത്തിൽവച്ചു പടയാളികൾ യേശുവിനെ പിടിച്ചപ്പോൾ അവന്റെ അപ്പോസ്തലൻമാർപോലും അവനെ വിട്ടിട്ട് ഓടിപ്പോയി. പിന്നീട്, മഹാപുരോഹിതന്റെ നടുമുററത്തുവെച്ചു സമചിത്തത നഷ്ടപ്പെട്ട്, ഭയത്തിന് അടിപ്പെട്ട പത്രോസ് താൻ യേശുവിന്റെ ശിഷ്യൻമാരിലൊരാളാണെന്നും അവനെ അറിയുമെന്നുമുള്ള കാര്യം തള്ളിപ്പറഞ്ഞു. (മർക്കൊസ് 14:48-50, 66-72; യോഹന്നാൻ 18:15-27) എങ്കിലും ആത്മീയ സന്തുലനം നേടിയെടുക്കാൻ അപ്പോസ്തലൻമാർക്കു സഹായം ലഭിക്കുകയുണ്ടായി. നേരേമറിച്ച്, യെഹോയാക്കീം രാജാവിന്റെ നാളുകളിൽ ശെമയ്യാവിന്റെ മകനായ ഊരീയാവ് അത്യന്തം ഭയവിഹ്വലനായി യഹോവയുടെ ഒരു പ്രവാചകൻ എന്നനിലയിലുള്ള സേവനം ഉപേക്ഷിച്ചു ദേശത്തുനിന്ന് ഓടിപ്പോയി, എന്നിട്ടും അവൻ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി.—യിരെമ്യാവു 26:20-23.
12. (എ) മാനുഷഭയത്തിനെതിരെ ഏതു സംരക്ഷണത്തിലേക്കാണു സദൃശവാക്യങ്ങൾ 29:25 വിരൽചൂണ്ടുന്നത്? (ബി) ദൈവത്തിലുള്ള ആശ്രയം വികസിപ്പിക്കപ്പെടുന്നതെങ്ങനെ?
12 മാനുഷഭയത്തെ മറികടക്കാൻ ഒരു വ്യക്തിയെ എന്തിനു സഹായിക്കാനാവും? “മാനുഷഭയം ഒരു കണി ആകുന്നു” എന്ന മുന്നറിയിപ്പിനുശേഷം സദൃശവാക്യങ്ങൾ 29:25 ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.” യഹോവയിലുള്ള ആശ്രയമാണു താക്കോൽ. അത്തരം ആശ്രയം അറിവിലും അനുഭവത്തിലും അടിസ്ഥാനമുള്ളതാണ്. അവന്റെ വചനം പഠിക്കുന്നതിലൂടെ യഹോവയുടെ വഴികളിലെ നീതി നാം കാണുന്നു. അവനിലെ ആശ്രയത്വം പ്രകടമാക്കുന്ന സംഭവങ്ങൾ, അവന്റെ വാഗ്ദത്തങ്ങളുടെ (പുനരുത്ഥാനം ഉൾപ്പെടെ) ഉറപ്പ്, അവന്റെ സ്നേഹം, സർവശക്തമായ ബലം എന്നിവ സംബന്ധിച്ചു നാം പരിചിതരാകുന്നു. പിന്നീട്, യഹോവ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യുകയും അവൻ മുന്നറിയിപ്പു നൽകുന്ന കാര്യങ്ങൾ ശക്തമായി നിരസ്സിക്കുകയും ചെയ്തുകൊണ്ട് ആ അറിവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ അവന്റെ സ്നേഹപുരസ്സരമായ സംരക്ഷണവും അവനിലുള്ള ആശ്രയത്വവും നാം നേരിട്ട് അനുഭവിച്ചറിയും. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനുവേണ്ടി അവൻ തന്റെ ശക്തി പ്രയോഗിക്കുന്നതിന്റെ തെളിവ് നാം വ്യക്തിപരമായി കാണും. അവനിലുള്ള നമ്മുടെ ആത്മവിശ്വാസം വളരുന്നതോടൊപ്പംതന്നെ അവനെപ്രതിയുള്ള നമ്മുടെ സ്നേഹവും അവനെ അപ്രീതിപ്പെടുത്താതിരിക്കാനുള്ള നമ്മുടെ ആത്മാർഥ ആഗ്രഹവും വളരുന്നു. അത്തരം ആശ്രയം ശക്തമായ അടിസ്ഥാനത്തിലാണു പണിതിരിക്കുന്നത്. അത് മാനുഷഭയത്തിനെതിരെ ഒരു കൊത്തളമായി നിലകൊള്ളുന്നു.
13. ലൗകിക ജോലി ചെയ്യുന്നിടത്തും വീട്ടിലും സ്കൂളിലും ദൈവഭയത്തിനു നമ്മെ എങ്ങനെ സഹായിക്കാനാവും?
13 സത്യസന്ധമല്ലാത്ത വ്യാപാര നടപടികളിൽ പങ്കുപററാൻ നിരസിക്കുന്നതുമൂലം ജോലി നഷ്ടപ്പെടുമെന്നു തൊഴിലുടമ നമ്മെ ഭീഷണിപ്പെടുത്തുന്നുവെങ്കിൽ ദൈവഭയവും യഹോവയിലുള്ള നമ്മുടെ ആശ്രയവും ശരിയായതു ചെയ്യുന്നതിൽ നമ്മെ ഉറപ്പിച്ചു നിർത്തും. (താരതമ്യം ചെയ്യുക: മീഖാ 6:11, 12.) അവിശ്വാസികളായ കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പിൻമധ്യേയും സത്യാരാധനയിൽ തുടരുന്നതിന് അത്തരം ദൈവഭയം ആയിരക്കണക്കിനു ക്രിസ്ത്യാനികളെ പ്രാപ്തരാക്കുന്നു. അത്, സ്കൂളിൽ പഠിക്കുന്ന യുവാക്കൾക്ക് യഹോവയുടെ സാക്ഷികളെന്നു തങ്ങളെത്തന്നെ തിരിച്ചറിയിക്കുന്നതിനു ധൈര്യം പ്രദാനം ചെയ്യുന്നു. ബൈബിൾ പ്രമാണങ്ങളെ പുച്ഛിച്ചുതള്ളുന്ന സഹപാഠികളിൽനിന്നുള്ള പരിഹാസത്തെ ചെറുത്തുനിൽക്കാനും അത് അവരെ ശക്തരാക്കുന്നു. തൻമൂലം, “അവർ എന്തു ചിന്തിക്കുന്നുവെന്നതല്ല, യഹോവ എന്തു ചിന്തിക്കുന്നുവെന്നതാണു പ്രധാനമായിരിക്കുന്നത്” എന്ന് കൗമാരപ്രായക്കാരിയായ ഒരു സാക്ഷി പറഞ്ഞു.
14. തങ്ങളുടെ ജീവൻ ഭീഷണിപ്പെടുത്തപ്പെടുമ്പോഴും യഹോവയുടെ ദാസൻമാർക്ക് വിജയശ്രീലാളിതരാകാൻ കഴിയുന്നത് എങ്ങനെ?
14 തങ്ങളുടെ ജീവനെ ഭീഷണിപ്പെടുത്തുമ്പോൾപോലും യഹോവയുടെ വഴികൾ മുറുകെപ്പിടിക്കുന്നതിനു സത്യക്രിസ്ത്യാനികളെ ശക്തിപ്പെടുത്തുന്നത് അതേ ബോധ്യം തന്നെയാണ്. ലോകത്തിൽനിന്നു പീഡനം പ്രതീക്ഷിക്കണമെന്ന് അവർക്കറിയാം. അപ്പോസ്തലൻമാർ അടിക്കപ്പെട്ടുവെന്നും ദുഷ്ടരായ മനുഷ്യർ യേശുക്രിസ്തുവിനെ അടിക്കുകയും കൊല്ലുകയും ചെയ്തുവെന്നും അവർ തിരിച്ചറിയുന്നു. (മർക്കൊസ് 14:65; 15:15-39; പ്രവൃത്തികൾ 5:40; താരതമ്യം ചെയ്യുക: ദാനീയേൽ 3:16-18.) സഹിച്ചുനിൽക്കുന്നതിനു യഹോവക്കു തങ്ങളെ ശക്തരാക്കാൻ കഴിയുമെന്നും ദൈവസഹായത്താൽ തങ്ങൾക്കു വിജയശ്രീലാളിതരാകാൻ കഴിയുമെന്നും വിശ്വസ്തരായവർക്കു തീർച്ചയായും യഹോവ പ്രതിഫലം—ആവശ്യമെങ്കിൽ തന്റെ പുതിയ ലോകത്തിലേക്കുള്ള പുനരുത്ഥാനത്തിലൂടെപോലും—നൽകുമെന്നും യഹോവയുടെ ദാസൻമാർക്കു ദൃഢവിശ്വാസമുണ്ട്. ദൈവഭയം സഹിതം ദൈവത്തോടുള്ള അവരുടെ സ്നേഹം അവനെ അപ്രീതിപ്പെടുത്തുന്ന എന്തും ഒഴിവാക്കാൻ അവരെ പ്രേരിപ്പിക്കുന്നു.
15. നാസി തടങ്കൽപ്പാളയങ്ങളിൽ നിർമലത കാത്തുസൂക്ഷിക്കാൻ യഹോവയുടെ സാക്ഷികളെ പ്രാപ്തരാക്കിയത് എന്ത്?
15 ഈ പ്രേരണ, 1930-കളിലും 1940-കളിലും നാസി തടങ്കൽപ്പാളയങ്ങളിലെ ഘോരകൃത്യങ്ങൾക്കെതിരെ ഉറച്ചു നിലകൊള്ളാൻ യഹോവയുടെ സാക്ഷികളെ പ്രാപ്തരാക്കി. “എന്റെ സ്നേഹിതൻമാരായ നിങ്ങളോടു ഞാൻ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് ലൂക്കൊസ് 12:4, 5-ൽ കാണുന്ന യേശുവിന്റെ ബുദ്ധ്യുപദേശം അവർ ഹൃദയത്തിലുൾക്കൊണ്ടു. സാക്സൻഹൗസൻ തടങ്കൽപ്പാളയത്തിലായിരുന്ന ഒരു സാക്ഷിയായ ഗസ്ററവ് ഔഷ്നർ പിന്നീട് ഇങ്ങനെ എഴുതി: ‘ഔഗസ്ററ് ഡിക്മാനെ എസ്സ്എസ്സ് വെടിവച്ചു കൊന്നു, വിശ്വാസം ത്യജിക്കുന്നതായി പ്രഖ്യാപിക്കുന്ന ഒരു കടലാസിൽ ഒപ്പിടാത്തപക്ഷം ഞങ്ങളെയെല്ലാവരെയും വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങളാരും ഒപ്പിട്ടില്ല. അവരുടെ ബുള്ളററുകളെക്കാൾ ഞങ്ങൾക്കു ഭയം യഹോവയെ അപ്രീതിപ്പെടുത്തുന്നതിലായിരുന്നു.’ മാനുഷഭയം അനുരഞ്ജനപ്പെടുന്നതിലേക്കു നയിക്കുന്നു എന്നാൽ ദൈവഭയം ഒരുവനെ ശരിയായ കാര്യത്തിൽ ഉറപ്പിച്ചു നിർത്തുന്നു.
ജീവൻ സംരക്ഷിക്കൽ
16. ജലപ്രളയം വരുന്നതുവരെ ദശകങ്ങളോളം നേരുള്ള ഗതി നിലനിർത്താൻ നോഹയെ പ്രാപ്തനാക്കിയത് എന്ത്, അവനും അവന്റെ കുടുംബത്തിനും അതിൽനിന്നു ലഭിച്ച ഫലമെന്ത്?
16 പ്രളയത്തിനുമുമ്പത്തെ ലോകത്തിന്റെ അന്ത്യനാളുകളെ നോഹ അതിജീവിച്ചു. മമനുഷ്യന്റെ വഷളത്തരം നിമിത്തം അന്നത്തെ ദുഷ്ടലോകത്തെ നശിപ്പിക്കാൻ യഹോവ നിശ്ചയിച്ചുറച്ചിരുന്നു. എന്നിരുന്നാലും, അതുവരെ അക്രമം, കൊടിയ അധാർമികത, ദൈവഹിതത്തിനുനേരെ തികഞ്ഞ ഉദാസീനത എന്നിവ നിറഞ്ഞുനിന്ന ആ ലോകത്തിലായിരുന്നു നോഹ. നോഹ നീതി പ്രസംഗിച്ചിട്ടും “ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല.” (മത്തായി 24:39) എങ്കിലും ദൈവം തന്റെ മുമ്പാകെ വെച്ച വേലയിൽനിന്നു നോഹ പിൻമാറിയില്ല. അവൻ “ദൈവം തന്നോടു കല്പിച്ചതൊക്കെയും . . . ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.” (ഉല്പത്തി 6:22) വർഷംതോറും, ജലപ്രളയംവരെ, ശരിയായ ഗതി നിലനിർത്താൻ നോഹയെ പ്രാപ്തനാക്കിയതെന്താണ്? എബ്രായർ 11:7 ഉത്തരം നൽകുന്നു: “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു.” തത്ഫലമായി, അവനും ഭാര്യയും ആൺമക്കളും അവരുടെ ഭാര്യമാരും ജലപ്രളയത്തെ അതിജീവിച്ചു ജീവൻ സംരക്ഷിച്ചു.
17. (എ) മററുള്ളവർ എന്തു ചെയ്യുന്നുവെന്നതു ഗണ്യമാക്കാതെ നാം എന്തു ചെയ്യേണ്ടതുണ്ട്? (ബി) യഹോവയെ ഭയപ്പെടുന്നവർ സന്തുഷ്ട ജനമായിരിക്കുന്നതിനു കാരണമെന്ത്?
17 പലവിധത്തിലും നോഹയുടെ നാളിനു സമാനമായ ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. (ലൂക്കൊസ് 17:26, 27) വീണ്ടും ഒരു മുന്നറിയിപ്പു നൽകപ്പെടുകയാണ്. “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ” എന്ന് സകല ജാതിയിലും ഗോത്രത്തിലും ഭാഷയിലുമുള്ള ആളുകളോട് ഉദ്ഘോഷിച്ചുകൊണ്ട് ആകാശമധ്യേ പറക്കുന്ന ഒരു ദൂതനെപ്പററി വെളിപ്പാടു 14:6, 7 പറയുന്നു. നിങ്ങൾക്കു ചുററുമുള്ള ലോകം എന്തു ചെയ്യുന്നുവെന്നു ഗണ്യമാക്കാതെ ആ വാക്കുകൾ അനുസരിക്കുക, എന്നിട്ടു മററുള്ളവർക്ക് ആ ക്ഷണം നൽകുക. നോഹയെപ്പോലെ വിശ്വാസത്തോടെ പ്രവർത്തിക്കുകയും ദൈവഭയം കാട്ടുകയും ചെയ്യുക. നിങ്ങൾ അപ്രകാരം ചെയ്യുന്നത് നിങ്ങളുടെയും മററുള്ള അനേകരുടെയും ജീവൻ സംരക്ഷിക്കുന്നതിന് ഉതകും. ദൈവത്തെ ഭയപ്പെടുന്നവർ ആസ്വദിച്ച പ്രയോജനങ്ങളെപ്പററി പര്യാലോചിക്കുമ്പോൾ, “യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏററവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW]” എന്നു പാടിയ നിശ്വസ്ത സങ്കീർത്തനക്കാരനോടു യോജിക്കാനേ നമുക്കു കഴിയൂ.—സങ്കീർത്തനം 112:1.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ സത്യദൈവത്തെ ഭയപ്പെടുന്നതുകൊണ്ടുള്ള ചില മുന്തിയ പ്രയോജനങ്ങൾ ഏവ?
◻ ദൈവഭയത്തിൽ വേരുറച്ചിരിക്കുന്ന ജ്ഞാനത്തിനു നമ്മെ എങ്ങനെ സംരക്ഷിക്കാനാവും?
◻ ദൈവഭയം നമ്മെ തിൻമയിൽനിന്ന് അകററിനിർത്തുന്നത് എന്തുകൊണ്ട്?
◻ ദൈവഭയം നമ്മെ മാനുഷഭയത്തിൽനിന്നു സംരക്ഷിക്കുന്നത് എങ്ങനെ?
◻ നമ്മുടെ ഭാവിജീവിത പ്രത്യാശയുടെമേൽ ദൈവഭയത്തിന് എന്തു സ്വാധീനമാണുള്ളത്?
[16,17 പേജുകളിലെ ചിത്രങ്ങൾ]
“യഹോവയെ ഭയപ്പെട്ടു, അവന്റെ കല്നകളിൽ ഏററവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].”—സങ്കീർത്തനം 112:1