നിങ്ങൾ യഹോവയെ സ്തുതിക്കുമോ?
“ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അററങ്ങളോളം എത്തുന്നു.” കോരഹ് പുത്രൻമാരുടെ ഒരു പ്രാവചനിക ഗീതത്തിൽനിന്നുള്ള വാക്കുകളാണിവ. (സങ്കീർത്തനം 48:10) ഇന്ന്, ദൈവരാജ്യത്തെപ്പററിയുള്ള സുവാർത്ത പ്രസംഗിച്ചുകൊണ്ട് ലക്ഷങ്ങളോളം വരുന്ന യഹോവയുടെ സാക്ഷികളുടെ ഒരു സമർഥ ഗായകസംഘം ദൈവത്തെ സ്തുതിക്കുകയും അവന്റെ നാമത്തെ വിശ്രുതമാക്കുകയുമാണ്. 232 ദേശങ്ങളിലും സമുദ്ര ദ്വീപുകളിലുമായി 300-ലധികം ഭാഷകളിൽ ഇതു ചെയ്തുകൊണ്ട് അവർ അക്ഷരാർഥത്തിൽ “ഭൂമിയുടെ അററങ്ങളോളം” എത്തുകയാണ്.
യഹോവയെ സ്തുതിക്കാൻ വ്യത്യസ്ത സാംസ്കാരിക-സാമുദായിക-ഭാഷാ പശ്ചാത്തലങ്ങളിലുള്ള ജനങ്ങളെ നിർബന്ധിതരാക്കുന്നതെന്താണ്? ദൈവവചനം സംബന്ധിച്ച സൂക്ഷ്മ പരിജ്ഞാനം ലഭിച്ചതിനുള്ള കൃതജ്ഞതയാണ് ഒരു മുഖ്യ കാരണം. ആത്മീയ സത്യം അവരെ അന്ധവിശ്വാസങ്ങളിൽനിന്നും നിത്യദണ്ഡനംപോലുള്ള മതപരമായ വിശ്വാസത്തിന്റെ അടിമത്തത്തിൽനിന്നും സ്വതന്ത്രരാക്കിയിരിക്കുന്നു. (യോഹന്നാൻ 8:32) സ്നേഹം, ശക്തി, ജ്ഞാനം, കരുണകൊണ്ടു മയപ്പെടുത്തിയ നീതി എന്നിങ്ങനെയുള്ള ദൈവത്തിന്റെ അത്ഭുതാവഹമായ ഗുണങ്ങളെ വിലമതിക്കാനും സത്യം അവരെ സഹായിക്കുന്നു. തന്റെ ഏകജാത പുത്രനായ യേശുക്രിസ്തുവിനെ ദൈവം മനുഷ്യവർഗത്തിനുവേണ്ടി മറുവിലയാഗമായി അർപ്പിച്ചതു സംബന്ധിച്ചുള്ള അറിവ് യഹോവയെ സ്തുതിക്കുന്നതിനും സേവിക്കുന്നതിനും നേരുള്ള ആളുകളെ പ്രേരിപ്പിക്കുന്നു.
വെളിപാട് പുസ്തകം പറയുന്നതനുസരിച്ച് ഒരു സ്വർഗീയ ഗായകസംഘം ഇപ്രകാരം ഘോഷിക്കുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” (വെളിപ്പാടു 4:11) അത്തരം സ്തുതി വെറും ചുമതലാബോധത്തിൽനിന്ന് ഉരുത്തിരിയുന്നതല്ല. മറിച്ച്, യഹോവയോടുള്ള ഭക്ത്യാദരവിൽനിന്ന് ഉരുത്തിരിയുന്നതാണ്.
സുവാർത്ത പ്രഖ്യാപിച്ചുകൊണ്ടു ദൈവത്തെ സ്തുതിക്കുവിൻ
യഹോവയെ സ്തുതിക്കുമ്പോൾ ഒരു വ്യക്തി പ്രമുഖ സ്തുതിപാഠകനായ യേശുക്രിസ്തുവിന്റെ മഹത്തായ മാതൃക അനുകരിക്കുകയാണ്. യേശുവിന്റെ കാലടികൾ പിന്തുടരുന്നതിൽ ദൈവരാജ്യത്തെപ്പററിയുള്ള സുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കുപററുന്നത് ഉൾപ്പെടുന്നു. (മത്തായി 4:17, 23; 24:14) ഈ പ്രസംഗ പ്രവർത്തനം യഹോവയെ സ്തുതിക്കുന്നതിനുള്ള ഏററവും വലിയ ലോകവ്യാപക ഉദ്യമമായി തീർന്നിരിക്കുകയാണ്.
ഈ പ്രസംഗവേല അത്യധികം പ്രധാനമായതിനാൽ ബൈബിൾ അതിനെ വ്യക്തമായും രക്ഷയുമായി ബന്ധപ്പെടുത്തുന്നു. റോമർ 10:13-15-ൽ നാം ഇങ്ങനെ വായിക്കുന്നു: ‘“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നൻമ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.’
കഴിഞ്ഞവർഷം മാത്രമായി യഹോവയുടെ സാക്ഷികൾ നൂറു കോടിയിലധികം മണിക്കൂർ പ്രസംഗവേലക്കായി മാററിവച്ചു. ദൈവത്തെ ഈ വിധം സ്തുതിക്കുന്നതിലൂടെ എന്തെല്ലാം നല്ല ഫലങ്ങളാണ് ഉണ്ടായത്! ഏതാണ്ട് 3,14,000 പേർ യഹോവക്കുള്ള തങ്ങളുടെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തിക്കൊണ്ട് സ്തുതിപാഠകരുടെ ഗായകസംഘത്തോടു ചേർന്നിരിക്കുന്നു.
എങ്കിലും, 1994-ൽ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ ഹാജരായ 1,22,88,917 പേരെ സംബന്ധിച്ചെന്ത്? അവരിൽ 70,00,000 പേർ സുവാർത്തയുടെ പ്രസംഗകർ എന്നനിലയിൽ ഇതുവരെ യഹോവയെ സ്തുതിക്കാൻ തുടങ്ങിയിട്ടില്ല. ആ സുപ്രധാന അവസരത്തിലെ അവരുടെ സാന്നിധ്യം സ്തുതിപാഠകരുടെ സംഘത്തിലേക്കു ക്രമേണ ലക്ഷോപലക്ഷങ്ങൾ കൂടിച്ചേരുന്നതിൽ കലാശിച്ചേക്കാം. താത്പര്യക്കാരായ ഇവരെ യഹോവയുടെ സ്തുതിപാഠകരായിത്തീരാൻ സഹായിക്കുന്നതിന് എന്തു ചെയ്യാൻ കഴിയും?
ലഭ്യമായ സഹായം
താത്പര്യക്കാരായ അനേകർക്കും യഹോവയെ സ്തുതിക്കുന്നതിനുള്ള ആഗ്രഹമുണ്ടായിരിക്കും എന്നാൽ, യോഗ്യതകളിൽ എത്തിച്ചേരാൻ തങ്ങൾക്കാവില്ലെന്ന് അവർക്കു തോന്നുന്നു. അവർ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ ഓർക്കുന്നതു നന്നായിരിക്കും: “ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.” (സങ്കീർത്തനം 121:1, 2) യഹോവയുടെ ആലയവും ദിവ്യാധിപത്യ ഗവൺമെൻറിന്റെ ഭൗമിക ആസ്ഥാനവും സ്ഥിതിചെയ്തിരുന്ന യെരുശലേമിലെ മലകളിലേക്കാണു സങ്കീർത്തനക്കാരൻ തന്റെ കണ്ണുകൾ ഉയർത്തിയത് എന്നതു സ്പഷ്ടമാണ്. ദൈവത്തെ സ്തുതിക്കുന്നതിനും രാജ്യസന്ദേശം പ്രഖ്യാപിക്കുന്നതിനുമുള്ള സഹായം യഹോവയിൽനിന്നും അവന്റെ സ്ഥാപനത്തിൽനിന്നും മാത്രമാണു വരുന്നത് എന്ന് ഇതിൽനിന്നു നമുക്ക് ഉചിതമായും നിഗമനം ചെയ്യാവുന്നതാണ്.—സങ്കീർത്തനം 3:4; ദാനീയേൽ 6:10.
ഇന്ന് യഹോവയെ സ്തുതിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവന്റെ ഭൗമിക സ്ഥാപനത്തിൽനിന്നു സഹായം പ്രതീക്ഷിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, താത്പര്യക്കാരായ ആളുകളോടൊപ്പം സൗജന്യ ഭവന ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ട് യഹോവയുടെ സാക്ഷികൾ സഹായം വാഗ്ദാനം ചെയ്യുന്നു. ഈ വിദ്യാഭ്യാസ പരിപാടിയിൽ ബൈബിൾ തത്ത്വങ്ങൾ പഠിക്കുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു. താൻ പഠിക്കുന്ന കാര്യത്തോടും യഹോവ ഉപയോഗിക്കുന്ന സ്ഥാപനത്തോടും വിലമതിപ്പു വളർത്തിയെടുക്കാൻ ഇതു വിദ്യാർഥിയെ സഹായിക്കും.
ഇതിനോടുള്ള ചേർച്ചയിൽ, പുതുതായി കണ്ടെത്തിയ സത്യങ്ങൾ തലയിൽ മാത്രമല്ല ഹൃദയത്തിലും പതിയുന്നുവെന്ന കാര്യം ഉറപ്പുവരുത്താൻ ബൈബിളധ്യയനം നടത്തുന്ന സാക്ഷി ശ്രമിക്കുന്നു. യഹോവ തന്റെ ഉദ്ദേശ്യം ഭൂമിയിൽ നിവർത്തിക്കുന്നതിനു തന്റെ സ്ഥാപനത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നു കാണിക്കാൻ അധ്യാപകൻ മടിച്ചുനിൽക്കരുത്. ഈ കാര്യം നിർവഹിക്കുന്നതിന്, യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രികയും യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോടേപ്പും വളരെ സഹായകമെന്നു തെളിഞ്ഞിട്ടുണ്ട്.
യഹോവയുടെ ഭാവി സ്തുതിപാഠകരെ സഹായിക്കുന്നതിനു ക്രിസ്തീയ യോഗങ്ങളും ഒരു മർമപ്രധാനമായ പങ്കുവഹിക്കുന്നു. ഒരു ബൈബിളധ്യയനത്തിന്റെ പ്രാരംഭഘട്ടം മുതൽക്കേ ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകാൻ വിദ്യാർഥിയെ ക്ഷണിക്കാവുന്നതാണ്. കാലക്രമേണ, എല്ലാ സഭായോഗങ്ങളിലും ക്രമമായി ഹാജരാകുകയും പങ്കുപററുകയും ചെയ്യുന്നതിന്റെ പ്രാധാന്യം അയാൾ മനസ്സിലാക്കും. (എബ്രായർ 10:24, 25) ആത്മീയമായി പരിപുഷ്ടി പകരുന്നതും പ്രായോഗികവുമായ യോഗങ്ങൾക്കുവേണ്ടി തയ്യാറായിക്കൊണ്ടു സഹവിശ്വാസികൾക്കും യഹോവയുടെ ഭാവി സ്തുതിപാഠകർക്കും അമൂല്യമായ സഹായം പ്രദാനംചെയ്യാൻ മേൽവിചാരകൻമാർക്കു കഴിയും.
യഹോവയെ സ്തുതിക്കാൻ കുട്ടികളെ സഹായിക്കുക
സമീപഭാവിയിൽ സുവാർത്തയുടെ പ്രസാധകരായിത്തീരാൻപോകുന്ന അനേകരിൽ കുട്ടികളും ഉൾപ്പെടുന്നു. തങ്ങളുടെ കുട്ടികളെ “കർത്താവിന്റെ [“യഹോവയുടെ,” NW] ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തു”ന്നതിനുള്ള ബൈബിളധിഷ്ഠിത ഉത്തരവാദിത്വം പിതാക്കൻമാർക്കു പ്രത്യേകിച്ചും ഉണ്ട്. (എഫെസ്യർ 6:4) ദൈവഭക്തിയുള്ള മാതാപിതാക്കളാൽ ഉചിതമായി പരിശീലിപ്പിക്കപ്പെടുമ്പോൾ വളരെ ചെറിയ കുട്ടിക്കുപോലും യഹോവയെ സ്തുതിക്കാനുള്ള ആഗ്രഹം വികസിപ്പിച്ചെടുക്കാനാവും.
അർജൻറീനയിലുള്ള ഒരു കൊച്ചു പെൺകുട്ടി ഒരു രാജ്യ പ്രസാധിക എന്നനിലയിൽ യോഗ്യത നേടാൻ സഹായം അഭ്യർഥിച്ചുകൊണ്ട് പല മാസങ്ങളിലായി പലവട്ടം സഭയിലെ മൂപ്പൻമാരെ സമീപിച്ചു. യഥാസമയത്ത് ഒരു സ്നാപനമേൽക്കാത്ത പ്രസാധികയാകാൻ അവളുടെ മാതാപിതാക്കളും മൂപ്പൻമാരും അനുവാദം നൽകി. അവൾ ഇപ്പോൾതന്നെ ഫലപ്രദമായ രീതിയിൽ വീടുകളിൽ രാജ്യസന്ദേശം നൽകുന്നു. വെറും അഞ്ചു വയസ്സുള്ള ഈ കൊച്ചു പെൺകുട്ടിക്കു വായിക്കാനറിയില്ലെങ്കിലും ചില ബൈബിൾ വചനങ്ങളുടെ സ്ഥാനം അവൾ മനഃപാഠം പഠിച്ചിട്ടുണ്ട്. തിരുവെഴുത്തു കണ്ടുപിടിച്ചശേഷം അവൾ വീട്ടുകാരനോട് അതു വായിക്കാൻ അഭ്യർഥിക്കുകയും പിന്നീട് അതിന്റെ വിശദീകരണം നൽകുകയും ചെയ്യുന്നു.
യഹോവയുടെ സ്തുതിപാഠകരായിത്തീരാൻ തക്കവണ്ണം പുരോഗമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ട് മൂപ്പൻമാർക്കും മാതാപിതാക്കൾക്കും വളരെയേറെ നൻമ ചെയ്യാനാവും എന്നതു സ്പഷ്ടമാണ്.—സദൃശവാക്യങ്ങൾ 3:27.
യഹോവയുമായി ഒരു നിത്യബന്ധം
എങ്കിലും, നിങ്ങൾ കുറേ കാലമായി യഹോവയുടെ സാക്ഷികളോടൊപ്പം സഹവസിക്കുകയും എന്നാൽ ഇതുവരെ പ്രസംഗവേലയിൽ അവരോടൊപ്പം പങ്കുചേരാതിരിക്കയുമാണെങ്കിലോ? പിൻവരുന്ന ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിക്കുന്നതു പ്രയോജനപ്രദമായിരിക്കും, ‘സത്യം കണ്ടെത്തിയെന്നും യഹോവ മാത്രമാണു സത്യദൈവമെന്നും ഞാൻ വിശ്വസിക്കുന്നുണ്ടോ? മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം ദൈവരാജ്യമാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടോ? യഹോവയെ വ്യസനിപ്പിക്കുന്ന സകല വ്യാജമതവും ലൗകിക സമ്പ്രദായങ്ങളും ആചാരനടപടികളും ഞാൻ ഉപേക്ഷിച്ചുവോ? ദൈവത്തോടും അവന്റെ നീതിയുള്ള പ്രമാണങ്ങളോടും എനിക്ക് ആഴമായ സ്നേഹമുണ്ടോ?’ (സങ്കീർത്തനം 97:10) ഈ ചോദ്യങ്ങൾക്കു സത്യസന്ധമായി ഉവ്വ് എന്ന് ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയുമെങ്കിൽ യഹോവയെ സ്തുതിക്കുന്നതിൽനിന്നു നിങ്ങളെ എന്താണു തടഞ്ഞുനിർത്തുന്നത്?—താരതമ്യം ചെയ്യുക: പ്രവൃത്തികൾ 8:36.
യഹോവയെ സ്തുതിക്കുന്നതിൽ സുവാർത്ത പ്രസംഗിക്കുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മപരിജ്ഞാനം നേടുകയും, നിങ്ങൾക്കു യഥാർഥ വിശ്വാസം ഉണ്ടായിരിക്കുകയും ദിവ്യ നിർദേശങ്ങളുമായി നിങ്ങളുടെ ജീവിതം പൊരുത്തപ്പെടുത്തുകയും ചെയ്തിരിക്കുന്നുവെങ്കിൽ ദൈവവുമായുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധം ഉറപ്പിക്കേണ്ടതുണ്ട്. എങ്ങനെ? പ്രാർഥനയിലൂടെ അവനു സമർപ്പിക്കുകയും സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്തുകൊണ്ടുതന്നെ. നിത്യജീവൻ നിർണായക സന്ധിയിലാണ്. അതുകൊണ്ട്, യേശുവിന്റെ പിൻവരുന്ന ബുദ്ധ്യുപദേശപ്രകാരം പ്രവർത്തിക്കുക: “ഇടുക്കുവാതിലിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.”—മത്തായി 7:13, 14.
ഇപ്പോഴത്തെ വ്യവസ്ഥിതി അതിന്റെ നാശകരമായ അന്ത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കേ ഇതു സംശയിച്ചു നിൽക്കാനുള്ള സമയമല്ല. യഹോവയുമായി നിത്യമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനു സത്വര നടപടികൾ എടുക്കുക. നിങ്ങൾ യഹോവയെ സ്തുതിക്കുമോ? ഈ ചോദ്യത്തിന് അനുകൂലമായി ഉത്തരം നൽകുന്നതിനുള്ള സമയം വാസ്തവത്തിൽ ഇതാണ്.