ക്രിസ്ത്യാനികൾ പരസ്യനിന്ദയെ നേരിടുന്ന വിധം
ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുമ്പോൾ, അല്ലെങ്കിൽ നിങ്ങളെക്കുറിച്ചു നുണകൾ പറഞ്ഞുപരത്തുമ്പോൾ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക? സ്വാഭാവികമായും ഭയങ്കര വിഷമം. യഹോവയുടെ സാക്ഷികളെ ലക്ഷ്യമാക്കി മാധ്യമങ്ങളിൽ തെററായതോ വളച്ചൊടിച്ചതോ ആയ വിവരങ്ങൾ വരുമ്പോൾ അവർക്കും ഏതാണ്ട് അങ്ങനെ തോന്നുന്നു. എന്നാൽ മത്തായി 5:11, 12-ൽ യേശു പറഞ്ഞിരിക്കുന്നതുപോലെ, അവർക്ക് അപ്പോഴും സന്തോഷിക്കാൻ വകയുണ്ട്.
ഉദാഹരണത്തിന്, “ഓരോ സാക്ഷിയും പ്രസ്തുത മതവിഭാഗത്തിന്റെ [sect] ആസ്ഥാനത്തേക്കു തന്റെ വരുമാനത്തിന്റെ 17 മുതൽ 28 വരെ ശതമാനം സംഭാവന കൊടുക്കാൻ ബാധ്യസ്ഥരാണ്” എന്നു ജർമനിയിലെ ഒരു കത്തോലിക്കാ പ്രസിദ്ധീകരണം അവകാശപ്പെടുകയുണ്ടായി. എന്നാൽ യഹോവയുടെ സാക്ഷികൾ ഒരു മതവിഭാഗമല്ല. അവരുടെ വേലയ്ക്കുള്ള പണം വരുന്നതു സ്വമേധയാ ഉള്ള സംഭാവനകളിലൂടെയാണ്. ഈ തെററായ വിവരം മുഖാന്തരം അനേകം വായനക്കാരും വഞ്ചിതരായി. യഹോവയുടെ സാക്ഷികളെ വേദനിപ്പിക്കുന്നതാണ് അത്തരം വ്യാജവിവരങ്ങൾ. എന്നാൽ മാധ്യമങ്ങളിലൂടെയുള്ള അത്തരം നിന്ദയോടു സത്യക്രിസ്ത്യാനികൾ എങ്ങനെയാണു പ്രതികരിക്കേണ്ടത്?
ക്രിസ്ത്യാനികൾക്കു പിൻപററാൻ ഒരു മാതൃക
തന്നെ എതിർത്ത മതനേതാക്കൻമാരുടെ കാപട്യത്തെയും വഞ്ചനയെയും യേശു എപ്രകാരം കുററംവിധിച്ചുവെന്നു മത്തായി 23-ാം അധ്യായം വ്യക്തമായി വർണിക്കുന്നുണ്ട്. ക്രിസ്ത്യാനികൾ ഇന്നു വിമർശകരെ എങ്ങനെ നേരിടണമെന്നതിനുള്ള ഒരു മാതൃകയാണോ ഇത്? തീർച്ചയായും അല്ല. തനിക്കുണ്ടായിരുന്ന അനുപമമായ അധികാരവും ഉൾക്കാഴ്ചയും നിമിത്തമാണ് മനുഷ്യപുത്രൻ തന്റെ മതപ്രതിയോഗികളെ കുററംവിധിച്ചത്. അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന പുരുഷാരത്തിന്റെ പ്രയോജനത്തിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.
യേശുവിന്റെ ശിഷ്യൻമാർ യഹൂദ പാരമ്പര്യം ലംഘിച്ചുവെന്നു പറഞ്ഞ് യേശു വിമർശിക്കപ്പെട്ടുവെന്നു മത്തായി 15:1-11 വിവരിക്കുന്നു. യേശു എങ്ങനെയാണു പ്രതികരിച്ചത്? അവൻ സംയമനം പാലിച്ചു. ചിലയവസരങ്ങളിൽ യേശു വിമർശകരുടെ നേരെ എതിർവാദമുന്നയിച്ച് അവരുടെ തെററായ വീക്ഷണങ്ങളെ തുറന്നടിച്ചു ഖണ്ഡിക്കുകയുണ്ടായി. പൊതുവേ പറഞ്ഞാൽ, തങ്ങളുടെ വേലയെയോ പഠിപ്പിക്കലുകളെയോ ആരെങ്കിലും വളച്ചൊടിച്ച് അവതരിപ്പിക്കുമ്പോൾ ഇന്നത്തെ ക്രിസ്ത്യാനികൾ വസ്തുതകൾ നിരത്തി യുക്തിപൂർവകമായി സംഗതി വ്യക്തമാക്കാൻ ശ്രമിച്ചുകൊണ്ട് അവ തിരുത്താൻ ശ്രമിക്കുന്നതിൽ തെറെറാന്നുമില്ല. അവർ ഇതു ചെയ്യുന്നതു യഹോവയുടെ സാക്ഷികൾക്കെതിരായ വിമർശനം അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആത്മാർഥതയുള്ള ആളുകൾ ഗ്രഹിക്കാൻതക്കവണ്ണം അവരെ അതിനു സഹായിക്കാൻവേണ്ടിയാണ്.
എന്നാൽ കുറച്ചുനേരം കഴിഞ്ഞ് “പരീശൻമാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ” എന്നു ശിഷ്യൻമാർ സൂചിപ്പിച്ചപ്പോൾ യേശു എങ്ങനെ പ്രതികരിച്ചുവെന്നു ശ്രദ്ധിക്കുക. ഈ പരീശൻമാർ “ഇടറിപ്പോയി”—അവർ വെറുതെയൊന്നു വിഷമിച്ചുവെന്നല്ല, യേശുവിനാൽ തള്ളപ്പെട്ട, തിരുത്താനാവാത്ത പ്രതിയോഗികളായിത്തീർന്നു. അതുകൊണ്ട് അവൻ ഇങ്ങനെ ഉത്തരം കൊടുത്തു: “അവരെ വിടുവിൻ; അവർ കുരുടൻമാരായ വഴികാട്ടികൾ അത്രേ.” വൈരാഗ്യചിന്തയുള്ള അത്തരം എതിരാളികളോടു കൂടുതലായ ചർച്ചനടത്തുന്നതു നിരർഥകമാകുമായിരുന്നു, ആർക്കും ഒരു പ്രയോജനവും ചെയ്യുമായിരുന്നില്ല. പ്രയോജനരഹിതമായ വെറും വാദകോലാഹലംമാത്രമാവും ഫലം. (മത്തായി 7:6; 15:12-14; താരതമ്യം ചെയ്യുക: 27:11-14.) യേശു കൊടുത്ത മറുപടികൾ പ്രകടമാക്കുന്നത് “മിണ്ടാതിരിപ്പാൻ ഒരു കാല”വും “സംസാരിപ്പാൻ ഒരു കാല”വുമുണ്ട് എന്നാണ്.—സഭാപ്രസംഗി 3:7.
തങ്ങളെക്കുറിച്ച് എല്ലാവരും നല്ലതു പറയുമെന്ന പ്രതീക്ഷയൊന്നും യഹോവയുടെ സാക്ഷികൾക്കില്ല. “സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കൻമാർ കള്ളപ്രവാചകൻമാരെ അങ്ങനെ ചെയ്തുവല്ലോ” എന്ന യേശുവിന്റെ വാക്കുകൾ അവർ മനസ്സിൽപ്പിടിക്കുന്നു. (ലൂക്കൊസ് 6:26) തനിക്ക് എതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കൊന്നും എന്തേ മറുപടി കൊടുക്കാത്തത് എന്നു ചോദിച്ചപ്പോൾ വാച്ച് ടവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡൻറായിരുന്ന സി.ററി. റസ്സൽ മറുപടി പറഞ്ഞു: “നിങ്ങളുടെനേരെ കുരയ്ക്കുന്ന ഓരോ പട്ടിയെയും തൊഴിക്കാൻ നിന്നാൽ നിങ്ങൾ ഏറെയെങ്ങും എത്താൻ പോകുന്നില്ല.”
അതുകൊണ്ട്, കച്ചകെട്ടിയിറങ്ങിയിരിക്കുന്ന എതിരാളികളുടെ അഭിപ്രായപ്രകടനങ്ങൾ ദൈവസേവനത്തിൽനിന്നു നമ്മുടെ ശ്രദ്ധതിരിക്കാൻ നമ്മെ അനുവദിക്കരുത്. (സങ്കീർത്തനം 119:69) നമുക്കു സത്യക്രിസ്ത്യാനികളുടെ വേലയിൽ, സുവിശേഷഘോഷണത്തിൽ, ശ്രദ്ധകേന്ദ്രീകരിക്കാം. അതിന്റെ ഒരു സ്വാഭാവിക ഫലം എന്നനിലയിൽ, ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും നമ്മുടെ വേല സംബന്ധിച്ചു ചുരുക്കിവിവരിക്കാനുമുള്ള അവസരങ്ങൾ നമുക്കു ലഭിക്കും. അത് ഒരു വ്യക്തിയുടെ ധാർമികതയെ അഭിവൃദ്ധിപ്പെടുത്തുകയും ദൈവത്തിന്റെ വചനത്തിൽ അയാളെ പ്രബോധിപ്പിക്കുകയും ചെയ്യും.—മത്തായി 24:14; 28:19, 20.
വിമർശനത്തോടു പ്രതികരിക്കണമോ?
യേശു തന്റെ അനുഗാമികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈ ലോകത്തിന്റെ ഭാഗമല്ല . . . ഇക്കാരണത്താൽ ലോകം നിങ്ങളെ വെറുക്കുന്നു.” (യോഹന്നാൻ 15:19) യഹോവയുടെ സാക്ഷികളെ കരിവാരിത്തേക്കുന്ന പത്രറിപ്പോർട്ടുകളിൽ അനേകവും ഈ വെറുപ്പിന്റെ ഒരു പ്രകടനം മാത്രമാണ്, അതുകൊണ്ടുതന്നെ അവഗണിക്കേണ്ടതും. എന്നുവരികിലും, ചിലപ്പോഴൊക്കെ മാധ്യമങ്ങൾ കൊടുക്കുന്ന വിവരങ്ങൾ അവർക്കു സാക്ഷികളെക്കുറിച്ചു വിവരമില്ലെന്നേ പ്രതിഫലിപ്പിക്കുന്നുള്ളൂ, അല്ലെങ്കിൽ അവ ചില വസ്തുതകളുടെ വളച്ചൊടിക്കലാകാം, അഥവാ ദുർവ്യാഖ്യാനമാകാം. ചില പത്രപ്രവർത്തകർക്കു വിവരം ലഭിക്കുന്നതു പക്ഷപാതമുള്ളവരിൽനിന്നായിരിക്കാം. മാധ്യമങ്ങളിൽ വന്ന തെററായ ഒരു വിവരം നാം അവഗണിക്കണമോ ഉചിതമായ മാർഗത്തിലൂടെ സത്യാവസ്ഥയ്ക്കുവേണ്ടി വാദപ്രതിവാദം നടത്തണമോ എന്നത് സാഹചര്യങ്ങൾ, വിമർശനത്തിനു പിന്നിലെ വ്യക്തി, അയാളുടെ ലക്ഷ്യം എന്നിവയെയാണ് ആശ്രയിച്ചിരിക്കുന്നത്.
ചിലപ്പോൾ, വേണ്ടവിധത്തിൽ ഒരെഴുത്തു തയ്യാറാക്കി, അതു മുഴുവനായി പ്രസിദ്ധീകരിക്കുമെങ്കിൽ, പത്രാധിപർക്ക് അയച്ചുകൊണ്ടു വിവരങ്ങൾ തിരുത്താവുന്നതേയുള്ളൂ. എന്നാൽ അത്തരം എഴുത്തുകൾക്ക് ഉദ്ദേശിച്ചതിനു നേർവിപരീത ഫലവും ഉളവാക്കിക്കൂടെന്നില്ല. എങ്ങനെ? ആദ്യത്തെ കള്ളപ്രചരണത്തിന് അതുമൂലം കൂടുതൽ പ്രചാരം കിട്ടുന്നു, അല്ലെങ്കിൽ നുണകളോ നിന്ദകളോ അടിച്ചുപ്രചരിപ്പിക്കാൻ എതിരാളികൾക്കു പിന്നെയും അവസരം ലഭിക്കുന്നു. മിക്ക സന്ദർഭങ്ങളിലും പത്രാധിപൻമാർക്കു കത്ത് എഴുതുന്ന കാര്യം ബന്ധപ്പെട്ട മൂപ്പൻമാർക്കു വിടുന്നതാവും ബുദ്ധി. പ്രതികൂലമായ ഒരു പത്രറിപ്പോർട്ട് ഹേതുവായി ആളുകളിൽ മുൻവിധിയുണ്ടായിട്ടുണ്ടെങ്കിൽ, വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസിന് ആ രാജ്യത്തെ സഭകളെ ആവശ്യമായ വിവരങ്ങൾ ധരിപ്പിക്കാനാവും. അങ്ങനെ അതു ചോദിക്കുന്നവർക്കു തൃപ്തികരമായ വിശദാംശങ്ങൾ കൊടുക്കാൻ പ്രസാധകരെ പ്രാപ്തരാക്കിക്കൊള്ളും.
കെട്ടിച്ചമച്ച അത്തരം ആരോപണങ്ങളിൽ നിങ്ങൾ വ്യക്തിപരമായി ഉൾപ്പെടേണ്ട ആവശ്യംപോലുമുണ്ടോ? “അവരെ വിടുവിൻ,” അവരെ അവഗണിക്കുവിൻ, എന്ന യേശുവിന്റെ ബുദ്ധ്യുപദേശം എതിരാളികളുടെ ഈ കൂട്ടത്തിന്റെ കാര്യത്തിലും ബാധകമാണ്. വിശ്വാസത്യാഗികളെയും അവരുടെ വീക്ഷണങ്ങളെയും തള്ളിക്കളയുന്നതിനു വിശ്വസ്ത ക്രിസ്ത്യാനികൾക്കു ബൈബിൾപരമായ കാരണങ്ങളുണ്ട്. (1 കൊരിന്ത്യർ 5:11-13; തീത്തൊസ് 3:10, 11; 1 യോഹന്നാൻ 2:19; 2 യോഹന്നാൻ 10, 11) വിമർശനം വസ്തുതയോ വ്യാജമോ എന്നറിയാൻ ആരെങ്കിലും ആത്മാർഥമായി താത്പര്യം കാട്ടുന്നെങ്കിൽ, അതിനൊരു ഉത്തരം കൊടുക്കാൻ സാധാരണമായി നിങ്ങളുടെതന്നെ സുസ്ഥാപിത പരിജ്ഞാനം മതിയാകും.—കാണുക: 1986 മാർച്ച് 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജ് 13, 14.
വളച്ചൊടിച്ച വിവരങ്ങൾ പത്രങ്ങളിൽ കാണുമ്പോൾ, സദൃശവാക്യങ്ങൾ 14:15-ലെ ഈ ബുദ്ധ്യുപദേശം ചെവിക്കൊള്ളുക: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” ആരെയും വികാരംകൊള്ളിക്കുന്നതായിരുന്നു സ്വിററ്സർലൻഡിലെ ഒരു പത്രറിപ്പോർട്ട്. ആളുകൾ രോഷാകുലരായി. രക്തംകൊടുക്കുന്നതിൽനിന്ന് ആശുപത്രി ജീവനക്കാരെ ബന്ധുക്കൾ തടഞ്ഞതിനെത്തുടർന്നു സാക്ഷിയായ ഒരു യുവതി മരണമടഞ്ഞുവെന്നായിരുന്നു പത്രറിപ്പോർട്ട്. എന്നാൽ അതു വാസ്തവമായിരുന്നോ? അല്ല. മതപരമായ കാരണങ്ങളാലായിരുന്നു രോഗി രക്തപ്പകർച്ച നിരാകരിച്ചത്. എന്നാൽ രക്തരഹിത പകര ചികിത്സയ്ക്ക് അവൾ തീർച്ചയായും സമ്മതിച്ചിരുന്നു. ഒരൊച്ചപ്പാടുംകൂടാതെ അതങ്ങു കൊടുത്താൽ മതിയായിരുന്നു. ചിലപ്പോൾ അത് അവളുടെ ജീവൻ രക്ഷിച്ചേനേ. എന്നാൽ വളരെ വൈകിപ്പോകുന്നതുവരെ അനാവശ്യമായി സംഗതി വച്ചുതാമസിപ്പിക്കുകയാണ് ആശുപത്രിക്കാർ ചെയ്തത്. ഈ വസ്തുതകളൊന്നും പത്രറിപ്പോർട്ടിലുണ്ടായിരുന്നില്ല.
അതുകൊണ്ട്, അത്തരം റിപ്പോർട്ടുകളിൽ എത്രമാത്രം സത്യമുണ്ടെന്നു ശ്രദ്ധാപൂർവം തൂക്കിനോക്കുക. അത്തരം കാര്യങ്ങൾ സ്നേഹപുരസ്സരമായ വിധത്തിലും ബൈബിൾ മാർഗനിർദേശങ്ങൾക്കു ചേർച്ചയിലും പ്രദേശത്തെ മൂപ്പൻമാരാണു കൈകാര്യം ചെയ്യുന്നത് എന്നു നിങ്ങളോടു ചോദിക്കുന്നവരോടു പറയാനാവും. മറുപടി പറയുമ്പോൾ തത്ത്വങ്ങളോടു പററിനിൽക്കുന്നത് എടുത്തുചാടി നിഗമനങ്ങളിലെത്തുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കും.—സദൃശവാക്യങ്ങൾ 18:13.
നേരിട്ടുള്ള വിവരം മർമപ്രധാനം
ഒന്നാം നൂററാണ്ടിൽ യേശുവിന്റെ സൽപ്പേരിനു കളങ്കം ചാർത്താൻ ആളുകൾ അവനെക്കുറിച്ചു നുണകൾ പറഞ്ഞുപരത്തുകയുണ്ടായി. ചിലർ അവനെ രാജ്യദ്രോഹിയെന്നുപോലും മുദ്രകുത്തി. (ലൂക്കൊസ് 7:34; 23:2; താരതമ്യം ചെയ്യുക: മത്തായി 22:21.) പിന്നീട്, ക്രിസ്തീയ സഭയ്ക്കും അതിന്റെ ശൈശവദശയിൽ മത-ലൗകിക ഘടകങ്ങളിൽനിന്നു വ്യാപകമായ എതിർപ്പു നേരിടേണ്ടിവന്നു. “ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്ത”തുനിമിത്തം പലരും അവന്റെ ദാസൻമാരെ പുച്ഛത്തോടെ വീക്ഷിച്ചു. (1 കൊരിന്ത്യർ 1:22-29) ഇന്നത്തെ സത്യക്രിസ്ത്യാനികൾ നിന്ദ പ്രതീക്ഷിച്ചേതീരൂ, അത് ഒരുതരത്തിലുള്ള പീഡനമാണ്.—യോഹന്നാൻ 15:20.
എന്നുവരികിലും, തങ്ങൾ സംസാരിക്കുന്ന വ്യക്തി നിഷ്പക്ഷചിന്താഗതിക്കാരനാണെങ്കിൽ, റോമിൽവെച്ച് പൗലോസിന്റെ സന്ദർശകർ പ്രകടമാക്കിയ അതേ മനോഭാവം കാട്ടുന്നവനാണെങ്കിൽ യഹോവയുടെ സാക്ഷികൾ അതു വിലമതിക്കും. “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നതിനാൽ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു അവർ പറഞ്ഞത്.—പ്രവൃത്തികൾ 28:22.
തെററിദ്ധരിക്കപ്പെട്ട ആളുകൾക്കു സൗമ്യമായി ഒരു വിശദീകരണം കൊടുക്കുക. (റോമർ 12:14; താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 2:25.) യഹോവയുടെ സാക്ഷികളെക്കുറിച്ചു നേരിട്ടുള്ള വിവരം കണ്ടെത്താൻ അവരെ ക്ഷണിക്കുക. അതു വ്യാജ ആരോപണങ്ങളാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ അവരെ സഹായിക്കും. നിങ്ങൾക്കു വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന വിശദീകരണങ്ങളും ഉപയോഗിക്കാം. അവ സ്ഥാപനത്തെയും അതിന്റെ ചരിത്രത്തെയും അതിന്റെ പഠിപ്പിക്കലുകളെയും കുറിച്ചുള്ള വിശദാംശങ്ങൾ നൽകും.a ഫിലിപ്പോസ് ഒരിക്കൽ നഥനയേലിനോടു മറുപടി പറഞ്ഞപ്പോൾ ഇത്രയേ പറഞ്ഞുള്ളൂ: “വന്നു കാൺക.” (യോഹന്നാൻ 1:46) നമുക്കും അതുപോലെ ചെയ്യാം. അങ്ങനെ ആഗ്രഹിക്കുന്ന ആർക്കും ഊഷ്മളമായ സ്വാഗതമുണ്ട്. അവർക്കു രാജ്യഹാൾ സന്ദർശിച്ച് യഹോവയുടെ സാക്ഷികൾ ഏതുതരം വ്യക്തികളാണ്, അവർ എന്തു വിശ്വസിക്കുന്നു എന്നെല്ലാം സ്വയം നിരീക്ഷിക്കാവുന്നതാണ്.
എതിരാളികളെ ഭയപ്പെടരുത്
ആളുകൾ യഹോവയുടെ സാക്ഷികൾ ആയിത്തീരുന്നതു തടയാൻ നിന്ദകൊണ്ടു സാധിക്കുന്നില്ലെന്നത് എത്ര പ്രോത്സാഹജനകമാണ്! ജർമനിയിലെ ഒരു ടിവി പ്രഭാഷണത്തിൽ വിശ്വാസത്യാഗികൾ സാക്ഷികൾക്കെതിരെ നുണകൾ വാരിവിതറി. വിശ്വാസത്യാഗികളുടെ വശ്യമായ ആ പ്രസ്താവനകളൊക്കെയും കെട്ടുകഥകളാണെന്നു തിരിച്ചറിഞ്ഞ ഒരു പ്രേക്ഷകൻ സാക്ഷികളോടൊത്തുള്ള തന്റെ ബൈബിൾ പഠനം പുനരാരംഭിച്ചു. അതേ, പരസ്യനിന്ദയും ചിലപ്പോൾ ഗുണമുള്ള ഫലങ്ങളുണ്ടാക്കുന്നു!—താരതമ്യം ചെയ്യുക: ഫിലിപ്പിയർ 1:12, 13.
ചിലർ സത്യത്തെക്കാളധികം ശ്രദ്ധിക്കുക “കെട്ടുകഥ”കളെയായിരിക്കുമെന്ന് അപ്പോസ്തലനായ പൗലോസ് അറിഞ്ഞിരുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ എഴുതി: “നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.” (2 തിമൊഥെയൊസ് 4:3-5) അതുകൊണ്ട്, ശ്രദ്ധപതറാൻ സ്വയം അനുവദിക്കരുത്. എതിരാളികളാൽ ‘ഒന്നിലും കുലുങ്ങിപ്പോകരുത്.’ (ഫിലിപ്പിയർ 1:27) ശാന്തതയോടെ, സംയമനത്തോടെ സന്തോഷഭരിതരായി സുവാർത്ത പ്രസംഗിക്കുക. അങ്ങനെ നിങ്ങൾ പരസ്യനിന്ദയെ അചഞ്ചലമായി നേരിടുന്നതായിരിക്കും. അതേ, യേശുവിന്റെ ഈ വാഗ്ദത്തം ഓർക്കുക: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിൻമയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ അങ്ങനെതന്നേ ഉപദ്രവിച്ചുവല്ലോ.”—മത്തായി 5:11, 12.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു, യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ, യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്നീ പ്രസിദ്ധീകരണങ്ങൾ കാണുക.
[27-ാം പേജിലെ ആകർഷകവാക്യം]
എതിരാളികളെ നേരിട്ടപ്പോൾ യേശു ശിഷ്യൻമാരോടു പറഞ്ഞു: “അവരെ വിടുവിൻ.” അവൻ എന്താണ് അർഥമാക്കിയത്?
[29-ാം പേജിലെ ആകർഷകവാക്യം]
“എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിൻമയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ.”—മത്തായി 5:11