വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്തീയ സ്നാപനങ്ങളുടെ സമയത്ത് ഏതു മനോഭാവമാണു പ്രകടിപ്പിക്കേണ്ടത്?
രസകരമായ ചോദ്യം. ഞങ്ങളുടെ വായനക്കാരിൽ അനേകരും ഇതിനോടകംതന്നെ സ്നാപനമേററവരാണ്. എങ്കിലും സ്നാപനത്തിനു വിധേയമാകുന്നവരെപ്പോലെതന്നെ, അവർക്കും ഇക്കാര്യം ബാധകമാണ്. പൂർണമായി വെള്ളത്തിൽ മുങ്ങി സ്നാപനമേൽക്കുന്നവരെക്കുറിച്ചു നമുക്ക് ആദ്യം ചിന്തിക്കാം. അവരുടെ മനോഭാവം എന്തായിരിക്കണം?
പോയി ആളുകളെ പഠിപ്പിച്ചു സ്നാപനം ചെയ്യിച്ച് അവരെ ശിഷ്യരാക്കാൻ മത്തായി 28:19, 20-ൽ യേശു തന്റെ അനുഗാമികളോടു പറയുകയുണ്ടായി. നൈമിഷിക ആവേശത്തള്ളലിൽനിന്ന് ഉയിർക്കൊള്ളുന്ന, അങ്ങേയററത്തെ ഒരു വൈകാരികാനുഭൂതിയായിട്ടല്ല അവൻ സ്നാപനത്തെ അവതരിപ്പിച്ചത്. അതൊരു ഗൗരവമായ നടപടിയാണ്. യേശുവിന്റെ മാതൃകയിൽനിന്നു നമുക്കത് കാണാവുന്നതാണ്. “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏററു പ്രാർഥിക്കുമ്പോൾ സ്വർഗം തുറന്നു” എന്ന് ലൂക്കൊസ് 3:21 പറയുന്നു. അതേ, നമ്മുടെ മാതൃകാപുരുഷൻ സ്നാപനത്തെ വീക്ഷിച്ചതു ഗൗരവത്തോടെയായിരുന്നു, പ്രാർഥനാനിർഭരമായിട്ടായിരുന്നു. വെള്ളത്തിൽനിന്നു കയറി ആർപ്പിടുകയോ കൈകളുയർത്തി ആഞ്ഞുവീശി അവൻ വിജയാഹ്ലാദത്തിന്റേതായ ആംഗ്യങ്ങൾ കാട്ടുകയോ ചെയ്തിരിക്കാമെന്നൊന്നും നമുക്ക് ഊഹിക്കാനേ കഴിയില്ല. എന്നാൽ ഈയിടെ ചിലർ അങ്ങനെ ചെയ്തിട്ടുണ്ട്. സ്നാപക യോഹന്നാൻ മാത്രം സന്നിഹിതനായിരുന്ന ആ സമയത്ത് അവൻ പ്രാർഥനയിൽ തന്റെ സ്വർഗീയ പിതാവിലേക്കു തിരിയുകയാണു ചെയ്തത്.
എങ്കിലും, ക്രൈസ്തവലോകത്തിലെ ഇന്നത്തെ ചില സഭകൾ ആവശ്യപ്പെടുന്നതുപോലെ, ശരീരത്തെ പ്രത്യേക നിലയിൽ നിർത്തുന്നതോ എന്തെങ്കിലും ഉരുവിടുന്നതോ ആവശ്യമാക്കിക്കൊണ്ട് സ്നാപനം നിരുല്ലാസകരമോ മൂകമോ ആയ ഒരു സംഭവമാക്കിത്തീർക്കണമെന്നു ബൈബിൾ നിർദേശിക്കുന്നില്ല. എന്തിന് ഏറെ പറയണം. ആയിരക്കണക്കിനു യഹൂദൻമാരും മതപരിവർത്തനം നടത്തിയവരും ക്രിസ്തീയ സ്നാപനമേററ പെന്തക്കൊസ്ത് ദിനത്തെക്കുറിച്ചു ചിന്തിക്കുക. അവർ അതിനോടകംതന്നെ ദൈവത്തിന്റെ നിയമം പഠിച്ചവരായിരുന്നു, അങ്ങനെ അവനുമായി ഒരു ബന്ധത്തിലായിരുന്നുതാനും. അതുകൊണ്ട്, അവർ മിശിഹായായ യേശുവിനെക്കുറിച്ച് അറിയുകയും അവനെ അംഗീകരിക്കുകയും മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. അങ്ങനെ ചെയ്തുകഴിഞ്ഞാൽപ്പിന്നെ അവർക്കു സ്നാപനമേൽക്കാമായിരുന്നു.
പ്രവൃത്തികൾ 2:41 ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏററു.” വേമത്തിന്റെ ബൈബിൾ പരിഭാഷയിൽ ആ വാക്യം ഇങ്ങനെയാണ്: “അതുകൊണ്ട്, അവന്റെ വാക്ക് ആഹ്ലാദപൂർവം സ്വാഗതംചെയ്തവർ സ്നാപനമേററു.” മിശിഹായെ സംബന്ധിച്ച പുളകപ്രദമായ വാർത്തയിൽ അവർ സന്തുഷ്ടരായി. ഹൃദയസ്പർശിയായ ആ ആഹ്ലാദം സ്നാപനംവരെ, നൂറുകണക്കിനു സന്തുഷ്ട നിരീക്ഷകരുടെ മുമ്പാകെയുള്ള സ്നാപനംവരെ നീണ്ടു. സ്വർഗത്തിലെ ദൂതൻമാർവരെ അതു കണ്ടാനന്ദിക്കുകയായിരുന്നു. “മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതൻമാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന യേശുവിന്റെ വാക്കുകൾ ഓർക്കുക.—ലൂക്കൊസ് 15:10.
നമുക്കു സ്നാപനത്തിന്റെ ഗൗരവ സ്വഭാവത്തെയും സന്തോഷത്തെയും പ്രതിഫലിപ്പിക്കാനാവുന്ന അനേകം വിധങ്ങളുണ്ട്. ചില പള്ളികളിൽ സ്നാപനമേൽക്കുന്നവർ വെളുത്തതോ കറുത്തതോ ആയ വസ്ത്രങ്ങളണിയുന്നു. അത്തരമൊരു നിബന്ധനയ്ക്കു തിരുവെഴുത്തുപരമായി യാതൊരു പിന്തുണയുമില്ല. എന്നുവെച്ച്, പുരുഷൻമാരായാലും സ്ത്രീകളായാലും വളരെ ചെറിയതോ ശരീരം വെളിപ്പെടുത്തുന്നതോ ആയ സ്നാനവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കില്ല. മുന്നമേ പ്രസ്താവിച്ചപോലെ, വെള്ളത്തിൽനിന്നു കയറിവന്നിട്ട് ഒരു പുതുക്രിസ്ത്യാനി പ്രത്യേക ആംഗ്യങ്ങൾ കാട്ടുകയോ ഒരു വൻവിജയം നേടിയപോലെ പ്രവർത്തിക്കുകയോ ചെയ്യരുത്. പുതിയതായി ഒരാൾ സ്നാപനമേററതിൽ ക്രിസ്തീയ സഹോദരവർഗത്തിലെ മറെറല്ലാവർക്കും സന്തോഷമുണ്ട്. ദൈവാംഗീകാരം നേടാനുള്ള ദീർഘമായ നിർമലഗതിയുടെ ആദ്യ പടിയാണു വിശ്വാസത്തിന്റെ ഈ പ്രകടനമെന്ന് അയാൾ മനസ്സിലാക്കണം.—മത്തായി 16:24.
പരസ്യമായ സ്നാപനം നിരീക്ഷിക്കുന്നവർ എന്നനിലയിൽ, ആ സന്ദർഭത്തിൽ ഉൾപ്പെട്ടിരിക്കുന്ന സന്തോഷത്തിൽ നാം പങ്കുകൊള്ളുന്നു, വിശേഷിച്ച്, സ്നാപനമേൽക്കുന്നയാൾ നമ്മുടെ ഒരു ബന്ധുവോ നമ്മോടൊത്തു ബൈബിൾ പഠിച്ചയാളോ ആണെങ്കിൽ. എന്നിരുന്നാലും, മുഴുവനായി പങ്കുകൊള്ളാൻ സ്നാപനാർഥികൾക്കുവേണ്ടിയുള്ള മുഴു പ്രസംഗവും ചോദ്യങ്ങൾക്കുള്ള അവരുടെ ഉത്തരവും നാം കേൾക്കുകയും ആ പ്രാർഥനയിൽ പങ്കെടുക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിനാൽ യഥാർഥ സ്നാപനത്തെ നമ്മുടെ ശരിയായ വീക്ഷണത്തിൽ നിർത്താനാവും; അതു സംബന്ധിച്ചു ദൈവത്തിനുള്ള കാഴ്ചപ്പാടു നമുക്കുമുണ്ടാവും. സ്നാപനത്തിനുശേഷം, നമ്മുടെ സന്തോഷം പ്രകടമാക്കാൻ ഒരു വിജയാഘോഷമോ, പുഷ്പോപഹാരമോ സ്നാപനമേററയാൾക്കുവേണ്ടി ഒരു പാർട്ടിനടത്തലോ ഒന്നും ആവശ്യമില്ല. എന്നാൽ അവർ എടുത്ത വളരെ നല്ല തീരുമാനത്തിൽ സന്തുഷ്ടി പ്രകടിപ്പിക്കാനും നമ്മുടെ ക്രിസ്തീയ സാഹോദര്യത്തിലേക്കു വളരെ ഊഷ്മളമായ ഒരു സ്വാഗതം ആശംസിക്കാനും നമുക്കു പുതിയ സഹോദരനെയോ സഹോദരിയെയോ സമീപിക്കാവുന്നതാണ്.
ചുരുക്കത്തിൽ, ജലസ്നാപനമേൽക്കാൻ പോകുന്നവരുൾപ്പെടെ നാമെല്ലാം സ്നാപനത്തെ ഉചിതമായ ഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്. വികാരാവേശപ്രകടനത്തിനോ, പാർട്ടിനടത്തുന്നതിനോ ഉല്ലാസത്തിമിർപ്പിനോ ഉള്ള സമയമല്ല അത്. അതേസമയം നിരുല്ലാസകരമോ മൂകമോ ആയ സമയവുമല്ല അത്. നിത്യജീവനിലേക്കുള്ള വഴിയിൽ പുതിയവർ നമ്മോടൊപ്പം ചേർന്നിരിക്കുന്നതിൽ നമുക്ക് ഉചിതമായും സന്തോഷിക്കാം. അതിനാൽ, നമ്മുടെ പുതിയ സഹോദരീസഹോദരൻമാരെ നമുക്ക് ആഹ്ലാദപൂർവം സ്വാഗതം ചെയ്യാം.
[31-ാം പേജ് നിറയെയുള്ള ചിത്രം]