നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ വിലമതിച്ചുവോ? കൊള്ളാം, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയുമോ എന്നു കാണുക:
▫ ആദിമ ക്രിസ്ത്യാനികൾ യേശുവിന്റെ ജൻമദിനം ആഘോഷിക്കാഞ്ഞത് എന്തുകൊണ്ട്? ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്ന പ്രകാരം, “ആരുടെയെങ്കിലും ജനനം കൊണ്ടാടുന്നത് ഒരു പുറജാതീയ ആചാരമാണെന്ന് ആദിമ ക്രിസ്ത്യാനികൾ കരുതിയിരുന്നതുകൊണ്ട് അവർ [യേശുവിന്റെ] ജനനം ആഘോഷിച്ചില്ല.”—12⁄15, പേജ് 4.
▫ പ്രാർഥനകൾ യേശുവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരിക്കണമോ? അല്ല. എന്തുകൊണ്ടെന്നാൽ പ്രാർഥനകൾ സർവശക്തനായ ദൈവത്തിനു മാത്രമുള്ള സമ്പൂർണ ആരാധനയുടെ ഒരു വിധമാണ്. നമ്മുടെ സകല പ്രാർഥനകളും യഹോവയാം ദൈവത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു പ്രാർഥിക്കുന്നതിനുള്ള യേശുവിന്റെ നിർദേശം ഹൃദയത്തിൽ ഉൾക്കൊണ്ടുവെന്നു നാം പ്രകടമാക്കുകയാണു ചെയ്യുന്നത്. (മത്തായി 6:9)—12⁄15, പേജ് 25.
▫ ദാവീദു രാജാവു ചെയ്ത കൊടിയ പാപത്തോടുള്ള താരതമ്യത്തിൽ അനന്യാസിന്റെയും സഫീരയുടെയും പാപത്തിന് ഒരു വ്യത്യസ്ത ന്യായവിധി നടത്താൻ കാരണമെന്ത്? (2 ശമൂവേൽ 11:2-24; 12:1-14; പ്രവൃത്തികൾ 5:1-11) ദാവീദ് പാപം ചെയ്തതു ജഡിക ബലഹീനത നിമിത്തമായിരുന്നു. ചെയ്ത സംഗതി സംബന്ധിച്ചു ചോദ്യംചെയ്തപ്പോൾ അവൻ അനുതപിക്കുകയും—പാപഫലം സഹിതം ജീവിക്കേണ്ടി വന്നെങ്കിലും—യഹോവ അവനോടു പൊറുക്കുകയും ചെയ്തു. അനന്യാസും സഫീരയും, ക്രിസ്തീയ സഭയെ, കപടപൂർവം നുണപറഞ്ഞുകൊണ്ടു വഞ്ചിക്കാൻ ശ്രമിക്കുകയും അങ്ങനെ ‘പരിശുദ്ധാത്മാവിനോടും ദൈവത്തോടും വ്യാജം കാണി’ക്കുകയും ചെയ്തുവെന്നതാണ് അവർ ചെയ്ത പാപം. (പ്രവൃത്തികൾ 5:3, 4) അത് ദുഷ്ട ഹൃദയമാണെന്നതിനു തെളിവു നൽകി. തൻമൂലം അവർ കൂടുതൽ കർശനമായി ന്യായംവിധിക്കപ്പെട്ടു.—1⁄1, പേജുകൾ 27, 28.
▫ ഹൃദയസന്തോഷത്തോടെ യഹോവയെ സേവിക്കാൻ നമ്മെ എന്തു സഹായിക്കും? നമ്മുടെ അനുഗ്രഹങ്ങളും ദൈവദത്ത സേവന പദവികളും സംബന്ധിച്ചു ക്രിയാത്മകവും വിലമതിപ്പുള്ളതുമായ ഒരു കാഴ്ചപ്പാടു വളർത്തിയെടുക്കണം. കൂടാതെ, ദൈവവചനം പിൻപററിക്കൊണ്ട് നാം അവനെ പ്രസാദിപ്പിക്കുകയാണെന്ന് ഒരിക്കലും മറക്കരുത്.—1⁄15, പേജുകൾ 16, 17.
▫ ഫലപ്രദമായ പ്രോത്സാഹനം കൊടുക്കേണ്ടതിന് ഏതു രണ്ടു കാര്യങ്ങൾ നാം മനസ്സിൽപ്പിടിക്കണം? ഒന്ന്, നിങ്ങളുടെ പ്രോത്സാഹനത്തിനു കൃത്യതയുണ്ടായിരിക്കേണ്ടതിന് എന്തു പറയണമെന്നതിനെക്കുറിച്ചു ചിന്തിക്കുക. രണ്ട്, പ്രശംസ അർഹിക്കുന്ന ഒരു വ്യക്തിയെ അഥവാ കെട്ടുപണി ചെയ്യപ്പെടേണ്ടയാവശ്യമുള്ള ഒരു വ്യക്തിയെ സമീപിക്കാനുള്ള അവസരം പാർത്തിരിക്കുക.—1⁄15, പേജ് 23.
▫ “മഹാപുരുഷാരം . . . കയ്യിൽ കുരുത്തോലയുമായി” നിൽക്കുന്നതിനു കാരണമെന്ത്? (വെളിപ്പാടു 7:9) കുരുത്തോലവീശൽ സൂചിപ്പിക്കുന്നത് “മഹാപുരുഷാരം” യഹോവയുടെ രാജ്യത്തെയും അവന്റെ അഭിഷിക്ത രാജാവായ യേശുക്രിസ്തുവിനെയും സസന്തോഷം സ്തുതിക്കുന്നുവെന്നാണ്. (കാണുക: ലേവ്യപുസ്തകം 23:39, 40.)—2⁄1, പേജ് 27.
▫ ഇയ്യോബിന്റെ പുസ്തകത്തിൽ കണ്ടെത്തുന്ന വിലയേറിയ പാഠങ്ങൾ ഏവ? ഇയ്യോബിന്റെ പുസ്തകം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെങ്ങനെയെന്നു നമ്മെ കാണിച്ചു തരുന്നു. പരിശോധനകൾ നേരിടുന്ന ഒരുവനെ എപ്രകാരം ബുദ്ധ്യുപദേശിക്കണം, എപ്രകാരം ബുദ്ധ്യുപദേശിക്കരുത് എന്നതിനുള്ള മികച്ച ദൃഷ്ടാന്തങ്ങൾ ഇതു പ്രദാനം ചെയ്യുന്നു. മാത്രവുമല്ല, നാം പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ അതിനോടു സമനിലയോടെ പ്രതികരിക്കാൻ ഇയ്യോബിന്റെ അനുഭവത്തിനു നമ്മെ സഹായിക്കാൻ കഴിയും.—2⁄15, പേജ് 18.
▫ യേശുവിന്റെ അത്ഭുതങ്ങൾ നമ്മെ എന്താണു പഠിപ്പിക്കുന്നത്? യേശുവിന്റെ അത്ഭുതങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തി. ക്രിസ്ത്യാനികൾ ‘ദൈവത്തെ മഹത്വീകരിക്കാൻ’ ഇത് ഒരു മാതൃകതന്നെ. (റോമർ 15:5) നൻമ ചെയ്യുക, ഉദാരമനോഭാവം കാട്ടുക, അനുകമ്പ പ്രകടിപ്പിക്കുക എന്നിവ ചെയ്യാൻ അവ പ്രോത്സാഹനമേകുന്നു.—3⁄1, പേജ് 8.
▫ പുതുതായി സമർപ്പിച്ചവരുമായി മുൻകൂട്ടിതയ്യാർ ചെയ്ത ചോദ്യങ്ങൾ മൂപ്പൻമാർ അവലോകനം ചെയ്യുന്നതിന്റെ ഉദ്ദേശ്യമെന്ത്? ഓരോ സ്നാപനാർഥിയും ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ മുഴുവനായി മനസ്സിലാക്കിയിരിക്കുന്നുവെന്നും യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിന്റെ അർഥമെന്ത് എന്നതിനെക്കുറിച്ചു ബോധമുള്ളവരാണെന്നും ഇത് ഉറപ്പുവരുത്തുന്നു.—3⁄1, പേജ് 13.
▫ ബൈബിളിലെ പ്രാർഥനകൾ നമുക്കു പ്രയോജനമായിരിക്കുന്നതെങ്ങനെ? തിരുവെഴുത്തുപരമായ പ്രാർഥനകളെ അടുത്തു പരിശോധിച്ചുകൊണ്ട്, നമ്മുടേതിനോടു സമാനമായ സാഹചര്യങ്ങളിൽ നടത്തിയ പ്രാർഥനകളെ നമുക്കു തിരിച്ചറിയാം. അത്തരം പ്രാർഥനകൾ കണ്ടെത്തി വായിക്കുന്നതും അവയെക്കുറിച്ചു ധ്യാനിക്കുന്നതും ദൈവവുമായുള്ള നമ്മുടെ ആശയവിനിമയത്തെ ധന്യമാക്കാൻ സഹായിക്കും.—3⁄15, പേജ് 3, 4.
▫ ദൈവഭയം എന്നാൽ എന്ത്? ദൈവഭയം യഹോവയോടുള്ള ഒരു ഭയമാണ്, അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയം സഹിതം അവനോടുള്ള ആഴമായ ആദരവുതന്നെ. (സങ്കീർത്തനം 89:7)—3⁄15, പേജ് 10.
▫ നാം ദൈവദൃഷ്ടിയിൽ വിലയേറിയവരാണെന്നു ബൈബിൾ കാണിക്കുന്ന മൂന്നു വിധങ്ങൾ ഏവ? നാമോരോരുത്തരും ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയുള്ളവരാണെന്നു ബൈബിൾ പഠിപ്പിക്കുന്നു. (ലൂക്കൊസ് 12:6, 7); യഹോവ നമ്മിൽ വിലമതിക്കുന്നതെന്തെന്ന് അതു വ്യക്തമാക്കുന്നു. (മലാഖി 3:16); നമ്മോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ യഹോവ എന്തു ചെയ്തിരിക്കുന്നുവെന്ന് അതു വിവരിക്കുന്നു. (യോഹന്നാൻ 3:16)—4⁄1, പേജുകൾ 11, 12, 14.
▫ എബ്രായർ 10:24, 25-ഉം ക്രിസ്ത്യാനികൾ കൂടിവരണമെന്നതിൽ കവിഞ്ഞ ഒരു കൽപ്പനയായിരിക്കുന്നത് എന്തുകൊണ്ട്? പൗലോസിന്റെ ഈ വാക്കുകൾ എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും ഒരു ദിവ്യ നിശ്വസ്ത നിലവാരം പ്രദാനംചെയ്യുന്നു—വാസ്തവത്തിൽ, ക്രിസ്ത്യാനികൾ ഒരുമിച്ചു കൂടുന്ന ഏതൊരു സന്ദർഭത്തിനും വേണ്ടിത്തന്നെ.—4⁄1, പേജ് 16.