ദരിദ്രർ എത്രനാൾ കാത്തിരിക്കേണ്ടിവരും?
“ഒരു സ്വതന്ത്ര സമൂഹത്തിനു ദരിദ്രരായ അനേകരെ സഹായിക്കാനാവില്ലെങ്കിൽ, ധനികരായ ചുരുക്കംപേരെയും അതിനു സംരക്ഷിക്കാനാവില്ല.”—ജോൺ എഫ്. കെന്നഡി.
“സകലരുടെയും ഭാവി ശോഭനമായിരിക്കണമെന്നതാണ് എന്റെ ആഗ്രഹം—ദാരിദ്ര്യമില്ലാത്ത, ആരും പാർക്കുകളിൽ അന്തിയുറങ്ങാത്ത, ഒരു പറുദീസ!” ബ്രസീലിലുള്ള സാവോ പൗലോയിലെ ഒരു 12 വയസ്സുകാരനാണ് അങ്ങനെ പറഞ്ഞത്. എന്നാൽ ദാരിദ്ര്യം നീക്കിക്കളയുക സാധ്യമാണോ? ദരിദ്രർ എത്രനാൾ കാത്തിരിക്കേണ്ടിവരും?
ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനാവാത്തതുകൊണ്ട് ചിലർ സ്വയം ദരിദ്രരായി കരുതുന്നു. എന്നാൽ യഥാർഥത്തിൽ ദാരിദ്ര്യത്തിൽ മുങ്ങിയിരിക്കുന്നവരുടെ സങ്കടകരമായ ശോച്യാവസ്ഥയെക്കുറിച്ച് ഒന്നു ചിന്തിക്കുക. അത്തരം ആളുകളുടെ അതിരററ പ്രയാസങ്ങളും അസന്തുഷ്ടിയും നിങ്ങൾക്കു വിഭാവന ചെയ്യാനാവുമോ? കടൽപ്പക്ഷികളും എലികളുമൊക്കെയായി മല്ലിട്ട് ചിലർക്കു പാഴ്വസ്തുക്കളിൽനിന്നു ഭക്ഷണം പെറുക്കേണ്ടിവരുന്നു! അത്തരം ദാരിദ്ര്യം മനുഷ്യവർഗത്തെ എത്രനാൾ ഞെരുക്കും? യുനെസ്കോയുടെ (യുണൈററഡ് നേഷൻസ് എഡ്യുക്കേഷണൽ, സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ) ഡയറക്ടർ ജനറലായ ഫെഡറിക്കോ മേയറുടെ അഭ്യർഥന ഉചിതമാണ്: “ദാരിദ്ര്യം, വിശപ്പ്, കോടിക്കണക്കിനാളുകളുടെ കഷ്ടപ്പാടുകൾ എന്നിങ്ങനെയുള്ള അസഹനീയ സംഗതികളോടു നിർവികാരത കാട്ടാൻ നമ്മെ അനുവദിക്കുന്ന ഈ കൃത്രിമ സഹിഷ്ണുതയെ നമുക്കു വിട്ടുകളയാം.”
സാർവത്രിക ക്ഷേമം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ? ദരിദ്രർക്ക് എന്തു പ്രത്യാശയാണുള്ളത്?
ദരിദ്രർക്ക് എന്തെല്ലാം അവസരങ്ങളുണ്ട്?
സദുദ്ദേശ്യത്തോടെ നേതാക്കൻമാർ കൂടുതൽ തൊഴിൽ, കൂടുതൽ വേതനം, മെച്ചപ്പെട്ട സാമൂഹിക പരിപാടികൾ, ഭൂപരിഷ്കാരങ്ങൾ എന്നിവയൊക്കെ നിർദേശിക്കുന്നു. “ഒരു സ്വതന്ത്ര സമൂഹത്തിനു ദരിദ്രരായ അനേകരെ സഹായിക്കാനാവില്ലെങ്കിൽ, ധനികരായ ചുരുക്കംപേരെയും അതിനു സംരക്ഷിക്കാനാവില്ല” എന്നു പറഞ്ഞ അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ്. കെന്നഡിയോട് അവർ യോജിച്ചേക്കാം. എന്നിരുന്നാലും, ദാരിദ്ര്യം തുടച്ചുനീക്കാൻ സദുദ്ദേശ്യങ്ങൾ മാത്രം പോരാ. ഉദാഹരണത്തിന്, സാമ്പത്തിക വളർച്ച ദരിദ്രർക്കു പൊതുവേ ഗുണംചെയ്യുമോ? ചെയ്യണമെന്നില്ല. “ഒരു മുതലാളിത്ത സമൂഹത്തിന്റെ ശക്തികളെ നിയന്ത്രിക്കുന്നില്ലെങ്കിൽ അവ സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്യാനുള്ള പ്രവണത കാട്ടും,” ഒരു മുൻ ഇന്ത്യൻ നേതാവായ ജവഹർലാൽ നെഹ്റു പ്രസ്താവിച്ചു. എന്നിരുന്നാലും, ബുദ്ധിമുട്ടിനും പരാധീനതയ്ക്കുമൊപ്പം ദരിദ്രരുടെ ഭാരം കൂട്ടുന്ന ഒന്നാണ് ആത്മനിന്ദ. തങ്ങൾ നിസ്സഹായരാണ്, പ്രത്യാശയില്ലാത്തവരാണ് എന്നീ തോന്നലുകളെ മറികടക്കാൻ ദരിദ്രരെ സഹായിക്കാൻ മനുഷ്യ നേതാക്കൻമാർക്കു കഴിയുമോ?
വാസ്തവത്തിൽ, ദാരിദ്ര്യത്തെ നേരിടാനും കുതിച്ചുയരുന്ന നാണയപ്പെരുപ്പവും തൊഴിലില്ലായ്മയുംപോലുള്ള വലിയ പ്രയാസങ്ങൾ വരുമ്പോൾ സ്വയം വിലയിടിച്ചു കാണുന്ന തോന്നലുകളെ മറികടക്കാനും ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്ന അനേകർ പഠിച്ചിരിക്കുന്നു. മാത്രമല്ല, ക്ഷാമവും ഭവനമില്ലായ്മയും ദുരിതങ്ങളുമൊക്കെ പൂർണമായും നീക്കംചെയ്യപ്പെടും. ഇതു നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുവോ? “താമസിയാതെ, ആരും ദരിദ്രരായിരിക്കുകയില്ല!” എന്ന അടുത്ത ലേഖനം വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.