ബൈബിൾ വാസ്തവത്തിൽ എന്തായിരിക്കുന്നുവോ അക്കാരണത്താൽ അതു സ്വീകരിക്കുക
“ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മമനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.”—1 തെസ്സലൊനീക്യർ 2:13.
1. ബൈബിളിലുള്ള ഏതുതരം വിവരമാണ് ആ പുസ്തകത്തെ വാസ്തവത്തിൽ മികച്ചതാക്കിത്തീർക്കുന്നത്?
ലോകത്തിലേക്കുംവച്ച് ഏറ്റവും അധികം പരിഭാഷപ്പെടുത്തിയിരിക്കുന്നതും വിപുലവ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നതുമായ പുസ്തകം വിശുദ്ധ ബൈബിളാണ്. മികച്ച സാഹിത്യകൃതികളിലൊന്നായി അത് നിസ്സംശയം അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അതിനെക്കാളുപരി ജീവിതത്തിലെ തൊഴിലോ സ്ഥാനമാനങ്ങളോ ഗണ്യമാക്കാതെ സകല വംശങ്ങളിലും രാഷ്ട്രങ്ങളിലുമുള്ള ജനങ്ങൾക്ക് അടിയന്തിരമായി ആവശ്യമുള്ള മാർഗനിർദേശം ബൈബിൾ പ്രദാനംചെയ്യുന്നു. (വെളിപ്പാടു 14:6, 7) മനസ്സിനും ഹൃദയത്തിനും തൃപ്തിയേകും വിധം ബൈബിൾ പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു: ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്? (ഉല്പത്തി 1:28; വെളിപ്പാടു 4:11) ശാശ്വതമായ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കാൻ മനുഷ്യ ഗവൺമെൻറുകൾക്കു കഴിയാതെ പോയിരിക്കുന്നതെന്തുകൊണ്ട്? (യിരെമ്യാവു 10:23; വെളിപ്പാടു 13:1, 2) മനുഷ്യർ മരിക്കുന്നതെന്തുകൊണ്ട്? (ഉല്പത്തി 2:15-17; 3:1-6; റോമർ 5:12) കുഴപ്പങ്ങൾ നിറഞ്ഞ ഈ ലോകത്തിൻമധ്യേ നമുക്ക് ജീവിത പ്രശ്നങ്ങളെ എങ്ങനെ വിജയകരമായി തരണം ചെയ്യാൻ കഴിയും? (സങ്കീർത്തനം 119:105; സദൃശവാക്യങ്ങൾ 3:5, 6) ഭാവി നമുക്കുവേണ്ടി എന്തു കരുതുന്നു?—ദാനീയേൽ 2:44; വെളിപ്പാടു 21:3-5.
2. ബൈബിൾ നമ്മുടെ ചോദ്യങ്ങൾക്കു തികച്ചും വിശ്വസനീയമായ ഉത്തരങ്ങൾ നൽകുന്നതെന്തുകൊണ്ട്?
2 അത്തരം ചോദ്യങ്ങൾക്ക് ബൈബിൾ ആധികാരികമായി ഉത്തരം നൽകുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അതു ദൈവവചനമാണ്. അത് എഴുതാൻ അവൻ മനുഷ്യരെ ഉപയോഗിച്ചുവെങ്കിലും 2 തിമൊഥെയൊസ് 3:16-ൽ സ്പഷ്ടമായി പ്രതിപാദിച്ചിരിക്കുന്നപ്രകാരം, ‘എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാണ് [“ദൈവനിശ്വസ്തമാണ്,” NW].’ മാനവ സംഭവങ്ങളുടെ സ്വകാര്യ വ്യാഖ്യാനത്തിന്റെ ഫലമല്ലത്. “പ്രവചനം [വരാൻപോകുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രഖ്യാപനം, ദിവ്യ കൽപ്പനകൾ, ബൈബിളിലെ ധാർമിക പ്രമാണങ്ങൾ] ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”—2 പത്രൊസ് 1:21.
3. (എ) വിവിധ രാജ്യങ്ങളിലുള്ള ജനങ്ങൾ ബൈബിളിനെ അത്യന്തം മൂല്യവത്തായി കരുതുന്നതെങ്ങനെയെന്നു കാണിക്കുന്ന ദൃഷ്ടാന്തങ്ങൾ നൽകുക. (ബി) തിരുവെഴുത്തുകൾ വായിക്കുന്നതിനു വ്യക്തികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ മനസ്സൊരുക്കം കാണിച്ചതെന്തുകൊണ്ട്?
3 ബൈബിളിന്റെ മൂല്യത്തിൽ മതിപ്പുളവായി, അതു സ്വായത്തമാക്കാനും വായിക്കാനും ശ്രമിച്ചതിന്റെ പേരിൽ തടവിലാവുകയും ജീവൻപോലും പണയം വയ്ക്കുകയും ചെയ്തവർ കുറച്ചൊന്നുമല്ല. വർഷങ്ങൾക്കുമുമ്പ് കത്തോലിക്കാ സ്പെയിനിലെ സ്ഥിതി അതായിരുന്നു. അവിടെ, ജനങ്ങൾ അവരുടെ ഭാഷയിൽ ബൈബിൾ വായിക്കുന്നപക്ഷം അതു തങ്ങളുടെ സ്വാധീനത്തിനു തുരങ്കം വെക്കുമെന്നു പാതിരിമാർ ഭയപ്പെട്ടിരുന്നു; അൽബേനിയയിലെ സ്ഥിതിയും അതുതന്നെയായിരുന്നു, സകലവിധ മതസ്വാധീനവും അവസാനിപ്പിക്കുന്നതിന് നിരീശ്വര ഭരണവ്യവസ്ഥക്കുകീഴിൽ കർശന നടപടികൾ എടുത്തിരുന്നു. എന്നിട്ടും, ദൈവഭയമുള്ള വ്യക്തികൾ ബൈബിളിന്റെ പ്രതികൾ നിധിപോലെ കാക്കുകയും വായിക്കുകയും അവ മററുള്ളവരുമായി പങ്കിടുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് സാക്സൻഹൗസൻ തടങ്കൽപ്പാളയത്തിൽ വളരെ ജാഗ്രതയോടെ തടവുമുറികൾതോറും ബൈബിൾ കൈമാറുകയുണ്ടായി (അത് നിഷിദ്ധമായിരുന്നിട്ടുപോലും), അതു വായിക്കാൻ കഴിഞ്ഞവർ മറ്റുള്ളവരുമായി പങ്കിടുന്നതിന് ഭാഗങ്ങൾ മനപ്പാഠമാക്കുകയുണ്ടായി. 1950-കളിൽ മുൻ കമ്മ്യൂണിസ്റ്റ് പൂർവജർമനിയിൽ തങ്ങളുടെ വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾ നീണ്ട ഏകാന്തതടവു വകവയ്ക്കാതെ രാത്രികാലങ്ങളിൽ വായിക്കുന്നതിനു ബൈബിളിന്റെ ചെറിയ ഭാഗങ്ങൾ തടവറതോറും കൈമാറുമായിരുന്നു. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്? എന്തുകൊണ്ടെന്നാൽ, ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന് അവർ തിരിച്ചറിഞ്ഞു, കൂടാതെ, “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നും അവർക്കറിയാമായിരുന്നു. (ആവർത്തനപുസ്തകം 8:3) അവിശ്വസനീയമായ ക്രൂരതകൾ ഗണ്യമാക്കാതെ ആത്മീയമായി ഉണർന്നിരിക്കാൻ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം പദപ്രയോഗങ്ങൾ ആ സാക്ഷികളെ പ്രാപ്തരാക്കി.
4. നമ്മുടെ ജീവിതത്തിൽ ബൈബിളിന് എന്തു സ്ഥാനമുണ്ടായിരിക്കണം?
4 വല്ലപ്പോഴുമൊക്കെ പരാമർശം നടത്തുന്നതിനു വെറുതെ അലമാരയിൽ വയ്ക്കാനുള്ള പുസ്തകമല്ല ബൈബിൾ; സഹവിശ്വാസികൾ ആരാധനയ്ക്കായി കൂടിവരുമ്പോൾ മാത്രം ഉപയോഗിക്കാനുള്ള പുസ്തകവുമല്ലത്. നാം അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളുടെമേൽ വെളിച്ചം പകരുന്നതിനും നാം നടക്കേണ്ട നേരായ വഴി കാണിച്ചുതരുന്നതിനും ദിവസേന അത് ഉപയോഗിക്കണം.—സങ്കീർത്തനം 25:4, 5.
വായിക്കാനും മനസ്സിലാക്കാനും ഉദ്ദേശിച്ചുള്ളത്
5. (എ) അൽപ്പമെങ്കിലും സാധ്യമെങ്കിൽ നാമോരോരുത്തരും എന്തു സ്വായത്തമാക്കണം? (ബി) പുരാതന ഇസ്രായേലിൽ ആളുകൾ തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്നതെന്താണെന്ന് എങ്ങനെയാണു കണ്ടെത്തിയിരുന്നത്? (സി) സങ്കീർത്തനം 19:7-11 ബൈബിളിനോടുള്ള നിങ്ങളുടെ മനോഭാവത്തെ ബാധിക്കുന്നതെങ്ങനെ?
5 നമ്മുടെ നാളിൽ മിക്ക നാടുകളിലും ബൈബിളിന്റെ പ്രതികൾ നിഷ്പ്രയാസം ലഭ്യമാണ്, അതിന്റെ ഒരു പ്രതി കരസ്ഥമാക്കാൻ വീക്ഷാഗോപുരത്തിന്റെ സകല വായനക്കാരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. ബൈബിൾ എഴുതിക്കൊണ്ടിരുന്ന കാലത്ത് അച്ചടിശാലകൾ ഉണ്ടായിരുന്നില്ല. ജനങ്ങൾക്കു പൊതുവേ അതിന്റെ വ്യക്തിപരമായ പ്രതികൾ ഉണ്ടായിരുന്നില്ല. എന്നാൽ എഴുതപ്പെട്ടതെന്താണെന്നു തന്റെ ദാസൻമാർ കേൾക്കുന്നതിനു യഹോവ ക്രമീകരണം ചെയ്തു. അങ്ങനെ, യഹോവ നിർദേശിച്ച കാര്യങ്ങൾ എഴുതിയ ശേഷം അവൻ “നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു” എന്ന് പുറപ്പാടു 24:7 റിപ്പോർട്ടു ചെയ്യുന്നു. സീനായി പർവതത്തിൽ അമാനുഷിക പ്രതിഭാസത്തിനു ദൃക്സാക്ഷികളായിരുന്ന അവർ മോശ വായിച്ച കാര്യങ്ങൾ ദൈവത്തിൽനിന്നുള്ളതാണെന്നും ആ വിവരങ്ങൾ തങ്ങൾ അറിയേണ്ട ആവശ്യമുണ്ടായിരുന്നുവെന്നും തിരിച്ചറിഞ്ഞു. (പുറപ്പാടു 19:9, 16-19; 20:22) ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്താണെന്നു നാമും അറിയേണ്ട ആവശ്യമുണ്ട്.—സങ്കീർത്തനം 19:7-11.
6. (എ) ഇസ്രായേൽ ജനത വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പു മോശ എന്താണു ചെയ്തത്? (ബി) നാം മോശയുടെ മാതൃക എങ്ങനെ അനുകരിച്ചേക്കാം?
6 മരുഭൂമിയിലെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതം അവസാനിപ്പിച്ച് വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിന് ഇസ്രായേൽ ജനത യോർദാൻ നദി കുറുകെ കടക്കാൻ തയ്യാറാകവേ യഹോവയുടെ ന്യായപ്രമാണവും തങ്ങളോടുള്ള അവന്റെ ഇടപെടലും സംബന്ധിച്ചു പുനരവലോകനം ചെയ്യുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഉചിതമായിരുന്നു. ദൈവാത്മാവിനാൽ പ്രേരിതനായി മോശ അവരോടൊത്തു ന്യായപ്രമാണം പുനരവലോകനം ചെയ്തു. ന്യായപ്രമാണത്തിന്റെ വിശദാംശങ്ങളെപ്പറ്റി അവൻ അവരെ ഓർമിപ്പിച്ചു, കൂടാതെ, യഹോവയുമായുള്ള തങ്ങളുടെ ബന്ധത്തെ സ്വാധീനിക്കേണ്ടിയിരുന്ന അടിസ്ഥാനപരമായ തത്ത്വങ്ങളും മനോഭാവങ്ങളും അവൻ വിശേഷവത്കരിക്കുകയുണ്ടായി. (ആവർത്തനപുസ്തകം 4:9, 35; 7:7, 8; 8:10-14; 10:12, 13) നാം ഇന്നു പുതിയ നിയമനങ്ങളിൽ ഏർപ്പെടുകയോ ജീവിതത്തിൽ പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോൾ നാം ചെയ്തുകൊണ്ടിരിക്കുന്ന സംഗതികളെ തിരുവെഴുത്തുകളിലെ ബുദ്ധ്യുപദേശം എങ്ങനെ സ്വാധീനിക്കണമെന്നു പരിചിന്തിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും.
7. ഇസ്രായേല്യർ യോർദാൻ കടന്ന ഉടനെ യഹോവയുടെ ന്യായപ്രമാണം അവരുടെ മനസ്സുകളിലും ഹൃദയങ്ങളിലും പതിപ്പിക്കാൻ എന്താണു ചെയ്യപ്പെട്ടത്?
7 യോർദാൻ നദി കുറുകെ കടന്ന ഉടനെ മോശ മുഖാന്തരം യഹോവ തങ്ങളോടു പറഞ്ഞകാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിനു ജനങ്ങൾ വീണ്ടും കൂടിവന്നു. യെരൂശലേമിനു 50 കിലോമീറ്റർ വടക്കായി ജനത സമ്മേളിച്ചു. പകുതി ഗോത്രങ്ങൾ ഏബാൽ പർവതത്തിന്റെ മുന്നിലും പകുതി ഗെരിസീം പർവതത്തിന്റെ മുന്നിലുമായി നിലകൊണ്ടു. അവിടെവച്ച് യോശുവ “അനുഗ്രഹവും ശാപവുമായ ന്യായപ്രമാണ വചനങ്ങളെല്ലാം വായിച്ചു.” അങ്ങനെ, പുരുഷൻമാരും സ്ത്രീകളും കുട്ടികളും പരദേശികളുമുൾപ്പെടെ സകലരും, യഹോവയുടെ അംഗീകാരമില്ലായ്മയിൽ കലാശിക്കുന്ന നടത്ത സംബന്ധിച്ചും യഹോവയെ അനുസരിക്കുന്നതുമൂലം അവർ കൈപ്പറ്റാൻ പോകുന്ന അനുഗ്രഹങ്ങൾ സംബന്ധിച്ചുമുള്ള നിയമങ്ങളെപ്പറ്റി കാലോചിതമായ ഒരു പുനഃപ്രസ്താവന കേൾക്കുകയുണ്ടായി. (യോശുവ 8:34, 35) യഹോവയുടെ വീക്ഷണത്തിൽ ശരിയെന്തെന്നും തെറ്റെന്തെന്നും സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് അവർക്കുണ്ടായിരിക്കണമായിരുന്നു. അതിനുപുറമേ, നൻമയെപ്രതി സ്നേഹവും തിൻമയെപ്രതി വെറുപ്പും അവർ തങ്ങളുടെ ഹൃദയങ്ങളിൽ കൊത്തിവയ്ക്കേണ്ട ആവശ്യവുമുണ്ടായിരുന്നു.—സങ്കീർത്തനം 97:10; 119:103, 104; ആമോസ് 5:15.
8. ഇസ്രായേലിൽ ചില ദേശ സമ്മേളനങ്ങളിൽ ദൈവവചനത്തിന്റെ ക്രമമായ വായനകൊണ്ടുള്ള പ്രയോജനമെന്തായിരുന്നു?
8 ചരിത്രപരമായ ആ സന്ദർഭങ്ങളിൽ ന്യായപ്രമാണം വായിക്കുന്നതിനുപുറമേ ദൈവവചനം ക്രമമായി വായിക്കുന്നതിനുള്ള ഒരു ഏർപ്പാടിനെപ്പറ്റി ആവർത്തനപുസ്തകം 31:10-12-ൽ പറഞ്ഞിരിക്കുന്നു. ഓരോ ഏഴാം വർഷവും മുഴു ജനതയും ദൈവവചനം വായിക്കുന്നതു കേൾക്കാൻ കൂടിവരണമായിരുന്നു. അത് അവർക്ക് ആത്മീയ ഭക്ഷണം പ്രദാനംചെയ്തു. അത് സന്തതിയെപ്പറ്റിയുള്ള വാഗ്ദത്തങ്ങൾ അവരുടെ മനസ്സുകളിലും ഹൃദയങ്ങളിലും ഉണർത്താനും അങ്ങനെ വിശ്വസ്തരെ മിശിഹായിലേക്കു നയിക്കാനും ഉതകി. ഇസ്രായേല്യർ മരുഭൂമിയിലായിരുന്നപ്പോൾ തുടക്കംകുറിച്ച ആത്മീയ പോഷിപ്പിക്കലിനുള്ള ക്രമീകരണങ്ങൾ അവർ വാഗ്ദത്തദേശത്തു പ്രവേശിച്ചതോടെ നിലച്ചില്ല. (1 കൊരിന്ത്യർ 10:3, 4) പകരം, പ്രവാചകൻമാരുടെ കൂടുതലായ വെളിപാടുകൾ അതിനെ കൂടുതൽ സമ്പുഷ്ടമാക്കിത്തീർത്തു.
9. (എ) ഇസ്രായേല്യർ വലിയ കൂട്ടങ്ങളായി കൂടിവന്നപ്പോൾ മാത്രമായിരുന്നോ തിരുവെഴുത്തുകൾ വായിച്ചിരുന്നത്? വിശദീകരിക്കുക. (ബി) തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ ഓരോ കുടുംബത്തിനുള്ളിലും നൽകപ്പെട്ടത് എങ്ങനെ, എന്തു ലക്ഷ്യത്തോടെ?
9 ജനങ്ങൾ വലിയ കൂട്ടങ്ങളായി സമ്മേളിച്ച സമയങ്ങളിൽ മാത്രമേ ദൈവവചനത്തിലെ ബുദ്ധ്യുപദേശങ്ങളുടെ പുനരവലോകനം നടത്താവൂ എന്നില്ലായിരുന്നു. ദൈവവചനത്തിന്റെ ഭാഗങ്ങളും അതിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങളും ദിവസേന ചർച്ചചെയ്യേണ്ടതുണ്ടായിരുന്നു. (ആവർത്തനപുസ്തകം 6:4-9) ഇന്നു മിക്കസ്ഥലങ്ങളിലും യുവജനങ്ങൾക്ക് ബൈബിളിന്റെ ഒരു സ്വന്തം പ്രതി കൈക്കലാക്കാൻ സാധിക്കും, അപ്രകാരം ചെയ്യുന്നത് അവർക്കു വളരെ പ്രയോജനവും ചെയ്യും. എന്നാൽ പുരാതന ഇസ്രായേലിലെ സ്ഥിതി അതായിരുന്നില്ല. അന്ന്, മാതാപിതാക്കൾ ദൈവവചനത്തിൽനിന്നു നിർദേശം നൽകുമ്പോൾ തങ്ങൾ മനപ്പാഠമാക്കിയതിലും വ്യക്തിപരമായി കുറിച്ചെടുത്തിരിക്കാനിടയുള്ള പ്രസക്തഭാഗങ്ങളുൾപ്പെടെ തങ്ങളുടെ ഹൃദയങ്ങളിൽ ഏറ്റുകൊണ്ട സത്യങ്ങളിലും അവർക്ക് ആശ്രയിക്കേണ്ടതുണ്ടായിരുന്നു. പതിവായ ആവർത്തനത്തിലൂടെ തങ്ങളുടെ കുട്ടികളിൽ യഹോവയെയും അവന്റെ മാർഗങ്ങളെയുംപ്രതി സ്നേഹം കെട്ടുപണിചെയ്യാൻ അവർ ശ്രമിക്കുമായിരുന്നു. അതിന്റെ ലക്ഷ്യം, തല നിറയെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നില്ല മറിച്ച് യഹോവയോടും അവന്റെ വചനത്തോടും സ്നേഹം പ്രകടിപ്പിക്കും വിധം ജീവിക്കാൻ ഓരോ കുടുംബാംഗത്തെയും സഹായിക്കുകയായിരുന്നു.—ആവർത്തനപുസ്തകം 11:18, 19, 22, 23.
സിനഗോഗുകളിൽ തിരുവെഴുത്തു വായന
10, 11. സിനഗോഗുകളിൽ തിരുവെഴുത്തു വായനയുടെ എന്തു കാര്യക്രമമാണ് പിൻപറ്റിയിരുന്നത്, ഈ സന്ദർഭങ്ങളെ യേശു വീക്ഷിച്ചതെങ്ങനെ?
10 യഹൂദൻമാരെ ബാബിലോനിൽ പ്രവാസത്തിലേക്കു കൊണ്ടുപോയി കുറേ കഴിഞ്ഞ് ആരാധനാ സ്ഥലങ്ങളെന്ന നിലയിൽ സിനഗോഗുകൾ സ്ഥാപിക്കാൻ തുടങ്ങി. ഈ യോഗ സ്ഥലങ്ങളിൽ ദൈവവചനം വായിക്കുന്നതിനും ചർച്ചചെയ്യുന്നതിനും വേണ്ടി തിരുവെഴുത്തിന്റെ കൂടുതൽ പ്രതികൾ നിർമിക്കാൻ തുടങ്ങി. എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങൾ അടങ്ങുന്ന 6,000 പുരാതന കയ്യെഴുത്തു പ്രതികൾ അതിജീവിക്കാൻ ഒരു കാരണം ഇതാണ്.
11 സിനഗോഗിലെ യോഗങ്ങളിൽ ഒരു പ്രധാന ഭാഗം ആധുനിക ബൈബിളിന്റെ ആദ്യത്തെ അഞ്ചുപുസ്തകങ്ങൾക്കു തുല്യമായ തോറ വായനയായിരുന്നു. പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിൽ ശബത്തുതോറും അത്തരം വായന നടത്തുമായിരുന്നുവെന്നു പ്രവൃത്തികൾ 15:21 രേഖപ്പടുത്തുന്നു. കൂടാതെ, രണ്ടാം നൂറ്റാണ്ടോടെ ആഴ്ചയിൽ രണ്ടാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിലും തോറ വായന ഉണ്ടായിരുന്നുവെന്നു മിഷ്ന കാണിക്കുന്നു. നിയമിക്കപ്പെട്ട ഭാഗങ്ങളുടെ വായനയിൽ ഒന്നിനുപിറകെ ഒന്നായി അനേകം വ്യക്തികൾ പങ്കുചേർന്നിരുന്നു. ഓരോ വർഷവും മുഴു തോറയും വായിക്കണമെന്നതു ബാബിലോനിൽ ജീവിച്ചിരുന്ന യഹൂദൻമാരുടെ ആചാരമായിരുന്നു; പാലസ്തീനിലെ ആചാരം മൂന്നുവർഷംകൊണ്ടു വായിച്ചു തീർക്കുകയെന്നതായിരുന്നു. പ്രവാചക പുസ്തകങ്ങളിൽനിന്നുള്ള ഒരു ഭാഗവും വായിച്ചു വിശദീകരിക്കുമായിരുന്നു. താൻ ജീവിച്ചിരുന്ന സ്ഥലത്തു ശബത്തുനാളിലെ ബൈബിൾ വായനാ പരിപാടികളിൽ ഹാജരാകുന്നതു യേശുവിന്റെ പതിവായിരുന്നു.—ലൂക്കൊസ് 4:16-21.
വ്യക്തിപരമായ പ്രതികരണവും ബാധകമാക്കലും
12. (എ) മോശ ജനങ്ങൾക്കുവേണ്ടി ന്യായപ്രമാണം വായിച്ചപ്പോൾ ജനങ്ങൾക്കു പ്രയോജനമുണ്ടായതെങ്ങനെ? (ബി) ജനങ്ങൾ പ്രതികരിച്ചതെങ്ങനെ?
12 നിശ്വസ്ത തിരുവെഴുത്തുകളുടെ വായന വെറുമൊരു ചടങ്ങായിരിക്കാൻ അർഥമാക്കിയില്ല. വെറുതെ ആളുകളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനായിരുന്നില്ല ഇതു ചെയ്തിരുന്നത്. സീനായി മലയ്ക്ക് അഭിമുഖമായ സമതലത്തിൽവച്ചു മോശ ഇസ്രായേല്യരെ “നിയമപുസ്തകം” വായിച്ചു കേൾപ്പിച്ചത് അവർ ദൈവമുമ്പാകെ തങ്ങളുടെ ഉത്തരവാദിത്വങ്ങളെന്തെന്ന് അറിയുന്നതിനും അവ നിവർത്തിക്കുന്നതിനുമായിരുന്നു. അവർ അങ്ങനെ ചെയ്യുമായിരുന്നോ? വായിക്കുമ്പോൾ പ്രതികരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. ജനങ്ങൾ അതു തിരിച്ചറിയുകയും, “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കു”മെന്നു പറയുകയും ചെയ്തു.—പുറപ്പാടു 24:7; താരതമ്യം ചെയ്യുക: പുറപ്പാടു 19:8; 24:3.
13. അനുസരണക്കേടിനുള്ള ശാപങ്ങൾ യോശുവ വായിച്ചപ്പോൾ ജനങ്ങൾ എന്തു ചെയ്യണമായിരുന്നു, എന്ത് ഉദ്ദേശ്യത്തിൽ?
13 പിന്നീട്, ജനതയുടെ മുമ്പാകെ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന അനുഗ്രഹങ്ങളും ശാപങ്ങളും അഥവാ ശാപവാക്കുകളും യോശുവ വായിച്ചു കേൾപ്പിച്ചപ്പോൾ പ്രത്യുത്തരം നൽകാൻ ആവശ്യപ്പെട്ടു. ഓരോ ശാപത്തിനുംശേഷം, “ജനമെല്ലാം: ആമേൻ എന്നു പറയേണം” എന്നു നിർദേശിക്കപ്പെട്ടിരുന്നു. (ആവർത്തനപുസ്തകം 27:4-26) പരാമർശിച്ച ഓരോ തെറ്റുകൾക്കുമേലുമുള്ള യഹോവയുടെ കുറ്റംവിധിയെ അവർ ഐക്യകണ്ഠേന സമ്മതിച്ചു. മുഴു ജനതയും ഇടിമുഴക്കംപോലെ സമ്മതം മൂളിയത് എത്ര മതിപ്പുളവാക്കിയ സംഭവമായിരുന്നിരിക്കണം!
14. നെഹെമ്യാവിന്റെ നാളുകളിൽ ന്യായപ്രമാണത്തിന്റെ പരസ്യവായന പ്രത്യേകിച്ചും പ്രയോജനപ്രദമെന്നു തെളിഞ്ഞതെങ്ങനെ?
14 നെഹെമ്യാവിന്റെ കാലത്ത് ന്യായപ്രമാണം കേൾക്കാൻ ജനങ്ങളെല്ലാം യെരുശലേമിൽ തടിച്ചുകൂടിയപ്പോൾ അതിൽ എഴുതിയിരിക്കുന്ന നിർദേശങ്ങൾ തങ്ങൾ പൂർണമായി പിൻപറ്റുന്നില്ലെന്ന് അവർ മനസ്സിലാക്കി. പഠിച്ച കാര്യങ്ങൾ അവർ ആ സന്ദർഭത്തിൽ തത്ക്ഷണം ബാധകമാക്കി. ഫലമോ? “ഏററവും വലിയ സന്തോഷം.” (നെഹെമ്യാവു 8:13-17) ഉത്സവസമയത്തെ ഒരാഴ്ച നടത്തിയ ദൈനംദിന ബൈബിൾ വായനക്കു ശേഷം തങ്ങൾ കൂടുതൽ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. അബ്രഹാമിന്റെ നാൾമുതൽ തന്റെ ജനങ്ങളുമായി യഹോവ ഇടപെട്ട ചരിത്രം അവർ പ്രാർഥനാപൂർവം പുനരവലോകനം ചെയ്തു. ന്യായപ്രമാണത്തിന്റെ അനുശാസനകൾക്കു നിരക്കുന്നവണ്ണം പ്രവർത്തിക്കാനും വിദേശികളുമായുള്ള മിശ്രവിവാഹത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും ആലയത്തെ കാത്തുസൂക്ഷിക്കാനും അതിലെ ശുശ്രൂഷകളിൽ ശ്രദ്ധിക്കാനുമുള്ള കടമകൾ അംഗീകരിക്കാനും പ്രതിജ്ഞയെടുക്കാൻ ഇതെല്ലാം അവരെ പ്രോത്സാഹിപ്പിച്ചു.—നെഹെമ്യാവു 8-10 അധ്യായങ്ങൾ.
15. ദൈവവചനത്തിന്റെ പ്രബോധനം കുടുംബങ്ങൾക്കുള്ളിൽ വെറുമൊരു ചടങ്ങായിരിക്കാൻ പാടില്ലെന്ന് ആവർത്തനപുസ്തകം 6:6-9-ലെ നിർദേശങ്ങൾ കാണിക്കുന്നതെങ്ങനെ?
15 സമാനമായി, കുടുംബത്തിനുള്ളിൽ തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതു വെറുമൊരു ചടങ്ങായിരിക്കാൻ അർഥമാക്കിയില്ല. നേരത്തെ കണ്ടുകഴിഞ്ഞതുപോലെ, ആവർത്തനപുസ്തകം 6:6-9-ൽ കൊടുത്തിരിക്കുന്ന ആലങ്കാരിക അർഥത്തിൽ, ‘ദൈവവചനം അടയാളമായി തങ്ങളുടെ കൈമേൽ കെട്ടേണ’മെന്നു ജനങ്ങളോടു പറയപ്പെട്ടു—അങ്ങനെ, യഹോവയുടെ മാർഗങ്ങളോടു തങ്ങൾക്കുള്ള സ്നേഹം മാതൃകയിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടിപ്പിക്കാൻ കഴിയുമായിരുന്നു. കൂടാതെ, അവർ ദൈവവചനം ‘തങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി’ വയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നു—അങ്ങനെ തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ നിതാന്തം മനസ്സിൽ പിടിക്കുകയും അവ തങ്ങളുടെ തീരുമാനങ്ങൾക്ക് അടിസ്ഥാനമായി ഉപയോഗിക്കുകയും ചെയ്യണമായിരുന്നു. (പുറപ്പാടു 13:9, 14-16-ൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ താരതമ്യം ചെയ്യുക.) അവർ ‘അവയെ തങ്ങളുടെ വീടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണ’മായിരുന്നു—അങ്ങനെ അവരുടെ ഭവനങ്ങളും സമുദായങ്ങളും ദൈവവചനം ആദരിക്കുകയും ബാധകമാക്കുകയും ചെയ്യപ്പെടുന്ന സ്ഥലമായി തിരിച്ചറിയപ്പെടുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയുടെ നീതിയുള്ള ചട്ടങ്ങളെ സ്നേഹിക്കുകയും ബാധകമാക്കുകയും ചെയ്തുവെന്ന് അവരുടെ ജീവിതം സമൃദ്ധമായ തെളിവു നൽകേണ്ടിയിരുന്നു. അത് എത്ര പ്രയോജനപ്രദമാകുമായിരുന്നു! നമ്മുടെ കുടുംബങ്ങളിൽ ദൈനംദിന ജീവിതത്തിൽ ദൈവവചനത്തിന് അത്രയും പ്രാമുഖ്യതയുണ്ടോ? ദുഃഖകരമെന്നു പറയട്ടെ, യഹൂദൻമാർ ഇതെല്ലാം വെറും ചടങ്ങായി മാറ്റിത്തീർത്തു, തിരുവെഴുത്തുകൾ അടങ്ങുന്ന രക്ഷാകവചം മന്ത്രമെന്നപോലെ ധരിച്ചുകൊണ്ടുതന്നെ. അവരുടെ ആരാധന പിന്നീട് ഹൃദയത്തിൽനിന്ന് ഉരുത്തിരിഞ്ഞില്ല, തൻമൂലം യഹോവ അവരെ ത്യജിച്ചുകളഞ്ഞു.—യെശയ്യാവു 29:13, 14; മത്തായി 15:7-9.
മേൽവിചാരക സ്ഥാനത്തിരിക്കുന്നവരുടെ ഉത്തരവാദിത്വം
16. നിരന്തരമായ തിരുവെഴുത്തു വായന യോശുവയ്ക്കു പ്രധാനമായിരുന്നത് എന്തുകൊണ്ട്?
16 തിരുവെഴുത്തു വായിക്കുന്ന കാര്യത്തിൽ രാഷ്ട്രത്തിന്റെ മേൽവിചാരകൻമാർ ആയിരുന്നവരിൽ പ്രത്യേക ശ്രദ്ധ നൽകപ്പെടുകയുണ്ടായി. “ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേ”ണമെന്നു യഹോവ മോശയോടു പറഞ്ഞു. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള ഉദ്ദേശ്യത്തിൽ, “നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും. നീ കൃതാർത്ഥനായും ഇരിക്കും” എന്ന് അവനോടു പറയപ്പെട്ടു. (യോശുവ 1:7, 8) യഹോവ തന്റെ ജനത്തിനു നൽകിയ നിഷ്കൃഷ്ട കൽപ്പനകൾ വ്യക്തമായി മനസ്സിൽ പിടിക്കുന്നതിന് തിരുവെഴുത്തുകളുടെ ക്രമമായ പഠനം ഇന്നത്തെ ക്രിസ്തീയ മേൽവിചാരകൻമാരുടെ കാര്യത്തിലെന്നപോലെ യോശുവയെ സഹായിക്കുമായിരുന്നു. വിവിധ സാഹചര്യങ്ങളിൽ യഹോവ തന്റെ ജനത്തോട് എങ്ങനെ പെരുമാറിയെന്നു യോശുവ മനസ്സിലാക്കേണ്ട ആവശ്യവുമുണ്ടായിരുന്നു. യഹോവയുടെ ഉദ്ദേശ്യം സംബന്ധിച്ച പ്രസ്താവനകൾ വായിക്കുമ്പോൾ ആ ഉദ്ദേശ്യത്തോടുള്ള ബന്ധത്തിൽ തന്റെ ഉത്തരവാദിത്വമെന്താണെന്ന് അവൻ ചിന്തിക്കേണ്ടതു പ്രധാനമായിരുന്നു.
17. (എ) യഹോവ പ്രസ്താവിച്ച പ്രകാരം തിരുവെഴുത്തു വായിക്കുന്നതിൽനിന്നു രാജാക്കൻമാർ പ്രയോജനമനുഭവിക്കുന്നതിന് എന്താണ് ആവശ്യമായിരുന്നത്? (ബി) ക്രമമായ ബൈബിൾ വായനയും ധ്യാനവും ക്രിസ്തീയ മൂപ്പൻമാർക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 തന്റെ ജനത്തിൻമേൽ രാജാവായി വാഴുന്ന ഏവനും അവന്റെ രാജത്വത്തിന്റെ ആരംഭത്തിൽ പുരോഹിതൻമാരുടെ പക്കലുള്ള ന്യായപ്രമാണത്തിന്റെ പകർപ്പിനെ അടിസ്ഥാനപ്പെടുത്തി അതിന്റെ ഒരു പകർപ്പ് ഉണ്ടാക്കണമെന്നു യഹോവ നിർദേശിച്ചു. അവൻ “തന്റെ ആയുഷ്കാലം ഒക്കെയും അതു വായിക്കയും വേണ”മായിരുന്നു. അതിന്റെ ഉള്ളടക്കം വെറുതെ മനപ്പാഠമാക്കുകയായിരുന്നില്ല ലക്ഷ്യം. മറിച്ച്, അവൻ “തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതി”നും “അവന്റെ ഹൃദയം സഹോദരൻമാർക്കു മീതെ അഹങ്കരിച്ചുയരാതെ” ഇരിക്കുന്നതിനും വേണ്ടിയായിരുന്നു. (ആവർത്തനപുസ്തകം 17:18-20) താൻ വായിക്കുന്ന കാര്യങ്ങളെപ്പറ്റി അവൻ ആഴമായി ധ്യാനിക്കേണ്ട ആവശ്യമുണ്ടായിരുന്നു. ഭരണ സംബന്ധമായ കർത്തവ്യങ്ങളിൽ വളരെ തിരക്കുള്ളവരാകയാൽ തങ്ങൾക്ക് അതിനു കഴിയുകയില്ലെന്നു ചില രാജാക്കൻമാർ ചിന്തിച്ചതായി തെളിവു കാണിക്കുന്നു, അവരുടെ അവഗണനയുടെ ഫലമായി മുഴു ജനതയും സഹിക്കേണ്ടിവന്നു. ക്രിസ്തീയ സഭയിലെ മൂപ്പൻമാരുടെ റോൾ ഒരുവിധത്തിലും ഒരു രാജാവിന്റെ റോളല്ല. എന്നിരുന്നാലും, രാജാക്കൻമാരുടെ കാര്യത്തിലെന്നപോലെ മൂപ്പൻമാർ ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു ജീവത്പ്രധാനമാണ്. അപ്രകാരം ചെയ്യുന്നത്, തങ്ങളുടെ സംരക്ഷണയിൽ ഏൽപ്പിച്ചിരിക്കുന്നവരെപ്പറ്റി ഒരു ഉചിതമായ വീക്ഷണമുണ്ടായിരിക്കാൻ അവരെ സഹായിക്കും. ദൈവത്തെ യഥാർഥത്തിൽ ബഹുമാനിക്കയും സഹക്രിസ്ത്യാനികളെ ആത്മീയമായി ബലപ്പെടുത്തുകയും ചെയ്യുന്ന ഒരു വിധത്തിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും അത് അവരെ പ്രാപ്തരാക്കും.—തീത്തൊസ് 1:9; താരതമ്യം ചെയ്യുക: യോഹന്നാൻ 7:16-18; വിപരീതതാരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 1:6, 7.
18. ബൈബിളിന്റെ ക്രമമായ വായനയും പഠനവും അപ്പോസ്തലനായ പൗലോസ് നൽകിയിരിക്കുന്ന എന്തു മാതൃകകൾ അനുകരിക്കുന്നതിനാണു നമ്മെ സഹായിക്കുന്നത്?
18 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ മേൽവിചാരകനായിരുന്ന അപ്പോസ്തലനായ പൗലോസ് നിശ്വസ്ത തിരുവെഴുത്തുകൾ നല്ലവണ്ണം അറിയാമായിരുന്ന ഒരുവനായിരുന്നു. പുരാതന തെസലോനിക്യയിലുള്ള ആളുകളോടു സാക്ഷീകരിച്ചപ്പോൾ തിരുവെഴുത്തിൽനിന്നു ഫലപ്രദമായ വിധത്തിൽ അവരുമായി ന്യായവാദം ചെയ്യുന്നതിനും അതിന്റെ അർഥം മനസ്സിലാക്കുന്നതിന് അവരെ സഹായിക്കുന്നതിനും അവനു കഴിഞ്ഞു. (പ്രവൃത്തികൾ 17:1-4) അവൻ ആത്മാർഥരായ കേൾവിക്കാരുടെ ഹൃദയങ്ങളെ സ്പർശിച്ചു. തൻമൂലം, അവനു ചെവിചായ്ച അനേകർ വിശ്വാസികളായിത്തീർന്നു. (1 തെസ്സലൊനീക്യർ 2:13) നിങ്ങളുടെ ബൈബിൾ വായനയുടെയും പഠനത്തിന്റെയും ഫലമായി തിരുവെഴുത്തുകളിൽനിന്നു ഫലപ്രദമായി ന്യായവാദം ചെയ്യാൻ നിങ്ങൾ പ്രാപ്തനാണോ? നിങ്ങളുടെ ജീവിതത്തിൽ ബൈബിൾ വായനയ്ക്കുള്ള സ്ഥാനവും നിങ്ങൾ അതു ചെയ്യുന്ന വിധവും ദൈവവചനം കൈവശമുണ്ടായിരിക്കുക എന്നതിന്റെ അർഥമെന്തെന്നു നിങ്ങൾ സത്യത്തിൽ വിലമതിക്കുന്നുവെന്നതിനു മതിയായ തെളിവു നൽകുന്നുണ്ടോ? സമയപട്ടികകൾ വളരെയധികം നിറഞ്ഞിരിക്കുന്നവർക്കുപോലും ഈ ചോദ്യങ്ങൾക്ക് അനുകൂലമായ ഉത്തരം എങ്ങനെ നൽകാൻ കഴിയുമെന്ന് അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നതാണ്.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ബൈബിൾ വായിക്കുന്നതിനുവേണ്ടി ആളുകൾ ജീവനും സ്വാതന്ത്ര്യവും പണയപ്പെടുത്താൻ മനസ്സൊരുക്കം കാണിച്ചത് എന്തുകൊണ്ട്?
◻ പുരാതന ഇസ്രായേല്യർക്കു ദൈവവചനം കേൾക്കാൻവേണ്ടി ചെയ്തിരുന്ന ക്രമീകരണങ്ങളെപ്പറ്റി പുനരവലോകനം നടത്തിയതുകൊണ്ടു നാം എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
◻ നാം ബൈബിളിൽ വായിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചു എന്തു ചെയ്യണം?
◻ ബൈബിൾ വായനയും ധ്യാനവും ക്രിസ്തീയ മൂപ്പൻമാർക്കു പ്രത്യേകിച്ചും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
[9-ാം പേജിലെ ചിത്രം]
യഹോവ യോശുവയോടു പറഞ്ഞു: “നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം”