വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
എബ്രായർ 4:15, 16-ൽ സൂചിപ്പിച്ചിരിക്കുന്ന, യേശുക്രിസ്തുവിന്റെ മഹാപുരോഹിത സേവനങ്ങളുടെ പ്രയോജനങ്ങൾ ഇപ്പോൾ എങ്ങനെയാണു “വേറെ ആടുകൾ”ക്കു ബാധകമാവുന്നത്?
മഹാപുരോഹിതൻ എന്നനിലയിലുള്ള യേശുവിന്റെ റോളിൽനിന്നും മുഖ്യമായും പ്രയോജനമനുഭവിക്കുന്നത് അവനോടൊപ്പം സ്വർഗത്തിലായിരിക്കുന്നവരാണെങ്കിലും ഭൗമിക പ്രത്യാശകളുള്ള ക്രിസ്ത്യാനികൾക്ക് ഇപ്പോൾപ്പോലും യേശുവിന്റെ പൗരോഹിത്യ സേവനങ്ങളിൽനിന്നു പ്രയോജനമുണ്ട്.
ആദാംമുതൽ മനുഷ്യവർഗം പാപത്താൽ ഞെരുക്കപ്പെട്ടിരിക്കുകയാണ്. ഇസ്രായേല്യരെപ്പോലെ, അവകാശപ്പെടുത്തിയിരിക്കുന്ന അപൂർണതനിമിത്തം നാം കഷ്ടപ്പെടുകയാണ്. സ്വന്തം പാപങ്ങൾക്കുവേണ്ടിയും മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടിയും യാഗങ്ങളർപ്പിച്ച മഹാപുരോഹിതൻമാരിലും ഉപപുരോഹിതൻമാരിലും തലമുറ തലമുറയോളം അവർ ആശ്രയിച്ചു. കൃത്യസമയത്ത്, “മല്ക്കിസേദെക്കിന്റെ വിധത്തിൽ” യേശു പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. തന്റെ പൂർണതയുള്ള മനുഷ്യബലിയുടെ മൂല്യം സമർപ്പിക്കാൻ യേശു, പുനരുത്ഥാനശേഷം, യഹോവയുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു.—സങ്കീർത്തനം 110:1, 4.
ഇതു നമുക്കിന്ന് എന്ത് അർഥമാക്കുന്നു? എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ മഹാപുരോഹിതൻ എന്നനിലയിലുള്ള യേശുവിന്റെ സേവനത്തെക്കുറിച്ചു പൗലോസ് ചർച്ചചെയ്തു. “മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു,” എന്നു നാം എബ്രായർ 5:1-ൽ വായിക്കുന്നു. എന്നിട്ട്, യേശു മഹാപുരോഹിതനായിരിക്കുന്നുവെന്നും അതിനു നമ്മുടെ പ്രയോജനത്തിൽ കലാശിക്കാനാവുമെന്നും പൗലോസ് 5-ഉം 6-ഉം വാക്യത്തിൽ പ്രകടമാക്കി.
അതെങ്ങനെ? “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു,” പൗലോസ് എഴുതി. (എബ്രായർ 5:8, 9) ദൈവത്തോടും യേശുവിനോടും വിശ്വസ്തരായവർ തങ്ങളുടെ പാപപൂരിത അവസ്ഥയിൽനിന്നു സ്വതന്ത്രമാക്കപ്പെടുകയും നിത്യജീവൻ ലഭിക്കുകയും ചെയ്യുന്ന പുതിയ ലോകത്തിൽ, നമുക്ക് എങ്ങനെ പ്രയോജനം നേടാനാവുമെന്നാണ് ആ വാക്യം ആദ്യം നമ്മെ ചിന്തിപ്പിക്കുന്നത്. യേശുവിന്റെ ബലിയുടെ രക്ഷാകര മൂല്യത്തിന്മേലും മഹാപുരോഹിതൻ എന്നനിലയിലുള്ള അവന്റെ സേവനത്തിന്മേലും അധിഷ്ഠിതമായ ഒരു സാധുവായ പ്രതീക്ഷയാണത്.
എന്നാൽ, വാസ്തവത്തിൽ മഹാപുരോഹിതൻ എന്നനിലയിലുള്ള അവന്റെ റോളിൽനിന്ന് അഥവാ സേവനത്തിൽനിന്നു നമുക്കിപ്പോൾത്തന്നെ പ്രയോജനം നേടാം. എബ്രായർ 4:15, 16 ശ്രദ്ധിക്കുക: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു (“കൃത്യ സമയത്ത്,” NW) സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ (“സംസാര സ്വാതന്ത്ര്യത്തോടെ,” NW) കൃപാസനത്തിന്നു അടുത്തു ചെല്ലുക.” എപ്പോഴായിരിക്കും “കൃത്യ സമയം”? നമുക്കു കരുണയും അനർഹദയയും ആവശ്യമുള്ളപ്പോൾ. അപൂർണത നിമിത്തം നമുക്കെല്ലാം ഈ ആവശ്യം ഇപ്പോൾ തോന്നേണ്ടതാണ്.
ഇപ്പോൾ സ്വർഗത്തിൽ പുരോഹിതനായിരിക്കുന്ന യേശു മനുഷ്യനുമായിരുന്നു, അതുകൊണ്ട് അവനു സമാനുഭാവമുള്ളവനാകാൻ സാധിക്കുമെന്ന് എബ്രായർ 4:15, 16 വ്യക്തമാക്കുന്നു. ആരുടെ നേർക്ക്? നമ്മുടെ നേർക്ക്. എപ്പോൾ? ഇപ്പോൾ. യേശു മനുഷ്യനായിരുന്നപ്പോൾ മനുഷ്യർക്കു സാധാരണമായ സമ്മർദങ്ങൾ അവൻ അനുഭവിച്ചു. അവനു വിശപ്പും ദാഹവുമുണ്ടായ സന്ദർഭങ്ങളുണ്ടായിരുന്നു. പൂർണനായിരുന്നിട്ടും അവനു ക്ഷീണം നേരിട്ടു. അതു നമ്മെ ആശ്വസിപ്പിക്കേണ്ടതാണ്. എന്തുകൊണ്ട്? സ്വാഭാവിക ക്ഷീണം യേശു അനുഭവിച്ചതുകൊണ്ട്, നമുക്ക് അത് എങ്ങനെ കൂടെക്കൂടെ അനുഭവപ്പെടുന്നു എന്നതു സംബന്ധിച്ച് അവൻ ബോധവാനാണ്. യേശുവിനു ശിഷ്യന്മാർക്കിടയിലെ അസൂയപൂണ്ട ശണ്ഠയെ ഒതുക്കേണ്ടതുണ്ടായിരുന്നുവെന്നും ഓർക്കുക. (മർക്കൊസ് 9:33-37; ലൂക്കൊസ് 22:24) അതേ, അവനെ നിരാശപ്പെടുത്തുന്ന കാര്യങ്ങളുണ്ടായിരുന്നു. നാം നിരാശരാകുമ്പോൾ, നിരുത്സാഹിതരാകുമ്പോൾ അവൻ അതു മനസ്സിലാക്കുന്നുവെന്ന ഉറപ്പ് അതു നമുക്കു നൽകേണ്ടതല്ലേ? തീർച്ചയായും.
നിങ്ങൾക്കു നിരുത്സാഹം തോന്നുമ്പോൾ എന്തു ചെയ്യാനാവും? മനസ്സും ശരീരവും പൂർണതയുള്ളതായിത്തീരാൻ നിങ്ങളുടെ മഹാപുരോഹിതനായ യേശു നിങ്ങളെ സഹായിക്കുന്ന പുതിയ ലോകംവരെ നിങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നു പൗലോസ് പറഞ്ഞുവോ? ഇല്ല. നമുക്കു ‘കരുണ ലഭിക്കുകയും തത്സമയത്തു (“കൃത്യ സമയത്ത്,” NW) സഹായത്തിനുള്ള കൃപ പ്രാപിക്കുകയും ചെയ്തേക്കാ’മെന്നായിരുന്നു പൗലോസ് പറഞ്ഞത്. അതിൽ ഇപ്പോഴത്തെ കാലം ഉൾപ്പെടുന്നുണ്ട്. മാത്രവുമല്ല, യേശു ഒരു മനുഷ്യനായിരുന്നപ്പോൾ, അവൻ ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചു, അങ്ങനെ, “സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട”വനായി. അതുകൊണ്ടു നമുക്ക് അത്തരം സംഗതികൾ നേരിടുമ്പോൾ, നാം അനുഭവിക്കുന്നതു സംബന്ധിച്ച അവന്റെ ഗ്രാഹ്യത്തിലധിഷ്ഠിതമായി അവൻ നമ്മെ സഹായിക്കാൻ ഒരുക്കമുള്ളവനാണ്. അതു നിങ്ങളെ അവനിലേക്ക് ആകർഷിക്കുന്നില്ലേ?
16-ാം വാക്യം ശ്രദ്ധിക്കുക. അഭിഷിക്തരും വേറെ ആടുകളും ഉൾപ്പെട്ട നമുക്കു സംസാര സ്വാതന്ത്ര്യത്തോടെ ദൈവത്തെ സമീപിക്കാനാവുമെന്നു പൗലോസ് പറയുന്നു. (യോഹന്നാൻ 10:16) നമുക്ക് ഇഷ്ടമുള്ള എന്തും, കോപവും അനാദരവും തുളുമ്പുന്ന സംഗതികൾപോലും, നമുക്കു പ്രാർഥനയിൽ പറയാനാവുമെന്ന് അപ്പോസ്തലൻ അർഥമാക്കിയില്ല. മറിച്ച്, നാം പാപികളാണെങ്കിലും, യേശുവിന്റെ ബലിയുടെയും മഹാപുരോഹിതൻ എന്നനിലയിലുള്ള അവന്റെ സേവനത്തിന്റെയും അടിസ്ഥാനത്തിൽ നമുക്കു ദൈവത്തെ സമീപിക്കാനാവും.
നമ്മുടെ മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെ സേവനങ്ങളിൽനിന്നു നമുക്ക് ഇപ്പോൾപ്പോലും പ്രയോജനം അനുഭവിക്കാനാവുന്ന മറ്റൊരുവിധം നമ്മുടെ പാപങ്ങളുമായി, അഥവാ തെറ്റുകളുമായി ബന്ധപ്പെട്ടതാണ്. ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ യേശു തന്റെ ബലിയുടെ മുഴുവൻ മെച്ചവും നമുക്കു ബാധകമാക്കുമെന്നു നാം തീർച്ചയായും പ്രതീക്ഷിക്കുന്നില്ല. അങ്ങനെ അവൻ ചെയ്താൽപ്പോലും, അപ്പോഴും നമുക്കു നിത്യജീവൻ ഉണ്ടായിരിക്കയില്ല. കിടക്കയിൽ കിടത്തി മേൽക്കൂരയിലൂടെ താഴേക്കിറക്കിയ തളർവാതം പിടിപെട്ട മനുഷ്യനെ സംബന്ധിക്കുന്ന ലൂക്കൊസ് 5:18-26-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം ഓർമിക്കുക. യേശു അദ്ദേഹത്തോടു പറഞ്ഞു: “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു.” ഏതോ പാപങ്ങൾ നിമിത്തമാണ് ആ തളർവാതമുണ്ടായത് എന്നല്ല അതിന്റെയർഥം. ആ മനുഷ്യന്റെ പാപങ്ങളെ പൊതുവേ ആയിരിക്കാം അർഥമാക്കിയത്. ഒരു പരിധിവരെ അയാൾ അവകാശപ്പെടുത്തിയ, അസുഖങ്ങൾക്കിടയാക്കുന്ന, അപൂർണതയും അതിലുൾപ്പെട്ടിരിക്കാം.
പാപപരിഹാര ദിവസം അസസ്സേലിനുള്ള കോലാട്ടുകൊറ്റൻ ഇസ്രായേലിന്റെ പാപങ്ങൾ നീക്കിക്കളഞ്ഞതുപോലെ, യേശു അർപ്പിക്കുമായിരുന്ന ബലിയിൽ അടിസ്ഥാനമാക്കി അവന് ആ മനുഷ്യന്റെ പാപങ്ങൾ നീക്കാൻ കഴിഞ്ഞു. (ലേവ്യപുസ്തകം 16:7-10) എങ്കിലും തളർവാതം ബാധിച്ചയാൾ അപ്പോഴും ഒരു മനുഷ്യനായിരുന്നു. അയാൾ പിന്നെയും പാപം ചെയ്യുമായിരുന്നു, പാപികൾക്കു സംഭവിക്കേണ്ടതുപോലെ, കാലക്രമത്തിൽ അയാൾ മരിച്ചു. (റോമർ 5:12; 6:23) യേശു പറഞ്ഞതിന്റെ അർഥം ആ മനുഷ്യന് ഉടനടി നിത്യജീവൻ കിട്ടിയെന്നല്ല. എന്നാൽ ആ സമയത്ത് ഒരളവോളമുള്ള ക്ഷമയാൽ ആ മനുഷ്യൻ അനുഗൃഹീതനായി.
ഇനി നമ്മുടെ സ്ഥിതിവിശേഷം പരിചിന്തിക്കുക. അപൂർണരായതുകൊണ്ടു നമുക്കു ദിവസവും തെറ്റുപറ്റുന്നു. (യാക്കോബ് 3:2) അതു സംബന്ധിച്ചു നമുക്ക് എന്തു ചെയ്യാനാവും? കൊള്ളാം, നമുക്കു സ്വർഗത്തിൽ കരുണാസമ്പന്നനായ ഒരു മഹാപുരോഹിതനുണ്ട്. പ്രാർഥനയിൽ നമുക്ക് അവനിലൂടെ യഹോവയെ സമീപിക്കാനാവും. അതേ, പൗലോസ് എഴുതിയപോലെ, ‘കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നമുക്കു ധൈര്യത്തോടെ [ദൈവത്തിന്റെ] കൃപാസനത്തിന്നു അടുത്തു ചെല്ലാ’നാവും. തത്ഫലമായി, ഇന്നു വേറെ ആടുകളിൽപ്പെട്ട സകലരും ക്രിസ്തുവിന്റെ മഹാപുരോഹിത സേവനങ്ങളിൽനിന്നു തീർച്ചയായും ഒരു ശുദ്ധ മനസ്സാക്ഷി ഉൾപ്പെടെ മഹത്തായ പ്രയോജനങ്ങളനുഭവിക്കുന്നുണ്ട്.
അടുത്തുകൊണ്ടിരിക്കുന്ന പുതിയ ലോകത്തിലെ പ്രയോജനങ്ങൾക്കുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ ഭൗമിക പ്രത്യാശയുള്ള സകല ക്രിസ്ത്യാനികൾക്കും സാധിക്കും. അന്നു പാപത്തിന്റെ സമ്പൂർണ മോചനം സാധ്യമാക്കുന്നതിന്റെ ഭാഗമായി നമ്മുടെ സ്വർഗീയ മഹാപുരോഹിതൻ തന്റെ ബലിയുടെ മെച്ചം മുഴുവനായി ബാധകമാക്കും. ആളുകളുടെ ശാരീരികവും ആത്മീയവുമായ ആരോഗ്യത്തിനു ശ്രദ്ധനൽകിക്കൊണ്ട് അവൻ മഹത്തരമായ പ്രയോജനങ്ങളും നമുക്കു നീട്ടിത്തരുന്നതായിരിക്കും. ഇസ്രായേലിൽ പുരോഹിതന്മാരുടെ ഒരു മുഖ്യ ഉത്തരവാദിത്വം ന്യായപ്രമാണം പഠിപ്പിക്കൽ ആയിരുന്നതുകൊണ്ട്, ഭൂമിയിൽ ദൈവജനത്തിന്റെ വിദ്യാഭ്യാസം യേശു വൻതോതിൽ വിപുലീകരിക്കും. (ലേവ്യപുസ്തകം 10:8-11; ആവർത്തനപുസ്തകം 24:8; 33:8, 10) അതുകൊണ്ട്, യേശുവിന്റെ പുരോഹിത സേവനങ്ങളിൽനിന്നു നാം ഇപ്പോൾ പ്രയോജനം അനുഭവിക്കുന്നു, എന്നാൽ അതേസമയം വളരെയധികം പ്രയോജനങ്ങൾ നമ്മെ കാത്തിരിക്കുകയും ചെയ്യുന്നു!