ഗിലെയാദ് ബിരുദധാരികൾ—“യഥാർഥ മിഷനറിമാർ!”
“എന്താണ് ഒരു മിഷനറി?” ഏതാണ്ടു നാലു പതിറ്റാണ്ടുകൾക്കുമുമ്പ് ഒരു പത്രത്തിന്റെ മുഖപ്രസംഗം ഉന്നയിച്ച ചോദ്യം. സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരത്തിനുള്ള ഉപകരണങ്ങളാണ് യഥാർഥ മിഷനറിമാർ എന്ന് ആ എഴുത്തുകാരൻ ന്യായവാദം ചെയ്തു. എന്നിരുന്നാലും, 1995 മാർച്ച് 5 ഞായറാഴ്ച യഹോവയുടെ സാക്ഷികളുടെ ജേഴ്സി സിറ്റി അസംബ്ലി ഹാളിൽവെച്ച് അതിനുള്ള തികച്ചും വ്യത്യസ്തമായ ഉത്തരം ഊന്നിപ്പറയുകയുണ്ടായി. സന്ദർഭം? ലോകമെമ്പാടും മിഷനറിമാരെ അയച്ചിട്ടുള്ള ഒരു സ്കൂളായ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 98-ാമത്തെ ക്ലാസ്സിന്റെ ബിരുദദാന ചടങ്ങ്!
ഭരണസംഘത്തിലെ ആൽബർട്ട് ഡി. ഷ്രോഡർ പ്രാരംഭ ഗീതത്തിനും പ്രാർഥനയ്ക്കുംശേഷം, സന്നിഹിതരായിരുന്ന 6,430 പേരെ ഊഷ്മളമായി സ്വാഗതം ചെയ്തു. തങ്ങളെത്തന്നെ മിഷനറിമാർ എന്നു വിളിക്കുന്നവരിൽനിന്നു ഗിലെയാദ് ബിരുദധാരികൾ വ്യത്യസ്തരായിരിക്കുന്നതിന്റെ കാരണം ആമുഖ പ്രസ്താവനയിൽ ഷ്രോഡർ സഹോദരൻ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു: “ഗിലെയാദിന്റെ പ്രധാന പാഠപുസ്തകം ബൈബിളാണ്.” ഗിലെയാദ് ബിരുദധാരികൾക്കു പരിശീലനം ലഭിക്കുന്നത് സാമൂഹിക പ്രവർത്തകരായിരിക്കാനല്ല, ദൈവവചനം പഠിപ്പിക്കുന്നവരായിരിക്കാനാണ്. അങ്ങനെ വിദേശ വയലുകളിലെ ആളുകളുടെ ആത്മീയ ആവശ്യങ്ങൾ നോക്കാൻ അവർ അനുപമമാംവിധം യോഗ്യതയുള്ളവരാണ്.
ഗിലെയാദ് ബിരുദധാരികൾ “യഥാർഥ” മിഷനറിമാരായിരിക്കുന്നതിന്റെ തെളിവു നൽകുന്ന മറ്റനേകം മേഖലകൾ തുടർന്നുവന്ന പ്രസംഗകർ ചർച്ചചെയ്തു. “മിഷനറിമാർ എന്നനിലയിൽ നല്ല ഫലം പുറപ്പെടുവിക്കുന്നതിൽ തുടരുവിൻ” എന്ന വിഷയത്തെക്കുറിച്ച് ചാൾസ് മോലഹൻ സംസാരിച്ചു. കൊലോസ്യർ 1:9, 10-ലെ [NW] അപ്പോസ്തലനായ പൗലോസിന്റെ വാക്കുകളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അവരുടെ കഴിഞ്ഞ അഞ്ചുമാസത്തെ ഗിലെയാദ് പരിശീലനം “ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനത്തിൽ” വളരാൻ അവരെ സഹായിച്ചിരിക്കുന്നുവെന്ന് മോലഹൻ സഹോദരൻ ബിരുദധാരികളെ അനുസ്മരിപ്പിച്ചു. ഫലമുത്പാദിപ്പിക്കാൻ ഇത് അവരെ രണ്ടുവിധങ്ങളിൽ സഹായിക്കും: ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കിക്കൊണ്ടും മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെച്ചുകൊണ്ടും.
തുടർന്ന്, “നിങ്ങളുടെ ജീവന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്” എന്ന ചിന്തോദ്ദീപകമായ വിഷയവുമായി ഭരണസംഘത്തിലെ ദാനിയേൽ സിഡ്ലിക് എത്തി. “ഒരു മനുഷ്യൻ തന്റെ ദേഹിക്കു പകരമായി എന്തു കൊടുക്കും?” എന്ന യേശുവിന്റെ ചോദ്യം അദ്ദേഹം സൂചിപ്പിച്ചു. (മത്തായി 16:26, NW) “സുഗമവും സുഖകരവുമായ ഒരു ജീവിതത്തിനുവേണ്ടി ആളുകൾ തങ്ങളുടെ ദേഹികളെ വിറ്റുകളഞ്ഞിരിക്കുന്നു,” സിഡ്ലിക് സഹോദരൻ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, പരിശോധന നേരിടുമ്പോൾ സജീവ വിശ്വാസമുള്ളവർക്കു വിട്ടുവീഴ്ച ചെയ്യാനൊക്കില്ല. ഒരുവന്റെ ദേഹിയെ, അഥവാ ജീവനെ നേടുന്നതിനുവേണ്ടി “കൊടുക്കാ”ൻ, അതായത് ത്യാഗം ചെയ്യാൻ, ഒരുവനു മനസ്സുണ്ടായിരിക്കണമെന്നു യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. യഹോവക്കുള്ള സേവനത്തിൽ തങ്ങളുടെ മുഴുദേഹിയും തങ്ങളുടെ പരമാവധിയും നൽകാൻ പുതിയ മിഷനറിമാർ ഉദ്ബോധിപ്പിക്കപ്പെട്ടു!
അടുത്ത പ്രസംഗം സർവീസ് ഡിപ്പാർട്ടുമെൻറ് കമ്മിറ്റിയിലെ വില്യം വാൻ ഡി വോളിന്റെതായിരുന്നു. “അപ്പോസ്തലനായ പൗലോസ്—അനുകരണാർഹമായ ഒരു മാതൃക” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. “പൗലോസ് ഒന്നാം നൂറ്റാണ്ടിലെ മിഷനറിവേലയുടെ അമരത്തുണ്ടായിരുന്നു,” വാൻ ഡി വോൾ വിശദീകരിച്ചു. അപ്പോസ്തലനായ പൗലോസ് ഇന്നത്തെ ക്രിസ്ത്യാനികൾക്കു നല്ല മാതൃക വെച്ച നാലു മേഖലകൾ അപ്പോൾ ഉചിതമായി പ്രദീപ്തമാക്കി: (1) ജനങ്ങളോടുള്ള പൗലോസിന്റെ യഥാർഥ താത്പര്യവും സ്നേഹവും, (2) ശുശ്രൂഷയിലെ അവന്റെ ഫലപ്രദത്വം, (3) സ്വയം ഉയർത്തിപ്പിടിക്കാതിരിക്കാൻ അവനെടുത്ത വിനീത തീരുമാനം, (4) യഹോവയിലുള്ള അവന്റെ അങ്ങേയറ്റത്തെ ആശ്രയം.
“നിങ്ങളുടെ പുതിയ നിയമനത്തിൽ യഹോവ നിങ്ങളെ ശോധന ചെയ്യട്ടെ” എന്നതായിരുന്നു ഭരണസംഘത്തിലെ ലൈമൻ എ. സ്വിംഗൾ ചർച്ച ചെയ്ത വിഷയം. പുതിയ മിഷനറിമാർ എന്നനിലയിൽ, തങ്ങളുടെ നിയമനങ്ങളിൽ അവർ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമെന്നും എന്നാൽ യഹോവക്ക് അവയുടെ പരിഹാരം അറിയാമെന്നും സ്വിംഗൾ സഹോദരൻ ദിനവാക്യമായ സങ്കീർത്തനം 139:16 ഉപയോഗിച്ചുകൊണ്ട് അവരുടെ ശ്രദ്ധയിൽപ്പെടുത്തി. “നിങ്ങൾക്ക് ഒരു പ്രശ്നമുള്ളപ്പോൾ അവന്റെ അടുക്കൽ ചെന്ന് അവനോടു സംസാരിക്കുവിൻ. അവന്റെ ഹിതമെന്തെന്നു വിവേചിച്ചറിയുവിൻ,” അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പിന്നെ ഭരണസംഘത്തിലെ ജോൺ ഇ. ബാർ “നിങ്ങളുടെ വിശ്വാസം അത്യന്തം വളരുന്നു” എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. (2 തെസലോനിക്യർ 1:3, NW) “ഇടർച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം” എന്നു യേശു പറഞ്ഞതായി നാം ലൂക്കൊസ് 17:1-ൽ വായിക്കുന്നു. സഹമിഷനറിമാരുടെ വ്യക്തിത്വം കണ്ട് ചിലർ ഇടറിപ്പോയിട്ടുണ്ട്. എന്നാൽ ക്ഷമിക്കുന്നവരായിരിക്കാൻ ആവശ്യമായ വിശ്വാസം ഉണ്ടായിരിക്കാൻ ബാർ സഹോദരൻ മിഷനറിമാരെ പ്രോത്സാഹിപ്പിച്ചു. “ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ” എന്നു യേശുവിന്റെ ശിഷ്യന്മാർ യാചിക്കാനുണ്ടായ സന്ദർഭം തീർച്ചയായും ഇതായിരുന്നു. (ലൂക്കൊസ് 17:2-5) സംഘടനാപരമായ വിവിധ പരിഷ്കാരങ്ങളും മിഷനറിമാരുടെ വിശ്വാസത്തിനു പരിശോധനയായിത്തീരാം. ബാർ സഹോദരൻ ചോദിച്ചു, “അവ സ്വീകരിക്കാനുള്ള വിശ്വാസം നമുക്കില്ലേ, അതോ അവ പർവതസമാന പ്രതിബന്ധങ്ങളായിത്തീരുമോ?”
രണ്ടു ഗിലെയാദ് അധ്യാപകരിൽനിന്നുള്ള ഏതാനും പ്രബോധനങ്ങളായിരുന്നു അടുത്തതായി ലഭിച്ചത്. ഒരു ക്രിയാത്മക മനോഭാവം നിലനിർത്താൻ ജാക് റെഡ്ഫോർഡ് ബിരുദധാരികളെ ആഹ്വാനം ചെയ്തു. സഹമിഷനറിമാർ കളിയാക്കിയെന്നുപറഞ്ഞു നിയമനം വിട്ടുകളഞ്ഞ ഒരു മിഷനറി സഹോദരിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അനാവശ്യമായി നീരസം ഉണ്ടാകുന്നതിനെതിരെ തിരുവെഴുത്തുകൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. (സഭാപ്രസംഗി 7:9) അദ്ദേഹം ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ശരിയായ മനോഭാവം ഉള്ളവരായിരിക്കുവിൻ. നിങ്ങളോടൊപ്പമുള്ള മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും ക്ഷമിക്കുന്നവരായിരിക്കുവിൻ.”
പിന്നെ, ഗിലെയാദ് രജിസ്ട്രാറായ യു. വി. ഗ്ലാസ്സ് ഇങ്ങനെ ചോദിച്ചു: “‘കാലത്തെയും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവത്തെയും’ നേരിടാൻ നിങ്ങൾ സജ്ജരാണോ?” (സഭാപ്രസംഗി 9:11, NW) “നമ്മുടെ ജീവിതരീതി എല്ലായ്പോഴും മാറ്റങ്ങൾക്കു വിധേയമാണ്. ചില മാറ്റങ്ങൾ മനംതകർക്കുന്നതായിരിക്കാം,” ഗ്ലാസ്സ് സഹോദരൻ അഭിപ്രായപ്പെട്ടു. അപ്രതീക്ഷിതമായി നേരിടുന്ന ആരോഗ്യത്തകർച്ച, രോഗം, കുടുംബപ്രശ്നങ്ങൾ എന്നിവനിമിത്തം ചിലർ നിയമനം വിട്ടുപോകാൻ നിർബന്ധിതരായിട്ടുണ്ട്. ഗ്ലാസ്സ് സഹോദരൻ പറഞ്ഞു: “മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവം എന്തുതന്നെയായാലും യഹോവ അതു സംബന്ധിച്ചു ബോധവാനും ചിന്തയുള്ളവനുമാണെന്നു നമുക്കറിയാം. നമ്മുടെ ആശ്രയം അവനിൽ വെക്കുന്നെങ്കിൽ നാം വിജയശ്രീലാളിതരായിത്തീരുമെന്നു നമുക്കറിയാം!”
“മിഷനറി സേവനത്തിനായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു” എന്ന ശീർഷകത്തിലുള്ള പ്രസംഗം രാവിലത്തെ പ്രസംഗപരമ്പരയുടെ പാരമ്യമായിരുന്നു. ഭരണസംഘത്തിലെ തിയോഡോർ ജാരസ് “എന്താണ് ഒരു മിഷനറി?” എന്ന ആരംഭത്തിൽ സൂചിപ്പിച്ച ചോദ്യം കൈകാര്യം ചെയ്തു. ഉത്തരമായി അദ്ദേഹം പ്രവൃത്തികൾ 13-ഉം 14-ഉം അധ്യായങ്ങൾ എടുത്ത് പൗലോസിന്റെയും ബർന്നബാസിന്റെയും മിഷനറിവേലയെക്കുറിച്ചു ചർച്ച ചെയ്തു. വ്യക്തമായും, ആ വേല ശ്രദ്ധ കേന്ദ്രീകരിച്ചത് സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിലായിരുന്നില്ല, എന്നാൽ ‘സുവാർത്ത ഘോഷിക്കുന്ന’തിലായിരുന്നു. (പ്രവൃത്തികൾ 13:32, NW) “ഒരു യഥാർഥ മിഷനറി എന്തായിരിക്കണമെന്നു പൗലോസും ബർന്നബാസും പ്രകടമാക്കിയെന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?,” ജാരസ് സഹോദരൻ ചോദിച്ചു. എന്നിട്ട്, ഒരു സുവിശേഷകൻ എന്നനിലയിൽ തനിക്കുണ്ടായിട്ടുള്ള ഹൃദയോഷ്മളമായ അനുഭവങ്ങളിൽ ചിലതു പങ്കുവെക്കാൻ മെക്സിക്കോയിലെ അനുഭവസമ്പന്നനായ മിഷനറി റോബർട്ട് ട്രെയ്സിയെ ക്ഷണിച്ചു.
ഷ്രോഡർ സഹോദരൻ 48 ബിരുദധാരികൾക്കു ഡിപ്ലോമ വിതരണം ചെയ്തതോടെ രാവിലത്തെ പരിപാടി അതിന്റെ പാരമ്യത്തിലെത്തി. മിഷനറിമാർക്കു നിയമനം ലഭിച്ച 21 രാജ്യങ്ങളുടെ പേരുകൾ കേട്ടപ്പോൾ സദസ്സ് ഹർഷപുളകിതരായി: ഇക്വഡോർ, ഇക്വറ്റോറിയൽ ഗിനി, എസ്തോണിയ, ഐവറി കോസ്റ്റ്, കോസ്റ്റ റിക്ക, ഗിനി-ബിസോ, നിക്കരാഗ്വ, പരഗ്വെ, പെറു, തയ്വാൻ, മൊസാമ്പിക്, മൗറീഷ്യസ്, ലാത്വിയ, ലീവാർഡ് ദ്വീപുകൾ, ബാർബഡോസ്, ബെനിൻ, ബൊളീവിയ, വെനെസ്വേല, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സെനിഗൾ, ഹോണ്ടുറസ്.
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്കുശേഷം, വീണ്ടും സന്നിഹിതരായ സദസ്സിനു സർവീസ് ഡിപ്പാർട്ടുമെന്റിലെ റോബർട്ട് പി. ജോൺസൻ നിർവഹിച്ച വീക്ഷാഗോപുരത്തിന്റെ ഒരു സജീവ പഠനം ആസ്വദിക്കാറായി. 98-ാമത്തെ ക്ലാസ്സിലെ അംഗങ്ങൾ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. അതിനുശേഷം ഗിലെയാദ് സ്റ്റാഫ് അംഗങ്ങൾ നടത്തിയ അഭിമുഖങ്ങളുടെ രസകരമായ ഒരു പരമ്പരയായിരുന്നു. വയലിലെ തങ്ങളുടെ അനുഭവങ്ങളും വിദേശനിയമനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വികാരങ്ങളും ബിരുദധാരികൾ പങ്കുവെച്ചപ്പോൾ സദസ്സിന് അതൊരു വലിയ പ്രോത്സാഹനമായി.
ആറര വർഷമായി, ന്യൂയോർക്കിൽ വോൾക്കിലിലുള്ള വാച്ച്ടവർ സൊസൈറ്റിയുടെ കെട്ടിടങ്ങളിലായിരുന്നു ഗിലെയാദ് സ്ഥിതിചെയ്തിരുന്നത്. എന്നാൽ 1995 ഏപ്രിൽ, സ്കൂളിനെ ന്യൂയോർക്കിൽ പാറ്റേഴ്സണിലുള്ള വാച്ച്ടവർ എഡ്യുക്കേഷണൽ സെന്ററിലേക്കു മാറ്റി. വോൾക്കിൽ ബെഥേൽ കുടുംബത്തിന് ഈ മാറ്റത്തെക്കുറിച്ച് എന്തു തോന്നി? ഈ ബിരുദദാന ചടങ്ങിനോടുള്ള ബന്ധത്തിൽ വോൾക്കിലിൽനിന്നുള്ള പലരെയും അഭിമുഖം നടത്തി. ഇതു തങ്ങളിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു പ്രചോദനാത്മകമായ അവരുടെ ആശയപ്രകടനങ്ങൾ. വ്യക്തമായും, മനസ്സൊരുക്കമുള്ള ഈ സ്ത്രീപുരുഷന്മാർ താഴ്മയും ആത്മത്യാഗമനോഭാവവും മറ്റുള്ളവരെ സഹായിക്കണമെന്ന ആഴമായ താത്പര്യവും ഉള്ള യഥാർഥ മിഷനറിമാരാണ്.
ബിരുദദാന പരിപാടി സമാപിച്ചപ്പോൾ, ഗിലെയാദ് സ്കൂൾ 50-ലധികം വർഷമായി ചെയ്തുകൊണ്ടിരിക്കുന്നതു തുടർന്നും വിജയകരമായി ചെയ്യുമെന്ന് സദസ്സിലുള്ള സകലർക്കും ഉറപ്പായിരുന്നു—അതായത്, യഥാർഥ മിഷനറിമാരെ ഉളവാക്കുകതന്നെ ചെയ്യും!
[18-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്കുകൾ:
പ്രതിനിധാനം ചെയ്ത രാജ്യങ്ങളുടെ എണ്ണം: 8
നിയമിച്ചയക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 21
വിദ്യാർഥികളുടെ എണ്ണം: 48
ശരാശരി പ്രായം: 32.72
സത്യത്തിലെ ശരാശരി വർഷം: 15.48
മുഴുസമയ ശുശ്രൂഷയിലെ ശരാശരി വർഷം: 10.91
[18-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 98-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) എസ്ലിഞ്ജർ എ.; മാൻ റ്റി.; റിവേര ജി.; ബാർവേരോ എം.; വാസ് എം.; ദുർഗ കെ.; സിൽവെരക്സ് എച്ച്.; അൾവരഡോ ഡി. (2) റ്റൊത്ത് ബി.; സെഗാരാ എസ്.; ഹർട്ട് ആർ.; റോര്യാക് ഐ.; എസ്കോബാർ പി.; ഐസ്റ്റ്രപ് ജെ.; സ്ലൈ എൽ.; റിവേര ഇ. (3) ആർച്ചാർഡ് ഡി.; സ്നേത്ത് എസ്.; മാർസ്യേൽ പി.; കോല്യനൻ ഡി.; വാഡൽ എസ്.; ബ്ലാക്ബേൺ എൽ.; എസ്കോബാർ എം.; ആർച്ചാർഡ് കെ. (4) ഹർട്ട് എം.; റ്റൊത്ത് എസ്.; കോല്യനൻ ജെ.; ബെരിമാൻ എച്ച്.; മാൻ ഡി.; ബ്ലാക്ബേൺ ജെ.; പാർക് ഡി.; വാസ് എഫ്. (5) സെഗാരാ എസ്.; സ്ലൈ എൽ.; ലെസ്ലി എൽ.; ബെരിമാൻ ബി.; ബാർവേരോ ഡബ്ലിയു.; അൾവരഡോ ജെ.; ലെസ്ലി ഡി.; പാർക് ഡി. (6) സിൽവെരക്സ് കെ.; എസ്ലിഞ്ജർ ആർ.; വാഡൽ ജെ.; സ്നേത്ത് കെ.; ദുർഗ എ.; റോര്യാക് എഫ്.; ഐസ്റ്റ്രപ സി.; മാർസ്യേൽ ഡി.