സാമ്പത്തിക ഞെരുക്കസമയങ്ങളിൽ ഏകാകിത്വം
“എനിക്ക് 25 വയസ്സുള്ളപ്പോൾ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു,” പശ്ചിമാഫ്രിക്കയിൽ താമസിക്കുന്ന ചൂക്സ് പറഞ്ഞു. “ഒരു പെൺകുട്ടിയെ എനിക്ക് ഇഷ്ടമായിരുന്നു, അവൾക്ക് എന്നെയും. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. പണം. എന്റെ പിതാവും ജ്യേഷ്ഠനും തൊഴിൽരഹിതർ, അനുജൻമാരും അനുജത്തിമാരുമാണെങ്കിലോ സ്കൂളിലും. ഞാനായിരുന്നു കുടുംബത്തിന്റെ അത്താണി. അങ്ങനെയിരിക്കെ, മാതാപിതാക്കൾ രോഗികളായിത്തീർന്നു. അതോടെ, സംഗതികളാകെ കുഴഞ്ഞു. മരുന്നു വാങ്ങണമെങ്കിൽ വേറെയും പണമുണ്ടാക്കണമെന്ന സ്ഥിതിയായി.”
ഭാര്യയെ പോറ്റാനാവാത്ത സ്ഥിതിക്ക് വിവാഹജീവിതത്തിലേക്കു പ്രവേശിക്കാൻ ഒരു യഹോവയുടെ സാക്ഷിയായ ചൂക്സിന് ആഗ്രഹമില്ലായിരുന്നു. 1 തിമൊഥെയൊസ് 5:8-ലുള്ള പൗലോസിന്റെ ഈ വാക്കുകൾ അവൻ കാര്യമായെടുത്തു: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”
ചൂക്സ് തുടർന്നു പറഞ്ഞു: “ഞാൻ കഠിനവേല ചെയ്തു, എന്നാൽ പണം എന്നും കമ്മിതന്നെ. തത്ഫലമായി, വിവാഹിതനാകാനുള്ള ഉദ്ദേശ്യം പല പ്രാവശ്യം മാറ്റിവെക്കേണ്ടിവന്നു. അവസാനം, തന്നെ വിവാഹം ചെയ്യണമെന്നു പറഞ്ഞു മറ്റാരോ തന്റെ പിതാവിനെ സമീപിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവൾ എനിക്കെഴുതി. പിതാവു സമ്മതിച്ചു. അവളുടെ കത്തുകിട്ടി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുടുംബാംഗങ്ങൾ വിവാഹമുറപ്പിക്കുകയും ചെയ്തു.”
ചൂക്സിനെപ്പോലെ, വിവാഹ ഉദ്ദേശ്യങ്ങൾ തകർന്നുതരിപ്പണമാവുകയോ മോശമായ സാമ്പത്തിക അവസ്ഥകൾ നിമിത്തം നീട്ടിവെക്കുകയോ ചെയ്തിട്ടുള്ള അനേകം ക്രിസ്തീയ പുരുഷന്മാരുണ്ട്. അനേകം രാജ്യങ്ങളിൽ കടുത്ത പണപ്പെരുപ്പമുണ്ട്. ഉദാഹരണത്തിന്, ഒരു മധ്യാഫ്രിക്കൻ രാജ്യത്ത്, ഒറ്റ വർഷത്തിലുണ്ടായ വിലവർധനവ് 8,319 ശതമാനമായിരുന്നു! ചില രാജ്യങ്ങളിൽ തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. വരുമാനമാണെങ്കിലോ, പലപ്പോഴും തീരെ തുച്ഛം. അതുകൊണ്ടു സ്വന്തംകാര്യംതന്നെ നോക്കാൻ വിഷമം, അപ്പോൾപ്പിന്നെ ഭാര്യയും കുട്ടികളുംകൂടിയായാൽ പറയാനുമില്ല. നൈജീരിയയിലെ ഒരു യുവാവ് ഇങ്ങനെ വിലപിച്ചു, ഫാക്ടറിയിൽ ഒരു മുഴുസമയ ജോലി തരപ്പെട്ടതായിരുന്നു, പക്ഷേ മാസശമ്പളം കേവലം 17 ഡോളർ—ജോലിസ്ഥലത്തേക്കു പോയിവരാൻ മാസം അതിലും കൂടുതൽ വേണമായിരുന്നു!
പ്രയാസകരമായ സാമ്പത്തിക അവസ്ഥകൾ തങ്ങളുടെ വിവാഹ ഉദ്ദേശ്യങ്ങളിന്മേൽ നിഴൽ പരത്തുകയാണെന്ന് ഏകാകികളായ അനേകം ക്രിസ്തീയ സ്ത്രീകളും കണ്ടെത്തുകയാണ്. കുടുംബാംഗങ്ങളെ പോറ്റാൻ പലപ്പോഴും അവർ തൊഴിലെടുക്കണം. സാഹചര്യം മനസ്സിലാക്കി ഏകാകികളായ ചില പുരുഷന്മാർ വിവാഹിതരാകാൻ മടികാണിക്കുന്നു. കാരണം അത്തരം സാഹചര്യത്തിൽ വിവാഹിതനാകുന്നവൻ ഭാര്യയെ മാത്രമല്ല, അവളുടെ കുടുംബത്തെയും പോറ്റേണ്ടിവരുമെന്ന് അവർക്ക് അറിയാം. തന്നെയും അമ്മയെയും അനുജന്മാരെയും അനുജത്തിമാരെയും പോറ്റാൻ പാടുപെടുന്ന ഒരു യൂണിവേഴ്സിറ്റി ബിരുദധാരിണിയായ ആയോ ഇങ്ങനെ വിലപിക്കുന്നു: “വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ മറ്റുള്ളവർ വന്ന് എന്റെ പങ്കപ്പാടുകൾ [സാമ്പത്തിക ഉത്തരവാദിത്വങ്ങൾ] കാണുമ്പോൾ അവർ വിട്ടുകളയുന്നു.”
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, അവിവാഹിതരായ അനേകം ക്രിസ്ത്യാനികൾക്കു ബന്ധുക്കളിൽനിന്നും മറ്റുള്ളവരിൽനിന്നും വിവാഹിതരാകാനും കുട്ടികളുണ്ടാവാനുമുള്ള സമ്മർദമുണ്ട്. ചിലപ്പോൾ, ഈ സമ്മർദം പരിഹാസത്തിന്റെ രൂപത്തിലാവാം. ഉദാഹരണത്തിന്, ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ, പ്രായപൂർത്തിയായ ഒരാളെ അഭിവാദ്യം ചെയ്യുമ്പോൾ അയാളുടെ അല്ലെങ്കിൽ അവളുടെ ഇണയും കുട്ടികളും എങ്ങനെയിരിക്കുന്നു എന്ന് അന്വേഷിക്കുന്നത് ഒരു ആചാരരീതിയാണ്. ചിലപ്പോൾ അത്തരം അഭിവാദനങ്ങൾ അവിവാഹിതരെ കളിയാക്കാൻ ഉപയോഗിക്കുന്നു. 50-തിനോടടുത്തു പ്രായമുള്ള ജോൺ പറയുന്നു: “‘ഭാര്യക്ക് എങ്ങനെയുണ്ട്’ എന്നു ചോദിച്ച് ആളുകൾ എന്നെ കളിയാക്കുമ്പോൾ, ‘അവൾ വരുന്നതേയുള്ളു’ എന്നു ഞാൻ പറയും, ഭാര്യയെ പോറ്റാനാവില്ലെങ്കിൽ എനിക്കെങ്ങനെയാണു ഭാര്യയെ ലഭിക്കുക എന്നതാണു സത്യം.”
ജോണിന്റെയും അദ്ദേഹത്തെപ്പോലെയുള്ള മറ്റനേകരുടെയും സ്ഥിതിവിശേഷം ഈ യൊരൂബാ പഴഞ്ചൊല്ലിൽ സംഗ്രഹിക്കാം: “എടുപിടീന്നു വിവാഹിതരാകുന്നത് അത്ര വലിയ കാര്യമൊന്നുമല്ല; ഭക്ഷണത്തിന്റെ വിലയാണു പ്രശ്നം.”
നിങ്ങളുടെ സ്ഥിതിവിശേഷം പരമാവധി ഉപയോഗപ്പെടുത്തുക
ഒരു സംഗതിക്കായി വളരെയധികം ആഗ്രഹിച്ചിട്ടും ലഭിക്കാതെവരുമ്പോൾ നാം എത്ര എളുപ്പം ദുഃഖിതരായിത്തീരുന്നു. “സഫലമാകാൻ വൈകുന്ന പ്രതീക്ഷ ഹൃദയത്തെ വേദനിപ്പിക്കുന്നു,” സുഭാഷിതങ്ങൾ 13:12 [പി.ഒ.സി. ബൈബിൾ.] പറയുന്നു. വിവാഹം കഴിക്കാൻ അതിയായി ആഗ്രഹിച്ചിട്ടും സാമ്പത്തികസ്ഥിതി നിങ്ങളെ അതിന് അനുവദിക്കുന്നില്ലെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടാവും. “വികാരത്താൽ ജ്വലിക്കുന്ന”വരെന്ന് അപ്പോസ്തലനായ പൗലോസ് വർണിച്ചവരിൽ ഉൾപ്പെട്ടവനാണു നിങ്ങളെങ്കിൽ ഇതു വിശേഷാൽ സത്യമായിരുന്നേക്കാം.—1 കൊരിന്ത്യർ 7:9, NW.
പ്രശ്നങ്ങളെ മറികടക്കുന്നത് എളുപ്പമല്ലായിരിക്കാം, എന്നാൽ സഹിച്ചുനിൽക്കാനും നിങ്ങളുടെ സാഹചര്യത്തിൽ സന്തുഷ്ടി കണ്ടെത്താനുംപോലും നിങ്ങൾക്കു ചെയ്യാനാവുന്ന സംഗതികളുണ്ട്. അവിവാഹിതനായ യേശുക്രിസ്തു ഒരു പ്രായോഗിക ബൈബിൾതത്ത്വം വെച്ചിട്ടുണ്ട്. സഫലമാകാൻ വൈകുന്ന പ്രതീക്ഷ നിമിത്തമുള്ള നിരാശയെ മറികടക്കാൻ അതു നിങ്ങളെ സഹായിക്കും. അവൻ പറഞ്ഞു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
നിങ്ങളുടെ കുടുംബത്തിനും സഭയിലെ മറ്റുള്ളവർക്കുംവേണ്ടി നല്ല സംഗതികൾ ചെയ്തുകൊടുത്തുകൊണ്ട് നിങ്ങൾക്കിതു ബാധകമാക്കാൻ കഴിയും. ഒരുപക്ഷേ, നിങ്ങൾക്കു ക്രിസ്തീയ ശുശ്രൂഷയിൽ നിങ്ങളുടെ പ്രവർത്തനം വർധിപ്പിക്കാനുമാവും. നിസ്വാർഥമായ കൊടുക്കലിൽ നിങ്ങൾ പൂർണമായി മുഴുകുന്നുവെങ്കിൽ, നിങ്ങൾ ‘നിങ്ങളുടെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനു’മായിത്തീരുന്നുവെന്നു നിങ്ങൾ കണ്ടെത്തും.—1 കൊരിന്ത്യർ 7:37.
മറ്റൊരു അവിവാഹിതനായ പൗലോസ് അപ്പോസ്തലൻ സഹായകമായ ഈ ഉപദേശം എഴുതി: “സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.” (എഫെസ്യർ 5:15, 16) അവിവാഹിതരായ അനേകം ക്രിസ്ത്യാനികൾ പ്രാർഥന, ദൈവവചനത്തിന്റെ പഠനം, ക്രിസ്തീയ യോഗങ്ങളിലെ പങ്കുപറ്റൽ എന്നിവയിലൂടെ യഹോവയുമായി കൂടുതൽ അടുക്കാൻ തങ്ങളുടെ സമയം ഉപയോഗിച്ചുകൊണ്ട് ‘തങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം’ കണ്ടെത്തിയിരിക്കുന്നു. (മത്തായി 11:28-30) നിങ്ങൾ ഇതു ചെയ്യുന്നെങ്കിൽ, പ്രയാസകരമായ സാമ്പത്തിക സ്ഥിതിവിശേഷങ്ങളെ കൂടുതൽ വിജയകരമായി നേരിടാൻ നിങ്ങൾ പ്രാപ്തരായിത്തീരും. അതു കൂടുതൽ ആത്മീയത പ്രകടമാക്കാനും നിങ്ങളെ സഹായിക്കും. അവസാനം നിങ്ങൾ വിവാഹം ചെയ്യുന്നുവെന്നുതന്നെയിരിക്കട്ടെ, അപ്പോൾ അതു നിങ്ങളെ മെച്ചപ്പെട്ട ഭർത്താവോ ഭാര്യയോ ആക്കിത്തീർക്കുകയും ചെയ്യും.
തന്നെ സ്നേഹിക്കുന്ന എല്ലാവർക്കുംവേണ്ടി യഹോവ കരുതുന്നുവെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്. നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയുംകുറിച്ച് അവൻ ബോധവാനാണ്. ദീർഘകാലാടിസ്ഥാനത്തിൽ ആത്മീയമായും വൈകാരികമായും നിങ്ങൾക്ക് ഏറ്റവും നല്ലത് എന്താണെന്നു നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവിന് അറിയാം. നിങ്ങളുടെ അനുദിന ജീവിതത്തിൽ അവന്റെ വചനത്തിലെ തത്ത്വങ്ങൾ ക്ഷമാപൂർവം ബാധകമാക്കുന്നെങ്കിൽ, അവൻ തക്കസമയത്ത് ആശ്വാസം കൈവരുത്തുമെന്നും നിങ്ങൾക്കു ശാശ്വത പ്രയോജനം ലഭിക്കുന്ന വിധത്തിൽ നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുമെന്നും നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാനാവും. ‘നേരോടെ നടക്കുന്നവർക്കു യഹോവ ഒരു നന്മയും മുടക്കുകയില്ല,’ ബൈബിൾ ഉറപ്പുനൽകുന്നു.—സങ്കീർത്തനം 84:11.
സംഗതികളുടെ ഗുണകരമായ വശത്തു നോക്കുക
ഏകാകിയായിരിക്കുന്നതിനാൽ വ്യക്തമായ പ്രയോജനങ്ങളുണ്ടെന്ന കാര്യവും മനസ്സിൽപ്പിടിക്കുക. അപ്പോസ്തലനായ പൗലോസ് എഴുതി: “. . . തന്റെ കന്യകാത്വം വിവാഹത്തിൽ സമർപ്പിക്കുന്നവൻ നന്നായി പ്രവർത്തിക്കുന്നു, എന്നാൽ അതു വിവാഹത്തിൽ സമർപ്പിക്കാത്തവൻ അതിലും നന്നായി പ്രവർത്തിക്കുന്നു.”—1 കൊരിന്ത്യർ 7:38, NW.
ഏകാകിത്വം വിവാഹത്തെക്കാൾ ‘നല്ല’തായിരിക്കുന്നതെന്തുകൊണ്ട്? പൗലോസ് വിശദീകരിച്ചു: “വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.”—1 കൊരിന്ത്യർ 7:32-34.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, വിവാഹിത ക്രിസ്ത്യാനികൾ തങ്ങളുടെ ഇണകളുടെ ആവശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും സംബന്ധിച്ച് ഉചിതമായി വ്യാപൃതരായിത്തീരുന്നു. എന്നാൽ കൂടുതലായ ഏകാഗ്രതയോടെ യഹോവയുടെ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏകാകികളായ ക്രിസ്ത്യാനികൾക്കു സാധിക്കുന്നു. വിവാഹിതരുമായി താരതമ്യം ചെയ്യുമ്പോൾ, ഏകാകികളായ ക്രിസ്ത്യാനികൾ “ചാപല്യംകൂടാതെ കർത്താവിങ്കൽ സ്ഥിരമായ്വസി”ക്കുന്നതിന് ഏറെ മെച്ചപ്പെട്ട സ്ഥാനത്താണ്.—1 കൊരിന്ത്യർ 7:35.
ഏകാകിയായ ക്രിസ്ത്യാനിക്കു ശ്രദ്ധാശൈഥില്യങ്ങളില്ലെന്നു പറയുകയല്ല പൗലോസ്. നിങ്ങൾ സാമ്പത്തിക പ്രശ്നങ്ങളാൽ ഭാരപ്പെടുന്നെങ്കിൽ, ശുശ്രൂഷയിൽനിന്നു നിങ്ങളുടെ ശ്രദ്ധ പതറിക്കാൻ സാധ്യതയുള്ള അനേകം സംഗതികളുണ്ടെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നിരുന്നാലും, ദൈവത്തെ സേവിക്കുന്നതിനുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം സാധാരണമായി കൂടുതലുള്ളത് അവിവാഹിത പുരുഷനോ സ്ത്രീക്കോ ആണ്.
ഏകാകിത്വം മെച്ചപ്പെട്ട ഗതിയായി ശുപാർശ ചെയ്യവേ, വിവാഹം കഴിക്കുന്നതു തെറ്റാണെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞില്ല. അവൻ എഴുതി: “നീ വിവാഹം ചെയ്താലും ദോഷമില്ല.” എന്നാൽ അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഇങ്ങനെയുള്ള[വിവാഹം കഴിക്കുന്ന]വർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും.”—1 കൊരിന്ത്യർ 7:28.
അതിനാൽ അവൻ എന്താണ് അർഥമാക്കിയത്? വിവാഹം ചില ഉത്കണ്ഠകൾക്കിടയാക്കുന്നു. സാമ്പത്തിക ഞെരുക്കസമയങ്ങളിൽ, ഭാര്യയ്ക്കും കുട്ടികൾക്കുംവേണ്ടി കരുതുന്നതു സംബന്ധിച്ച ഒരു പിതാവിന്റെ ഉത്കണ്ഠ അത്തരമൊരു കഷ്ടതയാണ്. രോഗങ്ങളും കുടുംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ ഭാരങ്ങൾ കൂട്ടിയേക്കാം.
നിങ്ങൾ ഇഷ്ടപ്പെടാത്ത സാഹചര്യമാണു നിങ്ങൾക്കുള്ളതെങ്കിലും, വിവാഹം കഴിച്ച് കുട്ടികളെ നോക്കേണ്ടുന്ന അവസ്ഥയിൽ ആയിരിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട ഒരു സ്ഥാനത്തായിരിക്കാം നിങ്ങൾ. ഇപ്പോൾ അഭിമുഖീകരിക്കുന്ന വിഷമതകൾ താത്കാലികമാണ്; ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ അവയെല്ലാം നീക്കം ചെയ്യപ്പെടും—ഒരുപക്ഷേ, അവയിൽ ചിലതു കുറേക്കൂടെ നേരത്തെയായിക്കൂടെന്നുമില്ല.—താരതമ്യം ചെയ്യുക: സങ്കീർത്തനം 145:16.
നിങ്ങൾക്കു നിങ്ങളുടെ ശുശ്രൂഷ വിപുലീകരിക്കാനാവുമോ?
സകലർക്കും അങ്ങനെ ചെയ്യാനൊക്കില്ലെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകളിലും ചിലർക്കു മുഴുസമയ സേവനത്തിൽ പ്രവേശിക്കാൻ സാധിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ചൂക്സ് സ്റ്റേഷനറി സാധനങ്ങൾ വാങ്ങി വിൽപ്പന നടത്തിക്കൊണ്ടു കുടുംബം പോറ്റി. അവന്റെ വിവാഹം നടക്കാതെപോയ സമയത്തുതന്നെ, വാച്ച്ടവർ സൊസൈറ്റിയുടെ പ്രാദേശിക ബ്രാഞ്ച് ഓഫീസിൽ താത്കാലിക നിർമാണവേലയിൽ ചേരാൻ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് അവനു ലഭിച്ചു. പണത്തിന്റെ കാര്യമോർത്തിട്ടാവാം, ജ്യേഷ്ഠൻ അവന്റെ പോക്കിനെ നിരുത്സാഹപ്പെടുത്തി. എന്നിരുന്നാലും, ചൂക്സ് യുക്തമായി ചിന്തിച്ചു, സ്റ്റേഷനറി ബിസിനസ്സ് നടത്താൻ യഹോവ തന്നെ സഹായിച്ചല്ലോ, അതിനാൽ താൻ രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുകയും ദൈവത്തിന്റെ സഹായിക്കാനുള്ള കഴിവിൽ ആശ്രയിക്കുകയും വേണം. (മത്തായി 6:25-34) മാത്രവുമല്ല, അവൻ വിചാരിച്ചു, കേവലം മൂന്നു മാസത്തേക്കല്ലേ.
ക്ഷണം സ്വീകരിച്ച ചൂക്സ് തന്റെ ബിസിനസ്സ് സഹോദരനെ ഏൽപ്പിച്ചു. ആറു വർഷം പിന്നിട്ടു, ഇപ്പോഴും മുഴുസമയ ശുശ്രൂഷകനായ ചൂക്സ് ക്രിസ്തീയ സഭയിൽ ഒരു മൂപ്പനാണ്. വിവാഹത്തിനുള്ള സാമ്പത്തിക ഭദ്രത കൈവരിച്ചു. സംഭവവികാസങ്ങൾ അരങ്ങേറിയ വിധത്തിൽ അവനു ദുഃഖമുണ്ടോ? ചൂക്സ് പറയുന്നു: “ആഗ്രഹിച്ച സമയത്തു വിവാഹം നടക്കാഞ്ഞതിൽ എനിക്കു നിരാശയുണ്ടായിരുന്നു. എന്നാൽ ഏറ്റവുംനല്ല മെച്ചങ്ങളേ എനിക്ക് അതുകൊണ്ടുണ്ടായിട്ടുള്ളു. എനിക്ക് ആസ്വദിക്കാറായ അനേകം സേവന പദവികളും അതിലെ സന്തോഷവും വിവാഹം കഴിച്ച് ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ആസ്വദിക്കാനാവുമായിരുന്നില്ല.”
ഭാവിയിലേക്കുള്ള സുരക്ഷിതത്വം
ഭാവിയിലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽനിന്നുള്ള ഒരു സംരക്ഷണം എന്നനിലയിൽ അനേകരും പ്രയാസ സമയങ്ങളിൽ വിവാഹത്തിലൂടെയുള്ള സുരക്ഷിതത്വം തേടുന്നു. കടത്തിൽ മുങ്ങിയ ചില രാജ്യങ്ങളിൽ പ്രായമായവർക്ക് അല്പമാത്രമായ സഹായമേയുള്ളു, അല്ലെങ്കിൽ അതൊട്ടുംതന്നെയില്ല. അതുകൊണ്ട്, വാർധക്യത്തിൽ തങ്ങളെ പോറ്റുന്നതിനു മാതാപിതാക്കൾ തങ്ങളുടെ കുടുംബങ്ങളെ, വിശേഷിച്ചും തങ്ങളുടെ കുട്ടികളെ, ആശ്രയിക്കുന്നു. തത്ഫലമായി, സാമ്പത്തിക അനിശ്ചിതാവസ്ഥ ഉള്ളപ്പോൾപ്പോലും, ഏകാകികളായ സ്ത്രീപുരുഷന്മാർ വിവാഹം ചെയ്യാനും കുട്ടികളുണ്ടാവാനുമുള്ള സമ്മർദമനുഭവിക്കുന്നു.
പക്ഷേ വിവാഹവും കുട്ടികളുണ്ടാകലും സുരക്ഷിതത്വം ഉറപ്പുനൽകുന്നില്ല. ലോകക്കാരായ ചില മക്കൾ വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ കൂട്ടാക്കുന്നില്ല, മറ്റുള്ളവർക്ക് അതിനുള്ള കഴിവില്ല, വേറെ ചിലരാണെങ്കിൽ മാതാപിതാക്കൾക്കുമുമ്പേ മരിക്കുന്നു. ക്രിസ്ത്യാനികൾ സുരക്ഷിതത്വത്തിനുവേണ്ടി നോക്കുന്നതു വേറൊരിടത്താണ്, അവർ ദൈവത്തിന്റെ വാഗ്ദാനത്തെ കാര്യമായിട്ടെടുക്കുന്നു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.”—എബ്രായർ 13:5.
യഹോവയെ മുഴുസമയം സേവിക്കാൻവേണ്ടി വിവാഹം നീട്ടിവെച്ചവർ ഉപേക്ഷിക്കപ്പെട്ടിട്ടില്ല. 32 വയസ്സുള്ള ക്രിസ്യാന ഏകാകിയാണ്. കഴിഞ്ഞ ഒമ്പതു വർഷമായി നൈജീരിയയിൽ അവൾ ഒരു നിരന്തര പയനിയറായി സേവിക്കുന്നു. അവൾ പറയുന്നു: “തന്റെ ദാസന്മാരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നു നമുക്ക് ഉറപ്പുനൽകുന്ന യഹോവയിൽ ഞാൻ ആശ്രയം വെച്ചു. അവന്റെ വാഗ്ദാനമാണ് എന്റെ ധൈര്യം. യഹോവ ആത്മീയമായും ഭൗതികമായും എന്നെ പരിപാലിക്കുന്നു. ഒരു ഔദാര്യമാനസനായ പിതാവാണെന്ന് അവൻ തെളിയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, സാക്ഷികളെ വാസ്തവത്തിൽ ആവശ്യമായിരുന്ന ഒരു പ്രദേശത്തു പയനിയറിങ് ചെയ്യാനായി ഞാൻ മാറിത്താമസിച്ചു. സുഖസൗകര്യങ്ങൾ തീരെ കുറവായിരുന്നെങ്കിലും, അതുമായി പൊരുത്തപ്പെട്ടുപോകാൻ ഞാൻ പഠിച്ചു. ഞാൻ ടൈഫോയ്ഡ് പിടിപെട്ട് ആശുപത്രിയിലായിരുന്നപ്പോൾ, എന്റെ മുൻസഭയിലെ സഹോദരങ്ങൾ എന്റെ സഹായത്തിനായി പാഞ്ഞെത്തി.
“മുഴുസമയ സേവനത്തിൽ എനിക്ക് അതിയായ സംതൃപ്തിയുണ്ട്. അഖിലാണ്ഡത്തിന്റെ സ്രഷ്ടാവിനോടും ലോകമെമ്പാടുമുള്ള അനേകം സഹോദരീസഹോദരന്മാരോടുമൊപ്പം വേല ചെയ്യുന്നത് ഒരു മഹത്തായ പദവിയായി ഞാൻ കാണുന്നു. തങ്ങൾക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന സംഗതികളിൽ അസ്വസ്ഥതയും നിരാശയുമുള്ള അനേകം യുവജനങ്ങളെ ഞാൻ കാണുന്നു. എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ, എന്റെ ജീവിതത്തിന് അർഥമുണ്ട്; ഞാൻ ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്നു. യഹോവയോട് അടുത്തുനിൽക്കുന്നതാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരമെന്ന് എനിക്കറിയാം.”
അതിയായ ആഗ്രഹമുണ്ടായിട്ടും, സാമ്പത്തിക ബുദ്ധിമുട്ടുകൾനിമിത്തം വിവാഹം കഴിക്കാനാവാത്ത സ്ഥിതിയിലാണു നിങ്ങളെങ്കിൽ, ധൈര്യമായിരിക്കുക! നിങ്ങൾ തനിച്ചല്ല. യഹോവയുടെ സഹായത്താൽ അതുപോലുള്ള പരിശോധനകൾ സഹിച്ചുനിൽക്കുന്ന അനേകമാളുകളുണ്ട്. മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിനു നിങ്ങളെത്തന്നെ വിട്ടുകൊടുത്തുകൊണ്ടും നിങ്ങളുടെ ആത്മീയത മെച്ചപ്പെടുത്തിക്കൊണ്ടും നിങ്ങളുടെ സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്തുക. ദൈവത്തോട് അടുത്തുചെല്ലുക; അവൻ നിങ്ങൾക്കുവേണ്ടി വാസ്തവത്തിൽ കരുതുന്നതുകൊണ്ട് അവൻ നിങ്ങളെ സഹായിക്കും.—1 പത്രൊസ് 5:7.