ആത്മമണ്ഡലത്തിലെ ഭരണാധിപന്മാർ
ആരാണു ലോകത്തെ ഭരിക്കുന്നത്? ഏതെങ്കിലും തരത്തിലുള്ള അമാനുഷിക മേൽനോട്ടമുണ്ടോ? അതോ ദൈവം മനുഷ്യരെ സ്വന്തം കാര്യം നോക്കാൻ വിട്ടിരിക്കുകയാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടവേ, ആദ്യമായി യേശുക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷയ്ക്കിടയിൽ നടന്ന ഒരു സംഭവം നമുക്കു പരിചിന്തിക്കാം.
യേശുവിന്റെ സ്നാപനത്തിനുശേഷം അധികം താമസിയാതെ അവൻ പിശാചായ സാത്താൻ എന്നു വിളിക്കപ്പെടുന്ന ഒരു അദൃശ്യ ആത്മസൃഷ്ടിയാൽ പരീക്ഷിക്കപ്പെട്ടു. അതിലൊരു പ്രലോഭനത്തെ വർണിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “പിശാചു [യേശുവിനെ] ഏറ്റവും ഉയർന്നൊരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു.” (മത്തായി 4:8) എന്നിട്ടു സാത്താൻ യേശുവിനോടു പറഞ്ഞു: “ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പ്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും.”—ലൂക്കൊസ് 4:6, 7.
ഈ ലോകത്തിലെ സകല രാജ്യങ്ങളുടെയും, അഥവാ ഗവൺമെന്റുകളുടെയുംമേൽ തനിക്ക് അധികാരമുണ്ടെന്നു സാത്താൻ അവകാശപ്പെട്ടു. യേശു ആ അവകാശവാദത്തെ നിഷേധിച്ചുവോ? ഇല്ല. വാസ്തവത്തിൽ, സാത്താനെ “ലോകത്തിന്റെ ഭരണാധിപൻ” എന്നു പരാമർശിച്ചുകൊണ്ട് മറ്റൊരവസരത്തിൽ അവൻ അതു സ്ഥിരീകരിക്കുകയാണു ചെയ്തത്.—യോഹന്നാൻ 14:30, NW.
ബൈബിൾ പറയുന്നതനുസരിച്ച്, മഹാശക്തിയുള്ള ഒരു ദുഷ്ട ദൂതനാണു സാത്താൻ. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് സാത്താനെ “ദുഷ്ടാത്മസേന”യുമായി ബന്ധപ്പെടുത്തുകയും അവരെ ‘ഈ അന്ധകാരത്തിന്റെ ലോകാധിപതികളാ’യി പ്രതിപാദിക്കുകയും ചെയ്യുന്നു. (എഫെസ്യർ 6:11, 12) കൂടാതെ, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”വെന്ന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞു. (1 യോഹന്നാൻ 5:19) സാത്താൻ “മുഴുനിവസിത ഭൂമിയെയും വഴിതെറ്റിക്കു”കയാണെന്നു ബൈബിളിലെ വെളിപാടു പുസ്തകം പ്രസ്താവിക്കുന്നു. (വെളിപാട് 12:9, NW) പ്രതീകാത്മക ഭാഷയിൽ, ലോക രാഷ്ട്രീയ വ്യവസ്ഥിതിക്കു “തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും” കൊടുക്കുന്ന ഒരു മഹാസർപ്പമായും വെളിപാട് സാത്താനെ ചിത്രീകരിക്കുന്നു.—വെളിപ്പാടു 13:2.
തങ്ങൾക്കുതന്നെ ദോഷം വരുത്തിക്കൂട്ടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒരു ദുഷ്ട ശക്തി പ്രവർത്തിക്കുന്നുണ്ടെന്നു ലോകസംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അല്ലാതെ വേറെ ഏതു കാരണത്താലാണു മാനുഷിക ഗവൺമെൻറുകൾ സമാധാനം വളർത്താൻ പരാജയപ്പെടുന്നത്? വേറെ ഏതു കാരണത്താലാണ് ആളുകൾ പരസ്പരം വെറുക്കാനും കൊന്നൊടുക്കാനും ഇടയാകുന്നത്? ഒരു ആഭ്യന്തര യുദ്ധത്തിലെ കൂട്ടക്കൊലയും മരണവും കണ്ട് നടുങ്ങിയ ഒരു ദൃക്സാക്ഷി പറഞ്ഞു: “ഇതൊക്കെ എങ്ങനെ സംഭവിക്കുന്നെന്ന് എനിക്കറിയില്ല. ഇതു വെറും പകയല്ല. പരസ്പരം നശിപ്പിക്കാൻ ഈ മനുഷ്യരെ ഉപയോഗിക്കുന്നത് ഒരു ദുഷ്ടാത്മാവാണ്.”
ദൈവത്തെ എതിർക്കുന്ന ഒരു യഥാർഥ വ്യക്തി
ഇന്ന്, അനേകരും പിശാചായ സാത്താനിൽ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും, ചിലർ വിശ്വസിക്കുന്നതുപോലെ, അവൻ മനുഷ്യവർഗത്തിലുള്ള ദുഷ്ടതയുടെ കേവലമൊരു ഗുണമല്ല. ബൈബിളും ലോകസംഭവങ്ങളും പ്രകടമാക്കുന്നത് അവൻ ഒരു യഥാർഥ വ്യക്തിയാണെന്നാണ്. കൂടാതെ, യഹോവയാം ദൈവത്തെ പൂർണമായി എതിർക്കുന്നവനാണു സാത്താൻ. തീർച്ചയായും, സാത്താൻ ദൈവത്തോടു തുല്യനല്ല. യഹോവ സർവശക്തനായ സ്രഷ്ടാവായതുകൊണ്ട്, സകല സൃഷ്ടിയുടെയുംമേൽ അവനാണ് ശരിയായ ഭരണാധിപൻ.—വെളിപ്പാടു 4:11.
തനിക്കുതന്നെ എതിരായിട്ടുള്ള ഒരു ദുഷ്ടസൃഷ്ടിയെ ദൈവം സൃഷ്ടിച്ചില്ല. മറിച്ച്, “ദൈവത്തിന്റെ” ദൂത“പുത്രന്മാ”രിൽ ഒരുവൻ യഹോവക്കു ന്യായമായും ലഭിക്കേണ്ട ആരാധന തനിക്കായി പിടിച്ചെടുക്കാനുള്ള ഒരു സ്വാർത്ഥ മോഹം വളർത്തിയെടുത്തു. (ഇയ്യോബ് 38:7, NW; യാക്കോബ് 1:14, 15) ഈ മോഹം അവനെ ദൈവത്തിനെതിരെ മത്സരത്തിന്റേതായ ഒരു ഗതിക്കു തുടക്കം കുറിക്കുന്നതിൽ കൊണ്ടെത്തിച്ചു. മത്സരിച്ചുകൊണ്ട്, ഈ ആത്മസൃഷ്ടി സ്വയം സാത്താനും (അർഥം “എതിരാളി”) പിശാചും (അർഥം “ദൂഷകൻ”) ആക്കിത്തീർത്തു. ഇതിന്റെയെല്ലാം വീക്ഷണത്തിൽ, ലോകത്തെ ഭരിക്കാൻ സാത്താനെ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നു നിങ്ങൾ അതിശയിച്ചേക്കാം.
സാത്താനെ ഭരിക്കാൻ അനുവദിച്ചിരിക്കുന്നതിന്റെ കാരണം
ഭൂമിയുടെമേലുള്ള ഭരണാധിപത്യത്തെക്കുറിച്ചു സാത്താൻ യേശുവിനോടു പറഞ്ഞതു നിങ്ങൾ ഓർക്കുന്നുണ്ടോ? “ഈ അധികാരം ഒക്കെയും . . . [ഞാൻ] നിനക്കു തരാം; അതു എങ്കൽ ഏല്പ്പിച്ചിരിക്കുന്നു.” (ലൂക്കൊസ് 4:6) ദൈവം അനുവദിച്ചിരിക്കുന്നതുകൊണ്ടു മാത്രമാണ് പിശാചായ സാത്താൻ അധികാരം പ്രയോഗിക്കുന്നത് എന്നാണ് ആ പ്രസ്താവന പ്രകടമാക്കുന്നത്. എന്നാൽ ദൈവം സാത്താനെ വെച്ചുപൊറുപ്പിക്കുന്നതെന്തുകൊണ്ട്?
ആ ചോദ്യത്തിനുള്ള ഉത്തരം ഏദെൻതോട്ടത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവിടെവെച്ചായിരുന്നു ലോകഭരണാധിപൻ എന്നനിലയിലുള്ള തന്റെ ജീവിതഗതിക്കു സാത്താൻ തുടക്കമിട്ടത്. നല്ല ചിലതൊക്കെ ആദ്യ മനുഷ്യനും സ്ത്രീയുമായ ആദാമിൽനിന്നും ഹവ്വായിൽനിന്നും പിടിച്ചുവെച്ചുകൊണ്ട് ദൈവം മോശമായ വിധത്തിലാണു ഭരണം നടത്തിയിരുന്നത് എന്നു സാത്താൻ അവിടെവെച്ചു സൂചിപ്പിച്ചു. ദൈവം വിലക്കിയിരുന്ന കനി ഭക്ഷിക്കുന്നപക്ഷം അവർക്കു വിമോചിതരാകാമെന്നായിരുന്നു സാത്താൻ പറഞ്ഞത്. ആദാമും ഹവ്വായും സ്വതന്ത്രരും യഹോവയിൽനിന്നു മുക്തിനേടിയവരുമാകുമായിരുന്നു. അവർ ദൈവത്തെപ്പോലെയാകുമായിരുന്നു!—ഉല്പത്തി 2:16, 17; 3:1-5.
ഈവിധം നുണപറഞ്ഞ് ഹവ്വായെ വശീകരിച്ചുകൊണ്ടും ദൈവനിയമം ലംഘിക്കാൻ അവളിലൂടെ ആദാമിനെ പ്രേരിപ്പിച്ചുകൊണ്ടും സാത്താൻ ആദ്യ മനുഷ്യജോഡികളെ തന്റെ ഭരണാധിപത്യത്തിനും നിയന്ത്രണത്തിനും കീഴിലാക്കി. അങ്ങനെ പിശാച് അവരുടെ ദൈവം, യഹോവക്കെതിരായ ഒരു ദൈവം, ആയിത്തീർന്നു. എന്നിരുന്നാലും, വിമോചനത്തിനുപകരം, ആദാമും ഹവ്വായും സാത്താന്റെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലായി.—റോമർ 6:16; എബ്രായർ 2:14, 15.
തന്റെ പൂർണതയുള്ള നീതിക്കു ചേർച്ചയിൽ യഹോവക്ക് ഉടൻതന്നെ സാത്താനെയും അവന്റെ പുതിയ രണ്ട് അനുഗാമികളെയും നിഗ്രഹിക്കാമായിരുന്നു. (ആവർത്തനപുസ്തകം 32:4) എന്നിരുന്നാലും, ഒരു ധാർമിക പ്രശ്നം ഉൾപ്പെട്ടിരുന്നു. സാത്താൻ യഹോവയുടെ ഭരണവിധത്തിന്റെ ഔചിത്യത്തെ വെല്ലുവിളിച്ചിരുന്നു. തന്റെ ജ്ഞാനം ഹേതുവായി ദൈവം സമയം കടന്നുപോകാൻ അനുവദിച്ചു. അങ്ങനെ തന്നിൽനിന്നുള്ള സ്വാതന്ത്ര്യം ദുരന്തം കൈവരുത്തുമെന്നു തെളിയിക്കാനാവുമായിരുന്നു. മക്കളുണ്ടാവാൻ ആദാമിനെയും ഹവ്വായെയും അനുവദിച്ചുകൊണ്ട്, കുറച്ചു കാലത്തേക്കു തുടർന്നു ജീവിക്കാൻ യഹോവ ആ മത്സരികളെ അനുവദിച്ചു.—ഉല്പത്തി 3:14-19.
ആദാമിന്റെ മക്കളിൽ മിക്കവരും യഹോവയുടെ ഭരണാധിപത്യത്തിനു കീഴ്പെട്ടിട്ടില്ല. എങ്കിലും തന്റെ ആരാധകരുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ കീഴ്പെടലിന്റെ ശ്രേഷ്ഠത പ്രകടമാക്കിയിരിക്കുന്നു. യഹോവയുടെ അധികാരത്തെ ശരിയായ വിധത്തിൽ അംഗീകരിക്കുന്നതു സന്തോഷവും യഥാർഥ സുരക്ഷിതത്വവും കൈവരുത്തുന്നു. നേരേമറിച്ച്, സാത്താന്റെ സ്വാധീനത്തിൻ കീഴിലുള്ള മാനുഷഭരണത്തിൽനിന്ന് ഉളവായിരിക്കുന്നതു കഷ്ടപ്പാടും അരക്ഷിതാവസ്ഥയുമാണ്. അതേ, “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു.” (സഭാപ്രസംഗി 8:9, NW) സാത്താന്റെ അധികാരത്തിൽ കിടക്കുന്ന ഈ ലോകത്തിൽ മനുഷ്യർക്കു യഥാർഥ സുരക്ഷിതത്വവും നിലനിൽക്കുന്ന സന്തോഷവും ലഭിച്ചിട്ടില്ല. എന്നുവരികിലും, ശുഭാപ്തിവിശ്വാസത്തിനു സാധുവായ കാരണമുണ്ട്.
സാത്താന്റെ സമയം ചുരുങ്ങിയിരിക്കുന്നു!
ഭൂമിയിൽ സാത്താനുള്ള സ്വാധീനം താത്കാലികമാണ്. യഹോവ സാത്താന്യ ഭരണത്തെ ഇനിയധികനാൾ വെച്ചുപൊറുപ്പിക്കില്ല! താമസിയാതെ സാത്താൻ നിർവീര്യനാക്കപ്പടും. ഒരു പുതിയ ഭരണാധിപൻ, ദൈവംതന്നെ തിരഞ്ഞെടുക്കുന്ന നീതിനിഷ്ഠനായ ഒരു രാജാവ്, ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കും. ആ രാജാവ് യേശുക്രിസ്തുവാണ്. സ്വർഗത്തിൽവെച്ച് അവൻ സിംഹാസനസ്ഥനായതിനെക്കുറിച്ചു വെളിപ്പാടു പറയുന്നു: “ലോകരാജത്വം നമ്മുടെ കർത്താവിന്നും [യഹോവക്കും] അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു. (വെളിപ്പാടു 11:15) ഈ സംഭവം 1914 എന്ന വർഷം നടന്നുവെന്ന് ബൈബിൾ കാലഗണനയും തിരുവെഴുത്തു പ്രവചന നിവൃത്തിയും തെളിയിക്കുന്നു.—മത്തായി 24:3, 6, 7.
യേശു സിംഹാസനസ്ഥനായ ഉടൻ എന്തു സംഭവിച്ചുവെന്നും ബൈബിൾ വർണിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും [യേശുക്രിസ്തു] അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു [പിശാചായ സാത്താൻ] പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.”—വെളിപ്പാടു 12:7-9.
സാത്താൻ സ്വർഗത്തിൽനിന്നു പുറത്താക്കപ്പെട്ടതിന്റെ അനന്തരഫലം എന്തായിരുന്നു? സ്വർഗത്തിലുള്ളവർക്ക് ആഹ്ലാദിക്കാൻ കഴിഞ്ഞു, എന്നാൽ ഭൂവാസികളുടെ കാര്യമോ? വെളിപ്പാടു 12:12 പറയുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” തീർച്ചയായും, സാത്താൻ സ്വർഗത്തിൽനിന്നു പുറത്താക്കപ്പെട്ടതു ഭൂമിക്കു കഷ്ടം കൈവരുത്തുകതന്നെ ചെയ്തു. ദ കൊളംബിയ ഹിസ്റ്ററി ഓഫ് ദ വേൾഡ് പ്രസ്താവിക്കുന്നു: “സ്വന്തം മൗഢ്യത്തിൽനിന്നോ ദുഷ്പ്രേരണയിൽനിന്നോ നാഗരികതയെ സംരക്ഷിക്കാൻ പാശ്ചാത്യ ലോകത്തിനു സാധിച്ചില്ലെന്ന് . . . 1914-1918 വരെയുള്ള നാലുവർഷ യുദ്ധമെന്ന മഹാദുരന്തം കാട്ടിക്കൊടുത്തു. ആ തകർച്ചയ്ക്കുശേഷം പാശ്ചാത്യരുടെ ആത്മവീര്യം വാസ്തവത്തിൽ ഇതുവരെയും പഴയപടിയായിട്ടില്ല.”
തകർന്നടിഞ്ഞ ഒരു ആത്മവീര്യത്തെക്കാൾ കൂടുതലായ സംഗതികൾ ഈ തലമുറയിലെ കഷ്ടങ്ങളുടെ പ്രത്യേകതയാണ്. യേശു ഇപ്രകാരം പ്രവചിച്ചു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.” അവൻ മഹാമാരികളെപ്പറ്റിയും മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:7, 8; ലൂക്കൊസ് 21:11) അതിലുപരി, സാത്താന്റെ വ്യവസ്ഥിതിയുടെ “അവസാന നാളു”കളിൽ അനേകരും “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും . . . അമ്മയപ്പന്മാരെ അനുസരിക്കാത്തവരും . . . ഇണങ്ങാത്തവരും” ആയിരിക്കുമെന്നു ബൈബിൾ പറയുന്നു. ആളുകൾ “ദൈവപ്രിയമില്ലാതെ ഭോഗപ്രിയ”രുമായിരിക്കും.—2 തിമൊഥെയൊസ് 3:1-5.
യുദ്ധങ്ങൾ, മഹാമാരികൾ, ഭക്ഷ്യക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, ധാർമിക മൂല്യങ്ങളുടെ കാര്യത്തിലുള്ള അധഃപതനം—അത്തരം സംഗതികളെല്ലാം, ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ, 1914 മുതൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അളവിൽ സംഭവിച്ചിരിക്കുന്നു. ദൈവത്തിന്റെയും മനുഷ്യരുടെയും നേർക്കു കലിപൂണ്ട ശത്രു—പിശാചായ സാത്താൻ—സ്വർഗത്തിൽനിന്നു തള്ളപ്പെട്ടിരിക്കയാണ്, തന്റെ കോപം ഭൂമിയിൽ മാത്രമായി ഒതുക്കി നിർത്തണം എന്ന് അവ സൂചിപ്പിക്കുന്നു. എന്നാൽ അധികനാൾ പ്രവർത്തിക്കാൻ സാത്താനെ അനുവദിക്കുകയില്ലെന്നും ബൈബിൾ പ്രകടമാക്കുന്നുണ്ട്. അർമഗെദോനിൽ ദൈവം സാത്താന്റെ നിയന്ത്രണത്തിലുള്ള ലോകവ്യവസ്ഥിതിയെ നശിപ്പിക്കുന്നതുവരെ അവന് അവശേഷിക്കുന്നത് ‘അല്പകാലം’ മാത്രമാണ്.
അപ്പോൾ സാത്താന് എന്തു സംഭവിക്കും? “ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. . . . അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. (വെളിപ്പാടു 20:1-3) കഷ്ടപ്പെടുന്ന മനുഷ്യവർഗത്തിന് എന്തൊരാശ്വാസം!
രാജ്യഭരണത്തിൻ കീഴിൽ ആഹ്ലാദിക്കൽ
സാത്താനെ അകറ്റിക്കഴിഞ്ഞ്, യേശുക്രിസ്തുവിൻ കീഴിലെ ദൈവരാജ്യം മനുഷ്യവർഗത്തിന്റെ കാര്യങ്ങളുടെ മുഴു നിയന്ത്രണവും ഏറ്റെടുക്കും. ഭൂമിയിൽ അനേകം ഗവൺമെൻറുകൾ ഉണ്ടായിരിക്കുന്നതിനുപകരം, മുഴു ഗ്രഹത്തിന്മേലും ഭരണം നടത്താൻ ഒരേ ഒരു സ്വർഗീയ ഗവൺമെൻറ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. യുദ്ധം ഒരു കഴിഞ്ഞകാല സംഭവം മാത്രമായിരിക്കും, എവിടെയും സമാധാനം കളിയാടും. ദൈവരാജ്യ ഭരണത്തിൻകീഴിൽ, എല്ലാവരും സ്നേഹപുരസ്സരമായ സാഹോദര്യത്തിൽ ഒരുമിച്ചു പാർക്കും.—സങ്കീർത്തനം 72:7, 8; 133:1; ദാനീയേൽ 2:44.
യേശു ഏതുതരത്തിലുള്ള രാജാവാണെന്നു തെളിയിക്കും? ഭൂമിയിലായിരുന്നപ്പോൾ, അവൻ ആളുകളോട് ആഴമായ സ്നേഹം പ്രകടമാക്കി. വിശക്കുന്നവർക്ക് അവൻ അനുകമ്പാപൂർവം ഭക്ഷണം പ്രദാനം ചെയ്തു. രോഗികളെ സുഖപ്പെടുത്തുകയും അന്ധർക്കു കാഴ്ച കൊടുക്കുകയും ഊമർക്കു സംസാരപ്രാപ്തിയും മുടന്തർക്കു കാലിനു സൗഖ്യവും പ്രദാനം ചെയ്യുകയും ചെയ്തു. യേശു മരിച്ചവരെ ജീവനിലേക്ക് ഉയിർപ്പിക്കുകപോലും ചെയ്തു! (മത്തായി 15:30-38; മർക്കൊസ് 1:34; ലൂക്കൊസ് 7:11-17) അവൻ ഇനി രാജാവ് എന്നനിലയിൽ ചെയ്യാനിരിക്കുന്ന അത്ഭുതകരമായ സംഗതികളുടെ ഭാവിദർശനങ്ങളായിരുന്നു ആ അത്ഭുതങ്ങൾ. അത്തരമൊരു ഉദാരമതിയായ ഭരണാധിപൻ ഉണ്ടായിരിക്കുന്നത് എത്ര മഹത്തായിരിക്കും!
യഹോവയുടെ പരമാധികാരത്തിനു കീഴ്പെടുന്നവർ അനന്തമായ അനുഗ്രഹങ്ങൾ അനുഭവിക്കും. “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചുഘോഷിക്കും,” എന്നു തിരുവെഴുത്തുകൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 35:5, 6) ആ മഹത്തായ നാളിലേക്കു വിരൽചൂണ്ടിക്കൊണ്ട്, അപ്പോസ്തലനായ യോഹന്നാൻ എഴുതി: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3, 4.
പിശാചായ സാത്താന്റെ ആധിപത്യത്തിൻ കീഴിലുള്ള ഇന്നത്തെ വ്യവസ്ഥിതിയിൽ നാം അനുഭവിച്ചിരിക്കാനിടയുള്ള ഏതൊരു കഷ്ടവും നഷ്ടപൂരണം ചെയ്യുന്നതിനെക്കാൾ കൂടുതലായിരിക്കും തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ യഹോവയാം ദൈവത്തിന്റെ ഭരണാധിപത്യം പ്രദാനം ചെയ്യുന്ന ആനന്ദകരമായ സംഗതികൾ. ദൈവത്തിന്റെ വാഗ്ദത്ത പുതിയ ലോകത്തിൽ, ‘ആരാണു വാസ്തവത്തിൽ ഭരിക്കുന്നത്?’ എന്ന് ആരും സംശയിക്കുകയില്ല. (2 പത്രൊസ് 3:13) ആത്മമണ്ഡലത്തിലെ ഭരണാധിപന്മാരായ യഹോവയുടെയും യേശുക്രിസ്തുവിന്റെയും ഭൗമിക ഭരണപ്രദേശത്ത് അനുസരണമുള്ള മനുഷ്യവർഗം സന്തുഷ്ടരും സുരക്ഷിതരുമായിരിക്കും. അവരുടെ പ്രജകൾക്കിടയിൽ ആയിത്തീരുകയെന്ന പ്രത്യാശ എന്തുകൊണ്ടു മുറുകെപ്പിടിച്ചുകൂടാ?
[7-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തിന്റെ ഭൗമിക ഭരണപ്രദേശത്ത് മനുഷ്യവർഗം സുരക്ഷിതരായിരിക്കും
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട]
NASA photo