യഹോവയുടെ സാക്ഷികൾ ലോകത്തിനുചുറ്റും—ബ്രസീൽ
പല വിധങ്ങളിലും ഭീമാകാരമായ ഒരു നാടാണ് ബ്രസീൽ. വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യം. തെക്കേ അമേരിക്കയുടെ പകുതിയോളം വ്യാപിച്ചുകിടക്കുന്ന ഈ രാജ്യം ആ ഭൂഖണ്ഡത്തിലെ മറ്റെല്ലാ രാജ്യങ്ങളിലെയും മൊത്തം ആളുകളെക്കാൾ കൂടുതൽ പേർക്കു ഭവനമാണ്. ലോകത്തിലെ ഏറ്റവും വലിയ മഴവനങ്ങളുള്ളതും ബ്രസീലിലാണ്. ആ വനത്തിലൂടെ ഒഴുകുന്നതാകട്ടെ, ഭൂമിയിലെ ഏറ്റവും വലിയ ജലപ്രവാഹമുള്ള നദിയും—ആമസോൺനദി.
മറ്റൊരർഥത്തിലും ബ്രസീൽ ഒരു ഭീമാകാരൻതന്നെ. അവിടെ ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്ന പ്രസാധകരുടെ എണ്ണം 4,00,000-ത്തോട് അടുക്കുകയാണ്. കഴിഞ്ഞവർഷം 10,00,000-ത്തിലധികമാളുകൾ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു ഹാജരായി. അതുകൊണ്ട്, രാജ്യപ്രസംഗ വേലയെ സംബന്ധിച്ചിടത്തോളം ഈ രാജ്യം വിശേഷാൽ പ്രമുഖമാണ്. ഈ ആശയത്തെ ദൃഷ്ടാന്തീകരിക്കുന്നതാണ് ഈ അടുത്തകാലത്തെ അനുഭവങ്ങൾ.
കൂടുതൽ ആവശ്യമുള്ളിടത്തു സേവിക്കൽ
ബന്ധുക്കളെയും സാവോ പൗലോയിലുള്ള സുരക്ഷിതവും നല്ല വേതനവുമുണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് രാജ്യപ്രഘോഷകരെ കൂടുതൽ ആവശ്യമുണ്ടായിരുന്ന മീനസ്സരീസ് സംസ്ഥാനത്ത് സേവിക്കാൻ ആന്റോണിയോയും ഭാര്യയും തീരുമാനമെടുത്തു. തികച്ചും പ്രയാസകരമായ ഒരു കാര്യംതന്നെ. പഞ്ചസാര ശുദ്ധീകരണശാലയിലെ തൊഴിലാളികളുടെ ഒരു കോളനിയും അവരുടെ പ്രദേശത്തുണ്ടായിരുന്നു. അവിടെ സാക്ഷ്യംകൊടുത്ത ആദ്യദിവസംതന്നെ അവർ ഒമ്പത് ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. 18 മാസങ്ങൾക്കുള്ളിൽ, അവർ 40-ലധികം ബൈബിളധ്യയനങ്ങളുണ്ടായിരുന്നു!
ആദ്യമൊക്കെ, യോഗങ്ങൾ ശുദ്ധീകരണശാലയിൽത്തന്നെയാണു നടത്തിയിരുന്നത്. എന്നിരുന്നാലും, പുതിയ പ്രസാധകർക്ക് ഒരു യഥാർഥ രാജ്യഹാൾ കണ്ടാൽക്കൊള്ളാമെന്ന് ആഗ്രഹം. അതുകൊണ്ട്, ഏറ്റവും അടുത്ത സഭയിലേക്ക് 75 പേരെ കൊണ്ടുപോകാൻ ഒരു ബസ് വാടകയ്ക്കെടുത്തു. പിന്നെ, ഒരു കൺവെൻഷൻ വന്നു. പുതിയ ബൈബിളധ്യയനങ്ങളിലെ 45 പേർ അതിൽ പങ്കെടുത്തു, അവർ അഭിമുഖത്തിലും പങ്കുകൊണ്ടു. അവരിൽ പതിനഞ്ചുപേർ അന്നു സ്നാപനമേറ്റു. സന്തോഷാശ്രുക്കൾ ധാരധാരയായി ഒഴുകിയെന്നു പറയേണ്ടതില്ലല്ലോ!
പിന്നീട്, അതുപോലെയുള്ള യാത്രകൾക്കുവേണ്ടി അതേ ബസ്സുകാരെത്തന്നെയാണു വിളിച്ചത്, അതിന്റെ ഭാരവാഹികൾ ചാർജെല്ലാം കുറച്ചുതന്നു. അതിനോടു മതിപ്പു പ്രകടിപ്പിച്ചുകൊണ്ട് ആന്റോണിയോ ബസ് കമ്പനി ഉടമസ്ഥന് ഒരു ബൈബിൾ പഠനസഹായി കൊടുത്തു. അന്നു വൈകുന്നേരംതന്നെ ബൈബിളധ്യയനം ആരംഭിക്കാൻ അദ്ദേഹം സമ്മതിച്ചു. പല മാസങ്ങളിലെ ശുഷ്കാന്തിയോടെയുള്ള പഠനത്തിനുശേഷം അദ്ദേഹം സ്നാപനമേൽക്കുകയും ചെയ്തു. ആദ്യമൊക്കെ, ഭാര്യ പഠനത്തെ എതിർത്തെങ്കിലും, പിന്നീടു മനോഭാവത്തിന് അയവുവന്നു. ഇന്ന് അവരും യഹോവയുടെ സ്നാപനമേറ്റ ഒരു സാക്ഷിയാണ്.
1992 ഫെബ്രുവരിയിൽ 22 സജീവ പ്രസാധകർ ഉള്ള ഒരു സഭ രൂപീകൃതമായി. 1994 ആയപ്പോഴേക്കും അതു 42 ആയി, നിരന്തര പയനിയർമാരുടെ, അതായത് സുവാർത്തയുടെ മുഴുസമയ ഘോഷകരുടെ, എണ്ണമാകട്ടെ 4-ഉം. തത്ഫലമായി, ആന്റോണിയോ ഇങ്ങനെ ഒരു ഉറപ്പിലെത്തി: “മലാഖി 3:10 പ്രസ്താവിക്കുന്നതുപോലെ, നാം ‘യഹോവയെ പരീക്ഷി’ക്കുന്നെങ്കിൽ അവൻ ‘സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരു’മെന്നു ഞാനും എന്റെ ഭാര്യയും മനസ്സിലാക്കിയിരിക്കുന്നു.”
ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കൽ
പ്രസംഗവേലക്കു ബ്രസീലിൽ ഇത്ര വിജയമുണ്ടാകുന്നതിനുള്ള ഒരു കാരണം ഒരുപക്ഷേ സാക്ഷികൾ ഏതു സാഹചര്യത്തിലും ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുന്നുവെന്നതാവാം. ഉദാഹരണത്തിന്, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 250 പ്രതികൾ ചോദിച്ചുകൊണ്ട് ഒരു സഭ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിന് എഴുതി. അത്ര വലിയ ഓർഡറിന്റെ കാരണമെന്തായിരുന്നു?
എഴുത്ത് ഇങ്ങനെ വിശദീകരിക്കുന്നു: ‘പട്ടണത്തിലെ ഒരു സ്കൂൾ ഈ പുസ്തകം ക്ലാസിൽ പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വിദ്യാർഥികളുടെ യഹോവയുടെ സാക്ഷികളായ മാതാപിതാക്കളും, സ്കൂൾ മേലധികാരികളിൽ ഒരാളും നടത്തിയ അനൗപചാരിക സാക്ഷീകരണമായിരുന്നു സ്കൂൾ അധികാരികൾ അത്തരമൊരു തീരുമാനമെടുക്കാനുണ്ടായ കാരണം. ഈ പുസ്തകം ഉപയോഗിച്ച് അവർ ഉത്തമ പ്രബോധനം കൊടുക്കുമ്പോൾ യഹോവ തന്റെ ദാസന്മാരെ തുടർന്നും അനുഗ്രഹിക്കട്ടെ.’ അതേ, ബ്രസീൽ എന്ന ഭീമാകാരമായ രാജ്യത്തെ രാജ്യപ്രസംഗ വേലയ്ക്കുണ്ടായിരിക്കുന്ന നല്ല പുരോഗതിയെ യഹോവ തുടർന്നും അനുഗ്രഹിക്കട്ടെ.
[8-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1994 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 3,85,099
അനുപാതം: 1 സാക്ഷിക്ക് 404 പേർ
സ്മാരക ഹാജർ: 10,18,210
ശരാശരി പയനിയർ പ്രസാധകർ: 38,348
ശരാശരി ബൈബിളധ്യയനങ്ങൾ: 4,61,343
സ്നാപനമേറ്റവരുടെ എണ്ണം: 24,634
സഭകളുടെ എണ്ണം: 5,928
ബ്രാഞ്ച് ഓഫീസ്: സെസ്സാരിയോ ലാങ്റ്റ്സേ
[9-ാം പേജിലെ ചിത്രം]
ഏതാണ്ട് 1940-ൽ സാവോ പൗലോയിൽ ഉപയോഗിച്ചിരുന്ന ഒരു സൗണ്ട് കാർ
[9-ാം പേജിലെ ചിത്രം]
റിയോ ഡി ജനിറോയിലെ ബൊട്ടാനിക്കൽ ഗാർഡനിലെ സാക്ഷീകരണം
[9-ാം പേജിലെ ചിത്രം]
സെസ്സാരിയോ ലാങ്റ്റ്സേയിലെ ബ്രാഞ്ച് ഓഫീസ്