ആദിമ ദൈവദാസർക്കിടയിൽ സ്ത്രീകൾക്കുണ്ടായിരുന്ന മാന്യമായ സ്ഥാനം
“യഹോവയാം ദൈവം തുടർന്നു പറഞ്ഞു: ‘മനുഷ്യൻ തനിയെ തുടരുന്നത് അവനു നന്നല്ല. ഞാൻ അവനുവേണ്ടി അവന്റെ പൂരകമെന്നനിലയിൽ ഒരു സഹായിയെ നിർമിക്കാൻ പോവുകയാണ്.’”—ഉൽപ്പത്തി 2:18, NW.
1. പുരാതന നാളുകളിലെ സ്ത്രീകളുടെ അവസ്ഥയെപ്പറ്റി ഒരു ബൈബിൾ നിഘണ്ടു വർണിക്കുന്നത് എങ്ങനെ?
“ആധുനിക പാശ്ചാത്യ സമുദായത്തിൽ സ്ത്രീകൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യം പുരാതന മെഡിറ്ററേനിയൻ ദേശങ്ങളിലോ മധ്യപൂർവ ദേശങ്ങളിലോ എങ്ങുമില്ലായിരുന്നു. അടിമകൾ സ്വതന്ത്രർക്കും, ചെറുപ്പക്കാർ പ്രായമായവർക്കും കീഴ്പെട്ടിരുന്നതുപോലെ സ്ത്രീകൾ പുരുഷൻമാർക്കു കീഴ്പെട്ടിരിക്കണമായിരുന്നു. . . . ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ അത്യന്തം ഗണ്യമായി കരുതപ്പെട്ടു, ചിലപ്പോഴെല്ലാം കഠിനമായ കാലാവസ്ഥയിൽ സംരക്ഷണമേകാതെ തുറസ്സായ സ്ഥലങ്ങളിൽകിടന്നു മരിക്കേണ്ടതിനു പെൺകുട്ടികളെ ഉപേക്ഷിക്കുമായിരുന്നു.” പുരാതന നാളുകളിലെ സ്ത്രീകളുടെ അവസ്ഥയെപ്പറ്റി ഒരു ബൈബിൾ നിഘണ്ടു വർണിക്കുന്നത് അപ്രകാരമാണ്.
2, 3. (എ) ഒരു റിപ്പോർട്ടു പറയുന്നപ്രകാരം ഇന്നത്തെ അനേകം സ്ത്രീകളുടെയും സ്ഥിതി എന്താണ്? (ബി) എന്തു ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്?
2 ലോകത്തിന്റെ പലഭാഗത്തും ഇന്നു സ്ഥിതിഗതികൾ അത്ര മെച്ചമൊന്നുമല്ല. 1994-ൽ ആദ്യമായി യു.എസ്സ്. സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറിന്റെ മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള ഒരു റിപ്പോർട്ട് സ്ത്രീകളോടുള്ള പെരുമാറ്റരീതിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ആ റിപ്പോർട്ടിനെപ്പറ്റി അഭിപ്രായപ്പെട്ടുകൊണ്ടു ന്യൂയോർക്ക് ടൈംസിലെ ഒരു തലക്കെട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “അനുദിനമുള്ള വിവേചന നിലനിൽക്കുന്ന ഒരു യാഥാർഥ്യമാണെന്ന് 193 രാജ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ കാണിക്കുന്നു.”
3 ഭൂവ്യാപകമായി വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലത്തിൽനിന്നുള്ള ധാരാളം സ്ത്രീകൾ യഹോവയുടെ ജനത്തിന്റെ സഭകളോടൊപ്പം സഹവസിക്കുന്നതുകൊണ്ടു ചില ചോദ്യങ്ങൾ ഉയർന്നുവരുന്നു: ഇപ്പോൾ വിവരിച്ച തരത്തിലുള്ള പെരുമാറ്റമാണോ ദൈവം സ്ത്രീകളുടെ കാര്യത്തിൽ ആരംഭത്തിൽ ഉദ്ദേശിച്ചിരുന്നത്? ബൈബിൾ കാലങ്ങളിൽ യഹോവയുടെ ആരാധകരുടെ ഇടയിൽ സ്ത്രീകളോട് എങ്ങനെയാണ് ഇടപെട്ടിരുന്നത്? ഇന്നു സ്ത്രീകളോട് എങ്ങനെ ഇടപെടണം?
“ഒരു സഹായി”യും “ഒരു പൂരക”വും
4. ആദ്യമനുഷ്യൻ ഏദെൻതോട്ടത്തിൽ കുറച്ചുനാൾ ഏകനായി കഴിഞ്ഞശേഷം യഹോവ എന്താണു നിരീക്ഷിച്ചത്, അപ്പോൾ ദൈവം എന്തുചെയ്തു?
4 ആദാം ഏദെൻതോട്ടത്തിൽ കുറച്ചുനാൾ ഏകനായി കഴിഞ്ഞശേഷം യഹോവ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ തനിയെ തുടരുന്നത് അവനു നന്നല്ല. ഞാൻ അവനുവേണ്ടി അവന്റെ പൂരകമെന്നനിലയിൽ ഒരു സഹായിയെ നിർമിക്കാൻ പോവുകയാണ്.” (ഉൽപ്പത്തി 2:18, NW) ആദാം ഒരു പൂർണ പുരുഷനായിരുന്നെങ്കിലും സ്രഷ്ടാവിന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനു വേറൊരു സംഗതി കൂടി ആവശ്യമായിരുന്നു. ആ ആവശ്യം നിറവേറ്റുന്നതിനു യഹോവ സ്ത്രീയെ സൃഷ്ടിക്കുകയും ഒന്നാമത്തെ വിവാഹം നടത്തുകയും ചെയ്തു.—ഉല്പത്തി 2:21-24.
5. (എ) “സഹായി” എന്നു ഭാഷാന്തരം ചെയ്തിരിക്കുന്ന എബ്രായ പദം ബൈബിൾ എഴുത്തുകാർ എങ്ങനെയാണു മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്? (ബി) യഹോവ ആദ്യത്തെ സ്ത്രീയെ ഒരു “പൂരക”മായി പരാമർശിക്കുന്ന വസ്തുതയിൽനിന്ന് എന്താണു വ്യക്തമാകുന്നത്?
5 “സഹായി,” “പൂരകം” എന്നീ പദങ്ങൾ സ്ത്രീയുടെ ദൈവദത്തമായ സ്ഥാനം തരംതാണതായിരുന്നുവെന്നു സൂചിപ്പിക്കുന്നുണ്ടോ? നേരേമറിച്ചാണു സംഗതി. “സഹായി” എന്നു ഭാഷാന്തരം ചെയ്തിരിക്കുന്ന എബ്രായ നാമം (ഈസർ) ദൈവത്തോടുള്ള ബന്ധത്തിലാണു ബൈബിളെഴുത്തുകാർ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. ദൃഷ്ടാന്തത്തിന്, യഹോവ “നമ്മുടെ സഹായവും പരിചയും” ആണെന്നു തെളിഞ്ഞിരിക്കുന്നു. (സങ്കീർത്തനം 33:20; പുറപ്പാടു 18:4; ആവർത്തനപുസ്തകം 33:7) ഹോശേയ 13:9-ൽ യഹോവ തന്നെക്കുറിച്ചുതന്നെപോലും ഇസ്രായേലിന്റെ “സഹായ”മായി പരാമർശിച്ചിരിക്കുന്നു. ‘പൂരകം’ എന്നു ഭാഷാന്തരം ചെയ്തിരിക്കുന്ന എബ്രായ പദം (നീഗെദ്) സംബന്ധിച്ച് ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ വിശദീകരിക്കുന്നു: “സഹായമെന്നു പറയുമ്പോൾ വെറും ദൈനംദിനവേലയിലോ കുട്ടികളെ ജനിപ്പിക്കുന്നതിലോ നൽകുന്ന സഹായമല്ല അർഥമാക്കുന്നത് . . . മറിച്ച്, സൗഹൃദം പ്രദാനംചെയ്യുന്ന പരസ്പര പിന്തുണയാണ്.”
6. സ്ത്രീയെ സൃഷ്ടിച്ചശേഷം എന്താണു പറഞ്ഞത്, എന്തുകൊണ്ട്?
6 തൻമൂലം, യഹോവ സ്ത്രീയെ “ഒരു സഹായി” എന്നും ‘ഒരു പൂരകം’ എന്നും വർണിക്കുന്നതിൽ തരംതാണതായി ഒന്നുമില്ല. സ്ത്രീക്കു മാനസികവും വൈകാരികവും ശാരീരികവുമായി തന്റേതായ അനുപമമായ രൂപഘടന ഉണ്ടായിരുന്നു. അവൾ പുരുഷന് ഒരു യോജിച്ച പ്രതിരൂപവും സംതൃപ്തികരമായ ഒരു പൂരകവുമായിരുന്നു. ഓരോരുത്തരും വ്യത്യസ്തരായിരുന്നു, സ്രഷ്ടാവിന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ ഓരോരുത്തരും ‘ഭൂമിയെ നിറക്കേണ്ടി’യിരുന്നു. പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചശേഷമാണു “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു” എന്നു പറഞ്ഞത് എന്നതു സ്പഷ്ടമാണ്.—ഉല്പത്തി 1:28, 31.
7, 8. (എ) ഏദെനിൽവെച്ചു പാപം ചെയ്തതോടെ അതു സ്ത്രീയുടെ സ്ഥാനത്തെ എങ്ങനെ ബാധിക്കുമായിരുന്നു? (ബി) യഹോവയുടെ ആരാധകരുടെ ഇടയിൽ ഉല്പത്തി 3:16-ന്റെ പൂർത്തീകരണത്തോടുള്ള ബന്ധത്തിൽ ഏതെല്ലാം ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്?
7 പാപം ചെയ്തതോടെ പുരുഷന്റെയും സ്ത്രീയുടെയും കാര്യത്തിൽ സ്ഥിതിഗതികൾ ആകെ മാറി. പാപികളെന്ന നിലയിൽ യഹോവ ഇരുവരുടെമേലും ശിക്ഷാവിധി കൽപ്പിച്ചു. “ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും” എന്നു യഹോവ ഹവ്വായോടു പറഞ്ഞു, അതിനു കാരണക്കാരൻ താനാണെന്നു തോന്നുംവിധം ഒടുവിൽ അങ്ങനെ സംഭവിക്കാൻ അവൻ അനുവദിച്ചു. “നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും” എന്ന് അവൻ കൂട്ടിച്ചേർത്തു. (ഉല്പത്തി 3:16) അന്നു മുതൽ അനേക ഭാര്യമാരും ഭർത്താക്കൻമാരാൽ, പതിവായി വളരെ കർശനമായി, ഭരിക്കപ്പെട്ടിരിക്കുന്നു. സഹായികളും പൂരകങ്ങളുമായി വിലകൽപ്പിക്കുന്നതിനു പകരം മിക്കപ്പോഴും വേലക്കാരോടോ ദാസരോടോ എന്നപോലെയാണ് അവരോടു പെരുമാറിയിരിക്കുന്നത്.
8 എങ്കിലും, യഹോവയുടെ ആരാധകരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഉല്പത്തി 3:16-ന്റെ നിവൃത്തി എന്താണ് അർഥമാക്കുന്നത്? അവർ വളരെ താണതും അവമാനിക്കത്തക്കതുമായ ഒരു സ്ഥാനത്തേക്കു തള്ളപ്പെട്ടിരിക്കുകയാണോ? തീർച്ചയായും അല്ല! എന്നാൽ ഇന്നു ചില സമുദായങ്ങളിൽ അംഗീകാരയോഗ്യമല്ലാത്തതെന്നു തോന്നുന്ന, സ്ത്രീകളെ സംബന്ധിക്കുന്ന ആചാര നടപടികളെപ്പറ്റി പറയുന്ന ബൈബിൾ വിവരണങ്ങളെ സംബന്ധിച്ചെന്ത്?
ബൈബിളിലുള്ള ആചാരങ്ങൾ മനസ്സിലാക്കൽ
9. ബൈബിൾ കാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെട്ട ആചാരങ്ങൾ പരിചിന്തിക്കവേ നാം ഏതു മൂന്നു കാര്യങ്ങൾ മനസ്സിൽ പിടിക്കണം?
9 ബൈബിൾ കാലങ്ങളിൽ ദൈവദാസർക്കിടയിൽ സ്ത്രീകളോടു നന്നായി പെരുമാറിയിരുന്നു. ആ നാളുകളിൽ സ്ത്രീകൾ ഉൾപ്പെട്ട ആചാരങ്ങൾ പരിചിന്തിക്കവേ അനേക സംഗതികൾ മനസ്സിൽപ്പിടിക്കുന്നതു സഹായകമാണെന്നതു തീർച്ചയാണ്. ഒന്നാമതായി, ദുഷ്ടരായ പുരുഷൻമാരുടെ സ്വാർഥപരമായ മേധാവിത്വത്താൽ വികാസം പ്രാപിച്ച അപ്രിയകരമായ സാഹചര്യത്തെപ്പറ്റി ബൈബിൾ പറയുമ്പോൾ സ്ത്രീകളുടെ നേർക്കുള്ള അത്തരം പെരുമാറ്റത്തെ ദൈവം അംഗീകരിച്ചുവെന്ന് അത് അർഥമാക്കുന്നില്ല. രണ്ടാമതായി, തന്റെ ദാസൻമാർക്കിടയിൽ ഒരു സമയംവരെ ചില ആചാരങ്ങൾ യഹോവ അനുവദിച്ചെങ്കിലും സ്ത്രീകളെ സംരക്ഷിക്കുന്നതിനുവേണ്ടി അവ നിയമാനുസരണം ക്രമപ്പെടുത്തി. മൂന്നാമതായി, ആധുനിക നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ പുരാതന ആചാരങ്ങളെ വിമർശിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇന്നുള്ള ആളുകൾക്ക് അപ്രിയമായി തോന്നുന്ന ചില ആചാരങ്ങൾ അന്നത്തെ സ്ത്രീകൾ തരംതാണതായി കരുതിയിരിക്കണമെന്നു നിർബന്ധമില്ല. ചില ഉദാഹരണങ്ങൾ നമുക്കു പരിശോധിക്കാം.
10. ബഹുഭാര്യത്വം സംബന്ധിച്ചു യഹോവയുടെ വീക്ഷണമെന്തായിരുന്നു, ഏകഭാര്യത്വം എന്ന തന്റെ ആദിമോദ്ദേശ്യം യഹോവ ഒരിക്കലും ഉപേക്ഷിച്ചില്ല എന്നു സൂചിപ്പിക്കുന്നതെന്ത്?
10 ബഹുഭാര്യത്വം:a യഹോവയുടെ ആദിമ ഉദ്ദേശ്യപ്രകാരം, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി തന്റെ ഭർത്താവിനെ പങ്കിടുകയില്ല. ദൈവം ആദാമിന് ഒരു ഭാര്യയെയാണു സൃഷ്ടിച്ചത്. (ഉല്പത്തി 2:21, 22) ഏദെനിലെ മത്സരത്തിനുശേഷം ബഹുഭാര്യത്വം ആദ്യം പ്രത്യക്ഷപ്പെട്ടതു കയീന്റെ വംശത്തിലാണ്. ക്രമേണ അത് ഒരു ആചാരമായിത്തീരുകയും യഹോവയുടെ ചില ആരാധകർ അതു സ്വീകരിക്കുകയും ചെയ്തു. (ഉല്പത്തി 4:19; 16:1-3; 29:21-28) യഹോവ ബഹുഭാര്യത്വം അനുവദിക്കുകയും അത് ഇസ്രായേലിന്റെ ജനസംഖ്യ വർധിക്കാൻ ഉതകുകയും ചെയ്തെന്നുവരികിലും ഭാര്യമാരും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടതിന് ആ നടപടി അവൻ നിയമാനുസരണം ക്രമപ്പെടുത്തി. (പുറപ്പാടു 21:10, 11; ആവർത്തനപുസ്തകം 21:15-17) കൂടാതെ ഏകഭാര്യത്വം എന്ന തന്റെ ആദിമ പ്രമാണം യഹോവ ഒരിക്കലും ഉപേക്ഷിച്ചില്ല. ‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ’ എന്ന കൽപ്പന നോഹയോടും അവന്റെ പുത്രൻമാരോടുമെല്ലാം ആവർത്തിച്ചു, അവരും ഏകഭാര്യരായിരുന്നു. (ഉല്പത്തി 7:7; 9:1; 2 പത്രൊസ് 2:5) ഇസ്രായേല്യരുമായുള്ള തന്റെ ബന്ധം ആലങ്കാരികമായി ചിത്രീകരിച്ചപ്പോൾ ദൈവം ഏകഭാര്യനായി സ്വയം ചിത്രീകരിച്ചു. (യെശയ്യാവു 54:1, 5) കൂടാതെ, ഏകഭാര്യത്വം സംബന്ധിച്ചുള്ള ദൈവത്തിന്റെ ആദ്യ നിലവാരം യേശുക്രിസ്തു പുനഃസ്ഥാപിക്കുകയും അത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭ ആചരിക്കുകയും ചെയ്തു.—മത്തായി 19:4-8; 1 തിമൊഥെയൊസ് 3:2, 12.
11. ബൈബിൾ കാലങ്ങളിൽ വധുവില നൽകിയിരുന്നത് എന്തുകൊണ്ട്, ഇതു സ്ത്രീകളെ തരംതാഴ്ത്തുന്നതായിരുന്നോ?
11 വധുവില നൽകൽ: പുരാതന ഇസ്രായേൽ—അതിന്റെ ജീവിതവും ആചാരങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “പെൺകുട്ടിയുടെ കുടുംബത്തിന് ഒരു തുകയോ അതിനു തുല്യമായ എന്തെങ്കിലുമോ നൽകുന്നതിനുള്ള ഈ ബാധ്യതമൂലം ഇസ്രായേല്യ വിവാഹം, വിലയ്ക്കു വാങ്ങുന്ന പ്രതീതി ഉണർത്തുന്നു. എന്നാൽ ആ [വധുവില] കുടുംബത്തിനു നഷ്ടപരിഹാരമായി നൽകപ്പെടുന്ന വിലയെ അല്ല അത്രകണ്ട് അർഥമാക്കുന്നത്.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) സ്ത്രീയുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വധുവില ആ സ്ത്രീയുടെ സേവന നഷ്ടത്തിനും അവളുടെ പരിപാലനത്തിനുവേണ്ടി ചെലവഴിച്ച ശ്രമങ്ങൾക്കും മുതലിനും മതിയായ ഒരു നഷ്ടപരിഹാരമായിത്തീരുമായിരുന്നു. അതുകൊണ്ട്, അതു സ്ത്രീയെ തരംതാഴ്ത്തുന്നതിനു പകരം കുടുംബത്തിൽ അവൾ എത്രമാത്രം വിലപ്പെട്ടവളാണ് എന്നു കാണിക്കുകയാണു ചെയ്തത്.—ഉല്പത്തി 34:11, 12; പുറപ്പാടു 22:16; കാണുക: 1989 ജനുവരി 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 21-4 പേജുകൾ.
12. (എ) വിവാഹിതരായ സ്ത്രീപുരുഷൻമാരെ ചിലപ്പോഴെല്ലാം ബൈബിളിൽ എങ്ങനെയാണു പരാമർശിച്ചിരിക്കുന്നത്, ഈ പദപ്രയോഗം സ്ത്രീകൾക്ക് അനിഷ്ടകരമായിരുന്നോ? (ബി) യഹോവ ഏദെനിൽ ഉപയോഗിച്ച പദപ്രയോഗത്തിൽ ശ്രദ്ധേയമായ എന്താണുള്ളത്? (അടിക്കുറിപ്പു കാണുക.)
12 ഭർത്താക്കൻമാർ “ഉടയവർ” എന്നനിലയിൽ: അബ്രഹാമിന്റെയും സാറായുടെയും കാലമായപ്പോഴേക്കും വിവാഹിതനായ ഒരുവനെ “ഉടയവൻ” (എബ്രായപദം, ബേൽ) ആയും വിവാഹിതയായ സ്ത്രീയെ ‘സ്വന്തമാക്കപ്പെട്ടവൾ’ (എബ്രായപദം, ബിയുള) ആയും കരുതിപ്പോന്നതായി പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 1918-ൽ അവരുടെ ജീവിതത്തിൽ നടന്ന ഒരു സംഭവം സൂചിപ്പിക്കുന്നു. (ഉൽപ്പത്തി 20:3, NW) അതിനുശേഷം ചിലപ്പോഴെല്ലാം തിരുവെഴുത്തുകളിൽ ഈ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്, ക്രിസ്തീയ യുഗത്തിനു മുമ്പുണ്ടായിരുന്ന സ്ത്രീകൾക്ക് അത് അനിഷ്ടകരമായി തോന്നിയെന്നതിന്റെ യാതൊരു സൂചനയുമില്ല.b (ആവർത്തനപുസ്തകം 22:22) എങ്കിലും, സ്ത്രീകളോടു സ്ഥാവരവസ്തുക്കളോടെന്നപോലെ പെരുമാറിക്കൂടായിരുന്നു. വസ്തുവോ സമ്പത്തോ വാങ്ങാനും വിൽക്കാനും അവകാശപ്പെടുത്താനുംപോലും കഴിയുമായിരുന്നു. എന്നാൽ ഒരു ഭാര്യയുടെ കാര്യത്തിൽ ഇതു സാധ്യമല്ലായിരുന്നു. “ഭവനവും സമ്പത്തും പിതാക്കൻമാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം” എന്നു ബൈബിളിലെ ഒരു സദൃശവാക്യം പറയുന്നു.—സദൃശവാക്യങ്ങൾ 19:14; ആവർത്തനപുസ്തകം 21:14.
ഒരു മാന്യമായ സ്ഥാനം
13. ദൈവഭയമുള്ള പുരുഷൻമാർ യഹോവയുടെതന്നെ മാതൃക അനുകരിക്കുകയും ന്യായപ്രമാണം അനുസരിക്കുകയും ചെയ്തപ്പോൾ അതു സ്ത്രീകൾക്ക് എന്തു ഫലംചെയ്തു?
13 അപ്പോൾപിന്നെ, ക്രിസ്തീയ യുഗത്തിനുമുമ്പുള്ള കാലങ്ങളിൽ ദൈവദാസർക്കിടയിൽ സ്ത്രീകൾക്കുള്ള സ്ഥാനം എന്തായിരുന്നു? അവരെ എങ്ങനെ വീക്ഷിക്കുകയും അവരോട് എങ്ങനെ പെരുമാറുകയും ചെയ്തു? ലളിതമായി പറഞ്ഞാൽ, ദൈവഭയമുള്ള പുരുഷൻമാർ യഹോവയുടെതന്നെ മാതൃക അനുകരിക്കുകയും ന്യായപ്രമാണം അനുസരിക്കുകയും ചെയ്തപ്പോൾ സ്ത്രീകൾക്കു തങ്ങളുടെ മാന്യത വീണ്ടെടുക്കുന്നതിനും അനേക അവകാശങ്ങളും പദവികളും ആസ്വദിക്കുന്നതിനും കഴിഞ്ഞു.
14, 15. സ്ത്രീകൾ ഇസ്രായേലിൽ ആദരണീയരായിരുന്നു എന്നതിന് എന്തെല്ലാം സൂചനകളാണ് ഉള്ളത്, തന്റെ ആരാധകരായ പുരുഷൻമാർ അവരെ ആദരിക്കണമെന്നു ന്യായമായും പ്രതീക്ഷിക്കാൻ യഹോവക്കു കഴിയുമായിരുന്നത് എന്തുകൊണ്ട്?
14 സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരായിരുന്നു. പിതാക്കൻമാരെയും മാതാക്കളെയും ആദരിക്കണമെന്നു ദൈവനിയമം ഇസ്രായേല്യരോടു കൽപ്പിച്ചു. (പുറപ്പാടു 20:12; 21:15, 17) “നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം” എന്നു ലേവ്യപുസ്തകം 19:3 പറയുന്നു. ഒരു സന്ദർഭത്തിൽ ബത്ത്-ശേബ തന്റെ പുത്രനായ ശലോമോനെ സമീപിച്ചപ്പോൾ ബഹുമാനാർഥം “രാജാവു എഴുന്നേറ്റുചെന്നു വന്ദനംചെയ്തു.” (1 രാജാക്കൻമാർ 2:19) എൻസൈക്ലോപീഡിയ ജൂഡായിക്ക അഭിപ്രായപ്പെടുന്നു: “സ്ത്രീകളെ ബഹുമാനിച്ചിരുന്ന ഒരു സമൂഹത്തിൽ മാത്രമേ ഇസ്രായേലിനോടു ദൈവത്തിനുണ്ടായിരുന്ന സ്നേഹത്തെ ഒരു ഭർത്താവിനു ഭാര്യയോടുള്ള സ്നേഹവുമായി പ്രാവചനികതാരതമ്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.”
15 യഹോവ തന്റെ ആരാധകരായ പുരുഷൻമാർ സ്ത്രീകളെ ബഹുമാനിക്കാൻ പ്രതീക്ഷിക്കുന്നു, കാരണം അവൻ അവരെ ബഹുമാനിക്കുന്നു. ഇതിന്റെ സൂചനകൾ തിരുവെഴുത്തുകളിൽ കാണാം. അവിടെ യഹോവ ദൃഷ്ടാന്തരൂപേണ സ്ത്രീകളുടെ അനുഭവങ്ങൾ ഉപയോഗിക്കുകയും തന്റെ സ്വന്തം വികാരങ്ങൾ സ്ത്രീകളുടേതുമായി സാദൃശ്യപ്പെടുത്തി പറയുകയും ചെയ്യുന്നു. (യെശയ്യാവു 42:14; 49:15; 66:13) യഹോവക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്നു മനസ്സിലാക്കാൻ ഇതു വായനക്കാരെ സഹായിക്കുന്നു. രസകരമെന്നു പറയട്ടെ, യഹോവ തനിക്കുതന്നെ ബാധകമാക്കി പറയുന്ന “കരുണ,” അല്ലെങ്കിൽ “ദയ” എന്നതിനുള്ള എബ്രായ പദം “ഗർഭാശയം” എന്നതിനുള്ള പദവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു, തൻമൂലം അതിനെ “മാതൃവികാരം” എന്നു വർണിക്കാവുന്നതാണ്.—പുറപ്പാടു 33:19; യെശയ്യാവു 54:7.
16. ദൈവഭക്തിയുള്ള സ്ത്രീകളുടെ ഉപദേശത്തിനു വിലകൽപ്പിച്ചിരുന്നുവെന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഏവ?
16 ദൈവഭക്തിയുള്ള സ്ത്രീകളുടെ ഉപദേശത്തിനു വിലകൽപ്പിച്ചിരുന്നു. ദൈവഭയമുള്ള അബ്രഹാം തന്റെ ദൈവഭക്തിയുള്ള ഭാര്യയായ സാറായുടെ ഉപദേശത്തിനു ശ്രദ്ധചെലുത്താൻ വിസമ്മതിച്ചപ്പോൾ യഹോവ അവനോടു പറഞ്ഞു: “അവളുടെ വാക്കു കേൾക്ക.” (ഉല്പത്തി 21:10-12) ഏശാവിന്റെ ഹിത്യരായ ഭാര്യമാർ “യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.” തങ്ങളുടെ പുത്രനായ യാക്കോബ് ഒരു ഹിത്യ സ്ത്രീയെ വിവാഹം ചെയ്താൽ താൻ അനുഭവിക്കേണ്ടിവരുമായിരുന്ന കഷ്ടപ്പാടുകളെക്കുറിച്ചു റിബേക്ക ക്രമേണ പ്രകടിപ്പിച്ചു. ഇസഹാക്കിന്റെ പ്രതികരണമെന്തായിരുന്നു? വിവരണം പറയുന്നു: “അനന്തരം യിസ്ഹാക് യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യമാരെ എടുക്കരുതു.” റിബേക്ക നേരിട്ട് ഉപദേശം നൽകിയില്ലെങ്കിലും അവളുടെ ഭർത്താവ് അവളുടെ വികാരങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനമെടുത്തു. (ഉല്പത്തി 26:34, 35; 27:46; 28:1) അബീഗയിലിന്റെ ജ്ഞാനപൂർവകമായ അപേക്ഷ ചെവിക്കൊണ്ടതുകൊണ്ടു ദാവീദ് രാജാവ് രക്തപാതകം ഒഴിവാക്കി.—1 ശമൂവേൽ 25:32-35.
17. സ്ത്രീകൾക്കു കുടുംബത്തിൽ ഒരളവുവരെ അധികാരമുണ്ടായിരുന്നുവെന്ന് എന്തു കാണിക്കുന്നു?
17 സ്ത്രീകൾക്കു കുടുംബത്തിൽ ഒരളവുവരെ അധികാരമുണ്ടായിരുന്നു. “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു” എന്നു കുട്ടികൾ ഉദ്ബോധിപ്പിക്കപ്പെടുകയുണ്ടായി. (സദൃശവാക്യങ്ങൾ 1:8) വിവാഹിതയായ, അധ്വാനശീലയായ സ്ത്രീ കുടുംബജോലികൾ മാത്രമല്ല സ്ഥാവരവസ്തുക്കളുടെ ഇടപാടുകൾ നടത്തൽ, ഉത്പാദകമായ ഒരു പ്രവർത്തനരംഗം ഉറപ്പാക്കൽ, ഒരു ചെറിയ ബിസിനസ്സ് നടത്തൽ, മറ്റുള്ളവർക്കു ബുദ്ധി പറഞ്ഞുകൊടുക്കുന്നതിൽ പ്രഖ്യാതയായിരിക്കുക എന്നിവയും ചെയ്തിരുന്നതായി സദൃശവാക്യങ്ങൾ 31-ാം അധ്യായത്തിൽ “സാമർത്ഥ്യമുള്ള ഭാര്യ”യെ സംബന്ധിച്ച വിവരണം വെളിപ്പെടുത്തുന്നു. സകലത്തിലും പ്രധാനമായിരുന്നതു പ്രശംസനീയ സ്ത്രീയുടെ ഭക്ത്യാദരവോടുകൂടിയ യഹോവാഭയമായിരുന്നു. അത്തരം ഭാര്യയുടെ മൂല്യം “മുത്തുകളിലും ഏറു”മായിരുന്നുവെന്നതിൽ അതിശയിക്കാനില്ല! വിലയേറിയ ചെമന്ന മുത്ത് അത്യന്തം വിലയുള്ളതായിരുന്നു, അത് ആഭരണമായും അലങ്കാര വസ്തുവായും ഉപയോഗിച്ചിരുന്നു.—സദൃശവാക്യങ്ങൾ 31:10-31.
ദൈവത്തിന്റെ പ്രത്യേക പ്രീതി ലഭിച്ച സ്ത്രീകൾ
18. ബൈബിൾ കാലങ്ങളിൽ ഏതുവിധത്തിലാണു ചില സ്ത്രീകളുടെമേൽ പ്രത്യേക അനുഗ്രഹങ്ങൾ ചൊരിയപ്പെട്ടത്?
18 ബൈബിൾ കാലങ്ങളിൽ ചില സ്ത്രീകളുടെമേൽ ചൊരിഞ്ഞ പ്രത്യേക അനുഗ്രഹങ്ങളിൽ യഹോവക്ക് അവരോടുള്ള ആദരവു പ്രതിഫലിക്കുകയുണ്ടായി. ഹാഗാർ, സാറാ, മാനോഹയുടെ ഭാര്യ എന്നിവരെ ദൂതൻമാർ സന്ദർശിക്കുകയും അവർക്കു ദിവ്യ മാർഗദർശനം കൈമാറുകയും ചെയ്തു. (ഉല്പത്തി 16:7-12; 18:9-15; ന്യായാധിപൻമാർ 13:2-5) സമാഗമനകൂടാരത്തിൽ “സേവ ചെയ്തുവന്ന സ്ത്രീക”ളും ശലോമോന്റെ അരമനയിൽ സംഗീതമാലപിക്കുന്ന സ്ത്രീകളും ഉണ്ടായിരുന്നു.—പുറപ്പാടു 38:8; 1 ശമൂവേൽ 2:22; സഭാപ്രസംഗി 2:8.
19. ചിലപ്പോഴെല്ലാം ഏതുവിധത്തിൽ തന്നെ പ്രതിനിധീകരിക്കാനാണു യഹോവ സ്ത്രീകളെ ഉപയോഗിച്ചത്?
19 ഇസ്രായേലിന്റെ ചരിത്രത്തിൽ പലവട്ടം തന്നെ പ്രതിനിധീകരിക്കുന്നതിന്, അല്ലെങ്കിൽ തനിക്കുവേണ്ടി സംസാരിക്കുന്നതിന്, ഒരു സ്ത്രീയെ യഹോവ ഉപയോഗിച്ചു. പ്രവാചകിയായ ദബോരയെപ്പറ്റി നാം വായിക്കുന്നു: “യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.” (ന്യായാധിപൻമാർ 4:5) ഇസ്രായേൽ കനാന്യ രാജാവായിരുന്ന യാബീനെ തോൽപ്പിച്ചതിനെത്തുടർന്നു ദബോരയ്ക്കു യഥാർഥത്തിൽ ഒരു പ്രത്യേക പദവി ലഭിച്ചു. ഒടുവിൽ യഹോവയുടെ നിശ്വസ്ത രേഖയുടെ ഭാഗമായിത്തീർന്ന ജയഗീതം, ഭാഗികമായിട്ടെങ്കിലും, രചിച്ചത് അവളാണ്.c (ന്യായാധിപൻമാർ, അധ്യായം 5) നൂറ്റാണ്ടുകൾ കഴിഞ്ഞു യോശീയാവ് രാജാവ് യഹോവയെപ്പറ്റി അന്വേഷിക്കുന്നതിനു മഹാപുരോഹിതൻ ഉൾപ്പെടെയുള്ള ഒരു സംഘത്തെ ഹുൽദാ പ്രവാചകിയുടെ അടുത്തേക്ക് അയച്ചു. “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് അധികാരപൂർവം ഹുൽദക്കു പറയാൻ കഴിഞ്ഞു. (2 രാജാക്കൻമാർ 22:11-15) യഹോവയിൽനിന്നു മാർഗനിർദേശം നേടുന്നതിനുവേണ്ടി ഒരു പ്രവാചകിയെ സമീപിക്കാൻ ആ സന്ദർഭത്തിൽ രാജാവ് പ്രതിനിധികളോടു പറഞ്ഞു.—താരതമ്യം ചെയ്യുക: മലാഖി 2:7.
20. സ്ത്രീകളുടെ വികാരങ്ങളിലും ക്ഷേമത്തിലും യഹോവക്കുള്ള താത്പര്യം വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങൾ ഏവ?
20 തന്റെ ആരാധകരായ സ്ത്രീകളിൽ ചിലർക്കുവേണ്ടി യഹോവ പ്രവർത്തിച്ച സാഹചര്യങ്ങളിൽനിന്നു സ്ത്രീകളുടെ ക്ഷേമത്തിൽ അവനുള്ള താത്പര്യം വ്യക്തമാണ്. അബ്രഹാമിന്റെ സുന്ദരിയായ ഭാര്യ ബലാത്കാരം ചെയ്യപ്പെടാതെ രണ്ടു തവണ അവൻ സംരക്ഷിച്ചു. (ഉല്പത്തി 12:14-20; 20:1-7) യാക്കോബിന്റെ ഭാര്യയായ ലേയ അനിഷ്ടയെന്നു കണ്ട് ‘അവളുടെ ഗർഭത്തെ തുറന്നു’കൊണ്ടു യഹോവ അവളെ അനുഗ്രഹിച്ചു, തൻമൂലം അവൾക്ക് ഒരു പുത്രൻ ജനിച്ചു. (ഉല്പത്തി 29:31, 32) ദൈവഭയമുണ്ടായിരുന്ന രണ്ടു സൂതികർമിണികൾ എബ്രായ ആൺകുട്ടികളെ ഈജിപ്തിലെ ശിശുഹത്യയിൽനിന്നു രക്ഷിക്കുന്നതിനുവേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്തിയപ്പോൾ യഹോവ വിലമതിപ്പോടെ “അവർക്കു കുടുംബവർദ്ധന നൽകി.” (പുറപ്പാടു 1:17, 20, 21) ഹന്നായുടെ അകമഴിഞ്ഞുള്ള പ്രാർഥനയ്ക്കും അവൻ ഉത്തരമരുളി. (1 ശമൂവേൽ 1:10, 20) കടം തീർക്കാഞ്ഞതുകൊണ്ട് ഒരു കടക്കാരൻ ഒരു പ്രവാചകന്റെ വിധവയുടെ കുട്ടികളെ എടുത്തുകൊണ്ടുപോകാൻ വന്നപ്പോൾ യഹോവ അവളെ കൈവെടിഞ്ഞില്ല. തൻമൂലം കടംവീട്ടാൻ തക്കവണ്ണം അവളുടെ പക്കലുണ്ടായിരുന്ന എണ്ണ പെരുക്കുന്നതിനു സ്നേഹപുരസ്സരം ദൈവം എലീശയെ പ്രാപ്തനാക്കി. അങ്ങനെ തന്റെ കുടുംബത്തെയും മാന്യമായ സ്ഥാനത്തെയും കാത്തുസൂക്ഷിക്കുന്നതിന് അവൾക്കു കഴിഞ്ഞു.—പുറപ്പാടു 22:22, 23; 2 രാജാക്കൻമാർ 4:1-7.
21. സ്ത്രീകളുടെ അവസ്ഥയെപ്പറ്റി എന്തു സന്തുലിത ചിത്രമാണ് എബ്രായ തിരുവെഴുത്തുകൾ അവതരിപ്പിക്കുന്നത്?
21 സ്ത്രീകളെ തരംതാഴ്ത്തി കാണുന്നതിനു പകരം എബ്രായ തിരുവെഴുത്തുകൾ ദൈവദാസർക്കിടയിൽ അവർക്കുള്ള സ്ഥാനത്തെപ്പറ്റി ഒരു സന്തുലിത വിവരണം നൽകുന്നു. ഉല്പത്തി 3:16-ന്റെ നിവൃത്തിയിൽനിന്നു തന്റെ ആരാധകരായ സ്ത്രീകളെ യഹോവ സംരക്ഷിച്ചില്ലെന്നുവരികിലും യഹോവയുടെ മാതൃക പിൻപറ്റുകയും അവന്റെ ന്യായപ്രമാണം അനുസരിക്കുകയും ചെയ്ത ദൈവിക പുരുഷൻമാർ സ്ത്രീകളോടു മാന്യമായും ആദരണീയമായും പെരുമാറി.
22. യേശു ഭൂമിയിൽ വന്നപ്പോഴേക്കും സ്ത്രീകളുടെ സ്ഥാനത്തിന് എങ്ങനെയാണു മാറ്റം വന്നത്, എന്തു ചോദ്യങ്ങളാണു ഉന്നയിക്കപ്പെട്ടിരിക്കുന്നത്?
22 എബ്രായ തിരുവെഴുത്തുകൾ എഴുതിക്കഴിഞ്ഞ് തുടർന്നുള്ള നൂറ്റാണ്ടുകളിൽ യഹൂദൻമാരുടെയിടയിൽ സ്ത്രീകളുടെ സ്ഥാനത്തിനു ഗണ്യമായ മാറ്റംവന്നു. യേശു ഭൂമിയിൽ പ്രത്യക്ഷനായപ്പോഴേക്കും റബ്ബിമാരുടെ പാരമ്പര്യം മതപരമായ പദവികളിലും സാമൂഹിക ജീവിതത്തിലും സ്ത്രീകളുടെമേൽ വളരെ നിയന്ത്രണമേർപ്പെടുത്തി. യേശു സ്ത്രീകളോട് ഇടപെട്ട വിധത്തെ അത്തരം പാരമ്പര്യങ്ങൾ സ്വാധീനിച്ചുവോ? ഇന്നു ക്രിസ്തീയ സ്ത്രീകളോട് എങ്ങനെ പെരുമാറണം? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
a വെബ്സ്റ്റേഴ്സ് നയന്ത് ന്യൂ കൊളീജിയേറ്റ് ഡിക്ഷനറിയിൽ “ബഹുഭാര്യത്വം എന്നത് “ഏതു ലിംഗവർഗത്തിലുമുള്ള ഒരു വിവാഹ പങ്കാളിക്ക് ഒരേ സമയം ഒന്നിലധികം ഇണയുള്ളതിനെ” അർഥമാക്കുന്നു. “ബഹുഭാര്യത്വം” എന്നതിന്റെ കൂടുതൽ കൃത്യമായ നിർവചനം “ഒരേ സമയംതന്നെ ഒന്നിൽക്കൂടുതൽ ഭാര്യയോ സ്ത്രീ ഇണയോ ഉണ്ടായിരിക്കുന്ന അവസ്ഥ” എന്നാണ്.
b എബ്രായ തിരുവെഴുത്തുകളിലുടനീളം വിവാഹിതരായ സ്ത്രീപുരുഷൻമാരെ മിക്കപ്പോഴും “ഭർത്താവ്” എന്നും (എബ്രായ പദം, ഈഷ്) “ഭാര്യ” (എബ്രായ പദം, ഈഷ്ഷാ) എന്നുമാണു പരാമർശിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഏദെനിൽ യഹോവ ഉപയോഗിച്ച പദം “ഉടയവൻ” എന്നോ ‘സ്വന്തമാക്കപ്പെട്ടവൾ’ എന്നോ അല്ല, പകരം “ഭർത്താവ്” എന്നും “ഭാര്യ” എന്നുമാണ്. (ഉല്പത്തി 2:24; 3:16, 17) പ്രവാസത്തിൽനിന്നു തിരിച്ചെത്തിയ ശേഷം ഇസ്രായേൽ യഹോവയെ വീണ്ടുമൊരിക്കൽ “എന്റെ ഉടയവനേ” എന്നു വിളിക്കാതെ അനുതാപപൂർവം “എന്റെ ഭർത്താവേ” എന്നു വിളിക്കുമെന്നു ഹോശേയയുടെ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. “ഭർത്താവ്” എന്ന പ്രയോഗത്തിന് “ഉടയവൻ” എന്നതിനെക്കാൾ കൂടുതൽ ആർദ്രമായ അർഥമുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു.—ഹോശേയ 2:16, NW.
c ന്യായാധിപൻമാർ 5:7-ൽ ദബോരയെപ്പറ്റി പരാമർശിക്കുമ്പോൾ ഉത്തമപുരുഷസർവനാമം ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ “സഹായി,” “പൂരകം” എന്നീ പദങ്ങൾ സ്ത്രീകൾക്കു നൽകപ്പെട്ടിരിക്കുന്ന ദൈവദത്തമായ സ്ഥാനത്തെപ്പറ്റി എന്താണു സൂചിപ്പിക്കുന്നത്?
◻ ബൈബിൾ കാലങ്ങളിൽ സ്ത്രീകളെ ബാധിക്കുന്ന ആചാരങ്ങളെപ്പറ്റി പരിചിന്തിക്കുമ്പോൾ നാം എന്തു മനസ്സിൽ പിടിക്കേണ്ടതുണ്ട്?
◻ ആദ്യ കാലങ്ങളിൽ ദൈവദാസർക്കിടയിൽ സ്ത്രീകൾക്കു മാന്യമായ സ്ഥാനമുണ്ടായിരുന്നുവെന്നു കാണിക്കുന്നതെന്ത്?
◻ ക്രിസ്തീയ യുഗത്തിനു മുമ്പുള്ള കാലങ്ങളിൽ യഹോവ ഏതു വിധങ്ങളിലാണു സ്ത്രീകളുടെമേൽ പ്രത്യേക അനുഗ്രഹം ചൊരിഞ്ഞത്?