ഇന്നോളം യഹോവയാൽ പഠിപ്പിക്കപ്പെട്ടിരിക്കുന്നു
“യഹോവതന്നേ എനിക്കു പഠിപ്പിക്കപ്പെട്ടവരുടെ നാവു തന്നിരിക്കുന്നു.”—യെശയ്യാവ് 50:4, NW.
1, 2. (എ) യഹോവ തന്റെ പ്രിയവിദ്യാർഥിയെ എന്തിനായി ഒരുക്കി, ഫലമെന്തായിരുന്നു? (ബി) തന്റെ പഠിപ്പിക്കലിന്റെ ഉറവിടം സംബന്ധിച്ചു യേശു എങ്ങനെയാണു സമ്മതിച്ചുപറഞ്ഞത്?
ഒരു പിതാവ് ആയിത്തീർന്നതുമുതൽ യഹോവ ഒരു അധ്യാപകനാണ്. തന്റെ മക്കളിൽ ചിലർ മത്സരിച്ചു കുറേനാൾ കഴിഞ്ഞ് അവൻ തന്റെ ആദ്യജാതനായ പ്രിയവിദ്യാർഥിയെ ഭൂമിയിലെ ഒരു ശുശ്രൂഷയ്ക്കുവേണ്ടി ഒരുക്കി. (സദൃശവാക്യങ്ങൾ 8:30) “തളർന്നിരിക്കുന്നവർക്ക് ഒരു വാക്കിനാൽ എങ്ങനെ ഉത്തരമരുളേണമെന്ന് ഞാൻ അറിയേണ്ടതിനു പരമാധികാരിയാം കർത്താവായ യഹോവതന്നേ എനിക്കു പഠിപ്പിക്കപ്പെട്ടവരുടെ നാവു തന്നിരിക്കുന്നു” എന്ന് ഈ വിദ്യാർഥി പറയുന്നതായി യെശയ്യാവ് 50-ാം അധ്യായം പ്രാവചനികമായി പറയുന്നു. (യെശയ്യാവു 50:4, NW) ഭൂമിയിലായിരുന്നപ്പോൾ, തന്റെ പിതാവിന്റെ പഠിപ്പിക്കൽ ബാധകമാക്കിയതിന്റെ ഫലമായി, ‘തളർന്നവർക്കും ഭാരം ചുമക്കുന്നവർക്കും’ യേശു നവോന്മേഷത്തിന്റെ ഒരു ഉറവായിരുന്നു.—മത്തായി 11:28-30.
2 ഒന്നാം നൂറ്റാണ്ടിൽ യേശു അനേകം അത്ഭുതപ്രവൃത്തികൾ ചെയ്തു. അന്ധർക്കു കാഴ്ച നൽകി, മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു. എന്നിട്ടും ഒരു ഗുരു എന്നനിലയിലായിരുന്നു അവന്റെ സമകാലീനർ അവനെ അറിഞ്ഞിരുന്നത്. അവന്റെ അനുഗാമികളും എതിരാളികളും അവനെ അങ്ങനെയാണു വിളിച്ചിരുന്നത്. (മത്തായി 8:19; 9:11; 12:38; 19:16; യോഹന്നാൻ 3:2) താൻ പഠിപ്പിച്ച സംഗതികൾക്കു യേശു ഒരിക്കലും മഹത്ത്വമെടുത്തില്ല, പകരം താഴ്മയോടെ ഇങ്ങനെ സമ്മതിക്കുകയാണുണ്ടായത്: “എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്രേ.” “എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നു.”—യോഹന്നാൻ 7:16; 8:28; 12:49, പി.ഒ.സി. ബൈബിൾ.
തികഞ്ഞ അധ്യാപക-വിദ്യാർഥി ബന്ധം
3. താൻ പഠിപ്പിക്കുന്നവരിൽ യഹോവ തത്പരനാണെന്നു യെശയ്യാ പ്രവചനം സൂചിപ്പിക്കുന്നതെങ്ങനെ?
3 ഒരു ശ്രേഷ്ഠ അധ്യാപകൻ തന്റെ വിദ്യാർഥികളിൽ വ്യക്തിപരവും മനസ്സാക്ഷിപൂർവകവും സ്നേഹപുരസ്സരവുമായ താത്പര്യമെടുക്കും. താൻ പഠിപ്പിക്കുന്നവരിൽ അത്തരമൊരു താത്പര്യം യഹോവയാം ദൈവത്തിനുണ്ടെന്ന് യെശയ്യാവു 50-ാം അധ്യായം വെളിപ്പെടുത്തുന്നു. “അവൻ രാവിലെതോറും ഉണർത്തുന്നു, പഠിപ്പിക്കപ്പെട്ടവരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവിയെ ഉണർത്തുന്നു” എന്നു പ്രവചനം രേഖപ്പെടുത്തുന്നു. (യെശയ്യാവ് 50:4, NW) വിദ്യാർഥികളെ പഠിപ്പിക്കേണ്ടതിന് അതിരാവിലെ അവരെ ഉണർത്തുന്ന ഒരു പ്രബോധകനെ സൂചിപ്പിക്കുന്നതാണ് ഇവിടത്തെ ഭാഷാശൈലി. പ്രവചനത്തിന്റെ ബാധകമാക്കലിനെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “. . . വീണ്ടെടുപ്പുകാരൻ, ആലങ്കാരികമായി പറഞ്ഞാൽ, ദൈവത്തിന്റെ സ്കൂളിലായിരുന്നവനും . . . മറ്റുള്ളവർക്കു പ്രബോധനം കൊടുക്കാൻ യോഗ്യതയുള്ളവനും ആയിരിക്കണമായിരുന്നുവെന്നതാണ് ആശയം. മനുഷ്യവർഗത്തിന്റെ പ്രബോധകനാകുവാൻ മിശിഹാ ദൈവിക പഠിപ്പിക്കലിനാൽ വിശിഷ്ടമാംവിധം യോഗ്യതയുള്ളവനായിരുന്നു.”
4. തന്റെ പിതാവിന്റെ പഠിപ്പിക്കലിനോടു യേശു പ്രതികരിച്ചതെങ്ങനെ?
4 സാധാരണമായി, വിദ്യാർഥികൾ അവരുടെ അധ്യാപകന്റെ പഠിപ്പിക്കലിനോടു പ്രതികരിക്കുന്നു. തന്റെ പിതാവിന്റെ പഠിപ്പിക്കലിനോടു യേശു എങ്ങനെയാണു പ്രതികരിച്ചത്? “യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിൻതിരിഞ്ഞതുമില്ല” എന്നു നാം യെശയ്യാവു 50:5-ൽ വായിക്കുന്നതിനോടുള്ള യോജിപ്പിലായിരുന്നു അവന്റെ പ്രതികരണം. അതേ, പഠിക്കാൻ യേശു ഉത്സുകനായിരുന്നു. കാതു കൂർപ്പിച്ചു കേൾക്കുന്നവൻ എന്നു പറയുന്നതുപോലെയായിരുന്നു അവൻ. അതിലുപരി, പിതാവ് ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ അവൻ മനസ്സൊരുക്കമുള്ളവനായിരുന്നു. അവനു മത്സര മനോഭാവമുണ്ടായിരുന്നില്ല; അതിനുപകരം അവൻ പറഞ്ഞു: “എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നേ ആകട്ടെ.”—ലൂക്കൊസ് 22:42.
5. (എ) ഭൂമിയിൽ താൻ പരിശോധനകൾ അനുഭവിക്കുമെന്നു യേശുവിനു നേരത്തെ അറിയാമായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) യെശയ്യാവു 50:6-ലെ പ്രവചനം എങ്ങനെ നിറവേറി?
5 ദൈവേഷ്ടം ചെയ്താൽ സംഭവിക്കുമായിരുന്ന ഭവിഷ്യത്തുകളെക്കുറിച്ചു പുത്രന് അറിയാമായിരുന്നുവെന്നു പ്രവചനം സൂചിപ്പിക്കുന്നു. പഠിപ്പിക്കപ്പെട്ടവൻ ഇങ്ങനെ പറയുന്നതിൽനിന്ന് അതു വ്യക്തമാണ്: “അടിക്കുന്നവർക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്കു എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.” (യെശയ്യാവു 50:6) പ്രവചനം സൂചിപ്പിക്കുന്നതുപോലെ, ഭൂമിയിൽ യേശുവിനു ക്രൂരമായ പെരുമാറ്റം ലഭിച്ചു. “അവർ അവന്റെ മുഖത്തു തുപ്പി” എന്ന് അപ്പോസ്തലനായ മത്തായി എഴുതി. “ചിലർ അവനെ കന്നത്തടിച്ചു.” (മത്തായി 26:67) പൊ.യു. 33-ലെ പെസഹാ രാത്രിയിൽ അവൻ അനുഭവിച്ച ഈ ദുരിതങ്ങളുടെയെല്ലാം പിന്നിൽ മതനേതാക്കളുടെ കൈകളായിരുന്നു. പിറ്റേന്നാൾ സ്തംഭത്തിലേറ്റി കൊല്ലുന്നതിനുമുമ്പായി റോമൻ പടയാളികൾ അവനെ നിർദയം അടിച്ചപ്പോൾ അവൻ തല്ലുന്നവർക്കുവേണ്ടി നിന്നുകൊടുത്തു.—യോഹന്നാൻ 19:1-3, 16-23.
6. തന്റെ അധ്യാപകനിൽ യേശുവിനുണ്ടായിരുന്ന വിശ്വാസം ഒരിക്കലും നഷ്ടമായില്ലെന്ന് എന്തു പ്രകടമാക്കുന്നു, അവന്റെ വിശ്വാസത്തിനു പ്രതിഫലം കിട്ടിയതെങ്ങനെ?
6 നേരത്തെതന്നെ നന്നായി വിദ്യാഭ്യാസം ലഭിച്ചിരുന്ന പുത്രനു തന്റെ അധ്യാപകനിലുണ്ടായിരുന്ന വിശ്വാസം ഒരിക്കലും നഷ്ടമായില്ല. പ്രവചനപ്രകാരം അവൻ അടുത്തതായി പറയുന്നതിൽനിന്ന് ഇതു പ്രകടമാണ്: “യഹോവയായ കർത്താവു എന്നെ സഹായിക്കും. അതുകൊണ്ടു ഞാൻ അമ്പരന്നുപോകയില്ല.” (യെശയ്യാവു 50:7) തന്റെ അധ്യാപകന്റെ സഹായത്തിൽ യേശുവിനുണ്ടായിരുന്ന വിശ്വാസത്തിനു സമൃദ്ധമായ പ്രതിഫലം കിട്ടി. ദൈവത്തിന്റെ മറ്റെല്ലാ ദാസന്മാരെക്കാളും ഉയർന്ന സ്ഥാനം നൽകി അനുഗ്രഹിച്ചുകൊണ്ട് അവന്റെ പിതാവ് അവനെ ഉയർത്തി. (ഫിലിപ്പിയർ 2:5-11) യഹോവയുടെ പഠിപ്പിക്കലിനോട് അനുസരണയോടെ പറ്റിനിൽക്കുകയും “വിപരീത ദിശയിൽ തിരിയാതിരിക്കുകയും” ചെയ്യുന്നെങ്കിൽ നമുക്കും മഹത്തായ അനുഗ്രഹങ്ങൾ ലഭിക്കും. നമ്മുടെ നാളുകൾവരെ ആ പഠിപ്പിക്കൽ എങ്ങനെ ലഭ്യമാക്കിയിരിക്കുന്നുവെന്നു നോക്കാം.
വിപുലമാക്കപ്പെട്ട പഠിപ്പിക്കൽ പരിപാടി
7. ഭൂമിയിൽ യഹോവ തന്റെ പഠിപ്പിക്കൽ നിർവഹിച്ചിരിക്കുന്നതെങ്ങനെ?
7 നേരത്തെ കണ്ടതുപോലെ, ഒന്നാം നൂറ്റാണ്ടിൽ ദിവ്യ ബോധനം കൊടുക്കാൻ യഹോവ തന്റെ ഭൗമിക പ്രതിനിധിയായ യേശുക്രിസ്തുവിനെ ഉപയോഗിച്ചു. (യോഹന്നാൻ 16:27, 28) അവൻ പഠിപ്പിച്ചവർക്ക് ഒരു മാതൃകവെച്ചുകൊണ്ട്, തന്റെ പഠിപ്പിക്കലിന്റെ ആധികാരിക ഉറവിടം എന്നനിലയിൽ അവൻ നിരന്തരം ദൈവവചനം ഉപയോഗിച്ചു. (മത്തായി 4:4, 7, 10; 21:13; 26:24, 31) അതിനുശേഷം, പഠിപ്പിക്കപ്പെട്ട അത്തരക്കാരുടെ ശുശ്രൂഷയിലൂടെ ഭൂമിയിൽ യഹോവയുടെ പഠിപ്പിക്കൽ തുടർന്നുപോന്നു. യേശു അവരോടു കല്പിച്ചത് ഓർക്കുക: “ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. . . . ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ.” (മത്തായി 28:19, 20, പി.ഒ.സി. ബൈ., ചെരിച്ചെഴുത്തു ഞങ്ങളുടേത്) ശിഷ്യന്മാരെ ലഭിച്ചപ്പോൾ, ഇവർ “ജീവനുള്ള ദൈവത്തിന്റെ സഭയുടെ . . . ദൈവഭവന”ത്തിന്റെ ഭാഗമായിത്തീർന്നു. (1 തിമോത്തി 3:15, NW) ഓരോരോ സഭയുടെ ഭാഗമായിത്തീർന്ന അവർ അവിടെ യഹോവയാൽ പഠിപ്പിക്കപ്പെട്ടു. (പ്രവൃത്തികൾ 14:23; 15:41; 16:5; 1 കൊരിന്ത്യർ 11:16) ആ വിധത്തിൽ ദിവ്യ ബോധനം നമ്മുടെ നാൾവരെ തുടർന്നുപോന്നിട്ടുണ്ടോ?
8. അവസാനം വരുന്നതിനുമുമ്പു മാർഗനിർദേശത്തിൻകീഴിൽ പ്രസംഗവേല നടത്തപ്പെടുമെന്നു യേശു പ്രകടമാക്കിയതെങ്ങനെ?
8 തീർച്ചയായും തുടർന്നുപോന്നിട്ടുണ്ട്! വ്യവസ്ഥിതിയുടെ സമാപനത്തിനുമുമ്പ് ഒരു മഹത്തായ പ്രസംഗപ്രവർത്തനം ഉണ്ടായിരിക്കുമെന്ന് യേശു തന്റെ മരണത്തിനു മൂന്നുനാൾമുമ്പു മുൻകൂട്ടിപ്പറഞ്ഞു. “രാജ്യത്തിന്റെ ഈ സുവാർത്ത മുഴുനിവസിത ഭൂമിയിലും എല്ലാ ജനതകൾക്കും ഒരു സാക്ഷ്യമായി പ്രസംഗിക്കപ്പെടും, അതിനുശേഷം അവസാനം വരും” എന്ന് അവൻ പറഞ്ഞു. ലോകവ്യാപക പ്രസംഗ, പഠിപ്പിക്കൽവേല എന്തിന്റെ മാർഗനിർദേശത്തിൻകീഴിൽ നടത്തപ്പെടുമെന്നു യേശു തുടർന്നു പറഞ്ഞു. തന്റെ ദാസന്മാർക്ക് ആത്മീയ ഭക്ഷണം പ്രദാനം ചെയ്യാൻ ഒരു സരണിയായി, അഥവാ ഉപാധിയായി സേവിക്കുന്ന “വിശ്വസ്തനും വിവേകിയുമായ ഒരു അടിമ”യെക്കുറിച്ച് അവൻ സംസാരിച്ചു. (മത്തായി 24:14, 45-47, NW) ഭൂമിയിലുടനീളം തന്റെ രാജ്യതാത്പര്യങ്ങളുടെ കാര്യത്തിൽ മേൽനോട്ടം വഹിക്കാൻ യഹോവയാം ദൈവം ഈ “അടിമ”യെ ഉപയോഗിച്ചിരിക്കുന്നു.
9. ആരൊക്കെ ചേർന്നുള്ളതാണു വിശ്വസ്തനും വിവേകിയുമായ അടിമ?
9 ഇന്ന്, വിശ്വസ്തനും വിവേകിയുമായ അടിമയിലുള്ളതു രാജ്യാവകാശികളുടെ ശേഷിപ്പാണ്. “ക്രിസ്തുവിന്നുള്ളവ”രും “അബ്രാഹാമിന്റെ സന്തതി”യുടെ ഭാഗവുമായ 1,44,000-ത്തിൽ ഭൂമിയിൽ ശേഷിക്കുന്നവരായ അഭിഷിക്ത ക്രിസ്ത്യാനികളാണിവർ. (ഗലാത്യർ 3:16, 29; വെളിപ്പാടു 14:1-3) വിശ്വസ്തനും വിവേകിയുമായ അടിമയെ നിങ്ങൾക്കെങ്ങനെ തിരിച്ചറിയാൻ കഴിയും? അതു വിശേഷാൽ അവർ ചെയ്യുന്ന പ്രവൃത്തിയാലും ദൈവവചനമായ ബൈബിളിനോടുള്ള അവരുടെ അടുത്ത പറ്റിനിൽപ്പിനാലുമാണ്.
10. യഹോവയുടെ പഠിപ്പിക്കൽ ഉന്നമിപ്പിക്കാൻ അടിമവർഗം എന്തെല്ലാം ഉപകരണങ്ങൾ ഉപയോഗിക്കുന്നു?
10 ഇന്ന് ആളുകളെ പഠിപ്പിക്കുന്നതിനുള്ള തന്റെ ഉപാധിയായി യഹോവ ഈ “അടിമ”യെ ഉപയോഗിക്കുന്നു. അടിമവർഗത്തിൽപ്പെട്ട അവർ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചു. അതിനുശേഷം, ലക്ഷക്കണക്കിന് ആളുകൾ അവരോടൊത്തു സഹവസിക്കുകയും ആ പേർ സ്വീകരിക്കുകയും ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ പങ്കുചേരുകയും ചെയ്തിരിക്കുന്നു. പഠിപ്പിക്കൽവേലയിൽ “അടിമ” ഉപയോഗിക്കുന്ന മുഖ്യ ഉപകരണമാണു വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന ഈ മാസിക. എന്നിരുന്നാലും, പുസ്തകങ്ങൾ, ചെറുപുസ്തകങ്ങൾ, ലഘുപത്രികകൾ, ലഘുലേഖകൾ, പിന്നെ ഉണരുക! എന്നിവ ഉൾപ്പെടെ മറ്റു പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.
11. “അടിമ” ഏതെല്ലാം സ്കൂളുകൾ നടത്തിയിരിക്കുന്നു, ഓരോ സ്കൂളും ഏതെല്ലാം ഉദ്ദേശ്യം നിവർത്തിക്കുന്നു?
11 അതിലുപരിയായി, ഈ “അടിമ” പല സ്കൂളുകൾ നടത്തുന്നുണ്ട്. യുവ ശുശ്രൂഷകരെ വിദേശ മിഷനറി സേവനത്തിന് ഒരുക്കുന്ന അഞ്ചുമാസത്തെ കോഴ്സായ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ, അവിവാഹിതരായ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും പ്രത്യേക ദിവ്യാധിപത്യ നിയമനങ്ങൾക്കുവേണ്ടി പരിശീലിപ്പിക്കുന്ന രണ്ടു മാസത്തെ ശുശ്രൂഷാ പരിശീലന സ്കൂൾ എന്നിവ ഇതിലുൾപ്പെടുന്നു. പിന്നെ സഭാപരമായ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച് ക്രിസ്തീയ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും കാലാകാലങ്ങളിൽ പ്രബോധനം ലഭിക്കുന്ന രാജ്യ ശുശ്രൂഷാ സ്കൂൾ, പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ഫലപ്രദരായിത്തീരാൻ മുഴുസമയ ശുശ്രൂഷകരെ സജ്ജരാക്കുന്ന പയനിയർ സേവന സ്കൂൾ എന്നിവയും ഉണ്ട്.
12. പഠന പരിപാടിയുടെ വാരംതോറുമുള്ള ഒരു സവിശേഷഭാഗം എന്താണ്?
12 ലോകവ്യാപകമായി യഹോവയുടെ ജനത്തിനുള്ള 75,500-ലധികം സഭകളിൽ നടത്തപ്പെടുന്ന ആഴ്ചതോറുമുള്ള അഞ്ചു യോഗങ്ങൾ പ്രസ്തുത പഠിപ്പിക്കൽ പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്. ഈ യോഗങ്ങളിൽനിന്നു നിങ്ങൾ കഴിയാവുന്നത്ര പ്രയോജനം നേടുന്നുണ്ടോ? അവിടെ ലഭിക്കുന്ന പ്രബോധനത്തിനു സൂക്ഷ്മ ശ്രദ്ധകൊടുത്തുകൊണ്ടു നിങ്ങൾ ആലങ്കാരികമായി പറഞ്ഞാൽ, ദൈവത്തിന്റെ സ്കൂളിലാണെന്നു വിശ്വസിക്കുന്നതായി പ്രകടമാക്കുന്നുണ്ടോ? നിങ്ങൾക്കു “പഠിപ്പിക്കപ്പെട്ടവരുടെ നാവ്” ഉണ്ടെന്നു നിങ്ങളുടെ ആത്മീയ പുരോഗതി മറ്റുള്ളവർക്കു വ്യക്തമാക്കിക്കൊടുക്കുന്നുണ്ടോ?—യെശയ്യാവു 50:4; 1 തിമൊഥെയൊസ് 4:15, 16.
സഭായോഗങ്ങളിൽ പഠിപ്പിക്കപ്പെടുന്നു
13. (എ) യഹോവ ഇന്നു തന്റെ ജനത്തെ പഠിപ്പിക്കുന്ന ഒരു പ്രധാന വിധമെന്ത്? (ബി) നമുക്കെങ്ങനെ വീക്ഷാഗോപുരത്തോടു വിലമതിപ്പു പ്രകടിപ്പിക്കാനാവും?
13 പഠനസഹായി എന്നനിലയിൽ വീക്ഷാഗോപുരം ഉപയോഗിച്ചുകൊണ്ടു വാരംതോറുമുള്ള ഒരു ബൈബിളധ്യയനത്തിലൂടെയാണു യഹോവ തന്റെ ജനത്തെ വിശേഷിച്ചും പഠിപ്പിക്കുന്നത്. യഹോവയാൽ പഠിപ്പിക്കപ്പെടാവുന്ന ഒരു സ്ഥലമായി നിങ്ങൾ ഈ യോഗത്തെ വീക്ഷിക്കുന്നുണ്ടോ? യെശയ്യാവു 50:4 മുഖ്യമായും ബാധകമാകുന്നതു യേശുവിനാണെങ്കിലും, “പഠിപ്പിക്കപ്പെട്ടവരുടെ നാവ്” ലഭിക്കുന്നതിനുള്ള ദൈവത്തിന്റെ വ്യവസ്ഥകൾ പ്രയോജനപ്പെടുത്തുന്ന സകലർക്കും ഇതു ബാധകമാക്കാനാവും. വീക്ഷാഗോപുരത്തെ നിങ്ങൾ നിധിപോലെ കരുതുന്നുവെന്നു പ്രകടമാക്കാൻ സാധിക്കുന്ന ഒരു വിധം ഓരോ ലക്കവും ലഭിച്ചശേഷം അത് എത്രയും വേഗം വായിക്കുന്നതാണ്. എന്നിട്ട്, വീക്ഷാഗോപുരം സഭയിൽ പഠിക്കുമ്പോൾ, സന്നിഹിതരായിക്കൊണ്ടും നിങ്ങളുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം നടത്താൻ ഒരുങ്ങിയിരുന്നുകൊണ്ടും യഹോവയോടുള്ള വിലമതിപ്പു നിങ്ങൾക്കു പ്രകടിപ്പിക്കാൻ സാധിക്കും.—എബ്രായർ 10:23.
14. (എ) യോഗങ്ങളിൽ ഉത്തരം പറയുന്നതു വളരെ പ്രധാന പദവിയായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ബാലികാബാലന്മാരുടെ ഏതുതരം ഉത്തരങ്ങളാണ് ഏറ്റവും പ്രോത്സാഹജനകമായിരിക്കുന്നത്?
14 യോഗങ്ങളിൽ ഉത്തരം പറയുന്നതിലൂടെ യഹോവയുടെ മഹത്തായ പഠിപ്പിക്കൽ പരിപാടിയിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കാൻ കഴിയുമെന്നു നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? പരസ്പരം “സ്നേഹത്തിനും സൽപ്രവർത്തിക്കും” ഉത്സാഹം വർധിപ്പിക്കാൻ നമുക്കു സാധിക്കുന്ന ഒരു പ്രധാനപ്പെട്ട വിധമാണു യോഗങ്ങളിൽ ഉത്തരം പറയുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. (എബ്രായർ 10:24, 25) ഈ പഠിപ്പിക്കൽ പരിപാടിയിൽ കുട്ടികൾക്കും ഒരു പങ്കുണ്ടായിരിക്കാനാവുമോ? ഉവ്വ്, സാധിക്കും. യുവപ്രായക്കാർ ഹൃദയത്തിൽനിന്ന് ഉത്തരം പറയുന്നതു പ്രായമായവർക്കു പലപ്പോഴും പ്രോത്സാഹജനകമാണ്. ചിലപ്പോഴൊക്കെ, കുട്ടികൾ ഉത്തരം പറയുന്നതു കേട്ടിട്ട് നമ്മുടെ യോഗങ്ങൾക്കു ഹാജരാകുന്ന പുതിയവരായ ആളുകൾ കൂടുതൽ ഗൗരവത്തോടെ സത്യത്തിൽ താത്പര്യമെടുക്കാൻ പ്രചോദിതരായിട്ടുണ്ട്. ചില ബാലികാബാലന്മാർ ഖണ്ഡികയിൽനിന്നു നേരിട്ടു വായിക്കുകയോ മുതിർന്നവർ കാതിൽ മന്ത്രിച്ചുകൊടുക്കുന്നത് ആവർത്തിക്കുകയോ ചെയ്യുന്നു. എന്നാൽ, അവർ നന്നായി തയ്യാറായി ഉത്തരങ്ങൾ പറയുമ്പോൾ അത് ഏറ്റവും പ്രോത്സാഹജനകമാണ്. അത്തരം ഉത്തരങ്ങൾ നമ്മുടെ ശ്രേഷ്ഠ അധ്യാപകനും അവന്റെ ഉന്നത പഠിപ്പിക്കൽ പരിപാടിക്കും സത്യമായും മഹത്ത്വം കരേറ്റുന്നു.—യെശയ്യാവു 30:20, 21.
15. കൂടുതൽ ഫലപ്രദമായി ഉത്തരം പറയാൻ മാതാപിതാക്കൾക്കു കുട്ടികളെ സഹായിക്കാൻ എന്തു ചെയ്യാനാവും?
15 നമ്മുടെ ദൈവത്തെ സ്തുതിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നതു കാണുക സന്തോഷമാണ്. യുവപ്രായക്കാരുടെ സ്തുതിപ്രകടനങ്ങൾ യേശു വിലമതിച്ചു. (മത്തായി 21:15, 16) ഒരു ക്രിസ്തീയ മൂപ്പൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, വീക്ഷാഗോപുര അധ്യയനത്തിൽ ഉത്തരം പറയാൻ എനിക്കു വളരെ ഇഷ്ടമായിരുന്നു. ഉത്തരം പറയാൻ എന്നെ ഒരുക്കിയശേഷം, ഞാൻ അത് ഏഴു പ്രാവശ്യമെങ്കിലും പറഞ്ഞു പരിശീലിക്കാൻ പിതാവ് എന്നോട് ആവശ്യപ്പെടുമായിരുന്നു.” ഒരുപക്ഷേ നിങ്ങളുടെ കുടുംബ ബൈബിളധ്യയനത്തിനിടയിൽ വീക്ഷാഗോപുരത്തിലെ തിരഞ്ഞെടുത്ത ഖണ്ഡികകളിൽനിന്നു സ്വന്ത വാക്യത്തിൽ ഉത്തരങ്ങൾ തയ്യാറാകാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കാൻ മാതാപിതാക്കളായ നിങ്ങൾക്കു സാധിക്കും. യഹോവയുടെ പഠിപ്പിക്കൽ പരിപാടിയിൽ പങ്കുപറ്റുന്നതിന് അവർക്കുള്ള മഹത്തായ പദവിയെ വിലമതിക്കാൻ അവരെ സഹായിക്കുക.
16. ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽനിന്ന് എന്തു പ്രയോജനമുണ്ടായിരിക്കുന്നു, സ്കൂളിൽ ആർക്കെല്ലാം പേരുകൊടുക്കാം?
16 മറ്റു ക്രിസ്തീയ യോഗങ്ങളിലെ പഠിപ്പിക്കലിനും ഗൗരവമായ പരിഗണന കൊടുക്കണം, വിവരം കൊടുക്കാൻ പദവിയുള്ളവരും പ്രബോധനം ശ്രദ്ധിക്കുന്നവരും. ഇപ്പോൾ 50-ലധികം വർഷമായി, രാജ്യസന്ദേശം കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിനു ലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരെ പരിശീലിപ്പിക്കാൻ യഹോവ വാരംതോറുമുള്ള ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിനെ ഉപയോഗിച്ചിരിക്കുന്നു. ഈയിടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയിരിക്കുന്നവർ ഉൾപ്പെടെ സഭയുമായി സജീവമായി സഹവസിക്കുന്നവർക്ക് പേരു ചാർത്താവുന്നതാണ്. എന്നാൽ അവർ ക്രിസ്തീയ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിക്കുന്നവരായിരിക്കണം.
17. (എ) പ്രത്യേകിച്ചും എന്ത് ഉദ്ദേശ്യത്തിലാണു പരസ്യയോഗം ഏർപ്പെടുത്തിയത്? (ബി) പരസ്യപ്രസംഗകർ ഓർത്തിരിക്കേണ്ട സംഗതികളെന്ത്?
17 പഠിപ്പിക്കൽ പരിപാടിയുടെ ദീർഘനാളായിട്ടുള്ള മറ്റൊരു സവിശേഷതയാണു പരസ്യയോഗം. അതിന്റെ പേർ സൂചിപ്പിക്കുന്നതുപോലെ, സാക്ഷികളല്ലാത്തവരെ അടിസ്ഥാന ബൈബിൾ പഠിപ്പിക്കൽ പരിചയപ്പെടുത്തിക്കൊടുക്കണമെന്ന പ്രത്യേക ഉദ്ദേശ്യത്തിൽ സ്ഥാപിച്ചിരിക്കുന്നതാണ് ഈ യോഗം. അതുകൊണ്ട്, സന്ദേശം ആദ്യമായി കേൾക്കുന്നയാൾക്കു ഗ്രഹിക്കത്തക്കവിധത്തിലായിരിക്കണം പ്രസംഗം നിർവഹിക്കുന്നയാൾ വിവരങ്ങൾ അവതരിപ്പിക്കേണ്ടത്. “വേറെ ആടുകൾ” “സഹോദരന്മാർ” “ശേഷിപ്പ്” എന്നിങ്ങനെ സാക്ഷികളല്ലാത്തവർ മനസ്സിലാക്കാനിടയില്ലാത്ത പദങ്ങൾ വിശദീകരിച്ചുകൊടുക്കണമെന്നാണ് ഇതിന്റെ അർഥം. പരസ്യയോഗത്തിനു സംബന്ധിക്കുന്ന ആളുകൾക്കു തിരുവെഴുത്തുകളോടു തികച്ചും വിരുദ്ധമായ വിശ്വാസങ്ങളോ ജീവിതശൈലികളോ ഉണ്ടായെന്നുവരാം, അത് ഇന്നത്തെ സമൂഹത്തിൽ സ്വീകാര്യവുമായിരിക്കാം. എന്നാൽ പ്രസംഗകൻ എല്ലായ്പോഴും നയമുള്ളവനായിരിക്കണം, അത്തരം വിശ്വാസങ്ങളെയോ ജീവിതശൈലികളെയോ ഒരിക്കലും പരിഹസിച്ചുസംസാരിക്കരുത്.—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 9:19-23.
18. വാരംതോറും വേറെ ഏതെല്ലാം സഭായോഗങ്ങളുണ്ട്, അവയുടെ ഉദ്ദേശ്യമെന്ത്?
18 വിശ്വസ്തനും വിവേകിയുമായ അടിമയുടെ നിർദേശത്തിൻകീഴിൽ തയ്യാറാക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങൾ വാരംതോറും ബൈബിൾവെച്ചു പഠിക്കുന്ന യോഗമാണു സഭാപുസ്തകാധ്യയനം. വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകമാണ് അനേക രാജ്യങ്ങളിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്. രാജ്യസുവാർത്താ പ്രസംഗത്തിൽ ഒരു മുഴു പങ്കുണ്ടായിരിക്കാനും ശിഷ്യരാക്കൽ നിർവഹിക്കാനും യഹോവയുടെ ജനത്തെ സജ്ജമാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണു സേവനയോഗം.—മത്തായി 28:19, 20; മർക്കൊസ് 13:10.
വലിയ യോഗങ്ങളിൽ പഠിപ്പിക്കപ്പെടുന്നു
19. വർഷംതോറും ഏതെല്ലാം വലിയ കൂടിവരവുകളാണ് “അടിമ” ക്രമീകരിക്കുന്നത്?
19 സത്യക്രിസ്ത്യാനികളെ പഠിപ്പിക്കുന്നതിനും അവർക്കു പ്രത്യേക പ്രോത്സാഹനം കൊടുക്കുന്നതിനും ‘വിശ്വസ്തനായ അടിമ’ കൺവെൻഷനുകളും സമ്മേളനങ്ങളും ക്രമീകരിക്കാൻ തുടങ്ങിയിട്ടു നൂറിലധികം വർഷമായി. വർഷംതോറും അത്തരം മൂന്നു വലിയ യോഗങ്ങൾ നടത്തപ്പെടുന്നു. ഒരു സർക്കിട്ടിലെ സഭകൾ സംബന്ധിക്കുന്ന ഒരു ഏകദിന സമ്മേളനമുണ്ട്. ഒരു വർഷത്തിൽ ഓരോ സർക്കിട്ടിലും സർക്കിട്ടു സമ്മേളനമെന്നു വിളിക്കുന്ന രണ്ടു ദിവസത്തെ ഒരു സമ്മേളനമുണ്ട്. കൂടാതെ, ഡിസ്ട്രിക്റ്റ് കൺവെൻഷൻ എന്നു വിളിക്കപ്പെടുന്ന ഒരു കൂടിവരവുണ്ട്, ഒന്നിലധികം സർക്കിട്ടുകൾ ഇതിൽ സംബന്ധിക്കുന്നു. ഏതാനും വർഷങ്ങൾ കൂടുമ്പോൾ സാർവദേശീയ കൺവെൻഷനുകൾ ഉണ്ടായേക്കാം. മറ്റു രാജ്യങ്ങളിൽനിന്നുള്ള അതിഥികളായ സാക്ഷികൾ പങ്കെടുക്കുന്ന ഈ വലിയ കൂടിവരവുകൾ യഹോവയുടെ ജനത്തിന്റെ വിശ്വാസത്തിനു വാസ്തവത്തിൽ കരുത്തുപകരുന്നു!—താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 16:16.
20. യഹോവയുടെ സാക്ഷികളുടെ വലിയ കൂടിവരവുകളിൽ പൂർവാപരയോജിപ്പിൽ എന്തിന് ഊന്നൽ ലഭിച്ചിരിക്കുന്നു?
20 ഐക്യനാടുകളിലെ ഒഹായോയിലുള്ള സീഡാർ പോയൻറിൽ 1922-ൽ ഏതാണ്ട് 10,000 പേർ ഒരുമിച്ചുകൂടിയപ്പോൾ, പ്രസംഗകന്റെ ഈ പ്രോത്സാഹനവാക്കുകൾ കേട്ട് പ്രതിനിധികൾ പ്രചോദിതരായി: “ഇതു സകല ദിവസങ്ങളിലുംവെച്ചു മഹത്തായ ദിവസമാകുന്നു. നോക്കൂ, രാജാവു വാഴുന്നു! അതു പ്രസിദ്ധമാക്കാനുള്ള ഏജൻറുമാരാണു നിങ്ങൾ. അതുകൊണ്ട് രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.” അത്തരം വലിയ കൺവെൻഷനുകൾ പൂർവാപരയോജിപ്പിൽ പ്രസംഗവേലക്ക് ഊന്നൽ കൊടുത്തിരിക്കുന്നു. ഉദാഹരണത്തിന്, 1953 ന്യൂയോർക്കു നഗരത്തിൽ നടന്ന സാർവദേശീയ കൺവെൻഷനിൽ, എല്ലാ സഭകളിലും വീടുതോറുമുള്ള ഒരു പരിശീലന പരിപാടിയുടെ സ്ഥാപിക്കൽ സംബന്ധിച്ചുള്ള ഒരു പ്രഖ്യാപനമുണ്ടായി. അതു പ്രാവർത്തികമാക്കിയതിനാൽ അനേകം രാജ്യങ്ങളിൽ രാജ്യപ്രസംഗവേലയിൽ വളരെ ഗുണകരമായ ഫലമുണ്ടായി.
പഠിപ്പിക്കാൻ ദൈവത്താൽ പഠിപ്പിക്കപ്പെടുന്നു
21. നാം ഏതു പദവി സ്വീകരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ എന്തിന്റെ ഉദ്ദേശ്യം മറക്കാൻ ആഗ്രഹിക്കുന്നില്ല?
21 തീർച്ചയായും, ഇന്നു ഭൂമിയിൽ യഹോവക്കു വിസ്മയാവഹമായ ഒരു പഠിപ്പിക്കൽ പരിപാടിയുണ്ട്! അതിൽനിന്നു പ്രയോജനം അനുഭവിക്കുന്ന എല്ലാവരെയും യഹോവക്കു പഠിപ്പിക്കാനാവും, അതേ, അത്തരക്കാർക്കു “പഠിപ്പിക്കപ്പെട്ടവരുടെ നാവ്” ലഭിച്ചിരിക്കുന്നവരുടെ ഇടയിലായിരിക്കാനാവും. പ്രതീകാത്മകമായി പറഞ്ഞാൽ, ദൈവത്തിന്റെ സ്കൂളിലായിരിക്കാനുള്ള എന്തോരു പദവി! എന്നിട്ടും, ഈ പദവി സ്വീകരിക്കുമ്പോൾ, നാം അതിന്റെ ഉദ്ദേശ്യം മറന്നുകളയരുത്. യേശുവിനു മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയേണ്ടതിനു യഹോവ യേശുവിനെ പഠിപ്പിച്ചു, ശിഷ്യന്മാർക്കു താൻ ചെയ്ത അതേവേല വലിയ അളവിൽ ചെയ്യാൻ കഴിയേണ്ടതിനു യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. സമാനമായി, മറ്റുള്ളവരെ പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിലുള്ള യഹോവയുടെ മഹത്തായ പഠിപ്പിക്കൽ പരിപാടിയിൽ നമുക്കു പരിശീലനം ലഭിക്കുകയാണ്.—യോഹന്നാൻ 6:45; 14:12; 2 കൊരിന്ത്യർ 5:20, 21; 6:1; 2 തിമൊഥെയൊസ് 2:2.
22. (എ) മോശക്കും യിരെമ്യാവിനും എന്തു പ്രശ്നമുണ്ടായിരുന്നു, എന്നാൽ അത് എങ്ങനെ പരിഹരിക്കപ്പെട്ടു? (ബി) ദൈവം രാജ്യപ്രസംഗവേല പൂർത്തിയാക്കുമെന്നതിനു നമുക്ക് എന്ത് ഉറപ്പുണ്ട്?
22 “ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല” എന്നു പറഞ്ഞ മോശയെപ്പോലെയും “എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ” എന്നു പറഞ്ഞ യിരെമ്യാവിനെപ്പോലെയും നിങ്ങൾ പറയുന്നുവോ? യഹോവ അവരെ സഹായിച്ചതുപോലെ നിങ്ങളെ സഹായിക്കും. ‘ഞാൻ നിന്റെ വായോടുകൂടെ ഇരിക്കും’ എന്ന് അവൻ മോശയോടു പറഞ്ഞു. ‘നീ അവരെ ഭയപ്പെടരുതു; . . . ഞാൻ നിന്നോടുകൂടെ ഉണ്ട്’ എന്ന് അവൻ യിരെമ്യാവിനോടു പറഞ്ഞു. (പുറപ്പാടു 4:10-12; യിരെമ്യാവു 1:6-8) തന്റെ ശിഷ്യന്മാർ ശബ്ദിക്കാതിരിക്കാൻ മതനേതാക്കന്മാർ ആഗ്രഹിച്ചപ്പോൾ, യേശു പറഞ്ഞു: “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും.” (ലൂക്കൊസ് 19:40) അന്നു കല്ലുകൾ ആർത്തുവിളിക്കേണ്ടയാവശ്യം വന്നില്ല, ഇപ്പോഴും അവയുടെ ആവശ്യമില്ല, കാരണം തന്റെ രാജ്യസന്ദേശം എത്തിച്ചുകൊടുക്കാൻ യഹോവ തന്റെ പഠിപ്പിക്കപ്പെട്ടവരുടെ നാവിനെ ഉപയോഗിക്കുകയാണ്.
നിങ്ങൾക്ക് ഉത്തരം പറയാനാവുമോ?
◻ യെശയ്യാവു 50-ാം അധ്യായത്തിൽ ഏതു തികഞ്ഞ അധ്യാപക-വിദ്യാർഥി ബന്ധം പ്രദീപ്തമാക്കിയിരിക്കുന്നു?
◻ യഹോവ വ്യാപകമായ പഠിപ്പിക്കൽ പരിപാടി നടത്തിയിരിക്കുന്നതെങ്ങനെ?
◻ യഹോവയുടെ പഠിപ്പിക്കൽ പരിപാടിയുടെ ചില സവിശേഷതകൾ എന്തെല്ലാം?
◻ യഹോവയുടെ പഠിപ്പിക്കൽ പരിപാടിയിൽ പങ്കുകൊള്ളുന്നതു മഹത്തായ പദവിയായിരിക്കുന്നത് എന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
കുട്ടികൾ ഹൃദയത്തിൽനിന്ന് ഉത്തരങ്ങൾ പറയുന്നത് പ്രായമുള്ളവർക്കു പലപ്പോഴും പ്രോത്സാഹജനകമാണ്