വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“സ്നേഹത്തിൽ ഭയമില്ല; . . . തികഞ്ഞസ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു” എന്ന് 1 യോഹന്നാൻ 4:18 നമ്മോടു പറയുന്നു. എന്നാൽ, “സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ” എന്നു പത്രോസ് എഴുതി. (1 പത്രൊസ് 2:17) ഈ രണ്ടു വാക്യങ്ങളും നമുക്കെങ്ങനെ ഒത്തിണക്കാം?
പത്രോസും യോഹന്നാനും യേശുക്രിസ്തുവിൽനിന്നു നേരിട്ടു പഠിച്ച അപ്പോസ്തലന്മാരായിരുന്നു. തൻമൂലം, അവർ എഴുതിയതു യോജിപ്പിലാണ് എന്നു നമുക്ക് ഉറപ്പാക്കാം. രണ്ട് അപ്പോസ്തലന്മാരും വ്യത്യസ്ത തരം ഭയത്തെക്കുറിച്ചാണു സംസാരിച്ചത് എന്നതാണു മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങൾക്കുള്ള പരിഹാരം.
നമുക്കാദ്യം പത്രോസിന്റെ ബുദ്ധ്യുപദേശം പരിചിന്തിക്കാം. സന്ദർഭം കാണിക്കുന്നപ്രകാരം, അധികാരസ്ഥാനത്തുള്ളവരോട് ഉണ്ടായിരിക്കേണ്ട മനോഭാവം സംബന്ധിച്ചു സഹക്രിസ്ത്യാനികൾക്കു നിശ്വസ്ത ഉപദേശം നൽകുകയായിരുന്നു പത്രോസ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ചില പ്രത്യേക രംഗങ്ങളിൽ കീഴ്പെട്ടിരിക്കുന്നതു സംബന്ധിച്ച ഉചിതമായ വീക്ഷണത്തെക്കുറിച്ച് അഭിപ്രായം പറയുകയായിരുന്നു അവൻ. അങ്ങനെ, മാനുഷ ഗവൺമെൻറുകളിൽ രാജാക്കൻമാർ അല്ലെങ്കിൽ ഗവർണർമാർ എന്നിങ്ങനെ അധികാര സ്ഥാനംവഹിക്കുന്നവർക്കു കീഴ്പെട്ടിരിക്കുന്നതു സംബന്ധിച്ചു ക്രിസ്ത്യാനികളെ ഉപദേശിച്ചു. (1 പത്രൊസ് 2:13, 14) അതേത്തുടർന്നു പത്രോസ് എഴുതി: “എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.”—1 പത്രൊസ് 2:17.
ക്രിസ്ത്യാനികൾ “ദൈവത്തെ ഭയപ്പെട”ണമെന്നു പത്രോസ് എഴുതിയതിന്റെ അർഥം ദൈവത്തോട് ആഴമായ, ഭയഭക്തിയോടെയുള്ള ആദരവ്, അത്യുന്നത അധികാരിയെ അപ്രീതിപ്പെടുത്തുന്നതിലുള്ള അഗാധമായ ഭയം, നമുക്കുണ്ടായിരിക്കണം എന്നാണെന്നു സന്ദർഭം പരിശോധിക്കുമ്പോൾ വ്യക്തമാകും.—എബ്രായർ 11:7 താരതമ്യം ചെയ്യുക.
അപ്പോസ്തലനായ യോഹന്നാന്റെ അഭിപ്രായം സംബന്ധിച്ചെന്ത്? നേരത്തെ 1 യോഹന്നാൻ 4-ാം അധ്യായത്തിൽ (NW) കള്ളപ്രവാചകൻമാരിൽനിന്നു വരുന്നപോലുള്ള “നിശ്വസ്ത മൊഴികൾ” പരിശോധിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് അപ്പോസ്തലൻ ചർച്ചചെയ്തു. ഈ മൊഴികൾ തീർച്ചയായും യഹോവയിൽനിന്ന് ഉത്ഭൂതമാകുന്നതല്ല; അവ ദുഷ്ടലോകത്തിൽനിന്നുള്ളതോ അതിന്റെ പ്രതിഫലനമോ ആണ്.
നേരേമറിച്ച്, അഭിഷിക്ത ക്രിസ്ത്യാനികൾ “ദൈവത്തിൽനിന്നുള്ളവരാകുന്നു.” (1 യോഹന്നാൻ 4:1-6) തൻമൂലം, യോഹന്നാൻ ഇങ്ങനെ പ്രചോദനമേകി: “പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നുവരുന്നു.” സ്നേഹം പ്രകടിപ്പിക്കുന്നതിനു ദൈവം മുൻകൈ എടുത്തു—അവൻ ‘തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചു.’ (1 യോഹന്നാൻ 4:7-10) നാം എങ്ങനെ പ്രതികരിക്കണം?
നാം നമ്മുടെ സ്നേഹവാനായ ദൈവത്തോടൊത്തു നിലകൊള്ളണം. നാം അവന്റെ മുന്നിൽ നടുങ്ങി വിറയ്ക്കുകയോ പ്രാർഥനയിൽ എങ്ങനെ അവനെ സമീപിക്കുമെന്നോർത്തു കിടിലം കൊള്ളുകയോ അരുത്. യോഹന്നാൻ നേരത്തെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം [“സംസാരസ്വാതന്ത്ര്യം,” NW] ഉണ്ടു. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.” (1 യോഹന്നാൻ 3:21, 22) അതേ, ഒരു നല്ല മനസ്സാക്ഷി നമ്മെ തളർത്തുന്നതോ തടുക്കുന്നതോ ആയ ഭയം കൂടാതെ ദൈവത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യം നമുക്കു നൽകുന്നു. സ്നേഹംമൂലം പ്രാർഥനയിൽ യഹോവയെ അഭിസംബോധന ചെയ്യാൻ അഥവാ സമീപിക്കാൻ നമുക്കു സ്വാതന്ത്ര്യം തോന്നുന്നു. ഈ വിധത്തിൽ, “സ്നേഹത്തിൽ ഭയമില്ല.”
ആ സ്ഥിതിക്കു നമുക്കു രണ്ടു ന്യായവാദങ്ങളും ഒരുമിച്ചു ചേർത്തു നോക്കാം. ഒരു ക്രിസ്ത്യാനിക്ക് എല്ലായ്പോഴും യഹോവയോട് അവന്റെ സ്ഥാനം, ശക്തി, നീതി എന്നിവ നിമിത്തം ഉളവാകുന്ന ഭക്ത്യാദരവോടെയുള്ള ഭയം ഉണ്ടായിരിക്കണം. എന്നാൽ, നാം ദൈവത്തെ നമ്മുടെ പിതാവെന്ന നിലയിൽ സ്നേഹിക്കുന്നു. അതോടൊപ്പം അവനോട് അടുപ്പവും അവനെ സമീപിക്കുവാനുള്ള സ്വാതന്ത്ര്യവും തോന്നുകയും ചെയ്യുന്നു. അവന്റെ മുന്നിൽ നടുങ്ങി വിറയ്ക്കുന്നതിനു പകരം, ഒരു കുട്ടി സ്നേഹനിധിയായ തന്റെ പിതാവിനെ സമീപിക്കുന്നതുപോലെ അവനെ സമീപിക്കാൻ നമുക്കു കഴിയുമെന്നു നാം വിശ്വസിക്കുന്നു.—യാക്കോബ് 4:8.