അപകടകരമായ പരിസരത്തു നിങ്ങൾക്കെങ്ങനെ അതിജീവിക്കാനാവും?
“എനിക്കെപ്പോഴും ഒരു വല്ലാത്ത ഭയമായിരുന്നു. ലിഫ്റ്റിലായിരിക്കുമ്പോൾ പേടി, കാറിലായിരിക്കുമ്പോൾ പേടി, എന്റെ വസതിയിലായിരിക്കുമ്പോൾ പേടി. എവിടെയും കുറ്റകൃത്യംതന്നെ. ആളുകൾ എപ്പോഴും കൊള്ളയടിക്കപ്പെടുന്നു,” മരിയ പറയുന്നു. നിങ്ങളുടെ പരിസരത്തായിരിക്കുമ്പോൾ, വിശേഷിച്ചും അർധരാത്രിയിൽ, ഈ ബ്രസീലുകാരി സ്ത്രീയെപ്പോലെ നിങ്ങൾക്കും പേടി തോന്നുന്നുണ്ടോ?
കുറ്റാന്വേഷണകഥകൾ വായിക്കുന്നതു ഹരംപകരുന്ന ഒരനുഭവമായിരിക്കാം, എന്നാൽ യഥാർഥ ജീവിതം പലപ്പോഴും ശുഭപര്യവസായിയല്ല. ഒരു കുറ്റകൃത്യത്തിന് ഒരു തുമ്പുംകിട്ടാതെ അവശേഷിച്ചേക്കാം. ഇനി, നരഹത്യയുടെ കാര്യത്തിലാണെങ്കിലോ, ഒരു വ്യക്തിക്കു നഷ്ടമാവുന്നത് ഭർത്താവിനെയോ പിതാവിനെയോ പുത്രനെയോ ഭാര്യയെയോ അമ്മയെയോ പുത്രിയെയോ ഒക്കെയാകാം. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ നിങ്ങളുടെ പരിസരത്തു വർധിച്ചുവരികയാണോ? സുരക്ഷിതത്വമുള്ള ശാന്തമായ ഒരു സ്ഥലത്തായിരിക്കണം നിങ്ങളുടെ കുടുംബമെന്നു നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കിൽ, കുറ്റകൃത്യങ്ങൾ നടമാടുന്ന ഒരു പ്രദേശത്തു കുട്ടികളെ വളർത്തി ജീവിക്കേണ്ട സാഹചര്യമാണു നിങ്ങൾക്കുള്ളതെങ്കിൽ, അതിജീവിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?
കാര്യമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ടുചെയ്യപ്പെടാത്ത നഗരങ്ങൾ ഉണ്ടെന്നതു ശരിതന്നെ. അനേകം ദേശങ്ങളിൽ, ആളുകൾ ഗ്രാമീണ പ്രശാന്തതയിൽ അഥവാ സ്വസ്ഥതയുള്ള ഗ്രാമങ്ങളിൽ പാർക്കുന്നുണ്ട്. എന്നാൽ കുറ്റകൃത്യവിമുക്തമെന്നു മുമ്പു കരുതിയിരുന്ന പ്രദേശങ്ങളിൽപ്പോലും സംഗതികൾ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, 50 വർഷംമുമ്പ്, ബ്രസീലിൽ 70 ശതമാനം ആളുകൾ ഗ്രാമപ്രദേശങ്ങളിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 70 ശതമാനം നഗരങ്ങളിലാണു താമസിക്കുന്നത്. തൊഴിലവസരങ്ങൾ വർധിച്ചുവെങ്കിലും കുറ്റകൃത്യവും അക്രമവും പോലുള്ള നഗര പ്രശ്നങ്ങളും അതോടൊപ്പം പെരുകി. അപകടകരമായതോ അല്ലാത്തതോ ആയ മേഖലകളിൽ ജീവിച്ചാലും, നിങ്ങൾക്കു വീട്ടിൽനിന്ന് അകലെ ജോലിക്കോ സ്കൂളിലോ, അല്ലെങ്കിൽ മറ്റു പലകാര്യങ്ങൾക്കുവേണ്ടിയോ പുറത്തുപോയേതീരൂ.
ഇപ്പോൾ കണ്ടുവരുന്ന “പരിഭ്രാന്തി ലക്ഷണങ്ങ”ളെ അംഗീകരിച്ചുകൊണ്ട് റിയോ ഡെ ജനിറോയിലെ ഒരു പൊലീസ് മേധാവി അതിനെ നിലനിർത്തുന്ന ഘടകങ്ങളെ പരാമർശിക്കുന്നു. സാമൂഹിക അനീതിയും സംഘടിത കുറ്റകൃത്യവുമാണവയെന്ന് അദ്ദേഹം പറയുന്നു. “ദുരന്ത വാർത്തകൾകൊണ്ട് ആളുകളുടെ മനോവീര്യത്തെ കെടുത്തിക്കൊണ്ട്” പത്രങ്ങളും ടെലിവിഷനും വ്യാപകമായ ഭയത്തെ ഊട്ടിവളർത്തുന്നതായും അദ്ദേഹത്തിനു തോന്നുന്നു. മയക്കുമരുന്നാസക്തി, കുടുംബത്തകർച്ച, തെറ്റായ മതവിശ്വാസം എന്നിവയും പെരുകുന്ന നിയമരാഹിത്യത്തെ പോഷിപ്പിക്കുന്നുണ്ട്. ഇനി ഭാവിയിലെ അവസ്ഥയോ? പുസ്തകങ്ങളിലും ചലച്ചിത്രങ്ങളിലും വിനോദമെന്ന നിലയിൽ നിരന്തരം നിസ്സാരീകരിച്ചുകാണിക്കുന്ന അക്രമാസക്ത രംഗങ്ങൾ ആളുകളെ മറ്റുള്ളവരുടെ നേരേ കഠിനഹൃദയരാക്കുമോ? കുറ്റകൃത്യമുക്തമെന്നു വിചാരിക്കുന്ന പ്രദേശങ്ങളും അപകടകരമായിത്തീരുമോ?
അക്രമത്തിന് ഇരയാകുന്നവർക്ക് അതു വേദനാജനകമായതുകൊണ്ട്, സുരക്ഷിതരായിരിക്കണമെന്ന ഒരു ശക്തമായ ആഗ്രഹം നമുക്കുണ്ട്. ഇതിൽ ഉത്കണ്ഠാകുലരായ പൗരന്മാർ തെരുവുകളിൽ കൂടുതൽ പൊലീസിനെയും കുറ്റവാളികൾക്കു കടുത്ത തടവുശിക്ഷകളും അല്ലെങ്കിൽ വധശിക്ഷയുംവരെ ആവശ്യപ്പെടുന്നതിൽ അതിശയിക്കാനില്ല! അപകടസാധ്യതയുണ്ടായിരുന്നിട്ടും, ചിലർ സ്വയരക്ഷയ്ക്കു തോക്കുകൾ സമ്പാദിക്കുന്നു. മറ്റുചിലരാകട്ടെ, തോക്കുകൾപോലുള്ള ആയുധങ്ങളുടെ വില്പനയെ നിയന്ത്രിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നു. കുറ്റകൃത്യങ്ങൾ പെരുകുന്നുവെന്ന അസുഖകരമായ വാർത്തയുണ്ടെങ്കിലും, നിരാശപ്പെടേണ്ടയാവശ്യമില്ല. വാസ്തവത്തിൽ, ജോഹന്നസ്ബർഗ്, മെക്സിക്കോ സിറ്റി, ന്യൂയോർക്ക്, റിയോ ഡെ ജനിറോ, സാവോ പൗലോ എന്നിങ്ങനെയുള്ള വൻ നഗരങ്ങളിൽ ഒരിക്കലും കൊള്ളയടിക്കപ്പെട്ടിട്ടില്ലാത്ത അനേകം നിവാസികളുണ്ട്. അപകടകരമായ പരിസരത്ത് ആളുകൾ വിജയകരമായി ജീവിക്കുന്നതെങ്ങനെയെന്നു നമുക്കു പരിശോധിക്കാം.
ക്രിയാത്മകമായ ഒരു മനോഭാവം നിലനിർത്തൽ
കുറ്റകൃത്യങ്ങൾ നടമാടുന്ന ഒരു പ്രദേശത്തെക്കുറിച്ചു പറയവേ, “പരുക്കൻ ജീവിത സാഹചര്യങ്ങളുണ്ടായിരുന്നിട്ടും അന്തസ്സും ആഭിജാത്യവും കൈമുതലാക്കിയെടുത്തിട്ടുള്ള ആയിരക്കണക്കിനു ബ്രസീൽക്കാരുടെ വൈഭവത്തെയും സ്ഥിരോത്സാഹത്തെയും” സംബന്ധിച്ച് ഒരു എഴുത്തുകാരൻ സൂചിപ്പിക്കുന്നുണ്ട്. റിയോ ഡെ ജനിറോയിൽ 38 വർഷമായി താമസിക്കുന്ന ജോർജ പറയുന്നു: “ചില തെരുവുകളിലൂടെയും പ്രദേശത്തുകൂടെയും ഞാൻ പോകാറില്ല, തന്നെയുമല്ല എന്തെങ്കിലും ജിജ്ഞാസയൊട്ടു കാണിക്കാറുമില്ല. രാത്രി വളരെ വൈകി തെരുവിലൂടെ നടക്കുന്നതും അതിരുവിട്ട ഭയം പ്രകടിപ്പിക്കുന്നതും ഞാൻ ഒഴിവാക്കുന്നു. ജാഗ്രത കാട്ടുമെങ്കിലും, ഞാൻ ആളുകളെ സത്യസന്ധരായി വീക്ഷിക്കുന്നു, അവരോട് ഇടപെടുമ്പോൾ ഞാൻ അന്തസ്സും ആദരവും പ്രകടമാക്കുന്നു.”
അതേ, അനാവശ്യ കുഴപ്പങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുക. അതിരുകടന്ന ഭയം നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അതുനിമിത്തം സൽസ്വഭാവികളായ ആളുകൾപോലും യുക്തിഹീനമായി പ്രവർത്തിക്കാൻ ഇടവരുമെന്നുമുള്ള വസ്തുതയെ ഒരിക്കലും നിസ്സാരമായി കാണരുത്. അപകടമേഖലയിൽ താൻ ജോലിചെയ്യുന്നതു സംബന്ധിച്ച് ഓഡാർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മോശമായ സംഗതികൾ സംഭവിച്ചാലോ എന്ന ഭയത്താൽ മനസ്സു പുണ്ണാക്കാതെ ഞാൻ ക്രിയാത്മക മനോഭാവമുള്ളവനായിരിക്കാൻ ശ്രമിക്കുന്നു. കാരണം അത്തരം ഭയം അനാവശ്യ പിരിമുറുക്കത്തിനും പരിഭ്രാന്തിക്കും ഇടയാക്കും. എല്ലാ ആളുകളോടും ആദരവു കാട്ടാൻ ഞാൻ ശ്രമിക്കുന്നു.” ജാഗ്രത കാട്ടുന്നതിലും സംശയം തോന്നുന്നവരിൽനിന്ന് അകന്നുനിൽക്കുന്നതിലും ഉപരിയായി ഒരുവന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ മറ്റൊരു സഹായംകൂടിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “സർവോപരി, യാതൊന്നും യഹോവയുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്നില്ലെന്നും സംഭവിക്കുന്നതെന്തും അവന്റെ അനുവാദത്തോടെയാണെന്നും ഓർത്തുകൊണ്ട് ഞാൻ യഹോവയിൽ വിശ്വാസം നട്ടുവളർത്തുന്നു.”
എങ്കിലും, നിരന്തരം ഭയത്തിൽ ജീവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. വൈകാരികവും ശാരീരികവുമായ ആരോഗ്യത്തിനു ദോഷകരമാണ് അതിരുകടന്ന ഭയവും സമ്മർദവുമെന്ന വസ്തുതയെ ആരു നിഷേധിക്കും? അതുകൊണ്ട് തങ്ങൾ ഏതു സമയത്തും ആക്രമിക്കപ്പെട്ടേക്കാമെന്നു ഭയപ്പെടുന്നവർക്ക് എന്തു പ്രത്യാശയുണ്ട്? കുറ്റകൃത്യങ്ങൾ നിറഞ്ഞ ഏറ്റവും മോശമായ സ്ഥിതിവിശേഷം ഇനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂവെന്ന് അനേകരും ഭയപ്പെടുന്നതുകൊണ്ട്, നാം എന്നെങ്കിലും അക്രമങ്ങളുടെ അന്ത്യം കാണുമോ? “ഭയം എപ്പോൾ അവസാനിക്കും?” എന്ന അടുത്ത ലേഖനം വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.