യേശുവിനെക്കുറിച്ചുള്ള സംശയങ്ങൾ ന്യായീകരിക്കപ്പെടുന്നുവോ?
നസ്രത്തിൽനിന്നുള്ള യേശു വാസ്തവത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവോ? അവന്റെ ശിഷ്യന്മാർ പ്രഘോഷിച്ചതുപോലെ, മരിച്ചവരിൽനിന്ന് അവൻ വാസ്തവത്തിൽ ഉയിർപ്പിക്കപ്പെട്ടുവോ? ഇനി അവൻ വാസ്തവത്തിൽ ജീവിച്ചിരുന്നിട്ടുണ്ടോ? നമ്മുടെ ഈ ആധുനികയുഗത്തിൽ, അനേകർക്കും അത്തരം ചോദ്യങ്ങൾക്ക് ഉറപ്പോടെ ഉത്തരംകൊടുക്കാനാവുന്നില്ലെന്നു തോന്നുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർക്കു യേശുവിനെക്കുറിച്ചു സംശയമാണ്. ഒരു സംഗതി സത്യമാണോ അല്ലെങ്കിൽ സാധ്യമാണോ എന്നറിയാതെയുള്ള അനശ്ചിതത്വത്തിന്റേതായ വികാരങ്ങളാണു സംശയങ്ങൾ. എന്നാൽ യേശുവിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന്റേതായ വികാരങ്ങൾ ന്യായീകരിക്കപ്പെടുന്നുണ്ടോ? നമുക്കു നോക്കാം.
യേശുവിനെക്കുറിച്ചു സംശയങ്ങൾ വിതയ്ക്കപ്പെട്ട വിധം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജീവിച്ചിരുന്ന ചില ദൈവശാസ്ത്രജ്ഞന്മാരായിരുന്നു യേശുവിനെ “പുരാതന സഭയുടെ ഒരു സങ്കല്പ കഥാപാത്രമായി” ചിത്രീകരിച്ചത്. യേശുവിന്റെ ചരിത്രസ്വഭാവത്തിന്മേലുള്ള ഈ കടന്നാക്രമണം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ പണ്ഡിതന്മാർക്കിടയിൽ ഒരു വിവാദമാകുകയും അത് അക്കാലത്തെ പൊതുജനങ്ങളുടെ ഇടയിൽ ഒരു സംസാരവിഷയമാകുകയും ചെയ്തു. ഇന്നും അതിന് ഒരു സ്വാധീനമുണ്ട്. ഈ അടുത്തകാലത്ത് ജർമനിയിൽ നടത്തിയ ഒരു പഠനംതന്നെ ഉദാഹരണം. അഭിമുഖത്തിൽ പങ്കെടുത്ത 3 ശതമാനം ആളുകൾ യേശു “ഒരിക്കലും ജീവിച്ചിരുന്നിട്ടില്ല” എന്നും “അവനെ അപ്പോസ്തലന്മാർ കെട്ടിച്ചമച്ച”താണെന്നും വിശ്വസിക്കുന്നുവെന്ന് അതു വെളിപ്പെടുത്തി. അതേ, ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിതയ്ക്കപ്പെട്ട, യേശുവിനെക്കുറിച്ചുള്ള സംശയത്തിന്റേതായ വിത്തുകൾ വളക്കൂറുള്ള മണ്ണിലെന്നപോലെ ആളുകളുടെ ഹൃദയത്തിൽ ഇപ്പോഴും വളരുകയാണ്.
“കെട്ടിച്ചമയ്ക്ക”പ്പെട്ട ഒരു കഥാപാത്രമാണു യേശു എന്ന നിഗമനം ന്യായീകരിക്കപ്പെടുന്നില്ലാത്തത് എന്തുകൊണ്ടാണ്? ബൈബിൾപണ്ഡിതനായ വോൾഗാങ് ട്രില്ലിങ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യേശു എന്നെങ്കിലും ജീവിച്ചിരുന്നുവോ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവൻ ഒരു ചരിത്രപുരുഷനാണോ അതോ ഒരു കെട്ടുകഥയാണോ, എന്നതു സംബന്ധിച്ചുള്ള വിവാദം പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രശ്നത്തിനു പരിഹാരം കണ്ടിരിക്കുന്നതു പണ്ഡിതോചിതമായ രീതിയിൽത്തന്നെയാണ്, കുറഞ്ഞപക്ഷം ഗൗരവമനസ്കരായ ആളുകൾ പ്രസ്തുത പ്രശ്നത്തെ മേലാൽ ഒരു പണ്ഡിത വിവാദമായി വീക്ഷിക്കാത്തവിധത്തിൽത്തന്നെയാണ്.” എന്നിരുന്നാലും, യേശു എന്നെങ്കിലും ജീവിച്ചിരുന്നുവോ എന്നതിൽ ചിലർക്ക് ഇപ്പോഴും സംശയമാണ്. അതുകൊണ്ട്, യേശു ചരിത്രപുരുഷനാണെന്നു സ്ഥാപിക്കാനും അവനെക്കുറിച്ചുള്ള മറ്റു സംശയങ്ങൾ ദൂരീകരിക്കാനും ഒരുവന് എങ്ങനെ സാധിക്കുമെന്നു നമുക്കു പരിശോധിക്കാം.
സംശയങ്ങൾ അകറ്റുന്ന സാക്ഷ്യങ്ങൾ
വെറുക്കത്തക്ക ഒരു കുറ്റവാളി എന്നനിലയിൽ യേശു നിന്ദ്യമായി വധിക്കപ്പെട്ടുവെന്ന സംഗതി “യേശു ചരിത്രപുരുഷനല്ലെന്നു വാദിക്കുന്നവർക്കെതിരായുള്ള ഏറ്റവും ശക്തമായ വാദമാണ്,” ട്രില്ലിങ് പ്രസ്താവിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അത്തരമൊരു വധം “യഹൂദന്മാരുടെയും യഹൂദന്മാരാല്ലാത്തവരുടെയും ഇടയിൽ പുതിയ വിശ്വാസം പ്രചരിക്കുന്നതു ക്ലേശകരമാക്കുകയും പ്രതിബന്ധം സൃഷ്ടിക്കുകയുംപോലും ചെയ്തു.” (1 കൊരിന്ത്യർ 1:23 താരതമ്യം ചെയ്യുക.) മിശിഹായായിരുന്ന യേശുവിന്റെ വധം യഹൂദന്മാർക്കും പുറജാതികൾക്കും അത്ര കടുത്തൊരു ആക്ഷേപമായിരുന്നെങ്കിൽ, അത് അപ്പോസ്തലന്മാരുടെ കണ്ടുപിടുത്തമാകാൻ നിർവാഹമില്ല! കൂടാതെ, നാലു സുവിശേഷങ്ങൾ മാത്രമല്ല, റോമൻ എഴുത്തുകാരനായ റ്റാസിറ്റസും യഹൂദ തൽമൂദുംa യേശുവിന്റെ മരണത്തെ ഒരു ചരിത്രസംഭവമായാണു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
യേശുവിന്റെ ജീവിതത്തിലെ മറ്റു സംഭവങ്ങളും സുവിശേഷത്തിന്റെയും അവ അവനെക്കുറിച്ചു പറയുന്ന സംഗതികളുടെയും വിശ്വാസ്യതയ്ക്കുള്ള ആന്തരിക തെളിവായി വീക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന്, പ്രത്യക്ഷത്തിൽ അപ്രധാനമായ ഒരു സ്ഥലമായ നസ്രത്തിൽനിന്ന് അവൻ വരുന്നതായി യേശുവിന്റെ അനുഗാമികൾ കെട്ടിച്ചമയ്ക്കുമായിരുന്നുവോ? അല്ലെങ്കിൽ, ഒരു വിശ്വസ്ത സഹചാരിയായിരുന്ന യൂദാസ് അവനെ ഒറ്റിക്കൊടുത്തുവെന്ന് അവർ കെട്ടിച്ചമയ്ക്കുക സാധ്യമാണോ? അത്രയ്ക്കു ഭീരുത്വംനിറഞ്ഞ വിധത്തിൽ ശേഷിച്ച ശിഷ്യന്മാർ യേശുവിനെ പരിത്യജിച്ച ഒരു കഥ അവർ മെനഞ്ഞെടുക്കുമെന്നതു യാഥാർഥ്യമായി തോന്നുന്നുണ്ടോ? രൂപത്തിലും ഭാവത്തിലും അങ്ങേയറ്റം അപകടകരമായ വിശദാംശങ്ങൾ ശിഷ്യന്മാർ കെട്ടിച്ചമക്കുകയും പിന്നീട് അതു സകലയിടത്തും പ്രഘോഷിക്കുകയും ചെയ്തിരിക്കുമെന്നതു തീർച്ചയായും യുക്തിസഹമല്ല! അതിനുംപുറമേ, ഒരു അനുപമ ശൈലിയിലായിരുന്നു യേശു തന്റെ പഠിപ്പിക്കൽ കല ഉപയോഗിച്ചത്. അവന്റെ ദൃഷ്ടാന്തങ്ങളുമായി താരതമ്യം ചെയ്യാനാവുന്ന യാതൊന്നും ഒന്നാം നൂറ്റാണ്ടിലെ യഹൂദ സാഹിത്യത്തിലില്ല. ഗിരിപ്രഭാഷണംപോലെ അതിശ്രേഷ്ഠമായൊരു പ്രസംഗം ഏത് അജ്ഞാത വ്യക്തിക്കാണു “കെട്ടിച്ചമ”ക്കാനാവുക? യേശുവിന്റെ ജീവിതസംഭവങ്ങൾ എന്നനിലയിലുള്ള സുവിശേഷങ്ങളുടെ വിശ്വാസ്യതയെ സ്ഥിരീകരിക്കാനുള്ള പ്രവണതയാണ് ഈ വാദങ്ങൾക്കെല്ലാമുള്ളത്.
യേശു ചരിത്രപുരുഷനാണെന്നുള്ളതിനു ബാഹ്യമായ തെളിവുമുണ്ട്. സ്പഷ്ടവും കൃത്യമായ വിശദാംശങ്ങളുള്ളതുമായ ചരിത്ര പശ്ചാത്തലത്തോടെയാണു നാലു സുവിശേഷങ്ങളും അവനെ അവതരിപ്പിക്കുന്നത്. ബെത്ലഹേം, ഗലീല എന്നിങ്ങനെയുള്ള സ്ഥലങ്ങളും പൊന്തിയോസ് പീലാത്തോസ്, പരീശന്മാർ എന്നിങ്ങനെയുള്ള പ്രമുഖ വ്യക്തികളും യഹൂദ ആചാരങ്ങളും മറ്റു സവിശേഷതകളും ഒരുതരത്തിലും കെട്ടിച്ചമച്ച സംഗതികളല്ല. അവ ഒന്നാം നൂറ്റാണ്ടിലെ ജീവിതരീതിയുടെ ഭാഗമായിരുന്നു, ബൈബിളേതര ഉറവിടങ്ങളും പുരാവസ്തുപരമായ കണ്ടെത്തലുകളും അവയെ സ്ഥിരീകരിച്ചിട്ടുണ്ട്.
അങ്ങനെ യേശു ഒരു ചരിത്രപുരുഷനാണെന്നതിന് ആന്തരികവും ബാഹ്യവുമായ ശക്തമായ തെളിവുണ്ട്.
എന്നാൽ നല്ലൊരു കൂട്ടം ആളുകൾക്ക് അവനുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെക്കുറിച്ചു സംശയമുണ്ട്. നിശ്ചയമായും, മേൽവിവരിച്ച സർവേ പ്രകടമാക്കുന്നപ്രകാരം, ജർമനിയിൽ പള്ളിയിൽ പോകുന്നവരുടെ കൂട്ടത്തിൽ യേശുവിന്റെ അത്ഭുതങ്ങളും പുനരുത്ഥാനവും “വാസ്തവത്തിൽ നടന്നതാണ്” എന്നു വിശ്വസിക്കുന്നത് ഒരു ന്യൂനപക്ഷംമാത്രമാണ്. യേശുവിന്റെ അത്ഭുതത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള സംശയങ്ങൾ ന്യായീകരിക്കപ്പെടുന്നുണ്ടോ?
ചിലർ യേശുവിന്റെ അത്ഭുതങ്ങളെ സംശയിക്കുന്നതിന്റെ കാരണം
യേശു രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തിയെന്നും മരിച്ചവരെ ഉയിർപ്പിച്ചുവെന്നും ഭൂതങ്ങളെ പുറത്താക്കിയെന്നും മത്തായി 9:18-36 റിപ്പോർട്ടു ചെയ്യുന്നു. ഒരു ചരിത്രകാരനായ പ്രൊഫസ്സർ ഹൂഗോ സ്റ്റോഡിൻജർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഈ അസാധാരണ റിപ്പോർട്ടുകൾ സ്പഷ്ടമായ ഭാവനാവിലാസമാണെന്നതു തികച്ചും അവിശ്വസനീയമാണ്, ചരിത്രത്തിന്റെ വീക്ഷണത്തിൽ നോക്കുമ്പോൾ അസാധ്യവുമാണ്.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ഏറ്റവും ആദ്യത്തെ സുവിശേഷം എഴുതപ്പെട്ടതായി കാണുന്നത് ഈ അത്ഭുതങ്ങൾക്കു ദൃക്സാക്ഷികളായിരുന്ന മിക്കവരും ജീവിച്ചിരിക്കുമ്പോൾത്തന്നെയാണ്! യഹൂദ ശത്രുക്കൾ “യേശു അത്ഭുതപ്രവൃത്തികൾ ചെയ്തുവെന്നത് ഒരിക്കലും നിഷേധിച്ചില്ല” എന്നതിൽ കൂടുതലായ സ്ഥിരീകരണം കാണപ്പെടുന്നുവെന്നു സ്റ്റോഡിൻജർ തുടർന്നുപറയുന്നു. മറ്റെല്ലാ തെളിവുകളും അവഗണിച്ചുകൊണ്ട്, നമ്മുടെ തീരുമാനം ഈ ബാഹ്യമായ തെളിവിൽ അധിഷ്ഠിതമാക്കിയാലും യേശുവിന്റെ അത്ഭുതങ്ങൾ നിശ്ചയമായും നമ്മുടെ വിശ്വാസം അർഹിക്കുന്നുണ്ടെന്നു നാം കണ്ടെത്തും.—2 തിമൊഥെയൊസ് 3:16.
“യേശു രോഗികളെ സുഖപ്പെടുത്തിയെന്നതു ബഹുഭൂരിപക്ഷം ജർമൻകാർക്കും ബോധ്യമുണ്ടെ”ങ്കിലും ഈ സൗഖ്യമാക്കലിനു പിന്നിലെ ശക്തിയെക്കുറിച്ച് അനേകർക്കും സംശയമുണ്ട്. ഉദാഹരണത്തിന്, മാനസികാരിഷ്ടതയാൽ കഷ്ടപ്പെട്ടിരുന്ന ആളുകളെ സ്വാധീനിക്കുന്ന ഹിപ്നോട്ടിസം ഉപയോഗിച്ചായിരുന്നു യേശു സൗഖ്യമാക്കലുകൾ നടത്തിയതെന്ന് ഒരു പ്രശസ്ത ജർമൻ ദൈവശ്ശാസ്ത്രജ്ഞൻ പരസ്യമായി പ്രസ്താവിച്ചു. ഇതൊരു സാധുവായ വിശദീകരണമാണോ?
ഇതൊന്നു പരിചിന്തിക്കുക. യേശു ഒരു മനുഷ്യന്റെ ശോഷിച്ച കൈ സുഖപ്പെടുത്തിയെന്നു മർക്കൊസ് 3:3-5 റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ മാനസിക അരിഷ്ടതയുടെ ഫലമാണോ ശോഷിച്ച കൈ? തീർച്ചയായും അല്ല. അതുകൊണ്ടുതന്നെ, ഈ സൗഖ്യമാക്കൽ ഹിപ്നോട്ടിസത്തിന്റെ ഫലമായാണെന്നു പറയാനൊക്കില്ല. അതുകൊണ്ട്, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ യേശുവിനെ പ്രാപ്തനാക്കിയത് എന്തായിരുന്നു? പ്രൊഫസ്സർ സ്റ്റോഡിൻജർ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “പരിപൂർണമായും സാധുവായ നിയമങ്ങളില്ലെങ്കിൽ, അതേസമയം ദൈവത്തെ പൂർണമായും നിഷേധിക്കുന്നില്ലെങ്കിൽ, മനുഷ്യന്റേതിനെ വെല്ലുന്ന ശക്തിയുള്ള ദൈവത്തിന് അസാധാരണ സംഗതികൾ നിർവഹിക്കാൻ സാധിക്കുമെന്ന സാധ്യതയെ അടിസ്ഥാനപരമായി ഒരുവനു തള്ളിക്കളയാനാവില്ല.” അതേ, ‘ദൈവത്തിന്റെ ശക്തിയുടെ’ സഹായത്താൽ യേശു രോഗികളായിരുന്നവരെ വാസ്തവത്തിൽ സുഖപ്പെടുത്തി. അവന്റെ അത്ഭുതങ്ങളുടെ യാഥാർഥ്യത്തെ സംശയിക്കാൻ യാതൊരു കാരണവുമില്ല.—ലൂക്കോസ് 9:43, പി.ഒ.സി. ബൈബിൾ; മത്തായി 12:28.
ദി അമേരിക്കൻ പീപ്പിൾസ് എൻസൈക്ലോപീഡിയ പറയുന്നതുപോലെ, എല്ലാറ്റിലും വലിയ അത്ഭുതം—യേശുവിന്റെ ഉയിർപ്പ്—നടന്നെങ്കിൽ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റെല്ലാ അത്ഭുതങ്ങളും “സംഭവ്യതയുടെ മേഖലയിൽ വരുന്നു.” യേശു മരിച്ചവരിൽനിന്നു വാസ്തവത്തിൽ ഉയിർപ്പിക്കപ്പെട്ടുവോ?
യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സംശയം ന്യായീകരിക്കപ്പെടുന്നുണ്ടോ?
യേശുവിന്റെ പുനരുത്ഥാനത്തിന്റെ വിശ്വാസ്യതയെ പിന്താങ്ങുന്ന ഒരു ശക്തമായ സാഹചര്യ തെളിവ് എടുക്കുക—അവന്റെ ഒഴിഞ്ഞ കല്ലറ. യേശുവിന്റെ കല്ലറ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയെന്ന വസ്തുതയെ അവന്റെ സമകാലീനരും, എന്തിന് അവന്റെ എതിരാളികളുംപോലും സംശയിച്ചില്ല. (മത്തായി 28:11-15) കളവായിരുന്നെങ്കിൽ അത് എളുപ്പം കണ്ടുപിടിക്കുമായിരുന്നു! മുമ്പ് പ്രതിപാദിച്ച റഫറൻസ് പുസ്തകം ഉചിതമായി ഇങ്ങനെ ഉപസംഹരിക്കുന്നു: “അവൻ ഇവിടെ ഇല്ല; ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന ബൈബിൾപ്രസ്താവന ഒഴിച്ചാൽ, ഒഴിഞ്ഞ കല്ലറയ്ക്കു സാധുവായ യാതൊരു വിശദീകരണവും ഒരിക്കലും നൽകപ്പെട്ടിട്ടില്ല (മത്താ. 28:6).”
അവൻ പുനരുത്ഥാനം പ്രാപിച്ച മിശിഹായാണെന്ന് എല്ലായിടത്തും പ്രഘോഷിച്ചത് യേശുവിന്റെ ശിഷ്യന്മാർ മാത്രമായിരുന്നുവെന്നു പറഞ്ഞുകൊണ്ട് ചിലർ എതിർക്കുന്നുണ്ട്. അതു ശരിയാണ്. എന്നാൽ അവരുടെ സന്ദേശത്തിന്റെ വിശ്വാസ്യത, വിശേഷിച്ച് യേശുവിന്റെ മരണവും പുനരുത്ഥാനവുമെന്ന ചരിത്രവസ്തുതയിൽ ശക്തമായി അടിയുറച്ചതായിരുന്നില്ലേ? തീർച്ചയായും. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതിയപ്പോൾ അവൻ ഈ ബന്ധത്തെക്കുറിച്ചു ബോധവാനായിരുന്നു: “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. . . . ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസാക്ഷികൾ എന്നു വരും.”—1 കൊരിന്ത്യർ 15:14; യോഹന്നാൻ 19:35-ഉം 21:24-ഉം എബ്രായർ 2:3-ഉം താരതമ്യം ചെയ്യുക.
പ്രശസ്തരും യേശുവിന്റെ മരണശേഷമുള്ള അവന്റെ പ്രത്യക്ഷപ്പെടലിനു സാക്ഷ്യം വഹിക്കാനാവുമായിരുന്ന നന്നായി അറിയപ്പെട്ടിരുന്നവരുമായ അനേകമാളുകൾ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്നു. 12 അപ്പോസ്തലന്മാരും പൗലോസും വേറെ 500-ലധികം വരുന്ന ദൃക്സാക്ഷികളും അവരിൽപ്പെടുന്നവരാണ്.b (1 കൊരിന്ത്യർ 15:6) മാത്രമല്ല, അവിശ്വസ്ത അപ്പോസ്തലനായ യൂദാസിന്റെ സ്ഥാനത്തു വരാൻ മത്ഥിയാസിന് ചില യോഗ്യതകളിൽ എത്തേണ്ടിയിരുന്നതിന്റെ കാരണമെന്തെന്നും ഓർക്കുക. യേശുവിന്റെ പുനരുത്ഥാനത്തിനും അവനുമായി ബന്ധപ്പെട്ട ആദ്യകാല സംഭവങ്ങൾക്കും സാക്ഷ്യംനൽകാൻ മത്ഥിയാസിനു സാധിക്കുമായിരുന്നുവെന്നു പ്രവൃത്തികൾ 1:21-23 റിപ്പോർട്ടു ചെയ്യുന്നു. യേശുവിന്റെ ജീവിതവും പുനരുത്ഥാനവും വസ്തുതയല്ല, കെട്ടുകഥയായിരുന്നെങ്കിൽ, നിയമനത്തിനായുള്ള അത്തരമൊരു നിബന്ധന തീർച്ചയായും തീർത്തും നിരർഥകമായ ഒരു സംഗതിയാകുമായിരുന്നു.
യേശുവിന്റെ ജീവിതം, അത്ഭുതങ്ങൾ, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ചു സാക്ഷ്യപ്പെടുത്താൻ ഒന്നാം നൂറ്റാണ്ടിലെ അനേകം ദൃക്സാക്ഷികൾക്കു സാധിച്ചതുകൊണ്ട്, മേൽപ്പറഞ്ഞ തടസ്സങ്ങളുണ്ടായിരുന്നിട്ടും, റോമാസാമ്രാജ്യത്തിലുടനീളം ക്രിസ്ത്യാനിത്വം താരതമ്യേന വേഗത്തിൽ പ്രചരിച്ചു. പുനരുത്ഥാനവും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സത്യവും സകലയിടത്തും പ്രഖ്യാപിക്കുന്നതിനുവേണ്ടി അവന്റെ അനുഗാമികൾ പ്രയാസങ്ങളും പീഡനവും മരണംപോലും നേരിടാൻ മനസ്സുള്ളവരായിരുന്നു. ഏതു സത്യം? അവന്റെ പുനരുത്ഥാനം ദൈവത്തിന്റെ ശക്തിയാൽമാത്രം സാധ്യമായതാണ് എന്ന സത്യം. യഹോവയാം ദൈവം യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചതെന്തിനായിരുന്നു? ചരിത്രപുരുഷനായ യേശു ആരെന്നു പ്രകടമാക്കുന്നതാണ് ആ ചോദ്യത്തിനുള്ള ഉത്തരം.
പെന്തക്കോസ്ത് ദിവസം, യെരുശലേമിലെ അത്ഭുതസ്തബ്ധരായ യഹൂദന്മാരോട് അപ്പോസ്തലനായ പത്രോസ് നിർഭയം ഇങ്ങനെ പ്രഖ്യാപിച്ചു: “ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വല[ത്തു]ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നതു പകർന്നുതന്നു. ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു. ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃത്തികൾ 2:32-36) അതേ, നസ്രത്തിൽനിന്നുള്ള യേശുവിനെ യഹോവയാം ദൈവം “കർത്താവും ക്രിസ്തുവു”മാക്കി. ദൈവോദ്ദേശ്യത്തിന്റെ ഈ ഭാഗത്ത് അവനുള്ള കർത്തവ്യം സംബന്ധിച്ച സംശയങ്ങൾ ന്യായീകരിക്കപ്പെടുന്നുണ്ടോ?
യേശുവിന്റെ ഇപ്പോഴത്തെ കർത്തവ്യത്തെ എന്തുകൊണ്ടു സംശയിക്കണം?
യേശുവിന്റെ വ്യക്തിത്വവും കർത്തവ്യവും സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും എങ്ങനെ ദൂരീകരിക്കാനാവും? വ്യക്തമായും അവൻ ഒരു യഥാർഥ പ്രവാചകൻ ആയിരുന്നുവെന്ന വസ്തുതയാൽ അതു ദൂരീകരിക്കാവുന്നതാണ്. നാം ഇന്നു കാണുന്ന യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, കുറ്റകൃത്യം, സ്നേഹമില്ലായ്മ എന്നിവയെക്കുറിച്ചെല്ലാം അവൻ പ്രവചിച്ചിരുന്നു. കൂടുതലായി അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:3-14) യേശു ‘തന്റെ ശത്രുക്കളുടെ മദ്ധ്യേ’ അദൃശ്യമായി വാഴുന്ന പുനരുത്ഥാനം പ്രാപിച്ച ക്രിസ്തുവാണെന്നും അവൻ പെട്ടെന്നുതന്നെ ദൈവത്തിന്റെ പുതിയ ലോകത്തെ ആനയിക്കുമെന്നും ഈ പ്രവചനങ്ങളുടെ നിവൃത്തി തെളിയിക്കുന്നു.—സങ്കീർത്തനം 110:1, 2; ദാനീയേൽ 2:44; വെളിപ്പാടു 21:1-5.
അമാനുഷിക ജ്ഞാനമുള്ള ഒരു രക്ഷകനെ മനുഷ്യവർഗത്തിന് മുമ്പൊരിക്കലും ആവശ്യമായിരുന്നിട്ടില്ലാത്ത വിധം അടിയന്തിരമായി ആവശ്യമായിരിക്കുകയാണ്. മനുഷ്യവർഗത്തെ രക്ഷിക്കാൻ യോഗ്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവൻ യേശുവാണെന്നതിൽ നാം എന്തിനു സംശയിക്കണം? യേശുവിന്റെ വശ്യമായ അത്ഭുതങ്ങൾക്കും പുനരുത്ഥാനത്തിനും ദൃക്സാക്ഷിയായിരുന്ന യോഹന്നാൻ ഇങ്ങനെ പ്രഖ്യാപിച്ചു: “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.” (1 യോഹന്നാൻ 4:14; യോഹന്നാൻ 4:42 താരതമ്യം ചെയ്യുക.) യേശുവിന്റെ അസ്തിത്വം, അത്ഭുതങ്ങൾ, മരണം, പുനരുത്ഥാനം മുതലായവയെ സംശയിക്കാൻ നമുക്കു ന്യായമായ കാരണങ്ങൾ ഇല്ലാത്തതുപോലെ, യഹോവയാം ദൈവം അവനെ തന്റെ വലത്തുഭാഗത്തു നിയമപരമായ രാജാവ് എന്നനിലയിൽ സിംഹാസനസ്ഥനാക്കിയിരിക്കുന്നു എന്നു സംശയിക്കാനും നമുക്കു യാതൊരു കാരണവുമില്ല. നിസ്സംശയമായും, നസ്രത്തിൽനിന്നുള്ള യേശു ദൈവരാജ്യത്തിന്റെ രാജാവും “ലോകത്തിന്റെ രക്ഷകനു”മാകുന്നു.—മത്തായി 6:10.
[അടിക്കുറിപ്പുകൾ]
a യേശുവിനെക്കുറിച്ചു തൽമൂദിലുള്ള വിവാദപരമായ പരാമർശത്തെ ഏതാനും പണ്ഡിതന്മാർമാത്രമേ നിർവ്യാജമായി കരുതുന്നുള്ളു. എന്നാൽ അതേസമയം യേശുവിനെക്കുറിച്ചു റ്റാസിറ്റസും സ്യൂട്ടോണിയസും പ്ലിനി ദ യംഗറും നടത്തിയിരിക്കുന്ന പരാമർശങ്ങളും കൂടാതെ ചുരുങ്ങിയപക്ഷം ഫ്ളാവിയസ് ജോസീഫസിന്റെ ഒരു പരാമർശവും യേശുവിന്റെ ചരിത്രപരമായ അസ്തിത്വത്തിനുള്ള തെളിവായി പൊതുവേ അംഗീകരിക്കപ്പെടുന്നു.
b ഒരു സന്ദർഭത്തിൽ, പുനരുത്ഥാനം പ്രാപിച്ച യേശു തന്റെ ശിഷ്യന്മാരോടൊപ്പം മത്സ്യം ഭക്ഷിച്ചു. ചിലയാളുകൾ ഇന്ന് അവകാശപ്പെടുന്നതുപോലെ, യേശുവിന്റെ പ്രത്യക്ഷപ്പെടൽ കേവലമൊരൂ ദർശനമായിരുന്നില്ലെന്ന് ഇതു തെളിയിക്കുന്നു.—ലൂക്കൊസ് 24:36-43.