ദൂതന്മാരെ കുറിച്ചുള്ള സത്യം
ഒരാളുമായി പരിചയത്തിലാവുക എന്നു പറയുമ്പോൾ അയാളുടെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നതു മിക്കപ്പോഴും അതിൽ ഉൾപ്പെട്ടിരിക്കുന്നു. അതുതന്നെയാണു യഹോവയാം ദൈവത്തെക്കുറിച്ച് അറിയുന്നതിലും ഉൾപ്പെട്ടിരിക്കുന്നത്. വെറുതെ അവന്റെ പേര് അറിയുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. സ്വർഗത്തിലുള്ള അവന്റെ “കുടുംബ”ത്തെപ്പറ്റിയും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. (എഫെസ്യർ 3:14, 15 താരതമ്യം ചെയ്യുക.) ദൂതന്മാരെ ദൈവത്തിന്റെ “പുത്രന്മാർ” എന്നു ബൈബിൾ വിളിക്കുന്നു. (ഇയ്യോബ് 1:6) ബൈബിളിലെ അവരുടെ ശ്രദ്ധേയമായ പങ്കിനെപ്പറ്റി പരിചിന്തിക്കുമ്പോൾ ദൈവോദ്ദേശ്യത്തിൽ അവരുടെ സ്ഥാനമെന്തെന്നു മനസ്സിലാക്കുന്നതിനു നാം അവരെപ്പറ്റി അധികമറിയാൻ ആഗ്രഹിക്കണം.
ഒരു പുതിയ ഉപ-സംസ്കാരം വികാസംപ്രാപിച്ചു വരുകയാണ്. അനേകം ആളുകളും തങ്ങൾ ദൂതന്മാരിൽ വിശ്വസിക്കുന്നുണ്ടെന്നു പറയുക മാത്രമല്ല ചെയ്യുന്നത്; എന്തെങ്കിലുമൊരു വിധത്തിൽ ദൂതന്മാർ തങ്ങളുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നതായി അവകാശപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. “ദൂതന്മാരുടെ സാന്നിധ്യം നിങ്ങളുടെ ജീവിതത്തിൽ വ്യക്തിപരമായി നിങ്ങൾക്കെന്നെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?” എന്ന് 500 അമേരിക്കക്കാരോടു ചോദിച്ചപ്പോൾ ഉവ്വ് എന്ന് അതിൽ മൂന്നിലൊന്നോളം ഉത്തരം പറഞ്ഞു. ദൂതന്മാരിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും അതിശയിപ്പിക്കുന്നതാണ്—ഐക്യനാടുകളിൽ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പനുസരിച്ച് 76 ശതമാനം! ആളുകൾ ദൂതന്മാരിൽ തത്പരരാണ് എന്നു വ്യക്തമാണ്. എന്നാൽ ദൂതന്മാരെക്കുറിച്ചുള്ള ഇപ്പോഴത്തെ ധാരണ ബൈബിൾ സത്യവുമായി എങ്ങനെ നിരക്കുന്നു?
സാത്താന്റെ അവ്യക്തമായ പങ്ക്
ദൂതന്മാരെപ്പറ്റി പറയുമ്പോൾ, ദൈവത്തിനെതിരെ മത്സരിച്ച സ്വർഗീയ ജീവികളെന്നു ബൈബിൾ പറയുന്ന ദുഷ്ടദൂതന്മാരെ നാം വിസ്മരിക്കരുത്. ഇവരിൽ പ്രമുഖൻ സാത്താനാണ്. സാത്താൻ എന്നത്, നിരന്തരമായ പ്രലോഭനങ്ങളിലൂടെ തങ്ങളുടെ “ആത്മീയ പേശികൾ” ബലപ്പെടുത്താൻ മനുഷ്യരെ സഹായിക്കുന്ന “ദൈവത്തിന്റെ ഒരു സവിശേഷത” മാത്രമാണ് എന്നു നിങ്ങളുടെ ദൂതന്മാരോടു ചോദിക്കുവിൻ (ഇംഗ്ലീഷ്) എന്ന വിഖ്യാതമായ ഒരു പുസ്തകം അഭിപ്രായപ്പെടുന്നു. സാത്താന്റെ “സ്നേഹപുരസ്സരമായ ഉദ്ദേശ്യങ്ങൾ” ഗണ്യമാക്കാതെ നൂറ്റാണ്ടുകളായി അവൻ തിന്മയായി തെറ്റായി തിരിച്ചറിയപ്പെട്ടിരിക്കുകയാണെന്ന് എഴുത്തുകാർ പറയുന്നു. സാത്താനും യേശുവും “കൃത്യമായും പരസ്പര പൂരകങ്ങളല്ലെന്നുവരികിലും ചുരുങ്ങിയപക്ഷം അവർ ഒരേ പക്ഷത്താണ്, ഒരേ വ്യക്തിയുടെതന്നെ അവിഭാജ്യ ഘടകമാണ്” എന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഇതെല്ലാം അമ്പരപ്പിക്കുന്ന അവകാശവാദങ്ങളാണ്. എന്നാൽ ബൈബിൾ എന്താണു പറയുന്നത്?
സാത്താൻ “ദൈവത്തിന്റെ ഒരു സവിശേഷത” അല്ല മറിച്ച് ദൈവത്തിന്റെ ഒരു ശത്രു ആണെന്നു ബൈബിൾ പറയുന്നു. (ലൂക്കൊസ് 10:18, 19; റോമർ 16:20) അവൻ യഹോവയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു. മനുഷ്യരെ കുറിച്ചുള്ള അവന്റെ ഉദ്ദേശ്യങ്ങൾ തീർച്ചയായും “സ്നേഹപുരസ്സര”മല്ല. അവൻ ദൈവത്തിന്റെ ഭൗമിക സേവകർക്കെതിരെ തന്റെ കോപം നിർദാക്ഷിണ്യം അഴിച്ചുവിടുന്നു. അവൻ രാപകൽ അവരെ ദൈവമുമ്പാകെ കുറ്റപ്പെടുത്തുന്നു!a (വെളിപ്പാടു 12:10, 12, 15-17) എന്തു വിലകൊടുത്തും അവരെ ദുഷിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ സാത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. നീതിമാനായ ഇയ്യോബിന്റെമേൽ വരുത്തിയ അവന്റെ നിർദയമായ പീഡനം മാനുഷദുരിതത്തെപ്രതിയുള്ള അവന്റെ കഠോരമായ മനോഭാവത്തെ വെളിപ്പെടുത്തി.—ഇയ്യോബ് 1:13-19; 2:7, 8.
“ഒരേ പക്ഷത്താ”യിരിക്കുന്നതിനു പകരം സാത്താനും യേശുവും പൂർണ വൈരികളായി പരസ്പരം എതിർക്കുന്നു. എന്തിന്, കൊച്ചു കുട്ടിയായിരുന്ന യേശുവിനെ കൊല്ലാനുള്ള ശ്രമത്തിൽ ഒരു കൂട്ട ശിശുഹത്യക്കു കൽപ്പന പുറപ്പെടുവിക്കാൻ ഹെരോദാവിനെ പ്രേരിപ്പിച്ചതു സാത്താനായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല! (മത്തായി 2:16-18) കൂടാതെ സാത്താന്റെ നിർദയമായ ആക്രമണം യേശുവിന്റെ മരണംവരെ തുടരുകയുണ്ടായി. (ലൂക്കൊസ് 4:1-13; യോഹന്നാൻ 13:27) അങ്ങനെ, ഒരേ വ്യക്തിയുടെതന്നെ “അവിഭാജ്യ ഘടകമാ”യിരിക്കുന്നതിനു പകരം യേശുവും സാത്താനും തികഞ്ഞ വിരോധികളാണ്. അവരുടെ ശത്രുത്വം ഒഴിച്ചുകൂടാനാവാത്തതാണെന്നു ബൈബിൾ പ്രവചനം കാണിക്കുന്നു. (ഉല്പത്തി 3:15) ഉചിതമായിത്തന്നെ, ദൈവത്തിന്റെ തക്കസമയത്തു സാത്താനെ നശിപ്പിക്കാനിരിക്കുന്നതു പുനരുത്ഥാനം പ്രാപിച്ച യേശുവാണ്.—വെളിപ്പാടു 1:18; 20:1, 10.
പ്രാർഥനകൾ ആരോട്?
ദൂതന്മാരുമായി ആശയവിനിയമം നടത്തുന്നതിനു ദൂത പ്രസ്ഥാനത്തിന്റെ ചില വക്താക്കൾ ധ്യാനവും മറ്റുചില വിധങ്ങളും ശുപാർശ ചെയ്യുന്നു. “സ്വർഗീയ കുടുംബത്തിലുള്ള ഏതെങ്കിലും അംഗങ്ങളുമായി സമ്പർക്കപ്പെടുന്നതിനുള്ള ആത്മാർഥമായ ഒരു അപേക്ഷ കേൾക്കാതെ പോകില്ല” എന്ന് ഒരു പുസ്തകം പറയുന്നു. “ചോദിക്കുവിൻ നിങ്ങൾക്ക് ഉത്തരം ലഭിക്കും.” സമ്പർക്കം പുലർത്താൻ പറ്റിയവരിൽപ്പെടുന്നതായി മീഖായേൽ, ഗബ്രിയേൽ, ഉരിയേൽ, റഫായേൽ എന്നിവർ ശുപാർശചെയ്യപ്പെട്ടിരിക്കുന്നു.b
എന്നിരുന്നാലും, ദൈവത്തോടു പ്രാർഥിക്കാനാണ് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്, ദൂതന്മാരോടല്ല. (മത്തായി 6:9, 10) സമാനമായി, “എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കുകയത്രേ വേണ്ടത്” എന്നു പൗലോസ് എഴുതി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ഫിലിപ്പിയർ 4:6) തന്മൂലം, ക്രിസ്ത്യാനികൾ തങ്ങളുടെ പ്രാർഥനകളിൽ യഹോവയെ അല്ലാതെ മറ്റാരെയും സമീപിക്കുന്നില്ല. അവർ യേശുക്രിസ്തുവിന്റെ നാമത്തിൽ അപ്രകാരം ചെയ്യുന്നു.c—യോഹന്നാൻ 14:6, 13, 14.
മതവ്യത്യാസചിന്തയില്ലാത്ത ദൂതന്മാരോ?
ദൂത നിരീക്ഷണ ശൃംഖലയുടെ അധ്യക്ഷ, ഐലീൻ ഐലിയസ് ഫ്രീമാൻ പറയുന്നതനുസരിച്ച്, “ദൂതന്മാർ സകല മതത്തെയും സകല തത്ത്വശാസ്ത്രത്തെയും സകല വിശ്വാസപ്രമാണത്തെയും കവിയുന്നതാണ്. വാസ്തവത്തിൽ, നമുക്കറിയാവുന്നതുപോലെ, ദൂതന്മാർക്കു മതമില്ല.”
എന്നിരുന്നാലും, ബൈബിൾ ഈ സംഗതി വ്യക്തമാക്കുന്നു, വിശ്വസ്ത ദൂതന്മാർക്കു തീർച്ചയായും ഒരു മതമുണ്ട്; മറ്റു ദൈവങ്ങളിൽനിന്നുള്ള മത്സരം പൊറുക്കുകയില്ലാത്ത സത്യദൈവമായ യഹോവയെ അവർ ആരാധിക്കുന്നു. (ആവർത്തനപുസ്തകം 5:6, 7; വെളിപ്പാടു 7:11) അങ്ങനെ, അത്തരമൊരു ദൂതൻ ദൈവ കൽപ്പനകൾ അനുസരിക്കുന്ന “സഹഭൃത്യ”നായി യോഹന്നാന്റെ മുമ്പാകെ സ്വയം അവതരിപ്പിച്ചു. (വെളിപ്പാടു 19:10) വിശ്വസ്ത ദൂതന്മാർ മറ്റേതെങ്കിലും വിധത്തിലുള്ള ആരാധനാ രീതി ഉയർത്തിപ്പിടിക്കുന്നതായി നാം ബൈബിളിലെങ്ങും വായിക്കുന്നില്ല. അവർ യഹോവയ്ക്കു സമ്പൂർണ ഭക്തി നൽകുന്നു.—പുറപ്പാടു 20:4, 5.
‘ഭോഷ്കിന്റെ അപ്പൻ’
ദൂതന്മാരുമായുള്ള കൂടിക്കാഴ്ചകളെന്നു പറയപ്പെടുന്ന പലതിലും മരിച്ചവരുമായുള്ള ആശയവിനിയമം ഉൾപ്പെട്ടിരിക്കുന്നു. “എന്റെ അടുക്കൽ എത്തിച്ചേരുന്നതിനും താൻ ഒടുവിൽ സന്തോഷവാനായിരിക്കുന്നുവെന്ന് എന്നെ അറിയിക്കുന്നതിനും എന്റെ അമ്മാവൻ ഒരു മാർഗം കണ്ടെത്തിയതായി എനിക്കു തോന്നി” എന്ന് എലീസ എന്നു പേരുള്ള ഒരു സ്ത്രീ, ശകുനമെന്നു തനിക്കുതോന്നിയ ഒന്നു ലഭിച്ചശേഷം പറഞ്ഞു. മരിച്ചുപോയ ഒരു പ്രിയ സുഹൃത്തിനെപ്പറ്റി അതുപോലെ ടെറിയും ഓർക്കുന്നു. “ശവസംസ്കാരത്തിന് ഒരാഴ്ചയ്ക്കുശേഷം അദ്ദേഹം ഒരു സ്വപ്നത്തിലെന്നവണ്ണം എന്റെയടുക്കൽ വന്നു. തന്റെ വിയോഗത്തിൽ ദുഃഖിക്കരുത് കാരണം താൻ സന്തോഷവും സമാധാനവുമുള്ളവനാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു” എന്ന് അവർ പറയുന്നു.
എന്നാൽ ‘മരിച്ചവർ ഒന്നും അറിയുന്നില്ല’ എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (സഭാപ്രസംഗി 9:5) ഒരു വ്യക്തി മരിക്കുന്ന “അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു” എന്നും അതു പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സങ്കീർത്തനം 146:4) എന്നിരുന്നാലും, സാത്താൻ ‘ഭോഷ്കിന്റെ അപ്പൻ’ ആണ്. (യോഹന്നാൻ 8:44) മനുഷ്യദേഹി മരണത്തെ അതിജീവിക്കുമെന്ന നുണയ്ക്കു തുടക്കംകുറിച്ചത് അവനാണ്. (യെഹെസ്കേൽ 18:4 താരതമ്യം ചെയ്യുക.) ഇന്ന് അനേകരും അതു വിശ്വസിക്കുന്നുണ്ട്. അതു സാത്താന്റെ ഉദ്ദേശ്യവുമായി നിരക്കുന്നു. കാരണം അതു ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന പഠിപ്പിക്കലായ പുനരുത്ഥാനത്തിലുള്ള വിശ്വാസത്തെ നിരാകരിക്കുന്നു. (യോഹന്നാൻ 5:28, 29) അതുകൊണ്ട്, മരിച്ചവരെപ്പറ്റി അന്വേഷിക്കുന്നതോ അവരിൽനിന്നെന്നു തോന്നിക്കുന്ന സന്ദേശം കൈപ്പറ്റുന്നതോ ദൈവം അംഗീകരിക്കാത്ത ദൂത പ്രസ്ഥാനത്തിന്റെ മറ്റൊരു സവിശേഷതയാണ്.
സമീപിക്കുന്നതു ദൂതന്മാരെയോ ഭൂതങ്ങളെയോ?
ദൂത പ്രസ്ഥാനത്തിൽ അധികവും ഗൂഢവിദ്യയിൽ മുങ്ങിക്കുളിക്കുന്നു. മാർസ്യായുടെ അനുഭവം പരിചിന്തിക്കുക. “1986 സെപ്റ്റംബർമുതൽ ഡിസംബർവരെ എനിക്ക് ‘പ്രകൃത്യാതീത’ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. മായാരൂപങ്ങളും അവിശ്വസനീയമായ ‘പൂർവജന്മ’ സ്വപ്നങ്ങളും ഞാൻ കണ്ടു. മരിച്ചുപോയ സുഹൃത്തുക്കളുമായി ഞാൻ സമ്പർക്കം പുലർത്തി. ഞാൻ വെറുതെ കണ്ടുമുട്ടുകമാത്രം ചെയ്തിട്ടുള്ള ആളുകളെക്കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ മറ്റനേകം അതീന്ദ്രിയ അനുഭവങ്ങളും എനിക്കുണ്ടായി. സ്വതേ എഴുതുന്നതിനുള്ള വരദാനത്താലും അശരീരികളിൽനിന്നു വരുന്ന സന്ദേശങ്ങളാലും ഞാൻ അനുഗൃഹീതയായി. ഭൗമിക ജീവിതത്തിൽ ഞാൻ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവർ എന്നിലൂടെ മറ്റുള്ളവർക്കു സന്ദേശം പകരുമായിരുന്നു” എന്ന് അവൾ പറയുന്നു.
ദൂതന്മാരുമായി “ആശയവിനിയമം നടത്തുന്നതിനുള്ള” ഒരു മാർഗമായി ആത്മജ്ഞാനസിദ്ധി ഉപയോഗിക്കുന്നത് അസാധാരണമല്ല. മാന്തിക കല്ലുകൾ, ടാറോട്ട് കാർഡുകൾ, ഈ ജിൻ നാണയങ്ങൾ, ഹസ്തരേഖാശാസ്ത്രം, ജ്യോതിഷം എന്നിവ ഉപയോഗിക്കാൻ ഒരു കൃതി അതിന്റെ വായനക്കാരെ തുറന്നടിച്ചു പ്രോത്സാഹിപ്പിക്കുന്നു. “യഥാർഥ വെളിച്ചപ്പാടിന്റെ അടുത്തേക്കു നിങ്ങളെ നയിക്കാൻ നിങ്ങളുടെ അന്തരാത്മാവിനെ അനുവദിക്കുക, കൂടാതെ ഒരു ദൂതൻ അവിടെ നിങ്ങളെ സന്ധിക്കുമെന്നു വിശ്വസിക്കുക” എന്ന് അതിന്റെ എഴുത്തുകാർ എഴുതുന്നു.
എന്നിരുന്നാലും, ബൈബിൾ പറയുന്നതനുസരിച്ച്, ‘അവിടെ നിങ്ങളെ സന്ധിക്കുന്നത്’ എന്തുതന്നെയായാലും ദൈവദൂതന്മാരിലൊരുവനല്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആത്മജ്ഞാനസിദ്ധി തികച്ചും ദൈവവിരുദ്ധമാണ്. സത്യാരാധകർക്ക്—സ്വർഗത്തിലെയും ഭൂമിയിലെയും—അതുമായി യാതൊരു കാര്യവുമില്ല. എന്തിന്, ഇസ്രായേലിൽ ആത്മജ്ഞാനസിദ്ധി വധശിക്ഷാർഹമായ ഒരു കുറ്റമായിരുന്നു! “ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവക്കു വെറുപ്പു ആകുന്നു” എന്നു ന്യായപ്രമാണം പ്രസ്താവിച്ചു.—ആവർത്തനപുസ്തകം 13:1-5; 18:10-12.
‘വെളിച്ചദൂതൻ’
ആത്മജ്ഞാനസിദ്ധിയെ പ്രയോജനപ്രദമായത്, ദൂതപ്രഭാവംപോലുമുള്ളത് എന്നു തോന്നിക്കാൻ പിശാചിനു കഴിയുമെന്നതു നമ്മെ അതിശയിപ്പിക്കരുത്. സാത്താൻ “വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ” എന്നു ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 11:14) പൂർവലക്ഷണങ്ങൾ തട്ടിക്കൂട്ടി അവ വാസ്തവമാക്കിത്തീർക്കാൻ അവനു കഴിയും. അങ്ങനെ ശകുനം ദൈവത്തിൽനിന്നാണെന്നു തോന്നാൻ തക്കവണ്ണം പ്രേക്ഷകരെ വഞ്ചിക്കുന്നു. (മത്തായി 7:21-23-ഉം 2 തെസ്സലൊനീക്യർ 2:9-12-ഉം താരതമ്യം ചെയ്യുക.) സാത്താന്റെ സകല വേലകളും, അവ എത്രതന്നെ സദ്ഗുണപൂർണമോ ദോഷകരമോ ആയി തോന്നിച്ചാലും, രണ്ട് ഉദ്ദേശ്യങ്ങളിലൊന്നു നിവർത്തിക്കുന്നു: ആളുകളെ യഹോവയ്ക്കെതിരെ തിരിക്കുക അല്ലെങ്കിൽ ‘ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരി’ക്കത്തക്കവണ്ണം അവരുടെ മനസ്സു കുരുടാക്കുക. (2 കൊരിന്ത്യർ 4:3, 4) മിക്കപ്പോഴും വഞ്ചനയുടെ ഏറ്റവും ഫലപ്രദമായ രീതി അവസാനം പറഞ്ഞതാണ്.
ഒന്നാം നൂറ്റാണ്ടിലെ ഒരു അടിമപ്പെൺകുട്ടിയെപ്പറ്റിയുള്ള ബൈബിൾ വിവരണം പരിചിന്തിക്കുക. അവളുടെ ഭാവികഥനങ്ങൾ തന്റെ യജമാന്മാർക്കു വളരെയധികം നേട്ടം കൈവരുത്തി. “ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ” എന്നു പറഞ്ഞുകൊണ്ടു നാളുകളോളം അവൾ ശിഷ്യന്മാരെ പിന്തുടർന്നു. അവളുടെ വാക്കുകൾ സത്യമായിരുന്നു. എങ്കിലും, അവളെ ബാധിച്ചിരുന്നതു ദൂതനായിരുന്നില്ല മറിച്ച് അവൾ ‘വെളിച്ചപ്പാടത്തിയായി ലക്ഷണം പറയുന്നവൾ [“ആത്മജ്ഞാനസിദ്ധിയുള്ള ഒരു ഭൂതം,” NW]’ ആയിരുന്നുവെന്നു വിവരണം പറയുന്നു. ഒടുവിൽ പൗലോസ് “മുഷിഞ്ഞു തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോടു: അവളെവിട്ടു പോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കൽപ്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.”—പ്രവൃത്തികൾ 16:16-18.
പൗലോസ് ഈ ആത്മാവിനെ എന്തുകൊണ്ടാണു പുറത്താക്കിയത്? ഒന്നുമല്ലേലും അതു ഭൂതബാധിതയായ പെൺകുട്ടിയുടെ യജമാനന്മാർക്കു ധാരാളം വരുമാനം ഉണ്ടാക്കിക്കൊടുത്തതാണല്ലോ. ആ അടിമപ്പെൺകുട്ടി തന്റെ അമാനുഷ ശക്തികളുപയോഗിച്ചുകൊണ്ട്, കർഷകരോട് എപ്പോൾ നടണമെന്നും കന്യകമാരോട് എപ്പോൾ വിവാഹം കഴിക്കണമെന്നും ഖനിത്തൊഴിലാളികളോടു സ്വർണത്തിനുവേണ്ടി എവിടെ കുഴിക്കണമെന്നും പറഞ്ഞിരിക്കാൻ ഇടയുണ്ട്. എന്തിന്, ശിഷ്യന്മാരെ പരസ്യമായി പുകഴ്ത്തിക്കൊണ്ടു കുറച്ചു സത്യവചനങ്ങൾ സംസാരിക്കാൻപോലും ആ ആത്മാവു പെൺകുട്ടിയെ പ്രേരിപ്പിക്കുകയുണ്ടായി!
എന്നിരുന്നാലും അത് “ആത്മജ്ഞാനസിദ്ധിയുള്ള ഒരു ഭൂത”മായിരുന്നു. തന്മൂലം, യഹോവയെയും രക്ഷയ്ക്കായുള്ള അവന്റെ കരുതലിനെയും കുറിച്ചു പ്രഖ്യാപിക്കാൻ അതിനു യാതൊരു അധികാരവുമില്ലായിരുന്നു. ഒരുപക്ഷേ അടിമപ്പെൺകുട്ടിയുടെ ഭാവികഥനങ്ങൾക്കു വിശ്വാസ്യത നൽകുന്നതിനായി ഉരുവിട്ട അതിന്റെ ഉപചാരവാക്കുകൾ ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളിൽനിന്നു കാഴ്ചക്കാരുടെ ശ്രദ്ധയെ പതറിപ്പിച്ചിരിക്കാം. ‘നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാൻ പാടില്ല’ എന്നു പൗലോസ് കൊരിന്ത്യർക്കു മുന്നറിയിപ്പു നൽകിയതു നല്ല കാരണത്തോടെയാണ്. (1 കൊരിന്ത്യർ 10:21) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആത്മജ്ഞാനസിദ്ധിയുമായി ബന്ധപ്പെട്ട തങ്ങളുടെ പുസ്തകങ്ങളെല്ലാം നശിപ്പിച്ചതിൽ അതിശയിക്കാനില്ല.—പ്രവൃത്തികൾ 19:19.
‘ആകാശമധ്യേ പറക്കുന്ന ദൂതൻ’
നാം കണ്ടുകഴിഞ്ഞതുപോലെ, ഇന്നത്തെ ദൂത പ്രസ്ഥാനത്തിലധികവും ദൈവത്തിന്റെ പ്രതിയോഗിയായ പിശാചായ സാത്താനുമായി ബന്ധപ്പെട്ടിരിക്കുന്നതായി ബൈബിൾ തുറന്നുകാണിക്കുന്നു. മനുഷ്യരുടെ കാര്യങ്ങളിൽ വിശുദ്ധ ദൂതന്മാർ ഉൾപ്പെട്ടിരിക്കുന്നില്ലെന്ന് അത് അർഥമാക്കുന്നുണ്ടോ? നേരേമറിച്ച്, അവർ ഇപ്പോൾ ഭൂമിയിൽ ശക്തമായ ഒരു വേല നിവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതെന്താണ്? ഉത്തരത്തിനുവേണ്ടി നാം ബൈബിൾ പുസ്തകമായ വെളിപാടിൽ നോക്കണം. ദൂതന്മാരെപ്പറ്റി ബൈബിളിലെ മറ്റേതൊരു പുസ്തകങ്ങളിലെക്കാളും അധികം തവണ സൂചിപ്പിച്ചിരിക്കുന്നത് ഈ പുസ്തകത്തിലാണ്.
അപ്പോസ്തലനായ യോഹന്നാനു ലഭിച്ച പ്രാവചനിക ദർശനം രേഖപ്പെടുത്തിയിരിക്കുന്ന വെളിപ്പാടു 14:6, 7-ൽ നാം ഇങ്ങനെ വായിക്കുന്നു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു സുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.”
ദൂതന്മാരുടെ ഏറ്റവും മുഖ്യ വേലയെ ഈ തിരുവെഴുത്തു വിശേഷവത്കരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ചു സുവാർത്ത പ്രഖ്യാപിക്കുകയെന്ന അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന വേലയിൽ അവർ ഉൾപ്പെട്ടിരിക്കുന്നു. ഈ വേലയോടുള്ള ബന്ധത്തിലാണ് യേശു “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു തന്റെ ശിഷ്യന്മാർക്കു വാഗ്ദാനം നൽകിയത്. (മത്തായി 28:18-20) യേശു തന്റെ ശിഷ്യന്മാരോടൊപ്പം ഉണ്ടായിരിക്കുന്നതെങ്ങനെ? സ്മരണീയമായ ഈ വേല നിർവഹിക്കുന്നതിന് അവർക്കു ദൂതന്മാരുടെ സഹായം പ്രദാനംചെയ്യുകയാണ് ഒരു വിധം.
ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടു യഹോവയുടെ സാക്ഷികൾ വർഷംതോറും 100 കോടിയിലധികം മണിക്കൂർ ചെലവഴിക്കുന്നു. ഈ വേല നിർവഹിക്കുമ്പോൾ ദൂതന്മാരുടെ നടത്തിപ്പിന്റെ തെളിവുകൾ അവർ കണ്ടറിയുന്നു. ദൈവോദ്ദേശ്യങ്ങൾ മനസ്സിലാക്കുന്നതിന് ആരെങ്കിലും തങ്ങളെ സഹായിക്കണമെന്നു പ്രാർഥിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളുമായി വീടുതോറുമുള്ള ശുശ്രൂഷയ്ക്കിടയിൽ സാക്ഷികൾ സമ്പർക്കത്തിലേർപ്പെട്ട സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ദൂതന്മാരുടെ സഹായത്തോടൊപ്പം സാക്ഷികളുടെതന്നെയും മുൻകൈയെടുക്കൽ ഓരോ വർഷവും ആയിരക്കണക്കിനാളുകൾ യഹോവയെക്കുറിച്ച് അറിയുന്നതിൽ കലാശിച്ചിരിക്കുന്നു!
ആകാശമധ്യേ പറക്കുന്ന ദൂതനു നിങ്ങൾ ചെവി ചായ്ക്കുന്നുണ്ടോ? യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോൾ ഈ ദൂതസന്ദേശത്തെക്കുറിച്ച് അവരുമായി ചർച്ചചെയ്ത് കൂടുതൽ വിവരങ്ങൾ നേടരുതോ?
[അടിക്കുറിപ്പുകൾ]
a “സാത്താൻ,” “പിശാച്” എന്നീ വാക്കുകളുടെ അർഥം “എതിരാളി,” “ദൂഷകൻ” എന്നാണ്.
b മീഖായേലും ഗബ്രിയേലും ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ റഫായേൽ, ഉരിയേൽ എന്നിവർ ബൈബിൾ കാനോന്റെ ഭാഗമല്ലാത്ത ഉത്തരകാനോനിക ഗ്രന്ഥങ്ങളിലാണു കാണപ്പെടുന്നത്.
c പ്രാർഥന നടത്തുന്നത് യേശുവിൽ കൂടെയാണ് യേശുവിനോടല്ല എന്നതു ശ്രദ്ധിക്കുക. ദൈവത്തെ സമീപിക്കുന്നതിനു വഴി തുറന്നത് യേശുവിന്റെ ചൊരിയപ്പെട്ട രക്തമാണെന്നതിനാലാണ് യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത്.—എഫെസ്യർ 2:13-19; 3:12.
[8-ാം പേജിലെ ചതുരം]
ദൂതന്മാർ ആരാണ്?
അനേകരുടെയും ധാരണയ്ക്കു വിപരീതമായി, ദൂതന്മാർ മരിച്ച മനുഷ്യരെ വിട്ടുപോയിരിക്കുന്ന ദേഹികളല്ല. മരിച്ചവർ “ഒന്നും അറിയുന്നില്ല” എന്നു ബൈബിൾ വ്യക്തമായി പ്രതിപാദിക്കുന്നു. (സഭാപ്രസംഗി 9:5) അപ്പോൾപ്പിന്നെ ദൂതന്മാർ എവിടെനിന്നു വന്നു? ഭൂമിയെ സൃഷ്ടിക്കുന്നതിനുമുമ്പു ദൈവം അവരെ ഓരോരുത്തരെയും സൃഷ്ടിച്ചുവെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (ഇയ്യോബ് 38:4-7) ദൈവത്തിന്റെ സ്വർഗീയ കുടുംബത്തിന്റെ വലിപ്പം കോടിക്കണക്കിനാണെന്നുവരാം, ഒരുപക്ഷേ കോടിക്കണക്കിലധികംപോലും! കുറെ ദൂതന്മാർ സാത്താന്റെ മത്സരത്തിൽ അവനോടുകൂടെ ചേർന്നു.—ദാനീയേൽ 7:10; വെളിപ്പാടു 5:11; 12:7-9.
യഹോവ ക്രമത്തിന്റെ ദൈവമാകയാൽ ഈ വലിയ ദൂതകുടുംബം സംഘടിതമാണെന്നതിൽ അതിശയിക്കാനില്ല.—1 കൊരിന്ത്യർ 14:33.
• ശക്തിയിലും അധികാരത്തിലും ഏറ്റവും പ്രമുഖനായ ദൂതൻ പ്രധാനദൂതനായ, മീഖായേൽ എന്നും വിളിക്കപ്പെടുന്ന യേശുക്രിസ്തുവാണ്. (1 തെസ്സലൊനീക്യർ 4:16; യൂദാ 9) അവന്റെ അധികാരത്തിൻ കീഴിലാണു സാറാഫുകളും കെരൂബുകളും ദൂതന്മാരും.
• സാറാഫുകൾ ദൈവസിംഹാസനത്തിനു സമീപം നിൽക്കുന്നു. അവരുടെ നിയമനം ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചു പ്രഖ്യാപിക്കുകയും അവന്റെ ജനത്തെ ശുദ്ധരായി സൂക്ഷിക്കുകയുമാണെന്നതു വ്യക്തമാണ്.—യെശയ്യാവു 6:1-3, 6, 7.
• കെരൂബുകളും യഹോവയുടെ സന്നിധാനത്തിൽ കാണപ്പെടുന്നു. ദൈവത്തിന്റെ സിംഹാസന വാഹകർ അല്ലെങ്കിൽ അതിന്റെ അകമ്പടിക്കാർ എന്നനിലയിൽ അവർ യഹോവയുടെ ശ്രേഷ്ഠത്വത്തെ ഉയർത്തിപ്പിടിക്കുന്നു.—സങ്കീർത്തനം 80:1; 99:1; യെഹെസ്കേൽ 10:1, 2.
• ദൂതന്മാർ (“സന്ദേശവാഹകർ” എന്ന അർഥത്തിൽ) യഹോവയുടെ ഏജൻറുമാരും പ്രതിനിധികളുമാണ്. അവർ ദിവ്യഹിതം നിവർത്തിക്കുന്നു, അതിൽ ദൈവജനത്തിന്റെ വിടുതലോ ദുഷ്ടന്മാരുടെ ഉന്മൂലനാശമോ എന്തുതന്നെ ഉൾപ്പെട്ടാലും ശരി.—ഉല്പത്തി 19:1-26.
[7-ാം പേജിലെ ചിത്രം]
ആകാശമധ്യേ പറക്കുന്ന ദൂതനു നിങ്ങൾ ചെവി ചായ്ക്കുന്നുണ്ടോ?