‘മനസ്സു തകർന്ന’വർക്ക് ആശ്വാസം
“എല്ലാ ധാർമിക ബോധവും കെട്ടുപോയ” ഒന്നായിരിക്കുകയാണ് ഇന്നു സാത്താന്റെ ലോകം. (എഫേസ്യർ 4:19, NW; 1 യോഹന്നാൻ 5:19) വ്യഭിചാരവും പരസംഗവും നടമാടുന്നു. അനേകം രാജ്യങ്ങളിലും 50-ഓ അതിലധികമോ ശതമാനം വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിക്കുന്നു. സ്വവർഗസംഭോഗത്തിനു വ്യാപകമായ അംഗീകാരം. ലൈംഗിക അക്രമം—ബലാൽസംഗം—വാർത്തകളിലില്ലാതിരിക്കുന്നതു വിരളം. അശ്ലീലസാഹിത്യമാണെങ്കിലോ ശതകോടി ഡോളറിന്റെ ബിസിനസും.—റോമർ 1:26, 27.
ഏറ്റവും നിന്ദ്യമായ വികടത്തങ്ങളിലൊന്നാണു നിഷ്കളങ്കരായ കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം. സാത്താന്റെ ലോകത്തിന്റെ ജ്ഞാനത്തെപ്പോലെതന്നെ, കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം “മൃഗീയവും പൈശാചികവും” ആണ്. (യാക്കോബ് 3:15, NW) ഐക്യനാടുകളിൽ മാത്രം “അധ്യാപകരും ഡോക്ടർമാരും നടത്തിയ ലൈംഗിക അതിക്രമങ്ങളുടെ സ്ഥിരീകരിക്കാവുന്ന 4,00,000-ത്തിലധികം കേസുകൾ ഔദ്യോഗിക രേഖകളിലുണ്ട്” എന്നു ടൈം മാഗസിൻ പറയുന്നു. ഈ ദുഷ്പെരുമാറ്റത്തിന് ഇരയായവരിൽ അനേകർക്കും പ്രായമായാലും വേദനാകരമായ ആ മുറിവുകൾ ഉണങ്ങുന്നില്ല. ആ മുറിവുകൾ യഥാർഥമാണുതാനും! ബൈബിൾ പറയുന്നു: “പുരുഷന്റെ ധീരത [മാനസിക ചായ്വ്, ആന്തരിക വികാരങ്ങളും വിചാരങ്ങളും] അവന്റെ ദീനത്തെ സഹിക്കും; തകർന്ന [മുറിവേറ്റ, പീഡിത] മനസ്സിനെയോ ആർക്കു സഹിക്കാം?”—സദൃശവാക്യങ്ങൾ 18:14.
ദൈവരാജ്യ സുവാർത്ത “ഹൃദയം തകർന്ന”വരും “ദുഃഖിത”രും ഉൾപ്പെടെ സകലതരം ആളുകളെയും ആകർഷിക്കുന്നു. (യെശയ്യാവു 61:1-4) അപ്പോൾ, വൈകാരികമായി വേദനയിലായിരിക്കുന്ന അനേകരും “ദാഹിക്കുന്നവൻ വരട്ടെ, ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന ക്ഷണത്തോടു പ്രതികരിക്കുന്നതിൽ വിസ്മയിക്കാനില്ല. (വെളിപ്പാടു 22:17) ഇക്കൂട്ടർക്കു സാന്ത്വനമേകുന്ന ഒരിടമായിരിക്കാൻ ക്രിസ്തീയ സഭയ്ക്കു കഴിയും. ദുരിതങ്ങളെല്ലാം ഉടൻതന്നെ ഒരു കഴിഞ്ഞകാല സംഗതിയാവാൻ പോകുകയാണ് എന്ന് അവർ ആഹ്ലാദത്തോടെ മനസ്സിലാക്കുകയാണ്. (യെശയ്യാവു 65:17) എന്നിരുന്നാലും, ആ സമയംവരെ അവരെ ‘ആശ്വസിപ്പിക്കുകയും’ അവരുടെ മുറിവുകൾ ‘കെട്ടുകയും’ ചെയ്യേണ്ടയാവശ്യമുണ്ട്. പൗലോസ് ക്രിസ്ത്യാനികളെ ഇങ്ങനെ ഉചിതമായി ബുദ്ധ്യുപദേശിച്ചു: “ഉൾക്കരുത്തില്ലാവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.”—1 തെസ്സലൊനീക്യർ 5:14.
“അടിച്ചമർത്തപ്പെട്ട ഓർമകൾ”
സമീപ വർഷങ്ങളിൽ ചിലർ മറ്റുള്ളവർക്കു പിടികിട്ടാൻ പ്രയാസമായ കാരണങ്ങൾനിമിത്തം ‘ഹൃദയം തകർന്ന’വരായിത്തീർന്നിട്ടുണ്ട്. കുട്ടികളായിരുന്നപ്പോൾ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയായിട്ടുണ്ടെന്നു സമ്മതിക്കുന്ന പ്രായപൂർത്തി വന്നവരാണവർ. “അടിച്ചമർത്തപ്പെട്ട ഓർമകൾ” എന്നു വർണിക്കപ്പെടുന്ന അവസ്ഥാവിശേഷമാണ് അവർ അങ്ങനെ സമ്മതിക്കുന്നതിനുള്ള അടിസ്ഥാനം.a മുതിർന്ന ഒരാളിൽനിന്ന് (അല്ലെങ്കിൽ മുതിർന്നവരിൽനിന്ന്) കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന ലൈംഗിക ദുഷ്പെരുമാറ്റത്തെക്കുറിച്ചു ചിലർ ഓർക്കുന്നത് അതേക്കുറിച്ചുള്ള മുൻകാല മാനസിക ചിത്രങ്ങളും “ഓർമകളും” അപ്രതീക്ഷിതമായി മനസ്സിലൂടെ മിന്നിമറയുമ്പോൾ മാത്രമായിരിക്കാം. ക്രിസ്തീയ സഭയിലുള്ള ആർക്കെങ്കിലും അലോസരപ്പെടുത്തുന്ന അത്തരം തോന്നലുകൾ അനുഭവപ്പെടുന്നുണ്ടോ? ഏതാനും ചില രാജ്യങ്ങളിൽ ഉണ്ട്. സമർപ്പിതരായ ഇക്കൂട്ടർക്കു കഠിനമായ വലച്ചൽ, ദേഷ്യം, കുറ്റബോധം, ലജ്ജ, അല്ലെങ്കിൽ ഏകാന്തത എന്നിവയൊക്കെ അനുഭവപ്പെട്ടേക്കാം. ദാവീദിനെപ്പോലെ ദൈവത്തിൽനിന്ന് ഒറ്റപ്പെട്ടുവെന്ന തോന്നലോടെ അവർ ഇങ്ങനെ നിലവിളിച്ചേക്കാം: “യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതെന്തു?”—സങ്കീർത്തനം 10:1.
ഈ “ഓർമകളു”ടെ അനേകം വശങ്ങളും മാനസികാരോഗ്യ വിദഗ്ധർക്കു ശരിക്കും പിടികിട്ടുന്നില്ല. അത്തരം “ഓർമകൾ”ക്കു സമർപ്പിത ക്രിസ്ത്യാനികളുടെ ആത്മീയതയെ ബാധിക്കാനാവും. അതുകൊണ്ട്, അവ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശത്തിനുവേണ്ടി നാം ആത്മവിശ്വാസത്തോടെ ദൈവവചനത്തിലേക്കു തിരിയുന്നു. ബൈബിൾ “സകല സംഗതികളിലും വിവേകം” പ്രദാനംചെയ്യുന്നു. (2 തിമോത്തി 2:7, NW; 3:16) ‘മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായ, കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസിപ്പിക്കുന്നവനുമായ’ യഹോവയിൽ വിശ്വാസമർപ്പിക്കാനും അതു കഷ്ടപ്പെടുന്ന സകലരെയും സഹായിക്കുന്നു.—2 കൊരിന്ത്യർ 1:3, 4.
അതു വാസ്തവത്തിൽ സംഭവിച്ചുവോ?
ഈ “ഓർമകൾ” എന്താണെന്നതും വാസ്തവത്തിൽ സംഭവിച്ച സംഗതികളെ അവ എത്രത്തോളം പ്രതിനിധാനം ചെയ്യുന്നുവെന്നതും സംബന്ധിച്ചു ലോകത്തിൽ കാര്യമായ അഭിപ്രായ വ്യത്യാസമുണ്ട്. യഹോവയുടെ സാക്ഷികൾ “ലോകത്തിന്റെ ഭാഗമല്ല,” അതുകൊണ്ടുതന്നെ ഈ വിവാദത്തിൽ അവർ പങ്കുചേരുന്നുമില്ല. (യോഹന്നാൻ 17:16) പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, ഈ “ഓർമകൾ”ക്കു കൃത്യതയുള്ളതായി ചിലപ്പോഴൊക്കെ തെളിഞ്ഞിട്ടുണ്ട്. ഒരു ഇൻഷ്വറൻസ് ഉദ്യോഗസ്ഥനായ ഫ്രാങ്ക് ഫിറ്റ്സ്പാട്രിക്, തന്നെ ഒരു പുരോഹിതൻ ലൈംഗിക ദുഷ്പെരുമാറ്റത്തിനു വിധേയനാക്കിയത് “ഓർമി”ക്കാൻ തുടങ്ങിയതോടെ, അതേ പുരോഹിതൻ തങ്ങളെയും ദുഷ്പെരുമാറ്റത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ഏതാണ്ട് നൂറോളംപേരും അവകാശപ്പെടുകയുണ്ടായി. ദുഷ്പെരുമാറ്റം നടത്തിയെന്നു പുരോഹിതനും സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
എന്നിരുന്നാലും, പലർക്കും തങ്ങളുടെ “ഓർമകൾ”ക്കു സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നതു ശ്രദ്ധേയമാണ്. തങ്ങളെ ദുഷ്ടപെരുമാറ്റത്തിനു വിധേയമാക്കിയ ഒരു പ്രത്യേക വ്യക്തിയെയോ തങ്ങൾ ദുഷ്പെരുമാറ്റത്തിനു വിധേയമായ പ്രത്യേക സ്ഥലത്തെയോ കുറിച്ച് ഈ വിധം കഷ്ടപ്പെടുന്ന ചിലർക്കു വ്യക്തമായി ഓർമകിട്ടിയിട്ടുണ്ട്. എന്നാൽ പിന്നീട് അതിനു വിരുദ്ധമായുള്ള വിശ്വസനീയമായ തെളിവുകൾ ലഭിച്ചതോടെ “ഓർമിക്കപ്പെട്ട” വിശദാംശങ്ങൾ സത്യമല്ലെന്നു വ്യക്തമായി.
ഒരു സങ്കേതം പ്രദാനംചെയ്യൽ
എന്നാൽ, അത്തരം “ഓർമകൾ”നിമിത്തം ‘മനസ്സു തകർന്ന’വരെ എങ്ങനെ ആശ്വസിപ്പിക്കാനാവും? നല്ല അയൽക്കാരനായ ശമര്യക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ ഓർക്കുക. കള്ളന്മാരുടെ ആക്രമണത്തിൽ കൊള്ളയടിക്കപ്പെട്ട് പരിക്കേറ്റുകിടക്കുകയായിരുന്നു ഒരു മനുഷ്യൻ. അടുത്തെത്തിയ ശമര്യക്കാരനു മുറിവേറ്റ മനുഷ്യനോടു മനസ്സലിവു തോന്നി. അയാൾ എന്തു ചെയ്തു? പ്രഹരമേറ്റതു സംബന്ധിച്ചുള്ള സകല വിശദാംശങ്ങളും കേട്ടേതീരൂ എന്ന് അയാൾ ശഠിച്ചോ? അല്ലെങ്കിൽ, കൊള്ളക്കാരെ ഉടനടി പിന്തുടരുന്നതിനുവേണ്ടി അവരെക്കുറിച്ചുള്ള ഒരു വിവരണം പ്രസ്തുത ശമര്യക്കാരൻ തേടിയോ? ഇല്ല. ആ മനുഷ്യനു മുറിവേറ്റിരിക്കുകയാണ്! അതുകൊണ്ട്, ശമര്യക്കാരൻ അയാളുടെ മുറിവു മൃദുവായി വെച്ചുകെട്ടി, സുഖംപ്രാപിക്കുന്നതുവരെ താമസിക്കാൻ അയാളെ സ്നേഹപുരസ്സരം അടുത്തുള്ള ഒരു സത്രത്തിൽ സുരക്ഷിതമായി കൊണ്ടുചെന്നാക്കി.—ലൂക്കൊസ് 10:30-37.
ശാരീരിക മുറിവും കുട്ടിക്കാലത്തു വാസ്തവത്തിൽ നേരിട്ട ലൈംഗിക ദുഷ്പെരുമാറ്റംഹേതുവായി ‘മനസ്സു തകർന്ന’തും തമ്മിൽ വ്യത്യാസമുണ്ടെന്നതു സത്യംതന്നെ. എന്നാൽ രണ്ടും വലിയ ദുരിതത്തിനിടയാക്കുന്നതുതന്നെ. അതുകൊണ്ട്, അരിഷ്ടതയിലായിരിക്കുന്ന ഒരു ക്രിസ്ത്യാനിയുടെ കാര്യത്തിൽ എന്തു ചെയ്യാമെന്നു പ്രകടമാക്കുന്നതാണ് മുറിവേറ്റ യഹൂദനോടു ശമര്യക്കാരൻ ചെയ്ത പ്രവൃത്തി. സ്നേഹപുരസ്സരമായ ആശ്വാസം കൊടുക്കുന്നതിനും അയാളെ സുഖമാകാൻ സഹായിക്കുന്നതിനുമായിരിക്കണം ആദ്യ മുൻഗണന.
പിശാച് വിശ്വസ്തനായ ഇയ്യോബിനെ ഉപദ്രവിച്ചു. വൈകാരികമോ ശാരീരികമോ ആയ വേദന അവന്റെ നിർമലതയെ തകർക്കുമെന്ന ഉറപ്പു പിശാചിനുണ്ടായിരുന്നുവെന്നതു വ്യക്തമാണ്. (ഇയ്യോബ് 1:11; 2:5) അന്നുമുതൽ സാത്താൻ, നേരിട്ടു വരുത്തുന്നതായാലും അല്ലെങ്കിലും, ദൈവദാസരുടെ വിശ്വാസത്തെ ദുർബലമാക്കാൻ പലപ്പോഴും കഷ്ടപ്പാടുകളെ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. (2 കൊരിന്ത്യർ 12:7-9 താരതമ്യം ചെയ്യുക.) ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ദുർബലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുട്ടികളോടുള്ള ദുഷ്പെരുമാറ്റവും പ്രായപൂർത്തിയായ അനേകരുടെയും “തകർന്ന മനസ്സി”നെയും (അല്ലെങ്കിൽ അത് അനുഭവിച്ചതിന്റെ “ഓർമകളാ”ൽ കഷ്ടപ്പെടുന്നതിനെയും) ഇപ്പോൾ പിശാച് പ്രയോജനപ്പെടുത്തുന്നുണ്ടെന്നു നമുക്കു സംശയിക്കാമോ? വേദന അനുഭവിക്കുന്നെങ്കിലും തന്റെ നിർമലത കൈവെടിയാൻ ശക്തിയുക്തം വിസമ്മതിക്കുന്ന ഒരു ക്രിസ്ത്യാനി, ആക്രമണം നേരിട്ടപ്പോൾ യേശു പറഞ്ഞതുപോലെ പറയും: ‘സാത്താനേ, എന്നെ വിട്ടുപോ!’—മത്തായി 4:10.
ആത്മീയമായി ശക്തരായി നിലകൊള്ളുക
കുട്ടിക്കാലത്തു ലഭിച്ച ദുഷ്പെരുമാറ്റത്തിന്റെ ഫലമായുണ്ടായ ആത്മീയവും വൈകാരികവുമായ മുറിവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രസിദ്ധീകരിച്ചിട്ടുണ്ട്. (മത്തായി 24:45-47, NW) “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു”കൊണ്ട് “കർത്താവിലും അവന്റെ അമിത ബലത്തി”ലും ആശ്രയിക്കാൻ സാധിക്കുന്നെങ്കിലേ കഷ്ടമനുഭവിക്കുന്നവൻ സഹായിക്കപ്പെടുന്നുള്ളു എന്ന് അനുഭവം പ്രകടമാക്കുന്നു. (എഫെസ്യർ 6:10-17) സാത്താനെ ആത്യന്തിക ശത്രുവായി തുറന്നുകാട്ടുകയും സാത്താനും അവന്റെ സിൽബന്തികളും പ്രവർത്തിക്കുന്ന അന്ധകാരത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ബൈബിൾ “സത്യം” ഉൾപ്പെടുന്നതാണ് ഈ ആയുധവർഗം. (യോഹന്നാൻ 3:19) അടുത്തതായി, “നീതി എന്ന കവച”വുമുണ്ട്. കഷ്ടം അനുഭവിക്കുന്നയാൾ നീതിനിഷ്ഠമായ നിലവാരങ്ങളോടു പറ്റിനിൽക്കാൻ പരിശ്രമിക്കണം. ഉദാഹരണത്തിന്, തങ്ങൾക്കുതന്നെ ദ്രോഹം വരുത്തുന്നതിനോ അധാർമികതയിൽ ഏർപ്പെടുന്നതിനോ ശക്തമായ പ്രചോദനമുള്ളവരാണു ചിലർ. ഈ പ്രചോദനങ്ങളെ ചെറുത്തുനിൽക്കുന്ന ഓരോ തവണയും അവർ ജേതാക്കളാകുന്നു!
ആത്മീയ ആയുധവർഗത്തിൽ “സമാധാനസുവിശേഷ”വും ഉൾപ്പെടുന്നു. യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നതു പറയുന്നയാളെയും കേൾക്കുന്നയാളെയും ബലപ്പെടുത്തുന്നു. (1 തിമൊഥെയൊസ് 4:16) നിങ്ങൾ ‘മനസ്സു തകർന്ന’വനാണെങ്കിൽ, അതുകൊണ്ടുതന്നെ സുവാർത്തയെക്കുറിച്ചു സംസാരിക്കാൻ പ്രയാസമാണെങ്കിൽ, മറ്റൊരു ക്രിസ്ത്യാനി ഈ ജീവത്പ്രധാന വേലയിലേർപ്പെടുമ്പോൾ അയാളുടെയോ അവളുടെയോ കൂടെപ്പോകുവാൻ ശ്രമിക്കുക. “വിശ്വാസം എന്ന പരിച”യുടെ കാര്യം വിസ്മരിക്കരുത്. യഹോവ നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങൾക്കു നഷ്ടപ്പെട്ടതെല്ലാം അവൻ വീണ്ടെടുത്തുതരുമെന്നുമുള്ള വിശ്വാസമുണ്ടായിരിക്കുക. യേശുവും നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിസ്സംശയം വിശ്വസിക്കുക. നിങ്ങൾക്കുവേണ്ടി മരിച്ചുകൊണ്ട് അവൻ അതു തെളിയിച്ചിട്ടുള്ളതാണ്. (യോഹന്നാൻ 3:16) തന്റെ ദാസന്മാരുടെ കാര്യത്തിൽ ശ്രദ്ധയുള്ളവനല്ല യഹോവ എന്നു സാത്താൻ എല്ലായ്പോഴും വ്യാജേന അവകാശവാദം ചെയ്തിട്ടുണ്ട്. അത് അവന്റെ കുത്സിതവും കൊടുംപകനിറഞ്ഞതുമായ നുണകളിൽ ഒന്നുമാത്രം.—യോഹന്നാൻ 8:44; ഇയ്യോബ് 4:1, 15-18-ഉം 42:10-15-ഉം താരതമ്യം ചെയ്യുക.
യഹോവ നിങ്ങളിൽ തത്പരനാണെന്നു വിശ്വസിക്കാൻ ഹൃദയവേദന നിമിത്തം പ്രയാസമായിരിക്കുന്നെങ്കിൽ, അവൻ നമ്മിൽ തത്പരനാണെന്നു ഉറച്ചുവിശ്വസിക്കുന്ന മറ്റുള്ളവരുമായി സഹവസിക്കുന്നതു സഹായിക്കും. (സങ്കീർത്തനം 119:107, 111; സദൃശവാക്യങ്ങൾ 18:1; എബ്രായർ 10:23-25) ജീവന്റെ പ്രതിഫലം നിങ്ങളിൽനിന്നു തട്ടിയെടുക്കാൻ സാത്താനെ അനുവദിക്കരുത്. “രക്ഷ എന്ന ശിരസ്ത്രവും” “ആത്മാവിന്റെ വാളും” ആയുധവർഗത്തിന്റെ ഭാഗമാണെന്ന് ഓർക്കുക. ബൈബിൾ പരിശുദ്ധാത്മാവിനാൽ നിശ്വസ്തമാണ്. അതിനെ പരാജയപ്പെടുത്താൻ സാത്താനാവില്ല. (2 തിമൊഥെയൊസ് 3:16; എബ്രായർ 4:12) വൈകാരിക വേദനയ്ക്ക് ആശ്വാസമേകാൻ അതിന്റെ സൗഖ്യവചനങ്ങൾക്കു സാധിക്കും.—സങ്കീർത്തനം 107:20; 2 കൊരിന്ത്യർ 10:4, 5 എന്നിവ താരതമ്യം ചെയ്യുക.
അവസാനമായി, സഹിച്ചുനിൽക്കുന്നതിനുള്ള ശക്തിക്കുവേണ്ടി നിരന്തരം പ്രാർഥിക്കുക. (റോമർ 12:12; എഫെസ്യർ 6:18) കടുത്ത വൈകാരിക വ്യഥയിലായിരുന്നപ്പോൾ ഉള്ളുതുറന്നുള്ള പ്രാർഥനയായിരുന്നു യേശുവിനെ താങ്ങിനിർത്തിയത്. അതിനു നിങ്ങളെയും സഹായിക്കാൻ സാധിക്കും. (ലൂക്കൊസ് 22:41-43) നിങ്ങൾക്കു പ്രാർഥിക്കാൻ പ്രയാസമുണ്ടോ? നിങ്ങളോടൊപ്പവും നിങ്ങൾക്കുവേണ്ടിയും പ്രാർഥിക്കാൻ മറ്റുള്ളവരോട് അഭ്യർഥിക്കുക. (കൊലൊസ്സ്യർ 1:3; യാക്കോബ് 5:14) പരിശുദ്ധാത്മാവു നിങ്ങളുടെ പ്രാർഥനയെ പിന്തുണയ്ക്കും. (റോമർ 8:26, 27 താരതമ്യം ചെയ്യുക.) വേദനാകരമായ ശാരീരിക രോഗത്തിന്റെ കാര്യത്തിലെന്നപോലെ, ആഴമായ വൈകാരിക മുറിവുകളുള്ള ചിലർക്ക് ഈ വ്യവസ്ഥിതിയിൽ പരിപൂർണ സൗഖ്യം ലഭിക്കില്ലായിരിക്കും. എന്നാൽ യഹോവയുടെ സഹായത്താൽ നമുക്കു സഹിച്ചുനിൽക്കാനാവും. യേശുവിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, സഹിഷ്ണുത വിജയമാണ്. (യോഹന്നാൻ 16:33) “ജനമേ, എല്ലാകാലത്തും [യഹോവയിൽ] ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.”—സങ്കീർത്തനം 62:8.
ദുഷ്പെരുമാറ്റം നടത്തിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ കാര്യമോ?
ഒരു കുട്ടിയോടു ലൈംഗികമായ ദുഷ്പെരുമാറ്റം നടത്തുന്ന വ്യക്തി ഒരു ബലാൽസംഗക്കാരനാണ്, അതുകൊണ്ട് അങ്ങനെതന്നെ അയാളെ വീക്ഷിക്കണം. ഈവിധം ദുഷ്പെരുമാറ്റത്തിന് ഇരയായ വ്യക്തിക്കു ദുഷ്പെരുമാറ്റം ചെയ്തയാളിനെതിരെ പരാതിപ്പെടാനുള്ള അവകാശമുണ്ട്. എന്നിരുന്നാലും, ദുഷ്പെരുമാറ്റം സംബന്ധിച്ച “അടിച്ചമർത്തപ്പെട്ട ഓർമകൾ”മാത്രമാണ് അടിസ്ഥാനമെങ്കിൽ എടുപിടീന്നു കുറ്റാരോപണം നടത്തരുത്. ഇക്കാര്യത്തിൽ, ഉപദ്രവം സഹിക്കേണ്ടിവന്നയാളെ സംബന്ധിച്ചിടത്തോളം ഒരളവോളമുള്ള വൈകാരിക സ്ഥിരത കൈവരിക്കുകയാണ് ഏറ്റവും പ്രധാന സംഗതി. കുറച്ചു കാലം കഴിഞ്ഞശേഷം, അയാൾക്ക് “ഓർമകളെ” മെച്ചമായി അപഗ്രഥിച്ചു നിർണയം ചെയ്യാനും അതിൽ കഴമ്പുണ്ടെങ്കിൽ, താൻ അതുസംബന്ധിച്ച് എന്തു ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നു തീരുമാനമെടുക്കാനും കഴിഞ്ഞേക്കും.
ഡോനയുടെ കാര്യം പരിചിന്തിക്കുക. റിപ്പോർട്ടു പറയുന്നപ്രകാരം, ഭക്ഷണസംബന്ധമായ ക്രമക്കേടുകൾ ഉണ്ടായിരുന്ന അവൾ ഒരു ഉപദേഷ്ടാവിന്റെ അടുക്കൽ പോയി. അയാളുടെ കഴിവു സംശയാസ്പദമായിരുന്നുവെന്നു സ്പഷ്ടം. തുടർന്ന് അവൾ ഉടനടി അവളുടെ പിതാവിനെതിരെ ലൈംഗിക പീഡനകുറ്റം ചുമത്തി അദ്ദേഹത്തെ കോടതി കയറ്റി. എന്നാൽ ജഡ്ജിമാർക്ക് ഒരു തീരുമാനത്തിലെത്താനായില്ല. അതിനാൽ പിതാവിനു തടവിൽ പോകേണ്ടിവന്നില്ല. പക്ഷേ കോടതിച്ചെലവായി അദ്ദേഹത്തിന് 1 ലക്ഷം ഡോളർ നഷ്ടമായി. എന്നാൽ ഇതൊക്കെ കഴിഞ്ഞപ്പോൾ ഡോന മാതാപിതാക്കളോടു പറഞ്ഞു, അങ്ങനെ ഒരു ദുഷ്പെരുമാറ്റം നടന്നതായി താൻ വിശ്വസിക്കുന്നേയില്ല എന്ന്!
ശലോമോൻ ഇങ്ങനെ പറഞ്ഞിരിക്കുന്നതു ജ്ഞാനപൂർവംതന്നെ: “ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു.” (സദൃശവാക്യങ്ങൾ 25:8) കുറ്റക്കാരനെന്നു പറയപ്പെടുന്നയാൾ ഇപ്പോഴും കുട്ടിയോടു ദുഷ്പെരുമാറ്റം നടത്തുന്നുണ്ടെന്നു സംശയിക്കാൻ ഏതെങ്കിലും സാധുവായ കാരണമുണ്ടെങ്കിൽ, ഒരു മുന്നറിയിപ്പു കൊടുക്കാവുന്നതാണ്. അതു ചെയ്യാൻ സഭാമൂപ്പന്മാർക്കു സഹായിക്കാൻ സാധിക്കും. അല്ലായെങ്കിൽ ധൃതികൂട്ടാതെ നോക്കണം. അവസാനം, നിങ്ങൾക്കുതന്നേ തോന്നും, വിട്ടുകളഞ്ഞേക്കാമെന്ന്. ഇനി, (സാധ്യതയുള്ള പ്രത്യാഘാതങ്ങൾ നിങ്ങൾക്കെങ്ങനെ അനുഭവപ്പെടുമെന്നെല്ലാം ആദ്യംതന്നെ വിലയിരുത്തിയശേഷം) കുറ്റക്കാരനെന്നു പറയപ്പെടുന്നയാളെ നേരിടാനാണു നിങ്ങളുടെ ഭാവമെങ്കിൽ, അപ്രകാരം ചെയ്യാനുള്ള അവകാശം നിങ്ങൾക്കുണ്ട്.
“ഓർമകൾ” അനുഭവപ്പെടുന്ന ഒരാൾ സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, വല്ലാത്ത സ്ഥിതിവിശേഷങ്ങൾ ഉടലെടുത്തേക്കാം. ഉദാഹരണത്തിന്, താൻ നിത്യേന കണ്ടുമുട്ടുന്ന ആരെങ്കിലും ഒരാൾ തന്നെ ലൈംഗികപീഡനത്തിനു വിധേയമാക്കുന്നതായുള്ള വ്യക്തമായ ചിത്രങ്ങൾ ഒരു വ്യക്തിയുടെ മനസ്സിൽ എത്തുന്നുണ്ടാവാം. ഇതു കൈകാര്യം ചെയ്യാൻ ഒരു നിയമവും ഉണ്ടാക്കാനാവില്ല. “ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ.” (ഗലാത്തിയാ 6:5, പി.ഒ.സി. ബൈബിൾ) പ്രശ്നം അനുഭവപ്പെടുന്നത് ഒരു ബന്ധുവിൽനിന്നോ തൊട്ടടുത്ത ഒരു കുടുംബാംഗത്തിൽനിന്നോ ആണെന്നു ചിലപ്പോൾ ഒരാൾക്കു തോന്നിയേക്കാം. കുറ്റക്കാരനെന്നു സംശയിക്കുന്നയാളെ തിരിച്ചറിയുന്ന കാര്യം വരുമ്പോൾ, ചില “അടിച്ചമർത്തപ്പെട്ട ഓർമകൾ”ക്ക് ആശ്രയയോഗ്യമല്ലാത്ത സ്വഭാവവിശേഷമുണ്ടെന്ന് ഓർക്കുക. അത്തരം സന്ദർഭത്തിൽ, സംഗതി ഉറപ്പായി സ്ഥിരീകരിക്കാത്തിടത്തോളംകാലം, ചുരുങ്ങിയപക്ഷം വല്ലപ്പോഴുമുള്ള സന്ദർശനങ്ങളാലോ എഴുത്തിനാലോ, അല്ലെങ്കിൽ ഫോൺചെയ്തോ കുടുംബവുമായുള്ള സമ്പർക്കം നിലനിർത്തുക. അങ്ങനെ തിരുവെഴുത്തുപരമായ ഒരു ഗതി പിൻപറ്റാൻ അയാൾ ശ്രമിക്കുന്നുവെന്ന് അതു പ്രകടമാക്കും.—എഫെസ്യർ 6:1-3 താരതമ്യം ചെയ്യുക.
മൂപ്പന്മാർക്ക് എന്തു ചെയ്യാൻ കഴിയും?
കുട്ടിക്കാലത്തു നേരിട്ട ലൈംഗിക ദുഷ്പെരുമാറ്റത്തെക്കുറിച്ചുള്ള മാനസികചിത്രങ്ങളോ “അടിച്ചമർത്തപ്പെട്ട ഓർമകളോ” ലഭിക്കുന്ന ഒരു സഭാംഗം മൂപ്പന്മാരെ സമീപിക്കുകയാണെങ്കിൽ, സാധാരണമായി രണ്ടു മൂപ്പന്മാരെ സഹായത്തിന് ഏർപ്പാടു ചെയ്യുന്നു. അതിനിടയിൽ ഈ മൂപ്പന്മാർ കഷ്ടപ്പെടുന്നയാളെ ദയാപുരസ്സരം പ്രോത്സാഹിപ്പിക്കേണ്ടതു വൈകാരികാസ്വാസ്ഥ്യം വിജയകരമായി നേരിടുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരിക്കണം. “ഓർമയിലെ” ദുഷ്പെരുമാറ്റക്കാരന്റെ പേർ കർശനമായും രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
മൂപ്പന്മാരുടെ പ്രാഥമിക ധർമം ഇടയന്മാർ എന്നനിലയിൽ പ്രവർത്തിക്കലാണ്. (യെശയ്യാവു 32:1, 2; 1 പത്രൊസ് 5:2, 3) “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിക്കാ”ൻ അവർ വിശേഷാൽ ശ്രദ്ധയുള്ളവരായിരിക്കേണം. (കൊലൊസ്സ്യർ 3:12) അവർ ദയാപുരസ്സരമായ ഒരു വിധത്തിൽ ശ്രദ്ധിക്കട്ടെ, എന്നിട്ടാവാം തിരുവെഴുത്തുകളിൽനിന്നുള്ള സൗഖ്യവാക്കുകളുടെ ബാധകമാക്കൽ. (സദൃശവാക്യങ്ങൾ 12:18) വേദനാകരമായ “ഓർമകളാ”ൽ കഷ്ടപ്പെടുന്ന ചിലർ തങ്ങൾ എങ്ങനെ കഴിഞ്ഞുപോകുന്നുവെന്ന് അറിയാൻ മൂപ്പന്മാർ നിരന്തരം സന്ദർശിക്കുകയോ ഫോൺ വിളിക്കുകയോ ചെയ്തതിനു നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം സമ്പർക്കങ്ങൾക്കൊന്നും വളരെയധികം സമയമെടുക്കണമെന്നില്ല. എന്നാൽ ഇത്തരം സംഗതിയിലൊക്കെ യഹോവയുടെ സ്ഥാപനം ശ്രദ്ധചെലുത്തുന്നു എന്ന് അതു പ്രകടമാക്കും. ക്രിസ്തീയ സഹോദരങ്ങൾ തന്നെ സത്യമായും സ്നേഹിക്കുന്നുവെന്നു കഷ്ടപ്പെടുന്നയാൾ തിരിച്ചറിയുമ്പോൾ, ഒരു ഗണ്യമായ അളവോളം വൈകാരിക സമനില വീണ്ടെടുക്കാൻ അയാൾ സഹായിക്കപ്പെട്ടേക്കാം.
കഷ്ടപ്പെടുന്നയാൾ ഒരു കുറ്റാരോപണം നടത്താൻ തീരുമാനിക്കുന്നെങ്കിലോ?b സംഗതി സംബന്ധിച്ചു കുറ്റമാരോപിക്കപ്പെടുന്നയാളെ അയാൾ വ്യക്തിപരമായി സമീപിക്കണമെന്നു മത്തായി 18:15-ലെ തത്ത്വത്തിനു ചേർച്ചയിൽ, രണ്ടു മൂപ്പന്മാർക്ക് അയാളെ ഉപദേശിക്കാവുന്നതാണ്. ഇതു നേരിട്ടറിയിക്കാൻ കുറ്റാരോപകനു വൈകാരികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ, അതു ഫോണിലൂടെയോ, ഒരുപക്ഷേ ഒരു എഴുത്ത് എഴുതിക്കൊണ്ടോ ചെയ്യാവുന്നതാണ്. ആരോപണത്തിനു മറുപടി നൽകിക്കൊണ്ട് യഹോവയുടെ മുമ്പാകെ ഒരു രേഖയുണ്ടാക്കാൻ കുറ്റമാരോപിക്കപ്പെടുന്നയാൾക്ക് അത് അവസരമൊരുക്കുന്നു. താൻ ദുഷ്പെരുമാറ്റം നടത്തിയിട്ടില്ലെന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ അയാൾക്കു കഴിഞ്ഞേക്കും. അല്ലെങ്കിൽ ഒരുപക്ഷേ കുറ്റമാരോപിക്കപ്പെട്ടയാൾ കുറ്റം സമ്മതിച്ചേക്കാം; അങ്ങനെ അനുരഞ്ജനം സാധ്യമാകുകയും ചെയ്തേക്കാം. അത് എന്തൊരു അനുഗ്രഹമായിരിക്കും! ഒരു കുറ്റസമ്മതം നടത്തിക്കഴിഞ്ഞാൽ, പിന്നെ മൂപ്പന്മാർക്കു തിരുവെഴുത്തു തത്ത്വങ്ങളോടുള്ള യോജിപ്പിൽ ശേഷംകാര്യങ്ങൾ കൈകാര്യം ചെയ്യാവുന്നതാണ്.
ആരോപണം നിഷേധിക്കുന്നുവെങ്കിൽ, നീതിന്യായപരമായ വിധത്തിൽ ഇതിൽക്കൂടുതലൊന്നും ചെയ്യാനാവില്ലെന്ന് ആരോപണം ഉന്നയിച്ചയാളോടു മൂപ്പന്മാർ പറയണം. സഭ കുറ്റാരോപിതനെ നിഷ്കളങ്കനായിത്തന്നെ തുടർന്നും വീക്ഷിക്കുന്നതായിരിക്കും. നീതിന്യായ നടപടി എടുക്കുന്നതിനുമുമ്പായി രണ്ടോ മൂന്നോ സാക്ഷികൾ ആവശ്യമാണെന്നു ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 13:1; 1 തിമൊഥെയൊസ് 5:19) ഒരേ വ്യക്തിയാലുള്ള ദുഷ്പെരുമാറ്റത്തെക്കുറിച്ച് ഒന്നിൽക്കൂടുതൽ പേർ “ഓർക്കുന്നു”വെങ്കിൽത്തന്നെയും, അതിനെ പിന്തുണയ്ക്കുന്ന മറ്റു തെളിവുകളില്ലെങ്കിൽ നീതിന്യായ തീരുമാനങ്ങൾ കൈക്കൊള്ളാനാവില്ല. കാരണം അത്തരം ഓർമകളുടെ സ്വഭാവവിശേഷമാണ് അനിശ്ചിതത്വം. എന്നുവെച്ച് അത്തരം “ഓർമകളെ”ല്ലാം വ്യാജമാണെന്നോ (അല്ലെങ്കിൽ അതെല്ലാം സത്യമാണെന്നോ) ഇതിനർഥമില്ല. എന്നാൽ ഒരു സംഗതി നീതിന്യായപരമായി സ്ഥാപിക്കണമെങ്കിൽ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റിയേ തീരൂ.
കുറ്റം നിഷേധിക്കുന്നെങ്കിലും, കുറ്റാരോപിതൻ വാസ്തവത്തിൽ കുറ്റക്കാരനാണെങ്കിലോ? അയാൾ ശിക്ഷയിൽനിന്ന് ഒഴിവാകുമോ? തീർച്ചയായുമില്ല! അയാൾ കുറ്റക്കാരനോ നിർദോഷിയോ എന്ന പ്രശ്നം സുരക്ഷിതമായി യഹോവക്കു വിടുക. “ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിന്നു മുമ്പെതന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.” (1 തിമൊഥെയൊസ് 5:24; റോമർ 12:19; 14:12) സദൃശവാക്യങ്ങൾ എന്ന പുസ്തകം പറയുന്നു: “നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.” “ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു.” (സദൃശവാക്യങ്ങൾ 10:28; 11:7) ആത്യന്തികമായി, നീതിയിൽ നിത്യന്യായവിധി കൽപ്പിക്കുന്നതു യഹോവയാം ദൈവവും യേശുക്രിസ്തുവുമാണ്.—1 കൊരിന്ത്യർ 4:5.
പിശാചിനോടു ചെറുത്തുനിൽക്കൽ
സമർപ്പിതരായ വ്യക്തികൾ ശാരീരികമോ വൈകാരികമോ ആയ വലിയ വേദന നേരിടുന്ന അവസരത്തിൽ സഹിച്ചുനിൽക്കുമ്പോൾ, അവർക്ക് ഉൾക്കരുത്തും ദൈവത്തോടു സ്നേഹവും ഉണ്ടെന്നുള്ളതിന്റെ എന്തൊരു തെളിവാണത്! അവരെ താങ്ങിനിർത്തുന്ന യഹോവയുടെ ആത്മാവിന്റെ ശക്തിക്ക് എന്തൊരു സാക്ഷ്യം!—2 കൊരിന്ത്യർ 4:7 താരതമ്യം ചെയ്യുക.
അത്തരക്കാർക്കു ബാധകമാവുന്നതാണു പത്രോസിന്റെ ഈ വാക്കുകൾ: “വിശ്വാസത്തിൽ സ്ഥിരമുള്ളവരായി [സാത്താനോടു] എതിർത്തു നില്പിൻ.” (1 പത്രൊസ് 5:9) അങ്ങനെ ചെയ്യുന്നത് എളുപ്പമായിരിക്കണമെന്നില്ല. വ്യക്തമായും യുക്തിപൂർവകമായും ചിന്തിക്കുന്നതുപോലും ചിലപ്പോൾ ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ നിരുത്സാഹിതരാകാതിരിക്കുക! താമസിയാതെ, പിശാചും അവന്റെ കുടില തന്ത്രങ്ങളും ഇല്ലാത്ത അവസ്ഥ വരും. സത്യമായും, ‘ദൈവം അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയുന്ന, ഇനി മരണം ഉണ്ടാകയില്ലാത്ത; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ലാത്ത, ഒന്നാമത്തേതു കഴിഞ്ഞുപോ’കുന്ന സമയത്തിനുവേണ്ടി നാം നോക്കിപ്പാർത്തിരിക്കുകയാണ്.—വെളിപ്പാടു 21:3, 4.
[അടിക്കുറിപ്പുകൾ]
a കൂടുതൽ സാധാരണമായി നമുക്കെല്ലാമുള്ള ഓർമകളിൽനിന്നു വേർതിരിച്ചറിയുന്നതിനുവേണ്ടി “അടിച്ചമർത്തപ്പെട്ട ഓർമകളും” സമാനമായ മറ്റു പ്രയോഗങ്ങളും ഉദ്ധരണിയിലാണു കൊടുത്തിരിക്കുന്നത്.
b സഭയിൽ മിക്കവരും സംഗതി അറിഞ്ഞുപോയെങ്കിൽ, ഈ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ എടുക്കുന്നത് അത്യാവശ്യമായിരുന്നേക്കാം.