ഒരു മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു
ജീവിതത്തെ പ്രയാസകരമാക്കുന്ന പ്രശ്നങ്ങളിൽനിന്നു മുക്തരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഈ മാസികയുടെ പുറംപേജുകളിൽ ചിത്രീകരിച്ചിരിക്കുന്നതുപോലുള്ള ആഹ്ലാദകരമായ ഒരു ലോകത്തു ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ചിത്രം സൂക്ഷ്മമായൊന്നു നിരീക്ഷിക്കുക. ആളുകൾക്കു ഭക്ഷിക്കാൻ വേണ്ടുവോളം സാധനങ്ങൾ. രുചികരമായ ആ ഭക്ഷണം അവർ ശരിക്കും ആസ്വദിക്കും. സകലരും സന്തുഷ്ടർ. വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം സമാധാനത്തിൽ. മൃഗങ്ങളും സമാധാനത്തിൽ! ആരും തമ്മിലടിക്കുന്നില്ല. ദരിദ്രരായി ആരുമില്ല. രോഗികളുമില്ല. സുന്ദരമായ ചുറ്റുപാടുകൾ, അഴകാർന്ന വൃക്ഷങ്ങൾ, മാലിന്യരഹിത ശുദ്ധജലം. എന്തൊരു പകിട്ടാർന്ന രംഗം!
ഈ ഭൂമി എന്നെങ്കിലും അതുപോലെയാകുമോ? ആകും, അതൊരു പറുദീസയാകും. (ലൂക്കൊസ് 23:43) മനുഷ്യർ ഒരു പറുദീസാ ഭൂമിയിൽ മെച്ചപ്പെട്ട ജീവിതം ആസ്വദിക്കുമെന്നതു ഭൂമിയെ സൃഷ്ടിച്ച ദൈവത്തിന്റെ ഉദ്ദേശ്യമാണ്. നിങ്ങൾക്കും അവിടെ ഉണ്ടായിരിക്കാൻ കഴിയും!
നിങ്ങൾ ഏതു ജീവിതം ഇഷ്ടപ്പെടുന്നു?
നാമിപ്പോൾ ജീവിക്കുന്ന ലോകത്തിൽനിന്ന് എത്ര വ്യത്യസ്തമായിരിക്കും ഭാവിയിലെ ഭൗമിക പറുദീസ? ഇപ്പോൾ, വിശപ്പടക്കാനാവാതെ ഓരോ ദിവസവും തള്ളിനീക്കുന്ന ആളുകൾ ഒരു ശതകോടിയിലധികമാണ്. എന്നാൽ ദൈവം മനുഷ്യർക്കായി ഉദ്ദേശിച്ചിട്ടുള്ള പറുദീസയിൽ, ഓരോരുത്തർക്കും ഭക്ഷിക്കാൻ ധാരാളമുണ്ടായിരിക്കും. ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “സൈന്യങ്ങളുടെ യഹോവ തീർച്ചയായും സകലജനങ്ങൾക്കുംവേണ്ടി നല്ലപോലെ എണ്ണചേർത്ത ഭോജനങ്ങൾകൊണ്ടുള്ള ഒരു വിരുന്ന്, മട്ടൂറിയ വീഞ്ഞുകൊണ്ടുള്ള . . .. ഒരു വിരുന്നുതന്നെ നടത്തും.” (യെശയ്യാവ് 25:6, NW) ഭക്ഷ്യക്ഷാമം ഉണ്ടായിരിക്കുകയില്ല, കാരണം ബൈബിൾ ഇങ്ങനെ പറയുന്നു: “ഭൂമിയിൽ ധാരാളം ധാന്യമുണ്ടായിരിക്കും; പർവതങ്ങളുടെ മുകളിൽ ഒരു കവിഞ്ഞൊഴുക്ക് ഉണ്ടായിരിക്കും.”—സങ്കീർത്തനം 72:16, NW.
ഇന്ന്, എത്രയെത്ര ആളുകൾ കുടിലുകളിലും ചേരിപ്രദേശങ്ങളിലും പാർക്കുന്നു, അല്ലെങ്കിൽ വാടകകൊടുക്കാൻ കഷ്ടപ്പെടുന്നു. കൂടാതെ തെരുവിൽ അന്തിയുറങ്ങുന്ന ഭവനരഹിതർ വേറെയും. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ലോകത്താകെയുള്ള കുട്ടികളിൽ പത്തുകോടിയോളം ഭവനരഹിതരാണ്. എന്നാൽ വരാനിരിക്കുന്ന പറുദീസയിൽ സകലർക്കും സ്വന്തമായി ഭവനമുണ്ടായിരിക്കും. “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും” എന്ന് ദൈവവചനം പറയുന്നു.—യെശയ്യാവു 65:21.
തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജോലിചെയ്യേണ്ടിവരുന്നവരാണ് അനേകരും. പലപ്പോഴും കൂടുതൽ മണിക്കൂറുകൾ കഠിനവേല ചെയ്തിട്ടും തുച്ഛ വരുമാനമുള്ളവർ. പ്രതിവർഷം 500 ഡോളറിൽത്താഴെ വരുമാനംകൊണ്ടാണ് ലോകത്തിലെ അഞ്ചിലൊന്നു ജനങ്ങൾ ജീവിതം തള്ളിനീക്കുന്നത്. എന്നാൽ വരാനിരിക്കുന്ന പറുദീസയിൽ, ആളുകൾ വേല ആസ്വദിക്കുമെന്നുമാത്രമല്ല, അതിന്റെ നല്ല ഫലങ്ങളും കാണും. ദൈവം ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല.”—യെശയ്യാവു 65:22, 23.
ഇപ്പോൾ, എല്ലായിടത്തും രോഗവും ദീനവുമുണ്ട്. അന്ധരായവർ അനേകർ. ചിലർ ബധിരർ. നടക്കാനാവാതെ മറ്റുചിലർ. എന്നാൽ പറുദീസയിൽ, ആളുകൾ രോഗങ്ങളിൽനിന്നും വൈകല്യങ്ങളിൽനിന്നും മുക്തരായിരിക്കും. യഹോവ പറയുന്നു: “അവിടുത്തെ നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല.” (ഏശയ്യാ 33:24, പി.ഒ.സി. ബൈബിൾ) ഇപ്പോൾ വികലാംഗരായിരിക്കുന്നവർക്കുള്ള ഹൃദയോഷ്മളമായ വാഗ്ദാനം ഇതാണ്: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”—യെശയ്യാവു 35:5, 6.
ഇന്നു കഷ്ടപ്പാടും വേദനയും ദുഃഖവും മരണവുമുണ്ട്. എന്നാൽ ഭൗമിക പറുദീസയിൽ, ഈവക സംഗതികൾ ഉണ്ടായിരിക്കില്ല. അതേ, മരണംപോലും പൊയ്പോയിരിക്കും! ബൈബിൾ പറയുന്നു: “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3, 4, 5.
അപ്പോൾ, യഹോവയുടെ വാഗ്ദത്ത ഭൗമിക പറുദീസയാൽ അർഥമാക്കുന്നത് മനുഷ്യവർഗത്തിനുവേണ്ടി ഒരു മെച്ചപ്പെട്ട ജീവിതംതന്നെ. എന്നാൽ അതു വരുമെന്നു നമുക്ക് എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും? അത് എപ്പോൾ വരും, എങ്ങനെ വരും? അവിടെയുണ്ടായിരിക്കാൻ നിങ്ങൾ എന്തു ചെയ്യണം?