അവരുടെ വെളിച്ചം അണഞ്ഞുപോയില്ല
ബൈബിൾ കാലങ്ങളിൽ, വീഴ്ചകളും പ്രയാസങ്ങളും അനുഭവിച്ചിരുന്ന, യഹോവയുടെ വിശ്വസ്ത സാക്ഷികൾ ഉണ്ടായിരുന്നിട്ടുണ്ട്. അവർ എതിർപ്പിനെയും പ്രത്യക്ഷത്തിലുണ്ടായ തോൽവികളെയും അഭിമുഖീകരിച്ചു. എന്നിട്ടും അവർ നിരുത്സാഹിതരായി തളർന്നു പിന്മാറിയില്ല. ഫലത്തിൽ, അവരുടെ വെളിച്ചം അണഞ്ഞുപോയില്ല.
ഉദാഹരണത്തിന്, വിശ്വാസത്യാഗം ഭവിച്ച യഹൂദ ജനതയ്ക്ക് ദൈവത്തിന്റെ പ്രവാചകനായിരിക്കാനുള്ള നിയമനം പ്രവാചകനായ യിരെമ്യാവിനു നൽകപ്പെട്ടു. യെരുശലേമിനു ഭവിക്കാനിരുന്ന നാശത്തെക്കുറിച്ച് അവൻ മുന്നറിയിപ്പു നൽകി. (യിരെമ്യാവു 1:11-19) തന്മൂലം, വിനാശത്തെപ്പറ്റി പുലമ്പുന്നവനായി തന്നെ വീക്ഷിച്ച സ്വന്തം നാട്ടുകാരുമായി യിരെമ്യാവിനു പലവട്ടം ഏറ്റുമുട്ടേണ്ടിവന്നു.
ദൈവഭവനത്തിലെ പ്രധാന മേൽവിചാരകനായിരുന്ന പശ്ഹൂർ പുരോഹിതൻ ഒരിക്കൽ യിരെമ്യാവ് പ്രവചിച്ചതിന്റെ പേരിൽ അവനെ അടിക്കുകയും ആമത്തിലിടുകയും ചെയ്തു. പരാജയമെന്നു തോന്നിച്ച ഈ സംഗതിയുടെ അടിസ്ഥാനത്തിൽ, “ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും ഹേതുവായിരിക്കുന്നു” എന്നു യിരെമ്യാവ് പറഞ്ഞു. “ഞാൻ ഇനി അവനെ [യഹോവയെ] ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കുകയുമില്ല” എന്നു പറയാൻ പോന്നവണ്ണം ആ പ്രവാചകൻ നിരുത്സാഹിതനായിരുന്നു.—യിരെമ്യാവു 20:1, 2, 7-9, ദാനീയേൽ ബൈബിൾ.
എന്നിരുന്നാലും, യിരെമ്യാവ് നിരുത്സാഹത്തിനു വശംവദനായില്ല. “യഹോവയുടെ വചന”ത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് അവൻ പ്രഖ്യാപിച്ചു: “അതു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.” (യിരെമ്യാവു 20:8, 9) ദൈവത്തിന്റെ അരുളപ്പാടുകളെക്കുറിച്ചു സംസാരിക്കാനുള്ള ശക്തമായ പ്രചോദനം നിമിത്തം യിരെമ്യാവ് പരിശുദ്ധാത്മാവിനാൽ പരിപാലിക്കപ്പെടുകയും തന്റെ നിയോഗം നിവർത്തിക്കുകയും ചെയ്തു.
നിരുത്സാഹപ്പെടുന്നതിന്, അതിനു വശംവദനാകുമായിരുന്നെങ്കിൽ, പൗലോസ് അപ്പോസ്തലനും അനേക കാരണങ്ങളുണ്ടായിരുന്നു. അവൻ പ്രകൃതി വിപത്തുകൾ, കപ്പൽച്ഛേദം, പീഡനം, പ്രഹരങ്ങൾ എന്നിവ സഹിച്ചു. അതിനുപുറമേ, ‘അവനു ദിവസേന സർവ്വ സഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും’ ഉണ്ടായിരുന്നു. (2 കൊരിന്ത്യർ 11:23-28) അതേ, പൗലോസിനു ദിവസേന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിയിരുന്നു. തന്റെ സഹായത്തോടെ പുതുതായി സ്ഥാപിക്കപ്പെട്ട സഭകളെക്കുറിച്ചുള്ള ചിന്താഭാരവും അവനുണ്ടായിരുന്നു. അതിനുപുറമേ, അവൻ അപൂർണനായിരുന്നു. കൂടാതെ, ‘ശരീരത്തിൽ ഒരു മുള്ളു’മായി, സാധ്യതയനുസരിച്ചു മോശമായ കാഴ്ചശക്തിയുമായി, അവനു മല്ലിടണമായിരുന്നു. (2 കൊറിന്തോസ് 12:7, പി.ഒ.സി. ബൈബിൾ; റോമർ 7:15; ഗലാത്യർ 4:15) ചിലർ പൗലോസിന്റെ അസാന്നിധ്യത്തിൽ അവനെതിരായി സംസാരിക്കുകപോലും ചെയ്തു, അത് അവന്റെ കാതുകളിൽ എത്തി.—2 കൊരിന്ത്യർ 10:10.
എന്നിരുന്നാലും, തന്നെ ആകുലചിത്തനാക്കാൻ പൗലോസ് നിരുത്സാഹത്തെ അനുവദിച്ചില്ല. അവൻ അമാനുഷനൊന്നുമായിരുന്നില്ല. (2 കൊരിന്ത്യർ 11:29, 30) അവന്റെ ‘ഉള്ളിലെ തീ’ കത്തിക്കൊണ്ടിരിക്കാൻ ഇടയാക്കിയതെന്താണ്? അവനു പിന്തുണക്കാരായ സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നതാണ് ഒരു സംഗതി. തന്നെ വീട്ടുതടങ്കലിലാക്കിയിരുന്ന റോം വരെ ചിലർ അവനെ പിന്തുടർന്നു. (പ്രവൃത്തികൾ 28:14-16) രണ്ടാമതായി, അപ്പോസ്തലൻ തന്റെ അവസ്ഥകളെ സന്തുലിതമായ ഒരു രീതിയിൽ വീക്ഷിച്ചു. പൗലോസല്ല, അവന്റെ പീഡകരും എതിരാളികളുമാണു തെറ്റുചെയ്തത്. തന്റെ ഭൗമിക ശുശ്രൂഷയുടെ ഒടുവിൽ അവൻ തന്റെ ശുശ്രൂഷയെ ക്രിയാത്മകമായ രീതിയിൽ മൂല്യനിർണയം ചെയ്തുകൊണ്ടു പറഞ്ഞു: “ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നൽകും.”—2 തിമൊഥെയൊസ് 4:8.
സർവോപരി, പൗലോസ് യഹോവയാം ദൈവത്തിനുമുമ്പാകെ പ്രാർഥനയിൽ നിരന്തരം അടുത്തുചെന്നു. ‘കർത്താവു എനിക്കു തുണനിന്നു . . . എന്നെ ശക്തീകരിച്ചു’ (2 തിമൊഥെയൊസ് 4:17) “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്നു പൗലോസ് പറഞ്ഞു. (ഫിലിപ്പിയർ 4:13) ദൈവത്തോടും സഹക്രിസ്ത്യാനികളോടുമുള്ള ആശയവിനിമയത്തോടൊപ്പം തന്റെ ശുശ്രൂഷയെക്കുറിച്ചുള്ള ക്രിയാത്മകമായ മൂല്യനിർണയം യഹോവയുടെ സേവനത്തിൽ തുടരുന്നതിനു പൗലോസിനെ സഹായിച്ചു.
“നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും” എന്നെഴുതാൻ ദൈവം പൗലോസിനെ നിശ്വസ്തനാക്കി. (ഗലാത്യർ 6:7-9) കൊയ്യുന്നതെന്താണ്? നിത്യജീവൻ. അതുകൊണ്ട്, യിരെമ്യാവിനെയും പൗലോസിനെയും തിരുവെഴുത്തുകളിൽ സൂചിപ്പിച്ചിരിക്കുന്ന, യഹോവയുടെ വിശ്വസ്തരായ മറ്റനേകം സാക്ഷികളെയുംപോലെ ആയിരിക്കുവിൻ. അതേ, അവരെപ്പോലെ ആയിരിക്കുക. നിരുത്സാഹത്തിനു വശംവദരാകരുത്. നിങ്ങളുടെ വെളിച്ചം അണഞ്ഞുപോകാൻ അനുവദിക്കരുത്.—മത്തായി 5:14-16 താരതമ്യം ചെയ്യുക.
[25-ാം പേജിലെ ചിത്രങ്ങൾ]
പൗലോസും യിരെമ്യാവും തങ്ങളുടെ വെളിച്ചം അണയാൻ അനുവദിച്ചില്ല