വില്യം റ്റിൻഡെയിൽ—ക്രാന്തദർശിയായ ഒരു മനുഷ്യൻ
വില്യം റ്റിൻഡെയിൽ ജനിച്ച സ്ഥലവും തീയതിയും കൃത്യമായി പറയാനാവില്ലെങ്കിലും, ഇംഗ്ലണ്ടിൽ “വെയിൽസിന്റെ അതിർത്തി”യിൽ, ഗ്ലാസ്റ്റർഷയറിലായിരിക്കാനാണു സാധ്യത. 1994 ഒക്ടോബറിൽ ഇംഗ്ലണ്ട് “നമുക്കു നമ്മുടെ ഇംഗ്ലീഷ് ബൈബിൾ നൽകിയ” മനുഷ്യന്റെ 500-ാമത്തെ ജന്മവാർഷികം ആഘോഷിച്ചു. ഈ വേല നിർവഹിച്ചതിനു റ്റിൻഡെയിൽ രക്തസാക്ഷിയായി. അത് എന്തുകൊണ്ടായിരുന്നു?
ഗ്രീക്ക്, ലത്തീൻ എന്നിവയുടെ പഠനത്തിൽ നല്ല അവഗാഹം നേടിയിരുന്ന വ്യക്തിയായിരുന്നു വില്യം റ്റിൻഡെയിൽ. ഏതാണ്ട് 21-ാമത്തെ വയസ്സിൽ, അതായത് 1515 ജൂലൈയിൽ, അദ്ദേഹത്തിന് ആർട്സ് വിഷയത്തിൽ ഓക്സ്ഫോർഡ് സർവകലാശാലാ ബിരുദം ലഭിച്ചു. 1521 ആയപ്പോഴേക്കും അദ്ദേഹം റോമൻ കത്തോലിക്കാ സഭയിൽ ഒരു പുരോഹിതനായി. മാർട്ടിൻ ലൂഥറിന്റെ പ്രവർത്തനഫലമായി ജർമനിയിൽ കത്തോലിക്കാ സഭ ആകെ കുഴപ്പത്തിലായ ഒരു സമയമായിരുന്നു അത്. എന്നാൽ ഹെൻട്രി VIII-ാമൻ രാജാവ് അവസാനം 1534-ൽ റോമുമായി തെറ്റിപ്പിരിഞ്ഞതുവരെ ഇംഗ്ലണ്ട് ഒരു കത്തോലിക്കാ രാജ്യമായിത്തന്നെ നിലകൊണ്ടു.
റ്റിൻഡെയിലിന്റെ നാളിൽ ഇംഗ്ലീഷ് സാധാരണ ഭാഷയായിരുന്നിട്ടും വിദ്യാഭ്യാസമെല്ലാം ലത്തീനിലായിരുന്നു. അതുതന്നെയായിരുന്നു സഭയുടെയും ബൈബിളിന്റെയും ഭാഷ. ജെറോമിന്റെ അഞ്ചാം നൂറ്റാണ്ടിലെ വൾഗേറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് 1546-ലെ ട്രെൻറ് സുന്നഹദോസിൽ വീണ്ടും പ്രഖ്യാപനമുണ്ടായി. എന്നാൽ വിദ്യാസമ്പന്നർക്കുമാത്രമേ അതു വായിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇംഗ്ലീഷിലുള്ള ബൈബിളും അതു വായിക്കാനുള്ള സ്വാതന്ത്ര്യവും ഇംഗ്ലണ്ടുകാർക്ക് എന്തിനു നിഷേധിക്കപ്പെടണം? “ജെറോം ബൈബിൾ പരിഭാഷപ്പെടുത്തിയത് മാതൃഭാഷയിലായിരുന്നു: അങ്ങനെയെങ്കിൽ എന്തുകൊണ്ട് അതു നമുക്കും ചെയ്തുകൂടാ?” എന്നതായിരുന്നു റ്റിൻഡെയിലിന്റെ വാദം.
വിശ്വാസത്തിന്റെ ഒരു ചുവടുവയ്പ്
ഓക്സ്ഫോർഡിലെ പഠനത്തിനും, ഒരുപക്ഷേ കേംബ്രിഡ്ജിലെ ഉപരിപഠനത്തിനുംശേഷം, റ്റിൻഡെയിൽ ഗ്ലാസ്റ്റർഷയറിൽ ജോൺ വോൾഷിന്റെ യുവപ്രായക്കാരായ ആൺമക്കളെ രണ്ടു വർഷത്തോളം പഠിപ്പിച്ചു. ബൈബിൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താനുള്ള ആഗ്രഹം അദ്ദേഹം വളർത്തിയെടുത്തത് ഈ കാലഘട്ടത്തിലായിരുന്നു. ഗ്രീക്കും ലത്തീനും സമാന്തരമായി കൊടുത്തിട്ടുള്ള ഇരാസ്മസിന്റെ പുതിയ ബൈബിൾ പാഠത്തിന്റെ സഹായത്തോടെ പരിഭാഷാ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കാനുള്ള അവസരവും നിസ്സംശമായും അദ്ദേഹത്തിനു കൈവന്നു. 1523-ൽ വോൾഷ്കുടുംബം വിട്ട് റ്റിൻഡെയിൽ ലണ്ടനിലേക്കു യാത്രയായി. പരിഭാഷാനിർവഹണത്തിനു ലണ്ടനിലെ ബിഷപ്പായ കത്ബർട്ട് തങ്സ്റ്റളിൽനിന്ന് അനുമതി തേടണം. അതായിരുന്നു യാത്രാലക്ഷ്യം.
കോൺസ്റ്റിറ്റ്യൂഷൻസ് ഓഫ് ഓക്സ്ഫോർഡ് എന്ന് അറിയപ്പെട്ടിരുന്ന 1408-ലെ ഓക്സ്ഫോർഡ് യോഗം കൈക്കൊണ്ട വ്യവസ്ഥകൾ അനുസരിച്ച് തങ്സ്റ്റളിൽനിന്നുള്ള അനുമതി അത്യാവശ്യമായിരുന്നു. ബിഷപ്പിന്റെ അനുമതിയില്ലാതെ ബൈബിൾ നാട്ടുഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതും നാട്ടുഭാഷയിൽ വായിക്കുന്നതും പ്രസ്തുത വ്യവസ്ഥയിൻകീഴിൽ നിരോധിക്കപ്പെട്ടിരുന്നു. ഈ നിരോധനത്തെ മറികടക്കാൻ ധൈര്യംകാട്ടിയതിന്, ലൊല്ലാർഡ്സ് എന്നറിയപ്പെട്ടിരുന്ന അനേകം സഞ്ചാരപ്രസംഗകരെ മതഭ്രഷ്ടരാക്കി ചുട്ടെരിച്ചുകൊന്നു. വൾഗേറ്റിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷയായ ജോൺ വൈക്ലിഫിന്റെ ബൈബിളായിരുന്നു ഈ ലൊല്ലാർഡുകൾ വായിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്നത്. തന്റെ സഭക്കാർക്കും ഇംഗ്ലണ്ടുകാർക്കുംവേണ്ടി ഗ്രീക്കിലുള്ള ക്രിസ്തീയ എഴുത്തുകൾ പരിഭാഷപ്പെടുത്തി ഒരു പുതിയ, പ്രാമാണിക പതിപ്പുണ്ടാക്കാനുള്ള സമയമായെന്നു റ്റിൻഡെയിലിനു തോന്നി.
ഇരാസ്മസിനെ പ്രോത്സാഹിപ്പിക്കാൻ കാര്യമായി പ്രവർത്തിച്ച ഒരു പണ്ഡിതനായിരുന്നു ബിഷപ്പ് തങ്സ്റ്റൾ. തന്റെ തന്നെ വൈദഗ്ധ്യത്തിനുള്ള തെളിവായി റ്റിൻഡെയിൽ ഇസോക്രാറ്റസിന്റെ പ്രഭാഷണങ്ങളിലൊന്നു പരിഭാഷപ്പെടുത്തിയിരുന്നു. പരിഭാഷപ്പെടുത്താൻ പ്രയാസമായ ആ ഗ്രീക്കുപാഠത്തിനു തങ്സ്റ്റളിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. തങ്സ്റ്റളിന്റെ സൗഹൃദവും രക്ഷാകർത്തൃത്വവും നേടാമെന്നും തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുന്നതിനുള്ള തന്റെ നിർദേശം അദ്ദേഹം സ്വീകരിക്കുമെന്നുമുള്ള ഒരു അമിത ശുഭാപ്തിവിശ്വാസമായിരുന്നു റ്റിൻഡെയിലിനുണ്ടായിരുന്നത്. എന്നാൽ ബിഷപ്പ് എന്തിനുള്ള പുറപ്പാടിലായിരുന്നു?
നിരാകരണം—എന്തുകൊണ്ട്?
തന്നെ പരിചയപ്പെടുത്തുന്ന ഒരു കത്തുമായാണ് റ്റിൻഡെയിൽ എത്തിയതെങ്കിലും തങ്സ്റ്റൾ അദ്ദേഹത്തെ കാണാൻ കൂട്ടാക്കിയില്ല. അതുകൊണ്ട് ഒരു അഭിമുഖം ആവശ്യപ്പെട്ടുകൊണ്ട് റ്റിൻഡെയിൽ എഴുതി. അവസാനം തങ്സ്റ്റളിനു റ്റിൻഡെയിലിനെ കാണാൻ മനസ്സായോ എന്നു വ്യക്തമല്ലെങ്കിലും ‘എന്റെ ഭവനത്തിലെങ്ങും സ്ഥലമില്ല’ എന്നൊരു മറുപടിയായിരുന്നു ലഭിച്ചത്. എന്തുകൊണ്ടായിരുന്നു തങ്സ്റ്റൾ റ്റിൻഡെയിലിനെ മനപ്പൂർവം തഴഞ്ഞത്?
ലൂഥറിന്റെ നവീകരണ പ്രവർത്തനം യൂറോപ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്കർക്ക് ഉത്കണ്ഠയ്ക്കു കാരണമാകുകയായിരുന്നു. അതിന്റെ അലയടികൾ ഇംഗ്ലണ്ടിലും കാണാമായിരുന്നു. 1521-ൽ ഹെൻട്രി VIII-ാമൻ രാജാവ് ലൂഥറിനെതിരെ പാപ്പായെ പിന്തുണച്ചുകൊണ്ട് ശക്തമായ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിനോടുള്ള കൃതജ്ഞതയായി “വിശ്വാസസംരക്ഷകൻ” (Defender of the Faith) എന്നൊരു സ്ഥാനപ്പേർ പാപ്പാ ഹെൻട്രിക്കു നൽകി.a ഹെൻട്രിയുടെ കർദിനാൾ വോൾസിയും ഇക്കാര്യത്തിൽ സജീവമായി ഉൾപ്പെട്ടിരുന്നു. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത ലൂഥർ ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം നശിപ്പിച്ചു. പാപ്പായോടും രാജാവിനോടും കർദിനാളിനോടും വിശ്വസ്തനായ ഒരു കത്തോലിക്കാ ബിഷപ്പ് എന്നനിലയിൽ തങ്സ്റ്റളിനു തോന്നി, വിമതനായ ലൂഥറിനെ അനുകൂലിക്കുന്ന ഏതൊരു ചിന്തയെയും അടിച്ചമർത്തേണ്ടതു തന്റെ കടമയാണെന്ന്. റ്റിൻഡെയിൽ മുഖ്യനോട്ടപ്പുള്ളിയായി. എന്തുകൊണ്ട്?
വോൾഷ്കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സമയത്ത്, പ്രദേശത്തെ പുരോഹിതഗണത്തിന്റെ അറിവില്ലായ്മയ്ക്കും മതഭ്രാന്തിനും എതിരെ റ്റിൻഡെയിൽ നിർഭയം സംസാരിച്ചിരുന്നു. അതിലൊരാൾ ജോൺ സ്റ്റോക്സ്ലി ആയിരുന്നു. റ്റിൻഡെയിലിന് അദ്ദേഹത്തെ ഓക്സ്ഫോർഡിൽവച്ചുതന്നെ അറിയാമായിരുന്നു. അവസാനം കത്ബർട്ട് തങ്സ്റ്റളിനുശേഷം ലണ്ടൻ ബിഷപ്പായത് അദ്ദേഹമായിരുന്നു.
“പാപ്പായുടേതിനെക്കാൾ ദൈവനിയമം ഇല്ലാതിരിക്കുന്നതാണു നമുക്കു മെച്ചം” എന്നു പറഞ്ഞ ഒരു ഉന്നത പുരോഹിതനുമായുണ്ടായ ഏറ്റുമുട്ടലിലും റ്റിൻഡെയിലിനോടുള്ള എതിർപ്പു പ്രകടമാണ്. അതിനുള്ള റ്റിൻഡെയിലിന്റെ മറുപടി അവിസ്മരണീയമായ ഈ വാക്കുകളിലായിരുന്നു: ‘ഞാൻ പാപ്പായെയും പാപ്പായുടെ നിയമങ്ങളെയും അവഗണിക്കുന്നു. ദൈവം എന്നെ കുറെ വർഷംകൂടി ജീവിക്കാൻ അനുവദിച്ചാൽ, കുറച്ചുനാളുകൾക്കകം, ഒരു ഉഴവുകാരൻ കുട്ടിയെ ഞാൻ നിങ്ങളെക്കാൾ കൂടുതൽ തിരുവെഴുത്തു പരിജ്ഞാനമുള്ളവനാക്കും.’
കെട്ടിച്ചമച്ച മതനിന്ദാരോപണങ്ങൾ നിമിത്തം വോർസെസ്റ്റർ രൂപതാ അധികാരിയുടെ മുമ്പിൽ റ്റിൻഡെയിലിനു ഹാജരാകേണ്ടിവന്നു. “എന്നെ അദ്ദേഹം ഭയങ്കരമായി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു” എന്നു പിൽക്കാലത്ത് അനുസ്മരിച്ച റ്റിൻഡെയിൽ “ഒരു പട്ടി”യോട് എന്നപോലെയാണ് അവർ തന്നോടു പെരുമാറിയത് എന്നുകൂടി പറഞ്ഞു. എന്നാൽ റ്റിൻഡെയിലിനെ മതനിന്ദയ്ക്കു കുറ്റംവിധിക്കാൻ തെളിവൊന്നുമില്ലായിരുന്നു. തങ്സ്റ്റളിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതിന് ഈ സംഗതികളെല്ലാം രഹസ്യമായി അദ്ദേഹത്തെ അറിയിച്ചിരിക്കാമെന്നാണു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്.
ലണ്ടനിൽ ഒരു വർഷം ചെലവഴിച്ചശേഷം, റ്റിൻഡെയിൽ ഈ നിഗമനത്തിലെത്തി: “പുതിയ നിയമം പരിഭാഷപ്പെടുത്തുന്നതിനു ലണ്ടനിലെ എന്റെ പ്രഭുവിന്റെ കൊട്ടാരത്തിൽ ഇടമില്ല, മാത്രമോ . . . അതു ചെയ്യാനൊരിടം ഇംഗ്ലണ്ടിലെങ്ങുമില്ല.” അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു. ലൂഥറിന്റെ പ്രവർത്തനം ഹേതുവായി അടിച്ചമർത്തൽ നടന്നിരുന്ന സാഹചര്യത്തിൽ, ഇംഗ്ലീഷിൽ ഒരു ബൈബിൾ അടിച്ചിറക്കാൻ ഏത് അച്ചടിക്കാരനാണു ധൈര്യപ്പെടുക? അതുകൊണ്ട് 1524-ൽ, റ്റിൻഡെയിൽ ഇംഗ്ലീഷ് ചാനൽ കടന്നു. പിന്നെ ഒരിക്കലും തിരിച്ചുപോയില്ല.
യൂറോപ്പിലേക്ക്, പിന്നെ പുതിയ പ്രശ്നങ്ങളും
തന്റെ അമൂല്യ പുസ്തകങ്ങളുമായി, വില്യം റ്റിൻഡെയിൽ ജർമനിയിൽ അഭയം തേടി. ലണ്ടനിലെ സ്വാധീനമുള്ള ഒരു വ്യാപാരിയും തന്റെ സുഹൃത്തുമായിരുന്ന ഹംഫ്രി മൺമത്ത് ദയാപുരസ്സരം നൽകിയ 10 പൗണ്ടും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. താൻ പരിഭാഷപ്പെടുത്താൻ പരിപാടിയിട്ട ഗ്രീക്കു തിരുവെഴുത്തുകൾ അച്ചടിക്കാൻ അന്നൊക്കെ ആ സമ്മാനത്തുക ഏറെക്കുറെ മതിയാകുമായിരുന്നു. റ്റിൻഡെയിലിനെ സഹായിച്ചതിനും, പിന്നെ ലൂഥറിനെ അനുകൂലിച്ചുവെന്ന് ആരോപിക്കപ്പെട്ടും മൺമത്ത് അറസ്റ്റുചെയ്യപ്പെട്ടു. ചോദ്യംചെയ്യപ്പെട്ട് ലണ്ടൻടവറിൽ തടവറയിലായ മൺമത്ത് മോചിതനായത് കർദിനാൾ വോൾസിയോട് മാപ്പിരന്നുതുകൊണ്ടുമാത്രം.
റ്റിൻഡെയിൽ ജർമനിയിൽ കൃത്യമായും എങ്ങോട്ടാണു പോയതെന്നു വ്യക്തമല്ല. ഹാംബർഗിലേക്കു പോയെന്നും അവിടെ ഒരു വർഷം ചെലവഴിച്ചിരിക്കാമെന്നുമാണു ചില തെളിവുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹം ലൂഥറുമായി കണ്ടുമുട്ടിയോ? തീർച്ചയില്ല. എന്നാൽ അദ്ദേഹവുമായി സന്ധിച്ചുവെന്നാണു മൺമത്തിനെതിരായ കുറ്റാരോപണം പറയുന്നത്. ഒരുകാര്യം ഉറപ്പാണ്: ഗ്രീക്കു തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുന്ന തിരക്കിലായിരുന്നു റ്റിൻഡെയിൽ. അദ്ദേഹത്തിനു കയ്യെഴുത്തുപ്രതികൾ എവിടെ അച്ചടിച്ചുകിട്ടും? അദ്ദേഹം അതു കൊളോണിലെ പീറ്റർ ക്വെന്റലിനെ ഏൽപ്പിച്ചു.
കോക്ലീയസ് എന്നും അറിയപ്പെടുന്ന, എതിരാളിയായ ജോൺ ഡോബ്നെക്ക് സംഗതികൾ അറിയുന്നതുവരെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. കോക്ലീയസ് ഉടൻതന്നെ ഹെൻട്രി VIII-ാമന്റെ ഒരു അടുത്ത സുഹൃത്തിനു വിവരം ചോർത്തിക്കൊടുത്തു. അയാൾ നേരേ ചെയ്തത് ക്വെന്റൽ റ്റിൻഡെയിലിന്റെ പരിഭാഷ അച്ചടിക്കുന്നതിനെതിരെ ഒരു നിരോധനം തരപ്പെടുത്തുകയായിരുന്നു.
അച്ചടിതീർന്ന മത്തായിയുടെ സുവിശേഷത്തിന്റെ പേജുകൾ എടുത്തുകൊണ്ട് റ്റിൻഡെയിലും അദ്ദേഹത്തിന്റെ സഹായി വില്യം റോയിയും പ്രാണരക്ഷാർഥം പലായനം ചെയ്തു. റൈൻ നദീയിലൂടെ വോംസിലെത്തിയ അവർ അവിടെവെച്ചു തങ്ങളുടെ വേല പൂർത്തിയാക്കി. കാലക്രമത്തിൽ, റ്റിൻഡെയിലിന്റെ പുതിയ നിയമത്തിന്റെ ആദ്യ പതിപ്പിന്റെ 6,000 കോപ്പികൾ അച്ചടിച്ചു.b
എതിർപ്പിനിടയിലും വിജയം
പരിഭാഷപ്പെടുത്തി അച്ചടിക്കുക എന്നത് ഒരു പ്രശ്നം. ബ്രിട്ടനിലേക്കു ബൈബിൾ കടത്തുകയെന്നത് മറ്റൊരു പ്രശ്നവും. ഇംഗ്ലീഷ് ചാനലിലൂടെ അവ കടത്തുന്നതു തടയാൻ സഭാ ഏജന്റുമാരും ലൗകിക അധികാരികളും ഉറച്ചിരുന്നു. എന്നാൽ അനുഭാവികളായ വ്യാപാരികൾ ഒരു തുണയായി. തുണിക്കെട്ടുകൾക്കും മറ്റു ചരക്കുകൾക്കുമിടയിൽ ഒളിപ്പിച്ചുവെച്ച് ഇംഗ്ലണ്ടിന്റെ തീരത്തേക്കും സ്കോട്ട്ലൻഡ്വരെയും വാല്യങ്ങൾ കടത്തി. റ്റിൻഡെയിലിന് അത് ഒരു പ്രോത്സാഹനമായി. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടം തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.
1526 ഫെബ്രുവരി 11-ാം തീയതി, “കെട്ടുകണക്കിനു പുസ്തകങ്ങൾ അഗ്നിക്കിരയാക്കുന്നതു കാണാൻ” കർദിനാൾ വോൾസിയും 36 ബിഷപ്പുമാരും സഭയിലെ മറ്റു വിശിഷ്ട വ്യക്തികളും ലണ്ടനിലെ സെൻറ് പോൾസ് കത്തീഡ്രലിനു സമീപം ഒരുമിച്ചുകൂടി. അതിൽ റ്റിൻഡെയിലിന്റെ അമൂല്യമായ പരിഭാഷയുടെ ഏതാനും പ്രതികളും ഉണ്ടായിരുന്നു. ഈ ആദ്യ പതിപ്പിന്റെ കേവലം രണ്ടു പ്രതികൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതിൽ പൂർണമായ പതിപ്പ് (ശീർഷകപ്പേജ് ഒഴികെ) ബ്രിട്ടീഷ് ലൈബ്രറിയിലുണ്ട്. വൈരുദ്ധ്യമെന്നു പറയട്ടെ, മറ്റേ പ്രതി സെൻറ് പോൾസ് കത്തീഡ്രൽ ലൈബ്രറിയിൽനിന്നു കണ്ടെടുക്കുകയുണ്ടായി. 71 പേജുകളേ നഷ്ടപ്പെട്ടിരുന്നുള്ളൂ. അത് അവിടെയെങ്ങനെ എത്തിയെന്ന് ആർക്കും അറിയില്ല.
റ്റിൻഡെയിൽ അതിലൊന്നും ലവലേശം കുലുങ്ങിയില്ല. പരിഭാഷയുടെ പുതിയ പതിപ്പുകളുടെ നിർമാണവുമായി അദ്ദേഹം മുന്നോട്ടുപോയി. എന്നാൽ ഇംഗ്ലണ്ടിലെ പുരോഹിതന്മാർ അവയെല്ലാം ആസൂത്രിതമായി കണ്ടുകെട്ടി കത്തിച്ചുകളഞ്ഞു. പിന്നെ തങ്സ്റ്റൾ അടവുകൾ മാറ്റി. കത്തിച്ചുകളയുന്നതിനായി പുതിയ നിയമം ഉൾപ്പെടെ റ്റിൻഡെയിൽ എഴുതിയ ഏതു പുസ്തകവും വാങ്ങുന്നതിന് അഗസ്റ്റിൻ പക്കിങ്ടൻ എന്നു പേരായ ഒരു വ്യാപാരിയുമായി അദ്ദേഹം ഒരു കരാറുവെച്ചു. പക്കിങ്ടനാകട്ടെ, റ്റിൻഡെയിലുമായും ഒരു കരാറിലേർപ്പെട്ടു. ഹാലിയുടെ ക്രോണിക്കിൾ ഇങ്ങനെ പറയുന്നു: “ബിഷപ്പിനു പുസ്തകവും പക്കിങ്ടനു നന്ദിയും റ്റിൻഡെയിലിനു പണവും ലഭിച്ചു. പിന്നീടു കൂടുതൽ പുതിയ നിയമങ്ങൾ അച്ചടിച്ചപ്പോൾ, ഇംഗ്ലണ്ടിലേക്ക് അതിന്റെ ഒരു കനത്ത പ്രവാഹംതന്നെയുണ്ടായി.”
റ്റിൻഡെയിലിന്റെ പരിഭാഷ പുരോഹിതന്മാരുടെ കടുത്ത എതിർപ്പിനിരയായത് എന്തുകൊണ്ട്? വിശുദ്ധ പാഠത്തിനുമേൽ നിഴൽവീഴ്ത്തുന്ന മട്ടിലുള്ളതായിരുന്നു ലത്തീൻ വൾഗേറ്റ്. അതേസമയം, ഇംഗ്ലീഷുകാർക്ക് ഇദംപ്രഥമമായി വ്യക്തമായ ഭാഷയിൽ ബൈബിൾസന്ദേശം പകർന്നുകൊടുക്കുന്നതായിരുന്നു മൂലഗ്രീക്കിൽനിന്നു റ്റിൻഡെയിൽ നടത്തിയ വിവർത്തനം. ഉദാഹരണത്തിന്, 1 കൊരിന്ത്യർ 13-ാം അധ്യായത്തിൽ, അഗാപെ എന്ന ഗ്രീക്കു പദത്തിനു റ്റിൻഡെയിൽ “ഔദാര്യം” എന്നതിനുപകരം “സ്നേഹം” തിരഞ്ഞെടുത്തു. പള്ളിക്കെട്ടിടങ്ങൾക്കുപകരം ആരാധകർ എന്നു ധ്വനിപ്പിക്കാൻ “പള്ളി” എന്നല്ല, “സഭ” എന്നു വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നിരുന്നാലും “പുരോഹിതൻ” എന്നതിനുപകരം “മൂപ്പൻ” എന്നും “പ്രായശ്ചിത്തം ചെയ്യുക” എന്നതിനുപകരം “അനുതപിക്കുക” എന്നും ഉപയോഗിച്ച് പുരോഹിതവർഗത്തിന് ഉണ്ടെന്നു കരുതിയിരുന്ന പൗരോഹിത്യ അധികാരങ്ങൾ നീക്കിക്കളഞ്ഞ റ്റിൻഡെയിലിന്റെ പരിഷ്കരണപ്രവൃത്തിയായിരുന്നു പുരോഹിതന്മാർക്കു സഹിക്കാനാവാഞ്ഞ അവസാനത്തെ സംഗതി. “ശുദ്ധീകരണസ്ഥലം ഇല്ല; അപ്പോൾ കുമ്പസാരം കേട്ട് പ്രായശ്ചിത്തം നിശ്ചയിക്കേണ്ടതില്ല. അതുകൊണ്ടു തകർന്നുവീണതോ സഭയുടെ സമ്പത്തിനും ശക്തിക്കുമുള്ള രണ്ട് അടിസ്ഥാനങ്ങൾ” എന്ന് ഇതേപ്പറ്റി ഡേവിഡ് ഡാനിയേൽ പറയുന്നു. (വില്യം റ്റിൻഡെയിൽ—ഒരു ജീവിതകഥ, ഇംഗ്ലീഷ്) അതായിരുന്നു റ്റിൻഡെയിലിന്റെ പരിഭാഷ മുഖാന്തരം ഉയർന്ന വെല്ലുവിളി. എന്നാൽ അദ്ദേഹം തിരഞ്ഞെടുത്ത ആ വാക്കുകളുടെ കൃത്യതയ്ക്ക് ആധുനിക പണ്ഡിതന്മാരുടെ പൂർണ അംഗീകാരമുണ്ട്.
അൻറ്വർപ്, ഒറ്റിക്കൊടുക്കൽ, മരണം
1526-നും 1528-നുമിടയിൽ റ്റിൻഡെയിൽ അൻറ്വർപിലേക്കു താമസം മാറ്റി. അവിടുത്തെ ഇംഗ്ലീഷുകാരായ വ്യാപാരികളുടെയിടയിൽ അദ്ദേഹത്തിനു സുരക്ഷിതത്വം തോന്നി. അവിടെവെച്ചായിരുന്നു പാരബ്ൾ ഓഫ് ദ വിക്കഡ് മാമൻ, ദി ഒബീഡിയൻസ് ഓഫ് എ ക്രിസ്റ്റ്യൻ മാൻ, ദ പ്രാക്ടീസ് ഓഫ് പ്രിലേറ്റ്സ് എന്നിവ അദ്ദേഹം എഴുതിയത്. റ്റിൻഡെയിൽ തന്റെ പരിഭാഷവേല തുടർന്നുകൊണ്ടിരുന്നു. എബ്രായ തിരുവെഴുത്തുകളുടെ ഇംഗ്ലീഷ് പരിഭാഷയിൽ യഹോവ എന്ന ദൈവനാമം ആദ്യമായി ഉപയോഗിച്ചത് റ്റിൻഡെയിലായിരുന്നു. പ്രസ്തുത നാമം അതിൽ 20-ലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്.
അൻറ്വർപിലെ തന്റെ സുഹൃത്തും ഉപകാരിയുമായ തോമസ് പൊയൻറ്സുമൊത്തു റ്റിൻഡെയിൽ താമസിച്ച കാലമത്രയും വോൾസിയുടെയും അദ്ദേഹത്തിന്റെ ചാരന്മാരുടെയും ഉപജാപങ്ങളിൽനിന്ന് അദ്ദേഹം സുരക്ഷിതനായിരുന്നു. രോഗികളോടും ദരിദ്രരോടും അദ്ദേഹം കാട്ടിയ പരിഗണന അദ്ദേഹത്തെ പ്രശസ്തനാക്കി. ഒടുവിൽ, ഇംഗ്ലീഷുകാരനായ ഹെൻട്രി ഫിലിപ്സ് ഉപായത്തിൽ റ്റിൻഡെയിലിന്റെ ഹൃദയം കവർന്നു സുഹൃത്തായിത്തീർന്നു. അതിന്റെ ഫലമായി, 1535-ൽ, റ്റിൻഡെയിൽ ഒറ്റിക്കൊടുക്കപ്പെട്ടു. അതേത്തുടർന്ന് അദ്ദേഹത്തെ ബ്രസ്സൽസിനു വടക്കു പത്തു കിലോമീറ്റർ അകലെയുള്ള വിൽവോർഡ് കാസ്ലിലേക്കു കൊണ്ടുപോകുകയും ചെയ്തു. അവിടെ അദ്ദേഹം 16 മാസത്തോളം ബന്ധനസ്ഥനായി.
ഫിലിപ്സിനെ വാടകയ്ക്കെടുത്തത് ആരെന്നു തിട്ടമായി പറയാനാവില്ല. എന്നാൽ സംശയത്തിന്റെ വിരൽ ചൂണ്ടുന്നത് ബിഷപ്പ് സ്റ്റോക്സ്ലിയുടെ നേർക്കാണ്. ലണ്ടനിൽ “മതനിന്ദ”കരുടെ പുസ്തകം കത്തിക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1539-ൽ മരണശയ്യയിൽവെച്ച് “തന്റെ ആയുഷ്കാലത്തിനിടയിൽ അമ്പതു മതനിന്ദകരെ തനിക്കു ചുട്ടെരിക്കാനായതിൽ സ്റ്റോക്സ്ലി ആഹ്ലാദംകൊണ്ടു”വെന്ന് ഡബ്ലിയു. ജെ. ഹീറ്റൻ ദ ബൈബിൾ ഓഫ് ദ റിഫോർമേഷൻ എന്ന പുസ്തകത്തിൽ പറയുന്നു. അതിലൊരുവനായിരുന്നു വില്യം റ്റിൻഡെയിൽ. 1536 ഒക്ടോബറിൽ, അദ്ദേഹത്തെ കഴുത്തു കുരുക്കിക്കൊന്ന് ശരീരം പരസ്യമായി ചുട്ടെരിച്ചു.
ഫിലിപ്സും അംഗമായിരുന്ന കാത്തലിക് ലൂവെയ്ൻ സർവകലാശാലയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മൂന്നു പ്രമുഖരായിരുന്നു റ്റിൻഡെയിലിനെ വിചാരണ ചെയ്ത കമ്മീഷനിലുണ്ടായിരുന്നത്. റ്റിൻഡെയിലിനെ മതനിന്ദയ്ക്കു കുറ്റംവിധിച്ച് അദ്ദേഹത്തിന്റെ പൗരോഹിത്യ അധികാരങ്ങൾ എടുത്തുകളയുന്ന ചടങ്ങു വീക്ഷിക്കാൻ ലൂവെയ്നിൽനിന്നുള്ള അധ്യാപകരായ ഈ മൂന്നു പുരോഹിതന്മാരും മൂന്നു ബിഷപ്പുമാരും മറ്റു ശ്രേഷ്ഠ വ്യക്തികളും സന്നിഹിതരായിരുന്നു. ഏതാണ്ട് 42-ാം വയസ്സിൽ അദ്ദേഹത്തിന്റെ ജീവനൊടുങ്ങിയതിൽ എല്ലാവരും ആഹ്ലാദിച്ചു.
ജീവചരിത്രകാരനായ റോബർട്ട് ഡിമേയസ് നൂറിലധികംവർഷങ്ങൾക്കുമുമ്പ് ഇങ്ങനെ പറഞ്ഞു: “നിർഭയമായ സത്യസന്ധതയ്ക്ക് എക്കാലത്തേക്കും പേരുകേട്ടവനായിരുന്നു റ്റിൻഡെയിൽ.” ലണ്ടനിൽ സ്റ്റോക്സ്ലി ചുട്ടെരിച്ചുകൊന്ന തന്റെ സഹകാരിയായ ജോൺ ഫ്രിത്തിന് റ്റിൻഡെയിൽ എഴുതി: “എന്റെ മനസ്സാക്ഷിക്കു വിരുദ്ധമായി ദൈവവചനത്തിന്റെ ഒരക്ഷരംപോലും ഞാനൊരിക്കലും മാറ്റിയിട്ടില്ല. ഇനിയിപ്പോൾ സുഖസൗകര്യങ്ങളോ ബഹുമതിയോ സമ്പത്തോ ലഭിച്ചാൽത്തന്നെയും ഇന്നും ഞാനതു ചെയ്യില്ല.”
ഇംഗ്ലണ്ടിലെ ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കാവുന്ന ഒരു ബൈബിൾ ലഭ്യമാക്കുന്നതിന്റെ പദവിക്കുവേണ്ടി വില്യം റ്റിൻഡെയിൽ തന്റെ ജീവിതമർപ്പിച്ചത് അങ്ങനെയായിരുന്നു. എന്തൊരു വിലയായിരുന്നു അദ്ദേഹത്തിന് ഒടുക്കേണ്ടിവന്നത്—എന്നാൽ എന്തൊരു അമൂല്യ സമ്മാനം!
[അടിക്കുറിപ്പുകൾ]
a താമസിയാതെതന്നെ ഫിദേയി ദെഫൻസോർ (Fidei Defensor) രാജ്യത്തെ നാണയത്തിൽ അച്ചടിച്ചുവന്നു. തന്റെ പിൻഗാമികൾക്കും ഈ സ്ഥാനപ്പേർ ലഭിക്കണമെന്ന് ഹെൻട്രി ആവശ്യപ്പെട്ടു. ഇന്ന് അതു ബ്രിട്ടീഷ് നാണയങ്ങളിൽ രാജാവിന്റെ ശിരസ്സിനു ചുറ്റുമായി Fid. Def., എന്നോ, അല്ലെങ്കിൽ കേവലം F.D. എന്നോ കാണപ്പെടുന്നു. രസകരമെന്നു പറയട്ടെ, അതേത്തുടർന്ന് “വിശ്വാസസംരക്ഷകൻ” എന്നത് 1611-ലെ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലെ ജയിംസ് രാജാവിനുള്ള സമർപ്പണം എന്ന ഭാഗത്ത് അച്ചടിക്കപ്പെടുകയും ചെയ്തു.
b ഈ എണ്ണത്തെക്കുറിച്ച് ഉറപ്പില്ല; ചില പ്രാമാണിക ഗ്രന്ഥങ്ങൾ പറയുന്നത് 3,000 കോപ്പികൾ എന്നാണ്.
[29-ാം പേജിലെ ചതുരം]
ആദിമ പരിഭാഷകൾ
സാധാരണക്കാരുടെ ഭാഷയിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തുന്നതിനുവേണ്ടി റ്റിൻഡെയിൽ നടത്തിയ അഭ്യർഥന ന്യായരഹിതമായിരുന്നില്ല, അതിനുമുമ്പ് ആരും ചെയ്യാഞ്ഞ ഒരു കാര്യവുമായിരുന്നില്ല. പത്താം നൂറ്റാണ്ടിൽ ആംഗ്ലോ-സാക്സനിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തിയിരുന്നു. ലത്തീനിൽനിന്നു പരിഭാഷപ്പെടുത്തിയ ബൈബിളുകൾ 15-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ നിർവിഘ്നം വിതരണംചെയ്യപ്പെട്ടിരുന്നു: ജർമൻ (1466), ഇറ്റാലിയൻ (1471), ഫ്രഞ്ച് (1474), ചെക്ക് (1475), ഡച്ച് (1477), കാറ്റാലൻ (1478). 1522-ൽ മാർട്ടിൻ ലൂഥർ ജർമൻ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധീകരിച്ചു. അതേകാര്യം ചെയ്യാൻ ഇംഗ്ലണ്ടിനെ അനുവദിക്കാത്തതെന്തുകൊണ്ട് എന്നേ റ്റിൻഡെയിൽ ചോദിച്ചുള്ളൂ.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Bible in the background: © The British Library Board; William Tyndale: By kind permission of the Principal, Fellows and Scholars of Hertford College, Oxford