രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“ദൈവവചനം പരന്നു”
ക്രിസ്തീയ സഭ രൂപംകൊണ്ടതിനുശേഷം, 120 അംഗങ്ങളിൽനിന്ന് അതു വളരെ പെട്ടെന്ന് 3,000-ത്തിലധികമായി വളർന്നു. (പ്രവൃത്തികൾ 1:15; 2:41) “ദൈവവചനം പരന്നു, യെരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി”യെന്നു ബൈബിൾ വിശദമാക്കുന്നു. (പ്രവൃത്തികൾ 6:7) പുതുതായി രൂപംകൊണ്ട സഭ, ഏതാനും വർഷങ്ങൾക്കുശേഷം, ഒരു ഭൂഖണ്ഡാന്തര സ്ഥാപനമായി മാറി. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലുമെല്ലാം ക്രിസ്ത്യാനികളുണ്ടായി.
അതുപോലെ ഇന്നും ക്രിസ്തീയ സഭയ്ക്കു ദ്രുതഗതിയിൽ വളർച്ചയുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, മെക്സിക്കോയിൽ രാജ്യപ്രഘോഷകരുടെ എണ്ണം കേവലം അഞ്ചു വർഷംകൊണ്ട് 1,30,000-ത്തിലധികം വർധിച്ച് 4,43,640 ആയിരിക്കുന്നു! 1995-ൽ, യഹോവയുടെ സാക്ഷികളുടെ ആഘോഷപ്രകാരമുള്ള ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ മെക്സിക്കോയിലെ 59 പേരിൽ ഒരാൾ എന്ന തോതിൽ സംബന്ധിച്ചു. ഇനിയും, ആ രാജ്യത്തെ ആത്മീയ കൊയ്ത്ത് തീർന്നിട്ടില്ല. പിൻവരുന്ന അനുഭവം അതാണു ദൃഷ്ടാന്തീകരിക്കുന്നത്.—മത്തായി 9:37, 38.
ചിയാപസ് സംസ്ഥാനത്തുള്ള ഒരു പട്ടണം. ആ പ്രദേശത്ത് 20 വർഷത്തോളം സുവാർത്ത പ്രസംഗിച്ചിട്ടും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരും തയ്യാറായില്ല. അക്രമിയെന്നു പേരുകേട്ടിരുന്ന ഒരു മനുഷ്യനെ പട്ടണവാസികളിൽ അനേകരും ഭയപ്പെട്ടിരുന്നുവെന്നതു വ്യക്തമാണ്. തങ്ങൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നെന്ന് അറിഞ്ഞാലുള്ള അയാളുടെ പ്രതികരണത്തെ അവർ ഭയപ്പെട്ടിരുന്നു.
ആ പ്രദേശത്തേക്കു താമസംമാറ്റിയ ധൈര്യശാലികളായ രണ്ടു സാക്ഷികൾ ആ വിവാദപുരുഷന്റെ അടുക്കൽത്തന്നെ നേരിട്ടുപോയി പ്രശ്നം കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. അവർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ വാതിൽക്കലെത്തി അവരുടെ സന്ദേശം ശ്രദ്ധയോടെ കേട്ടു. ഭൂമിയിലെ പറുദീസയിൽ ജീവിക്കുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നതിൽ അവർക്കു വിശേഷാൽ താത്പര്യമായി. ബൈബിൾ പഠിക്കാൻ തുനിഞ്ഞാൽ ഭർത്താവു പല പ്രശ്നങ്ങളുമുണ്ടാക്കുമെന്ന് അവൾ സമ്മതിച്ചു. ബൈബിൾ പറയുന്നതു ശ്രദ്ധാപൂർവം പരിശോധിക്കുന്നില്ലെങ്കിൽ ദൈവത്തെ സേവിക്കേണ്ടത് എങ്ങനെയെന്ന് ഒരിക്കലും അറിയുകയില്ലെന്നും ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കാനാവില്ലെന്നും സാക്ഷികൾ വിശദമാക്കി. ആ സ്ത്രീ ബൈബിൾ അധ്യയനം സ്വീകരിച്ചു.
പ്രതീക്ഷിച്ചതുപോലെ, അവരുടെ തീരുമാനം ഭർത്താവിന് ഇഷ്ടമായില്ല. ക്രിസ്തീയ യോഗങ്ങൾക്കു പോകാൻ ഭാര്യ സ്വന്തം വാഹനം ഉപയോഗിക്കുന്നത് അയാൾ വിലക്കി. എന്നാൽ വേറെ ഏതു കാര്യത്തിനും അവ ഉപയോഗിക്കാമായിരുന്നു. അദ്ദേഹത്തിന്റെ എതിർപ്പുണ്ടായിട്ടും, അവർ ഏറ്റവും അടുത്തുള്ള, അതായത് പത്തു കിലോമീറ്റർ അകലെയുള്ള, രാജ്യഹാളിലേക്കു മുടങ്ങാതെ നടന്നുപോയി. പെട്ടെന്നുതന്നെ പട്ടണത്തിലെ മറ്റുള്ളവർ അവരുടെ ധൈര്യവും ദൃഢനിശ്ചയവും ശ്രദ്ധിച്ചു. സാക്ഷികൾ ഭവനങ്ങൾ സന്ദർശിച്ചപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ചിലർ ആ സ്ത്രീയോടൊപ്പം യോഗങ്ങൾക്കുപോകാനും തുടങ്ങി. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ, സാക്ഷികൾ ആ പട്ടണത്തിൽ നടത്തിക്കൊണ്ടിരുന്നത് 20 ബൈബിളധ്യയനങ്ങളായിരുന്നു!
ഈ സ്ത്രീയുടെ ഒരു സ്നേഹിതയും ബൈബിൾ പഠിക്കാനാരംഭിച്ചു. അവളും ഭർത്താവിന്റെ എതിർപ്പു കാര്യമാക്കിയില്ല. വിസ്മയാവഹംതന്നെ, അങ്ങനെ പ്രവർത്തിക്കുന്നതിൽ അവൾക്ക് ആദ്യ സ്ത്രീയുടെ ഭർത്താവിൽനിന്നു പ്രോത്സാഹനമാണു കിട്ടിയത്. അയാൾ ഭർത്താവുമായി സംസാരിച്ചതോടെ അദ്ദേഹത്തിന്റെ എതിർപ്പു കെട്ടടങ്ങി. അങ്ങനെ അവസാനം 20 വർഷങ്ങൾക്കുശേഷം ബൈബിൾസത്യത്തിന്റെ വിത്ത് പൊട്ടിമുളച്ചു. ഇപ്പോൾ സുവാർത്ത പ്രഘോഷിക്കുന്ന ഈ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 15-ലധികം പേർ അവിടെ ബൈബിൾ പഠിക്കുകയും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നുണ്ട്.