നിങ്ങൾ മുൻവിധിയുടെ ഇരയാണോ?
വംശീയ അക്രമം, വർഗീയത, വിവേചന, ഒറ്റപ്പെടുത്തൽ, വംശഹത്യ എന്നിവ തമ്മിലുള്ള പൊതു സാമ്യമെന്താണ്? അവയെല്ലാം വിപുലവ്യാപകമായ ഒരു മാനുഷ പ്രവണതയുടെ അനന്തരഫലങ്ങളാണ്—മുൻവിധി!
എന്താണു മുൻവിധി? ഒരു വിജ്ഞാനകോശം അതിനെ ഇങ്ങനെ നിർവചിക്കുന്നു: “ന്യായമായി നിർണയത്തിലെത്തുന്നതിനു സമയവും താത്പര്യവുമെടുക്കാതെ രൂപവൽക്കരിക്കുന്ന ഒരു അഭിപ്രായം.” അപൂർണമനുഷ്യരെന്ന നിലയിൽ, ഒരളവോളം മുൻവിധിയുള്ളവരായിരിക്കാൻ പ്രവണത കാട്ടുന്നവരാണു നാം. വസ്തുതകളെല്ലാമില്ലാതെ നിർണയത്തിലെത്തിയിട്ടുള്ള സാഹചര്യങ്ങളെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾക്ക് അനുസ്മരിക്കാൻ കഴിയും. മുൻവിധി കാട്ടുന്നതിനുള്ള അത്തരം പ്രവണതകളെ യഹോവയാം ദൈവം കാര്യങ്ങൾ നിർണയിക്കുന്ന രീതിയുമായി ബൈബിൾ വിപരീത താരതമ്യം ചെയ്യുന്നുണ്ട്. അതിങ്ങനെ പറയുന്നു: ദൈവം നോക്കുന്നതു “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”—1 ശമൂവേൽ 16:7.
മുൻവിധിക്കു വ്രണപ്പെടുത്താൻ കഴിയും
നിസ്സംശയമായും, എല്ലാവരുംതന്നെ ഏതെങ്കിലുമൊരു സമയത്ത്, ആരെങ്കിലുമൊരാളാൽ തെറ്റായി വിധിക്കപ്പെട്ടിട്ടുണ്ട്. (സഭാപ്രസംഗി 7:21, 22 താരതമ്യം ചെയ്യുക.) പൊതുവേ പറഞ്ഞാൽ, നാമെല്ലാം മുൻവിധിയുടെ ഇരകളാണ്. എന്നിരുന്നാലും, പെട്ടെന്നു പിഴുതെറിയുന്നപക്ഷം, മുൻവിധിയോടുകൂടിയ ചിന്തകൾ സാധ്യതയനുസരിച്ചു കാര്യമായി വ്രണപ്പെടുത്തുകയില്ല, അല്ലെങ്കിൽ ഒട്ടുംതന്നെ വ്രണപ്പെടുത്തുകയില്ല. അത്തരം ചിന്തകൾ ഊട്ടിവളർത്തുന്നതാണു ദ്രോഹത്തിൽ കലാശിക്കുന്നത്. വ്യാജത്തിൽ വിശ്വസിക്കുന്നതിലേക്കു നമ്മെ ചതിക്കാൻ അതിനു കഴിയും. ഉദാഹരണത്തിന്, ഒരു വ്യക്തി പ്രത്യേക മതത്തിലോ വംശത്തിലോ ദേശീയ വിഭാഗത്തിലോ നിന്നുള്ളതാണെന്ന കാരണത്താൽ മാത്രം അയാൾ അത്യാഗ്രഹിയോ മടിയനോ വിഡ്ഢിയോ, അല്ലെങ്കിൽ അഹങ്കാരിയോ ആയിരുന്നേക്കാമെന്നു മുൻവിധി നിമിത്തം ചിലർ യഥാർഥത്തിൽ വിശ്വസിക്കുന്നു.
മിക്കപ്പോഴും അത്തരം തെറ്റായ നിരൂപണം, ന്യായരഹിതമോ നിന്ദാപരമോ അക്രമാസക്തമോ ആയ രീതിയിൽ മറ്റുള്ളവരോടു പെരുമാറാൻ കളമൊരുക്കുന്നു. കൂട്ടക്കൊലകൾ, വംശഹത്യകൾ, വർഗീയ കൊലകൾ എന്നിവയും അതിരുകടന്ന മുൻവിധിയുടെ മറ്റു ചേഷ്ടകളും നിമിത്തം ദശലക്ഷങ്ങളുടെ ജീവനാണു നഷ്ടപ്പെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യം, സുരക്ഷിതത്വം, സമത്വം എന്നിവയ്ക്ക് അലംഘനീയ അവകാശം നിയമപരമായി നൽകിക്കൊണ്ടു ഭൂവ്യാപകമായി ഗവണ്മെന്റുകൾ മുൻവിധിയെ തളച്ചിടാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ രാജ്യത്തെ ഭരണഘടന അല്ലെങ്കിൽ പ്രധാന നിയമവ്യവസ്ഥ വായിക്കുന്നപക്ഷം, വർഗ-ലിംഗ-മതഭേദമന്യേ സകല പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു വകുപ്പോ ഭേദഗതിയോ ഉള്ളതായി നിങ്ങൾ കണ്ടെത്തുമെന്നതു തീർച്ചയാണ്. എന്നിട്ടും, ലോകത്തെങ്ങും മുൻവിധിയും വിവേചനയും നടമാടുകയാണ്.
നിങ്ങൾ മുൻവിധിയുടെ ഇരയാണോ? നിങ്ങളുടെ വർഗം, പ്രായം, ലിംഗം, ദേശം, അല്ലെങ്കിൽ മതവിശ്വാസം എന്നിവകൊണ്ടുമാത്രം അത്യാഗ്രഹിയോ മടിയനോ വിഡ്ഢിയോ അഹങ്കാരിയോ ആയി നിങ്ങൾ മുദ്രകുത്തപ്പെട്ടിട്ടുണ്ടോ? മുൻവിധി നിമിത്തം ഉചിതമായ വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം എന്നിവയും സാമൂഹ്യ സേവനങ്ങളും നിങ്ങൾക്കു നിഷേധിക്കപ്പെടുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾക്കത് എങ്ങനെ തരണം ചെയ്യാം?
[3-ാം പേജിലെ ചിത്രം]
മുൻവിധി ഊട്ടിവളർത്തുന്നതു വർഗീയ വിദ്വേഷത്തിനു കളമൊരുക്കുന്നു
[കടപ്പാട്]
Nina Berman/Sipa Press