വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഭൗമിക പ്രത്യാശയുള്ള ഇന്നത്തെ ദൈവദാസന്മാർക്ക് ആത്മാഭിഷിക്ത ക്രിസ്ത്യാനികൾക്കുള്ള അത്രയും ദൈവാത്മാവുണ്ടെന്നു നമുക്കു പറയാൻ സാധിക്കുമോ?
ഈ ചോദ്യം പുതിയ ഒന്നല്ല. 1952 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങ”ളിൽ ഇക്കാര്യംതന്നെ പ്രതിപാദിച്ചിരുന്നു. അതിനുശേഷം, അനവധി പേർ സാക്ഷികളായിത്തീർന്നിട്ടുണ്ട്. അതുകൊണ്ട് ഈ ചോദ്യം വീണ്ടും പരിചിന്തിക്കവേ നേരത്തേ പറഞ്ഞ വിവരങ്ങൾ പുനരവലോകനം നടത്തുകയും ചെയ്യാം.
അടിസ്ഥാനപരമായി പറഞ്ഞാൽ, ഉത്തരം ഉവ്വ് എന്നാണ്. വേറെ ആടുകളിൽപെട്ട വിശ്വസ്ത സഹോദരീസഹോദരന്മാർക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവു ലഭിക്കുന്നതിൽ അഭിഷിക്തരോടൊപ്പം തുല്യമായി പങ്കുപറ്റാൻ സാധിക്കും.—യോഹന്നാൻ 10:16.
ആത്മാവ് എല്ലാവരിലും ഒരുപോലെയാണു പ്രവർത്തിക്കുന്നതെന്നു തീർച്ചയായും ഇത് അർഥമാക്കുന്നില്ല. പിന്തിരിഞ്ഞ്, ദൈവാത്മാവു ലഭിച്ച ക്രിസ്തീയപൂർവ വിശ്വസ്ത ദാസന്മാരെക്കുറിച്ചു ചിന്തിക്കുക. ആത്മാവിന്റെ ശക്തിയാൽ അവർ ഉഗ്രമൃഗങ്ങളെ കൊന്നു, രോഗികളെ സൗഖ്യമാക്കി, മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു. ബൈബിളിലെ നിശ്വസ്ത ഗ്രന്ഥങ്ങൾ എഴുതുന്നതിന് അവർക്ക് ആത്മാവ് ആവശ്യമായിരുന്നു. (ന്യായാധിപന്മാർ 13:24, 25; 14:5, 6; 1 രാജാക്കൻമാർ 17:17-24; 2 രാജാക്കൻമാർ 4:17-37; 5:1-14) “അഭിഷിക്ത വർഗത്തിൽപ്പെട്ടവർ അല്ലായിരുന്നെങ്കിലും, അവർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു” എന്നു വീക്ഷാഗോപുരം പറഞ്ഞു.
മറ്റൊരു തലത്തിൽനിന്നു വീക്ഷിക്കുമ്പോൾ, പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായ ഒന്നാം നൂറ്റാണ്ടിലെ സ്ത്രീപുരുഷന്മാർ ദൈവത്തിന്റെ, സ്വർഗീയ പ്രത്യാശയുള്ള ആത്മീയ പുത്രന്മാരായിത്തീർന്നതിനെക്കുറിച്ചു പരിചിന്തിക്കുക. എല്ലാവരും അഭിഷിക്തരായി, എന്നാൽ അവരിലെല്ലാം ആത്മാവ് ഒരേ വിധത്തിൽ പ്രവർത്തിച്ചുവെന്ന് അത് അർഥമാക്കുന്നില്ല. 1 കൊരിന്ത്യർ 12-ാം അധ്യായത്തിൽനിന്ന് അതു വ്യക്തമാണ്. അവിടെ അപ്പോസ്തലനായ പൗലോസ് ആത്മാവിന്റെ വരങ്ങളെക്കുറിച്ചു ചർച്ചചെയ്തു. 8, 9, 11 വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: “ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറെറാരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു. വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറെറാരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; . . . എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.”
അന്നുണ്ടായിരുന്ന അഭിഷിക്തർക്കെല്ലാം ആത്മാവിന്റെ അത്ഭുതകരമായ വരങ്ങൾ ഇല്ലായിരുന്നു എന്നതു ശ്രദ്ധേയമാണ്. ഒരുത്തനു ഭാഷാവരമുണ്ടായിരുന്നെങ്കിലും സന്നിഹിതരായിരുന്ന ആർക്കും പരിഭാഷാവരമില്ലായിരുന്ന ഒരു സഭായോഗത്തെക്കുറിച്ചു പൗലോസ് 1 കൊരിന്ത്യർ 14-ാം അധ്യായത്തിൽ പരാമർശിച്ചു. എന്നിരുന്നാലും, നേരത്തെ അവരിൽ ഓരോരുത്തരും അനുഭവിച്ചത് ആത്മാവുകൊണ്ടുള്ള അഭിഷേകമായിരുന്നു. ഭാഷാവരമുണ്ടായിരുന്ന സഹോദരനു സന്നിഹിതരായിരുന്ന മറ്റുള്ളവരെക്കാൾ കൂടുതൽ ആത്മാവുണ്ടെന്നു പറയുന്നത് ന്യായയുക്തമായിരിക്കുമായിരുന്നോ? ഇല്ല. മറ്റുള്ള ആ അഭിഷിക്തർ ബൈബിളും അതുപോലെ ആ വ്യക്തി പറയുന്നതും മനസ്സിലാക്കാനോ പീഡാനുഭവങ്ങളെ നേരിടാനോ കഴിയാത്ത ഒരു സ്ഥാനത്തായിരുന്നാലെന്നപോലെ പ്രാപ്തിയില്ലാത്തവരായിരുന്നില്ല. അന്യഭാഷയിൽ സംസാരിക്കാൻ കഴിഞ്ഞ സഹോദരനിൽ ആത്മാവ് ഒരു പ്രത്യേക വിധത്തിൽ പ്രവർത്തിച്ചു. എന്നിട്ടും, പൗലോസ് എഴുതിയതുപോലെ “ആത്മാവു നിറഞ്ഞവരായി”ത്തീരുന്നതിന് അവനും മറ്റുള്ളവരും യഹോവയോട് അടുത്തുനിൽക്കേണ്ടതുണ്ടായിരുന്നു.—എഫെസ്യർ 5:18.
ഇന്നത്തെ ശേഷിപ്പിൽപെട്ടവരുടെ കാര്യമെടുത്താൽ, അവർക്കു തീർച്ചയായും ദൈവാത്മാവു ലഭിച്ചിട്ടുണ്ട്. അഭിഷേകം ചെയ്യപ്പെട്ട് ആത്മീയ പുത്രന്മാരായി അവർ ദത്തെടുക്കപ്പെട്ട ഘട്ടത്തിൽ ഒരു പ്രത്യേക വിധത്തിൽ അത് അവരിൽ പ്രവർത്തിച്ചു. അതിനുശേഷം, അവർ “ആത്മാവു നിറഞ്ഞവരായി”ത്തുടരുന്നു. ബൈബിൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുകയോ പ്രസംഗവേലയിൽ നേതൃത്വമെടുക്കുകയോ പരിശോധനകൾ വ്യക്തിപരമോ സ്ഥാപനപരമോ ആയിരുന്നാലും അവയെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോൾ അവർക്ക് അതിന്റെ സഹായം ലഭിക്കുന്നു.
“വേറെ ആടുക”ളിൽപെട്ട അംഗങ്ങൾക്ക് അഭിഷേകം ചെയ്യപ്പെടുന്നതിന്റെ അനുഭവം ഉണ്ടായിട്ടില്ലെങ്കിലും, മറ്റു വിധങ്ങളിൽ അവർക്കു പരിശുദ്ധാത്മാവു ലഭിക്കുന്നു. 1952 ഏപ്രിൽ 15-ലെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെട്ടു:
“‘വേറെ ആടുകൾ’ ശേഷിപ്പിനെപ്പോലെതന്നെ പരിശോധനാത്മകമായ ഒരേ സാഹചര്യങ്ങളിൻ കീഴിൽ ഒരേ പ്രസംഗവേല നിർവഹിക്കുകയും ഒരേ വിശ്വസ്തതയും നിർമലതയും കാണിക്കുകയും ചെയ്യുന്നു. അവർ ഒരേ ഭക്ഷണം കഴിച്ചുകൊണ്ടും ഒരേ സത്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടും ഒരേ ആത്മീയ മേശയിങ്കൽനിന്നു ഭക്ഷിക്കുന്നു. ഭൗമിക പ്രത്യാശകളും ഭൗമിക കാര്യങ്ങളിലുള്ള ആഴമായ താത്പര്യവുമുള്ള ഭൗമിക വർഗത്തിൽപ്പെട്ടവരായതുകൊണ്ട്, പുതിയ ലോകത്തിലെ ഭൗമികാവസ്ഥകളോടു ബന്ധപ്പെട്ട തിരുവെഴുത്തുകളിൽ അവർ കൂടുതൽ താത്പര്യം പ്രകടമാക്കിയേക്കാം; എന്നാൽ സ്വർഗീയ പ്രത്യാശകളും ആത്മാവിന്റെ കാര്യങ്ങളിലുള്ള തീവ്രമായ വ്യക്തിഗത താത്പര്യവുമുള്ളതുകൊണ്ട്, അഭിഷിക്ത ശേഷിപ്പ് ദൈവവചനത്തിലെ അത്തരം കാര്യങ്ങളെക്കുറിച്ചു കൂടുതൽ ഉത്സാഹത്തോടെ പഠിക്കുന്നു. . . . എന്നാൽ, ഇരു വർഗങ്ങളിലും പെട്ടവർക്ക് ഒരേ സത്യവും ഒരേ ഗ്രാഹ്യവും ലഭ്യമാണെന്ന വസ്തുത മാറ്റമില്ലാതെ നിലകൊള്ളുന്നു. തങ്ങൾ നേടുന്ന സ്വർഗീയവും ഭൗമികവുമായ കാര്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തെ നിർണയിക്കുന്ന പഠനത്തിൽ വ്യക്തികൾ എങ്ങനെ സ്വയം ഏർപ്പെടുന്നു എന്നതു മാത്രമാണു മാനദണ്ഡം. ഇരു വർഗങ്ങൾക്കും കർത്താവിന്റെ ആത്മാവു തുല്യമായ അളവിൽ ലഭ്യമാണ്, അറിവും ഗ്രാഹ്യവും ഇരു കൂട്ടർക്കും ഒരേപോലെ ലഭിക്കുന്നു, അതുപോലെതന്നെ അതു ഗ്രഹിക്കുന്നതിനുള്ള തുല്യ അവസരങ്ങളും.”