മർദിതർക്ക് ആശ്വാസം
നിങ്ങളുടെ ആയുഷ്കാലം മുഴുവൻ ചില വാക്കുകൾ പ്രമുഖ വാർത്താതലക്കെട്ടുകളിൽ ആവർത്തിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? യുദ്ധം, കുററകൃത്യം, ദുരന്തം, വിശപ്പ്, യാതന തുടങ്ങിയ വാക്കുകൾ നിങ്ങൾ വായിച്ചു മടുത്തോ? എങ്കിലും, വാർത്താ റിപ്പോർട്ടുകളിൽ ഒരു വാക്കിന്റെ അഭാവം ശ്രദ്ധേയമാണ്. എന്നാൽ, അതു മനുഷ്യവർഗത്തിന് അത്യന്തം അവശ്യമായിരിക്കുന്ന ഒന്നിനെ പ്രതിനിധാനം ചെയ്യുന്ന വാക്കാണ്—“ആശ്വാസം.”
“ആശ്വസിപ്പിക്കുക” എന്നതിനർഥം ഒരുവനു “ശക്തിയോ പ്രത്യാശയോ നൽകുക” എന്നും ഒരുവന്റെ “ദുഃഖത്തിനോ കുഴപ്പത്തിനോ ശമനം വരുത്തുക” എന്നുമാണ്. 20-ാം നൂറ്റാണ്ടിൽ ലോകം കടന്നുപോയ പ്രക്ഷുബ്ധാവസ്ഥയുടെയെല്ലാം അടിസ്ഥാനത്തിൽ പ്രത്യാശയും ദുഃഖശമനവും അത്യന്താപേക്ഷിതമാണ്. നമ്മുടെ പൂർവികർ, എന്നെങ്കിലും സാധ്യമാകുമെന്നു സങ്കൽപ്പിച്ചിട്ടുകൂടിയില്ലാത്ത സുഖഭോഗങ്ങൾ ഇന്നു നമ്മിൽ ചിലർ ആസ്വദിക്കുന്നുവെന്നതു ശരിതന്നെ. അതു കൂടുതലും ശാസ്ത്രീയ പുരോഗതി നിമിത്തമാണ്. എന്നാൽ ദുരിതത്തിനുള്ള കാരണങ്ങളെല്ലാം മനുഷ്യവർഗത്തിനിടയിൽനിന്നു നീക്കംചെയ്യുക എന്ന അർഥത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മെ ആശ്വസിപ്പിച്ചിട്ടില്ല. ആ കാരണങ്ങൾ ഏതെല്ലാമാണ്?
അനവധി നൂറ്റാണ്ടുകൾമുമ്പ്, ജ്ഞാനിയായ ശലോമോൻ ദുരിതത്തിന്റെ ഒരു അടിസ്ഥാന കാരണത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു: ‘മനുഷ്യൻ മനുഷ്യന്റെമേൽ അധികാരം സ്ഥാപിച്ച് ദ്രോഹിക്കുന്നു.’ (സഭാപ്രസംഗി 8:9, പി.ഒ.സി. ബൈബിൾ) സഹമനുഷ്യന്റെമേൽ അധികാരം സ്ഥാപിക്കാനുള്ള മനുഷ്യ പ്രവണതയ്ക്കു മാറ്റംവരുത്താൻ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും കഴിഞ്ഞിട്ടില്ല. 20-ാം നൂറ്റാണ്ടിൽ അതു രാജ്യങ്ങൾക്കുള്ളിലെ മർദക ഏകാധിപത്യങ്ങൾക്കോ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്കോ വഴിച്ചാലിട്ടിരിക്കുന്നു.
1914 മുതൽ പത്തു കോടിയിലധികം ആളുകൾ യുദ്ധം നിമിത്തം കൊല്ലപ്പെട്ടിട്ടുണ്ട്. ആ സംഖ്യയ്ക്കു പിന്നിലുള്ള മനുഷ്യ യാതനയെപ്പറ്റി—ആശ്വാസം തേടുന്ന ദുഃഖാർത്തരായ കോടിക്കണക്കിനു കുടുംബങ്ങളെപ്പറ്റി—ചിന്തിച്ചുനോക്കൂ. നിഷ്ഠുരമായ മരണത്തിനുപുറമേ മററു വിധങ്ങളിലുള്ള യാതനകൾക്കും യുദ്ധങ്ങൾ വഴിയൊരുക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം യൂറോപ്പിൽ 1.2 കോടിയിലധികം അഭയാർഥികൾ ഉണ്ടായിരുന്നു. കുറേക്കൂടെ അടുത്തകാലത്ത്, 15 ലക്ഷം ആളുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ യുദ്ധമേഖലയിൽനിന്നു പലായനം ചെയ്തു. ബാൾക്കൻസിലെ യുദ്ധം 20 ലക്ഷം ആളുകളെ വീടുവിട്ടു പലായനം ചെയ്യാൻ—പല സംഭവങ്ങളിലും “വർഗീയ വെടിപ്പാക്ക”ലിൽനിന്നു രക്ഷപ്പെടാൻ—നിർബന്ധിതരാക്കി.
അഭയാർഥികൾക്ക് ആശ്വാസം അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച്, കയ്യിലൊതുങ്ങുന്ന സ്വത്തുക്കൾ മാത്രമായി, എങ്ങോട്ടു പോകണമെന്നോ തങ്ങൾക്കും കുടുംബത്തിനും ഭാവി എന്തു കൈനീട്ടുന്നുവെന്നോ അറിയാതെ വീടുവിട്ടുപോകാൻ നിർബന്ധിതരാകുന്നവർക്ക്. അത്തരക്കാരാണു മർദനത്തിന്റെ ഏറ്റവും ദയനീയ ഇരകൾ; അവർക്ക് ആശ്വാസം ആവശ്യമാണ്.
ഭൂമിയിൽ അതിനെക്കാൾ കൂടുതൽ സമാധാനമുള്ള ഭാഗങ്ങളിൽ ജീവിക്കുന്ന ജനകോടികൾ അക്ഷരാർഥത്തിൽ ലോക സാമ്പത്തിക വ്യവസ്ഥയ്ക്ക് അടിമകളാണ്. ചിലർക്കു ഭൗതിക വസ്തുക്കൾ സമൃദ്ധമായി ഉണ്ടെന്നതു ശരിതന്നെ. എങ്കിലും ഭൂരിപക്ഷവും അഷ്ടിക്കു വകതേടാൻ അനുദിനം പെടാപ്പാടുപെടുന്നു. അനേകർ ഭേദപ്പെട്ട താമസസൗകര്യം തേടിക്കൊണ്ടിരിക്കുന്നു. തൊഴിൽരഹിതരുടെ സംഖ്യ വർധിച്ചുവരുന്നു. “2020-ാമാണ്ടോടെ കൂടുതലായി 130 കോടിയിലധികം ആളുകൾ തൊഴിൽ തേടുമെന്നുള്ളതുകൊണ്ടു ലോകം അഭൂതപൂർവമായ തൊഴിലില്ലായ്മ പ്രതിസന്ധിയിലേക്കു കുതിക്കുകയാണ്” എന്ന് ഒരു ആഫ്രിക്കൻ വാർത്താപത്രം മുൻകൂട്ടിപ്പറഞ്ഞു. സാമ്പത്തിക ഞെരുക്കമുള്ളവർക്കു തീർച്ചയായും “ശക്തിയും പ്രത്യാശയും”—ആശ്വാസം—ആവശ്യമാണ്.
ഗതിയറ്റ സാഹചര്യങ്ങളിൽ ചിലർ കുറ്റവാളികളായിത്തീരുന്നു. അതു തീർച്ചയായും, അതിന്റെ ഇരകൾക്കു ബുദ്ധിമുട്ടു മാത്രമേ ഉളവാക്കുന്നുള്ളൂ. കുറ്റകൃത്യങ്ങളുടെ ഉയർന്ന നിരക്കു മർദിതബോധത്തിന് ആക്കവും കൂട്ടുന്നു. സമീപകാലത്തു ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ ദ സ്റ്റാർ എന്ന ഒരു വാർത്താപത്രത്തിൽവന്ന തലക്കെട്ട് ഇങ്ങനെ വായിക്കുന്നു: “‘ലോകത്തിലേക്കുംവെച്ച് ഏറ്റവും ഹിംസാത്മകമായ രാജ്യത്തെ’ ഒരു സാധാരണ ദിവസം.” ജോഹാനസ്ബർഗിലും അതിനു ചുറ്റും ഉള്ള ഒരു സാധാരണ ദിവസത്തെക്കുറിച്ച് ആ ലേഖനം വർണിച്ചു. അന്നേ ദിവസം നാലുപേർ കൊലപാതകത്തിന് ഇരകളായി, എട്ടുപേരുടെ മോട്ടോർ വാഹനങ്ങൾ റാഞ്ചിക്കൊണ്ടുപോയി. ഒരു ഇടത്തരം നഗരപ്രാന്തത്തിൽ പതിനേഴു ഭവനഭേദനം റിപ്പോർട്ടു ചെയ്യപ്പെട്ടു. അതിനുപുറമേ, നിരവധി സായുധ കവർച്ചകളും. പൊലീസ് ആ ദിവസത്തെ “താരതമ്യേന ശാന്തമായ” ഒരു ദിവസമെന്നു വർണിച്ചതായി വാർത്താപത്രം റിപ്പോർട്ടു ചെയ്തു. കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കൾക്കും ഭവനഭേദനത്തിനും കാർ റാഞ്ചലിനും വിധേയരായവർക്കും അങ്ങേയറ്റം മർദിതബോധം അനുഭവപ്പെട്ടുവെന്നതു വ്യക്തം. അവർക്കു സുരക്ഷിതത്വവും പ്രത്യാശയും—ആശ്വാസം—ആവശ്യമാണ്.
ചില ദേശങ്ങളിൽ മക്കളെ വ്യഭിചാരവൃത്തിക്കായി വിൽക്കുന്ന മാതാപിതാക്കളുണ്ട്. “ലൈംഗിക വിനോദസഞ്ചാരം” നടത്തുന്നതിനു വിനോദസഞ്ചാരികൾ പ്രവഹിക്കുന്ന ഒരു ഏഷ്യൻ രാജ്യത്ത് 20 ലക്ഷം വേശ്യകൾ ഉള്ളതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. അവരിലനേകരെയും ചെറുപ്പത്തിലേ വിലയ്ക്കു വാങ്ങിയതോ തട്ടിക്കൊണ്ടുവന്നതോ ആണ്. ദയനീയരായ ഈ ഇരകളെക്കാൾ മർദിതരായ മറ്റാരെങ്കിലുമുണ്ടോ? ഈ അധമ വ്യാപാരത്തെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ട്, 1991-ൽ നടന്ന തെക്കുകിഴക്കൻ ഏഷ്യയിലെ വനിതാ സംഘടനകളുടെ സമ്മേളനത്തെക്കുറിച്ചു ടൈം മാഗസിൻ റിപ്പോർട്ടു ചെയ്തു. “1970-കളുടെ മധ്യംമുതൽ ലോകവ്യാപകമായി മൂന്നുകോടി സ്ത്രീകളെ വിറ്റതായി” അവിടെ കണക്കാക്കപ്പെട്ടു.
തീർച്ചയായും, കുട്ടികൾ ഇരകളായിത്തീരുന്നതിന് അവരെ വ്യഭിചാരത്തിനു വിൽക്കേണ്ടതില്ല. സ്വന്തം വീട്ടിൽവെച്ചു മാതാപിതാക്കളാലും ബന്ധുക്കളാലും ശരീര ദുർവിനിയോഗമോ ബലാൽസംഗം പോലുമോ ചെയ്യപ്പെടുന്നവരുടെ സംഖ്യ വർധിച്ചുവരുകയാണ്. അത്തരം കുട്ടികൾ ദീർഘകാലം വൈകാരിക മുറിവുകൾ പേറി നടന്നേക്കാം. മർദനത്തിന്റെ ദയനീയ ഇരകളെന്ന നിലയിൽ അവർക്കു തീർച്ചയായും ആശ്വാസം ആവശ്യമാണ്.
മർദനത്തിന്റെ ഒരു പുരാതന പഠിതാവ്
മനുഷ്യ മർദനത്തിന്റെ വ്യാപ്തി ശലോമോൻ രാജാവിനെ അലട്ടി. അവൻ എഴുതി: “ഞാൻ സൂര്യനു കീഴേയുള്ള എല്ലാ മർദ്ദനങ്ങളും വീക്ഷിച്ചു. മർദ്ദിതരുടെ കണ്ണീരു ഞാൻ കണ്ടു, അവരെ ആശ്വസിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. ശക്തി മർദകർക്കായിരുന്നു; ആരും പ്രതികാരം ചെയ്യാൻ ഉണ്ടായിരുന്നില്ല.”—സഭാപ്രസംഗി 4:1, പി.ഒ.സി. ബൈ.
മർദിതർക്ക് ആശ്വാസകന്റെ അതിയായ ആവശ്യമുണ്ടെന്നു ജ്ഞാനിയായ രാജാവ് 3,000 വർഷം മുമ്പു തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇന്ന് അവൻ എന്തു പറയും? എങ്കിലും, താൻ ഉൾപ്പെടെയുള്ള അപൂർണ മനുഷ്യർക്കാർക്കും മനുഷ്യവർഗത്തിന് ആവശ്യമായ ആശ്വാസം പ്രദാനം ചെയ്യാനാവില്ലെന്നു ശലോമോന് അറിയാമായിരുന്നു. മർദകരുടെ ശക്തി ഇല്ലായ്മ ചെയ്യുന്നതിന് അതിലും വലിയ ഒരാളുടെ ആവശ്യമുണ്ടായിരുന്നു. അത്തരമൊരു വ്യക്തിയുണ്ടോ?
ബൈബിളിൽ, സങ്കീർത്തനം 72 സകല ജനത്തിനുമുള്ള ഒരു വലിയ ആശ്വാസകനെപ്പറ്റി പറയുന്നുണ്ട്. ശലോമോന്റെ പിതാവായിരുന്ന ദാവീദ് രാജാവാണ് ആ സങ്കീർത്തനം എഴുതിയത്. അതിന്റെ മേലെഴുത്ത് ഇങ്ങനെ വായിക്കുന്നു: “ശലോമോന്റെ ഒരു സങ്കീർത്തനം.” സ്പഷ്ടമായും അത്, വയസ്സായ ദാവീദ് രാജാവ് തന്റെ സിംഹാസനം അവകാശമാക്കാൻ പോകുന്നവനെക്കുറിച്ചാണ് എഴുതിയത്. ആ സങ്കീർത്തനപ്രകാരം, ആ വ്യക്തി മർദകരിൽനിന്നു ശാശ്വത ആശ്വാസം കൈവരുത്തും. “അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും . . . ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.”—സങ്കീർത്തനം 72:7, 8.
ദാവീദ് ആ വാക്കുകൾ എഴുതിയപ്പോൾ സാധ്യതയനുസരിച്ച്, അവൻ തന്റെ മകനായ ശലോമോനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. എന്നാൽ ആ സങ്കീർത്തനത്തിൽ വിവരിച്ചിരുന്ന വിധത്തിൽ മനുഷ്യവർഗത്തെ സേവിക്കുക എന്നതു തന്റെ ശക്തിക്ക് അതീതമാണെന്നു ശലോമോൻ തിരിച്ചറിഞ്ഞു. ആ സങ്കീർത്തനത്തിലെ വാക്കുകൾ മുഴു ഭൂമിയുടെയും പ്രയോജനത്തിനുവേണ്ടിയല്ല, ഇസ്രായേൽ ജനതയ്ക്കുവേണ്ടി ചെറിയ അളവിൽ മാത്രമേ അവനു നിവർത്തിക്കാൻ കഴിഞ്ഞുള്ളൂ. ആ നിശ്വസ്ത പ്രാവചനിക സങ്കീർത്തനം ശലോമോനിലും ഏറെ വലിയ ഒരുവനിലേക്കു വിരൽചൂണ്ടിയെന്നതു സ്പഷ്ടം. അത് ആരായിരുന്നു? അത് യേശുക്രിസ്തുവല്ലാതെ മറ്റാരുമായിരുന്നില്ല.
ഒരു ദൂതൻ യേശുവിന്റെ ജനനം അറിയിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കൊസ് 1:32) കൂടാതെ, “ശലോമോനിലും വലിയവൻ” എന്ന് യേശു സ്വയം പരാമർശിച്ചു. (ലൂക്കൊസ് 11:31) ദൈവത്തിന്റെ വലത്തുഭാഗത്തേക്കു പുനരുത്ഥാനം പ്രാപിച്ചതുമുതൽ യേശു സ്വർഗത്തിൽ, സങ്കീർത്തനം 72-ലെ വാക്കുകൾ നിവർത്തിക്കുന്ന സ്ഥാനത്ത്, ആണ്. കൂടാതെ, മനുഷ്യ മർദകരുടെ നുകം തകർക്കാനുള്ള ശക്തിയും അധികാരവും അവനു ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്നു. (സങ്കീർത്തനം 2:7-9; ദാനീയേൽ 2:44) അതുകൊണ്ട്, സങ്കീർത്തനം 72-ലെ വാക്കുകൾ നിവർത്തിക്കുന്നത് യേശുവാണ്.
മർദനം പെട്ടെന്ന് അവസാനിക്കും
അതിന്റെ അർഥമെന്താണ്? സകലവിധ മനുഷ്യമർദനത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം പെട്ടെന്നുതന്നെ ഒരു യാഥാർഥ്യമാകും എന്നാണ്. ഈ 20-ാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ചിരിക്കുന്ന അഭൂതപൂർവമായ യാതനയും മർദനവും ‘വ്യവസ്ഥിതിയുടെ സമാപനത്തിന്റെ’ അടയാളമായിരിക്കുമെന്ന് യേശു മുൻകൂട്ടി പറഞ്ഞിരുന്നു. (മത്തായി 24:3, NW) മറ്റു കാര്യങ്ങളോടൊപ്പം അവൻ ഇങ്ങനെയും മുൻകൂട്ടിപ്പറഞ്ഞു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.” (മത്തായി 24:7) പ്രവചനത്തിന്റെ ആ സവിശേഷത 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്തോടടുത്തു നിവൃത്തിയേറാൻ തുടങ്ങി. “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും” എന്ന് യേശു കൂട്ടിച്ചേർത്തു. (മത്തായി 24:12) അധർമവും സ്നേഹരാഹിത്യവും ഒരു ദുഷ്ട, മർദക തലമുറയെ ഉത്പാദിപ്പിച്ചിരിക്കുന്നു. തന്മൂലം, ഭൂമിയുടെ പുതിയ രാജാവെന്ന നിലയിൽ യേശുക്രിസ്തു ഇടപെടാൻ സമയമായിരിക്കുന്നു. (മത്തായി 24:32-34) യേശുക്രിസ്തുവിൽ വിശ്വസിക്കുകയും മനുഷ്യവർഗത്തിന്റെ ദിവ്യനിയുക്ത ആശ്വാസകനെന്ന നിലയിൽ അവനിലേക്കു നോക്കുകയും ചെയ്യുന്ന മർദിതർക്ക് അത് എന്തർഥമാക്കും?
ആ ചോദ്യത്തിനുള്ള ഉത്തരത്തിന്, യേശുക്രിസ്തുവിൽ നിറവേറുന്ന സങ്കീർത്തനം 72-ലെ മറ്റു ചില വാക്കുകൾകൂടി നമുക്കു വായിക്കാം: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.” (സങ്കീർത്തനം 72:12-14) അങ്ങനെ, മർദനം നിമിത്തം ആരും യാതന അനുഭവിക്കുന്നില്ലെന്നു ദൈവത്തിന്റെ നിയുക്ത രാജാവായ യേശുക്രിസ്തു ഉറപ്പുവരുത്തും. സകലവിധ അനീതിയും നിർത്തലാക്കുന്നതിന് അവനു ശക്തിയുണ്ട്.
‘അതു നല്ലതുതന്നെ. എന്നാൽ ഇപ്പോഴത്തെ കാര്യമോ?’ എന്നു ചിലർ ചോദിച്ചേക്കാം. ഇപ്പോൾ യാതനയനുഭവിക്കുന്നവർക്ക് എന്താശ്വാസമാണുള്ളത്? വാസ്തവത്തിൽ മർദിതർക്കു തീർച്ചയായും ആശ്വാസത്തിനു വകയുണ്ട്. സത്യദൈവമായ യഹോവയും അവന്റെ പ്രിയ പുത്രനായ യേശുക്രിസ്തുവുമായി ഉറ്റബന്ധം നട്ടുവളർത്തുന്നതിലൂടെ ലക്ഷക്കണക്കിനാളുകൾ ഇപ്പോഴേ ആശ്വാസമനുഭവിക്കുന്നത് എങ്ങനെയെന്ന് ഈ മാസികയിലെ തുടർന്നുവരുന്ന രണ്ടു ലേഖനങ്ങൾ വ്യക്തമാക്കും. അത്തരമൊരു ബന്ധത്തിന്, ഈ മർദക സമയങ്ങളിൽ നമുക്ക് ആശ്വാസമേകുന്നതിനും മർദനമുക്തമായ നിത്യജീവനിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നതിനും കഴിയും. ദൈവത്തോടുള്ള പ്രാർഥനയിൽ യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
[4, 5 പേജുകളിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ ആരും മറ്റൊരുവനെ മർദിക്കുകയില്ല