ദൈവസമാധാന സന്ദേശവാഹകർ സമ്മേളിക്കുന്നു
“ഞങ്ങൾ സംബന്ധിച്ചിട്ടുള്ള ഓരോ ഡിസ്ട്രിക്റ്റ് കൺവെൻഷനും ഞങ്ങളെ പരിപുഷ്ടിപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, ഈ വർഷത്തേത് അവർണനീയമായ ഒന്നായിരുന്നു. അടുത്ത ദിവസത്തെ പരിപാടികൾ ഞങ്ങളുടെ പ്രതീക്ഷകളെ കടത്തിവെട്ടുന്നത് എങ്ങനെയായിരിക്കുമെന്നു ചിന്തിച്ചുകൊണ്ടായിരുന്നു ഞങ്ങൾ ഓരോ ദിവസവും കൺവെൻഷൻ സ്ഥലത്തുനിന്നു പോന്നത്, ഞങ്ങൾ നിരാശരായില്ല!” എന്ന് ഐക്യനാടുകളിലെ ഒരു ക്രിസ്തീയ മൂപ്പൻ പറയുന്നു.
“ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലൊന്നിൽ നിങ്ങൾ സംബന്ധിച്ചുവെങ്കിൽ, ഉത്സാഹവാനായ ആ പ്രതിനിധി പറഞ്ഞതിനോടു നിങ്ങൾ യോജിക്കുമെന്നതിനു സംശയമില്ല. ദൈവത്തിന്റെ സന്ദേശവാഹകർ എന്നനിലയിൽ യഹോവയുടെ സാക്ഷികൾ നിറവേറ്റുന്ന നിയോഗത്തിന്റെ വ്യത്യസ്തമായ ഒരു വശത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു കൺവെൻഷന്റെ ഓരോ ദിവസവും. നമുക്ക് ആ ത്രിദിന പരിപാടി പുനരവലോകനം ചെയ്യാം.
‘സമാധാനം പ്രഘോഷിക്കുന്നവൻ . . . എത്ര മനോഹരം’
കൺവെൻഷന്റെ ആദ്യ ദിവസത്തെ വിഷയമായിരുന്ന അത് യെശയ്യാവു 52:7-നെ [NW] അധികരിച്ചുള്ളതായിരുന്നു. ഈ ദുഷ്കര നാളുകളിൽ പലരും യഹോവയെ സേവിക്കുന്നതു വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലാണ്. “തീക്ഷ്ണതയുള്ള സമാധാന പ്രഘോഷകരിൽനിന്നു കേൾക്കൽ” എന്ന പ്രസംഗത്തിൽ വിശ്വസ്തരായ ചിലരുമായുള്ള അഭിമുഖങ്ങളുണ്ടായിരുന്നു. അവർ പറയുന്നതു ശ്രവിക്കുന്നത് തീർച്ചയായും പ്രോത്സാഹജനകമായിരുന്നു. സഹിച്ചുനിൽക്കാനുള്ള “അത്യന്തശക്തി” നൽകിക്കൊണ്ടുപോലും യഹോവയ്ക്കു തങ്ങളെയും ബലപ്പെടുത്താനാകുമെന്നു സമ്മേളിതർക്ക് അങ്ങനെ ബോധ്യം വന്നു.—2 കൊരിന്ത്യർ 4:7.
യഹോവയുടെ വ്യവസ്ഥകൾ ഭാരമുള്ളവയല്ല. (1 യോഹന്നാൻ 5:3) രാവിലത്തെ പരിപാടിയുടെ അവസാനത്തെ പ്രസംഗത്തിൽ അതു വ്യക്തമാക്കുകയുണ്ടായി. ആ പരിപാടി പാരമ്യത്തിലെത്തിയത് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ശീർഷകത്തിലുള്ള 32-പേജ് ലഘുപത്രിക പ്രകാശനം ചെയ്തുകൊണ്ടാണ്. മനോഹരമായ ചിത്രങ്ങളോടുകൂടിയ ഈ പുതിയ പഠനസഹായി, ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു പഠിക്കാൻ കൂടുതൽ ആളുകളെ സഹായിക്കുന്നതിൽ ഒരു സുപ്രധാന പങ്കുവഹിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ പുതിയ പ്രസിദ്ധീകരണത്തിന്റെ ഉപയോഗം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ, ഈ മാസികയുടെ അവസാനത്തെ അധ്യയനലേഖനത്തിൽ, അതായത് 16-ഉം 17-ഉം പേജുകളിൽ, കാണാം.
നമ്മുടെ പീഡാനുഭവങ്ങളെക്കുറിച്ച് യഹോവ ശരി ക്കും ബോധവാനാണെന്നതിന് അടിവരയിട്ടു “വിശിഷ്ട വേലയിൽ സഹിച്ചുനിൽക്കൽ” എന്ന പ്രസംഗം. സഹിച്ചുനിൽക്കുക എന്നതിന്റെ അർഥം പ്രത്യാശ കൈവെടിയാതെ ഉറച്ചുനിൽക്കുക എന്നാണ്. നമ്മെ സഹായിക്കുന്നതിന് യഹോവ തന്റെ വചനവും ആത്മാവും സ്ഥാപനവും നൽകിയിരിക്കുന്നു. പ്രസംഗവേലയ്ക്കു സഹിഷ്ണുത ആവശ്യമാണ്. എന്നാൽ, സഹിച്ചുനിൽക്കാൻ പ്രസംഗവേല നമ്മെ സഹായിക്കുന്നു. കാരണം അതു നമ്മുടെ വിശ്വാസത്തെ സജീവമാക്കി നിർത്തുന്നു. നാം ലക്ഷ്യത്തോടു വളരെ അടുത്തിരിക്കുന്നതിനാൽ, നമ്മുടെ പ്രശ്നങ്ങൾ ഉത്സാഹത്തിനു മാന്ദ്യം വരുത്താൻ അനുവദിക്കരുത്. കാരണം അവസാനത്തോളം സഹിച്ചുനിൽക്കുന്നവരേ രക്ഷ പ്രാപിക്കുകയുള്ളൂ.—മത്തായി 24:13.
മുഖ്യവിഷയപ്രസംഗമായ “ദൈവസമാധാന സന്ദേശവാഹകർ എന്ന നിലയിലുള്ള നമ്മുടെ പങ്ക്,” പ്രവാസികളായ യഹൂദർ ബാബിലോനിൽനിന്നു വിടുവിക്കപ്പെട്ടതിലേക്കും പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 537-ൽ യെരൂശലേമിൽ നിർമലാരാധന പുനഃസ്ഥിതീകരിച്ചതിലേക്കും ശ്രദ്ധ ക്ഷണിച്ചു. ലോകവ്യാപകമായ ഒരളവിൽ ദൈവരാജ്യം നിവർത്തിക്കാൻ പോകുന്നതിന്റെ ഒരു പൂർവദർശനമായിരുന്നു ആ സംഭവമെന്നു പ്രസംഗകൻ വിശദീകരിച്ചു. (സങ്കീർത്തനം 72:7; യെശയ്യാവു 9:7) ആ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുകയും ആ സന്ദേശത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ നിയമനം. മടുത്തുപോകാതെ ഈ വേലയിൽ തുടരാൻ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്.—പ്രവൃത്തികൾ 5:42.
വെള്ളിയാഴ്ചത്തെ പരിപാടിയുടെ ഒരു സവിശേഷത “വിനോദത്തിന്റെ മറഞ്ഞിരിക്കുന്ന കെണികളെ സൂക്ഷിക്കുക” എന്ന സിമ്പോസിയമായിരുന്നു. ഇന്നത്തെ സംഗീതം, ചലച്ചിത്രങ്ങൾ, വീഡിയോകൾ, ടെലിവിഷൻ പരിപാടികൾ, വീഡിയോ കളികൾ, പുസ്തകങ്ങൾ, മാസികകൾ, ഫലിതങ്ങൾ തുടങ്ങിയവ പൈശാചിക ചിന്തയെയാണു മിക്കപ്പോഴും പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട്, നാം “ദുഷ്ടമായതിനെ വെറുക്കു”കയും “നല്ലതിനോടു പറ്റിനിൽക്കു”കയും ചെയ്യേണ്ടതുണ്ട്. (റോമർ 12:9, NW) അതേ, ദുഷിച്ച വിനോദത്തെ നാം വെറുപ്പുളവാക്കുന്നതായി കണക്കാക്കി അതിൽനിന്ന് ഒഴിഞ്ഞുമാറേണ്ടതുണ്ട്. അതേസമയം, നിർമലവും രമ്യവും സ്തുത്യർഹവുമായ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയും വേണം. (ഫിലിപ്പിയർ 4:8) യഹോവയുടെ സ്ഥാപനം പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളും ഗവേഷണോപാധികളും പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകൾകൊണ്ടു നമ്മുടെ മനസ്സിനെ പ്രചോദിപ്പിക്കുകയും ശരിയും തെറ്റും തിരിച്ചറിയാൻ നമ്മെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. (എബ്രായർ 5:14) ഇരമ്പിമറിയുന്ന സമുദ്രത്തിലെ ചങ്ങാടത്തെ മുറുകെ പിടിക്കുന്നതുപോലെ ഈ കരുതലുകളെ നാം മുറുകെ പിടിക്കും.
അടുത്തത്, “പിശാചിനെ എതിർക്കുക—കിടമത്സരം വെച്ചുപൊറുപ്പിക്കാതിരിക്കുക” എന്ന പ്രസംഗമായിരുന്നു. വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് ആയിരക്കണക്കിന് ഇസ്രായേല്യർ അധാർമികതയുടെ കെണിയിലകപ്പെട്ടു. സത്യാരാധനയുടെ നേർക്കുള്ള കിടമത്സരത്തെ ഫീനെഹാസ് വെച്ചുപൊറുപ്പിച്ചില്ല. ദുഷ്പ്രവൃത്തിക്കാർക്കെതിരെ അവൻ നിർണായക നടപടി സ്വീകരിച്ചു. അവന്റെ അനന്യഭക്തി യഹോവയെ പ്രസാദിപ്പിക്കുകയും ചെയ്തു. (സംഖ്യാപുസ്തകം 25: 1-13) സാത്താന്റെ ലക്ഷ്യം, ദൈവത്തിന്റെ പുതിയ ലോകത്തിൽ പ്രവേശിക്കുന്നതിൽനിന്നു നമ്മെ ഓരോരുത്തരെയും അയോഗ്യരാക്കുക എന്നതാണ്. അതുകൊണ്ട് നാം ഫീനെഹാസിനെപ്പോലെ, നമ്മെ ദുഷിപ്പിക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ ചെറുത്തുനിൽക്കേണ്ടതുണ്ട്. വിവാഹിതരാണെങ്കിലും ഏകാകികളാണെങ്കിലും, നാം ‘ദുർന്നടപ്പു വിട്ടു ഓടേണ്ട’തുണ്ട്.—1 കൊരിന്ത്യർ 6:18.
“ദൈവവചനത്തിന്റെ നിർമലത വിശ്വസ്തമായി ഉയർത്തിപ്പിടിക്കൽ” എന്നതായിരുന്നു കൺവെൻഷന്റെ ആദ്യ ദിവസത്തെ സമാപനപ്രസംഗം. പല പരിഭാഷകരും തിരുവെഴുത്തുഭാഗങ്ങൾക്കു ഭേദഗതി വരുത്തുകയോ അവ നീക്കിക്കളയുകയോ ചെയ്യുന്നു. ഉദാഹരണത്തിന്, സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നവരെ പ്രീതിപ്പെടുത്തുന്നതിന് ദ ന്യൂ ടെസ്റ്റമെൻറ് ആൻഡ് സാംസ്: ആൻ ഇൻക്ലൂസീവ് വേർഷന്റെ പരിഭാഷകർ ദൈവത്തെ പരാമർശിക്കുന്നത് പിതാവ് എന്നല്ല, പിന്നെയോ മാതാ-പിതാവ് എന്നാണ്. യേശുവിനെ പരാമർശിക്കുന്നത് “മനുഷ്യപുത്രൻ” എന്നല്ല, പിന്നെയോ “മനുഷ്യവ്യക്തി” എന്നാണ്. അതിൽനിന്നു വ്യത്യസ്തമായി, പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്) മൂലഭാഷയിലെ പാഠത്തോട് വളരെ വിശ്വസ്തമായി പറ്റിനിൽക്കുന്നു. അതുകൊണ്ട്, തിരുവെഴുത്തുപരമായ പല കാര്യങ്ങൾ സംബന്ധിച്ചുമുള്ള നമ്മുടെ ചിന്തയെ വ്യക്തമാക്കാൻ അത് ഉതകിയിരിക്കുന്നു. ഉദാഹരണത്തിന്, പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ സഭ വെച്ച മാതൃകയോട് അടുത്തു പറ്റിനിന്നുകൊണ്ട് . . . മൂപ്പന്മാരുടെ സംഘങ്ങളെ നിയമിക്കുകവഴി സഭകൾ പുനഃസംഘടിപ്പിക്കുന്നതിനു നമുക്ക് അടിസ്ഥാനം പ്രദാനം ചെയ്തതു പുതിയലോക ഭാഷാന്തരത്തിലെ കൃത്യമായ പരിഭാഷകളായിരുന്നു.” ദൈവവചനം ദിനംപ്രതി വായിച്ചുകൊണ്ടും അതിലെ ബുദ്ധ്യുപദേശം ബാധകമാക്കിക്കൊണ്ടും അതിനോടുള്ള നമ്മുടെ വിശ്വസ്തത നാം പ്രകടിപ്പിക്കുന്നു. പ്രസംഗകൻ ഇങ്ങനെയും പറഞ്ഞു: “ദൈവവചനം ഉത്സാഹപൂർവം മറ്റുള്ളവരോടു പ്രസംഗിച്ചുകൊണ്ടും അതു പറയുന്നതു വളച്ചൊടിച്ചുകൊണ്ടോ വലിച്ചുനീട്ടിക്കൊണ്ടോ നമ്മുടെ ആശയങ്ങളുമായി അതിനെ ഇണക്കാൻ ശ്രമിക്കാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ അതു ശ്രദ്ധാപൂർവം ഉപയോഗിച്ചുകൊണ്ടും നാം ദൈവവചനത്തിന്റെ വിശ്വസ്ത വക്താക്കളെന്നു പ്രകടമാക്കുന്നു.”
‘ദൈവസമാധാനം എല്ലാ ചിന്തകളെയും കവിയുന്നു’
ഫിലിപ്പിയർ 4:7-നെ [NW] അധികരിച്ചുള്ള ഈ വിഷയം, കൺവെൻഷന്റെ രണ്ടാം ദിവസത്തിനു കളമൊരുക്കി. അവതരിപ്പിച്ച വിവരങ്ങളിലധികവും, ശുശ്രൂഷ, കുടുംബം, സമർപ്പണം, അനുദിന ജീവിതത്തിലെ മറ്റു വശങ്ങൾ എന്നിവ സംബന്ധിച്ചുള്ള ഉചിതമായ വീക്ഷണത്തെക്കുറിച്ചുള്ളതായിരുന്നു.
ദിനവാക്യ ചർച്ചയ്ക്കുശേഷം, “സമാധാന സുവാർത്ത എത്തിക്കുന്ന സന്ദേശവാഹകർ” എന്ന ശീർഷകത്തിലുള്ള സിമ്പോസിയം അവതരിപ്പിച്ചു. നമ്മുടേത് സമാധാന സന്ദേശമാണ്. അതുകൊണ്ട്, സമാധാനപരമായ രീതിയിൽ അത് അവതരിപ്പിക്കേണ്ടതുണ്ട്. (എഫെസ്യർ 6:15) നമ്മുടെ ലക്ഷ്യം തർക്കത്തിൽ ജയിക്കുക എന്നതല്ല, പിന്നെയോ ഹൃദയങ്ങളെ നേടുക എന്നതാണ്. യഹോവയുടെ സ്ഥാപനത്തിൽനിന്നു നമുക്കു ലഭിക്കുന്ന പരിശീലനവും പ്രസിദ്ധീകരണങ്ങളും അതുതന്നെ ചെയ്യാൻ നമ്മെ സഹായിക്കുന്നു. ഉദാസീനതയോ വിരക്തിയോ നമ്മെ നിരുത്സാഹപ്പെടുത്താൻ നാം അനുവദിക്കരുത്. മറിച്ച്, വ്യക്തിപരമായ പഠനം, യോഗഹാജർ, പ്രസംഗപ്രവർത്തനത്തിലെ പങ്കുപറ്റൽ എന്നിവയുടെ ആരോഗ്യാവഹമായ ഒരു ദിനചര്യ ഉണ്ടായിരുന്നുകൊണ്ട് നമ്മുടെ ‘പരമാവധി പ്രവർത്തിക്കു’ന്നതിൽ നാം തുടരേണ്ടതുണ്ട്. (2 തിമൊഥെയൊസ് 2:15, NW) മറ്റുള്ളവർക്ക്, പ്രത്യേകിച്ചും വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടിരിക്കുന്നവർക്ക് നന്മ ചെയ്യുന്ന കാര്യം നാം അവഗണിക്കരുത്. (ഗലാത്യർ 6:10) തീർച്ചയായും, പരമാവധി ചെയ്യണം എന്നതിനർഥം തളർന്നുപോകുന്നതുവരെ പ്രവർത്തിക്കണമെന്നല്ല. സ്വന്തം പ്രാപ്തിയും സാഹചര്യങ്ങളുമനുസരിച്ച് ഓരോ വ്യക്തിക്കും ചെയ്യാൻ കഴിയുന്നത് യഹോവയ്ക്കു സ്വീകാര്യമാണ്.
രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനു ദൈവജനം തങ്ങളുടെ സമയവും ഊർജവും വിഭവങ്ങളും കൊടുക്കുന്നു. ചെമ്മരിയാടുതുല്യരായ കൂടുതൽ ആളുകൾ രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നതിനാൽ കൂടുതലായ സജ്ജീകരണങ്ങളുടെയും യോഗസ്ഥലങ്ങളുടെയും ബ്രാഞ്ച് സൗകര്യങ്ങളുടെയും ആവശ്യമുണ്ടെന്ന് “യഹോവയുടെ സ്ഥാപനത്തിനുള്ളിലെ സന്തോഷകരമായ കൊടുക്കൽ” എന്ന പ്രസംഗം വ്യക്തമാക്കി. ലോകവ്യാപക പ്രസംഗപ്രവർത്തനത്തിന് ആവശ്യമായതെല്ലാം കരുതുന്നതിനു നമ്മുടെ സംഭാവനകൾ സ്ഥാപനത്തെ പ്രാപ്തമാക്കുന്നു. ഉദാരമായ കൊടുക്കൽ യഹോവയെ മാനിക്കുക മാത്രമല്ല, ദാതാവിനു സന്തോഷം കൈവരുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, ക്രിസ്ത്യാനികളെന്നനിലയിൽ നാം ആരാധനയുടെ ഈ മുഖ്യവശം അവഗണിക്കാൻ പാടില്ല.—2 കൊരിന്ത്യർ 8:1-7.
രാവിലത്തെ സെഷന്റെ സമാപനം സ്നാപനപ്രസംഗത്തോടെയായിരുന്നു—എപ്പോഴും യഹോവയുടെ സാക്ഷികളുടെ വലിയ കൂടിവരവിലെ ഒരു മുന്തിയ സവിശേഷതയാണത്. ജലസ്നാപനമേറ്റുകൊണ്ടു പുതുതായി സമർപ്പിച്ചവർ യേശുവിന്റെ കാലടികൾ പിൻപറ്റുന്നതു കാണുക എന്തൊരു സന്തോഷമാണ്! (മത്തായി 3:13-17) ഈ പടി സ്വീകരിക്കുന്ന എല്ലാവരും ഏറ്റവും മഹത്തായ ജ്ഞാനത്തിന്റെ ഉറവിടമായ ബൈബിളിൽനിന്ന് അറിവു നേടിയിട്ടുള്ളവരാണ്. മാത്രമല്ല, അവർ ജീവിതത്തിൽ യഥാർഥ ഉദ്ദേശ്യം കണ്ടെത്തിയിരിക്കുന്നു. ശരിയായതു ചെയ്യുന്നു എന്ന അറിവിൽനിന്നു വരുന്ന സമാധാനത്താലും അനുഗൃഹീതരാണ് അവർ.—സഭാപ്രസംഗി 12:13.
“വിവേകം നിങ്ങളെ കാത്തുരക്ഷിക്കട്ടെ” എന്ന പ്രസംഗത്തിലൂടെ സ്പഷ്ടമായ ബുദ്ധ്യുപദേശം ലഭിച്ചു. ബിസിനസ് ഇടപാടുകളിൽ വിവേകമുണ്ടായിരിക്കുന്നതു വളരെ പ്രധാനമാണ്. രാജ്യഹാളിൽ വ്യക്തിപരമായ ബിസിനസ് കാര്യങ്ങളിൽ നാം ഏർപ്പെടരുത്. സാമ്പത്തിക നേട്ടത്തിനു വേണ്ടി നാം സഹവിശ്വാസികളെ ചൂഷണം ചെയ്യുകയുമരുത്. (യോഹന്നാൻ 2:15, 16 താരതമ്യം ചെയ്യുക.) ബിസിനസ് കാര്യങ്ങൾക്കായി പണം മുടക്കുമ്പോൾ അല്ലെങ്കിൽ പണം കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുമ്പോൾ വിവേകം അനിവാര്യമാണ്. “പണമുണ്ടാക്കുന്ന അപകടകരമായ സംരംഭങ്ങളിൽ ധൃതഗതിയിൽ പ്രവേശിച്ച ചിലർ നിരാശരായിത്തീരുന്നതിനും അവരുടെ ആത്മീയത നഷ്ടമാകുന്നതിനും ക്രിസ്ത്യാനികളുടെ ഇടയിലെ ബിസിനസ് സംരംഭങ്ങളുടെ പരാജയം കാരണമായിട്ടുണ്ട്” എന്നു പ്രസംഗകൻ അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികൾ പരസ്പരം ബിസിനസിൽ ഏർപ്പെടുന്നത് തെറ്റല്ലെങ്കിലും, സൂക്ഷ്മത പുലർത്തുന്നതു തീർച്ചയായും ജ്ഞാനമാണ്. രണ്ടു കക്ഷികൾ ഒരു ബിസിനസ് ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അതിന്റെ വ്യവസ്ഥകൾ എഴുതിവെക്കേണ്ടതുണ്ട്.
പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ദൈവത്തിന്റെ നിലവാരത്തെക്കുറിച്ച് “അവൻ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്ന പ്രസംഗം ചർച്ച ചെയ്യുകയുണ്ടായി. ചരിത്രത്തിലുടനീളം ഇരുലിംഗത്തിലും പെട്ടവരുടെ ധർമങ്ങൾ വികലമാക്കപ്പെട്ടിട്ടുണ്ട്. “തെറ്റായ വിധത്തിൽ പലരും പുരുഷത്വത്തെ ഉപമിക്കുന്നതു പരുക്കൻ മേധാവിത്വത്തോടും മുഷ്കരത്വത്തോടും അല്ലെങ്കിൽ അതിരുകവിഞ്ഞ ശക്തിപ്രഭാവത്തോടുമാണ്. . . . ചില സംസ്കാരങ്ങളിൽ ഒരു പുരുഷൻ പരസ്യമായി അല്ലെങ്കിൽ രഹസ്യമായി പോലും വിലപിക്കുന്നത് അപൂർവമോ ലജ്ജാകരം പോലുമോ ആണ്. എന്നാൽ ജനാവലി ലാസറിന്റെ കല്ലറയ്ക്കു വെളിയിലായിരുന്നപ്പോൾ ‘യേശു കണ്ണീർ വാർത്തു’ എന്നു യോഹന്നാൻ 11:35 വിവരിക്കുന്നു’” എന്നു പ്രസംഗകൻ പറഞ്ഞു. സ്ത്രീകളുടെ കാര്യമോ? സ്ത്രീത്വത്തെ പലപ്പോഴും തുലനം ചെയ്യുന്നതു ശാരീരിക സൗന്ദര്യത്തോടാണ്. എന്നാൽ പ്രസംഗകൻ ഇങ്ങനെ ചോദിച്ചു: “ഒരു സ്ത്രീക്കു സൗന്ദര്യമുണ്ടെങ്കിലും ന്യായബോധമില്ലാതിരിക്കുകയും തർക്കിക്കുകയും നിന്ദയോടെ അല്ലെങ്കിൽ അഹങ്കാരത്തോടെ സംസാരിക്കുകയും ചെയ്യുന്നെങ്കിൽ, ആ വാക്കിന്റെ യഥാർഥ അർഥത്തിൽ സൗന്ദര്യവതിയായിരിക്കാൻ, യഥാർഥത്തിൽ സ്ത്രൈണ സ്വഭാവമുള്ളവളായിരിക്കാൻ അവൾക്കു കഴിയുമോ?” (സദൃശവാക്യങ്ങൾ 11:22; 31:26 താരതമ്യം ചെയ്യുക.) സംസാരത്തിലും നടത്തയിലും ചമയത്തിലും ക്രിസ്തീയ സ്ത്രീപുരുഷന്മാർ ബൈബിൾ നിലവാരങ്ങൾ പിൻപറ്റാൻ ഉദ്യമിക്കണം. പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “ആത്മാവിന്റെ ഫലം പ്രകടമാക്കുന്ന ഒരു പുരുഷനെ ആദരിക്കുക എളുപ്പമാണ്. അതു പ്രകടമാക്കുന്ന ഒരു സ്ത്രീയെ സ്നേഹിക്കുന്നതും എളുപ്പമാണ്.”—ഗലാത്യർ 5:22, 23.
“സമാധാനത്തിന്റെ ദൈവം നിങ്ങൾക്കായി കരുതുന്നു” എന്ന സിമ്പോസിയമായിരുന്നു അടുത്തത്. അനവധി ക്രിസ്ത്യാനികൾക്കും സാമ്പത്തിക ഉത്കണ്ഠകളുണ്ട്. എന്നിരുന്നാലും, “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു യഹോവ വാഗ്ദാനം ചെയ്യുന്നു. (എബ്രായർ 13:5) സാമ്പത്തിക പരാധീനതകൾ ഉണ്ടായിരുന്നിട്ടും, സഹായ പയനിയറിങ്ങിലോ നിരന്തര പയനിയറിങ്ങിലോ ഏർപ്പെട്ടുകൊണ്ടു ചിലർ ഈ വാഗ്ദത്തത്തിൽ വിശ്വാസം പ്രകടമാക്കിയിരിക്കുന്നു. ഇപ്പോൾ പയനിയറിങ് നടത്താൻ കഴിയാത്ത മറ്റു ചിലർ സാക്ഷീകരിക്കാനുള്ള എല്ലാ അവസരവും പ്രയോജനപ്പെടുത്തിക്കൊണ്ടു രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നു. (മത്തായി 6:33) അത്തരം എല്ലാ ഉദ്യമങ്ങളും അനുമോദനാർഹമാണ്! നമ്മുടെ ശുശ്രൂഷയിൽ നമ്മെ പിന്തുണയ്ക്കാനും നമ്മുടെ പ്രശ്നങ്ങൾ തരണം ചെയ്യാൻ നമ്മെ സഹായിക്കാനും യഹോവയുടെ സ്ഥാപനം അനേകം പ്രസിദ്ധീകരണങ്ങൾ നൽകിയിരിക്കുന്നു. യഹോവയുടെ ആത്മീയ കരുതലുകളോട് നാം വിലമതിപ്പു പ്രകടമാക്കുന്നുവെങ്കിൽ, സാമ്പത്തികമായി പ്രക്ഷുബ്ധമായ ഈ കാലങ്ങളിൽ സമാധാനം നൽകിക്കൊണ്ട് അവൻ നമ്മെ അനുഗ്രഹിക്കും.—സങ്കീർത്തനം 29:11.
ആ ദിവസത്തെ അവസാന പ്രസംഗം, “കുടുംബ ജീവിതത്തിൽ ദൈവസമാധാനം പിന്തുടരുവിൻ” എന്നതായിരുന്നു. അതിന്റെ ഒടുവിൽ, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുതിയ പുസ്തകം ലഭിച്ചതിൽ സമ്മേളിതർ വളരെ സന്തോഷിച്ചു. “വ്യക്തിഗതമായും കുടുംബ കൂട്ടങ്ങളായും ഈ പുസ്തകം ഉത്സാഹപൂർവം പഠിക്കുക” എന്നു പ്രസംഗകൻ ഉദ്ബോധിപ്പിച്ചു. “ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശം ബാധകമാക്കാൻ ആത്മാർഥമായി ശ്രമിക്കുക, അപ്പോൾ നിങ്ങളുടെ കുടുംബത്തിന്റെ സമാധാനവും സന്തുഷ്ടിയും വർധിക്കുമെന്നത് ഉറപ്പാണ്.”
“സമാധാനത്തിന്റെ ഏകീകരണ ബന്ധത്തിൽ . . . ഒരുമ ആചരിക്കുവിൻ”
എഫെസ്യർ 4:3-ൽ [NW] അധിഷ്ഠിതമായ ആ വിഷയം കൺവെൻഷന്റെ സമാപന ദിവസത്തിനു യോജിച്ചതായിരുന്നു. ലോകത്തിലെ സകല ജനതകളിൽനിന്നും വന്നിരിക്കുന്ന യഹോവയുടെ സാക്ഷികൾ ദൈവത്താൽ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവർ സമാധാനത്തെ സ്നേഹിക്കുന്നു. അവർ യേശുവിന്റെ ദൃഷ്ടാന്തം പിൻപറ്റിക്കൊണ്ട് “സമാധാനത്തിന്റെ ഏകീകരണ ബന്ധത്തിൽ ആത്മാവിന്റെ ഒരുമ ആചരിക്കാൻ” പരിശ്രമിക്കുന്നു.
“ശരിയായതരം സന്ദേശവാഹകരെ തിരിച്ചറിയൽ” എന്ന സിമ്പോസിയത്തിൽ എടുത്തുകാണിച്ചത് ദൈവസ്ഥാപനത്തിലാകെ വ്യാപിച്ചിരിക്കുന്ന സമാധാനത്തെയാണ്. കള്ളപ്രവാചകന്മാർ പുരാതന ഇസ്രായേലിലുണ്ടായിരുന്നു. എങ്കിലും, ദൈവത്തിന്റെ യഥാർഥ സന്ദേശവാഹകർ—യെശയ്യാവ്, യെഹെസ്കേൽ, യിരെമ്യാവ് എന്നിങ്ങനെയുള്ള പ്രവാചകന്മാർ—യെരൂശലേമിന്റെ വീഴ്ചയും പ്രവാസകാലഘട്ടവും ദൈവജനത്തിന്റെ സംഭവബഹുലമായ വിമോചനവും കൃത്യമായി മൂൻകൂട്ടിപ്പറഞ്ഞു. സമാനമായ ഒരു അവസ്ഥയാണ് ഇന്നും നിലവിലുള്ളത്. വ്യാജസന്ദേശവാഹകർ രാഷ്ട്രീയ, വ്യാജമത മണ്ഡലങ്ങളിൽ ധാരാളമുണ്ട്. എങ്കിലും, ഈ വ്യവസ്ഥിതിയെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം പ്രഘോഷിക്കാൻ യഹോവ തന്റെ സാക്ഷികളെ എഴുന്നേൽപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ സന്ദേശം പ്രഘോഷിക്കാൻ, പ്രത്യേകിച്ചും 1919 മുതൽ, യഹോവയുടെ ദാസന്മാരെ ഉപയോഗിച്ചുപോരുന്നു. ക്രൈസ്തവലോകത്തിലെ വ്യാജ സന്ദേശവാഹകരിൽനിന്ന് അവർ എത്രയോ വ്യത്യസ്തരാണ്! പൂർത്തിയായിരിക്കുന്നു എന്ന് യഹോവ പറയുന്നതുവരെ ഈ വേലയിൽ നമുക്കുള്ള പങ്ക് ഉത്സാഹത്തോടെ നിറവേറ്റാം.
മാർഗനിർദേശത്തിന്റെയും ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഏറ്റവും വലിയ ഉറവിടം തിരുവെഴുത്തുകളാണെന്നതിന് “ദൈവവചനം ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക” എന്ന പ്രസംഗം ഊന്നൽ കൊടുത്തു. (യെശയ്യാവു 30:20, 21; റോമർ 15:4) ഇന്നത്തെ ലോകം ഒന്നിനൊന്ന് അനുവാദാത്മകമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്, മുമ്പെന്നത്തെക്കാളുമുപരി, ദൈവവചനത്തിൽനിന്നും അവന്റെ സ്ഥാപനത്തിൽനിന്നും വരുന്ന ബുദ്ധ്യുപദേശത്തിനു നാം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. നമ്മുടെ ബലഹീനതകൾ അറിയാവുന്ന യഹോവ തന്റെ വചനത്തിൽ നമുക്കു പ്രയോജനം ചെയ്യുന്ന പ്രവർത്തനഗതി വ്യക്തമായി നൽകിയിരിക്കുന്നു. യഹോവ നമ്മെ പിന്തുണയ്ക്കുന്നു എന്നറിയുന്നത്, അവൻ നമ്മോട് ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊണ്ടു മുന്നേറാൻ നമുക്ക് ആത്മവിശ്വാസം പകരുന്നു.
ഇത് തുടർന്നുവന്ന, പുരാതന വേഷവിധാനത്തോടെയുള്ള നാടകത്തിന് വേദിയൊരുക്കി. “ദിവ്യാധിപത്യ ക്രമീകരണങ്ങളെ ആദരിക്കേണ്ടത് എന്തുകൊണ്ട്?” എന്നതായിരുന്നു അതിന്റെ അഭിധാനം. ഗിദെയോനെക്കുറിച്ചുള്ള ബൈബിൾ വിവരണം അടിസ്ഥാനമായി ഉപയോഗിച്ച ആ നാടകം ശക്തമായ ഒരു പാഠമാണ് അവതരിപ്പിച്ചത്—നാം ദൈവത്തിന്റെ നിർദേശങ്ങൾ പിൻപറ്റണം, അല്ലാതെ അതിന്റെ സ്ഥാനത്തു സ്വന്തം ചിന്താഗതി പ്രതിഷ്ഠിക്കുകയോ ദിവ്യാധിപത്യ ബുദ്ധ്യുപദേശം മറികടക്കാൻ ശ്രമിക്കുകയോ അല്ല വേണ്ടത്.
“ഒടുവിൽ യഥാർഥ സമാധാനം!—ഏത് ഉറവിൽനിന്ന്?” എന്നതായിരുന്നു പരസ്യപ്രസംഗത്തിന്റെ വിഷയം. ഈ ലോകത്തിനു സങ്കൽപ്പിക്കാൻ കഴിയുന്ന എന്തിനെയും കവിഞ്ഞുപോകുന്നതാണു ദൈവം വാഗ്ദാനം ചെയ്യുന്ന സമാധാനം. “യഥാർഥ സമാധാനത്തിന്റെ അർഥം എല്ലാ ദിവസവും സമാധാനമുണ്ടായിരിക്കുമെന്നാണ്. . . . ദൈവസമാധാനത്തിന്റെ അർഥം രോഗമോ വേദനയോ ദുഃഖമോ മരണമോ ഇല്ലാത്ത ഒരു ലോകം എന്നായിരിക്കും” എന്നു പ്രസംഗകൻ പറഞ്ഞു. യഹോവ “ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (സങ്കീർത്തനം 46:9) അവൻ അത് എങ്ങനെ ചെയ്യും? യുദ്ധത്തെ ഇളക്കിവിടുന്ന പിശാചായ സാത്താനെ നീക്കം ചെയ്തുകൊണ്ട്. (വെളിപ്പാടു 20:1-3) അത് സൗമ്യതയുള്ളവർക്കു ‘ഭൂമിയെ കൈവശമാക്കി സമാധാനസമൃദ്ധിയിൽ ആനന്ദിക്കു’ന്നതിനുള്ള വഴിയൊരുക്കും.—സങ്കീർത്തനം 37:11.
ആ വാരത്തേക്കുള്ള വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ സംഗ്രഹത്തെത്തുടർന്ന് കൺവെൻഷനിലെ അവസാന പ്രസംഗം അവതരിപ്പിച്ചു. “ദൈവസമാധാന സന്ദേശവാഹകർ എന്ന നിലയിൽ മുന്നേറൽ” എന്ന ശീർഷകത്തിലുള്ള പ്രോത്സാഹജനകമായ ആ പ്രസംഗം, നമ്മുടെ പ്രസംഗവേല അനുപമവും അടിയന്തിരവുമാണെന്ന് ഊന്നിപ്പറഞ്ഞു. വിശ്രമിക്കുന്നതിനോ മാന്ദ്യം കാണിക്കുന്നതിനോ തെറ്റായ ആശയങ്ങളിലേക്കു മടങ്ങിപ്പോകുന്നതിനോ ഉള്ള സമയമല്ലിത്. നമുക്ക് ആവശ്യമുള്ളവകൊണ്ട്—അതായത്, ദൈവത്തിന്റെ സന്ദേശം, അവന്റെ പരിശുദ്ധാത്മാവ്, അവന്റെ സ്നേഹപൂർവകമായ ദിവ്യാധിപത്യ സ്ഥാപനത്തിൽനിന്നു വരുന്ന അനവധി കരുതലുകൾ എന്നിവകൊണ്ട്—നാം സജ്ജരായിരിക്കുന്നു. അതുകൊണ്ട്, യഹോവയുടെ ദാസന്മാർ എന്ന നിലയിൽ ദൈവസമാധാന സന്ദേശവാഹകരായി നമുക്കു മുന്നേറാം!
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
കുടുംബങ്ങൾക്കു സ്നേഹപുരസ്സരമായ ഒരു കരുതൽ
“ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ രണ്ടാം ദിവസം സദസ്സിലുണ്ടായിരുന്നവർ കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന ശീർഷകത്തിലുള്ള പുതിയ പ്രസിദ്ധീകരണം ലഭിച്ചതിൽ വളരെ സന്തോഷിച്ചു. ദൈവത്തെ സ്നേഹിക്കുന്ന സകല കുടുംബങ്ങൾക്കും പ്രയോജനം ചെയ്യുന്ന തിരുവെഴുത്തുപരമായ വിവരങ്ങളാണ് ആ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്.
യു.എസ്.എ.-യിലെ കണക്റ്റിക്കട്ടിലുള്ള ഒരു മൂപ്പൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ജൂൺ 15-ന് ഞങ്ങൾക്ക് കുടുംബ സന്തുഷ്ടി പുസ്തകം ലഭിച്ചു. ജൂൺ 16 ആയപ്പോഴേക്കും ഞാൻ അതിന്റെ പകുതി വായിച്ചുകഴിഞ്ഞിരുന്നു. 17-ാം തീയതി അതുപയോഗിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ കുടുംബാധ്യയനം നടത്തി. ഞങ്ങൾക്കു വളരെ പ്രോത്സാഹനം ലഭിച്ചു! അന്നുതന്നെ ഞാൻ ആ പുസ്തകം വായിച്ചുതീർത്തു. ഈ നല്ല പ്രസിദ്ധീകരണം പ്രയോജനപ്പെടുത്തുന്ന സകലർക്കും അതു മൂല്യമുള്ളതെന്നു തെളിയുമെന്നതിൽ സംശയമില്ല. ആ പുസ്തകത്തിന്റെ നിഷ്കപടതയും പുതിയ വിവരങ്ങളും ‘വിശ്വസ്തനും വിവേകിയുമായ അടിമ’ ‘തക്കസമയത്ത് ആഹാരം’ കൊടുക്കുന്നുവെന്നതിന്റെയും ഈ പ്രയാസനാളുകളിൽ നമ്മുടെ ആവശ്യങ്ങൾ സംബന്ധിച്ചു വളരെ ബോധ്യം പുലത്തുന്നുവെന്നതിന്റെയും കൂടുതലായ തെളിവു നൽകുന്നു.”—മത്തായി 24:45-47.
[7-ാം പേജിലെ ചിത്രം]
ദൈവം ആവശ്യപ്പെടുന്നത് എന്താണെന്നറിയാൻ പ്രായഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നു