ജൈവധർമശാസ്ത്രവും രക്തരഹിത ശസ്ത്രക്രിയയും
ചികിത്സാരംഗത്തു സമീപ വർഷങ്ങളിൽ അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും, ചില നേട്ടങ്ങൾ വൈദ്യശാസ്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നുവെന്നിരിക്കെ, ധർമശാസ്ത്രപരമായ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
രോഗിക്ക് അന്തസ്സോടെ മരിക്കാൻ കഴിയേണ്ടതിനു പ്രകോപനപരമായ വൈദ്യചികിത്സ ചിലപ്പോൾ ഒഴിവാക്കേണ്ടതുണ്ടോ? രോഗിയുടെ ഉത്തമ പ്രയോജനത്തിനു വേണ്ടിയാണു താനിതു ചെയ്യുന്നത് എന്നു വിചാരിച്ചുകൊണ്ട് ഡോക്ടർ രോഗിയുടെ തീരുമാനത്തെ മറികടക്കേണ്ടതുണ്ടോ? ചെലവേറിയ വൈദ്യചികിത്സ എല്ലാവർക്കും ലഭ്യമല്ലാത്തപ്പോൾ ആരോഗ്യപരിപാലനം മുഖപക്ഷമില്ലാതെ എങ്ങനെ നിർവഹിക്കാവുന്നതാണ്? ഇത്തരം വിഷമാവസ്ഥകളെക്കുറിച്ചു ഡോക്ടർമാർ പരിചിന്തിക്കേണ്ടതുണ്ട്.
അത്തരം സങ്കീർണ പ്രശ്നങ്ങൾ, ജൈവധർമശാസ്ത്രം എന്നു വിളിക്കപ്പെടുന്ന വൈദ്യശാസ്ത്ര ശിക്ഷണത്തെ ശ്രദ്ധയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ഈ ജൈവധർമശാസ്ത്രം, ജീവശാസ്ത്ര ഗവേഷണത്തിന്റെയും വൈദ്യശാസ്ത്ര പുരോഗതികളുടെയും ഫലമായുള്ള ധർമശാസ്ത്രപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും സഹായിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ആശുപത്രികളിൽവെച്ച് ഏറ്റവും ദുഷ്കരമായ പല തീരുമാനങ്ങളും കൈക്കൊള്ളേണ്ടതുള്ളതുകൊണ്ട്, അനേകം ആശുപത്രികളിലും ജൈവധർമശാസ്ത്ര കമ്മിറ്റികൾ സ്ഥാപിതമായിട്ടുണ്ട്. സാധാരണമായി, ഡോക്ടർമാരും വക്കീലന്മാരും ഉൾപ്പെടെയുള്ള കമ്മിറ്റിയംഗങ്ങൾ ജൈവധർമശാസ്ത്രത്തെക്കുറിച്ചുള്ള സെമിനാറുകളിൽ സംബന്ധിക്കാറുണ്ട്. അവിടെവെച്ചു ചികിത്സാസംബന്ധമായ ധർമശാസ്ത്ര പ്രശ്നങ്ങൾ വിശകലനം ചെയ്യപ്പെടുന്നു.
അത്തരം സെമിനാറുകളിൽ ഉയർന്നുവരാറുള്ള ചില ചോദ്യങ്ങളാണ് ഇവ: അടിസ്ഥാനപരമായി, മതപരമായ കാരണങ്ങളാൽ രക്തപ്പകർച്ചയ്ക്കു വിധേയരാകാൻ വിസമ്മതിക്കുന്ന യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെ ഡോക്ടർമാർ എത്രത്തോളം ആദരിക്കണം? വൈദ്യശാസ്ത്രപരമായി “അഭികാമ്യമെന്ന്” തോന്നുകയാണെങ്കിൽ, രോഗിയുടെ ഹിതത്തിന് എതിരായി, ഡോക്ടർ അയാളിൽ രക്തം കുത്തിവെക്കണമോ? ‘രോഗി അറിയാത്തിടത്തോളം കാലം അത് അയാൾക്കു ദോഷം ചെയ്യുകയില്ല’ എന്നു കരുതിക്കൊണ്ടു രോഗിയുടെ അറിവു കൂടാതെ രക്തം കുത്തിവെക്കുന്നതു ധർമശാസ്ത്രപരമായിരിക്കുമോ?
അത്തരം പ്രശ്നങ്ങൾ ഉചിതമായി കൈകാര്യം ചെയ്യുന്നതിന്, യഹോവയുടെ സാക്ഷികളുടെ വീക്ഷണം സംബന്ധിച്ച വസ്തുനിഷ്ഠമായ ഗ്രാഹ്യം ഡോക്ടർമാർക്കുണ്ടായിരിക്കണം. തങ്ങളുടെ നിലപാടു ഡോക്ടർമാരോടു വിശദീകരിക്കാൻ യഹോവയുടെ സാക്ഷികൾ അങ്ങേയറ്റം താത്പര്യമുള്ളവരാണ്. ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ പരസ്പര ധാരണ സഹായിക്കുമെന്ന് അവർ തിരിച്ചറിയുകയും ചെയ്യുന്നു.
വീക്ഷണങ്ങൾ കൈമാറൽ
ജൈവധർമശാസ്ത്രത്തിൽ വിഖ്യാതനായ ഒരു സ്പാനിഷ് വിധഗ്ധൻ, പ്രൊഫസർ ഡിയേഗോ ഗ്രേസിയ, തന്റെ ക്ലാസ്സിൽ അത്തരമൊരു ചർച്ച നടത്താൻ ആഗ്രഹിച്ചു. “രക്തപ്പകർച്ചകളുടെ കാര്യത്തിൽ നിങ്ങൾക്കുള്ള [യഹോവയുടെ സാക്ഷികൾക്ക്] ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ . . . അഭിപ്രായങ്ങൾ തുറന്നുപറയാൻ നിങ്ങൾക്ക് അവസരം തരുന്നതു തികച്ചും ന്യായമാണ്” എന്ന് ആ പ്രൊഫസർ പറഞ്ഞു.
അങ്ങനെ, യഹോവയുടെ സാക്ഷികളുടെ വീക്ഷണം വിശദീകരിക്കാൻ അവരുടെ മൂന്നു പ്രതിനിധികളെ സ്പെയിനിലെ മഡ്രിഡിലുള്ള കോപ്ലൂറ്റെൻസ് യൂണിവേഴ്സിറ്റിയിലേക്ക് 1996 ജൂൺ 5-നു ക്ഷണിക്കുകയുണ്ടായി. 40-ഓളം ഡോക്ടർമാരും മറ്റു വിദഗ്ധരും സന്നിഹിതരായിരുന്നു.
സാക്ഷികൾ ഹ്രസ്വമായ ഒരു അവതരണം നടത്തി. അതിനുശേഷം, ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവസരമായിരുന്നു. പ്രത്യേക തരത്തിലുള്ള ഒരു വൈദ്യചികിത്സ നിരസിക്കാനുള്ള അവകാശം പ്രായപൂർത്തിയായ ഏതൊരു രോഗിക്കുമുണ്ടായിരിക്കണം എന്നതിനോടു സന്നിഹിതരായിരുന്ന എല്ലാവരും യോജിച്ചു. രോഗിയുടെ കാര്യജ്ഞാനത്തോടെയുള്ള സമ്മതമില്ലാതെ രക്തം കുത്തിവെക്കാൻ പാടില്ല എന്ന അഭിപ്രായക്കാരായിരുന്നു അവർ. എന്നിരുന്നാലും, സാക്ഷികളുടെ നിലപാടിന്റെ ചില വശങ്ങൾ അവരെ ഉത്കണ്ഠാകുലരാക്കി.
പണത്തെ സംബന്ധിച്ചുള്ളതായിരുന്നു ഒരു ചോദ്യം. ലേസർ ശസ്ത്രക്രിയ പോലുള്ള പ്രത്യേക ഉപാധികളും രക്തകോശങ്ങൾ പെരുകാൻ സഹായിക്കുന്ന എരിത്രോപൊയറ്റിൻ പോലുള്ള വിലകൂടിയ മരുന്നുകളും ചിലപ്പോൾ രക്തരഹിത ശസ്ത്രക്രിയയിൽ ഉൾപ്പെടുന്നു. ചെലവു കുറഞ്ഞ ചികിത്സ (സമാനരക്തം) നിരസിക്കുകവഴി യഹോവയുടെ സാക്ഷികൾ പൊതുജനാരോഗ്യ സേവനവിഭാഗത്തിൽനിന്നുള്ള പ്രത്യേക പദവികൾ പ്രതീക്ഷിക്കുകയല്ലേ എന്ന സംശയം ഒരു ഡോക്ടർക്കുണ്ടായിരുന്നു.
അവശ്യം ഡോക്ടർമാർ പരിചിന്തിക്കേണ്ട ഒരു ഘടകമാണു പണമെന്നു സമ്മതിക്കവെതന്നെ സാക്ഷികളുടെ ഒരു പ്രതിനിധി സമാനരക്തം കുത്തിവെക്കുന്നതിനു ഗൂഢമായി ഒടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചു വിശകലനം ചെയ്യുന്ന പ്രസിദ്ധപ്പെടുത്തിയ പഠനങ്ങളെക്കുറിച്ചു പരാമർശിക്കുകയുണ്ടായി. രക്തപ്പകർച്ചയോടു ബന്ധപ്പെട്ട് കുഴപ്പം പിടിച്ച അവസ്ഥകൾ ഉണ്ടാകുമ്പോൾ അവ ചികിത്സിക്കുന്നതിനുള്ള ചെലവും തന്മൂലമുണ്ടാകുന്ന പണനഷ്ടവും അവയിൽ ഉൾപ്പെടുന്നു. ഐക്യനാടുകളിൽ നടന്ന സമഗ്രമായ ഒരു പഠനം അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. ശരാശരി ഒരു യൂണിറ്റ് രക്തത്തിന്റെ പ്രാഥമിക വില 250 ഡോളറാണെങ്കിലും യഥാർഥത്തിൽ 1,300-ലധികം ഡോളർ—ആദ്യ തുകയുടെ അഞ്ചിരട്ടി—വരെ അതിന്റെ വില വന്നേക്കാമെന്ന് ആ പഠനം സൂചിപ്പിച്ചു. അതുകൊണ്ട്, എല്ലാ ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ രക്തരഹിത ശസ്ത്രക്രിയ ചെലവു കുറഞ്ഞതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെയുമല്ല, രക്തരഹിത ശസ്ത്രക്രിയയ്ക്കു വേണ്ടിവരുമെന്നു പറയുന്ന കൂടുതലായ ചെലവിലധികവും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഉപകരണത്തിന്റേതാണ്.
അനേകം ഡോക്ടർമാരുടെയും മനസ്സിലുണ്ടായിരുന്ന മറ്റൊരു ചോദ്യം മറ്റുള്ളവരുടെ സമ്മർദത്തെക്കുറിച്ചുള്ളതായിരുന്നു. ഒരു സാക്ഷി തന്റെ തീരുമാനത്തിനു മാറ്റം വരുത്തി രക്തപ്പകർച്ചയ്ക്കു വിധേയമാകാൻ സമ്മതിക്കുകയാണെങ്കിൽ എന്തു സംഭവിക്കും? സാക്ഷികൾ ആ വ്യക്തിക്കു ഭ്രഷ്ട് കൽപ്പിക്കുമോ? എന്നതായിരുന്നു അവരുടെ സംശയം.
യഥാർഥ സ്ഥിതിവിശേഷത്തെ ആശ്രയിച്ചായിരിക്കും പ്രതികരണം. കാരണം ദൈവനിയമത്തോട് അനുസരണക്കേടു കാണിക്കുന്നതു സഭാമൂപ്പന്മാർ പരിശോധിക്കേണ്ട ഗുരുതരമായ ഒരു കാര്യമാണ്. ജീവനുതന്നെ ഭീഷണിയായിരിക്കുന്ന ശസ്ത്രക്രിയ എന്ന മനോസംഘർഷമുളവാക്കുന്ന അനുഭവത്തിനു വിധേയനായ, രക്തപ്പകർച്ചയ്ക്കു വിധേയനായ, ഏതൊരു വ്യക്തിയെയും സഹായിക്കാൻ സാക്ഷികൾ ആഗ്രഹിക്കുന്നു. അത്തരമൊരു സാക്ഷിക്കു വളരെ വിഷമം തോന്നുമെന്നതിനും ദൈവവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അയാൾ ഉത്കണ്ഠയുള്ളവനായിരിക്കുമെന്നതിനും സംശയമില്ല. അങ്ങനെയുള്ള വ്യക്തിക്കു സഹായവും സഹാനുഭൂതിയും ആവശ്യമാണ്. ക്രിസ്ത്യാനിത്വത്തിന്റെ നെടുംതൂൺ സ്നേഹമായിരിക്കുന്ന സ്ഥിതിക്ക്, എല്ലാ നീതിന്യായക്കേസുകളിലുമെന്ന പോലെ, കരുണയ്ക്കൊപ്പം ദൃഢതയും കാണിക്കാൻ മൂപ്പന്മാർ ആഗ്രഹിക്കും.—മത്തായി 9:12, 13; യോഹന്നാൻ 7:24.
“നിങ്ങൾ താമസിയാതെ നിങ്ങളുടെ ധർമശാസ്ത്ര നിലപാട് പുനഃപരിശോധിക്കുകയില്ലേ?” ഐക്യനാടുകളിൽനിന്നു സന്ദർശനം നടത്തിയ ഒരു ജൈവധർമശാസ്ത്ര പ്രൊഫസർ ചോദിച്ചു. “സമീപ വർഷങ്ങളിൽ മറ്റു മതങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടല്ലോ.”
രക്തത്തിന്റെ പവിത്രത സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിലപാട്, ഇടയ്ക്കിടയ്ക്കുള്ള പുനരവലോകനത്തിനു വിധേയമാകുന്ന ഒരു ധർമശാസ്ത്ര വീക്ഷണത്തിനു പകരം ഉപദേശപരമായ ഒരു വിശ്വാസമാണെന്ന് അദ്ദേഹത്തോടു പറയുകയുണ്ടായി. ബൈബിളിന്റെ വ്യക്തമായ കൽപ്പന അനുരഞ്ജനത്തിനു യാതൊരു അവസരവും തരുന്നില്ല. (പ്രവൃത്തികൾ 15:28, 29) അത്തരം ദിവ്യ നിയമം ലംഘിക്കുന്നത്, വിഗ്രഹാരാധനയോ പരസംഗമോ വെച്ചുപൊറുപ്പിക്കുന്നതുപോലെതന്നെ ഒരു സാക്ഷിക്ക് അസ്വീകാര്യമാണ്.
ബൈബിളധിഷ്ഠിത ബോധ്യങ്ങൾക്കു ചേർച്ചയിൽ പകരചികിത്സ തേടാനുള്ള യഹോവയുടെ സാക്ഷികളുടെ തീരുമാനത്തെ ആദരിക്കാനുള്ള ഡോക്ടർമാരുടെ—മഡ്രിഡിലെ ജൈവധർമശാസ്ത്ര സെമിനാറിൽ സന്നിഹിതരായ ഡോക്ടർമാരെ പോലുള്ളവരുടെ—മനസ്സൊരുക്കത്തെ അവർ വളരെയധികം വിലമതിക്കുന്നു. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗിയുടെ ആഗ്രഹങ്ങളോടുള്ള ആദരവു വർധിപ്പിക്കുന്നതിനും നിസ്സംശയമായും ജൈവധർമശാസ്ത്രം പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കും.
റിപ്പോർട്ടനുസരിച്ച് ഒരു പ്രസിദ്ധ സ്പാനീഷ് ഡോക്ടർ പറഞ്ഞതുപോലെ, തങ്ങൾ “അപൂർണമായ ഉപകരണങ്ങളും പ്രമാദിത്വമുള്ള മാർഗങ്ങളും ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന്” ഡോക്ടർമാർ എപ്പോഴും ഓർത്തിരിക്കണം. അതുകൊണ്ട്, “അറിവിന് എത്താൻ കഴിയാത്തിടത്ത് സ്നേഹം സദാ വ്യാപരിക്കേണ്ടതുണ്ട് എന്ന ബോധ്യം” അവർക്കാവശ്യമാണ്.