മറ്റുള്ളവരെ ആശ്രയിക്കാൻ നിങ്ങൾക്കു ഭയമാണോ?
‘എനിക്കൊന്നു സംസാരിക്കാൻ ആരുമില്ല. ആരും എന്നെ മനസ്സിലാക്കുകയില്ല. സ്വന്തം പ്രശ്നങ്ങളുമായി എല്ലാവരും തിരക്കിലാണ്. എനിക്കുവേണ്ടി ചെലവഴിക്കാൻ അവർക്കു സമയമില്ല.’ അനേകർക്കും അങ്ങനെയാണു തോന്നുന്നത്. അതുകൊണ്ട് അവർ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ആരോടും പറയുന്നില്ല. എന്തുണ്ട് വിശേഷം എന്നു മറ്റുള്ളവർ ചോദിക്കുമ്പോൾ, അവർക്കു പറയണമെന്നുണ്ടെങ്കിലും പറയാറില്ല. അവർക്കു തുറന്നു സംസാരിക്കാനാകുന്നില്ല.
മറ്റുള്ളവരിൽനിന്നു സഹായം ആഗ്രഹിക്കാത്തവർ ഉണ്ടെന്നതു ശരിതന്നെ. എങ്കിലും, സഹായത്തിനായി വലയുന്ന അനേകരുണ്ട്. പക്ഷേ തങ്ങളുടെ തികച്ചും വ്യക്തിപരമായ ചിന്തകളും വിചാരങ്ങളും അനുഭവങ്ങളും വെളിപ്പെടുത്താൻ അവർക്കു ഭയമായിരിക്കും. നിങ്ങൾ അത്തരക്കാരിൽ ഒരുവനാണോ? നിങ്ങൾക്കു യഥാർഥത്തിൽ ആശ്രയിക്കാവുന്ന ആരുമില്ലെന്നാണോ?
ഭയത്തെ മനസ്സിലാക്കൽ
പരസ്പരവിശ്വാസമില്ലാത്ത സ്ഥിതിവിശേഷമാണ് ഇന്നു ലോകത്തിലുള്ളത്. യുവജനങ്ങൾ മാതാപിതാക്കളോടു സംസാരിക്കുന്നില്ല. മാതാപിതാക്കൾക്കു പരസ്പരം സംസാരിക്കാനാകുന്നില്ല. അധികാരികളോടു സംസാരിക്കാൻ തീരെ കുറച്ചുപേരെ തയ്യാറുള്ളൂ. മറ്റുള്ളവരോടു കാര്യങ്ങൾ തുറന്നുപറയാൻ കഴിയാത്തതുകൊണ്ട്, പ്രശ്നങ്ങളിൽനിന്നു രക്ഷനേടാൻ ചിലർ മദ്യത്തിലേക്കോ മയക്കുമരുന്നിലേക്കോ ക്രമംകെട്ട ജീവിതരീതിയിലേക്കോ തിരിയുന്നു.—സദൃശവാക്യങ്ങൾ 23:29-35; യെശയ്യാവു 56:12.
സത്യസന്ധതയില്ലായ്മയും അധാർമികതയും നിറഞ്ഞ പ്രവർത്തനങ്ങളെക്കുറിച്ചുള്ള എണ്ണമറ്റ റിപ്പോർട്ടുകൾനിമിത്തം പുരോഹിതന്മാർ, ഡോക്ടർമാർ, ചികിത്സകർ, അധ്യാപകർ എന്നിവരെപ്പോലെ അധികാരസ്ഥാനത്ത് ഇരിക്കുന്നവരിലുള്ള വിശ്വാസത്തിന് ഉലച്ചിൽ തട്ടിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു കണക്കനുസരിച്ച് 10 ശതമാനത്തിലധികം പുരോഹിതന്മാർ ലൈംഗിക ദുഷ്പെരുമാറ്റം ഉള്ളവരാണ്. ഈ “വിശ്വാസവഞ്ചകന്മാർ മനുഷ്യബന്ധങ്ങളിൽ വൻവിടവുകളും വിള്ളലുകളും ഗർത്തങ്ങളും സൃഷ്ടിക്കുന്നു,” ഒരു എഴുത്തുകാരൻ പ്രസ്താവിക്കുന്നു. ഇത് അവരുടെ പള്ളിക്കാരെ എങ്ങനെയാണു ബാധിക്കുന്നത്? അതു വിശ്വാസത്തെ തകർത്തുകളയുന്നു.
വ്യാപകമായ ധാർമികാധഃപതനം ഹേതുവായി കുടുംബത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്, അതുകൊണ്ടുതന്നെ കുടുംബങ്ങൾ മുടന്തിനീങ്ങുന്ന സ്ഥിതിവിശേഷം അപൂർവമെന്നതിനുപകരം ഒട്ടൊക്കെ സാധാരണമായിരിക്കുകയാണ്. പണ്ടൊക്കെ ഭവനം ഒരു പരിപുഷ്ടിപ്പെടുത്തുന്ന സ്ഥലമായിരുന്നു. ഇന്നത് ഒരു പെട്രോൾ പമ്പ്, ഭക്ഷണം കഴിക്കുന്നതിനുള്ള ഒരു സ്ഥലം, പോലെയാണ്. ഒരു കുട്ടി “സ്വാഭാവിക പ്രിയമില്ലാത്ത” കുടുംബത്തിൽ വളരുന്നതിന്റെ പൊതുവായ ഫലം അവനു പ്രായപൂർത്തിയെത്തിയാലും മറ്റുള്ളവരെ ആശ്രയിക്കാൻ തോന്നുകയില്ല എന്നതാണ്.—2 തിമൊഥെയൊസ് 3:3, NW.
അതിലുപരി, ലോകത്തിന്റെ അവസ്ഥകൾ വഷളായിക്കൊണ്ടിരിക്കുന്നതിനാൽ, നാം ഹാനികരമായ അനുഭവങ്ങൾക്കു വിധേയമാകാനുള്ള സാധ്യതയേറുകയാണ്. സമാനമായ ഒരു സ്ഥിതിവിശേഷത്തിൽ, മീഖാ പ്രവാചകൻ എഴുതി: “സ്നേഹിതനിൽ ആശ്രയിക്കരുതു.” (മീഖാ 7:5) നിരാശയ്ക്കിടയാക്കിയ ഒരു ചെറിയ സംഭവത്തിനോ നിങ്ങൾ വഞ്ചിതനായതിനോ അല്ലെങ്കിൽ ജീവനുതന്നെ ഭീഷണിയായ ഒരു വലിയ സംഭവത്തിനോ ശേഷം നിങ്ങൾക്കും അങ്ങനെ തോന്നിയേക്കാം. മറ്റുള്ളവരെ വീണ്ടും ആശ്രയിക്കുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടായി തോന്നും. ഓരോ ദിവസവും ഒരു വൈകാരിക മതിൽ തീർത്തുകൊണ്ടു വൈകാരിക മരവിപ്പോടെയാകും നിങ്ങൾ വളരുക. (സങ്കീർത്തനം 102:1-7 താരതമ്യം ചെയ്യുക.) ജീവിതം തള്ളിനീക്കാൻ അത്തരം മനോഭാവം സഹായിച്ചേക്കാമെന്നത് സത്യംതന്നെ, എന്നാൽ നിങ്ങളുടെ “ഹൃദയത്തിലെ വ്യസനം” ജീവിതത്തിലെ യഥാർഥ സന്തോഷത്തെ കവർന്നെടുക്കും. (സദൃശവാക്യങ്ങൾ 15:13) എന്നാൽ സത്യമിതാണ്, ആത്മീയവും വൈകാരികവും മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടാകാൻ ആ മതിൽ നീങ്ങണം, നിങ്ങൾ ആളുകളെ ആശ്രയിക്കാൻ പഠിക്കണം. അതു സാധ്യമാണോ? സാധ്യമാണ്.
മതിൽ നീങ്ങേണ്ടത് എന്തുകൊണ്ട്?
മറ്റുള്ളവരോടു കാര്യങ്ങൾ തുറന്നു പറയുന്നതു കലുഷിത ഹൃദയത്തിന് ആശ്വാസം പകരുന്നു. ഹന്നായ്ക്ക് ഈ അനുഭവം ഉണ്ടായി. അവൾക്കു നല്ലൊരു ദാമ്പത്യജീവിതവും സുരക്ഷിതമായ ഭവനവും ഉണ്ടായിരുന്നു. എന്നിട്ടും അവൾ വലിയ അരിഷ്ടതയിലായിരുന്നു. “മനോവ്യസന”ത്തിലായ അവൾ ഉള്ളുരുകി നിശബ്ദമായി ചുണ്ടുകൾ വിതുമ്പി ബുദ്ധിപൂർവം “യഹോവയോടു” “പ്രാർത്ഥി”ക്കാൻ തുടങ്ങി. അതേ, അവൾ യഹോവയോട് എല്ലാം തുറന്നുപറഞ്ഞു. അതിനുശേഷം അവൾ ദൈവത്തിന്റെ പ്രതിനിധിയായ ഏലിയോടു ഹൃദയം തുറന്നു സംസാരിച്ചു. ഫലമോ? “[ഹന്ന] തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.”—1 ശമൂവേൽ 1:1-18.
ഉറ്റ മിത്രങ്ങളോടു തുറന്നു സംസാരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ മിക്ക സംസ്കാരങ്ങൾക്കും പരിചിതമാണ്. ഉദാഹരണത്തിന്, സമാന സ്ഥിതിവിശേഷങ്ങളിൽ ആയിരുന്നവരുമായി ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതു പ്രയോജനപ്രദമാണ്. ഗവേഷകർ ഇങ്ങനെ നിഗമനം ചെയ്യുന്നു: “വൈകാരികമായ ഒറ്റപ്പെടുത്തൽ രോഗം വരുത്തുന്നു—മനസ്സുഖത്തോടെ നിലകൊള്ളുന്നതിനു നാം സംഗതികൾ വെളിപ്പെടുത്തേണ്ടതുണ്ട്.” “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു” എന്നു പറയുന്ന നിശ്വസ്ത സദൃശവാക്യം സത്യമാണെന്നു സ്ഥിരീകരിക്കുന്ന ശാസ്ത്ര ഗവേഷണ തെളിവുകളുടെ എണ്ണം കൂടിവരികയാണ്.—സദൃശവാക്യങ്ങൾ 18:1.
നിങ്ങൾ മറ്റുള്ളവരോടു തുറന്നു സംസാരിക്കുന്നില്ലെങ്കിൽ, അവർക്കെങ്ങനെയാണു നിങ്ങളെ സഹായിക്കാനാകുക? യഹോവയാം ദൈവത്തിനു നിങ്ങളുടെ ഹൃദയം വായിക്കാനാകും, പക്ഷേ നിങ്ങളുടെ ഉൾചിന്തകളും വിചാരവികാരങ്ങളും കുടുംബത്തിനും സുഹൃത്തുക്കൾക്കും, നിങ്ങൾ അവ തുറക്കാത്തിടത്തോളം കാലം, അടഞ്ഞ പുസ്തകമാണ്. (1 ദിനവൃത്താന്തം 28:9) ദൈവനിയമത്തിന്റെ ലംഘനം ഉൾപ്പെട്ടിരിക്കുന്ന പ്രശ്നമാണെങ്കിൽ, തുറന്നുപറയാതിരിക്കുന്നതു സംഗതി കൂടുതൽ വഷളാക്കുകയേയുള്ളൂ.—സദൃശവാക്യങ്ങൾ 28:13.
തീർച്ചയായും, വ്രണിതരായി അപകടസാധ്യതയിലാകുന്നതിനെക്കാൾ എത്രയോ നല്ലതാണു മനോവിഷമങ്ങളെക്കുറിച്ചു മറ്റുള്ളവരോടു തുറന്നുപറഞ്ഞു പ്രയോജനങ്ങൾ അനുഭവിക്കുന്നത്. എന്നാൽ അതിനർഥം വ്യക്തിപരമായ വിശദാംശങ്ങളെല്ലാം വിവേചനാരഹിതമായി എല്ലാവരോടും കൊട്ടിഘോഷിക്കണമെന്നല്ല. (ന്യായാധിപന്മാർ 16:18; യിരെമ്യാവു 9:4; ലൂക്കൊസ് 21:16 എന്നിവ താരതമ്യം ചെയ്യുക.) “പരസ്പരം പിച്ചിച്ചീന്താൻ ചായ്വുള്ള സുഹൃത്തുക്കളുണ്ട്” എന്ന മുന്നറിയിപ്പു നൽകിയിട്ടു സദൃശവാക്യങ്ങൾ 18:24 ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സഹോദരനെക്കാളും അടുത്തു പറ്റിനിൽക്കുന്ന സ്നേഹിതനുമുണ്ട്.” അത്തരമൊരു സുഹൃത്തിനെ നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?
നിങ്ങളുടെ കുടുംബത്തിലുള്ളവരെ ആശ്രയിക്കുക
നിങ്ങൾക്കൊരു പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ വിവാഹിത ഇണയുമായോ നിങ്ങളുടെ മാതാപിതാക്കളുമായോ ചർച്ചചെയ്തു നോക്കിയിട്ടുണ്ടോ? “ഒട്ടുമിക്ക പ്രശ്നങ്ങളെക്കുറിച്ചും ഒന്നു തുറന്നു സംസാരിക്കുകയേ വേണ്ടൂ,” അനുഭവസമ്പന്നനായ ഒരുപദേഷ്ടാവു പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 27:9) ‘ഭാര്യമാരെ തങ്ങളെപ്പോലെതന്നെ സ്നേഹിക്കുന്ന’ ക്രിസ്തീയ ഭർത്താക്കന്മാരും ‘ഭർത്താക്കൻമാർക്കു കീഴടങ്ങു’ന്ന ഭാര്യമാരും മക്കളെ ‘കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തി’ക്കൊണ്ടുവരുന്നതിനുള്ള ദൈവദത്ത ഉത്തരവാദിത്വം ഗൗരവമായി എടുക്കുന്ന മാതാപിതാക്കളുമെല്ലാം സമാനുഭാവമുള്ള ശ്രോതാക്കളും സഹായമനസ്കരായ ഉപദേഷ്ടാക്കളും ആയിത്തീരാൻ കഠിനമായി ശ്രമിക്കും. (എഫെസ്യർ 5:22, 33; 6:4) ജഡിക അർഥത്തിൽ ഭാര്യയോ കുട്ടികളോ ഇല്ലായിരുന്നെങ്കിലും, ഇക്കാര്യത്തിൽ യേശു എത്ര അത്ഭുതകരമായ മാതൃകയാണു വെച്ചിരിക്കുന്നത്!—മർക്കൊസ് 10:13-16; എഫെസ്യർ 5:25-27.
കുടുംബത്തിൽ പരിഹരിക്കാനാവാത്ത പ്രശ്നമാണെങ്കിലോ? ക്രിസ്തീയ സഭയിൽ നാം ഒരിക്കലും തനിച്ചല്ല. “ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു?” എന്നു പൗലൊസ് അപ്പോസ്തലൻ പറഞ്ഞു. (2 കൊരിന്ത്യർ 11:29) അവൻ അനുശാസിച്ചു: “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ.” (ഗലാത്യർ 6:2; റോമർ 15:1) നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാർക്കിടയിൽ, നിസ്സംശയമായും ‘അനർഥകാലത്തു സഹോദരനായിത്തീരുന്ന’ ഒന്നിലധികം പേരെ നമുക്കു കാണാനാകും.—സദൃശവാക്യങ്ങൾ 17:17.
സഭയിലുള്ള ആശ്രയം
ഭൂവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ 80,000-ത്തിലധികം വരുന്ന സഭകളിൽ, “നിങ്ങളുടെ സന്തോഷത്തിനുവേണ്ടിയുള്ള കൂട്ടുവേലക്കാർ” എന്നനിലയിൽ സേവിക്കുന്ന താഴ്മയുള്ള പുരുഷന്മാർ ഉണ്ട്. (2 കൊരിന്ത്യർ 1:24, NW) ഇവരാണു മൂപ്പന്മാർ. “ഓരോരുത്തൻ കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും,” യെശയ്യാവു പ്രസ്താവിക്കുന്നു. അങ്ങനെയായിരിക്കാനാണു മൂപ്പന്മാർ ശ്രമിക്കുന്നത്.—യെശയ്യാവു 32:2; 50:4; 1 തെസ്സലൊനീക്യർ 5:14.
‘പരിശുദ്ധാത്മാവിനാൽ നിയമിതരാ’കുന്നതിനുമുമ്പ്, മൂപ്പന്മാർ തിരുവെഴുത്തുപരമായ യോഗ്യതകളിൽ എത്തിച്ചേരുന്നു. ഇത് അറിയുന്നതുകൊണ്ട് അവരിലുള്ള നിങ്ങളുടെ വിശ്വാസം വർധിക്കും. (പ്രവൃത്തികൾ 20:28; 1 തിമൊഥെയൊസ് 3:2-7; തീത്തൊസ് 1:5-9) നിങ്ങൾ ഒരു മൂപ്പനുമായി ചർച്ചചെയ്യുന്നതെന്തും തീർത്തും രഹസ്യമായി സൂക്ഷിക്കപ്പെടും. വിശ്വാസയോഗ്യനായിരിക്കണം എന്നതുതന്നെ അദ്ദേഹത്തിന്റെ യോഗ്യതകളിൽപ്പെട്ട ഒരു സംഗതിയാണ്.—പുറപ്പാടു 18:21; നെഹെമ്യാവു 7:2 ഇവ താരതമ്യം ചെയ്യുക.
സഭയിൽ മൂപ്പന്മാർ “കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി” അവർ “ജാഗരിച്ചിരിക്കു”കയാണ്. (എബ്രായർ 13:17) ഇതു നിങ്ങളെ ഈ മനുഷ്യരിൽ ആശ്രയം വെക്കുന്നതിനായി പ്രേരിപ്പിക്കുന്നില്ലേ? സ്വാഭാവികമായും, എല്ലാ മൂപ്പന്മാർക്കും ഒരേ ഗുണങ്ങൾ ഒരേ അളവിൽ ഉണ്ടായിരിക്കുകയില്ല. ചിലർ മറ്റുള്ളവരെക്കാൾ സമീപിക്കാവുന്നവരും ദയാലുക്കളും സഹാനുഭൂതിയുള്ളവരും ആയി കാണപ്പെട്ടേക്കാം. (2 കൊരിന്ത്യർ 12:15; 1 തെസ്സലൊനീക്യർ 2:7, 8, 11) നിങ്ങൾക്കു സ്വസ്ഥമായി സംസാരിക്കാവുന്ന ഒരു മൂപ്പനോടു തുറന്നു സംസാരിക്കരുതോ?
ശമ്പളം പറ്റുന്ന ജോലിക്കാരല്ല ഈ പുരുഷന്മാർ. മറിച്ച്, നിങ്ങളെ സഹായിക്കുന്നതിനു യഹോവ പ്രദാനം ചെയ്തിരിക്കുന്ന “മനുഷ്യരാം ദാനങ്ങൾ” ആണ്. (എഫെസ്യർ 4:8, 11-13, NW; ഗലാത്യർ 6:1) എങ്ങനെ? വിദഗ്ധമായി ബൈബിൾ ഉപയോഗിച്ചുകൊണ്ട്, നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾക്കായി അവർ അതിന്റെ സൗഖ്യശക്തി ബാധകമാക്കുന്നു. (സങ്കീർത്തനം 107:20; സദൃശവാക്യങ്ങൾ 12:18; എബ്രായർ 4:12, 13) അവർ നിങ്ങളോടൊപ്പവും നിങ്ങൾക്കുവേണ്ടിയും പ്രാർഥിക്കും. (ഫിലിപ്പിയർ 1:9; യാക്കോബ് 5:13-18) കലങ്ങിയ മനസ്സിനു സാന്ത്വനമേകുന്നതിനും മനസ്സമാധാനം വീണ്ടെടുക്കുന്നതിനും സ്നേഹസമ്പന്നരായ അത്തരം ഉപദേഷ്ടാക്കളിൽനിന്നുള്ള സഹായം കാര്യമായ പ്രയോജനം ചെയ്യും.
ആശ്രയബന്ധം കെട്ടിപ്പടുക്കേണ്ട വിധം
സഹായമോ ഉപദേശമോ ചോദിക്കുന്നത്, അല്ലെങ്കിൽ കേവലം ശ്രദ്ധിക്കുന്ന ഒരു കാത് നീട്ടിക്കൊടുക്കുന്നതു ദൗർബല്യത്തിന്റെയോ പരാജയത്തിന്റെയോ അടയാളമല്ല. അതു നാം അപൂർണരാണെന്നും എല്ലാവർക്കും എല്ലാം അറിയില്ലെന്നുമുള്ള യാഥാർഥ്യബോധത്തോടെയുള്ള ഒരു തിരിച്ചറിവു മാത്രമേ ആകുന്നുള്ളൂ. തീർച്ചയായും, നമുക്കുള്ള ഏറ്റവും വലിയ ഉപദേഷ്ടാവും ഉറ്റമിത്രവും നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം ആണ്. “യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു” എന്ന് എഴുതിയ സങ്കീർത്തനക്കാരനോടു നാം യോജിക്കുന്നു. (സങ്കീർത്തനം 28:7) പ്രാർഥിക്കുമ്പോൾ, അവൻ നമ്മുടെ പ്രാർഥന കേൾക്കുകയും നമുക്കു വേണ്ടി കരുതുകയും ചെയ്യുന്നു എന്ന ഉറപ്പോടെ, ഏതു സമയത്തും നമുക്കു ‘നമ്മുടെ ഹൃദയം അവന്റെ മുമ്പിൽ’ സമ്പൂർണമായും ‘പകരാനാകും.’—സങ്കീർത്തനം 62:7, 8; 1 പത്രൊസ് 5:7.
നിങ്ങൾക്കെങ്ങനെ സഭയിലെ മൂപ്പന്മാരെയും മറ്റുള്ളവരെയും ആശ്രയിക്കാൻ പഠിക്കാനാകും? ഒന്നാമത്, നിങ്ങളെത്തന്നെ പരിശോധിക്കുക. നിങ്ങളുടെ ഭയത്തിനു തക്കതായ കാരണങ്ങളുണ്ടോ? മറ്റുള്ളവരുടെ ആന്തരങ്ങളെക്കുറിച്ചു നിങ്ങൾക്കു സംശയമുണ്ടോ? (1 കൊരിന്ത്യർ 13:4, 7) വ്രണിതനാകാനുള്ള സാധ്യത കുറയ്ക്കുന്നതിനു മാർഗമുണ്ടോ? ഉണ്ട്. എങ്ങനെ? നിങ്ങൾ ഉറ്റ മിത്രമാക്കാൻ ഉദ്ദേശിക്കുന്നവരുമായി ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അവസരത്തിൽ വ്യക്തിപരമായി അടുക്കുന്നതിനു ശ്രമിക്കുക. സഭായോഗങ്ങളിൽവെച്ച് അവരുമായി സംസാരിക്കുക. വീടുതോറുമുള്ള വേലയിൽ ഒരുമിച്ചു പങ്കെടുക്കുക. ആദരവിന്റെ കാര്യത്തിലെന്നപോലെ, ആശ്രയവും നേടിയെടുക്കേണ്ടതാണ്. അതുകൊണ്ടു ക്ഷമയുള്ളവനായിരിക്കുക. ഉദാഹരണത്തിന്, ഒരു ആത്മീയ ഇടയൻ എന്നനിലയിൽ അദ്ദേഹത്തെ പരിചയപ്പെടുന്നതോടെ നിങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വർധിക്കും. നിങ്ങളുടെ ഉത്കണ്ഠകൾ ക്രമാനുഗതമായി വെളിപ്പെടുത്തുക. ഉചിതമായ വിധത്തിൽ, സഹാനുഭൂതിയോടെയും വിവേകത്തോടെയും പ്രതികരിക്കുന്നെങ്കിൽ, നിങ്ങൾക്കു കൂടുതൽ കാര്യങ്ങൾ തുറന്നുപറയാൻ ശ്രമിക്കാവുന്നതാണ്.
നമ്മോടൊപ്പം യഹോവയെ ആരാധിക്കുന്നവർ, വിശേഷിച്ചും ക്രിസ്തീയ മൂപ്പന്മാർ, തങ്ങളുടെ പരസ്പര ബന്ധങ്ങളിൽ ദൈവത്തിന്റെ അമൂല്യഗുണങ്ങൾ അനുകരിക്കാൻ കഠിനമായി യത്നിക്കുന്നു. (മത്തായി 5:48) ഇതു സഭയിൽ ആശ്രയത്തിന്റേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ദീർഘനാളായി മൂപ്പനായി സേവിക്കുന്ന ഒരാൾ പറയുന്നു: “സഹോദരങ്ങൾ ഒരു സംഗതി അറിയേണ്ടതുണ്ട്: ഒരു വ്യക്തി എന്തു ചെയ്താലും ഒരു മൂപ്പന് അയാളോടുള്ള ക്രിസ്തീയ സ്നേഹം നഷ്ടമാകുന്നില്ല. അയാൾ ചെയ്തത് മൂപ്പന് ഇഷ്ടമായില്ലായിരിക്കും, എങ്കിലും അയാൾ അപ്പോഴും തന്റെ സഹോദരനെ സ്നേഹിക്കുകയും അയാളെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.”
അതുകൊണ്ട്, ഒരു പ്രശ്നം കൈകാര്യം ചെയ്യാൻ ഒറ്റയ്ക്കേ ഉള്ളുവെന്നു വിചാരിക്കേണ്ട ആവശ്യമില്ല. “ആത്മീയ യോഗ്യതകളുള്ള” ആരെങ്കിലുമായി സംസാരിക്കുക. ഭാരം താങ്ങാൻ അയാൾക്കു നിങ്ങളെ സഹായിക്കാനാകും. (ഗലാത്യർ 6:1, NW) “മനോവ്യസനം ഹേതുവായി മമനുഷ്യന്റെ മനസ്സിടിയുന്നു” എന്നോർക്കുക. എന്നാൽ, “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ.”—സദൃശവാക്യങ്ങൾ 12:25; 16:24.
[26-ാം പേജിലെ ചിത്രം]
വ്യക്തിപരമായ ഒരു പ്രശ്നമുള്ള ബന്ധുവിനെയോ സുഹൃത്തിനെയോ ആത്മീയ സഹോദരനെയോ സഹായിക്കാൻ ഏതൊരു ക്രിസ്ത്യാനിയോടും ആവശ്യപ്പെട്ടേക്കാം. എങ്ങനെ സഹായിക്കണമെന്നു നിങ്ങൾക്കറിയാമോ?
ഫലപ്രദനായ ഉപദേഷ്ടാവ്
സമീപിക്കാവുന്നവനായിരിക്കും: മത്തായി 11:28, 29; 1 പത്രൊസ് 1:22; 5:2, 3
ശരിയായ പശ്ചാത്തലം തിരഞ്ഞെടുക്കും: മർക്കൊസ് 9:33-37
പ്രശ്നം മനസ്സിലാക്കാൻ ശ്രമിക്കും: ലൂക്കൊസ് 8:18; യാക്കോബ് 1:19
അമിത പ്രതികരണം നടത്തുകയില്ല: കൊലൊസ്സ്യർ 3:12-14
വൈകാരിക വേദന കുറയ്ക്കാൻ സഹായിക്കും: 1 തെസ്സലൊനീക്യർ 5:14; 1 പത്രൊസ് 3:8
തന്റെ പരിമിതികൾ തിരിച്ചറിയും: ഗലാത്യർ 6:3; 1 പത്രൊസ് 5:5
നിർദിഷ്ട ഉപദേശം കൊടുക്കും: സങ്കീർത്തനം 19:7-9; സദൃശവാക്യങ്ങൾ 24:26
രഹസ്യം സൂക്ഷിക്കും: സദൃശവാക്യങ്ങൾ 10:19; 25:9