‘നിങ്ങൾ സ്വാധീനിച്ച അനേകം ജീവിതങ്ങളിൽ ഒന്നു മാത്രം’
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിയാറ് ജനുവരിയിൽ കാരൾ ഒരു മസ്തിഷ്ക ട്യൂമറിനാൽ രോഗബാധിതയായി. അപ്പോൾ അവർ തന്റെ 60-കളിലായിരുന്നു. അതുവരെ അവർക്കു വളരെ സന്തോഷവും ആരോഗ്യവും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പ്രകൃതവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഡോക്ടർമാർ ട്യൂമറിന്റെ മാരകമായ വളർച്ച തടയുന്നതിനു കഠിനപരിശ്രമം നടത്തുകയായിരുന്നു. കാരൾ ഈ രോഗത്തോടു മല്ലിട്ടുകൊണ്ടിരുന്നതിനിടയ്ക്ക് അവർക്കു പിൻവരുന്നപ്രകാരം ഒരു കത്തു കിട്ടി:
“പ്രിയപ്പെട്ട കാരൾ:
“നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചുവരുന്നതിൽ ഞാൻ അതിയായി ഖേദിക്കുന്നു. എങ്കിലും ഭാഗ്യമെന്നു പറയട്ടെ, അറിയാനും താലോലിക്കാനും ബൈബിൾ നമ്മെ സഹായിക്കുന്ന ഒരു യഥാർഥ പ്രത്യാശ നമുക്കുണ്ട്. ഒരു പറുദീസാവസ്ഥയിൽ ജീവിക്കാൻ കഴിയത്തക്കവണ്ണം യഹോവയുടെ രാജ്യം ഭൂമിയെ ഭരിക്കുമെന്ന പ്രത്യാശ. നാമെല്ലാം കാത്തിരിക്കുന്ന ഒരു സമയമാണത്.
“നിങ്ങളുടെ വ്യക്തിപരമായ പ്രസംഗവേല, എന്നെന്നേക്കുമായി മരിച്ചുപോകുന്നതിൽ നിന്നു ധാരാളം ആളുകളെ രക്ഷിച്ചിരിക്കുന്നുവെന്നു നിങ്ങളറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ആ കൂട്ടത്തിൽ ഒരാളാണ്. നാമാദ്യമായി കണ്ടുമുട്ടിയതു നിങ്ങൾക്കോർമയുണ്ടോയെന്ന് എനിക്കുറപ്പില്ല. അപ്പോൾ എനിക്ക് 20 വയസ്സായിരുന്നു. അന്ന് മുടി നീട്ടിവളർത്തിയിരുന്ന ഞാൻ മയക്കുമരുന്നു വിൽക്കുകയും ഒരു സംഘം റൗഡികളോടൊത്തു സമയം കളയുകയും ചെയ്തിരുന്നു. ഞങ്ങളെല്ലാവരും തോക്കുകൾ കൊണ്ടുനടന്നിരുന്നു, അവനവനെ മാത്രമേ സ്നേഹിച്ചിരുന്നുമുള്ളൂ.
“നിങ്ങൾ മറ്റൊരു സാക്ഷിയോടൊപ്പം എന്റെ വാതിൽക്കൽ മുട്ടി എനിക്ക് വീക്ഷാഗോപുരവും ഉണരുക!യും വെച്ചുനീട്ടി. എനിക്കു മാസിക വേണ്ടെന്നു പറഞ്ഞുകൊണ്ടു ഞാൻ നിങ്ങൾക്ക് ഒരു ഡോളർ തരാൻ ശ്രമിച്ചു. അപ്പോൾ നിങ്ങൾ, നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം വെറുതെ സംഭാവന പിരിക്കുകയല്ലെന്ന് എന്നെ പറഞ്ഞു മനസ്സിലാക്കി. നിങ്ങൾ ഈ വേല ചെയ്യുന്നത് ആളുകളെ ബൈബിൾ വായിക്കാൻ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് എന്നോടു പറഞ്ഞു. ഞാൻ ആ മാസികകൾ വാങ്ങി വായിച്ചോ എന്ന് എനിക്കുറപ്പില്ല. എങ്കിലും, നിങ്ങൾ എന്റെ ജീവിതത്തിൽ സത്യത്തിന്റെ വിത്തു വിതെച്ചു.
“ഏതാനും വർഷങ്ങൾക്കു ശേഷം ഗാരി എന്ന മറ്റൊരു സാക്ഷി എന്റെ അമ്മയുടെ വീട്ടിൽ വന്നപ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് നിങ്ങളെന്നെ സന്ദർശിച്ച വിവരം ഞാൻ അയാളോടു പറഞ്ഞു. ഗാരി നിരവധി വർഷങ്ങൾ, 1984-ൽ ഞാൻ സ്നാപനമേൽക്കുന്നതുവരെ, എന്നെ ബൈബിൾ പഠിപ്പിച്ചു. ഇപ്പോൾ ഞാൻ എന്റെ കുട്ടികളെ ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുകയാണ്.
“നിങ്ങളുടെ നിരവധി വർഷത്തെ വിശ്വസ്ത സേവനത്തിനിടയിൽ നിങ്ങൾ സ്വാധീനിച്ച അനേകം ജീവിതങ്ങളിൽ ഒന്നു മാത്രമാണ് എന്റേതെന്ന് എനിക്കുറപ്പുണ്ട്. എന്നിരുന്നാലും, ഈ സ്നേഹദയയിലൂടെ നിങ്ങൾ എന്നെയും എന്റെ കുടുംബത്തെയും മഹാദൈവമായ യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും അറിയാൻ പ്രാപ്തരാക്കിയിരിക്കുന്നു. യഹോവ നമ്മുടെ കണ്ണിൽ നിന്നും കണ്ണുനീരെല്ലാം തുടച്ചുകളയുകയും മേലാൽ മരണം ഇല്ലാതിരിക്കുകയും ചെയ്യുന്ന ആ പുതിയ വ്യവസ്ഥിതിയിൽ, എനിക്കു നിങ്ങളെ കാണാനാകുന്ന ആ ദിവസത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.—വെളിപ്പാടു 21:4.
“നിങ്ങളെ അറിയാനും നിങ്ങളുടെ സാക്ഷീകരണ വേലയുടെ ഒരു ഭാഗമാകുന്നതിനും അവസരം ലഭിച്ചതിൽ ഞാനും എന്റെ കുടുംബവും വളരെയധികം സന്തോഷിക്കുന്നു. നിങ്ങൾക്കു നന്ദി.
“സഹോദരസ്നേഹത്തോടെ,
പീറ്റർ”
35 വർഷത്തെ തീക്ഷ്ണതയുള്ള സുവിശേഷവൃത്തിയിൽ വളരെയേറെ സത്യത്തിന്റെ വിത്തുകൾ വിതച്ചിട്ട് ആറു മാസം രോഗിയായിക്കിടന്ന ശേഷം കാരൾ 1996 മാർച്ചിൽ മരിച്ചു. ഒരു വിത്ത് എപ്പോഴാണു ഫലംപുറപ്പെടുവിക്കുന്നതെന്ന്, വർഷങ്ങൾക്കു ശേഷമായിരിക്കുമോയെന്ന്, ആർക്കും അറിയില്ലെന്നകാര്യം അവൾ മനസ്സിലാക്കി.—മത്തായി 13:23.