യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനുകൾ
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം 1998-ൽ സാർവദേശീയ കൺവെൻഷനുകൾ നടത്താൻ ആസൂത്രണം ചെയ്യുകയാണ്. 1996 ഒക്ടോബർ 5 ശനിയാഴ്ച യഹോവയുടെ സാക്ഷികളുടെ ജേഴ്സി സിറ്റി സമ്മേളന ഹാളിൽ ചേർന്ന വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയായുടെ വാർഷിക യോഗത്തിൽ ഇതു സംബന്ധിച്ചു നടത്തിയ പ്രഖ്യാപനത്തിന് ആവേശപൂർവകമായ പ്രതികരണമാണു ലഭിച്ചത്.
സാധാരണമായുള്ള ഡിസ്ട്രിക്റ്റ് കൺവെൻഷനുകളോടൊപ്പം, 1998-ന്റെ മധ്യത്തിൽ വടക്കേ അമേരിക്കയിൽ പല സാർവദേശീയ കൺവെൻഷനുകൾ നടത്തുന്നതാണ്. ഭൂമിയുടെ പല ഭാഗത്തുനിന്നുമായി ശതസഹസ്രക്കണക്കിനു സാക്ഷികൾ ഈ സമ്മേളനങ്ങളിൽ സംബന്ധിക്കുമെന്നാണു പ്രതീക്ഷ. പരമാവധി രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്, വാച്ച് ടവർ സൊസൈറ്റിയുടെ 100-ലധികമുള്ള ബ്രാഞ്ച് ഓഫീസുകളിൽ ഓരോന്നിനും വടക്കേ അമേരിക്കയിലെ ഒരു നിശ്ചിത സാർവദേശീയ കൺവെൻഷൻ നഗരത്തിലേക്ക് അയയ്ക്കാൻ കഴിയുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ്.
താത്പര്യമുള്ള എല്ലാവർക്കും വടക്കേ അമേരിക്കയിൽ വന്നു സാർവദേശീയ കൺവെൻഷൻ കൂടാനാവില്ലെന്നു വ്യക്തം. എന്നാൽ തങ്ങളുടെ മാതൃരാജ്യത്തോട് അടുത്ത ഒരു രാജ്യത്തെ അത്തരമൊരു കൺവെൻഷനിൽ പങ്കെടുക്കാൻ ആയിരങ്ങൾക്കു സാധിച്ചേക്കും. യൂറോപ്പിൽ രണ്ടോ മൂന്നോ രാജ്യത്ത് സാർവദേശീയ കൺവെൻഷനുകൾ നടത്താൻ ഏർപ്പാടുകൾ ചെയ്യുന്നുണ്ട്. കൂടാതെ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, സൗത്ത് പസഫിക്, കരീബിയൻ എന്നിവിടങ്ങളിലും ഇവ നടത്തപ്പെടും.
സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസുകൾ അവരവരുടെ പ്രദേശത്തെ സഭകളെ ക്ഷണിച്ചിരിക്കുന്നത് ഏതു കൺവെൻഷൻ നഗരത്തിലേക്കാണ്, അല്ലെങ്കിൽ ഏതെല്ലാം നഗരങ്ങളിലേക്കാണ് എന്ന് ഉചിതമായ സമയത്ത് അവരെ അറിയിക്കുന്നതാണ്. കൺവെൻഷൻ തീയതികളും പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്രമീകരണങ്ങളും സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്. പ്രതിനിധി തിരഞ്ഞെടുപ്പിനുള്ള അപേക്ഷകൾ പൂരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിശേഷ അവസരത്തിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി പണം സ്വരൂപിച്ചുതുടങ്ങാവുന്നതാണ്.
1998-ലെ ഈ സാർവദേശീയ കൂടിവരവുകളിൽ നടക്കാൻ പോകുന്ന സംഗതികൾക്കായി ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികൾക്കെല്ലാം നോക്കിപ്പാർത്തിരിക്കാവുന്നതാണ്. എന്നാൽ സമാനമായ പരിപാടികൾ തന്നെയായിരിക്കും എല്ലാ രാജ്യങ്ങളിലെയും ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും നടത്തപ്പെടുക.