ദൈവം എന്റെ സങ്കേതവും ബലവും
ഷാർലൊറ്റ് മ്യൂളർ പറഞ്ഞപ്രകാരം
“ഹിറ്റ്ലറുടെ കാലത്തെ നിങ്ങളുടെ ഒമ്പതു വർഷം സ്തുത്യർഹമാണ്,” കമ്മ്യുണിസ്റ്റ് ജഡ്ജി പറഞ്ഞു. “നിങ്ങൾ യഥാർഥത്തിൽ യുദ്ധത്തിനെതിരായിരുന്നു. ഇപ്പോഴോ ഞങ്ങളുടെ സമാധാന പ്രസ്ഥാനത്തിനുമെതിരാണ്!”
പണ്ടു നാസികൾ എന്നെ തടവിലാക്കിയതിനെയും ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ സോഷ്യലിസത്തെയും പരാമർശിക്കുകയായിരുന്നു അദ്ദേഹം. ആദ്യം, എനിക്കു നാവിറങ്ങിപ്പോയതുപോലെ തോന്നിയെങ്കിലും പിന്നീട് ഇങ്ങനെ മറുപടി നൽകി: “യഥാർഥ സമാധാനത്തിനുവേണ്ടി ഒരു ക്രിസ്ത്യാനി മറ്റുള്ളവരെപ്പോലെ മല്ലിടുന്നില്ല. ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കുകയെന്ന ബൈബിളിന്റെ കൽപ്പന ഞാൻ പിൻപറ്റുന്നു, അത്രമാത്രം. വാക്കിലും പ്രവൃത്തിയിലും സമാധാനം പുലർത്താൻ ദൈവവചനം എന്നെ സഹായിക്കുന്നു.”
അന്ന്, അതായത് 1951 സെപ്റ്റംബർ 4-ന്, കമ്മ്യുണിസ്റ്റുകാർ എന്നെ എട്ടു വർഷത്തെ തടവിനു വിധിച്ചു—നാസി ഭരണം വിധിച്ച ശിക്ഷയെക്കാൾ ഒരു വർഷം കുറവായിരുന്നു അത്.
യഹോവയുടെ സാക്ഷികളായിരുന്ന ഞങ്ങളെ ദേശീയ സോഷ്യലിസ്റ്റുകാരും കമ്മ്യുണിസ്റ്റുകാരും പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, സങ്കീർത്തനം 46:1-ൽ ഞാൻ ആശ്വാസം കണ്ടെത്തി. അവിടെ ഇങ്ങനെ പറയുന്നു: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.” എനിക്കു സഹിച്ചുനിൽക്കാനുള്ള ശക്തിയേകിയതു യഹോവയല്ലാതെ മറ്റാരുമല്ല. അവന്റെ വചനം സ്വന്തമാക്കുന്തോറും ഞാൻ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.
ഭാവിയിലേക്കു ശക്തയാക്കപ്പെടുന്നു
ജർമനിയിലെ തുറിഞ്ചയിലുള്ള ഗോത്താ സിബ്ലേബെനിൽ, 1912-ലാണു ഞാൻ ജനിച്ചത്. എന്റെ മാതാപിതാക്കൾ പ്രൊട്ടസ്റ്റന്റുകാരായിരുന്നെങ്കിലും പിതാവ് ബൈബിൾ സത്യത്തിനും നീതിനിഷ്ഠമായ ഒരു ഗവൺമെൻറിനുംവേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. അവർ “സൃഷ്ടിപ്പിൻ ഫോട്ടോനാടകം” കണ്ടപ്പോൾ പുളകിതരായി.a താൻ അന്വേഷിച്ചുകൊണ്ടിരുന്നതു പിതാവു കണ്ടെത്തി—ദൈവരാജ്യം.
1923 മാർച്ച് 2-നു ഡാഡിയും മമ്മിയും ഞങ്ങൾ ആറു മക്കളും പള്ളിയിൽനിന്നു രാജിവെച്ചു. ഞങ്ങൾ സാക്സനിയിലുള്ള കെമ്നിറ്റ്സിലാണു താമസിച്ചിരുന്നത്. അവിടെ ബൈബിൾ വിദ്യാർഥികളുമായി സഹവസിച്ചുപോന്നു. (എന്റെ സഹോദരീസഹോദരന്മാരിൽ മൂന്നു പേർ യഹോവയുടെ സാക്ഷികളായി.)
ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങളിൽവെച്ചു തിരുവെഴുത്തു വാക്യങ്ങളും വിലയേറിയ സത്യങ്ങളും എന്റെ മനസ്സിൽ ആഴത്തിൽ വേരൂന്നി. അവ എന്റെ പിഞ്ചുഹൃദയത്തെ സന്തോഷപൂരിതമാക്കി. സർവപ്രധാനമായി, 50-ലധികം വരുന്ന ക്രിസ്തീയ യുവജനങ്ങളായ ഞങ്ങൾക്കു ഞായറാഴ്ച തോറും പ്രബോധനം ലഭിച്ചിരുന്നു. എനിക്കും ജ്യേഷ്ഠത്തി കാത്തിക്കും കുറെനാൾ അതിൽനിന്നു പ്രയോജനം നേടാൻ കഴിഞ്ഞു. ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന കൊൺറാട് ഫ്രാങ്കെ എന്ന യുവാവ് ദീർഘദൂര നടത്തം സംഘടിപ്പിക്കുകയും ഞങ്ങളോടൊപ്പം സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട്, 1955 മുതൽ 1969 വരെ ഫ്രാങ്കെ സഹോദരൻ ജർമനിയിൽ വാച്ച് ടവർ ബ്രാഞ്ചിന്റെ മേൽവിചാരകനായി സേവനമനുഷ്ഠിച്ചു.
1920-കൾ, ചിലപ്പോഴൊക്കെ ദൈവജനത്തിനിടയിലും, പ്രക്ഷുബ്ധമായ വർഷങ്ങളായിരുന്നു. വീക്ഷാഗോപുരം ‘തക്കസമയത്തെ ആഹാര’മാണെന്ന വസ്തുത അംഗീകരിക്കുന്നതിൽനിന്നു വ്യതിചലിച്ചവർ വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിന് എതിരായിരുന്നു. (മത്തായി 24:45) അതു വിശ്വാസത്യാഗത്തിനു വഴിച്ചാലിട്ടു. എന്നാൽ അക്കാലത്തു ഞങ്ങൾക്ക് അത്യന്തം ആവശ്യമായിരുന്ന ശക്തി പ്രദാനം ചെയ്തത് ആ “ആഹാര”മായിരുന്നു. ഉദാഹരണത്തിന്, “നിർഭയർ അനുഗൃഹീതർ” (1919), “ആർ യഹോവയെ മഹത്ത്വപ്പെടുത്തും?” (1926) എന്നിവ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) വന്ന ലേഖനങ്ങളാണ്. ധീരമായ പ്രവർത്തനത്തിലൂടെ യഹോവയെ മഹത്ത്വപ്പെടുത്താൻ ആഗ്രഹിച്ചതിനാൽ, റഥർഫോർഡ് സഹോദരന്റെ നിരവധി പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ഞാൻ വിതരണം ചെയ്തു.
1933 മാർച്ചിൽ ഞാൻ യഹോവയുടെ സാക്ഷികളിലൊരാളായി സ്നാപനമേറ്റു. ആ വർഷംതന്നെ ജർമനിയിൽ ഞങ്ങളുടെ സുവിശേഷവേല നിരോധനത്തിലായി. സ്നാപന സമയത്തു വെളിപ്പാടു 2:10 ഭാവിയിലേക്കുവേണ്ട ഉപദേശമായി ലഭിച്ചു: “നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.” ഞാൻ ആ വാക്യം ഹൃദയത്തിൽ സൂക്ഷിച്ചു. കൊടിയ പീഡനം എന്നെ കാത്തിരിക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ലായിരുന്നു. അതു സത്യമെന്നു തെളിഞ്ഞു.
രാഷ്ട്രീയമായി നിഷ്പക്ഷ നിലപാടു കൈക്കൊണ്ടതിനാൽ അയൽക്കാരിൽ പലരും ഞങ്ങളെ സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചത്. ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പിനുശേഷം, യൂണിഫാറം ധരിച്ച നാസി പടയാളികൾ ഞങ്ങളുടെ വീടിനു മുന്നിൽനിന്ന്, “രാജ്യദ്രോഹികളാണ് ഇവിടെ താമസിക്കുന്നത്!” എന്ന് ആക്രോശിച്ചു. 1993 ഡിസംബറിൽ വീക്ഷാഗോപുരത്തിന്റെ ജർമൻ പതിപ്പിൽ വന്ന, “അവരെ ഭയപ്പെടരുത്” എന്ന ലേഖനം എനിക്കു വിശേഷാൽ പ്രോത്സാഹനമേകി. അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലും യഹോവയുടെ ഒരു വിശ്വസ്ത സാക്ഷിയായി നിലകൊള്ളാൻ ഞാൻ ആഗ്രഹിച്ചു.
ശത്രുവിന്റെ മറുപടി—തടവറ
1935-ലെ ശരത്കാലംവരെ കെമ്നിറ്റ്സിൽ രഹസ്യമായി വീക്ഷാഗോപുരം ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. അതിനുശേഷം, പകർപ്പെടുക്കുന്ന യന്ത്രം എർട്സ്ഗബിർഗയിലുള്ള ബൈയർഫെൽറ്റിലേക്കു കൊണ്ടുപോകേണ്ടിവന്നു. 1936 ആഗസ്റ്റ്വരെ അവിടെ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കാൻ അത് ഉപയോഗിച്ചുപോന്നു. ഞാനും കാത്തിയും ഡാഡി നൽകിയ വിലാസത്തിൽ സഹോദരങ്ങൾക്കു പ്രതികൾ വിതരണം ചെയ്തു. കുറച്ചു സമയത്തേക്ക് എല്ലാം ഭംഗിയായി നടന്നു. എന്നാൽ, പിന്നീടു ഞാൻ ഗസ്റ്റപ്പോയുടെ സൂക്ഷ്മനിരീക്ഷണത്തിലായി. 1936 ആഗസ്റ്റിൽ പൊലീസ് വീട്ടിൽനിന്ന് എന്നെ അറസ്റ്റുചെയ്തു തടവിലാക്കി. ഞാൻ വിചാരണയും കാത്തു കഴിഞ്ഞു.
1937 ഫെബ്രുവരിയിൽ 25 സഹോദരന്മാരും ഞാനുൾപ്പെടെ 2 സഹോദരിമാരും സാക്സനിയിൽ ഒരു പ്രത്യേക കോടതിയുടെ മുമ്പാകെ ഹാജരായി. യഹോവയുടെ സാക്ഷികളുടേതു വിധ്വംസക സംഘടനയാണെന്ന് അവർ അവകാശപ്പെട്ടു. വീക്ഷാഗോപുരത്തിന്റെ പകർപ്പെടുത്തിരുന്ന സഹോദരന്മാരെ അഞ്ചു വർഷത്തെ തടവിനു വിധിച്ചു. എന്നെ രണ്ടു വർഷത്തേക്കും.
ശിക്ഷയുടെ കാലാവധി കഴിഞ്ഞപ്പോൾ മോചിപ്പിക്കുന്നതിനു പകരം എന്നെ ഗസ്റ്റപ്പോകൾ കൊണ്ടുപോയി. യഹോവയുടെ സാക്ഷിയെന്ന നിലയിൽ മേലാൽ സജീവമായി പ്രവർത്തിക്കുകയില്ലെന്നു പ്രസ്താവിക്കുന്ന ഒരു രേഖയിൽ ഞാൻ ഒപ്പിടേണ്ടിയിരുന്നു. ദൃഢചിത്തയായി ഞാനതിനു വിസമ്മതിച്ചു. അതിൽ കോപാകുലനായ ഉദ്യോഗസ്ഥൻ ചാടിയെണീറ്റ്, എന്നെ തടവിലാക്കാൻ വാറണ്ട് പുറപ്പെടുവിപ്പിച്ചു. ആ വാറണ്ട് ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. മാതാപിതാക്കളെ കാണാൻ അനുവദിക്കാതെ ഉടൻതന്നെ, ലിച്ച്റ്റെൻബുർഗിൽ എൽബ നദീതീരത്തു സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു കൊച്ചു തടങ്കൽപ്പാളയത്തിലേക്ക് എന്നെ കൊണ്ടുപോയി. അതിനുശേഷം താമസിയാതെ ഞാൻ കാത്തിയെ കണ്ടുമുട്ടി. 1936 ഡിസംബർമുതൽ അവൾ മോറിംഗനിലുള്ള തടങ്കൽപ്പാളയത്തിലായിരുന്നു. എന്നാൽ ആ തടങ്കൽപ്പാളയം അടച്ചുപൂട്ടിയപ്പോൾ മറ്റനേകം സഹോദരിമാരോടൊപ്പം അവളും ലിച്ച്റ്റെൻബുർഗിലേക്കു വന്നു. എന്റെ പിതാവും തടവിലായിരുന്നു. 1945-ലാണു ഞാൻ അദ്ദേഹത്തെ വീണ്ടും കാണുന്നത്.
ലിച്ച്റ്റെൻബുർഗിൽ
സാക്ഷികളായിരുന്ന സ്ത്രീകളെ ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്തിനു ശിക്ഷിച്ചിരുന്നതിനാൽ അവരോടു ചേരാൻ പെട്ടെന്നൊന്നും എനിക്ക് അനുവാദം ലഭിച്ചില്ല. ഒരു ഹാളിൽ തടവുകാരുടെ രണ്ടു കൂട്ടങ്ങളെ ഞാൻ നിരീക്ഷിച്ചു. മേശയ്ക്കൽ ഇരുന്ന സ്ത്രീകളും ദിവസം മുഴുവൻ സ്റ്റൂളിലിരുന്ന, ഭക്ഷണമൊന്നും ലഭിക്കാതിരുന്ന സാക്ഷികളായ സ്ത്രീകളും.b
കാത്തിയെ എങ്ങനെയെങ്കിലും കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ ഏതു വേല ചെയ്യാനും ഞാൻ ഒരുക്കമായിരുന്നു. അതുതന്നെയാണു സംഭവിച്ചതും. വേറേ രണ്ടു തടവുകാരോടൊപ്പം അവൾ ജോലിക്കു പോകുമ്പോഴാണു ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയത്. സന്തോഷാതിരേകത്താൽ ഞാൻ അവളെ കെട്ടിപ്പിടിച്ചു. എന്നാൽ, വനിതാ ഗാർഡ് ഞങ്ങളെക്കുറിച്ച് ഉടനടി റിപ്പോർട്ടുചെയ്തു. ഞങ്ങളെ ചോദ്യംചെയ്ത്, അന്നുമുതൽ മനപ്പൂർവം അകറ്റിനിർത്തി. അത് അത്യന്തം വേദനാജനകമായിരുന്നു.
ലിച്ച്റ്റെൻബുർഗിൽവെച്ചു നടന്ന വേറേ രണ്ടു സംഭവങ്ങളെക്കുറിച്ചുള്ള ഓർമകൾ ഇപ്പോഴും തികട്ടിവരുന്നു. ഒരിക്കൽ ഹിറ്റ്ലറിന്റെ രാഷ്ട്രീയ പ്രസംഗങ്ങളിലൊന്നു റേഡിയോയിൽ കേൾക്കാൻ എല്ലാ തടവുകാരും മുറ്റത്ത് അണിനിരക്കണമായിരുന്നു. ദേശഭക്തിപരമായ ചടങ്ങ് ഉൾപ്പെട്ടിരുന്നതിനാൽ ഞങ്ങൾ യഹോവയുടെ സാക്ഷികൾ അതിനു വിസമ്മതിച്ചു. അതുകൊണ്ട്, ഗാർഡുകൾ തീയണയ്ക്കാനുള്ള വെള്ളം നിറഞ്ഞ ഹോസ് ഞങ്ങളുടെ നേർക്കു പിടിച്ചു. അതിന്റെ കുഴലിലൂടെ ശക്തമായി വെള്ളം തെറിപ്പിച്ചുകൊണ്ട് നിസ്സഹായരായ ഞങ്ങളെ—സ്ത്രീകളെ—നാലാം നിലയിൽനിന്നു മുറ്റത്തേക്ക് ഓടിച്ചു. ഞങ്ങൾക്കവിടെ നനഞ്ഞു കുതിർന്നു നിൽക്കേണ്ടിവന്നു.
മറ്റൊരു സന്ദർഭത്തിൽ, ഹിറ്റ്ലറുടെ ജന്മദിനം സമീപിക്കവെ, കമാൻഡറുടെ ആസ്ഥാനം വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കാൻ എന്നോടും ജെർട്രൂട്ട് ഒയ്മയോടും ജെർട്ടൽ ബ്യൂർലനോടും ആജ്ഞാപിച്ചു. ഞങ്ങൾ വിസമ്മതിച്ചു. കൊച്ചുകൊച്ചു കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്തിക്കൊണ്ടു നിർമലത കൈവിടാൻ ഞങ്ങളെ വശീകരിക്കുന്നതിനുള്ള സാത്താന്റെ തന്ത്രങ്ങളിലൊന്നാണ് അതെന്നു ഞങ്ങൾക്കറിയാമായിരുന്നു. ശിക്ഷയായി, ഞങ്ങൾ മൂന്നു സഹോദരിമാരെയും തുടർന്നുവന്ന മൂന്നു വാരത്തേക്ക് ഇടുങ്ങിയ, ഇരുണ്ട അറയിൽ ഏകാന്തതടവിലാക്കി. എന്നാൽ യഹോവ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഭീതിജനകമായ അത്തരമിടങ്ങളിൽപ്പോലും അവൻ ഞങ്ങളുടെ സങ്കേതമാണെന്നു തെളിഞ്ഞു.
റാവൻസ്ബ്രൂക്കിൽ
1939 മേയിൽ ലിച്ച്റ്റെൻബുർഗിലുള്ള തടവുകാരെ റാവൻസ്ബ്രൂക്കിലുള്ള തടങ്കൽപ്പാളയത്തിലേക്കു മാറ്റി. സാക്ഷികളായ മറ്റനേകം സഹോദരിമാരോടൊപ്പം എന്നെ അലക്കുശാലയിൽ നിയോഗിച്ചു. താമസിയാതെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം ഞങ്ങൾ സ്വസ്തിക പതാക എടുത്തുകൊണ്ടു വരേണ്ടിയിരുന്നു. എന്നാൽ ഞങ്ങൾ അതു ചെയ്യാൻ വിസമ്മതിച്ചു. തത്ഫലമായി, ഞങ്ങളെ രണ്ടുപേരെ, എന്നെയും മിൽച്ചൻ ഏർണസ്റ്റിനെയും കാരാഗൃഹത്തിലടച്ചു. അത് അത്യന്തം കഠിന ശിക്ഷയിലൊന്നായിരുന്നു. കാലാവസ്ഥ എന്തുതന്നെയായിരുന്നാലും ദിവസേന, ഞായറാഴ്ചപോലും, ഞങ്ങൾക്കു കഠിനജോലി ചെയ്യേണ്ടിവന്നു. സാധാരണഗതിയിൽ ശിക്ഷയുടെ കാലാവധി മൂന്നു മാസമായിരുന്നു. എന്നാൽ, ഞങ്ങളെ അവിടെ ഒരു വർഷം താമസിപ്പിച്ചു. യഹോവയുടെ സഹായമില്ലായിരുന്നെങ്കിൽ ഞാൻ ഉറപ്പായും അതിജീവിക്കുകയില്ലായിരുന്നു.
1942-ൽ ഞങ്ങൾ തടവുകാരുടെ അവസ്ഥ ഒട്ടൊക്കെ ഭേദപ്പെട്ടു. ക്യാമ്പിൽനിന്ന് അകലത്തല്ലാതെ താമസിച്ചിരുന്ന ഒരു എസ്എസ് കുടുംബത്തിൽ ഗൃഹപാലികയായി എനിക്കു നിയമനം ലഭിച്ചു. ആ കുടുംബം ഒരു പരിധിവരെ എനിക്കു സ്വാതന്ത്ര്യം അനുവദിച്ചു തന്നിരുന്നു. ഉദാഹരണത്തിന്, ഒരിക്കൽ ഞാൻ കുട്ടികളെ നടക്കാനായി കൊണ്ടുപോയപ്പോൾ പർപ്പിൾ ട്രയാങ്കിൾ അണിഞ്ഞ രണ്ടു തടവുകാരെ, യോസെഫ് റേയ്വാൾഡിനെയും ഗോട്ട്ഫ്രിറ്റ് മേൽഹോണിനെയും, കണ്ടുമുട്ടി. അവരുമായി അൽപ്പസ്വൽപ്പം പ്രോത്സാഹനം കൈമാറാൻ എനിക്കു കഴിഞ്ഞു.c
ദുഷ്കരമായ യുദ്ധാനന്തര വർഷങ്ങൾ
1945-ൽ സഖ്യസേനകൾ സമീപിക്കവെ, ഞാൻ ജോലിചെയ്തുകൊണ്ടിരുന്ന കുടുംബം പലായനം ചെയ്തു. എനിക്കും അവരെ അനുഗമിക്കേണ്ടിവന്നു. മറ്റ് എസ്എസ് കുടുംബങ്ങളോടൊപ്പം ഒരു വലിയ പരിരക്ഷകസേനയായി അവർ പടിഞ്ഞാറോട്ടു യാത്രതിരിച്ചു.
യുദ്ധത്തിന്റെ അവസാനത്തെ ഏതാനും ദിനങ്ങൾ കുഴഞ്ഞുമറിഞ്ഞതും അപകടം നിറഞ്ഞതുമായിരുന്നു. ഒടുവിൽ, ഞങ്ങൾ ഏതാനും അമേരിക്കൻ പടയാളികളെ കണ്ടുമുട്ടി. സ്വതന്ത്ര വ്യക്തിയായി അടുത്ത പട്ടണത്തിൽ പേർചാർത്താൻ അവർ എന്നെ അനുവദിച്ചു. അവിടെ ഞാൻ കണ്ടുമുട്ടിയതോ? യോസെഫ് റേയ്വാൾഡിനെയും ഗോട്ട്ഫ്രിറ്റ് മേൽഹോണിനെയും. സാക്സൻഹൗസൻ തടങ്കൽപ്പാളയത്തിലുണ്ടായിരുന്ന എല്ലാ സാക്ഷികളും ആപ്തകരമായ ഒരു മരണ പ്രയാണത്തിനു ശേഷം ഷ്ഫേറിനിൽ എത്തിയിട്ടുണ്ടെന്ന് അവരറിഞ്ഞിരുന്നു. അതുകൊണ്ട്, ഞങ്ങൾ മൂന്നുപേരും ഏതാണ്ട് 75 കിലോമീറ്റർ ദൂരമുള്ള ആ പട്ടണം ലക്ഷ്യമാക്കി പുറപ്പെട്ടു. കൊൺറാട് ഫ്രാങ്കെ ഉൾപ്പെടെ, തടങ്കൽപ്പാളയത്തെ അതിജീവിച്ച വിശ്വസ്തരായ ആ സഹോദരങ്ങളെയെല്ലാം ഷ്ഫേറിനിൽവെച്ചു കാണാൻ സാധിച്ചത് എത്ര സന്തോഷജനകമായിരുന്നു.
1945 ഡിസംബർ ആയപ്പോഴേക്കും രാജ്യത്തെ സ്ഥിതിഗതികൾ ഗണ്യമായി മെച്ചപ്പെട്ടു. തന്മൂലം ട്രെയിനിൽ യാത്രചെയ്യാൻപോലും എനിക്കു സാധിച്ചു. അങ്ങനെ ഞാൻ വീട്ടിലേക്കു യാത്രയായി! ചരക്കുതീവണ്ടിയുടെ മുകളിൽ കിടന്നും വണ്ടിയുടെ വാതിൽപ്പടിയിൽ നിന്നുമൊക്കെയായിരുന്ന യാത്ര. കെമ്നിറ്റ്സിൽ എത്തിയശേഷം റെയിൽവേ സ്റ്റേഷനിൽനിന്ന്, ഞങ്ങൾ കുടുംബസമേതം പാർത്തിരുന്നിടത്തേക്കു ഞാൻ പുറപ്പെട്ടു. എന്നാൽ, പണ്ടു നാസി പടയാളികൾ, “രാജ്യദ്രോഹികളാണ് ഇവിടെ താമസിക്കുന്നത്!” എന്ന് ആക്രോശിച്ചുകൊണ്ടു നിന്നിരുന്നിടത്ത് ഒരൊറ്റ വീടുപോലും അവശേഷിച്ചിരുന്നില്ല. ആ പ്രദേശം മുഴുവൻ ബോംബിട്ട് തകർത്തുതരിപ്പണമാക്കിയിരുന്നു. എങ്കിലും, മമ്മിയും ഡാഡിയും കാത്തിയും എന്റെ സഹോദരന്മാരും സഹോദരിമാരും ജീവനോടിരിക്കുന്നതു കണ്ടപ്പോൾ എനിക്കാശ്വാസമായി.
യുദ്ധാനന്തര ജർമനിയുടെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം പരിതാപകരമായിരുന്നു. എങ്കിലും, ദൈവജനത്തിന്റെ സഭകൾ ജർമനിയിലുടനീളം അതിവേഗം വർധിക്കാൻ തുടങ്ങി. പ്രസംഗവേലയ്ക്കായി ഞങ്ങളെ സജ്ജരാക്കുന്നതിൽ വാച്ച് ടവർ സൊസൈറ്റി കഴിവിന്റെ പരമാവധി ചെയ്തു. നാസികൾ അടച്ചുപൂട്ടിയ, മാഗ്ഡെബുർഗിലുണ്ടായിരുന്ന ബെഥേലിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. 1946-ലെ വസന്തകാലത്ത് എന്നെ അവിടെ വേലയ്ക്കു ക്ഷണിച്ചു. അടുക്കളയിലായിരുന്നു എന്റെ നിയമനം.
വീണ്ടും നിരോധനത്തിലും കസ്റ്റഡിയിലും
മാഗ്ഡെബുർഗ് കമ്മ്യുണിസ്റ്റുകാരുടെ നിയന്ത്രണത്തിലുള്ള ജർമൻ പ്രദേശമായിരുന്നു. 1950 ആഗസ്റ്റ് 31-ന് അവർ ഞങ്ങളുടെ പ്രവർത്തനം നിരോധിക്കുകയും മാഗ്ഡെബുർഗ് ബെഥേൽ അടപ്പിക്കുകയും ചെയ്തു. വിലയേറിയ പരിശീലനത്തിന്റെ കാലമായിരുന്ന എന്റെ ബെഥേൽ സേവനം അതോടെ അവസാനിച്ചു. കമ്മ്യുണിസ്റ്റുകാരുടെ കീഴിലും സത്യത്തിൽ പിടി മുറുക്കാനും ദുരിതമനുഭവിക്കുന്ന മനുഷ്യവർഗത്തിനുള്ള ഏക പ്രത്യാശ ദൈവരാജ്യമാണെന്നു പ്രഖ്യാപിക്കാനുമുള്ള ദൃഢനിശ്ചയത്തോടെ ഞാൻ കെമ്നിറ്റ്സിലേക്കു മടങ്ങി.
1951 ഏപ്രിലിൽ വീക്ഷാഗോപുരത്തിന്റെ പ്രതികൾ സ്വീകരിക്കാൻ ഞാൻ ഒരു സഹോദരനോടൊപ്പം ബെർലിനിലേക്കു യാത്രതിരിച്ചു. മടങ്ങിയെത്തിയപ്പോൾ, യൂണിഫാറം ധരിക്കാഞ്ഞ പൊലീസുകാർ കെമ്നിറ്റ്സ് റെയിൽവേ സ്റ്റേഷനു ചുറ്റും നിൽക്കുന്നതു കണ്ടു ഞങ്ങൾ അമ്പരന്നുപോയി. അവർ ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നുവെന്നു വ്യക്തം. ഉടനടി അവർ ഞങ്ങളെ അറസ്റ്റുചെയ്തു.
വിചാരണ കാത്തു തടവിൽ കഴിയവെ, നാസികൾ വർഷങ്ങളോളം എന്നെ തടവിലാക്കിയിട്ടുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ഞാൻ കൈവശം കരുതിയിരുന്നു. തന്മൂലം, ഗാർഡുകൾ എന്നോട് ആദരവോടെ പെരുമാറി. മുഖ്യ വനിതാ ഗാർഡുകളിലൊരാൾ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ കുറ്റവാളികളല്ല; നിങ്ങൾ തടവിൽ കഴിയേണ്ടവരല്ല.”
എന്റെ തടവറയിൽ വേറേ രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഒരിക്കൽ ആ ഗാർഡ് എന്റെ തടവറയിലേക്കു വന്നിട്ട്, ഒരു കിടക്കയുടെ അടിയിൽ രഹസ്യമായി എന്തോ വെച്ചിട്ടുപോയി. എന്തായിരുന്നത്? അവരുടെ സ്വന്തം ബൈബിൾ. അവർ അതു ഞങ്ങൾക്കു നൽകി. മറ്റൊരിക്കൽ അവർ, തടവറയിൽനിന്നു വളരെ അകലത്തല്ലാതെ താമസിച്ചിരുന്ന എന്റെ മാതാപിതാക്കളെ സന്ദർശിച്ചു വീക്ഷാഗോപുരത്തിന്റെ പ്രതികളും ഭക്ഷണവും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലൊളിപ്പിച്ച് എനിക്കു തടവറയിൽ കൊണ്ടുവന്നുതന്നു.
മറ്റൊരു കാര്യംകൂടെ അയവിറക്കാൻ ഞാനാഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ ഞായറാഴ്ച രാവിലെ ഞങ്ങൾ ഉച്ചത്തിൽ ദിവ്യാധിപത്യ ഗീതങ്ങൾ പാടുമായിരുന്നു. ഓരോ ഗീതം പാടിക്കഴിയുമ്പോഴും മറ്റു തടവുകാർ സന്തോഷത്താൽ കരഘോഷം മുഴക്കുമായിരുന്നു.
യഹോവയിൽനിന്നുള്ള ശക്തിയും സഹായവും
1951 സെപ്റ്റംബർ 4-ന് കോടതി നടപടികൾക്കിടയിൽ ജഡ്ജി നടത്തിയ അഭിപ്രായമാണു ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചത്. വാൾട്ട്ഹൈമിലും ഹാലെയിലും ഒടുവിൽ ഹോയ്നെക്കിലും ഞാൻ തടവിൽ കഴിഞ്ഞു. യഹോവയുടെ സാക്ഷികളായിരുന്ന ഞങ്ങൾക്കു യഹോവ എങ്ങനെ ഒരു സങ്കേതവും ബലവും ആയിരുന്നുവെന്നും അവന്റെ വചനം എങ്ങനെ ഉന്മേഷമേകിയെന്നും ഒന്നുരണ്ടു കൊച്ചു സംഭവങ്ങൾ വ്യക്തമാക്കും.
വാൾട്ട്ഹൈമിലെ തടവറയിൽ സാക്ഷികളായിരുന്ന എല്ലാ സഹോദരിമാരും ഒരു ഹാളിൽ പതിവായി ഒന്നിച്ചുകൂടുമായിരുന്നു. അങ്ങനെ ഞങ്ങൾക്കു ക്രിസ്തീയ യോഗങ്ങൾ നടത്താൻ കഴിഞ്ഞു. കടലാസ്സും പെൻസിലും ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ, ചില സഹോദരിമാർ ഒരുകണക്കിനു കുറച്ചു തുണി സംഘടിപ്പിച്ച് 1953-ലെ വാർഷിക വാക്യം വഹിക്കുന്ന ഒരു കൊച്ചു ബാനർ ഉണ്ടാക്കി. വാക്യമിതായിരുന്നു: “വിശുദ്ധ വസ്ത്രമണിഞ്ഞ് യഹോവയെ ആരാധിക്കുവിൻ.”—സങ്കീർത്തനം 29:2, NW.
ഒരു വനിതാ ഗാർഡ് അതു കണ്ടുപിടിച്ച് ഉടനടി അതേക്കുറിച്ചു റിപ്പോർട്ടുചെയ്തു. തടവറയുടെ മേധാവി വന്ന്, സഹോദരിമാരിൽ രണ്ടു പേരോട് ആ ബാനർ ഉയർത്തിപ്പിടിക്കാൻ പറഞ്ഞു. “ഇതാരാണ് ഉണ്ടാക്കിയത്?, ഇതിന്റെ അർഥമെന്താണ്?” അദ്ദേഹം ചോദിച്ചു.
സഹോദരിമാരിലൊരാൾ കുറ്റം ഏറ്റെടുക്കാൻ മുന്നോട്ടു വരാൻ മുതിർന്നു. എന്നാൽ, ഉത്തരവാദിത്വം എല്ലാവരും പങ്കിടണമെന്നു പെട്ടെന്നുതന്നെ ഞങ്ങളെല്ലാവരും മന്ത്രിച്ചു. “വിശ്വാസം ബലപ്പെടുത്താൻ ഞങ്ങൾ ചെയ്തതാണത്,” ഞങ്ങൾ ഉത്തരം നൽകി. ബാനർ കണ്ടുകെട്ടി. ശിക്ഷയായി ഭക്ഷണം നിരോധിച്ചു. എന്നാൽ, ചർച്ചാവേളയിലെല്ലാം സഹോദരിമാർ ബാനർ ഉയർത്തിപ്പിടിച്ചിരുന്നതുകൊണ്ടു പ്രോത്സാഹജനകമായ ആ തിരുവെഴുത്തു ഞങ്ങൾക്കു മനസ്സിൽ പതിപ്പിക്കാൻ കഴിഞ്ഞു.
വാൾട്ട്ഹൈമിലുള്ള വനിതകളുടെ തടവറ അടച്ചു പൂട്ടിയപ്പോൾ സഹോദരിമാരായ ഞങ്ങളെ ഹാലെയിലേക്കു മാറ്റി. ഇവിടെ ഞങ്ങൾക്കു പൊതിക്കെട്ടുകൾ ലഭിക്കാൻ അനുവാദമുണ്ടായിരുന്നു. എന്റെ പിതാവ് എനിക്കയച്ച ഒരു ജോഡി വള്ളിച്ചെരുപ്പിൽ തുന്നിവെച്ചിരുന്നതെന്തായിരുന്നു? വീക്ഷാഗോപുര ലേഖനങ്ങൾ! ആ ലേഖനശീർഷകങ്ങൾ ഇപ്പോഴും ഞാനോർക്കുന്നു, “യഥാർഥ സ്നേഹം പ്രായോഗികം,” “നുണകൾ ജീവഹാനിക്ക് ഇടവരുത്തുന്നു.” ഇവയും മറ്റു ലേഖനങ്ങളും അത്യന്തം സ്വാദിഷ്ടമായിരുന്നു. ഒരാളിൽനിന്നു മറ്റൊരാളിലേക്ക് അവ കൈമാറുമ്പോൾ ഓരോരുത്തരും കുറിപ്പെഴുതിയെടുത്തു.
റെയ്ഡു നടത്തുന്നതിനിടയിൽ ഒരു ഗാർഡ്, വൈക്കോൽ കിടക്കയ്ക്കടിയിൽ ഒളിച്ചുവെച്ചിരുന്ന എന്റെ കുറിപ്പ് കണ്ടെത്തി. പിന്നീട് അവരെന്നെ ചോദ്യം ചെയ്യാൻ വിളിച്ചു. “യഹോവയെ ഭയപ്പെടുന്നവർക്ക് 1955-ലേക്കുള്ള പ്രത്യാശ” എന്ന ലേഖനത്തിന്റെ അർഥമെന്താണെന്നറിയാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് അവർ പറഞ്ഞു. തന്റെ നേതാവായിരുന്ന സ്റ്റാലിൻ 1953-ൽ മരിച്ചത് ആ കമ്മ്യുണിസ്റ്റുകാരിയെ ആഴത്തിൽ സ്പർശിച്ചിരുന്നു. ഭാവി ഇരുളടഞ്ഞതായി അവർക്കു തോന്നി. ഞങ്ങളെ സംബന്ധിച്ചിടത്തോളം തടവറയിലെ ജീവിതരീതി ഏറെക്കുറെയെങ്കിലും മെച്ചപ്പെടുമായിരുന്നു. എന്നാൽ എനിക്ക് അതേക്കുറിച്ചു യാതൊരറിവും ഉണ്ടായിരുന്നില്ല. യഹോവയുടെ സാക്ഷികളുടെ പ്രത്യാശയാണു സർവോത്തമമെന്നു ഞാൻ ദൃഢവിശ്വാസത്തോടെ പറഞ്ഞു. കാരണം? ആ ലേഖനത്തിന്റെ മുഖ്യ തിരുവെഴുത്തായിരുന്ന സങ്കീർത്തനം 112:7 ഞാൻ ഉദ്ധരിച്ചു: “ദുർവർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കുന്നു.”
യഹോവ തുടർന്നും എന്റെ സങ്കേതവും ബലവും
ഗുരുതരമായ ഒരു രോഗത്തെത്തുടർന്നു രണ്ടു വർഷം നേരത്തേ, അതായത് 1957 മാർച്ചിൽ എന്നെ തടവിൽനിന്നു മോചിപ്പിച്ചു. യഹോവയുടെ സേവനത്തിലുള്ള എന്റെ പ്രവർത്തനം നിമിത്തം പൂർവ ജർമനിയിലെ ഉദ്യോഗസ്ഥന്മാർ വീണ്ടും എന്റെ മേൽ സമ്മർദം ചെലുത്തി. അതുകൊണ്ട്, 1957 മേയ് 6-ന് ഞാൻ പശ്ചിമ ബെർലിനിലേക്കു രക്ഷപ്പെടാനുള്ള അവസരം പ്രയോജനപ്പെടുത്തി. അവിടെനിന്നു പശ്ചിമ ജർമനിയിലേക്കു താമസം മാറ്റി.
നിരവധി വർഷങ്ങൾക്കു ശേഷമേ എനിക്ക് ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സാധിച്ചുള്ളൂ. എന്നാൽ ഇന്നോളം എനിക്ക് ആത്മീയ ആഹാരത്തിനുവേണ്ടി ആരോഗ്യാവഹമായ വിശപ്പുണ്ട്. വീക്ഷാഗോപുരത്തിന്റെ ഓരോ പ്രതിയും വരാൻ ഞാൻ കണ്ണുംനട്ടിരിക്കുന്നു. കൂടെക്കൂടെ ഞാൻ ആത്മപരിശോധന നടത്തും. എനിക്കിപ്പോഴും ആത്മീയ ചിന്താഗതിയുണ്ടോ? നല്ല ഗുണങ്ങൾ ഞാൻ നട്ടുവളർത്തിയിട്ടുണ്ടോ? എന്റെ വിശ്വാസത്തിന്റെ പരിശോധിത ഗുണം യഹോവയ്ക്കു സ്തുതിയും മഹത്ത്വവും കരേറ്റുന്നുണ്ടോ? ദൈവം എന്നേക്കും എന്റെ സങ്കേതവും ബലവും ആയിരിക്കാൻ സകലത്തിലും അവനെ പ്രീതിപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം.
[അടിക്കുറിപ്പുകൾ]
a “ഫോട്ടോനാടകം” സ്ലൈഡുകളും ചലന ചിത്രങ്ങളും അടങ്ങിയതാണ്. 1914-ൽ തുടങ്ങി, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രതിനിധികൾ അതു വ്യാപകമായി പ്രദർശിപ്പിച്ചിരുന്നു.
b ഒരിക്കൽ, യഹോവയുടെ സാക്ഷികളായ സ്ത്രീകൾക്ക് 14 ദിവസത്തേക്ക് ഉച്ചഭക്ഷണം നിരോധിച്ചിരുന്നതായി സ്വിറ്റ്സർലണ്ടിലെ ബെർനിൽ വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച ത്രോസ്റ്റ് (ആശ്വാസം) എന്ന മാസികയുടെ 1940 മേയ് 1 ലക്കത്തിന്റെ 10-ാം പേജിൽ റിപ്പോർട്ടു ചെയ്തിരുന്നു. നാസി ഭക്തിഗാനങ്ങൾ പാടുമ്പോൾ ബഹുമാനസൂചക ക്രിയകൾ പ്രകടിപ്പിക്കാൻ വിസമ്മതിച്ചുവെന്നതായിരുന്നു കാരണം. അവിടെ യഹോവയുടെ സാക്ഷികളായി 300 പേരുണ്ടായിരുന്നു.
c യോസെഫ് റേയ്വാൾഡിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് 1993 ഫെബ്രുവരി 8 ഉണരുക!യുടെ (ഇംഗ്ലീഷ്) 20-3 പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.
[26-ാം പേജിലെ ചിത്രം]
റാവൻസ്ബ്രൂക്കിലുള്ള എസ്എസ് ഓഫീസ്
[കടപ്പാട]
മുകളിൽ: Stiftung Brandenburgische Gedenkstätten
[26-ാം പേജിലെ ചിത്രം]
പാളയത്തിനു വെളിയിൽ ജോലി ചെയ്യാനുള്ള എന്റെ പാസ്സ്