വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മത്തായി 24:34-ലെ “തലമുറ”യെക്കുറിച്ചുള്ള അടുത്തകാലത്തെ പുതുക്കിയ ഗ്രാഹ്യം, അന്ത്യം വിദൂര ഭാവിയിലാണെന്ന ആശയം ദ്യോതിപ്പിക്കുന്നതായി പറയാൻ കഴിയുമോ?
വാസ്തവം അങ്ങനെയായിരിക്കുന്നില്ല. മറിച്ച്, ഇതേക്കുറിച്ചുള്ള അടുത്തകാലത്തെ പുതുക്കപ്പെട്ട ഗ്രാഹ്യം അന്ത്യം സദാ പ്രതീക്ഷിക്കാൻ നമ്മെ സഹായിക്കുകയാണു വേണ്ടത്. അതെങ്ങനെ?
1995 നവംബർ 1 വീക്ഷാഗോപുരം വിശദീകരിച്ചപ്രകാരം, “ഈ തലമുറ” എന്ന പ്രയോഗം യേശു സമകാലിക ദുഷ്ട മനുഷ്യർക്കു ബാധകമാക്കി. (മത്തായി 11:7, 16-19; 12:39, 45; 17:14-17; പ്രവൃത്തികൾ 2:5, 6, 14, 40) ഒരു നിർദിഷ്ട തീയതിയിൽ തുടങ്ങുന്ന ഒരു സുനിശ്ചിത കാലഘട്ടത്തെക്കുറിച്ചുള്ള വിവരണമായിരുന്നില്ല അത്.
വാസ്തവത്തിൽ, അതേ ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” രണ്ടു മുഖ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു: “ആളുകളുടെ ഒരു തലമുറയെ സുനിശ്ചിത എണ്ണം വർഷങ്ങളുള്ള ഒരു കാലഘട്ടമായി വീക്ഷിക്കാൻ സാധ്യമല്ല,” “ഒരു തലമുറയിൽപ്പെട്ട ആളുകൾ താരതമ്യേന ചുരുങ്ങിയ ഒരു കാലഘട്ടമേ ജീവിച്ചിരിക്കുന്നുള്ളൂ.”
നാം മിക്കപ്പോഴും അത്തരത്തിൽ “തലമുറ” ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നാം ഇങ്ങനെ പറഞ്ഞേക്കാം: ‘നെപ്പോളിയന്റെ തലമുറയിൽപ്പെട്ട സൈനികർ വിമാനങ്ങളെയോ ആറ്റംബോംബുകളെയോ കുറിച്ചു യാതൊന്നും അറിഞ്ഞിരുന്നില്ല.’ നെപ്പോളിയൻ ജനിച്ച അതേ വർഷത്തിൽ ജനിച്ച സൈനികരെ ആയിരിക്കുമോ നാം പരാമർശിക്കുന്നത്? അദ്ദേഹം മരിക്കുന്നതിനു മുമ്പു മരിച്ചുപോയ സൈനികരെ മാത്രമേ നാം അർഥമാക്കുന്നുള്ളോ? തീർച്ചയായുമല്ല; “തലമുറ” എന്ന അത്തരം പ്രയോഗത്താൽ ഒരു സുനിശ്ചിത എണ്ണം വർഷങ്ങളെ സമർഥിക്കാനും നാം ശ്രമിക്കുന്നില്ല. എന്നിരുന്നാലും, നാം പരാമർശിക്കുന്നതു താരതമ്യേന ചുരുങ്ങിയ ഒരു കാലഘട്ടത്തെയായിരിക്കും, നെപ്പോളിയന്റെ കാലം മുതലുള്ള നൂറുകണക്കിനു വർഷങ്ങളെയല്ല.
ഒലിവുമലയിൽവെച്ചു യേശു നൽകിയ പ്രവചനത്തിൽ അവൻ പറഞ്ഞ വിവരം നാം മനസ്സിലാക്കുന്നതും അങ്ങനെതന്നെ. ആ പ്രവചനത്തിന്റെ വ്യത്യസ്ത വശങ്ങൾ ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തിരിക്കുന്നുവെന്നതിനു തെളിവു നൽകുന്നു. (മത്തായി 24:32, 33) വെളിപ്പാടു 12:9, 10 പറയുന്നതനുസരിച്ച്, 1914-ൽ ദൈവത്തിന്റെ സ്വർഗീയ രാജ്യം സ്ഥാപിതമായതോടെ സാത്താൻ ഭൂമിയുടെ പരിസരത്തേക്കു വലിച്ചെറിയപ്പെട്ടുവെന്നത് ഓർക്കുക. സാത്താൻ അങ്ങേയറ്റം ക്രൂദ്ധനാണെന്നു വെളിപ്പാടു കൂട്ടിച്ചേർക്കുന്നു. കാരണം? “തനിക്കു അല്പകാലമേയുള്ളു”വെന്ന് അവനറിയാം.—വെളിപ്പാടു 12:12.
അതുകൊണ്ട്, നവംബർ 1-ലെ വീക്ഷാഗോപുരത്തിന് “ഉണർന്നിരിപ്പിൻ!” എന്ന ഉപശീർഷകം ഉണ്ടായിരുന്നത് ഉചിതമായിരുന്നു. അതേത്തുടർന്നുവന്ന ഖണ്ഡിക ഉചിതമായി ഇങ്ങനെ പറഞ്ഞു: “സംഭവങ്ങളുടെ യഥാർഥ സമയം നാം അറിയേണ്ടതില്ല. എന്നാൽ ശക്തമായ വിശ്വാസം നട്ടുവളർത്തിക്കൊണ്ടും യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരുന്നുകൊണ്ടും ഉണർന്നിരിക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. അല്ലാതെ ഒരു തീയതി കണക്കാക്കുന്നതിലായിരിക്കരുത്.” എന്നിട്ട്, അത് യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഉദ്ധരിച്ചു: ‘ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നിരിപ്പിൻ; ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.’—മർക്കൊസ് 13:33, 37.