നിരാശയിലും പ്രത്യാശ കണ്ടെത്താവുന്ന വിധം
നിങ്ങൾക്ക് ഇങ്ങനെയൊരനുഭവം ഉണ്ടാകുന്നെന്നു കരുതുക: സ്വത്തെല്ലാം നശിച്ച് നിർധനനായി. നിങ്ങളുടെ മുഴുസന്തോഷവുമായിരുന്ന മക്കൾ മേലാൽ ജീവിച്ചിരിക്കുന്നില്ല. ഇണയുടെ യാതൊരു ധാർമിക പിന്തുണയുമില്ല. ആരോഗ്യമാകട്ടെ നന്നേ ക്ഷയിച്ചിരിക്കുന്നു. ദിവസേന അഗ്നിപരീക്ഷയെ നേരിടുകയാണ്.
അത്തരമൊരു ഗതികേടിൽ എത്തിച്ചേരുന്നെങ്കിൽ, തുടർന്നു ജീവിക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടമുള്ളതായി നിങ്ങൾക്കു തോന്നുമോ? അതോ നിങ്ങൾ നിരാശയുടെ പടുകുഴിയിൽ വീഴുമോ?
മുകളിൽ വിവരിച്ച ദുർദശ, ബൈബിൾ കാലങ്ങളിൽ ജീവിച്ചിരുന്ന ഇയ്യോബ് എന്ന മനുഷ്യന്റെ യഥാർഥ ജീവിതാനുഭവമായിരുന്നു. (ഇയ്യോബ് 1-ഉം 2-ഉം അധ്യായങ്ങൾ) ആശയറ്റ ഒരു സാഹചര്യത്തിൽ ഇയ്യോബ് ഇങ്ങനെ വിലപിച്ചു: “എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു.” മരിക്കുന്നതാണു ഭേദമെന്ന് അവനു തോന്നി. (ഇയ്യോബ് 10:1; 14:13) എങ്കിലും, കൊടിയ യാതനയിലും ഇയ്യോബ് ദൈവത്തോടുള്ള നിർമലത കാത്തുസൂക്ഷിച്ചു. തന്മൂലം, യഹോവ “ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.” അങ്ങനെ അവൻ സമാധാനപൂർണനായി, “വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.”—ഇയ്യോബ് 42:12, 17.
ഇന്നോളം പ്രകീർത്തിക്കപ്പെടുന്ന മാതൃകാപരമായ സഹിഷ്ണുതയാണ് ഇയ്യോബ് കാട്ടിയത്. പീഡനം അവന്റെ വ്യക്തിത്വത്തെ ശുദ്ധീകരിക്കുകയും മറ്റുള്ളവരെ സത്പ്രവൃത്തിക്കു പ്രേരിപ്പിക്കുകയും ചെയ്തു. (യാക്കോബ് 5:10, 11) സർവപ്രധാനമായി, ഇയ്യോബിന്റെ കറയറ്റ നിർമലത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു. (സദൃശവാക്യങ്ങൾ 27:11) അങ്ങനെ, യാതനയെന്ന പേക്കിനാവ് ഒടുവിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും നിർമലതയുടെയും വമ്പിച്ച വിജയത്തിൽ കലാശിച്ചു. അത് ഇയ്യോബിനും അവന്റെ ദൃഷ്ടാന്തത്താൽ പ്രചോദിതരായവർക്കും അനുഗ്രഹങ്ങൾ കൈവരുത്തി.
വിവിധ പരിശോധനകളിലും പ്രത്യാശ
ഇയ്യോബിന്റേതിനു സമാനമായ പരിശോധനകൾ നിങ്ങൾക്കുമുണ്ടായേക്കാം. പ്രിയപ്പെട്ട ഒരാളുടെ മരണം വൈകാരികമായി നിങ്ങളെ തളർത്തിയെന്നുവരാം. ഗുരുതരമായ രോഗം നിമിത്തം ജീവിതം യാതനാപൂർണമായേക്കാം. ഹൃദയഭേദകമായ വിവാഹമോചനം മുഴുജീവിതവും പാഴാക്കിയെന്നുവരാം. സാമ്പത്തിക നഷ്ടങ്ങൾ നിങ്ങളെ നിർധനനാക്കിയേക്കാം. സത്യാരാധനയുടെ വിദ്രോഹികളായ എതിരാളികൾ നിങ്ങൾക്കെതിരെ കൊടിയ പീഡനം ഇളക്കിവിട്ടെന്നു വരാം. പരിശോധനകൾ തരണംചെയ്യാൻ കഠിനശ്രമം ചെയ്യേണ്ടി വരുന്നതു നിമിത്തം ഭാവി ആശയറ്റതായി തോന്നിയേക്കാം.—1 പത്രൊസ് 1:6.
നിരാശയിലേക്കു വഴുതിവീഴുന്നതിനു പകരം സ്വയം ഇങ്ങനെ ചോദിക്കുക, ‘ഞാൻ കഷ്ടമനുഭവിക്കുന്നതിനു കാരണമെന്താണ്?’ പിശാചായ സാത്താൻ എന്ന “ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന” ലോകത്തിൽ ജീവിക്കുന്നതുകൊണ്ടാണു നിങ്ങൾ കഷ്ടമനുഭവിക്കുന്നത്. (1 യോഹന്നാൻ 5:19) തത്ഫലമായി, സകലരും കഷ്ടമനുഭവിക്കുന്നു. രാജ്യസന്ദേശത്തിനെതിരെ പിശാചിനാൽ പ്രേരിതമായ വിദ്വേഷമോ മറ്റുള്ളവരുടെ സ്നേഹശൂന്യമായ വാക്കുകളോ ഈ “ദുർഘടസമയങ്ങ”ളിൽ സർവസാധാരണമായ, ഭക്തിരഹിത നടത്തയുടെ ഭീതിദമായ പ്രവർത്തനങ്ങളോ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ നമ്മെ ബാധിക്കുന്നു.—2 തിമൊഥെയൊസ് 3:1-5.
ജീവിതത്തിൽ ദാരുണമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” നിങ്ങളെ വലവീശിപ്പിടിച്ചതായിരിക്കും. (സഭാപ്രസംഗി 9:11) അതേസമയം, നമ്മുടെതന്നെ അവകാശപ്പെടുത്തിയ അപൂർണത നിമിത്തവും ചിലപ്പോഴൊക്കെ അവസ്ഥകൾ മോശമായേക്കാം. (റോമർ 5:12) ഗുരുതരമായി പാപം ചെയ്തെങ്കിലും, അനുതപിക്കുകയും ആത്മീയ സഹായം തേടുകയും ചെയ്തിരിക്കുന്നപക്ഷം, ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടെന്നു വിചാരിക്കേണ്ടതില്ല. (സങ്കീർത്തനം 103:10-14; യാക്കോബ് 5:13-15) മറ്റേതൊരാളെക്കാളും അവൻ നമ്മെക്കുറിച്ചു കരുതലുള്ളവനാണ്. (1 പത്രൊസ് 5:6, 7) “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. (സങ്കീർത്തനം 34:18) നിങ്ങളുടെ പീഡനം എത്രതന്നെ ദുരന്തപൂർണവും കഠിനവുമായിരുന്നാലും അതിനെ നേരിടുന്നതിനാവശ്യമായ ജ്ഞാനം പ്രദാനം ചെയ്യാൻ യഹോവയ്ക്കു സാധിക്കും. (യാക്കോബ് 1:5-8) യഹോവയ്ക്കു സകല മുറിവുകളും ഭേദപ്പെടുത്താനാകുമെന്ന് എല്ലായ്പോഴും ഓർമിക്കുക. അവന്റെ പ്രീതിയുള്ളപ്പോൾ നിത്യജീവൻ നേടുന്നതിൽനിന്നു നിങ്ങളെ തടയാൻ ഒന്നിനുമാകില്ല.—റോമർ 8:38, 39.
പീഡനങ്ങൾകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ?
“ഒരേറ്റത്തിനൊരിറക്കം” എന്നൊരു ചൊല്ലുണ്ട്. സ്ഥിതിഗതികൾ എത്രതന്നെ മോശമായാലും എല്ലായ്പോഴും പ്രത്യാശയ്ക്കു കാരണം കണ്ടെത്താമെന്നു പറയുന്നതിനുള്ള ലളിതമായ മാർഗമാണത്. ദൈവവചനത്തിൽ എഴുതപ്പെട്ടിരിക്കുന്നതൊക്കെയും ‘നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനാണ്.’ (റോമർ 15:4) നിങ്ങളുടെ അവസ്ഥ എത്രതന്നെ ദുരിതപൂർണമായാലും ബൈബിളിലുള്ള വാഗ്ദാനങ്ങളും തത്ത്വങ്ങളും നിങ്ങൾക്കു പുതുക്കിയ സന്തോഷവും പ്രത്യാശയും കൈവരുത്തും.
ദൈവത്തെ സ്നേഹിക്കുന്നവർക്കായി കരുതിയിരിക്കുന്ന നിത്യാനുഗ്രഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ആ ‘കഷ്ടം നൊടിനേരത്തേക്കുള്ളതും ലഘുവു’മാണ് എന്നു തിരുവെഴുത്തു വ്യക്തമാക്കുന്നു. (2 കൊരിന്ത്യർ 4:16-18) പീഡനങ്ങൾക്കിടയിൽ വളർത്തിയെടുത്ത ദൈവിക ഗുണങ്ങൾ പ്രശസ്തിയെക്കാൾ അല്ലെങ്കിൽ ഭൗതിക സമ്പത്തിനെക്കാൾ വളരെയേറെ മൂല്യവത്താണെന്നും ബൈബിൾ സൂചിപ്പിക്കുന്നു. (1 യോഹന്നാൻ 2:15-17) അതിനാൽ, കഷ്ടപ്പാടുകൊണ്ടും നേട്ടമുണ്ട്. (എബ്രായർ 5:8) വാസ്തവത്തിൽ, പഠിച്ച കാര്യങ്ങൾ പീഡനസമയത്തു ബാധകമാക്കുന്നത് അപ്രതീക്ഷിത അനുഗ്രഹങ്ങൾ കൈവരുത്തിയേക്കാം.
ദുഷ്കരമായ ഒരു പീഡനം നിങ്ങളെ കൂടുതൽ മയപ്പെടുത്തും. മറ്റുള്ളവരെ അലോസരപ്പെടുത്തുകയും നിങ്ങളുടെതന്നെ ആത്മീയ വളർച്ചയ്ക്കു തടസ്സം സൃഷ്ടിക്കുകയും ചെയ്ത ഒരു സ്വഭാവവിശേഷം മുമ്പു നിങ്ങൾക്കുണ്ടായിരുന്നുവെന്നു നിങ്ങൾ സമ്മതിച്ചേക്കാം. ഒരുപക്ഷേ അത് അമിതവിശ്വാസമായിരുന്നിരിക്കാം. ഒരു ദുരന്തത്താൽ കഷ്ടമനുഭവിച്ചു കഴിയുമ്പോൾ, നിങ്ങൾ എത്ര ദുർബലനാണെന്നും മറ്റുള്ളവരെ എത്രമാത്രം ആവശ്യമുണ്ടെന്നും നിങ്ങൾ പെട്ടെന്നു തിരിച്ചറിഞ്ഞേക്കാം. പീഡനം നിങ്ങളെ ആ പാഠം പഠിപ്പിക്കുകയും നിങ്ങളിൽ ആവശ്യമായിരിക്കുന്ന മാറ്റങ്ങൾ വരുത്തുകയും ചെയ്തെങ്കിൽ, അതുകൊണ്ടു നിങ്ങൾക്കു പ്രയോജനമുണ്ടായി.
മുമ്പ്, നിങ്ങളുടെ കോപപ്രകൃതത്തെ നിയന്ത്രിക്കുന്നതു പ്രയാസകരമായിരുന്നതിനാൽ നിങ്ങളുമായി ഇടപഴകാൻ മറ്റുള്ളവർക്കു ബുദ്ധിമുട്ടായിരുന്നെങ്കിലോ? അതു നിങ്ങളുടെ ആരോഗ്യത്തിനും കോട്ടംവരുത്തിയിരിക്കാം. (സദൃശവാക്യങ്ങൾ 14:29, 30) എന്നാൽ, ഇപ്പോൾ നിങ്ങൾ ആത്മനിയന്ത്രണം പാലിക്കാൻ സഹായത്തിനായി ദൈവാത്മാവിൽ ആശ്രയിക്കുന്നതിനാൽ സാഹചര്യം വളരെയധികം മെച്ചപ്പെട്ടിരിക്കാം.—ഗലാത്യർ 5:22, 23.
മറ്റുള്ളവരെപ്പോലെ, തെറ്റുചെയ്യുന്നവരോടു കരുണ കാട്ടാൻ ആവശ്യമായ അനുകമ്പ ഒരിക്കൽ നിങ്ങൾക്കില്ലാതിരുന്നിരിക്കാം. എന്നാൽ, നിങ്ങൾക്കു വളരെയധികം കരുണ ആവശ്യമായിരുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റുള്ളവരോടു കൂടുതൽ കരുണയുള്ളവനായിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്കു ലഭിച്ച ഹൃദയോഷ്മളമായ സഹതാപവും താത്പര്യവും കരുണയും, അനുതപിക്കുന്ന ദുഷ്പ്രവൃത്തിക്കാരോടു സമാനമായ ഗുണങ്ങൾ പ്രകടിപ്പിക്കേണ്ടതുണ്ടെന്നു തിരിച്ചറിയാൻ ഇടവരുത്തുന്നു. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ആ വ്യക്തിത്വബലഹീനതകൾ തിരുത്താൻ പ്രേരിപ്പിച്ചെങ്കിൽ നിങ്ങളുടെ അനുഭവത്തിൽനിന്നുണ്ടായ ഒരു പ്രയോജനമാണത്. “കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു” എന്നു നിങ്ങൾ മനസ്സിലാക്കി.—യാക്കോബ് 2:13; മത്തായി 5:7.
ക്രിസ്തീയ സഭ നൽകിയ ശിക്ഷണം നിമിത്തം നിങ്ങൾക്കു വിലപ്പെട്ട പദവികളും മറ്റുള്ളവരുടെ ആദരവും നഷ്ടമായെങ്കിലോ? നിരാശയിലേക്കു വഴുതിവീഴരുത്. ശിക്ഷണനടപടി സഭയെ ശുദ്ധമാക്കി നിർത്താൻ സഹായിക്കുന്നു. എന്നാൽ, ദുഷ്പ്രവൃത്തിക്കാരനെ ആത്മീയമായി പുനഃസ്ഥാപിക്കുന്നതും അതിന്റെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നു. ശരിയാണ്, “ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (എബ്രായർ 12:11) ശിക്ഷണം ഒരുവനെ പിടിച്ചുലച്ചേക്കാമെങ്കിലും താഴ്മയുള്ള അനുതാപിയെ പ്രത്യാശാരഹിതനാക്കുന്നില്ല. പുരാതന ഇസ്രായേൽ രാജാവായിരുന്ന ദാവീദിനു ദുഷ്പ്രവൃത്തി നിമിത്തം കർശനമായി ശിക്ഷണം നൽകി. എന്നാൽ, അവൻ അനുതാപം പ്രകടമാക്കി. മാത്രമല്ല, മുന്തിയ വിശ്വാസമുള്ളവനെന്ന പ്രത്യേക പ്രശംസയും ഒടുവിൽ അവനു ലഭിച്ചു.—2 ശമൂവേൽ 12:7-12; സങ്കീർത്തനം 32:5; എബ്രായർ 11:32-34.
ഒരു പീഡനത്തിന് നിങ്ങളുടെ വീക്ഷണത്തിന്മേൽ ശക്തമായ പ്രഭാവം ചെലുത്താനാകും. മുമ്പു നിങ്ങൾ ഭൗതിക ലാക്കുകളിലും ഈ ലോകത്തിൽ അംഗീകാരവും സാമൂഹിക പദവിയും കൈവരുത്തിയ നേട്ടങ്ങളിലുമായിരുന്നിരിക്കും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഒരുപക്ഷേ, സാമ്പത്തിക ആഘാതത്തോടോ ഭൗതിക നഷ്ടത്തോടോ ബന്ധപ്പെട്ട പരിശോധന, കൂടുതൽ പ്രാധാന്യമുള്ള സംഗതികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഇടവരുത്തിയിരിക്കും. (ഫിലിപ്പിയർ 1:10 താരതമ്യം ചെയ്യുക.) വിശുദ്ധ സേവനത്തിലെ ആത്മീയ മൂല്യങ്ങളും ലാക്കുകളും മാത്രമേ യഥാർഥ സന്തുഷ്ടിയും നിലനിൽക്കുന്ന സംതൃപ്തിയും പ്രദാനം ചെയ്യുകയുള്ളുവെന്നു നിങ്ങളിപ്പോൾ തിരിച്ചറിയുന്നു.
യഹോവയിൽ ആശ്രയിക്കുക
യഹോവയ്ക്കു വിശുദ്ധ സേവനമനുഷ്ഠിക്കുന്നതു നിമിത്തം ക്രിസ്തീയ വിശ്വാസത്തെ എതിർക്കുന്നവരുടെ കരങ്ങളാൽ പീഡനവും കഷ്ടപ്പാടും അനുഭവിക്കേണ്ടി വന്നേക്കാം. പീഡനം നിമിത്തം നിങ്ങൾ നിരുത്സാഹിതനായെന്നു വരാം. എന്നാൽ പീഡനംകൊണ്ടു പ്രയോജനമുണ്ട്. അതു നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തിയേക്കാം. കൂടാതെ, പീഡനമനുഭവിക്കുന്ന മറ്റുള്ളവർ നിങ്ങളുടെ സ്ഥിരോത്സാഹം കണ്ടു പ്രോത്സാഹിതരും ബലിഷ്ഠരുമായേക്കാം. നിങ്ങളുടെ നല്ല നടത്ത വീക്ഷിക്കുന്നവർ ദൈവത്തെ മഹത്ത്വപ്പെടുത്താൻ പ്രേരിതരായേക്കും. എന്തിന്, എതിരാളികൾ പോലും ലജ്ജിതരായി, നിങ്ങളുടെ സത്പ്രവൃത്തികളെ അംഗീകരിച്ചെന്നിരിക്കും!—1 പത്രൊസ് 2:12; 3:16.
പീഡിപ്പിക്കപ്പെടുമ്പോൾ നിരാശയിലേക്കു വഴുതിവീഴാതിരിക്കാൻ യഹോവയിൽ ആശ്രയിക്കേണ്ടത് ആവശ്യമാണ്. പീഡനത്തിൽനിന്ന് ഉറപ്പായും വിടുതൽ ലഭിക്കുമെന്ന് അവന്റെ വചനം പറയുന്നു. എന്നാൽ നിങ്ങൾ ആഗ്രഹിക്കുംപോലെ അത്ര പെട്ടെന്നതു ലഭിച്ചെന്നു വരില്ല. അതിനിടയിൽ, “നന്മ ചെയ്യുന്നതിൽ തളർന്നുപോകരുതു.” (2 തെസ്സലൊനീക്യർ 3:13) പീഡനങ്ങൾ തരണംചെയ്യാനും സഹിച്ചുനിൽക്കാനുമുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുക. സ്ഥിതിഗതികൾ ആശയറ്റതായി തോന്നിക്കുമ്പോഴും “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) സ്വാനുതാപത്തിൽ ആണ്ടുപോകുന്നതിനു പകരം യഹോവയെ അറിഞ്ഞതും അവന്റെ ജനത്തിനിടയിൽ ഒരു സ്ഥാനമുള്ളതും നിത്യജീവന്റെ പ്രത്യാശ കൈവരിച്ചതും നിമിത്തം നിങ്ങൾ എത്ര അനുഗൃഹീതനാണെന്നു ചിന്തിക്കുക.—യോഹന്നാൻ 3:16, 36.
അത്യാവശ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി നിത്യേന യഹോവയോടു പ്രാർഥിക്കുക. (ഫിലിപ്പിയർ 4:6, 7, 13) നിങ്ങളെ കഷ്ടപ്പെടുത്തുന്നവരോടുള്ള പ്രതികാരചിന്തയുടെ ഏതൊരു കണികയും നിർമാർജനം ചെയ്യുക. കാര്യാദികൾ യഹോവയുടെ കരങ്ങളിലേൽപ്പിക്കുക. (റോമർ 12:19) നിങ്ങളുടെ വ്യക്തിത്വത്തെ നിർമലീകരിക്കുന്നതിനും ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്തുന്നതിനുമുള്ള മാർഗങ്ങൾ തേടുക. (2 പത്രൊസ് 1:5-8) നിങ്ങളുടെ ആത്മീയാവശ്യങ്ങൾക്കായി സ്നേഹപുരസ്സരം കരുതുന്ന മൂപ്പന്മാരുൾപ്പെടെ, മറ്റുള്ളവർ നിങ്ങൾക്കുവേണ്ടി ചെയ്ത സകലതും വിലമതിക്കുക. (എബ്രായർ 13:7, 17) ദൈവത്തോടു വിശ്വസ്തനായിരിക്കുക. ജീവസമ്മാനത്തിൽ ദൃഷ്ടിയുറപ്പിക്കുക. മരണത്തിനുപോലും അത് അപഹരിക്കാനാവില്ലെന്ന ദൃഢവിശ്വാസമുണ്ടായിരിക്കുക.—യോഹന്നാൻ 5:28, 29; 17:3.
നിങ്ങളിപ്പോൾ അത്യന്തം ദുഃഖവും കൊടിയ പീഡനവും അനുഭവിക്കുന്നുണ്ടെങ്കിൽ “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക.” ഒടുവിൽ, ദുഃഖത്തിന്റെയും കഷ്ടപ്പാടിന്റെയും സ്ഥാനത്തു നിങ്ങൾ അത്യന്തം ആനന്ദിക്കും. (സദൃശവാക്യങ്ങൾ 3:5, 6; യോഹന്നാൻ 16:20) ദൈവം ഇയ്യോബിനെ അനുഗ്രഹിച്ചപ്പോഴെന്നപോലെ യാതനകൾ സന്തുഷ്ടിക്കു വഴിമാറും. നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന പ്രതിഫലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇപ്പോഴത്തെ കഷ്ടപ്പാടുകൾ ഏതുമല്ല. (റോമർ 8:18 താരതമ്യം ചെയ്യുക.) നിങ്ങളുടെ വിശ്വസ്തമായ സഹിഷ്ണുത മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. മാത്രമല്ല, “പുതിയ വ്യക്തിത്വ”ത്തോടൊപ്പം ഉണ്ടാകുന്ന ആകർഷകമായ ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്താനും അതു നിങ്ങളെ സഹായിക്കും. (എഫെസ്യർ 4:23, 24, NW; കൊലൊസ്സ്യർ 3:10, 12-14) ആ സ്ഥിതിക്ക്, പത്രൊസ് അപ്പോസ്തലന്റെ പിൻവരുന്ന വാക്കുകളിൽനിന്നു ധൈര്യമാർജിക്കുക: “ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.”—1 പത്രൊസ് 4:19.
[23-ാം പേജിലെ ചിത്രം]
ഇയ്യോബിനെപ്പോലെ ആയിരിക്കുക. ഒരിക്കലും പ്രത്യാശ കൈവെടിയരുത്
[24-ാം പേജിലെ ചിത്രം]
മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക