ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുന്നതിനെതിരെ ജാഗ്രത
വിഖ്യാതനായ ഒരു ടെലിവിഷൻ സുവിശേഷകൻ, ഒരു സഹപ്രസംഗകൻ വ്യഭിചാരത്തിലേർപ്പെട്ടതിനെ പരുഷമായി അപലപിച്ചു. എന്നാൽ, അതിനുശേഷം ഒരു വർഷമാകുംമുമ്പേ, കുറ്റമാരോപിച്ച സുവിശേഷകനെ ഒരു വേശ്യയോടൊപ്പം കയ്യോടെ പിടികൂടി.
ഇനി മറ്റൊരു സംഭവം. ഒരു പ്രമുഖ ലോകശക്തി ഒരിക്കൽ, യുദ്ധത്തിലേർപ്പെട്ടിരുന്ന രണ്ടു രാജ്യങ്ങളെ സമാധാന ഉടമ്പടിയിലേർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതിനു പ്രതിനിധികളെ അയച്ചു. അതിനിടയിൽ, അതേ രാഷ്ട്രംതന്നെ ശതകോടിക്കണക്കിനു ഡോളർ വിലവരുന്ന ആയുധ വ്യാപാരത്തിൽ പങ്കുപറ്റാൻ അതിന്റെ ആയുധ വ്യാപാരികളെ രഹസ്യമായി വിദേശങ്ങളിലേക്കയച്ചു.
നിർലജ്ജമായ കാപട്യം സർവസാധാരണമായതിനാൽ, സന്ദേഹവാദം വിശ്വാസ്യതയെ മിക്കവാറും പിഴുതെറിഞ്ഞിരിക്കുന്നതിൽ തെല്ലും അതിശയിക്കാനുണ്ടോ? അനേകരെയും സംബന്ധിച്ചിടത്തോളം, മറ്റുള്ളവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്ന പ്രകൃതം രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുകയാണ്.
ക്രിസ്ത്യാനികളെന്ന നിലയിൽ, വിശ്വസ്തരായ സഹവിശ്വാസികളുമായുള്ള നമ്മുടെ ബന്ധത്തിന് ഉലച്ചിൽ തട്ടത്തക്കവണ്ണം അത്തരം മനോഭാവം നമ്മെ സ്വാധീനിക്കാതിരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം. ശത്രുക്കളുടെ മധ്യേയായിരിക്കുമ്പോൾ “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവ”രായിരിക്കാൻ യേശുക്രിസ്തു നമ്മോടു പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ യഥാർഥ അനുഗാമികളെ നാം സംശയിക്കണമെന്ന് അവൻ പറഞ്ഞില്ല. (മത്തായി 10:16) ആ സ്ഥിതിക്ക്, മറ്റുള്ളവരെ ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുന്നതുകൊണ്ടുള്ള അപകടങ്ങൾ എന്തെല്ലാമാണ്? ഏതെല്ലാം മണ്ഡലങ്ങളിൽ നാം അത്തരം പ്രവണതയ്ക്കെതിരെ പ്രത്യേകിച്ചും ജാഗരൂകരായിരിക്കണം? സഹക്രിസ്ത്യാനികളുമായുള്ള വിലയേറിയ ബന്ധം നമുക്കെങ്ങനെ കാത്തുസൂക്ഷിക്കാനാകും?
ഒരു ഗതകാല പാഠം
ന്യായമായ കാരണം കൂടാതെ മറ്റുള്ളവരെ ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുന്നത് അവരെ ന്യായംവിധിക്കുന്നതിനു തുല്യമാണ്. അത് അവരുടെ വാക്കുകൾ അല്ലെങ്കിൽ പ്രവൃത്തികൾ, കുടിലവും ദ്വേഷപരവുമായ ഒരു സംഗതി മറച്ചുവയ്ക്കുന്നതിനുള്ള ഉപായം മാത്രമാണെന്ന നിഗമനത്തിലേക്ക് എടുത്തുചാടുന്നതുപോലെയാണ്. ഒട്ടുമിക്കപ്പോഴും വെറും തെറ്റിദ്ധാരണയായിരിക്കും പ്രശ്നത്തിന്റെ കാതൽ. ഒരു ബൈബിൾ വൃത്താന്തം അതു ദൃഷ്ടാന്തീകരിക്കുന്നു. യോശുവ 22-ാം അധ്യായത്തിൽ അതു കണ്ടെത്താം.
ഇസ്രായേല്യർ വാഗ്ദത്തദേശം കയ്യടക്കി, അവർക്കു ഗോത്രപ്രകാരം അവകാശദേശങ്ങൾ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദാൻ നദിയുടെ സമീപത്ത് “കാഴ്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം” പണിതു. അതു വിശ്വാസത്യാഗമാണെന്നു മറ്റു ഗോത്രക്കാർ തെറ്റിദ്ധരിച്ചു. ആരാധനയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ശീലോവിലെ സമാഗമന കൂടാരത്തിൽ കൂടിവരുന്നതിനു പകരം ആ മൂന്നു ഗോത്രക്കാരും യാഗമർപ്പിക്കാൻ ഈ വലിയ യാഗപീഠം ഉപയോഗിക്കാൻ പോകുകയാണെന്നായിരുന്നു ധാരണ. ഉടനടി, കുറ്റമാരോപിച്ച ഗോത്രക്കാർ സൈനിക നടപടിക്കു മുതിർന്നു.—യോശുവ 22:10-12.
ഫീനെഹാസിന്റെ നേതൃത്വത്തിൽ ഔദ്യോഗിക പ്രതിനിധികൾ തങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരുമായി ഇതേക്കുറിച്ചു ചർച്ചനടത്തിയെന്നതു സ്തുത്യർഹമാണ്. അവിശ്വസ്തത, മത്സരം, യഹോവയ്ക്കെതിരെ വിശ്വാസത്യാഗം എന്നീ കുറ്റാരോപണങ്ങളെല്ലാം കേട്ടപ്പോൾ കുറ്റക്കാരെന്നു കരുതപ്പെട്ട ഗോത്രക്കാർ തങ്ങൾ വലിയ യാഗപീഠം പണിതതിന്റെ കാരണം വിശദീകരിച്ചു. യാഗപീഠമായി ഉപയോഗിക്കാനല്ല, യഹോവയെ ആരാധിക്കുന്ന ഇസ്രായേൽ ഗോത്രങ്ങളുടെ ഐക്യത്തിനു “സാക്ഷിയായിരിക്കേണ്ടതിന്നു” ആയിരുന്നു അതു പണിതുയർത്തിയത്. (യോശുവ 22:26, 27) തങ്ങളുടെ സഹോദരങ്ങൾ അനുചിതമായി ഒന്നും ചെയ്തിട്ടില്ലെന്ന സംതൃപ്തിയോടെ പ്രതിനിധികൾ മടങ്ങി. അങ്ങനെ, ഒരു ആഭ്യന്തരയുദ്ധവും ഘോരമായ രക്തച്ചൊരിച്ചിലും ഒഴിവായി.
യാതൊരു വീണ്ടുവിചാരവുമില്ലാതെ, മറ്റുള്ളവരെ ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കാതിരിക്കുന്നതിനുള്ള എത്ര നല്ല പാഠം! ഉപരിപ്ലവമായി വീക്ഷിക്കുമ്പോൾ സത്യമെന്നു തോന്നിക്കുന്ന സംഗതി, അടുത്തു വീക്ഷിക്കുമ്പോൾ നേരേമറിച്ചാണെന്നു മിക്കപ്പോഴും കണ്ടെത്താറുണ്ട്. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ അനേകം തുറകളിൽ അതു സത്യമാണ്.
മൂപ്പന്മാരെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം
“ദൈവത്തിന്റെ സഭയെ മേയ്പാ”നുള്ള ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ സഭയിലെ നിരവധി വ്യക്തികൾക്കു ബുദ്ധ്യുപദേശം നൽകേണ്ടത് അത്യാവശ്യമാണെന്നു ചിലപ്പോഴൊക്കെ മൂപ്പന്മാർക്കു തോന്നുന്നു. (പ്രവൃത്തികൾ 20:28) ഉദാഹരണത്തിന്, നമ്മുടെ കുട്ടികളുടെ മോശമായ സഹവാസത്തെയോ എതിർലിംഗത്തിൽപ്പെട്ട ഒരാളുമായുള്ള അനുചിത നടത്തയെയോ സംബന്ധിച്ച് ഒരു മൂപ്പൻ നമ്മോടു പറയുന്നുവെന്നിരിക്കട്ടെ. നമ്മുടെ പ്രതികരണം എന്തായിരിക്കും? അദ്ദേഹത്തിനു ദുരുദ്ദേശ്യമുണ്ടെന്നു നാം അനുമാനിക്കുകയും ‘അയാൾക്കു ഞങ്ങളുടെ കുടുംബത്തെ ലേശംപോലും ഇഷ്ടമല്ല’ എന്നു ചിന്തിക്കുകയും ചെയ്യുമോ? അത്തരം വികാരങ്ങൾ മനസ്സിനെ മഥിക്കാൻ അനുവദിക്കുന്നപക്ഷം പിന്നീടു വളരെ ഖേദിക്കേണ്ടിവരും. നമ്മുടെ കുട്ടികളുടെ ആത്മീയ ക്ഷേമം അപകടത്തിലായിരുന്നേക്കാം. സഹായകമായ തിരുവെഴുത്തു ബുദ്ധ്യുപദേശം നാം വിലമതിക്കണം.—സദൃശവാക്യങ്ങൾ 12:15.
സഭാമൂപ്പൻ നമ്മെ ബുദ്ധ്യുപദേശിക്കുമ്പോൾ അതിനു ഗൂഢാർഥം കൽപ്പിക്കാതിരിക്കാം. മറിച്ച്, അദ്ദേഹത്തിന്റെ ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശത്തിൽനിന്ന് ഏതെങ്കിലും വിധത്തിൽ പ്രയോജനം നേടാനാകുമോ എന്നു നമുക്കു സ്വയം ചോദിക്കാം. “ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും” എന്ന് അപ്പോസ്തലായ പൗലൊസ് എഴുതി. (എബ്രായർ 12:11) തന്മൂലം, കൃതജ്ഞതയുള്ളവരായിരുന്നുകൊണ്ട് നമുക്കു കാര്യങ്ങളെക്കുറിച്ചു വസ്തുനിഷ്ഠമായി ചിന്തിക്കാം. ബുദ്ധ്യുപദേശം കൈക്കൊള്ളുന്നതു നമുക്കു പ്രയാസകരമായിരിക്കുന്നതുപോലെ ബുദ്ധ്യുപദേശം നൽകുന്നതു മൂപ്പന്മാർക്കും പ്രയാസകരമാണെന്ന് ഓർമിക്കുക.
മാതാപിതാക്കളെക്കുറിച്ചുള്ള ധാരണകൾ
മാതാപിതാക്കൾ ചില നിബന്ധനകൾ വയ്ക്കുമ്പോൾ ചില യുവജനങ്ങൾ തങ്ങളുടെ മാതാപിതാക്കളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നു. യുവജനങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘എന്റെ മാതാപിതാക്കൾ ഇത്രയേറെ നിയമങ്ങളുണ്ടാക്കുന്നത് എന്തുകൊണ്ടാണ്? ഞാൻ ജീവിതം ആസ്വദിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.’ എന്നാൽ, അത്തരം നിഗമനത്തിലെത്തുന്നതിനു പകരം യുവജനങ്ങൾ സാഹചര്യത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കേണ്ടതുണ്ട്.
മക്കളെ പരിപാലിച്ചുകൊണ്ടു മാതാപിതാക്കൾ വർഷങ്ങൾ ചെലവഴിച്ചിരിക്കുന്നു. സാമ്പത്തികമായും മറ്റും പല ത്യാഗങ്ങൾ സഹിച്ചുകൊണ്ടാണ് അവരതു ചെയ്തിരിക്കുന്നത്. കൗമാരപ്രായത്തിലുള്ള മക്കളുടെ ജീവിതം ദുരിതപൂർണമാക്കാൻ അവരിപ്പോൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നു നിഗമനം ചെയ്യുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ? തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന ഘടകം സ്നേഹമാണെന്നു ചിന്തിക്കുന്നത് കൂടുതൽ ന്യായയുക്തമല്ലേ? ജീവിതത്തിൽ നൂതന വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന മക്കളുടെമേൽ ചില നിബന്ധനകൾ വയ്ക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നത് അതേ സ്നേഹമായിരിക്കുകയില്ലേ? സ്നേഹനിധികളായ മാതാപിതാക്കളെ ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുന്നത് എത്ര നിർദയവും നന്ദികേടുമായിരിക്കും!—എഫെസ്യർ 6:1-3.
സഹക്രിസ്ത്യാനികളോടുള്ള നമ്മുടെ മനോഭാവം
മറ്റുള്ളവരെ മുൻവിധിയോടെ വീക്ഷിക്കുന്നതിനും അവരെ അങ്ങനെതന്നെ മുദ്രയടിക്കുന്നതിനും അനേകരും പ്രവണതകാട്ടുന്നു. നമുക്കുതന്നെയും അത്തരം മനോഭാവമുണ്ടായിരിക്കുകയും നാം ചിലരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും ചെയ്യുന്നെങ്കിലോ? ഇക്കാര്യത്തിൽ ലോകം നമ്മെ സ്വാധീനിക്കുകയായിരിക്കുമോ?
ഉദാഹരണത്തിന്, നമ്മുടെ ആത്മീയ സഹോദരന്മാരിലൊരാൾക്കു നല്ലൊരു വീടും വിലപിടിച്ച വാഹനവുമുണ്ടെന്നു കരുതുക. അദ്ദേഹം രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വയ്ക്കാത്ത, ഭൗതികത്വ ചിന്താഗതിക്കാരനാണെന്നു നാം നിഗമനം ചെയ്യുമോ? ചില ക്രിസ്ത്യാനികൾക്കു നല്ല സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞേക്കാം. എന്നാൽ, അവർ ദുരുദ്ദേശ്യമുള്ളവരാണെന്നോ ‘മുമ്പെ രാജ്യം അന്വേഷി’ക്കുന്നില്ലെന്നോ അതർഥമാക്കുന്നില്ല. അവർ ആത്മീയപ്രവർത്തനങ്ങളിൽ അങ്ങേയറ്റം തിരക്കുള്ളവരായിരുന്നേക്കാം. ഒരുപക്ഷേ, പെട്ടെന്നു ദൃഷ്ടിഗോചരമല്ലാത്ത വിധത്തിൽ തങ്ങളുടെ ഭൗതിക സ്വത്തുക്കൾ രാജ്യതാത്പര്യങ്ങൾക്കുവേണ്ടി ഉദാരമായി ഉപയോഗിക്കുന്നുമുണ്ടാകാം.—മത്തായി 6:1-4, 33.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽ എല്ലാ തരക്കാരും—സമ്പന്നരും ദരിദ്രരും—ഉണ്ടായിരുന്നു. (പ്രവൃത്തികൾ 17:34; 1 തിമൊഥെയൊസ് 2:3, 4; 6:17; യാക്കോബ് 2:5) സാമ്പത്തിക സ്ഥിതിയനുസരിച്ചല്ല ദൈവം മനുഷ്യരെ വിലയിരുത്തുന്നത്. നാമും അങ്ങനെ ചെയ്യരുത്. പരിശോധനാ ഘട്ടങ്ങളെ അതിജീവിച്ചവരും വിശ്വസ്തരുമായ സഹവിശ്വാസികളെ “പക്ഷപാതം കൂടാതെ” നാം സ്നേഹിക്കണം.—1 തിമൊഥെയൊസ് 5:21, NW.
സാത്താന്റെ നിയന്ത്രണത്തിൽ കിടക്കുന്ന ഈ ലോകത്തിൽ മുദ്രയടിക്കലും സംശയവും പല രൂപത്തിൽ കാണാം. ഒരു വ്യക്തിയുടെ പശ്ചാത്തലംനിമിത്തം മാത്രം അയാളെ അക്രമിയോ ഭൗതികത്വ ചിന്തയുള്ളവനോ ആയി വീക്ഷിച്ചേക്കാം. ക്രിസ്ത്യാനികളെന്ന നിലയിൽ നാം അത്തരം മനോഭാവങ്ങൾക്ക് ഇരയാകരുത്. രൂഢമൂലമായ മുൻവിധിക്കോ സന്ദേഹത്തിനോ യഹോവയുടെ സ്ഥാപനത്തിൽ യാതൊരു സ്ഥാനവുമില്ല. സത്യക്രിസ്ത്യാനികളെല്ലാം യഹോവയാം ദൈവത്തെ അനുകരിക്കേണ്ടതുണ്ട്. അവന്റെ “പക്കൽ അന്യായവും മുഖപക്ഷവു”മില്ല.—2 ദിനവൃത്താന്തം 19:7; പ്രവൃത്തികൾ 10:34, 35.
സ്നേഹത്താൽ പ്രേരിതരാകുക
“എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്നു തിരുവെഴുത്തുകൾ സുവ്യക്തമായി പറയുന്നു. (റോമർ 3:23) തന്മൂലം, യഹോവയ്ക്കു സ്വീകാര്യമായ സേവനമനുഷ്ഠിക്കാൻ കഠിനമായി ശ്രമിക്കുന്നതിനു നമ്മോടൊപ്പം ഏകീകൃതരായിരിക്കുന്നവരായി നാം സഹ ആരാധകരെ വീക്ഷിക്കണം. ഒരു ആത്മീയ സഹോദരനുമായോ സഹോദരിയുമായോ ഉള്ള നമ്മുടെ ബന്ധത്തിന് ഉലച്ചിൽ തട്ടാൻ നാം സംശയത്തെയോ നിഷേധാത്മക വികാരത്തെയോ അനുവദിക്കുന്നെങ്കിൽ സാത്താന്റെ കെണിയിൽ വീഴാതിരിക്കത്തക്കവണ്ണം അത്തരം മനോവൃത്തിയെ കീഴടക്കാൻ സഹായത്തിനായി നമുക്കു ദൈവത്തോടു പ്രാർഥിക്കാം. (മത്തായി 6:13) യഹോവയ്ക്കു ദുരുദ്ദേശ്യമുണ്ടെന്നും ഹവ്വായുടെ ക്ഷേമത്തിൽ അവൻ തത്പരനല്ലെന്നും യഥാർഥ സന്തുഷ്ടി കൈവരുത്തുന്ന സ്വാതന്ത്ര്യം അവൻ അവളിൽനിന്നു പിടിച്ചുവെച്ചിരിക്കുന്നുവെന്നും സാത്താൻ അവളെ ബോധ്യപ്പെടുത്തി. (ഉല്പത്തി 3:1-5) നമ്മുടെ സഹോദരങ്ങൾക്കു ദുരുദ്ദേശ്യമുണ്ടെന്നു ചിത്രീകരിക്കുന്നതുകൊണ്ടു പ്രയോജനം സാത്താനാണ്.—2 കൊരിന്ത്യർ 2:11; 1 പത്രൊസ് 5:8.
മറ്റുള്ളവരെ ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുന്നതിനുള്ള പ്രവണത നമുക്കുണ്ടെന്നുവരികിൽ യേശുക്രിസ്തുവിന്റെ ഉദാഹരണം പരിചിന്തിക്കുക. പൂർണനായ ദൈവപുത്രനായിരുന്നെങ്കിലും അവൻ തന്റെ ശിഷ്യന്മാർക്കു ദുരുദ്ദേശ്യമുണ്ടോയെന്നു നോക്കിയില്ല. മറിച്ച്, യേശു അവരിലുള്ള നന്മയാണു നോക്കിയത്. ശിഷ്യന്മാർ പ്രമുഖ സ്ഥാനത്തിനുവേണ്ടി മത്സരിച്ചപ്പോൾ, അവർക്കു ദുരുദ്ദേശ്യമുള്ളതായി അനുമാനിച്ച് 12 പുതിയ ശിഷ്യന്മാരെ നിയോഗിക്കാൻ അവൻ മുതിർന്നില്ല. (മർക്കൊസ് 9:34, 35) അപൂർണരായിരുന്ന അവരെ, അഹംഭാവത്തിനും വർഗഭേദത്തിനും ഊന്നൽ നൽകിയിരുന്ന വിശ്വാസത്യാഗ യഹൂദമത സംസ്കാരം ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചിരുന്നിരിക്കാം. യഹോവയോടുള്ള സ്നേഹമാണു തന്റെ അനുഗാമികൾക്കു മുഖ്യമായും പ്രചോദനമേകുന്നതെന്ന് യേശുവിനറിയാമായിരുന്നു. അത്തരം സ്നേഹം പ്രകടിപ്പിക്കുകയും യേശുവിനോടു പറ്റിനിൽക്കുകയും ചെയ്തതിനാൽ അവർക്കു വലിയ പ്രതിഫലം ലഭിച്ചു.—ലൂക്കൊസ് 22:28-30.
വിശ്വസ്തരായ സഹവിശ്വാസികളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതു വക്രമായ ലെൻസിൽക്കൂടി നോക്കുന്നതുപോലിരിക്കും. ഒന്നിനെയും യഥാർഥ രൂപത്തിൽ കാണാൻ സാധിക്കുകയില്ല. അതുകൊണ്ട്, നമുക്കു സ്നേഹമെന്ന ലെൻസിലൂടെ നോക്കാം. വിശ്വസ്തരായ സഹക്രിസ്ത്യാനികൾ നമ്മെ സ്നേഹിക്കുന്നുവെന്നതിനു ധാരാളം തെളിവുകളുണ്ട്. അവർ നമ്മുടെ ദയാപുരസ്സരമായ പരിഗണന അർഹിക്കുന്നു. (1 കൊരിന്ത്യർ 13:4-8) അതുകൊണ്ട്, നമുക്കവരോടു സ്നേഹം പ്രകടിപ്പിക്കാം. അവരെ ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുന്നതിനെതിരെ ജാഗ്രത പുലർത്താം.
[26-ാം പേജിലെ ചിത്രം]
യഹോവയെ വിശ്വസ്തതയോടെ ആരാധിക്കുന്ന മറ്റുള്ളവരെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
[27-ാം പേജിലെ ചിത്രം]
ആശ്രയവും ആദരവും യഹോവയുടെ സാക്ഷികളെ ഒരു സന്തുഷ്ട കുടുംബമാക്കുന്നു