യഹോവ—രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവം
“രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു.”—ദാനീയേൽ 2:28.
1, 2. (എ) യഹോവ തന്റെ മുഖ്യ പ്രതിയോഗിയിൽനിന്നു വ്യത്യസ്തനായിരിക്കുന്നതെങ്ങനെ? (ബി) ഈ വ്യത്യാസം മനുഷ്യർ പ്രതിഫലിപ്പിക്കുന്നതെങ്ങനെ?
പ്രപഞ്ചത്തിന്റെ പരമാധികാരിയും സ്നേഹവാനും ഒരേയൊരു സ്രഷ്ടാവുമായ യഹോവ ജ്ഞാനവും നീതിയുമുള്ള ദൈവമാണ്. താൻ ആരാണ് എന്നതും തന്റെ പ്രവൃത്തികളും, അല്ലെങ്കിൽ ഉദ്ദേശ്യങ്ങളും അവനു മറച്ചുപിടിക്കേണ്ടയാവശ്യമില്ല. തന്റേതായ സമയത്ത് വിവേചനാപൂർവം അവൻ തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഈ വിധത്തിൽ അവൻ തന്റെ പ്രതിയോഗിയായ പിശാചായ സാത്താനിൽനിന്നു വ്യത്യസ്തനാണ്. താൻ ആരെന്നും തന്റെ ഉദ്ദേശ്യങ്ങളെന്തെല്ലാമെന്നും പിശാച് മറച്ചുപിടിക്കുന്നു.
2 യഹോവയും സാത്താനും വിപരീതസ്വഭാവക്കാരാണ്. അങ്ങനെതന്നെയാണ് അവരുടെ ആരാധകരും. കാപട്യവും വഞ്ചനയും സാത്താന്റെ നേതൃത്വം പിൻപറ്റുന്നവരുടെ സവിശേഷതയാണ്. നല്ലവരായി ചമഞ്ഞുകൊണ്ട് അവർ ഇരുട്ടിന്റെ പ്രവൃത്തികൾ ചെയ്യുന്നു. ഇക്കാര്യത്തിൽ അത്ഭുതപ്പെടേണ്ടതില്ലെന്നു കൊരിന്ത്യ ക്രിസ്ത്യാനികളോടു പറയപ്പെട്ടു. “ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലൻമാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലൻമാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 11:13, 14) അതേസമയം, ക്രിസ്ത്യാനികൾ തങ്ങളുടെ നായകനെന്ന നിലയിൽ ക്രിസ്തുവിലേക്കു നോക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ, അവൻ തന്റെ പിതാവായ യഹോവയാം ദൈവത്തിന്റെ വ്യക്തിത്വം പൂർണമായും പ്രതിഫലിപ്പിച്ചു. (എബ്രായർ 1:1-3) അങ്ങനെ ക്രിസ്തുവിനെ പിൻപറ്റിക്കൊണ്ട്, ക്രിസ്ത്യാനികൾ സത്യത്തിന്റെയും അഗൂഢതയുടെയും വെളിച്ചത്തിന്റെയും ദൈവമായ യഹോവയെ അനുകരിക്കുന്നു. തങ്ങൾ ആരെന്നതും തങ്ങളുടെ പ്രവൃത്തികളും ഉദ്ദേശ്യങ്ങളുമെന്തെന്നതും മറച്ചുപിടിക്കേണ്ടയാവശ്യം അവർക്കുമില്ല.—എഫെസ്യർ 4:17-19; 5:1, 2.
3. യഹോവയുടെ സാക്ഷികളായിത്തീരുന്നവർ സമ്മർദത്തിനു വഴങ്ങി ഒരു “രഹസ്യ മതവിഭാഗ”ത്തിലേക്കു ചേരുകയാണെന്ന ആരോപണത്തെ നമുക്കെങ്ങനെ ഖണ്ഡിക്കാനാകും?
3 മുമ്പ് മനുഷ്യർക്ക് അജ്ഞാതമായിരുന്ന തന്റെ ഉദ്ദേശ്യങ്ങളെയും ഭാവിയെയും കുറിച്ചുള്ള വിശദാംശങ്ങൾ തനിക്ക് ഏറ്റവും ഉചിതമെന്നു തോന്നുന്ന സമയത്ത് യഹോവ വെളിപ്പെടുത്തുന്നു. ആ അർഥത്തിൽ അവൻ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവമാണ്. അങ്ങനെ, വെളിപ്പെടുത്തപ്പെട്ട അത്തരം വിവരങ്ങൾ മനസ്സിലാക്കുന്നതിന് അവനെ സേവിക്കാനാഗ്രഹിക്കുന്ന ജനത്തിനു ക്ഷണം ലഭിക്കുന്നുണ്ട്. അതേ, അവരെ അതിനായി പ്രോത്സാഹിപ്പിക്കുകയാണ്. ഒരു യൂറോപ്യൻ രാജ്യത്ത് 1,45,000-ത്തിലധികം സാക്ഷികളുടെയിടയിൽ 1994-ൽ ഒരു സർവേ നടത്തിയപ്പോൾ അവരോരോരുത്തരും ശരാശരി മൂന്നു വർഷത്തോളം യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ വ്യക്തിപരമായി പരിശോധിച്ചശേഷമാണ് സാക്ഷിയാകാൻ തീരുമാനിച്ചതെന്നു വ്യക്തമായി. പരപ്രേരണ കൂടാതെ സ്വന്തം ഇച്ഛാസ്വാതന്ത്ര്യപ്രകാരമാണ് അവർ തീരുമാനമെടുത്തത്. അവർ തുടർന്നും ഇച്ഛാസ്വാതന്ത്ര്യവും പ്രവർത്തനസ്വാതന്ത്ര്യവും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ക്രിസ്ത്യാനികളുടെ ഉന്നത നിലവാരമുള്ള ധാർമികതയിൽ വിയോജിപ്പു തോന്നി പിൽക്കാലത്തു ചിലർ സാക്ഷികളുടെ കൂട്ടത്തിൽനിന്നു പിരിഞ്ഞുപോയിട്ടുണ്ട്. രസാവഹമെന്നു പറയട്ടെ, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഈ മുൻസാക്ഷികളിൽ നല്ലൊരുപങ്കും സാക്ഷികളോടൊത്തുള്ള സഹവാസം പുനഃരാരംഭിച്ച് പ്രവർത്തനം തുടങ്ങാനാവശ്യമായ പടികൾ കൈക്കൊണ്ടിട്ടുണ്ട്.
4. വിശ്വസ്ത ക്രിസ്ത്യാനികളെ എന്ത് ഉത്കണ്ഠപ്പെടുത്തേണ്ടതില്ല, എന്തുകൊണ്ട്?
4 തീർച്ചയായും, എല്ലാ മുൻസാക്ഷികളും തിരിച്ചുവരുന്നില്ല. ക്രിസ്തീയ സഭയ്ക്കുള്ളിൽ ഒരിക്കൽ ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിച്ചിരുന്നവരും അക്കൂട്ടത്തിൽപ്പെടും. ഇതിൽ അത്ഭുതപ്പെടരുത്, കാരണം യേശുവിന്റെ ഏറ്റവും അടുത്ത അനുഗാമികളിൽ ഒരാൾപോലും പിരിഞ്ഞുപോയി. യൂദാ അപ്പോസ്തലൻ. (മത്തായി 26:14-16, 20-25) എന്നാലിത് ക്രിസ്ത്യാനിത്വത്തെക്കുറിച്ചുതന്നെ ഉത്കണ്ഠ തോന്നാനുള്ള ഒരു കാരണമാണോ? ഇതു യഹോവയുടെ സാക്ഷികൾ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ വിജയത്തെ നിർവീര്യമാക്കുന്നുണ്ടോ? അശേഷമില്ല, യൂദായുടെ വഞ്ചനാത്മക പ്രവൃത്തി ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്ക് ഒട്ടും തടസ്സമാകാഞ്ഞതുപോലതന്നെ.
സർവശക്തനെങ്കിലും സ്നേഹസമ്പന്നൻ
5. യഹോവയും യേശുവും മനുഷ്യരെ സ്നേഹിക്കുന്നുണ്ടെന്നു നമുക്കെങ്ങനെ അറിയാം, അവർ ഈ സ്നേഹം എങ്ങനെ പ്രകടമാക്കിയിരിക്കുന്നു?
5 യഹോവ സ്നേഹവാനായ ദൈവമാണ്. അവൻ ആളുകളെക്കുറിച്ചു കരുതുന്നു. (1 യോഹന്നാൻ 4:7-11) ഉന്നതസ്ഥാനത്തായിരുന്നിട്ടും, മനുഷ്യരുമായി സൗഹൃദത്തിലാകുന്നത് അവനിഷ്ടമാണ്. അവന്റെ പുരാതന ദാസന്മാരിൽ ഒരുവനെക്കുറിച്ചു നാം വായിക്കുന്നു: “അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു . . . അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.” (യാക്കോബ് 2:23; 2 ദിനവൃത്താന്തം 20:7; യെശയ്യാവു 41:8) സ്നേഹിതരായ മനുഷ്യർ സ്വകാര്യ സംഗതികൾ അല്ലെങ്കിൽ രഹസ്യങ്ങൾ പങ്കുവെക്കുന്നതുപോലെ യഹോവയും തന്റെ സുഹൃത്തുക്കളുമായി രഹസ്യങ്ങൾ പങ്കുവെക്കുന്നു. ഇക്കാര്യത്തിൽ യേശു തന്റെ പിതാവിനെ അനുകരിച്ചു, എന്തെന്നാൽ അവൻ തന്റെ ശിഷ്യന്മാരെ സുഹൃത്തുക്കളാക്കി അവരുമായി രഹസ്യങ്ങൾ പങ്കുവെച്ചു. അവൻ അവരോടു പറഞ്ഞു: “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസൻമാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതൻമാർ എന്നു പറഞ്ഞിരിക്കുന്നു.” (യോഹന്നാൻ 15:15) യഹോവയ്ക്കും അവന്റെ പുത്രനും അവരുടെ സുഹൃത്തുക്കൾക്കുമിടയിൽ പൊതുവേ ഉണ്ടായിരുന്ന സ്വകാര്യ വിവരം അല്ലെങ്കിൽ “രഹസ്യങ്ങൾ” സ്നേഹത്തിന്റെയും ഭക്തിയുടെയും തകർക്കാനാകാത്ത ഒരു ബന്ധത്തിൽ അവരെ ഏകീകൃതരാക്കുന്നു.—കൊലൊസ്സ്യർ 3:14.
6. യഹോവയ്ക്കു തന്റെ ഉദ്ദേശ്യങ്ങൾ മറച്ചുപിടിക്കേണ്ടയാവശ്യമില്ലാത്തത് എന്തുകൊണ്ട്?
6 യഹോവ എന്ന പേരിന്റെ അർഥംതന്നെ “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. ഇത് അവന്റെ ഉദ്ദേശ്യനിവൃത്തിക്കായി എന്തെല്ലാം ആയിത്തീരണമോ അതെല്ലാം ആയിത്തീരാൻ അവനു പ്രാപ്തിയുണ്ടെന്നു സൂചിപ്പിക്കുന്നു. മനുഷ്യരിൽനിന്നു വ്യത്യസ്തനായി, തന്റെ ഉദ്ദേശ്യനിവൃത്തിക്ക് ആരെങ്കിലും തടസ്സമാകുമെന്ന ഭയത്താൽ അതു മറച്ചുപിടിക്കേണ്ടയാവശ്യം യഹോവയ്ക്കില്ല. അവനു പരാജയപ്പെടാനേ കഴിയില്ല, അതുകൊണ്ട് താൻ ചെയ്യാൻ ഉദ്ദേശിക്കുന്നവയിൽ ഏറിയപങ്കും തന്റെ വചനമായ ബൈബിളിൽ അവൻ വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു. അവൻ വാഗ്ദാനം ചെയ്യുന്നു: “എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 55:11.
7. (എ) ഏദെനിൽവെച്ച് യഹോവ എന്തു മുൻകൂട്ടിപ്പറഞ്ഞു, ദൈവം സത്യവാനാണെന്നു സാത്താൻ തെളിയിച്ചതെങ്ങനെ? (ബി) 2 കൊരിന്ത്യർ 13:8-ലെ തത്ത്വം എല്ലായ്പോഴും ബാധകമായിരിക്കുന്നതെങ്ങനെ?
7 ഏദെനിലെ മത്സരത്തിനുശേഷം അധികം താമസിയാതെ, തനിക്കും തന്റെ പ്രതിയോഗിയായ സാത്താനുമിടയിൽ തുടരുന്ന വിവാദത്തിന്റെ അന്തിമഫലം എന്തായിരിക്കുമെന്നതിന്റെ രത്നച്ചുരുക്കം യഹോവ വെളിപ്പെടുത്തി. ദൈവത്തിന്റെ വാഗ്ദത്ത സന്തതി ശാശ്വതമായിട്ടല്ലെങ്കിലും വേദനാജനകമായി ചതയ്ക്കപ്പെടും, എന്നാൽ അവസാനം സാത്താൻ മാരകമായി ചതയ്ക്കപ്പെടും. (ഉല്പത്തി 3:15) പൊ.യു. 33-ൽ പിശാച്, സന്തതിയായ ക്രിസ്തുയേശുവിനെ കൊന്നുകൊണ്ട് ചതവ് ഏൽപ്പിക്കുകതന്നെ ചെയ്തു. ഈ വിധത്തിൽ, സാത്താൻ തിരുവെഴുത്തുകൾ നിവർത്തിച്ചു, അതേസമയം യഹോവ സത്യത്തിന്റെ ദൈവമാണെന്നു തെളിയിക്കുന്നത് തന്റെ ഉദ്ദേശ്യമല്ലായിരുന്നിട്ടും അവൻ അതുതന്നെ ചെയ്തു. സത്യത്തോടും നീതിയോടുമുള്ള വെറുപ്പും അവന്റെ അഹങ്കാരവും അനുതാപമില്ലാത്ത മനോഭാവവും അവൻ ചെയ്യുമെന്നു ദൈവം മുൻകൂട്ടിപ്പറഞ്ഞതുതന്നെ ചെയ്യുന്നതിൽ കൊണ്ടെത്തിച്ചു. അതേ, സത്യത്തിന്റെ എല്ലാ എതിരാളികൾക്കും, സാത്താനുതന്നെയും ഈ തത്ത്വം ബാധകമാണ്: “സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതികൂലമായി ഞങ്ങൾക്കു ഒന്നും കഴിവില്ലല്ലോ.”—2 കൊരിന്ത്യർ 13:8.
8, 9. (എ) സാത്താന് എന്തറിയാം, എന്നാൽ ഈ അറിവ് യഹോവയുടെ ഉദ്ദേശ്യനിവൃത്തിയെ അപകടത്തിലാക്കുന്നുണ്ടോ? (ബി) യഹോവയുടെ എതിരാളികൾ ഏതു വ്യക്തമായ മുന്നറിയിപ്പ് അവഗണിക്കുന്നു, എന്തുകൊണ്ട്?
8 1914-ൽ ദൈവരാജ്യം അദൃശ്യമായി സ്ഥാപിക്കപ്പെട്ടതുമുതൽ, വെളിപ്പാടു 12:12 ബാധകമായിരിക്കുന്നു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” സാത്താനു കുറച്ചു സമയമേ ബാക്കിയുള്ളുവെന്ന അറിവ് തന്റെ ഗതിക്കു മാറ്റം വരുത്താൻ അവനെ പ്രേരിപ്പിക്കുന്നുണ്ടോ? മാറ്റംവരുത്തുന്നത്, യഹോവ സത്യത്തിന്റെ ദൈവമാണെന്നും പരമാധികാര ഭരണാധിപൻ എന്ന നിലയിൽ അവൻ മാത്രമാണ് ആരാധന അർഹിക്കുന്നതെന്നും സാത്താൻ അംഗീകരിക്കുന്നതിനു തുല്യമാകും. എന്നാൽ സംഗതി കൃത്യമായി അറിയാമെങ്കിലും പരാജയം സമ്മതിക്കാൻ പിശാചിനു മനസ്സില്ല.
9 സാത്താന്റെ ലോകവ്യവസ്ഥിതിക്കുമേൽ ന്യായവിധി നടപ്പാക്കാൻ ക്രിസ്തു വരുമ്പോൾ എന്തു സംഭവിക്കുമെന്നു യഹോവ വ്യക്തമായി വെളിപ്പെടുത്തുന്നു. (മത്തായി 24:29-31; 25:31-46) ഇതിനോടുള്ള ബന്ധത്തിൽ, അവന്റെ വചനം ലോകഭരണാധികാരികളെക്കുറിച്ചു പ്രഖ്യാപിക്കുന്നു: “അവർ ‘സമാധാനം, സുരക്ഷിതത്വം!’ എന്നു പറയുന്നതെപ്പോഴോ അപ്പോൾ, ഗർഭിണിക്കുണ്ടാകുന്ന കഠിനവേദന പോലെ ശീഘ്രനാശം അവരുടെമേൽ ക്ഷണത്തിൽ വരും.” (1 തെസ്സലൊനീക്യർ 5:3, NW) സാത്താന്റെ നേതൃത്വം പിൻപറ്റുന്നവർ ഈ വ്യക്തമായ മുന്നറിയിപ്പ് അവഗണിക്കുന്നു. ദുഷ്ടഹൃദയം നിമിത്തം അവർ അന്ധരായിരിക്കുന്നു, അത് ദുഷ്ടഗതിയെക്കുറിച്ച് അനുതപിക്കാനും യഹോവയുടെ ഉദ്ദേശ്യങ്ങൾ തകർക്കാൻ ശ്രമിക്കുന്ന പദ്ധതികളിൽനിന്നും തന്ത്രങ്ങളിൽനിന്നും പിന്തിരിയാനും അവർക്കു തടസ്സമായിത്തീരുന്നു.
10. (എ) 1 തെസ്സലൊനീക്യർ 5:3 ഏത് അളവോളം നിവർത്തിച്ചിട്ടുണ്ടാകാം, എന്നാൽ യഹോവയുടെ ജനം എങ്ങനെ പ്രതികരിക്കണം? (ബി) വിശ്വാസമില്ലാത്തയാളുകൾ ഭാവിയിൽ ദൈവജനത്തെ എതിർക്കുന്നതിൽ എത്രയധികം ധാർഷ്ട്യക്കാരായേക്കാം?
10 ഐക്യരാഷ്ട്രങ്ങൾ അന്താരാഷ്ട്ര സമാധാനവർഷമായി പ്രഖ്യാപിച്ച 1986 മുതൽ വിശേഷിച്ചും, ലോകത്തിലെവിടെയും സമാധാനത്തെയും സുരക്ഷിതത്വത്തെയും കുറിച്ചു സംസാരമുണ്ട്. ലോകസമാധാനം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിൽ സ്വീകരിച്ചിട്ടുള്ള സുനിശ്ചിത നടപടികൾക്കു കുറച്ചൊക്കെ ഫലമുണ്ടായിട്ടുണ്ട്. ഈ പ്രവചനത്തിന്റെ മുഴുവനായ നിവൃത്തിയാണോ അത്, അതോ അമ്പരപ്പിക്കുന്ന എന്തെങ്കിലുമൊരു പ്രഖ്യാപനം ഭാവിയിൽ നാം പ്രതീക്ഷിക്കണമോ? യഹോവ ഇക്കാര്യം തക്ക സമയത്തു വ്യക്തമാക്കിത്തരുന്നതായിരിക്കും. അതിനിടെ, “യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യത്തിനായി കാത്തിരുന്നുകൊണ്ടും അതിനെ മനസ്സിൽ അടുപ്പിച്ചുനിർത്തിക്കൊണ്ടും” നമുക്ക് ആത്മീയ ഉണർവുള്ളവരായി നിലകൊള്ളാം. (2 പത്രൊസ് 3:11, NW) സമാധാനത്തെയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള കൂടുതലായ സംസാരവുമായി സമയം കടന്നുപോകുന്നതോടെ, ഈ മുന്നറിയിപ്പ് അറിയാമായിരുന്നിട്ടും അത് അവഗണിക്കാൻ തീരുമാനിക്കുന്ന ചില വ്യക്തികൾ യഹോവ തന്റെ വചനം നിവർത്തിക്കുകയില്ലെന്നോ അവനതു നിവർത്തിക്കാൻ കഴിയുകയില്ലെന്നോ ചിന്തിച്ച് അധികമധികം ധാർഷ്ട്യക്കാരായിത്തീർന്നേക്കാം. (സഭാപ്രസംഗി 8:11-13; 2 പത്രൊസ് 3:3, 4 എന്നിവ താരതമ്യം ചെയ്യുക.) എന്നാൽ സത്യക്രിസ്ത്യാനികൾക്കറിയാം യഹോവ തന്റെ ഉദ്ദേശ്യം നിവർത്തിക്കുമെന്ന്!
യഹോവ ഉപയോഗിക്കുന്ന മുഖാന്തരങ്ങളോടുള്ള ഉചിതമായ ആദരവ്
11. യഹോവയെക്കുറിച്ചു ദാനീയേലും യോസേഫും എന്തു മനസ്സിലാക്കി?
11 നവ-ബാബിലോന്യ സാമ്രാജ്യത്തിന്റെ ഭരണാധിപനായ നെബൂഖദ്നേസർ രാജാവ് തനിക്കുണ്ടായ അലോസരപ്പെടുത്തുന്ന ഒരു സ്വപ്നം ഓർക്കാൻ കഴിയാഞ്ഞപ്പോൾ സഹായാഭ്യർഥന നടത്തി. അവന്റെ പുരോഹിതന്മാർക്കും മന്ത്രവാദികൾക്കും ഗൂഢവിദ്യക്കാർക്കും സ്വപ്നം എന്താണെന്നു പറയാനോ അതിനുള്ള വിശദീകരണം നൽകാനോ കഴിഞ്ഞില്ല. എന്നാൽ ദൈവദാസനായ ദാനീയേലിന് അതു ചെയ്യാൻ കഴിഞ്ഞു—സ്വപ്നവും അതിന്റെ അർഥവും വെളിപ്പെടുത്താൻ കഴിഞ്ഞത് സ്വന്തം ജ്ഞാനത്താലല്ലെന്ന് അവൻ ഉടനടി സമ്മതിച്ചുപറഞ്ഞെങ്കിലും. ദാനീയേൽ പറഞ്ഞു: “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു.” (ദാനീയേൽ 2:1-30) അതിനു പല നൂറ്റാണ്ടുകൾക്കു മുമ്പ്, ദൈവത്തിന്റെ മറ്റൊരു പ്രവാചകനായ യോസേഫിന്, യഹോവ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനാണെന്നു സമാനമായി ബോധ്യപ്പെട്ടിരുന്നു.—ഉല്പത്തി 40:8-22; ആമോസ് 3:7, 8.
12, 13. (എ) യഹോവയുടെ ഏറ്റവും വലിയ പ്രവാചകൻ ആരായിരുന്നു, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്? (ബി) ഇന്ന് “ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകൻമാ”രായി സേവിക്കുന്നതാർ, നാം അവരെ എങ്ങനെ വീക്ഷിക്കണം?
12 യഹോവ ഭൂമിയിലേക്ക് അയച്ചിട്ടുള്ള പ്രവാചകരിൽ ഏറ്റവും വലിയവൻ യേശുവാണ്. (പ്രവൃത്തികൾ 3:19-24) പൗലൊസ് വിശദീകരിച്ചു: “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.”—എബ്രായർ 1:1, 2.
13 യഹോവ ആദിമ ക്രിസ്ത്യാനികളോടു തന്റെ പുത്രനായ യേശു മുഖാന്തരം സംസാരിച്ചു. അവൻ അവർക്കു ദിവ്യരഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തു. യേശു അവരോടു പറഞ്ഞു: “ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു.” (ലൂക്കൊസ് 8:10) പിന്നീട് പൗലൊസ് അപ്പോസ്തലൻ അഭിഷിക്ത ക്രിസ്ത്യാനികളെക്കുറിച്ച് അവർ “ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകൻമാരു”മാണെന്നു പറഞ്ഞു. (1 കൊരിന്ത്യർ 4:1) തക്കസമയത്തെ ആത്മീയ ഭക്ഷണം ഭരണസംഘത്തിലൂടെ പ്രദാനം ചെയ്യുന്ന വിശ്വസ്തനും വിവേകിയുമായ അടിമവർഗമായി അഭിഷിക്ത ക്രിസ്ത്യാനികൾ ഇന്ന് അതേ സേവനം തുടരുകയാണ്. (മത്തായി 24:45-47) ദൈവത്തിന്റെ മുൻകാല നിശ്വസ്ത പ്രവാചകന്മാരെയും വിശേഷിച്ചു ദൈവപുത്രനെയും നാം വളരെയധികം ആദരിക്കുന്നെങ്കിൽ, ഈ നിർണായക സമയത്ത് തന്റെ ജനത്തിന് അങ്ങേയറ്റം അത്യാവശ്യമായ ബൈബിൾവിവരങ്ങൾ വെളിപ്പെടുത്താൻ യഹോവ ഇന്ന് ഉപയോഗിക്കുന്ന മനുഷ്യമുഖാന്തരത്തെയും നാം ആദരിക്കേണ്ടതല്ലേ?—2 തിമൊഥെയൊസ് 3:1-5, 13.
പ്രവർത്തനം—പരസ്യമായോ രഹസ്യമായോ?
14. ക്രിസ്ത്യാനികൾ രഹസ്യത്തിൽ പ്രവർത്തനം നടത്തേണ്ടതെപ്പോൾ, അതുവഴി അവർ ആരുടെ മാതൃകയാണു പിൻപറ്റുന്നത്?
14 യഹോവ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നുവെന്നതിനാൽ തങ്ങൾക്കറിയാവുന്നതെല്ലാം എല്ലായ്പോഴും ഏതു സാഹചര്യത്തിലും ക്രിസ്ത്യാനികൾ വെളിപ്പെടുത്തണമെന്നുണ്ടോ? “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ” എന്നാണ് യേശു തന്റെ ശിഷ്യന്മാരെ ഉപദേശിച്ചത്. ക്രിസ്ത്യാനികൾ ഈ ഉപദേശം പിൻപറ്റുന്നു. (മത്തായി 10:16) തങ്ങളുടെ മനസ്സാക്ഷിയനുസരിച്ച് ദൈവത്തെ ആരാധിക്കാൻ പാടില്ലെന്ന് അവരോട് ആവശ്യപ്പെടുന്നപക്ഷം ക്രിസ്ത്യാനികൾ തുടർന്നും “ദൈവത്തെ അനുസരി”ക്കും, കാരണം യഹോവയ്ക്കുള്ള ആരാധന തടയാൻ യാതൊരു മനുഷ്യസ്ഥാപനത്തിനും അവകാശമില്ലെന്ന് അവർ തിരിച്ചറിയുന്നു. (പ്രവൃത്തികൾ 5:29) യേശു ഇതു പ്രവർത്തിച്ചുകാണിച്ചിട്ടുണ്ട്. നാം വായിക്കുന്നു: “അതിന്റെ ശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദൻമാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. എന്നാൽ യെഹൂദൻമാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു. യേശു അവരോടു [വിശ്വാസികളല്ലാത്ത ജഡിക സഹോദരന്മാരോട്]: . . . നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല; ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു. അവന്റെ സഹോദരൻമാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.”—യോഹന്നാൻ 7:1, 2, 6, 8-10.
പറയണമോ വേണ്ടയോ?
15. രഹസ്യം സൂക്ഷിക്കുന്നതു ചിലപ്പോൾ സ്നേഹപൂർവകമായ ഒരു പ്രവൃത്തിയാണെന്നു യോസേഫ് പ്രകടമാക്കിയതെങ്ങനെ?
15 ചില സന്ദർഭങ്ങളിൽ, ഒരു സംഗതി രഹസ്യമാക്കിവെക്കുന്നത് ജ്ഞാനപൂർവകം മാത്രമല്ല, സ്നേഹപൂർവകവുമാണ്. ഉദാഹരണത്തിന്, യേശുവിന്റെ വളർത്തുപിതാവായ യോസേഫ് തന്റെ പ്രതിശ്രുത വധുവായ മറിയ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എങ്ങനെയാണു പ്രതികരിച്ചത്? നാം വായിക്കുന്നു: “അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 1:18, 19) അവളെ പരസ്യമായി നിന്ദാപാത്രമാക്കുന്നത് എത്ര നിർദയമായ പ്രവൃത്തിയാകുമായിരുന്നു!
16. രഹസ്യകാര്യങ്ങളുടെ സംഗതിയിൽ മൂപ്പന്മാർക്കും സഭയിലെ മറ്റെല്ലാ അംഗങ്ങൾക്കും എന്ത് ഉത്തരവാദിത്വമുണ്ട്?
16 പ്രയാസകരമായ സ്ഥിതിവിശേഷമോ വേദനയോ ഉളവാക്കുന്ന രഹസ്യകാര്യങ്ങൾ വേണ്ടപ്പെട്ടവരോടല്ലാതെ ആരോടും പറയരുത്. യഹോവയ്ക്കെതിരെ ഗുരുതരമായ പാപംചെയ്ത സഹക്രിസ്ത്യാനികൾക്കു ക്രിസ്തീയ മൂപ്പന്മാർ വ്യക്തിപരമായ ബുദ്ധ്യുപദേശമോ സാന്ത്വനമോ ശിക്ഷണമോ നൽകുമ്പോൾ അവരതു മനസ്സിൽപ്പിടിക്കുന്നു. ഈ കാര്യങ്ങൾ തിരുവെഴുത്തുപരമായ വിധത്തിൽ കൈകാര്യം ചെയ്യുകയാണു വേണ്ടത്; സംഗതിയുമായി ബന്ധമില്ലാത്തവരോടു രഹസ്യവിവരങ്ങൾ പറയുന്നത് അനാവശ്യവും സ്നേഹമില്ലായ്മയുമാണ്. തീർച്ചയായും, ക്രിസ്തീയ സഭാംഗങ്ങൾ മൂപ്പന്മാരിൽനിന്നു വിവരങ്ങൾ ചികഞ്ഞ് ചോർത്തിയെടുക്കാൻ ശ്രമിക്കുകയില്ല, മറിച്ച് സ്വകാര്യകാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള മൂപ്പന്മാരുടെ ഉത്തരവാദിത്വത്തെ ആദരിക്കും. സദൃശവാക്യങ്ങൾ 25:9 പ്രസ്താവിക്കുന്നു: “നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞുതീർക്ക; എന്നാൽ മറെറാരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.”
17. ക്രിസ്ത്യാനികൾ മിക്ക സന്ദർഭങ്ങളിലും രഹസ്യകാര്യങ്ങൾ രഹസ്യമായിത്തന്നെ സൂക്ഷിക്കുന്നതെന്തുകൊണ്ട്, എന്നാൽ അവർക്ക് അത് എല്ലായ്പോഴും ചെയ്യാൻ സാധിക്കാത്തതെന്തുകൊണ്ട്?
17 ഈ തത്ത്വം കുടുംബാംഗങ്ങൾക്കിടയിലും അടുത്ത സുഹൃത്തുക്കൾക്കിടയിലും ബാധകമാണ്. ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാതിരിക്കുന്നതിനും മർമപ്രധാനമാണ്. “വടതിക്കാററു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു [“രഹസ്യം പുറത്തുവിടുന്ന നാവ്,” NW] കോപഭാവത്തെ ജനിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 25:23) തീർച്ചയായും, യഹോവയോടും അവന്റെ നീതിനിഷ്ഠമായ തത്ത്വങ്ങളോടുമുള്ള വിശ്വസ്തതയും തെറ്റുചെയ്യുന്ന വ്യക്തികളോടുള്ള സ്നേഹവും ഹേതുവായി ചിലപ്പോഴൊക്കെ മാതാപിതാക്കളെയും ക്രിസ്തീയ മൂപ്പന്മാരെയും അധികാരസ്ഥാനത്തിരിക്കുന്ന മറ്റുള്ളവരെയും രഹസ്യകാര്യങ്ങൾ ധരിപ്പിക്കേണ്ടിവന്നേക്കാം.a എന്നാൽ മിക്ക സന്ദർഭങ്ങളിലും, ക്രിസ്ത്യാനികൾ മറ്റുള്ളവരുടെ വ്യക്തിപരമായ രഹസ്യങ്ങൾ ആരോടും പറയാതെ സ്വന്തം കാര്യംപോലെ സൂക്ഷിക്കുന്നു.
18. നാമെന്തു പറയണം, എന്തു പറയരുത് എന്നു നിർണയിക്കാൻ ഏതു മൂന്നു ക്രിസ്തീയ ഗുണങ്ങൾ നമ്മെ സഹായിക്കും?
18 ചുരുക്കത്തിൽ, ഒരു ക്രിസ്ത്യാനി അത്യാവശ്യമായിരിക്കുമ്പോൾ ചില രഹസ്യങ്ങൾ സൂക്ഷിച്ചുകൊണ്ടും ഉചിതമായിരിക്കുമ്പോൾ ആവശ്യമുള്ളവമാത്രം വെളിപ്പെടുത്തിക്കൊണ്ടും യഹോവയെ അനുകരിക്കുന്നു. എന്തു പറയണം, എന്തു പറയരുത് എന്നു തീരുമാനിക്കുന്നതിൽ അയാൾ താഴ്മ, വിശ്വാസം, സ്നേഹം എന്നിവയാൽ നയിക്കപ്പെടുന്നു. അറിയാവുന്നതെല്ലാം പറഞ്ഞോ പറയാൻ പാടില്ലാത്ത രഹസ്യങ്ങളാൽ മോഹിപ്പിച്ചോ മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ ശ്രമിച്ചുകൊണ്ട് സ്വന്തം പ്രാധാന്യം പെരുപ്പിച്ചുകാണിക്കാതിരിക്കാൻ താഴ്മ അയാളെ സഹായിക്കും. യഹോവയുടെ വചനത്തിലും ക്രിസ്തീയ സഭയിലുമുള്ള വിശ്വാസം ദിവ്യമായി പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ബൈബിൾ വിവരങ്ങൾ പ്രസംഗിക്കാനും അതേസമയം മറ്റുള്ളവരെ വ്രണപ്പെടുത്താവുന്ന സംഗതികൾ ആദ്യമേ പറയാതിരിക്കാനും അയാളെ പ്രചോദിപ്പിക്കുന്നു. അതേ, ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതും ജീവൻ നേടുന്നതിന് ആളുകൾ അറിയേണ്ടതുമായ സംഗതികൾ പരസ്യമാക്കുന്നതിനു സ്നേഹം അയാളെ പ്രചോദിപ്പിക്കുന്നു. അതേസമയം, മിക്ക സന്ദർഭങ്ങളിലും വ്യക്തിപരമായ രഹസ്യസംഗതികൾ വെളിപ്പെടുത്തുന്നത് ഒരുവനു സ്നേഹമില്ലെന്നു പ്രകടമാക്കുമെന്നു മനസ്സിലാക്കി അയാൾ അത്തരം സംഗതികളൊട്ടു വെളിപ്പെടുത്തുന്നുമില്ല.
19. സത്യക്രിസ്ത്യാനികളെ തിരിച്ചറിയാൻ ഏതു പ്രവർത്തനഗതി സഹായിക്കുന്നു, അത് എന്തിൽ കലാശിക്കുന്നു?
19 സമനിലയുള്ള ഈ സമീപനം സത്യക്രിസ്ത്യാനികളെ തിരിച്ചറിയാൻ സഹായിക്കുന്നു. അവർ ദൈവം ആരെന്നത് പേരില്ലായ്മയുടെ മുഖംമൂടിക്കു പിന്നിലോ വിശദീകരിക്കാനാകാത്ത ഒരു ദുർജ്ഞേയ ത്രിത്വോപദേശത്തിനു പിന്നിലോ മറച്ചുവെക്കുന്നില്ല. അജ്ഞാത ദൈവങ്ങൾ വ്യാജമതത്തിന്റെ പ്രത്യേകതയാണ്, അല്ലാതെ സത്യമതത്തിന്റേതല്ല. (പ്രവൃത്തികൾ 17:22, 23 കാണുക.) യഹോവയുടെ അഭിഷിക്ത സാക്ഷികൾ “ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകൻമാ”രായിരിക്കുന്ന പദവിയെ ശരിക്കും വിലമതിക്കുന്നു. ഈ രഹസ്യങ്ങൾ മറ്റുള്ളവർക്കു വ്യക്തമായി വെളിപ്പെടുത്തിക്കൊണ്ട്, അവർ പരമാർഥഹൃദയരെ യഹോവയുടെ സൗഹൃദം തേടാൻ സഹായിക്കുന്നു.—1 കൊരിന്ത്യർ 4:1; 14:22-25; സെഖര്യാവു 8:23; മലാഖി 3:18.
[അടിക്കുറിപ്പുകൾ]
a 1986 ഒക്ടോബർ 1 വീക്ഷാഗോപുരത്തിലെ “മറ്റുള്ളവരുടെ പാപങ്ങളിൽ പങ്കുപറ്റരുത്” എന്ന ലേഖനം കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യഹോവയ്ക്കു തന്റെ ഉദ്ദേശ്യങ്ങൾ മറച്ചുപിടിക്കേണ്ടയാവശ്യമില്ലാത്തത് എന്തുകൊണ്ട്?
□ യഹോവ രഹസ്യങ്ങൾ ആർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു?
□ രഹസ്യകാര്യങ്ങൾ സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
□ എന്തു പറയണം, എന്തു പറയരുത് എന്നറിയാൻ ക്രിസ്ത്യാനികളെ ഏതു മൂന്നു ഗുണങ്ങൾ സഹായിക്കും?
[8-ാം പേജിലെ ചിത്രം]
യഹോവ തന്റെ വചനത്തിലൂടെ രഹസ്യം വെളിപ്പെടുത്തുന്നു