രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
യഹോവയുടെ ദിവ്യാധിപത്യ സ്ഥാപനത്തിലേക്കു പലായനം ചെയ്യൽ
‘സമുദ്ര ദ്വീപുകളിൽ അവർ യഹോവയെ മഹത്ത്വപ്പെടുത്തണം,’ എന്നു പ്രഘോഷിക്കാൻ ദീർഘകാലം മുമ്പ് പ്രവാചകനായ യെശയ്യാവു പ്രേരിതനായി. (യെശയ്യാവു 24:15, NW) “സുവാർത്ത പ്രസംഗിക്കപ്പെടേണ്ട”തായി യേശു പറഞ്ഞ “നിവസിത ഭൂമി”യുടെ ഭാഗമായിട്ടാണ് യഹോവയുടെ സാക്ഷികൾ സമുദ്ര ദ്വീപുകളെ വീക്ഷിക്കുന്നത്.—മത്തായി 24:14, NW; മർക്കൊസ് 13:10.
തഹീതിയുടെ 1,400 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് മാർക്കസസ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ഫ്രഞ്ച് പോളിനേഷ്യ എന്നു വിളിക്കപ്പെടുന്ന ദക്ഷിണ പസഫിക്കിലെ വിദൂര ദ്വീപ സമൂഹത്തിന്റെ ഭാഗമാണ് അവ. ഫലഭൂയിഷ്ഠമായ അഗ്നിപർവത മണ്ണും ഊഷ്മളമായ, ഈർപ്പമുള്ള കാലാവസ്ഥയും നിമിത്തം ഈ ദ്വീപുകളിൽ സസ്യങ്ങൾ തഴച്ചുവളരുന്നു. എന്നാൽ, മാർക്കസസുകാർ മറ്റൊരു തരം ഫലവും ഉത്പാദിപ്പിക്കുന്നുണ്ട്. രാജ്യസന്ദേശത്തോടു പ്രതികരിച്ച, ഹിവാ ഓവ ദ്വീപിലെ ഒരു കുടുംബത്തിന്റെ കാര്യമെടുക്കുക.
ഴാനും ഭാര്യ നാഡിനും തങ്ങൾ ജീവിച്ചിരുന്ന പശ്ചിമ യൂറോപ്പിലെ പരിഷ്കൃതസമൂഹം എന്നു വിളിക്കപ്പെടുന്നതിനെപ്രതി അസന്തുഷ്ടരായിരുന്നു. അതുകൊണ്ട്, ആ തിരക്കുപിടിച്ച ജീവിതരീതി ഉപേക്ഷിച്ച് തങ്ങളുടെ കുട്ടിയോടൊപ്പം മാർക്കസസ് ദ്വീപുകളിലേക്കു മാറാൻ അവർ തീരുമാനിച്ചു. മുളകൊണ്ടു നിർമിച്ച അവരുടെ പുതിയ ഭവനം സ്ഥിതിചെയ്തിരുന്നത് ഒരു വിദൂര താഴ്വരയിലായിരുന്നു. അവരുടെ ഏറ്റവും അടുത്ത അയൽക്കാരുടെ അടുത്തെത്തുന്നതിന് നിമ്നോന്നത പർവത പാതയിലൂടെ രണ്ടുമണിക്കൂർ നടക്കേണ്ടതുണ്ടായിരുന്നു. ഡോക്ടറും സ്കൂളും പലചരക്കുകടയുമുള്ള ഏറ്റവും അടുത്ത ഗ്രാമത്തിലേക്ക് ജീപ്പിൽ മൂന്നുമണിക്കൂർ യാത്രചെയ്യണമായിരുന്നു.
ഴാനും നാഡിനും മതത്തിൽ താത്പര്യമില്ലായിരുന്നു. എന്നിരുന്നാലും, അവർ ജീവോത്പത്തിയെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടു. മിക്കപ്പോഴും അവർ സങ്കീർണമായ പരിണാമ സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുക്കുമായിരുന്നു. എന്നാൽ അവരുടെ സിദ്ധാന്തങ്ങളൊന്നും അവർക്കു സംതൃപ്തി നൽകിയില്ല.
ആറു വർഷത്തെ ഒറ്റപ്പെട്ട ജീവിതത്തിനുശേഷം തങ്ങളെ രണ്ട് യഹോവയുടെ സാക്ഷികൾ സന്ദർശിച്ചത് അവരെ അത്ഭുതപ്പെടുത്തി. സമീപത്തുള്ള ഗ്രാമീണരിൽനിന്ന് സാക്ഷികൾ ഴാനിന്റെയും നാഡിന്റെയും താമസത്തെക്കുറിച്ച് അറിഞ്ഞിരുന്നു. സ്വാഭാവികമായും, സംഭാഷണം പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള ഒരു ചർച്ചയിലേക്കു നയിച്ചു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഒരു പ്രതി സാക്ഷികളുടെ കൈവശമുണ്ടായിരുന്നു. അത് ആ ദമ്പതികളെ ആഹ്ലാദിപ്പിച്ചു. ജീവൻ ഇവിടെ എങ്ങനെ വന്നുവെന്നതിനെക്കുറിച്ചു സമ്പൂർണമായൊരു വിശകലനം അവതരിപ്പിച്ചിരിക്കുന്ന ഒരു പുസ്തകം ലഭിച്ചതിൽ ഴാനും നാഡിനും സന്തുഷ്ടരായിരുന്നു.
കുറച്ചുകാലം കഴിഞ്ഞ് ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഏതാണ്ട് മൂന്നു വർഷംകൊണ്ട് ഴാനും നാഡിനും സ്ഥായിയായ പുരോഗതി കൈവരിച്ചു. പെട്ടെന്നുതന്നെ മുഴുഭൂമിയും ഒരു പറുദീസയാക്കപ്പെടുമെന്ന് അവർക്കു ബോധ്യമായി. മൂന്നു കുട്ടികളായതോടെ രാജ്യഹാളിൽ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിനായി നാലു മണിക്കൂർ യാത്രചെയ്യുന്നത് ഒരു യഥാർഥ വെല്ലുവിളിയായിത്തീർന്നു. പക്ഷേ, ഹാജരാകുന്നതിൽനിന്ന് അത് അവരെ പിന്തിരിപ്പിച്ചില്ല. ഒടുവിൽ ഴാനും നാഡിനും യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. പ്രധാന ഗ്രാമത്തിൽ നടന്ന ഒരു കൺവെൻഷനിൽവെച്ചായിരുന്നു അവർ അതു ചെയ്തത്. അവിടുത്തെ അത്യുച്ച ഹാജരോ 38!
രാജ്യപ്രസാധകരുടെ ചെറിയ കൂട്ടത്തെ സഹായിക്കുന്നതിനായി തങ്ങളുടെ ഒറ്റപ്പെട്ട ഭവനം വിട്ടുപോകാൻ ആ കുടുംബം തീരുമാനിച്ചു. ഏകദേശം ആയിരം നിവാസികളുള്ള ഒരു ഗ്രാമത്തിലേക്ക് അവർ താമസം മാറ്റി. യഹോവയുടെ സാക്ഷികളുടെ അവിടുത്തെ പ്രാദേശിക സഭയിൽ ഴാൻ ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു. നാഗരികതയിൽനിന്നു രക്ഷപ്പെടാൻ മുമ്പ് ദ്വീപുകളിലേക്കു പലായനം ചെയ്ത ഈ കുടുംബം ഏക സത്യപ്രാകാരത്തെ, യഹോവയുടെ ദിവ്യാധിപത്യ സ്ഥാപനത്തെ, കണ്ടെത്തിയത് ഒരു പദവിയായി കരുതുന്നു.