“ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു”
“ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”—ഉല്പത്തി 1:27.
1. ക്രിസ്തീയ സ്ത്രീപുരുഷന്മാർക്കു സത്യം ഒരു അനുഗ്രഹമായിരിക്കുന്നതെങ്ങനെ?
യഹോവയുടെ ജനത്തോടൊപ്പം ആയിരിക്കുന്നതും ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതു ജീവിതലക്ഷ്യമാക്കിയിരിക്കുന്ന സ്ത്രീപുരുഷന്മാരോടും ആൺകുട്ടികളോടും പെൺകുട്ടികളോടുമൊത്തു സഹവസിക്കുന്നതും എത്ര രസകരമാണ്! യഹോവയാം ദൈവത്തെ അപ്രീതിപ്പെടുത്തുന്ന മനോഭാവങ്ങളിൽനിന്നും നടത്തയിൽനിന്നും സത്യം നമ്മെ സ്വതന്ത്രരാക്കുന്നു. ക്രിസ്ത്യാനികളെന്ന നിലയിൽ നാമെങ്ങനെ ജീവിക്കണമെന്നും അതു നമ്മെ പഠിപ്പിക്കുന്നു. (യോഹന്നാൻ 8:32; കൊലൊസ്സ്യർ 3:8-10) ഉദാഹരണത്തിന്, പുരുഷന്മാർ പുരുഷത്വം പ്രകടിപ്പിക്കേണ്ടതെങ്ങനെ, സ്ത്രീകൾ സ്ത്രീത്വം പ്രകടിപ്പിക്കേണ്ടതെങ്ങനെ എന്നിവ സംബന്ധിച്ച് എല്ലായിടത്തുമുള്ള ആളുകൾക്കു പാരമ്പര്യങ്ങളോ ധാരണകളോ ഉണ്ട്. പുരുഷന്മാർക്കു പുരുഷത്വവും സ്ത്രീകൾക്കു സ്ത്രീത്വവും കേവലം ജന്മസിദ്ധമാണോ? അതോ പരിചിന്തിക്കേണ്ടതായ മറ്റു ഘടകങ്ങളുമുണ്ടോ?
2. (എ) പുരുഷത്വത്തെയും സ്ത്രീത്വത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ നിർണയിക്കുന്നതെന്ത്? (ബി) സ്ത്രീപുരുഷധർമത്തെക്കുറിച്ചുള്ള വീക്ഷണങ്ങൾക്ക് എന്തു സംഭവിച്ചിരിക്കുന്നു?
2 നാം സ്വായത്തമാക്കിയിരിക്കുന്ന വ്യക്തിപരമോ സാംസ്കാരികമോ പരമ്പരാഗതമോ ആയ കാഴ്ചപ്പാടുകൾ എന്തുതന്നെയായാലും, ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം ദൈവവചനമാണ് കീഴ്പെടുന്നതിനുള്ള ആധികാരിക ഉറവിടം. (മത്തായി 15:1-9) പുരുഷത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും എല്ലാ വശങ്ങളെയും കുറിച്ച് ബൈബിൾ സവിസ്തരം വിശദീകരിക്കുന്നില്ല. മറിച്ച്, വ്യത്യസ്ത സംസ്കാരങ്ങളിൽ നാം കാണുന്നതുപോലെ, വ്യത്യസ്ത വിധങ്ങളിൽ അതു പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അതു തരുന്നുണ്ട്. എന്തായിരിക്കാനാണോ ദൈവം അവരെ സൃഷ്ടിച്ചത് അങ്ങനെയായിരിക്കാൻ പുരുഷനു പുരുഷത്വവും സ്ത്രീക്കു സ്ത്രീത്വവും ഉണ്ടായിരിക്കണം. എന്തുകൊണ്ട്? ശാരീരികമായി മാത്രമല്ല, പുരുഷ-സ്ത്രീത്വ ഗുണങ്ങളിലൂടെയും പരസ്പര പൂരകമായിരിക്കാൻ വേണ്ടിയാണ് പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഉല്പത്തി 2:18, 23, 24; മത്തായി 19:4, 5) എന്നിരുന്നാലും, സ്ത്രീപുരുഷധർമത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തലതിരിഞ്ഞതും വികലവുമായിത്തീർന്നിരിക്കുകയാണ്. പുരുഷത്വമെന്നാൽ കർക്കശ മേധാവിത്വമോ പരുക്കൻ ഇടപെടലോ അതിരുകവിഞ്ഞ പുരുഷത്വബോധമോ ആണെന്നാണ് അനേകരും വിചാരിക്കുന്നത്. ചില സംസ്കാരങ്ങളിൽ പുരുഷൻ പരസ്യമായോ രഹസ്യമായോ കരയുന്നത് അപൂർവമാണ്, അല്ലെങ്കിൽ ലജ്ജാകരമാണ്. എന്നിരുന്നാലും, ലാസറിന്റെ കല്ലറയ്ക്കരികെ പുരുഷാരത്തോടൊപ്പം നിൽക്കുകയായിരുന്ന “യേശു കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:35) പൂർണതയുള്ള പുരുഷത്വത്തിനുടമയായിരുന്ന യേശുവിനെ സംബന്ധിച്ചിടത്തോളം അത് അനുചിതമായിരുന്നില്ല. സ്ത്രീത്വം സംബന്ധിച്ച് സമനിലയുള്ള ഒരു കാഴ്ചപ്പാടല്ല ഇന്ന് അനേകർക്കുമുള്ളത്; അവർക്ക് അതു കേവലം ശാരീരികവും ലൈംഗികവുമായ ആകർഷകത്വം മാത്രമാണ്.
യഥാർഥ പുരുഷത്വവും യഥാർഥ സ്ത്രീത്വവും
3. സ്ത്രീപുരുഷന്മാർ വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ?
3 യഥാർഥ പുരുഷത്വം എന്താണ്, യഥാർഥ സ്ത്രീത്വം എന്താണ്? ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു: “മിക്ക സ്ത്രീപുരുഷന്മാരും ശരീരഘടനയിൽ മാത്രമല്ല, പെരുമാറ്റത്തിലും താത്പര്യങ്ങളിലും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങളിൽ ചിലതു ജീവശാസ്ത്രപരമായി നിർണയിക്കപ്പെടുന്നതാണ്. . . . എന്നാൽ ശരീരഘടനാപരമല്ലാത്ത അനേകം വ്യത്യാസങ്ങളും ഓരോ വ്യക്തിയും പഠിച്ചെടുക്കുന്ന സ്ത്രീപുരുഷധർമങ്ങളിന്മേൽ അടിസ്ഥാനപ്പെട്ടിരിക്കുന്നതായി കാണുന്നു. ആളുകൾ ആണോ പെണ്ണോ ആയി ജനിക്കുന്നെങ്കിലും, പുരുഷത്വമോ സ്ത്രീത്വമോ അവർ ആർജിച്ചെടുക്കുന്നതാണ്.” അനേകം സംഗതികൾക്കും കാരണം നമ്മുടെ ജനിതക ഘടനയാകാമെങ്കിലും, ഉചിതമായ പുരുഷത്വത്തിന്റെയോ സ്ത്രീത്വത്തിന്റെയോ വികാസം, ദൈവം എന്ത് ആവശ്യപ്പെടുന്നുവെന്നു പഠിക്കുന്നതിലും ജീവിതത്തിൽ നാമെന്തു പിന്തുടരാൻ തീരുമാനിക്കുന്നു എന്നതിലുമാണ് ആശ്രയിച്ചിരിക്കുന്നത്.
4. സ്ത്രീപുരുഷന്മാരുടെ ധർമത്തെക്കുറിച്ചു ബൈബിൾ എന്തു വെളിപ്പെടുത്തുന്നു?
4 തന്റെ ഭാര്യയുടെയും മക്കളുടെയും ശിരസ്സെന്ന നിലയിൽ നേതൃത്വമെടുക്കുകയെന്നതായിരുന്നു ആദാമിന്റെ ധർമമെന്നു ബൈബിൾ ചരിത്രം വെളിപ്പെടുത്തുന്നു. കൂടാതെ, ഭൂമിയെ നിറച്ച് അതിനെ കീഴടക്കി കീഴ്ത്തരം ഭൗമിക സൃഷ്ടികളുടെയെല്ലാം മേൽ ആധിപത്യം സ്ഥാപിക്കണമെന്ന ദൈവഹിതത്തോടുള്ള യോജിപ്പിൽ അവൻ പ്രവർത്തിക്കേണ്ടിയുമിരുന്നു. (ഉല്പത്തി 1:28) കുടുംബത്തിൽ സ്ത്രീയെന്ന നിലയിലുള്ള ഹവ്വായുടെ ധർമം ആദാമിന് ഒരു “സഹായി”യും “ഒരു പൂരകവും” ആയി അവന്റെ ശിരഃസ്ഥാനത്തിനു കീഴ്പെട്ട്, അവർക്കായുള്ള ദൈവത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിൽ അവനുമായി സഹകരിക്കുക എന്നതായിരുന്നു.—ഉല്പത്തി 2:18, NW; 1 കൊരിന്ത്യർ 11:3.
5. സ്ത്രീപുരുഷന്മാർക്കിടയിലെ ബന്ധത്തിനു ഹാനി സംഭവിച്ചതെങ്ങനെ?
5 എന്നാൽ ആദാം തന്റെ ഉത്തരവാദിത്വം നിറവേറ്റിയില്ല. ഹവ്വാ തന്റെ സ്ത്രീത്വത്തെ പ്രേരണോപാധിയായി ഉപയോഗിച്ച് ആദാമിനെ വശീകരിച്ച് ദൈവത്തെ ധിക്കരിക്കുന്നതിൽ അവനെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. (ഉല്പത്തി 3:6) തെറ്റാണെന്ന് അറിയാമായിരുന്ന സംഗതി ചെയ്യാൻ സ്വയം അനുവദിക്കുകവഴി, ആദാം യഥാർഥ പുരുഷത്വം പ്രകടിപ്പിക്കാൻ പരാജയപ്പെട്ടു. തന്റെ പിതാവും സ്രഷ്ടാവും പറഞ്ഞിരുന്നതു സ്വീകരിക്കുന്നതിനുപകരം, വഞ്ചിതയായ ഇണയുടെ വാക്കു സ്വീകരിക്കാൻ അവൻ ദുർബലനായി തീരുമാനിക്കുകയാണു ചെയ്തത്. (ഉല്പത്തി 2:16, 17) താമസിയാതെ, അനുസരണക്കേടിന്റെ ഭവിഷ്യത്തുകളായി ദൈവം മുൻകൂട്ടിക്കണ്ട സംഗതികൾ ആദ്യ ദമ്പതികൾ അനുഭവിക്കാൻ തുടങ്ങി. ഭാര്യയെ ആദ്യം കാവ്യാത്മക ശൈലിയിൽ ആഹ്ലാദത്തിമിർപ്പോടെ വർണിച്ച ആദാം, ഇപ്പോൾ ഒരു തണുപ്പൻമട്ടിൽ അവളെക്കുറിച്ച് ‘നീ തന്ന സ്ത്രീ’ എന്നു പരാമർശിക്കുന്നു. ഇപ്പോൾ അപൂർണത അവന്റെ പുരുഷത്വത്തിനു കളങ്കമേൽപ്പിച്ച് അതിന്റെ ഗതി തെറ്റിച്ചു. ഫലമോ, ‘ഭാര്യയെ ഭരിക്കുന്ന’ സ്ഥിതിവിശേഷം സംജാതമായി. തിരിച്ച്, ഹവ്വായ്ക്ക് ഭർത്താവിനോട് ഒരു “വാഞ്ഛ”യുണ്ടാകുമായിരുന്നു, സാധ്യതയനുസരിച്ച് അമിതമോ സമനിലയില്ലാത്തതോ ആയ ഒരു വിധത്തിൽ.—ഉല്പത്തി 3:12, 16.
6, 7. (എ) പ്രളയത്തിനുമുമ്പ് പുരുഷത്വത്തിന് എന്തു വൈകല്യം സംഭവിച്ചു? (ബി) പ്രളയപൂർവ സ്ഥിതിവിശേഷത്തിൽനിന്നു നമുക്കെന്തു പഠിക്കാനാകും?
6 പ്രളയപൂർവ കാലഘട്ടത്തിൽ പുരുഷത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും ദുരുപയോഗം അത്യന്തം ദൃശ്യമായി. ദൂതന്മാർ സ്വർഗത്തിലെ ആദിമ സ്ഥാനം വിട്ടെറിഞ്ഞ് മർത്ത്യ ശരീരങ്ങൾ ധരിച്ച് സ്ത്രീകളുമായി ലൈംഗികബന്ധം ആസ്വദിച്ചു. (ഉല്പത്തി 6:1, 2) ആ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽനിന്ന് ആൺകുട്ടികൾമാത്രമേ പിറന്നുള്ളുവെന്ന് ചരിത്രരേഖ സൂചിപ്പിക്കുന്നു. ആ സന്താനങ്ങൾ സങ്കരവർഗമായിരുന്നു, അവയ്ക്കു പുനരുത്പാദനപ്രാപ്തി ഇല്ലായിരുന്നിരിക്കാം. മറ്റുള്ളവരെ വീഴിക്കാൻ ഇടയാക്കിയിരുന്നതുകൊണ്ട് അവർ വീരന്മാർ എന്നോ മല്ലന്മാർ എന്നോ, അല്ലെങ്കിൽ വീഴിക്കുന്നവർ എന്നോ അറിയപ്പെട്ടിരുന്നു. (ഉല്പത്തി 6:4; NW അടിക്കുറിപ്പ്) വ്യക്തമായും, അവർ അക്രമാസക്തരും ആക്രമണകാരികളും യാതൊരു ആർദ്രാനുകമ്പയും പ്രകടിപ്പിക്കാത്തവരും ആയിരുന്നു.
7 ശാരീരിക സൗന്ദര്യമോ ശരീരഘടനയോ ആകാരമോ ശക്തിയോ ഉണ്ടെന്നുവെച്ച് സ്വീകാര്യമായ പുരുഷത്വമോ സ്ത്രീത്വമോ ഉണ്ടാകണമെന്നില്ല എന്നു തീർച്ചയാണ്. ജഡം ധരിച്ചെത്തിയ ദൂതന്മാർ സാധ്യതയനുസരിച്ച് സൗന്ദര്യമുള്ളവരായിരുന്നിരിക്കാം. മല്ലന്മാർ വലുപ്പമുള്ളവരും പേശീബലമുള്ളവരുമായിരുന്നെങ്കിലും മനോഭാവം പിഴച്ചതായിരുന്നു. അനുസരണംകെട്ട ദൂതന്മാരും അവരുടെ സന്താനങ്ങളും ഭൂമിയെ ലൈംഗിക അധാർമികതയും അക്രമവുംകൊണ്ടു നിറച്ചു. അതുകൊണ്ട്, യഹോവ ആ ലോകം അവസാനിപ്പിച്ചു. (ഉല്പത്തി 6:5-7) എന്നിരുന്നാലും, ആ പ്രളയം ഭൂതസ്വാധീനത്തെ നീക്കിക്കളഞ്ഞില്ല, ആദാമിന്റെ പാപഫലങ്ങളെയും നീക്കിയില്ല. പുരുഷത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും അനുചിതമായ ഒരു പ്രതിഫലനം പ്രളയത്തിനുശേഷം പിന്നെയും തലപൊക്കി. ഇതിന്റെ നല്ലതും ചീത്തയുമായ ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. നമുക്ക് അവയിൽനിന്നു പാഠം ഉൾക്കൊള്ളാം.
8. യോസേഫ് ഉചിതമായ പരുഷത്വത്തിന്റെ എന്തു നല്ല മാതൃക വെച്ചു?
8 യോസേഫിന്റെയും പോത്തീഫറിന്റെ ഭാര്യയുടെയും കാര്യത്തിൽ ഉചിതമായ പുരുഷത്വവും ലൗകിക സ്ത്രീത്വവും തമ്മിലുള്ള പ്രകടമായ അന്തരം ദൃശ്യമാണ്. യോസേഫിന്റെ സൗന്ദര്യത്തിൽ ഭ്രാന്തുപിടിച്ച് പോത്തീഫറുടെ ഭാര്യ അവനെ വശീകരിക്കാൻ ശ്രമിച്ചു. ആ സമയത്ത്, പരസംഗമോ വ്യഭിചാരമോ വിലക്കുന്ന ലിഖിത ദിവ്യനിയമം ഇല്ലായിരുന്നു. എന്നിട്ടും, യോസേഫ് ആ അധാർമിക സ്ത്രീയിൽനിന്ന് ഓടിയകന്ന് താനൊരു യഥാർഥ ദൈവഭക്തനാണെന്നു തെളിയിച്ചു, അങ്ങനെ ദൈവാംഗീകാരമുള്ള പുരുഷത്വം പ്രകടമാക്കി.—ഉല്പത്തി 39:7-9, 12.
9, 10. (എ) വസ്ഥിരാജ്ഞി തന്റെ സ്ത്രീത്വം ദുരുപയോഗപ്പെടുത്തിയതെങ്ങനെ? (ബി) എസ്ഥേർ സ്ത്രീത്വത്തിന്റെ ഏതു നല്ല മാതൃക വെച്ചു?
9 എസ്ഥേറും വസ്ഥിരാജ്ഞിയും സ്ത്രീകൾക്ക് ശ്രദ്ധേയമായ വിപരീതമാതൃകകൾ പ്രദാനം ചെയ്തു. താൻ അതിസുന്ദരിയായതിനാൽ തന്റെ ഇഷ്ടം അഹശ്വേരോശ് രാജാവ് എല്ലായ്പോഴും സാധിച്ചുതരുമെന്നു വസ്ഥി വിചാരിച്ചുവെന്നു വ്യക്തം. എന്നാൽ തൊലിപ്പുറമേയുള്ള സൗന്ദര്യമേ അവൾക്കുണ്ടായിരുന്നുള്ളൂ. വിനയവും സ്ത്രീത്വവുമില്ലായിരുന്നു, കാരണം അവൾ തന്റെ ഭർത്താവും രാജാവുമായവനു കീഴ്പെടൽ പ്രകടമാക്കാൻ പരാജയപ്പെട്ടു. രാജാവ് അവളെ ഉപേക്ഷിച്ച് ശരിക്കും സ്ത്രീത്വമുള്ള, വാസ്തവത്തിൽ യഹോവയെ ഭയപ്പെടുന്ന ഒരുവളെ രാജ്ഞിയായി തിരഞ്ഞെടുത്തു.—എസ്ഥേർ 1:10-12; 2:15-17.
10 എസ്ഥേർ ക്രിസ്തീയ സ്ത്രീകൾക്ക് ഒരു ഉത്കൃഷ്ട മാതൃകയാണ്. അവൾ “രൂപവതിയും സുമുഖിയും” ആയിരുന്നു. അതേസമയം അവൾ “സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢ”വ്യക്തിത്വമെന്ന അലങ്കാരം പ്രകടമാക്കി. (എസ്ഥേർ 2:7; 1 പത്രൊസ് 3:4) അവൾ പ്രകടനപരമായ അലങ്കാരത്തിന് ഒന്നാം സ്ഥാനം കൊടുത്തില്ല. തന്റെ ആളുകൾ അപകടത്തിലായിരുന്നപ്പോൾപ്പോലും, ഭർത്താവായ അഹശ്വേരോശിനു കീഴ്പെട്ടിരുന്നുകൊണ്ട് അവൾ നയവും ആത്മസംയമനവും പ്രകടമാക്കി. അവൾ വേണ്ട സമയത്ത് ബുദ്ധിപൂർവം നിശബ്ദത പാലിച്ചു, എന്നാൽ ആവശ്യമായിരുന്നപ്പോൾ, ഉചിതമായ സമയത്ത് നിർഭയം സംസാരിച്ചു. (എസ്ഥേർ 2:10; 7:3-6) അവൾ പക്വമതിയായ തന്റെ മച്ചുനൻ മൊർദ്ദെഖായിയിൽനിന്നു ബുദ്ധ്യുപദേശം സ്വീകരിച്ചു. (എസ്ഥേർ 4:12-16) തന്റെ ആളുകളോട് അവൾ സ്നേഹവും വിശ്വസ്തതയും പ്രകടമാക്കി.
ബാഹ്യപ്രകൃതം
11. ബാഹ്യപ്രകൃതം സംബന്ധിച്ചു നാമെന്തു മനസ്സിൽപ്പിടിക്കണം?
11 ഉചിതമായ സ്ത്രീത്വത്തിനുള്ള താക്കോൽ എന്ത്? ഒരു മാതാവ് പ്രസ്താവിച്ചു: “ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.” (സദൃശവാക്യങ്ങൾ 31:30) ശാരീരിക സൗന്ദര്യത്തെക്കാൾ സ്ത്രീത്വത്തിനു വളരെയേറെ മാറ്റുകൂട്ടുന്നത് ദൈവത്തോടുള്ള ഭക്ത്യാദരവോടുകൂടിയ ഭയം, സ്നേഹദയ, പ്രസന്നത, വിനയം, സൗമ്യമായ സംസാരം എന്നിവയാണ്.—സദൃശവാക്യങ്ങൾ 31:26.
12, 13. (എ) സങ്കടകരമായി, അനേകരുടെയും സംസാരത്തിന്റെ പ്രത്യേകതയെന്ത്? (ബി) സദൃശവാക്യങ്ങൾ 11:22-ന്റെ അർഥമെന്ത്?
12 സങ്കടകരമെന്നുപറയട്ടെ, അനേകം സ്ത്രീപുരുഷന്മാരും ജ്ഞാനത്തോടെയല്ല സംസാരിക്കുന്നത്, അവരുടെ നാവിൽ സ്നേഹദയയുമില്ല. അവരുടെ സംസാരം ദുഷിച്ചതും പരിഹാസനിർഭരവും അസഭ്യവും അനുകമ്പാരഹിതവുമാണ്. ചില പുരുഷന്മാർ അസഭ്യഭാഷ പുരുഷത്വത്തിന്റെ ലക്ഷണമായി കരുതുന്നു, ചില സ്ത്രീകളാണെങ്കിലോ, അവരെ മൗഢ്യമായി അനുകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരു സ്ത്രീ സുന്ദരിയെങ്കിലും വിവേകമില്ലാത്തവളോ വാഗ്വാദപ്രിയയോ പരിഹാസിയോ ധാർഷ്ട്യക്കാരിയോ ആണെങ്കിൽ, അവൾക്ക് ഏറ്റവും കൃത്യമായ അർഥത്തിൽ യഥാർഥ സുന്ദരി, ശരിക്കും സ്ത്രീത്വമുള്ളവൾ ആയിരിക്കാനാകുമോ? “വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.”—സദൃശവാക്യങ്ങൾ 11:22.
13 സുന്ദരിയെങ്കിലും അസഭ്യ സംസാരമോ പരിഹാസമോ വിവേകമില്ലായ്മയോ ഉണ്ടെങ്കിൽ അവൾ പ്രകടമാക്കുന്ന ഏതൊരു സ്ത്രീത്വപ്രകൃതവും നിരർഥകമായിരിക്കും. വാസ്തവത്തിൽ, അത്തരം ഭക്തികെട്ട നടത്ത ശരീരസൗന്ദര്യമുള്ള വ്യക്തിയെ വൈരൂപ്യമുള്ളയാളാക്കുകപോലും ചെയ്യും. ഒരു പുരുഷന്റെയോ സ്ത്രീയുടെയോ ശാരീരികപ്രകൃതം കോപാവേശപ്രകടനത്തെയോ അലർച്ചയെയോ ദുഷിച്ച സംസാരത്തെയോ നിസ്സാരമാക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്നു നമുക്ക് എളുപ്പം മനസ്സിലാക്കാവുന്നതാണ്. തങ്ങളുടെ ബൈബിളധിഷ്ഠിത സംസാരത്തിലൂടെയും നടത്തയിലൂടെയും എല്ലാ ക്രിസ്ത്യാനികൾക്കും തങ്ങളെത്തന്നെ ദൈവത്തിനും സഹമനുഷ്യർക്കും ആകർഷകമാക്കാൻ കഴിയും അല്ലെങ്കിൽ കഴിയണം.—എഫെസ്യർ 4:31.
14. 1 പത്രൊസ് 3:3-5-ൽ ഏതുതരം അലങ്കാരത്തെ പ്രശംസിച്ചിരിക്കുന്നു, അതിനെക്കുറിച്ചു നിങ്ങൾക്കെന്തു തോന്നുന്നു?
14 യഥാർഥ സ്ത്രീത്വവും പുരുഷത്വവും അധിഷ്ഠിതമായിരിക്കുന്നത് ആത്മീയ ഗുണങ്ങളിലാണെങ്കിലും, നമ്മുടെ വസ്ത്രവും വസ്ത്രധാരണരീതിയും ഉൾപ്പെടെ ആകാരവും പ്രത്യക്ഷതയും നമ്മെക്കുറിച്ചു വെളിപ്പെടുത്തുന്നു. പത്രൊസ് അപ്പോസ്തലൻ പിൻവരുന്നപ്രകാരം ക്രിസ്തീയ സ്ത്രീകളെ ബുദ്ധ്യുപദേശിച്ചപ്പോൾ, ഒന്നാം നൂറ്റാണ്ടിലെ ചില വസ്ത്ര-ചമയ രീതികൾ നിസ്സംശയമായും അവന്റെ മനസ്സിലുണ്ടായിരുന്നു: “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധ സ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു.”—1 പത്രൊസ് 3:3-5.
15. ക്രിസ്തീയ സ്ത്രീ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ എന്തു പ്രകടിപ്പിക്കാൻ ശ്രമിക്കണം?
15 1 തിമൊഥെയൊസ് 2:9, 10-ൽ പൗലൊസ് സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ചു പരാമർശിക്കുന്നതു നാം കാണുന്നു: “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും [“വിനയത്തോടും,” NW] സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. . . . ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.” അവിടെ അവൻ വിനയത്തിനും സുബോധ മനസ്സിനെ പ്രതിഫലിപ്പിക്കുന്ന ശരിയായ രീതിയിലുള്ള വസ്ത്രധാരണത്തിനും ഊന്നൽ നൽകി.
16, 17. (എ) ഇന്ന് അനേകം സ്ത്രീപുരുഷന്മാരും വസ്ത്രധാരണത്തെ ദുരുപയോഗപ്പെടുത്തിയിരിക്കുന്നതെങ്ങനെ? (ബി) ആവർത്തനപുസ്തകം 22:5-ൽ കാണപ്പെടുന്ന ഉപദേശത്തിൽനിന്നു നാമെന്തു നിഗമനം ചെയ്യണം?
16 ഒരു പുരുഷന്റെയോ സ്ത്രീയുടെയോ ആൺകുട്ടിയുടെയോ പെൺകുട്ടിയുടെയോ പെരുമാറ്റമോ വസ്ത്രധാരണരീതിയോ ലൈംഗികോത്തേജനപരമാണെങ്കിൽ, അതു യഥാർഥ പുരുഷത്വത്തിനോ സ്ത്രീത്വത്തിനോ മാറ്റു കൂട്ടുന്നില്ല, തീർച്ചയായും ദൈവത്തിനു മഹത്ത്വം കരേറ്റുകയുമില്ല. ലോകത്തിലെ അനേകമാളുകളും വസ്ത്രധാരണത്തിലും നടത്തയിലും പുരുഷസഹജമോ സ്ത്രീസഹജമോ ആയ ലൈംഗികത പരമാവധി പ്രദർശിപ്പിക്കുന്നു. മറ്റുള്ളവർ അധാർമിക ലക്ഷ്യങ്ങളുമായി ആണോ പെണ്ണോ എന്നു തിരിച്ചറിയാനാകാത്ത മട്ടിൽ നടക്കുന്നു. ബൈബിൾ ദൈവത്തിന്റെ ചിന്ത വെളിപ്പെടുത്തുന്നതിൽ ക്രിസ്ത്യാനികളായ നാം എത്ര നന്ദിയുള്ളവരായിരിക്കണം! യഹോവ പുരാതന യിസ്രായേലിനോടു പ്രഖ്യാപിച്ചു: “പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.”—ആവർത്തനപുസ്തകം 22:5.
17 ഇക്കാര്യത്തിൽ, 1989 നവംബർ 1 വീക്ഷാഗോപുരം പുനരവലോകനം ചെയ്യുന്നത് നിങ്ങൾ ആസ്വദിക്കാനിടയുണ്ട്. അതിന്റെ 17-ാം പേജിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഒരു പ്രത്യേക സ്റ്റൈൽ അങ്ങേയറ്റം ഫാഷനാണോയെന്നതല്ല പ്രശ്നം, എന്നാൽ അതു ദൈവത്തിന്റെ ഒരു ശുശ്രൂഷകനെന്ന് അവകാശപ്പെടുന്ന ഒരാൾക്ക് ഉചിതമാണോയെന്നതാണ്. (റോമർ 12:2; 2 കൊരിന്ത്യർ 6:3) അമിതമായി അശ്രദ്ധവും ഇറുകിയതുമായ വസ്ത്രങ്ങൾക്കു നമ്മുടെ സന്ദേശത്തിൽനിന്നു ശ്രദ്ധതിരിക്കാൻ കഴിയും. ഹീനമായും മനഃപൂർവമായും പുരുഷന്മാരെ സ്ത്രീകളാക്കുന്നതോ സ്ത്രീകളെ പുരുഷന്മാരാക്കുന്നതോ ആയ സ്റ്റൈലുകൾ തീർച്ചയായും ക്രമത്തിലല്ല. (ആവർത്തനപുസ്തകം 22:5 താരതമ്യം ചെയ്യുക.) തീർച്ചയായും, കാലാവസ്ഥയോ തൊഴിലിന്റെ ആവശ്യമോ അനുസരിച്ച് സ്ഥലപരമായ ആചാരങ്ങൾക്കു വ്യത്യാസമുണ്ടായിരിക്കാം. തന്നിമിത്തം ലോകവ്യാപക സഹോദരവർഗത്തിനുവേണ്ടിയെല്ലാമായി ക്രിസ്തീയസഭ ഖണ്ഡിതമായ ചട്ടങ്ങൾ വെക്കുന്നില്ല.”
18. വസ്ത്രം, ചമയം എന്നിവയെക്കുറിച്ചുള്ള ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിനു നാമെന്തു നടപടികൾ സ്വീകരിച്ചേക്കാം?
18 എത്ര സമനിലയുള്ളതും ഉചിതവുമായ ബുദ്ധ്യുപദേശം! സങ്കടകരമെന്നുപറയട്ടെ, ചില ക്രിസ്ത്യാനികൾ—പുരുഷന്മാരും സ്ത്രീകളും—വസ്ത്രത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ ലോകം പ്രോത്സാഹിപ്പിക്കുന്നതിനെ അന്ധമായി പിൻപറ്റുന്നു. അത് യഹോവയെയും ക്രിസ്തീയ സഭയെയും എങ്ങനെ ബാധിക്കുമെന്ന് അവരൊട്ടു ചിന്തിക്കുന്നുമില്ല. ലോകത്തിന്റെ ചിന്തയാൽ നാം സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ നാമോരോരുത്തരും ആത്മപരിശോധന നടത്തേണ്ടതാണ്. അല്ലെങ്കിൽ ആദരണീയ, അനുഭവസമ്പത്തുള്ള ഒരു സഹോദരനെയോ സഹോദരിയെയോ സമീപിച്ച് വസ്ത്രധാരണരീതിയിൽ നാം എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോയെന്ന് അഭിപ്രായമാരായണം, എന്നിട്ട് അവരുടെ നിർദേശങ്ങൾ ഗൗരവമായി പരിശോധിക്കുകയും വേണം.
ക്രിസ്തീയ സ്ത്രീപുരുഷന്മാർ—യഥാർഥ പുരുഷന്മാരും സ്ത്രീകളും
19. അനഭികാമ്യമായ എന്തു സ്വാധീനത്തിനെതിരെ നാം പോരാടണം?
19 ഈ ലോകത്തിന്റെ ദൈവം സാത്താനാണ്. ലൈംഗികതയും വസ്ത്രധാരണമുൾപ്പെടെയുള്ള മറ്റു സംഗതികളും സംബന്ധിച്ച ആശയക്കുഴപ്പം അവന്റെ സ്വാധീനഫലമാണ്. (2 കൊരിന്ത്യർ 4:4) ചില നാടുകളിൽ അനേകം സ്ത്രീകളും, ബൈബിൾ തത്ത്വങ്ങളെ അവഗണിച്ചുകൊണ്ട്, ശിരഃസ്ഥാനത്തെപ്രതി പുരുഷന്മാരോടു മത്സരിക്കുന്നു. അതേസമയം, നല്ലൊരു കൂട്ടം പുരുഷന്മാർ ആദാം ചെയ്തതുപോലെ, തങ്ങളുടെ ശിരഃസ്ഥാന ഉത്തരവാദിത്വങ്ങൾ കേവലം ത്യജിക്കുന്നു. ലൈംഗിക ജീവിതത്തിലെ സ്വാഭാവിക രീതികൾ വിട്ട് അസ്വാഭാവിക രീതികൾ അവലംബിക്കുന്നവരുമുണ്ട്. (റോമർ 1:26, 27) ഏതെങ്കിലും ഒരു ബദൽ ജീവിതശൈലിയെ ദൈവം അംഗീകരിക്കുന്നതായി ബൈബിൾ പറയുന്നില്ല. ക്രിസ്ത്യാനികളായിത്തീരുന്നതിനുമുമ്പ് തങ്ങളുടെ താദാത്മ്യം അല്ലെങ്കിൽ ലൈംഗിക അഭിരുചികൾ സംബന്ധിച്ച് ആശയക്കുഴപ്പത്തിലായിരുന്നവർക്ക്, ദൈവത്തിന്റെ മാനദണ്ഡമനുസരിച്ചു ജീവിക്കുന്നതു തങ്ങളുടെ നിത്യനന്മയ്ക്കായിരിക്കുമെന്നു വിശ്വസിക്കാവുന്നതാണ്. മാനുഷിക പൂർണതയിൽ എത്തിച്ചേരുന്ന സകലരും ആ മാനദണ്ഡത്തെ തീർച്ചയായും വിലമതിക്കും.
20. ഗലാത്യർ 5:22, 23-നു പുരുഷത്വവും സ്ത്രീത്വവും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിന്മേൽ എന്തു സ്വാധീനമുണ്ടാകണം?
20 സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നീ ദൈവാത്മാവിന്റെ ഫലങ്ങൾ ക്രിസ്തീയ സ്ത്രീപുരുഷന്മാർ പ്രകടമാക്കണമെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (ഗലാത്യർ 5:22, 23) ഈ ഗുണങ്ങൾ നട്ടുവളർത്തി പുരുഷന്മാർ തങ്ങളുടെ പുരുഷത്വവും സ്ത്രീകൾ തങ്ങളുടെ സ്ത്രീത്വവും വർധിപ്പിക്കുന്നതിനു ദൈവം അവരെ തന്റെ മഹാജ്ഞാനത്തിൽ പ്രാപ്തരാക്കി. ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്ന ഒരു പുരുഷനെ ആദരിക്കാനും അങ്ങനെ ചെയ്യുന്ന ഒരു സ്ത്രീയെ സ്നേഹിക്കാനും എളുപ്പമാണ്.
21, 22. (എ) ജീവിതരീതികൾ സംബന്ധിച്ച് യേശു എന്തു മാതൃക വെച്ചു? (ബി) യേശു തന്റെ പുരുഷത്വം പ്രകടമാക്കിയതെങ്ങനെ?
21 ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായ യേശുക്രിസ്തുവിന്റെ ജീവിതരീതിയാണ് ക്രിസ്ത്യാനികൾ അനുകരിക്കേണ്ടത്. (1 പത്രൊസ് 2:21-23) യേശു ചെയ്തതുപോലെ, സ്ത്രീപുരുഷന്മാർ ദൈവത്തോടു വിശ്വസ്തരാണെന്നും അവന്റെ വചനത്തോട് അനുസരണമുള്ളവരാണെന്നും തെളിയിക്കണം. സ്നേഹം, ആർദ്രത, കരുണ എന്നീ അത്ഭുതകരമായ ഗുണങ്ങൾ യേശു പ്രകടമാക്കി. സത്യക്രിസ്ത്യാനികളെന്ന നിലയിൽ, അവന്റെ ശിഷ്യന്മാരാണെന്നു തെളിയിക്കുന്നതിന് നാമവനെ അനുകരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു.—യോഹന്നാൻ 13:35.
22 യേശുക്രിസ്തു ഒരു യഥാർഥ പുരുഷനായിരുന്നു. ബൈബിളിൽ വിവരിച്ചിരിക്കുന്ന അവന്റെ ജീവചരിത്രം പഠിക്കുമ്പോൾ അവന്റെ പുരുഷത്വ ഗുണങ്ങൾ നമുക്കു കാണാനാകും. വിവാഹിതനല്ലായിരുന്നെങ്കിലും, സ്ത്രീകളുമായി സമനിലയുള്ള സഹവാസം അവൻ ആസ്വദിച്ചിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. (ലൂക്കൊസ് 10:38, 39) സ്ത്രീപുരുഷന്മാരോടുള്ള അവന്റെ ബന്ധങ്ങൾ എല്ലായ്പോഴും നിർമലവും ആദരണീയവുമായിരുന്നു. പുരുഷത്വത്തിന്റെ പൂർണതയുള്ള മാതൃകയാണവൻ. തന്റെ ദൈവികപുരുഷത്വത്തെയും യഹോവയോടുള്ള വിശ്വസ്തതയെയും കവർന്നെടുക്കാൻ അവൻ ആരെയും—ഏതെങ്കിലും പുരുഷനെയോ സ്ത്രീയെയോ അനുസരണംകെട്ട ദൂതനെയോ—അനുവദിച്ചില്ല. തന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അവൻ മടിച്ചില്ല, തന്നെയുമല്ല അവനതു പരാതികൂടാതെ നിവർത്തിക്കുകയും ചെയ്തു.—മത്തായി 26:39.
23. സ്ത്രീപുരുഷ ധർമത്തിന്റെ കാര്യത്തിൽ, സത്യക്രിസ്ത്യാനികൾ വ്യതിരിക്തമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
23 യഹോവയുടെ ജനത്തോടൊപ്പം ആയിരിക്കുന്നതും യഹോവയാം ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതു ജീവിതലക്ഷ്യമാക്കിയിരിക്കുന്ന സ്ത്രീപുരുഷന്മാരോടും ആൺകുട്ടികളോടും പെൺകുട്ടികളോടുമൊത്തു സഹവസിക്കുന്നതും എത്ര രസകരമാണ്! ദൈവവചനം അനുസരിക്കുന്നതു നിമിത്തം നാം കൂച്ചുവിലങ്ങിടപ്പെട്ട ഒരു അവസ്ഥയിലാകുന്നില്ല. മറിച്ച്, സൗന്ദര്യത്തെയും ഉദ്ദേശ്യത്തെയും വ്യതിരിക്ത സ്ത്രീപുരുഷ ധർമങ്ങളെയും താഴ്ത്തിക്കെട്ടുന്ന ഈ ലോകത്തിൽനിന്നും അതിന്റെ വഴികളിൽനിന്നും നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. ആണായാലും പെണ്ണായാലും, നമുക്ക് ഈ ജീവിതത്തിലെ ദൈവദത്ത സ്ഥാനം നിവർത്തിക്കുന്നതിൽനിന്നു ലഭിക്കുന്ന യഥാർഥ സന്തുഷ്ടി അനുഭവിക്കാവുന്നതാണ്. അതേ, നമുക്കായി യഹോവ ചെയ്തിരിക്കുന്ന സ്നേഹപുരസ്സരമായ എല്ലാ കരുതലുകൾക്കും ആണും പെണ്ണുമായി നമ്മെ സൃഷ്ടിച്ചിരിക്കുന്നതിനും സ്രഷ്ടാവായ യഹോവയാം ദൈവത്തോടു നാമെത്ര കൃതജ്ഞതയുള്ളവരാണ്!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ബൈബിൾ സ്ത്രീപുരുഷന്മാർക്കായി വിവരിക്കുന്ന ഉചിതമായ ധർമങ്ങളെന്തെല്ലാം?
□ പ്രളയത്തിനുമുമ്പ് പുരുഷത്വത്തിനു വൈകല്യം സംഭവിച്ചതെങ്ങനെ, നമ്മുടെ നാളിൽ പുരുഷത്വത്തോടും സ്ത്രീത്വത്തോടുമുള്ള വീക്ഷണം തലതിരിഞ്ഞതായിരിക്കുന്നതെങ്ങനെ?
□ ബാഹ്യപ്രകൃതത്തെക്കുറിച്ചു ബൈബിളിനുള്ള ഏത് ഉപദേശം പ്രാവർത്തികമാക്കാൻ നിങ്ങൾ ശ്രമിക്കും?
□ ക്രിസ്തീയ സ്ത്രീപുരുഷന്മാർക്ക് തങ്ങൾ യഥാർഥ സ്ത്രീപുരുഷന്മാരാണെന്ന് എങ്ങനെ തെളിയിക്കാൻ സാധിക്കും?
[17-ാം പേജിലെ ചിത്രം]
സുന്ദരിയായിരുന്നെങ്കിലും, എസ്ഥേർ വിശേഷിച്ചും അവളുടെ വിനയവും ശാന്തതയും സൗമ്യതയുമുള്ള മനോഭാവവും നിമിത്തമാണ് അനുസ്മരിക്കപ്പെടുന്നത്
[18-ാം പേജിലെ ചിത്രം]
ആന്തരിക സൗന്ദര്യത്തിനു കൂടുതൽ പ്രാധാന്യവും ചമയത്തിനു ന്യായമായ ശ്രദ്ധയും കൊടുക്കുക