നിങ്ങൾ ദൈവത്തിന്റെ സുഹൃത്താണോ? നിങ്ങളുടെ പ്രാർഥനകൾ വെളിപ്പെടുത്തുന്നത്
രണ്ടാളുകൾ സംസാരിക്കുന്നത് അവരറിയാതെ നിങ്ങൾ എന്നെങ്കിലും അബദ്ധവശാൽ കേട്ടിട്ടുണ്ടോ? അവർ അടുത്തറിയാവുന്നവരാണോ അതോ അപരിചിതരാണോ, കേവലം പരിചയമുള്ളവരാണോ അതോ അടുപ്പമുള്ള, വിശ്വാസമുള്ള സുഹൃത്തുക്കളാണോ എന്നിങ്ങനെ, അവരുടെ ബന്ധത്തിന്റെ സ്വഭാവം നിശ്ചയിക്കാൻ നിങ്ങൾക്ക് അധികം സമയം വേണ്ടിവന്നില്ലെന്നുള്ളതിൽ സംശയമില്ല. സമാനമായൊരു വിധത്തിൽ, നമ്മുടെ പ്രാർഥനകൾക്ക് ദൈവവുമായുള്ള നമ്മുടെ ബന്ധം വെളിപ്പെടുത്താനാകും.
ദൈവം “നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്ന് ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. (പ്രവൃത്തികൾ 17:27) തീർച്ചയായും, തന്നെ മനസ്സിലാക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. നമുക്ക് അവന്റെ സുഹൃത്തുക്കൾപോലും ആയിരിക്കാൻ കഴിയും. (സങ്കീർത്തനം 34:8; യാക്കോബ് 2:23) നമുക്ക് അവനുമായി യഥാർഥ അടുപ്പം ആസ്വദിക്കാനാകും! (സങ്കീർത്തനം 25:14) തീർച്ചയായും, അപൂർണ മനുഷ്യരായ നമുക്ക് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും അമൂല്യമായ സംഗതിയാണ് ദൈവവുമായുള്ള നമ്മുടെ ബന്ധം. യഹോവ നമ്മുടെ സൗഹൃദത്തെ അതിയായി വിലമതിക്കുന്നു. അതു വ്യക്തമാണ്, കാരണം അവനോടുള്ള നമ്മുടെ സൗഹൃദം, നമുക്കുവേണ്ടി തന്റെ ജീവൻ നൽകിയ, അവന്റെ ഏകജാത പുത്രനിലുള്ള നമ്മുടെ വിശ്വാസത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.—കൊലൊസ്സ്യർ 1:19, 20.
അതുകൊണ്ട് നമ്മുടെ പ്രാർഥനകൾ യഹോവയോടുള്ള ആഴമായ സ്നേഹവും വിലമതിപ്പും പ്രതിഫലിപ്പിക്കണം. എന്നാൽ നിങ്ങളുടെ പ്രാർഥനകൾ ആദരവോടുകൂടിയവ ആയിരിക്കുമ്പോൾത്തന്നെ, അവയ്ക്കു ഹൃദയംഗമമായ വികാരം ഏറെക്കുറെ നഷ്ടപ്പെടുന്നതായി എന്നെങ്കിലും തോന്നിയിട്ടുണ്ടോ? ഇത് അസാധാരണമല്ല. ഇതു മെച്ചപ്പെടുത്താനുള്ള മാർഗമെന്താണ്? യഹോവയാം ദൈവവുമായുള്ള നിങ്ങളുടെ ബന്ധം വളർത്തിക്കൊണ്ടുവരൽ.
പ്രാർഥനയ്ക്കു സമയം കണ്ടെത്തൽ
ഒന്നാമതായി, ഒരു സൗഹൃദം വളർത്തിയെടുക്കാൻ സമയമാവശ്യമാണ്. അയൽക്കാർ, സഹജോലിക്കാർ, ബസ് ഡ്രൈവർമാർ, കച്ചവടക്കാർ തുടങ്ങി അനേകരെ നിങ്ങൾ അനുദിനം വന്ദനം ചെയ്യുകയോ അവരോടു സംസാരിക്കുകയോ ചെയ്യുന്നു. അവർ യഥാർഥത്തിൽ നിങ്ങളുടെ സുഹൃത്തുക്കളാണെന്ന് അതിനർഥമില്ല. നിങ്ങൾ ആരോടെങ്കിലും ദീർഘനേരം സംസാരിക്കുമ്പോൾ, ഉപരിപ്ലവമായ സല്ലാപത്തിൽനിന്ന് ആന്തരിക വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കുന്നതിലേക്കു നീങ്ങുമ്പോൾ, സൗഹൃദം വളരുന്നു.
സമാനമായ ഒരു വിധത്തിൽ, യഹോവയോട് അടുത്തുചെല്ലാൻ പ്രാർഥന നമ്മെ സഹായിക്കുന്നു. എന്നാൽ അതിന് വേണ്ടത്ര സമയം ചെലവഴിക്കണം; ഭക്ഷണ വേളകളിലെ പെട്ടെന്നുള്ളൊരു നന്ദിപറയലിലും അധികം ആവശ്യമാണ്. യഹോവയോട് നിങ്ങൾ എത്രയധികം സംസാരിക്കുന്നുവോ, സ്വന്തം വികാരങ്ങളും പ്രചോദനങ്ങളും പ്രവർത്തനങ്ങളും മനസ്സിലാക്കാൻ നിങ്ങൾ അത്രയധികം പ്രാപ്തനായിരിക്കും. ദൈവാത്മാവ് ദൈവവചനത്തിൽനിന്നുള്ള തത്ത്വങ്ങൾ ഓർമയിൽകൊണ്ടുവരുമ്പോൾ ബുദ്ധിമുട്ടേറിയ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ സ്വയം വെളിച്ചത്തുവരാൻ തുടങ്ങുന്നു. (സങ്കീർത്തനം 143:10; യോഹന്നാൻ 14:26) അതിനുപുറമേ, പ്രാർഥിക്കുമ്പോൾ യഹോവ നിങ്ങൾക്കു കൂടുതൽ യാഥാർഥ്യമായിത്തീരുകയും അവനു നിങ്ങളിലുള്ള സ്നേഹപൂർവകമായ താത്പര്യവും കരുതലും സംബന്ധിച്ച് നിങ്ങൾ കൂടുതൽ ബോധവാൻമാരാകുകയും ചെയ്യും.
നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുമ്പോൾ ഇതു വിശേഷിച്ചും അങ്ങനെയായിരിക്കും. എന്തിന്, “നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ” യഹോവയ്ക്കു കഴിയും! (എഫെസ്യർ 3:20) യഹോവ നിങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നല്ല ഇതിന്റെ അർഥം. എന്നാൽ, തന്റെ ലിഖിത വചനത്തിലൂടെയോ വിശ്വസ്ത അടിമ വർഗത്തിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയോ സ്നേഹനിധികളായ സഹോദരീസഹോദരൻമാരുടെ വാക്കുകളിലൂടെയോ അവൻ നിങ്ങൾക്ക് ആവശ്യമായ ഉപദേശമോ മാർഗനിർദേശമോ പ്രദാനം ചെയ്തേക്കാം. അല്ലെങ്കിൽ ഒരു പ്രലോഭനം സഹിക്കുന്നതിനോ ചെറുത്തുനിൽക്കുന്നതിനോ ആവശ്യമായ ശക്തി അവൻ നിങ്ങൾക്കു നൽകിയേക്കാം. (മത്തായി 24:45; 2 തിമൊഥെയൊസ് 4:17) അത്തരം അനുഭവങ്ങൾ നമ്മുടെ സ്വർഗീയ സുഹൃത്തിനോടുള്ള വിലമതിപ്പുകൊണ്ട് നമ്മുടെ ഹൃദയം നിറയ്ക്കും!
അതുകൊണ്ട് പ്രാർഥനയ്ക്കായി ഒരുവൻ സമയമുണ്ടാക്കണം. അതേ, ഈ സമ്മർദപൂരിത നാളുകളിൽ സമയം ഒന്നിനും മതിയാകുന്നില്ല. എന്നാൽ നിങ്ങൾ ശരിക്കും കരുതുന്ന ഒരു വ്യക്തിയോടൊപ്പം ചെലവഴിക്കാൻ സാധാരണമായി സമയം കണ്ടെത്തുന്നു. തന്നെക്കുറിച്ചുതന്നെ സങ്കീർത്തനക്കാരൻ പ്രസ്താവിച്ച വിധം ശ്രദ്ധിക്കുക: “മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.” (സങ്കീർത്തനം 42:1, 2) ദൈവത്തോടു സംസാരിക്കാൻ നിങ്ങൾക്ക് സമാനമായൊരു വാഞ്ഛയുണ്ടോ? ഉണ്ടെങ്കിൽ അപ്രകാരം ചെയ്യാൻ സമയം വിലയ്ക്കു വാങ്ങുക!—എഫെസ്യർ 5:16 താരതമ്യം ചെയ്യുക.
ദൃഷ്ടാന്തത്തിന്, പ്രാർഥനയ്ക്കായി കുറെ സ്വകാര്യ സമയം ലഭിക്കേണ്ടതിന് അതിരാവിലെ എഴുന്നേൽക്കാൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്. (സങ്കീർത്തനം 119:147) ചില രാത്രികളിൽ നിങ്ങൾക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ടോ? എങ്കിൽ, സങ്കീർത്തനക്കാരനെപ്പോലെ, അത്തരം വ്യാകുല സമയങ്ങളെ നിങ്ങളുടെ ആകുലതകൾ ദൈവത്തെ അറിയിക്കാനുള്ള ഒരു അവസരമായി നിങ്ങൾക്കു വീക്ഷിക്കാവുന്നതാണ്. (സങ്കീർത്തനം 63:6) അല്ലെങ്കിൽ, ഓരോ ദിവസവും ഹ്രസ്വമായ അനേകം പ്രാർഥനകൾ നടത്താവുന്നതാണ്. സങ്കീർത്തനക്കാരൻ ദൈവത്തോടു പറഞ്ഞു: “ദിവസം മുഴുവനും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചുകൊണ്ടിരിക്കുന്നു.”—സങ്കീർത്തനം 86:3, NW.
നമ്മുടെ പ്രാർഥനകളുടെ ഗുണം മെച്ചപ്പെടുത്തൽ
പ്രാർഥനകളുടെ ദൈർഘ്യം വർധിപ്പിക്കുന്നതും സഹായകമാണെന്ന് ചിലപ്പോൾ കണ്ടെത്തിയേക്കാം. ഹ്രസ്വമായ പ്രാർഥനയുടെ സമയത്ത് ഉപരിപ്ലവമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ നിങ്ങൾ ചായ്വുകാട്ടിയേക്കാം. എന്നാൽ ദീർഘവും ആഴമേറിയതുമായ പ്രാർഥനകൾ നടത്തുമ്പോൾ നിങ്ങളുടെ ചിന്തകളും ആഴമായ വികാരങ്ങളും നിങ്ങൾ കൂടുതൽ എളുപ്പം പ്രകടിപ്പിക്കുന്നു. ചുരുങ്ങിയത് ഒരു തവണയെങ്കിലും യേശു മുഴുരാത്രിയും പ്രാർഥനയിൽ ചെലവഴിച്ചു. (ലൂക്കൊസ് 6:12) തിരക്കുപിടിച്ചു പ്രാർഥിക്കാതിരിക്കുന്നെങ്കിൽ, നിങ്ങളുടെ സ്വന്തം പ്രാർഥനകൾ കൂടുതൽ ഉറ്റതും അർഥവത്തുമായിത്തീരുന്നുവെന്നു നിങ്ങൾ കണ്ടെത്തുമെന്നതിൽ സംശയമില്ല.
നിങ്ങൾക്കു പറയാൻ അധികമൊന്നും ഇല്ലാത്തപ്പോൾ കാടുകയറി സംസാരിക്കണമെന്നോ അർഥശൂന്യമായ ആവർത്തനം അവലംബിക്കണമെന്നോ അല്ല ഇതിന്റെ അർഥം. യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുമ്മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.”—മത്തായി 6:7, 8.
ഏതു കാര്യങ്ങൾ സംസാരിക്കണമെന്നു നിങ്ങൾ നേരത്തേ ചിന്തിക്കുമ്പോൾ, പ്രാർഥന കൂടുതൽ അർഥവത്തായിത്തീരുന്നു. സാധ്യതകൾ അനന്തമാണ്—ശുശ്രൂഷയിലെ നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ ബലഹീനതകളും പരാജയങ്ങളും, നിരാശകൾ, സാമ്പത്തിക ആകുലതകൾ, ജോലിസ്ഥലത്തെയോ സ്കൂളിലെയോ സമ്മർദങ്ങൾ, നമ്മുടെ കുടുംബത്തിന്റെ ക്ഷേമം, പ്രാദേശിക സഭയുടെ ആത്മീയ അവസ്ഥ എന്നിവ പേരെടുത്തുപറയാവുന്ന ചുരുക്കം ചിലവ മാത്രമാണ്.
നിങ്ങൾ പ്രാർഥിക്കുമ്പോൾ മനസ്സു ചിലപ്പോൾ വെറുതെ ചുറ്റിത്തിരിയാറുണ്ടോ? എങ്കിൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ ശ്രമം ചെലുത്തുക. ‘നമ്മുടെ അപേക്ഷകൾ ശ്രദ്ധിക്കാൻ’ യഹോവ മനസ്സൊരുക്കമുള്ളവനാണല്ലോ. (സങ്കീർത്തനം 17:1, NW) നമ്മുടെതന്നെ പ്രാർഥനകൾക്ക് ശ്രദ്ധ കൊടുക്കുന്നതിന് ആത്മാർഥ ശ്രമം നടത്താൻ നാം മനസ്സൊരുക്കമുള്ളവരായിരിക്കേണ്ടതല്ലേ? അതേ, ‘ആത്മാവിന്റെ കാര്യങ്ങളിൽ നിങ്ങളുടെ മനസ്സു കേന്ദ്രീകരിക്കുക’യും വെറുതെ ചുറ്റിത്തിരിയാൻ അതിനെ അനുവദിക്കാതിരിക്കുകയും ചെയ്യുക.—റോമർ 8:5.
നാം യഹോവയെ അഭിസംബോധന ചെയ്യുന്ന രീതിയും പ്രധാനമാണ്. നാം അവനെ സുഹൃത്തായി വീക്ഷിക്കാൻ അവൻ ആഗ്രഹിക്കുന്നുവെങ്കിലും, നാം സംസാരിക്കുന്നതു പ്രപഞ്ച പരമാധികാരിയോടാണെന്നുള്ളത് ഒരിക്കലും വിസ്മരിക്കരുത്. വെളിപ്പാടു 4-ഉം 5-ഉം അധ്യായങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഭയാദരജനകമായ രംഗം വായിച്ച് ധ്യാനിക്കുക. നാം പ്രാർഥനയിൽ സമീപിക്കുന്നവന്റെ പ്രൗഢോജ്ജ്വലത ഒരു ദർശനത്തിൽ യോഹന്നാൻ കണ്ടു. “സിംഹാസനത്തിൽ ഇരിക്കുന്നവ”നെ സമീപിക്കാനും ആശയവിനിമയാനുമതി നേടാനും നമുക്കു കഴിയുന്നത് എന്തൊരു പദവിയാണ്! നമ്മുടെ ഭാഷ ആദരവില്ലാത്തതോ അന്തസ്സില്ലാത്തതോ ആയിത്തീരാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. പകരം, ‘നമ്മുടെ വായിലെ വാക്കുകളും നമ്മുടെ ഹൃദയത്തിലെ ധ്യാനവും യഹോവയ്ക്കു പ്രസാദകര’മാക്കാൻ നാം ആസൂത്രിത ശ്രമം നടത്തണം.—സങ്കീർത്തനം 19:14.
എന്നാൽ, വാക്സാമർഥ്യത്തിലൂടെ നാം യഹോവയിൽ മതിപ്പുളവാക്കുന്നില്ലെന്നു തിരിച്ചറിയണം. നമ്മുടെ ആദരപൂർവകമായ, ഹൃദയംഗമമായ ആശയപ്രകടനങ്ങൾ അവനെ പ്രസാദിപ്പിക്കുന്നു, അവ പ്രകടിപ്പിക്കുന്നത് എത്ര ലളിതമായിട്ടാണെങ്കിലും.—സങ്കീർത്തനം 62:8.
അവശ്യ ഘട്ടങ്ങളിൽ ആശ്വാസവും തിരിച്ചറിവും
നമുക്ക് സഹായവും ആശ്വാസവും ആവശ്യമുള്ളപ്പോൾ പിന്തുണയ്ക്കും സഹാനുഭൂതിക്കുമായി നാം മിക്കപ്പോഴും ഒരു അടുത്ത സുഹൃത്തിലേക്കു തിരിയുന്നു. യഹോവയെക്കാൾ എളുപ്പത്തിൽ പ്രാപ്യനായ ഒരു സുഹൃത്തുമില്ല. “കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത [“എളുപ്പം കണ്ടെത്താവുന്ന,” NW] തുണയായിരിക്കുന്നു.” (സങ്കീർത്തനം 46:1) “സർവ്വാശ്വാസവും നല്കുന്ന ദൈവ”മെന്നനിലയിൽ അവൻ നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യമെന്താണെന്ന് മറ്റാരേക്കാളും മെച്ചമായി മനസ്സിലാക്കുന്നു. (2 കൊരിന്ത്യർ 1:3, 4; സങ്കീർത്തനം 5:1; 31:7) നിരാശാജനകമായ സാഹചര്യത്തിലായിരിക്കുന്നവരോട് അവന് യഥാർഥ സമാനുഭാവവും മനസ്സലിവുമുണ്ട്. (യെശയ്യാവു 63:9; ലൂക്കൊസ് 1:77, 78) യഹോവ നമ്മെ മനസ്സിലാക്കുന്ന ഒരു സുഹൃത്താണെന്ന് അറിയുമ്പോൾ അവനോട് ആദരവോടെ, ആഴമായി സംസാരിക്കാൻ നമുക്കു സ്വാതന്ത്ര്യം തോന്നുന്നു. നമ്മുടെ ഏറ്റവും ആന്തരികമായ ഭയവും ആകുലതകളും പ്രകടിപ്പിക്കാൻ നാം പ്രചോദിപ്പിക്കപ്പെടുന്നു. അങ്ങനെ, യഹോവയുടെ ‘ആശ്വാസങ്ങൾ നമ്മുടെ പ്രാണനെ തണുപ്പിക്കുന്ന’തെങ്ങനെയെന്ന് നാം നേരിട്ട് അനുഭവിച്ചറിയുന്നു.—സങ്കീർത്തനം 94:18, 19.
നമ്മുടെ തെറ്റുകൾ നിമിത്തം ദൈവത്തെ സമീപിക്കാൻ അയോഗ്യരാണെന്നു നമുക്കു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ ഒരു അടുത്ത സുഹൃത്തു നിങ്ങളോടു തെറ്റുചെയ്തിട്ട് ക്ഷമ യാചിച്ചാലോ? ആ വ്യക്തിയെ ആശ്വസിപ്പിക്കാനും അയാൾക്ക് ആത്മവിശ്വാസം നൽകാനും നിങ്ങൾ പ്രേരിതനാകില്ലേ? അങ്ങനെയെങ്കിൽ, യഹോവയിൽനിന്നും അതിലും കുറഞ്ഞതു നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തിന്? മാനുഷിക അപൂർണതയുടെ ഫലമായി പാപം ചെയ്യുന്ന തന്റെ സുഹൃത്തുക്കളോട് അവൻ നിർലോഭമായി ക്ഷമിക്കുന്നു. (സങ്കീർത്തനം 86:5; 103:3, 8-11) ഇതു മനസ്സിലാക്കിക്കൊണ്ട്, നമ്മുടെ തെറ്റുകൾ അവനോടു തുറന്ന് ഏറ്റുപറയുന്നതിൽനിന്നു പിൻമാറിനിൽക്കരുത്; അവന്റെ സ്നേഹവും കരുണയും സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (സങ്കീർത്തനം 51:17) നമ്മുടെ വീഴ്ചകൾ നിമിത്തം നാം നിരാശരാണെങ്കിൽ 1 യോഹന്നാൻ 3:19, 20-ലെ വാക്കുകളിൽനിന്ന് നമുക്ക് ആശ്വാസം നേടാവുന്നതാണ്: “നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും; ഹൃദയം നമ്മെ കുററം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.”
എന്നാൽ, ദൈവത്തിന്റെ സ്നേഹപൂർവകമായ കരുതൽ ആസ്വദിക്കുന്നതിന്, നാം നിരാശാജനകമായ സാഹചര്യങ്ങളിൽ ആയിരിക്കേണ്ട ആവശ്യമില്ല. നമ്മുടെ ആത്മീയവും വൈകാരികവുമായ ക്ഷേമത്തെ ബാധിച്ചേക്കാവുന്ന എന്തിലും യഹോവ തത്പരനാണ്. അതേ, നമ്മുടെ വികാരങ്ങൾ, വിചാരങ്ങൾ, ആകുലതകൾ എന്നിവ പ്രാർഥനയിൽ പരാമർശിക്കേണ്ടയാവശ്യമില്ലാത്തവിധം വളരെ നിസ്സാരമാണെന്നു ചിന്തിക്കേണ്ടതില്ല. (ഫിലിപ്പിയർ 4:6) ഒരു അടുത്ത സുഹൃത്തിനോടൊപ്പമായിരിക്കുമ്പോൾ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ മാത്രമാണോ നിങ്ങൾ ചർച്ച ചെയ്യുക? താരതമ്യേന നിസ്സാരമായ കാര്യങ്ങളും നിങ്ങൾ പങ്കുവെക്കില്ലേ? സമാനമായൊരു വിധത്തിൽ, യഹോവ “നിങ്ങൾക്കായി കരുതുന്നു”വെന്ന് അറിഞ്ഞുകൊണ്ട് ജീവിതത്തിന്റെ ഏതൊരു വശത്തെക്കുറിച്ചും അവനോടു സംസാരിക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തോന്നാവുന്നതാണ്.—1 പത്രൊസ് 5:7.
തീർച്ചയായും, നിങ്ങൾ സംസാരിക്കുന്നതെല്ലാം നിങ്ങളെക്കുറിച്ചാണെങ്കിൽ സൗഹൃദം സാധ്യതയനുസരിച്ച് അധികംനാൾ നീളുകയില്ല. സമാനമായി, നമ്മുടെ പ്രാർഥനകൾ നമ്മെമാത്രം കേന്ദ്രീകരിച്ചുള്ളതായിരിക്കരുത്. യഹോവയോടും അവന്റെ താത്പര്യങ്ങളോടുമുള്ള നമ്മുടെ സ്നേഹവും താത്പര്യവും നാം പ്രകടിപ്പിക്കണം. (മത്തായി 6:9, 10) ദൈവത്തിൽനിന്നുള്ള സഹായം അഭ്യർഥിക്കാനുള്ള അവസരം മാത്രമല്ല പ്രാർഥന, മറിച്ച് നന്ദിയും സ്തുതിയും കരേറ്റാനുള്ള ഒരു അവസരംകൂടിയാണ്. (സങ്കീർത്തനം 34:1; 95:2) ക്രമമായ വ്യക്തിഗത പഠനത്തിലൂടെ “പരിജ്ഞാനം നേടുന്നത്” നമ്മെ ഇത്തരുണത്തിൽ സഹായിക്കും, എന്തെന്നാൽ യഹോവയെയും അവന്റെ വഴികളെയും മെച്ചമായി മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു. (യോഹന്നാൻ 17:3, NW) സങ്കീർത്തന പുസ്തകം വായിച്ച്, അതിൽ, വിശ്വസ്തരായ മറ്റു ദാസൻമാർ യഹോവയോടു തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നതെങ്ങനെയെന്നു നിരീക്ഷിക്കുന്നതു വിശേഷാൽ സഹായകമാണെന്നു നിങ്ങൾ കണ്ടെത്തും.
യഹോവയുടെ സൗഹൃദം തീർച്ചയായും ഒരു അമൂല്യ ദാനമാണ്. നമ്മുടെ പ്രാർഥനകൾ കൂടുതൽ അടുപ്പമുള്ളതും ഹൃദയംഗമവും വ്യക്തിഗതവും ആക്കിക്കൊണ്ട് നാം അതിനെ വിലമതിക്കുന്നുവെന്നു നമുക്കു പ്രകടമാക്കാം. “നീ തിരഞ്ഞെടുക്കുകയും സമീപിക്കാൻ ഇടയാക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടനാകുന്നു” എന്ന് ഉദ്ഘോഷിച്ച സങ്കീർത്തനക്കാരൻ പ്രകടമാക്കിയ സന്തോഷം നാം അപ്പോൾ ആസ്വദിക്കും.—സങ്കീർത്തനം 65:4, NW.
[28-ാം പേജിലെ ചിത്രം]
അവസരം ലഭിക്കുന്നതനുസരിച്ച് ദിവസത്തിലുടനീളം നമുക്കു ദൈവത്തോടു പ്രാർഥിക്കാവുന്നതാണ്