വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ ഉപമയെക്കുറിച്ചു പഠിച്ചതിൽ നാം പുളകംകൊണ്ടു. 1995 ഒക്ടോബർ 15 “വീക്ഷാഗോപുര”ത്തിൽ അവതരിപ്പിച്ചിരുന്ന പുതിയ ഗ്രാഹ്യത്തിന്റെ കാഴ്ചപ്പാടിൽ, യഹോവയുടെ സാക്ഷികൾ ഇന്ന് ഒരു വേർതിരിക്കൽ വേലയിൽ പങ്കെടുക്കുന്നുവെന്നു പറയാൻ കഴിയുമോ?
കഴിയും. മനസ്സിലാക്കാവുന്നതുപോലെ മത്തായി 25:31, 32-ൽ “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധദൂതൻമാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരി”ക്കും എന്നു പറയുന്നതുകൊണ്ടാണ് പലരും ഇതിനെക്കുറിച്ച് അമ്പരന്നിട്ടുള്ളത്. മഹോപദ്രവം തുടങ്ങിയതിനുശേഷം ഈ വാക്യങ്ങൾക്കു പ്രയുക്തത ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് 1995 ഒക്ടോബർ 15-ലെ വീക്ഷാഗോപുരം പ്രകടമാക്കി. യേശു തന്റെ മഹത്ത്വത്തിൽ ദൂതൻമാരോടൊപ്പം എത്തി തന്റെ ന്യായാസനത്തിൽ ഇരിക്കും. എന്നിട്ട്, അവൻ ആളുകളെ വേർതിരിക്കും. ഏത് അർഥത്തിൽ? ആ കാലത്തിനു മുമ്പ് ആളുകൾ ചെയ്തതും ചെയ്യാതിരുന്നതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അവൻ തീർപ്പു കൽപ്പിക്കും.
ഒരു കോടതിക്കേസിലേക്കു വഴിനയിക്കുന്ന നിയമപരമായ ഒരു നടപടിക്രമത്തിന്റെ പുരോഗമനത്തോടു നമുക്ക് ഇതിനെ താരതമ്യം ചെയ്യാൻ സാധിക്കും. കോടതി, വിധിയും ശിക്ഷയും കൽപ്പിക്കുന്നതിനുമുമ്പ് തെളിവുകൾ ശേഖരിക്കുന്നത് ദീർഘമായ ഒരു കാലംകൊണ്ടാണ്. ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളുകൾ ചെമ്മരിയാടുകളോ അതോ കോലാടുകളോ എന്നുള്ളതിന്റെ തെളിവ് ദീർഘകാലമായി ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴും തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു. എന്നാൽ, യേശു തന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ കേസ് പൂർത്തിയായിരിക്കും, ന്യായവിധി നടത്താൻ അവൻ ഒരുങ്ങിയിരിക്കും. ആളുകൾ നിത്യച്ഛേദനത്തിനോ അല്ലെങ്കിൽ നിത്യജീവനോ ആയി വേർതിരിക്കപ്പെടും.
എന്നിരുന്നാലും, മത്തായി 25:32-ൽ പരാമർശിച്ചിരിക്കുന്ന തരത്തിലുള്ള ന്യായവിധി ഭാവിയിലാണെന്നുള്ള വസ്തുത ഇപ്പോൾ ഏതെങ്കിലും വേർതിരിക്കലോ വിഭജിക്കലോ സംഭവിക്കുന്നില്ലെന്ന് അർഥമാക്കുന്നില്ല. മത്തായി 13-ാം അധ്യായത്തിൽ, നേരത്തെ നടക്കുന്ന ഒരു വേർതിരിക്കൽ വേലയെ ബൈബിൾ പരാമർശിക്കുന്നു. രസാവഹമായി, ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്ന പുസ്തകത്തിന്റെ 180-81 പേജുകളിൽ “ആളുകളെ വേർതിരിക്കൽ” എന്ന ശീർഷകത്തിനു കീഴിൽ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു.a ആ പുസ്തകം പറയുന്നു: “യേശു പ്രാമുഖ്യം കൊടുത്ത് വ്യവസ്ഥിതിയുടെ സമാപനത്തോടു ബന്ധപ്പെടുത്തിയ മററു പ്രധാന സംഭവങ്ങളുമുണ്ട്. അവയിലൊന്ന് ‘ദുഷ്ടനായവന്റെ പുത്രൻമാ’രിൽ നിന്നുള്ള ‘രാജ്യത്തിന്റെ പുത്രൻമാരുടെ’ വേർതിരിക്കലാണ്. ശത്രു കളകൾ വിതച്ച ഒരു ഗോതമ്പു വയലിനെക്കുറിച്ചുള്ള തന്റെ ഉപമയിൽ യേശു ഇതിനെക്കുറിച്ചു പറയുകയുണ്ടായി.”
മത്തായി 13:24-30-ൽ പറഞ്ഞിരിക്കുന്നതും 36 മുതൽ 43 വരെയുള്ള വാക്യങ്ങളിൽ വിശദീകരിച്ചിരിക്കുന്നതുമായ യേശുവിന്റെ ഉപമയെ പരാമർശിക്കുകയായിരുന്നു പ്രസ്തുത പുസ്തകം. 38-ാം വാക്യമനുസരിച്ച്, നല്ല ഗോതമ്പു വിത്തുകൾ രാജ്യത്തിന്റെ പുത്രൻമാരെയും എന്നാൽ കളകൾ ദുഷ്ടന്റെ പുത്രൻമാരെയും പ്രതിനിധാനം ചെയ്യുന്നുവെന്നതു ശ്രദ്ധിക്കുക. ‘വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ’—നാം ജീവിക്കുന്ന ഈ കാലത്ത്—കളകൾ ശേഖരിക്കപ്പെടുന്നുവെന്ന് 39, 40 (NW) വാക്യങ്ങൾ പ്രകടമാക്കുന്നു. അവയെ വേർതിരിച്ച് ഒടുവിൽ കത്തിക്കും, അതായത് നശിപ്പിക്കും.
ആ ഉപമ അഭിഷിക്ത ക്രിസ്ത്യാനികളെക്കുറിച്ചു (ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ യേശുവിന്റെ സഹോദരൻമാർ എന്നു വിളിക്കപ്പെട്ടിരിക്കുന്നവരെക്കുറിച്ച്) പറയുന്നു. ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നെങ്കിലും “ദുഷ്ടന്റെ പുത്രൻമാർ” എന്നു സ്വയം തെളിയിക്കുന്നവരിൽനിന്ന് അഭിഷിക്തർ വേർതിരിച്ചറിയപ്പെടുന്നതിനാൽ, ഒരു മർമപ്രധാന വേർതിരിക്കൽ നമ്മുടെ നാളിൽ സംഭവിക്കുകതന്നെ ചെയ്യുന്നുവെന്നതു വ്യക്തമാണ്.
ആളുകൾ വിഭജിക്കപ്പെടുന്നതിന്റെ അല്ലെങ്കിൽ വേർതിരിക്കപ്പെടുന്നതിന്റെ മറ്റ് ഉദാഹരണങ്ങൾ യേശു പ്രദാനം ചെയ്തു. നാശത്തിലേക്കു നയിക്കുന്ന വിശാലമായ വഴിയെക്കുറിച്ച് അവൻ പറഞ്ഞുവെന്നു ഓർമിക്കുക: “അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 7:13) അന്തിമ ഫലത്തെക്കുറിച്ചു മാത്രമുള്ള ഒരു അഭിപ്രായപ്രകടനമായിരുന്നില്ല അത്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു സംഭവവികാസത്തെക്കുറിച്ചുള്ള പ്രസ്താവനയായിരുന്നു അത്, ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാത ഇപ്പോൾ കണ്ടെത്തുന്ന കുറഞ്ഞ എണ്ണം ആളുകളുടെ കാര്യത്തിൽ സത്യമായിരിക്കുന്നതുപോലെ. അപ്പോസ്തലൻമാരെ പറഞ്ഞയച്ചപ്പോൾ, അർഹരായ ചിലരെ കണ്ടുമുട്ടുമെന്നു യേശു പറഞ്ഞുവെന്നും ഓർമിക്കുക. മറ്റുള്ളവർ അർഹരായിരിക്കുമായിരുന്നില്ല, അത്തരം ആളുകൾക്ക് “എതിരെ ഒരു സാക്ഷ്യത്തിനായി” അപ്പോസ്തലൻമാർ തങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളയണമായിരുന്നു. (ലൂക്കൊസ് 9:5, NW) ക്രിസ്ത്യാനികൾ ഇന്നു തങ്ങളുടെ പരസ്യശുശ്രൂഷ തുടരവേ സമാനമായ ചിലതു സംഭവിക്കുന്നുവെന്നതു സത്യമല്ലേ? ചിലർ നന്നായി പ്രതികരിക്കുന്നു, അതേസമയം മറ്റുള്ളവർ നാം വഹിക്കുന്ന ദിവ്യസന്ദേശം നിരസിക്കുന്നു.
ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ച് വീക്ഷാഗോപുരത്തിൽ വന്ന ലേഖനങ്ങൾ ഇങ്ങനെ പ്രസ്താവിച്ചു: “ഉപമയിലെ ന്യായവിധി സമീപ ഭാവിയിലായിരിക്കെ ഇപ്പോൾ പോലും ജീവത്പ്രധാനമായ ചിലതു സംഭവിക്കുന്നുണ്ട്. ക്രിസ്ത്യാനികളായ നമ്മൾ ജീവരക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു സന്ദേശം പ്രഖ്യാപിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. ആ സന്ദേശം ആളുകളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്നു. (മത്തായി 10:32-39)” മത്തായി 10-ാം അധ്യായത്തിലെ ആ ഭാഗത്ത്, തന്റെ അനുഗാമികളായിത്തീരുന്നതു ഭിന്നതയിൽ കലാശിക്കുമെന്നു—മകനെതിരെ അപ്പനും അമ്മക്കെതിരെ മകളും തിരിയുമെന്ന്—യേശു പറഞ്ഞതായി നാം വായിക്കുന്നു.
അവസാനമായി, രാജ്യസന്ദേശം പ്രസംഗിക്കുന്ന വേലയ്ക്ക് ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരൻമാർ നേതൃത്വം നൽകിയിരിക്കുന്നു. ആളുകൾ അതു കേട്ട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കുമ്പോൾ, തങ്ങൾ ഏതു തരത്തിലുള്ളവരാണെന്ന് അവർ തിരിച്ചറിയിക്കുകയാണ്. മത്തായി 25-ന്റെ അർഥത്തിൽ ‘ഈ വ്യക്തി ചെമ്മരിയാടാണ്’ എന്നോ ‘ആ വ്യക്തി കോലാടാണ്’ എന്നോ മനുഷ്യരായ നമുക്കു പറയാൻ കഴിയില്ല, പറയുകയുമരുത്. എങ്കിലും, ദൈവസന്ദേശം ആളുകളെ കേൾപ്പിക്കുന്നതിനാൽ ഇപ്പോൾത്തന്നെ തങ്ങളുടെ നിലപാടെന്തെന്നു പ്രകടമാക്കാൻ നാം ആളുകളെ അനുവദിക്കുകയാണ്—തങ്ങൾ ഏതുതരം വ്യക്തികളാണെന്നും യേശുവിന്റെ സഹോദരൻമാരോട് അവർ എങ്ങനെ പ്രതികരിക്കുന്നുവെന്നും കാണിക്കാൻ അവരെ അനുവദിക്കുന്നു. അതുകൊണ്ട് യേശുവിന്റെ സഹോദരൻമാരെ പിന്തുണയ്ക്കുന്നവരും അവരെ പിന്തുണയ്ക്കാൻ വിസമ്മതിക്കുന്നവരും തമ്മിലുള്ള ഈ വിഭജനം, ഒരു കോടതിക്കേസിലെ വർധിച്ചുവരുന്ന തെളിവുകൾ പോലെ എന്നത്തേതിലുമധികം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. (മലാഖി 3:18) വീക്ഷാഗോപുരം പ്രകടമാക്കിയതുപോലെ, അന്തിമമായി ജീവനിലേക്കോ നാശത്തിലേക്കോ നീതിന്യായപരമായി ആളുകളെ വേർതിരിച്ചുകൊണ്ട് യേശു പെട്ടെന്നുതന്നെ തന്റെ സിംഹാസനത്തിലിരുന്നു ന്യായവിധി പ്രഖ്യാപിക്കും.
[അടിക്കുറിപ്പുകൾ]
a 1988-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.